നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വീണ്ടും ഒരു പൊന്നോണക്കാലം

Image may contain: 1 person, smiling, closeup

മൂവർണ്ണനിറത്തിൽ അണിഞ്ഞൊരുങ്ങിയ നാടും നഗരവും .... എവിടേയും സ്വാതന്ത്ര്യ ദിനത്തിന്റെ ആവേശം കാണാം .....
അടിച്ചമർത്തലിന്റെയും കൂട്ടിലടയ്ക്കപ്പെടുന്നതിന്റെയുംവേദന രഘുവിന് ഇപ്പോൾ നന്നായിയറിയാം ... വലിഞ്ഞു മുറുകുന്ന വേദന .... അതേ .. ശരിക്കും അതനുഭവിച്ചർക്കേ അറിയൂ... !
ഇൻഡിപ്പെൻഡസ് ഡേയിലെ സർക്കാർ കാരുണ്യം തനിക്കു മുന്നിൽ വേനൽമഴയായ് പെയ്തപ്പോൾ സ്വാതന്ത്ര്യത്തിന്റെ പുത്തൻ വാതായനങ്ങൾ മലർക്കേ തുറക്കുന്നത് തെല്ലൊരു നിർവ്വികാരതയോടെ രഘു ഏറ്റുവാങ്ങി ...
കേവലമൊരു സംഖ്യയിൽ നിന്നും രഘു എന്ന പേരിലേക്കുള്ള മടക്കം ....
നീണ്ട ഏഴു വർഷങ്ങൾക്കു ശേഷം തന്റെ നാട്ടിലേക്കുള്ള ബസ്സിൽ ഭാവിയുടെ നീറുന്ന ചോദ്യങ്ങൾക്ക് എങ്ങിനെ ഉത്തരം പറയണം എന്ന ചിന്തയോടെ പുറകിലേക്ക് മറയുന്ന കാഴ്ചകളിൽ നിർന്നിമേഷനായി അയാളിരുന്നു ...
ഓണനിലാവിനെ വരവേൽക്കാൻ പ്രകൃതി ഒരുങ്ങി നിൽക്കുന്നു .. തുമ്പയും അരളിയും പിച്ചകവും വർണ്ണങ്ങൾ വിതറാൻ സർവ്വദാ ഒരുങ്ങിയിരിക്കുന്നു ... സന്തോഷത്തിന്റെയും സഹോദര്യത്തിന്റെയും തൂവെള്ള വർണ്ണം വിതറി നിറയെ തുമ്പപൂക്കൾ ...നിറമുള്ള കാഴ്ചകൾക്ക് പതിയെ ഇരുണ്ട വെളിച്ചം വീഴാൻ തുടങ്ങി ....
"ദേ കുട്ട്യേ നിന്നോടാരാ ഇവിടെ വന്ന് തുമ്പപ്പൂ പറിക്കാൻ പറഞ്ഞേ... ഇതെന്റെ പൂക്കളാ ...ഇവിടെന്ന് വേറെയാരും പറിക്കേണ്ട... ആട്ടെ ..നീയേതാ .. ഇതു വരെ ഇവിടൊന്നും കണ്ടിട്ടില്ലല്ലോ ...."
പട്ടുപാവാടയിൽ സുന്ദരിയായ ആ എട്ടാം ക്ലാസുകാരി ശരിക്കുമൊന്ന് ഞെട്ടി ... തിരിഞ്ഞു നോക്കുമ്പോൾ പൂക്കുടയുമായി ഒരു പൊടിമീശക്കാരൻ ....
"അത് ചോദിക്കാൻ താനാരാ .... തുമ്പച്ചെടി നട്ടുനനച്ച് ഉണ്ടാക്കിയത് പോലാണല്ലോ ചോദ്യങ്ങൾ ....!"
"ഞാൻ രഘു . ... ഇവിടുന്ന് വേറാരും പൂ പറിക്കാറില്ല .... അതാ ചോദിച്ചേ ... ഇന്നൊരു ദിവസം കുറച്ച് പറിച്ചോ ... നാളെ വന്നേക്കരുത് ...."
"അയ്യടാ .... എന്റെ സ്വന്തം പുരയിടത്തിലെ പൂ പറിക്കാൻ എനിക്കാരേം സമ്മതം വേണ്ട .... താൻ വേറെ സ്ഥലം നോക്ക് ..."
രഘു അപ്പോഴാണത് ശ്രദ്ധിച്ചത്. .... ആരും താമസമില്ലായിരുന്ന വീട്ടിൽ ഒരാളനക്കം ...!
കാടുകൾ ഒക്കെ വെട്ടിതെളിച്ചിരിക്കുന്നു ...
അപ്പോ ഇവള് പറയുന്നത് ശരി തന്നെ .... ഇനിയിപ്പോ വേറെ സ്ഥലം നോക്കണം ...
"താൻ ഏതായാലും വന്നതല്ലേ ഇന്ന് കുറച്ച് പറിച്ചോ .... നാളെ മുതൽ ഈ വഴി കണ്ടേക്കരുത് ..."
അവളുടെ ഔദാര്യത്താൽ മനമില്ലാമനമോടെ ആ കാന്താരിപ്പെണ്ണിനെ ശപിച്ചു കൊണ്ട് രഘു തുമ്പപ്പൂ പറിച്ച് കൂടയിൽ നിറച്ചു ... അവളെ തറപ്പിച്ചൊന്നു നോക്കി പിറുപിറുത്ത് കൊണ്ട് അവൻ തിരിച്ചു നടന്നു ...
ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കാൻ അവന്റെ മനസ്സ് മന്ത്രിച്ചു ... പൊടിമീശയിൽ പറ്റി നിന്ന വിയർപ്പുകണങ്ങൾ ഇടത്കൈ കൊണ്ട് തുടയ്ക്കവേ അവൻ അറിയാതെ തിരിഞ്ഞു നോക്കി ... വിടർന്ന മിഴികൾ തന്നെത്തന്നെ നോക്കുന്നു ... രണ്ടു നുണക്കുഴികൾ അവന്റെ മാനസം കവർന്നു
അറിയാതെ അവന്റെ മുഖത്ത് പുഞ്ചിരി പടർന്നു ....
ആ പുഞ്ചിരി പതിയേ അവന്റെ സർവ്വസ്വവും ആവുകയായിരുന്നു. .... ഓണക്കാലങ്ങൾ പലതും കഴിഞ്ഞു ... തുമ്പപ്പൂക്കൾ പല തവണ പൊന്നോണ സദ്യയൊരുക്കി ..എല്ലാ പ്രതിബന്ധങ്ങളേയും വകഞ്ഞു മാറ്റി ആ തുമ്പപ്പൂ നൈർമല്യം അവന്റെ സ്വന്തമായി ...
എൻജിനീയറിങ്ങിന്റെ ദുഷ്കരമായ പടവുകൾ താണ്ടി അവൻ ജീവിതം നെയ്യാൻ തുടങ്ങിയിരുന്നു .... കവിതകളും സാഹിത്യവും അവൾക്കായ് അദ്ധ്യാപികയുടെ സുവർണ്ണ തൂലിക ഒരുക്കി ...
നിറഞ്ഞും തെളിഞ്ഞും ഒഴുകിയ പുഴകൾ കഠിന വെയിലിന്റെ ഗ്രീഷ്മ കണങ്ങളാൽ ഒപ്പിയെടുക്കുന്ന പ്രകൃതിയുടെ മായാജാലങ്ങൾ മാനവ ജീവിതത്തിന്റെയും സമൃദ്ധമായ തെളിനീരുറവകളെ തിരഞ്ഞെത്തി ...
തൂലികയിലൂടെ അവളുടെ സർഗ്ഗ ഭാവനകൾ ചിറകു വിടർത്തി ... ആ അക്ഷരങ്ങളുടെ മാധുര്യം നുകരാൻ വണ്ടുകൾ പറന്നെത്തി .... പലതും ആളിക്കത്തുന്ന പ്രതിഷേധാഗ്നിയിൽ എരിഞ്ഞടങ്ങി .... പക്ഷെ ഒന്ന് ... അത് എല്ലാ പ്രതിബന്ധങ്ങളേയും തട്ടിത്തകർത്ത് തുമ്പപ്പൂ മധു തേടിയെത്തി ...
മനസ്സിൽ അവൾ പലതവണ വഴിതെറ്റി പോവുന്ന വരികളെ തിരുത്താൻ ശ്രമിച്ചു .... പ്രണയ തീവ്രമായ ആ വരികൾ പക്ഷെ അവൾക്ക് തിരുത്തിയെഴുതാൻ കഴിഞ്ഞില്ല. ... അത് പതിയെ ഒരു മഹാകാവ്യമായി മാറുകയായിരുന്നു. ...
തന്റെ സ്വന്തമായ തുമ്പപ്പൂവുകൾ മറ്റാരോ പറിക്കാൻ ശ്രമിക്കുന്നത് പക്ഷെ രഘു അറിഞ്ഞിരുന്നില്ല. .... ജീവിത ലക്ഷ്യങ്ങൾ ചിറക് വിരിച്ച് ഉയർന്നവിഹായസ്സിനെ കീഴടക്കുവാൻ അശ്രാന്ത പരിശ്രമത്തിലായിരുന്നു അയാൾ ...
അന്നൊരു ഉത്രാട നാളിൽ ...
ഏറെ വൈകിയ രഘു കോൺഫ്രൻസ് കഴിഞ്ഞ് തിരിച്ചെത്താൻ കഴിയില്ല എന്ന് വിളിച്ചു പറയവേ തന്റെ മഹാകാവ്യത്തിന്റെ സുന്ദര നിമിഷങ്ങൾക്കായ് അവൾ തൂലിക ചലിപ്പിച്ചു. ....
അപ്രതീക്ഷിതമായി അർദ്ധരാത്രിയിൽ വീട്ടിലെത്തിയ രഘുവിന് അന്നത്തെ പൂക്കളത്തിലെ തുമ്പപ്പൂക്കളെ രുധിരവർണ്ണമണിയിക്കേണ്ടി വന്നു. ....
കഥയറിയാതെ ആട്ടം കണ്ട രഘു വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ ഉപദ്രവിച്ചവനെ കൊല്ലേണ്ടി വന്നു. ....
അതേ ......,രഘു ഇന്നൊരു കൊലപാതകിയാണ് ... ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കൊലപാതകി. ....
"ചേട്ടാ പായസം ...." സ്വാതന്ത്ര്യം നൽകിയ സന്തോഷം മാലോകർ പകർന്നു തന്നപ്പോൾ അയാൾ ഒന്നു ചിരിച്ചു. ....
ബസ്സിന്റെ വേഗത അയാളെ വീണ്ടും പുറകിലേക്ക് കൊണ്ടുപോയി ....
"തന്റെ ഭാര്യ ആശുപത്രിയിലാണ് ...."
തടവറയുടെ ശീലങ്ങൾ തന്റെ നിത്യജീവിതത്തിൽ പകർത്താൻ മനസ്സിനെ പാകപ്പെടുത്തുന്ന ഒരു പുലരിയിൽ സൂപ്രണ്ട് സാർ വിഷമത്തോടെ ഇത് പറഞ്ഞപ്പോൾ രഘു എന്തോ വല്ലാതായി ....
"ആത്മഹത്യാ ശ്രമമാണ് .... നിങ്ങളെ കാണാൻ വാശി പിടിക്കുന്നു .... "
ഡോക്ടറുടെ റൂമിൽ നിന്നും ഇറങ്ങിയോടവേ മനസ്സിൽ പൂക്കാലങ്ങൾ വാടിക്കരിഞ്ഞിരുന്നു. ....
"രഘുവേട്ടാ .... മാപ്പ് .... എന്റെ തെറ്റാണ് ... ഞാൻ അറിഞ്ഞു കൊണ്ടാണ് അയാൾ വന്നത് .... എന്നെ ശപിക്കരുത് ... ഏതോ ഒരു നശിച്ച നിമിഷത്തിൽ മനസ്സൊന്നു പാളി .... ഇനിയെനിക്ക് വയ്യ .... മരണത്തിനും എന്നെ വേണ്ട . ....ഇത് പറയാനോ പറയാതിരിക്കാനോ എനിക്ക് കഴിയുമായിരുന്നില്ല. ..... നമ്മൾ ആദ്യമായ് കണ്ട ആ ഓണക്കാലം മുതൽ എന്റെ ജീവിതത്തെ രഘുവേട്ടൻ സമ്പന്നമാക്കിയിട്ടേയുള്ളൂ. .... എന്നോട് പൊറുക്കണം ... ഞാൻ ഇപ്പോൾ മനസ്സുകൊണ്ടും ശരീരം കൊണ്ടും ചീത്തയല്ല .... ഇനിയെനിക്ക് മരിക്കേണ്ട ... ഞാൻ കാത്തിരിക്കും .... പുതിയ ഓണക്കാലങ്ങൾക്കായ് ...."
ബോധം വീണ എതോ ഒരു നിമിഷത്തിൽ അയാളെ കാണാൻ മന:ശക്തിയില്ലാതെ അവൾ എഴുതി നൽകിയ കത്ത് വായിച്ച് അയാളുടെ മനസ്സ് ആകെ കലുഷിതമായി .... ഐ സി യു വിന്റെ കണ്ണാടി വിടവിലൂടെ വാടിക്കരിഞ്ഞ തന്റെ തുമ്പമലരിനെ നിറമിഴിയോടെ അയാൾ നോക്കി നിന്നു. ....
"സാഹിത്യകാരികൾ പൊതുവെ ലോലഹൃദയരായിരിക്കും .... സാരമില്ല. .... താൻ വിഷമിക്കേണ്ട ...."
സൂപ്രണ്ട് സാർ തോളിൽ തട്ടി ഇതു പറയുമ്പോൾ അയാളോർത്തു. ... ഇല്ല കഴിയില്ലെനിക്ക് .... അവളില്ലാതെ പറ്റില്ല. ... അവളുടെ കത്ത് അയാളുടെ ഉള്ളംകൈയ്യിൽ ഞെരിഞ്ഞമർന്നു. ....
"ഇല്ല....ഒന്നും പറ്റിയിട്ടില്ല .... ഞാൻ വരും ... നമുക്കിനിയും ഓണനിലാവുകളിൽ പുതിയ സ്വപ്നങ്ങൾ നെയ്യണം..."
അവളുടെ വാടിയ കവിളിൽ ഒരു ചുംബനം നൽകി രഘു പതിയെ നടന്നു ....
"സാർ സ്ഥലമെത്തി .... ഇറങ്ങുന്നില്ലേ..."
കാലചക്രത്തിന് ഇവിടെ വേഗത കൂടുതലായിരുന്നെന്ന് അയാൾക്ക് തോന്നി .... ഒരു പാട് മാറിയിരിക്കുന്നു തന്റെ ഗ്രാമം.....
മിഴികൾ നാലുപാടും പരതി ... എങ്ങിനെയായിരിക്കും നാട്ടുകാരുടെ പ്രതികരണം ... അയാളുടെ മനസ്സ് ശൂന്യമായി.
"രഘൂ .... നീ വന്നോ ....?.. വാ ഞാനും അങ്ങോട്ടേക്കാ ... ഒരുമിച്ച് പോവാം ... നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട ... നിന്റെ കാര്യം ഇവിടെ എപ്പോഴും പറയാറുണ്ട് സ്വന്തം പെണ്ണിനെ രക്ഷിച്ച ധീരന്റെ കഥ ...! "
രമേശന്റെ കൂടെ നടക്കുമ്പോൾ അയാൾ ആശ്വസിച്ചു ... ഇല്ല ...ആരും ഒന്നും അറിഞ്ഞിട്ടില്ല ... തന്റെ തുമ്പപ്പൂ ഇപ്പോഴും പരിശുദ്ധയാണ് ....
തുമ്പച്ചെടികൾ നിരനിരയായ് വീട്ടുമുറ്റത്ത് അയാളെ വരവേറ്റു. ... വികാരാർദ്രമായ അവരുടെ പുനഃസമാഗമത്തിന് പ്രകൃതി മന്ദമാരുതനായ് സന്നിഹിതനായി ... പുഷ്പഗന്ധം അവരുടെ മനസ്സിനെ ആർദ്രമാക്കി ... പതിയെ അവർക്കിടയിലെ നിശബ്ദത പടിയിറങ്ങി ...
മണിക്കൂറുകൾ ആ വീടിനെ സാവധാനം വാചാലമാക്കി ....
വാടിക്കരിഞ്ഞ പുഷ്പവാടികൾ കർക്കിടക പേമാരി കഴിഞ്ഞ് വാസന്ത മലരുകളാൽ സമ്പന്നമാവുമ്പോലെ അവിടേയും പ്രതീക്ഷയുടെ പൂമൊട്ടുക്കൾ വിരിയാൻ തുടങ്ങി ...
"നാളെ അത്തം ... നൻമയുടെയും പ്രതീക്ഷയുടെയും തുമ്പപ്പൂക്കൾ നിരത്തി നാളെയുടെ സ്വപ്നങ്ങളെ നമുക്ക് വരവേൽക്കാം ....!"
അയാളുടെ നഷ്ടവസന്തങ്ങളെ തന്നിലേക്കാവാഹിച്ച് അവൾ തന്റെ നിറമിഴികൾ തുടച്ചു.
തുമ്പയുടെ നൈർമല്യവും കാക്കപ്പൂവിന്റെ സൗന്ദര്യവും അവരുടെ സ്വപ്നങ്ങൾക്കായ് അവിടെയൊരു വസന്തം തീർത്തു.....
അവസാനിച്ചു .....
ശ്രീധർ. ആർ. എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot