നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Btech Bro

Image may contain: Rahul Raj, beard, closeup and outdoor
ഭാഗം 1 - ന്യു ഇയർ റെസൊല്യൂഷൻ
(ഇത് ഒരാളുടെ കഥയല്ല, ബി ടെക്ക് കഴിഞ്ഞു വെറുതേയിരിക്കുന്ന പലരുടെയും കഥയാണ്. ബി ടെക് കഴിഞ്ഞ എല്ലാവരും ഇങ്ങനെയാണോ എന്നു ചോദിച്ചാൽ അല്ലെന്ന് തന്നെയാണ് ഉത്തരം. പക്ഷെ ചിലരെങ്കിലും ഇങ്ങനെയാണ്!)
ജനുവരി ഒന്ന്. ന്യു ഇയർ ദിനമായിട്ടും പതിവ് പോലെ ഫോണ് അലാറം തോറ്റ് തൊപ്പിയിട്ട ശേഷം അമ്മയുടെ നാച്ചുറൽ അലാറം വർക്ക് ചെയ്യാൻ തുടങ്ങിയപ്പോഴാണ് അവൻ ഉറക്കമുണർന്നത്! ബി ടെക്ക് കഴിഞ്ഞു മാസം പലതായിട്ടും അവൻ ആ ഹോസ്റ്റലിനെ ഇപ്പോഴും മിസ് ചെയ്യുന്നതിന് കാരണം രാവിലത്തെ ഈ ഉറക്കമാണ്. അവിടെയാകുമ്പോൾ അമ്മയുടെ അലാറം വർക് ചെയ്യാത്തതിനാൽ കാലത്ത് എന്നും സുഖ നിദ്രയായിരുന്നു.
ഉറക്കമുണർന്ന വിഷമത്തിൽ അവൻ പുതപ്പിനുള്ളിൽ നിന്നും തല പുറത്തേക്കിട്ട് മൊബൈലിലേക്ക് നോക്കി.
9.47 AM
Januvari 1
അങ്ങനെ വീണ്ടും ജനുവരി ഒന്നാം തീയതി ആയി. ഈ ഒരു ദിവസം കാണുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്ന പോലെ ഒരു ചിന്ത അവനും ഉണ്ടായി.
ഒന്നു നന്നായിക്കളയാം!
ഇത് വരെ ഉണ്ടായിരുന്ന എന്തെങ്കിലും ഒരു ദുശീലം ഇന്നത്തോടെ നിർത്തണം. ഒരു ന്യു ഇയർ റെസൊല്യൂഷൻ എടുക്കണം.
ഏത് ശീലമാണ് ഇപ്പോൾ നിർത്തുക?
നേരത്തെ എഴുന്നേറ്റാലോ?
ഓഹ് ഇന്ന് ഒന്നാം തീയതി തന്നെ എഴുന്നേക്കാൻ കഴിഞ്ഞില്ല. അപ്പോൾ പിന്നെ അത് നടക്കൂല.
സിഗരറ്റ് വലി നിർത്തിയാലോ?
ഏയ്.. അത് വേണ്ട.. പിന്നെ ടോയ്‌ലറ്റിൽ പോകുന്നത് വല്യ ബുദ്ധിമുട്ടാകും.
അവൻ പെട്ടെന്ന് എഴുന്നേറ്റ് അലമാരയിലെ മേശ തുറന്നു അതിനുള്ളിൽ ഇന്നലെ വാങ്ങിച്ച സിഗരറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തി.
വെള്ളമടി?
ഓഹ് അത് വല്ലപ്പോഴുമല്ലേ. പിന്നെ വെള്ളമടിക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ലല്ലോ. പുരാണങ്ങളിൽ ഒക്കെ പറഞ്ഞിട്ടുണ്ടല്ലോ..
വായനോട്ടം?
അതിപ്പോ ന്യു ഇയർ റെസൊല്യൂഷൻ എടുക്കുന്ന കാര്യം കണ്ണിനറിയൂലാലോ അത് കൊണ്ട് തന്നെ അത് നിർത്താൻ പറ്റുംന്ന് തോന്നുന്നില്ല.
ജിം?
ഇനി ആ ജിമ്മിലേക്ക് ചെന്നാൽ അയാൾ വെയ്റ്റ് അടിക്കുന്ന പോലെ എന്നെ എടുത്തിട്ട് അടിക്കും. കഴിഞ്ഞ കൊല്ലം ചേർന്നിട്ട് ഒരാഴ്ച തികച്ച് പോയിട്ടില്ല. കാശും കൊടുത്തിട്ടില്ല.
ദിവസവും കുളിച്ചാലോ
അല്ലെങ്കിലേ നമ്മുടെ ജലസ്രോതസ്സുകൾ ഒക്കെ വറ്റിക്കൊണ്ടിരിക്കുകയാണ്. ഈ ഒരു അവസ്ഥയിൽ ഞാൻ കുളിക്കാൻ തുടങ്ങിയാൽ അത് പ്രകൃതിയോട് ചെയ്യുന്ന ക്രൂരത ആകും. പിന്നെ ഭാവിയിൽ വെള്ളം വറ്റിയാൽ എനിക്ക് തന്നെ പണി ആകും അത് കൊണ്ട് വേണ്ടാത്ത ശീലങ്ങൾ ഒന്നും തുടങ്ങി വെക്കേണ്ട.
പരദൂഷണം?
യെസ്.. അത് നിർത്താം.. അതാകുമ്പോ മൈൻഡ് ഒക്കെ പിന്നെ കൂൾ സീൻ ആയി സെറ്റ് ആകും.
അങ്ങനെ ഒരു തീരുമാനത്തിൽ എത്തി നിൽക്കുമ്പോഴാണ് മൊബൈൽ റിങ് ചെയ്തത്. അവൻ ഫോണ് എടുത്തു
"ഹലോ ബ്രോ.."
"ബ്രോയ്‌ .. ഹാപ്പി ന്യു ഇയർ.. എന്താണ് പരുപാടി?"
"ആഹ് .. ഹാപ്പി ന്യു ഇയർ ഹാപ്പി ന്യു ഇയർ. ഇപ്പൊ എണീറ്റെ ഉള്ളു ബ്രോ. "
"ഒരു മാറ്റോം ഇല്ലല്ലോടെ. പിന്നെ ഞാൻ ഒരു ന്യുസ് കേട്ടു. അത് പറയാനാ വിളിച്ചത്"
"എന്താണ് ബ്രോ? വല്ല സീൻ ആയാ"
"അതല്ലടാ. നമ്മുടെ സോമൻ ഇല്ലേ അവന്റെ ലൈൻ പൊട്ടി"
"ഏത് നമ്മുടെ മെക്കിലെ, 24 മണിക്കൂറും ഫോണ് വിളിച്ച് നടക്കണ അവനോ"?
"ആഹ് .. അവൻ തന്നെ"
"അപ്പൊ അവൻ ശരിക്കും സോമൻ ആയാ? നമ്മൾ ഇട്ട പേര് തെറ്റിയില്ല.. എങ്ങനാ സംഭവം?"
"ഇന്നലെ ന്യു ഇയർ ആയിരുന്നില്ലേ. അളിയൻ രാത്രി വെള്ളമടിച്ച് അവൾക്ക് ന്യു ഇയർ മെസേജ് അയച്ചതാ..ചിഞ്ചു മോൾക്ക് ഒരായിയിരം പുതുവത്സര ഉമ്മകൾ. പക്ഷെ അയച്ചത് 'Chinchu Father'ന് ആയിപ്പോയി. തന്തപ്പടി രാവിലെ തന്നെ കാര്യം തീരുമാനമാക്കി കൊടുക്കുകയും ചെയ്തു"
"ആഹാ.. അത് കലക്കി..അല്ലെങ്കിലും അവനിത്തിരി ജാട കൂടുതലായിരുന്നു. "
"ആഹ്... ഞാൻ എന്തായാലും അവനെ ഒന്നു വിളിക്കട്ടെ. പറ്റിയാ ലൈൻ പൊട്ടിയ പേരിൽ ഇന്ന് ഒരു കുപ്പി പൊട്ടിയാലോ.. അവനെ വിളിച്ചിട്ട് ഞാൻ നിന്നെ വിളിക്കാം"
"ആഹ്.. എന്നാ ഒക്കെ ബ്രോ. ഹാപ്പി ന്യു ഇയർ"
ഓരോരോ മണ്ടന്മാരെ. ഒരു മെസേജ് അയക്കാൻ പോലും അറിയില്ല.എന്നാലും എനിക്കൊന്നും തെറ്റി അയക്കാൻ പോലും ഒരു പെണ്ണില്ലല്ലോ.
വീണ്ടും ചിന്തകൾ ന്യു ഇയർ റെസൊല്യൂഷനിലേക്ക് തിരിഞ്ഞു.
ഇവനെ പോലെ ഓരോ കൂട്ടുകരുണ്ടായ പിന്നെ പരദൂഷണവും നിർത്താൻ പറ്റൂല. ഇനിയിപ്പോ വേറെന്താ ചെയ്യാ. അവൻ മൊബൈലിലേക്ക് നോക്കി.
പെട്ടെന്ന് തലക്ക് മുകളിൽ ഒരു നോട്ടിഫിക്കേഷൻ മിന്നി. യെസ് .. അത് തന്നെ.. that is my new year resolution. അവൻ നേരെ അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് ചെന്നു.
"അമ്മാ.. ഞാൻ ഫുൾ ടൈം മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുകയാണെന്നല്ലേ നിങ്ങളുടെ ഒക്കെ പരാതി. ഞാൻ ഇതാ ഒരു ന്യു ഇയർ റെസൊല്യൂഷൻ എടുക്കാൻ പോകുകയാണ്"
"ന്യു ഇയർ റെസൊല്യൂഷനോ? അതെന്ത് കുന്തമാടാ"
"ഓഹ് മാം.. ജൻറേഷൻ ഗ്യാപ്.. അതായത് അമ്മാ ഞൻ ഇനി വൈകുന്നേരമേ ഈ ഫോണ് കൈ കൊണ്ട് തൊടു. ഈ മൊബൈൽ ഫോണ് ഉപയോഗം മാക്സിമം കുറക്കാൻ പോകുവാ.. ഇതില്ലാതെ ജീവിക്കാൻ പറ്റുമോ എന്ന് നോക്കണമല്ലോ"
"ഇതൊക്കെ നടക്കുമോ മക്കളെ"
"ഇതൊക്കെ സിംപിൾ അല്ലെ"
"ആഹ് .. നടന്നാൽ നിനക്ക് കൊള്ളാം. ആ സമയം 2 അക്ഷരം പഠിക്ക്"
"യെസ് മാം. ദേ ഞാൻ ഈ ഫോണ് ഇവിടെ വെക്കുവാണ്. അമ്മ ഫുഡ് എടുക്ക്. ഞാൻ പല്ല് തേച്ചു ഇപ്പൊ വരാം."
ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ അവനു എന്തോ ഒരു പൂർണ്ണത ഇല്ലാത്തത് പോലെ തോന്നി. സാധാരണ ഒരു കയ്യിൽ ഭക്ഷണവും മറു കയ്യിൽ മൊബൈലുമാണ് പതിവ്. ഇന്നിപ്പോൾ ഭക്ഷണം വയറ്റിലേക്ക് ഇറങ്ങാത്തത് പോലെ. അവൻ ഭക്ഷണം കഴിച്ചെന്നു വരുത്തി മുറിയിലേക്ക് പോയി. അതിവേഗം പോയിക്കൊണ്ടിരുന്ന സമയം തന്റെ പഴയ സാംസങ് മൊബൈലിലെ പ്രോസസ് പോലെ ഇഴഞ്ഞു നീങ്ങുന്നതായി തോന്നി. അവൻ പഠിക്കാനായി പുസ്തകം തുറന്നു. പക്ഷെ ചിന്തയിൽ മൊത്തം മൊബൈൽ നോട്ടിഫിക്കേഷനുകൾ വന്നു നിറഞ്ഞുകൊണ്ടിരുന്നു.
വല്ലവരും ന്യു ഇയർ മെസേജ് അയച്ചിട്ടുണ്ടോ എന്നു നോക്കാൻ മറന്നല്ലോ. ആർക്കും ന്യു ഇയർ മെസേജ് അയച്ചതുമില്ല. പെണ്പിള്ളേരുമായി മുട്ടാൻ പറ്റിയൊരു ചാൻസ് ആയിരുന്നു.
ഇന്നലെ ഫേസ്‌ബുക്ക് പ്രൊഫൈൽ പിക്ചർ മാറ്റിയിരുന്നു. അത് 500 ലൈക്ക് ആയിട്ടുണ്ടാകുമോ?
ഇന്ന് 11 മണിക്ക് പിള്ളേരോട് പബ്‌ജി കളിക്കാൻ ഓണലൈൻ വരാൻ പറഞ്ഞിരുന്നതാണല്ലോ.. ഇനി അവരോടൊക്കെ എന്ത് പറയുമോ ആവോ.
ഇന്നലെ രാത്രി 2 സിനിമ ഡൗണ്ലോഡ് ചെയ്യാൻ ഇട്ടിരുന്നത് എന്തായാവോ എന്തോ
ഒടുക്കത്തെ ഒരു ന്യു ഇയർ റെസൊല്യൂഷൻ ആയിപ്പോയി. ഇനിയിപ്പോ മൊബൈൽ എടുക്കാൻ ചെന്നാൽ അമ്മയുടെ വായിൽ ഇരിക്കുന്നത് മൊത്തം കേൾക്കേണ്ടി വരും..
ശെടാ.. ഈ മൊബൈൽ ഇത്രക്ക് ചങ്ക് ആയിരുന്നോ? ഒരു നിമിഷം വിട്ടിരിക്കാൻ പറ്റാത്ത അവസ്‌ഥ ആണല്ലോ. ഇനിയിപ്പോ എന്ത് ചെയ്യും?
ആഹ് ഒരു വഴി ഉണ്ട്.
"കുഞ്ഞാവേ, മോളെ ഇങ്ങോട്ടൊന്ന് വന്നേ"
കുഞ്ഞാവ ഓടി റൂമിലെത്തി.
"കുഞ്ഞാവേ, മാമന്റെ ഫോൺ അടുക്കളയിൽ ഉണ്ട്. അത് ഒന്നു എടുത്തോണ്ട് വന്നേ"
"മാമൻ ഞു ഇയർ രേശലുശൻ എതുത്തതല്ലേ ഫോന് തൊടൂല ന്ന്"
"അത് കുഞ്ഞാവേ..."
"തുഞ്ഞവക്ക് അപ്പെ അര്യർന്ന് മാമന് പത്തൂല ന്ന്. പശേ മാമൻ പേദിക്കന്ത. തുഞ്ഞാവേടെ ചങ്കിൽ ജീവൻ ഉല്ലപ്പോ മാമന്തേ വാക്ക് മാരെന്തി വെരൂല"
"ആണോ കുഞ്ഞേ.. മോള് എന്താ ചെയ്തേ?"
"മാമൻ ഫോൻ എദുക്കാന്ത് ഇരിക്കാൻ നാൻ ഫോന് എദുത്ത് പൊരകിലെ ബക്കത്തിലെ വെല്ലത്തിൽ ഇത്ത് വെച്ചിത്തിന്ത് മാമാ.."
"കുഞ്ഞാവേ.......!!!!"

By Rahul Raj

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot