Slider

ലൗ ഡേയിൽ ഇൻ - Part 2

0


- ഭാഗം 2
കുന്നുകയറി വരുന്ന ആ ഹെഡ് ലൈറ്റു വെട്ടം കോട്ടേജിനരികിലേക്ക് അടുത്ത് വന്നപ്പോൾ, മുനിച്ചാമി ചെന്ന് ഗേറ്റിന്റെ ഇരു പാളികളും മലർക്കെ തുറന്നിട്ടു ...അല്പസമയം കഴിഞ്ഞപ്പോൾ കോട്ടേജിന്റെ മുറ്റത്തെ ചരൽ മണലിൽ ടയർപ്പാട് പതിപ്പിച്ച് ഒരു വെളുത്ത ടാക്സിക്കാർ അവിടെ വന്നുനിന്നു !.
കാറിന്റെ മുൻവാതിൽ തുറന്ന് പുറത്തേക്കിറങ്ങിയ ഡ്രൈവർ, പിൻവശത്തെ ഡോറിനരികിലെത്തി അത് തുറന്നു കൊടുത്തു... അപ്പോൾ അതിൽ നിന്നും പിൻസീറ്റിലിരുന്ന ഏകദേശം അമ്പതിനോടടുത്ത് പ്രായം തോന്നിച്ച, വെളുത്ത് തടിച്ച ഒരു സ്ത്രീ അല്പം ആയാസപ്പെട്ട് പുറത്തേക്കിറങ്ങി വരുന്ന കാഴ്ച മങ്ങിയ വെളിച്ചത്തിൽ അരവിന്ദിന് ദൃശ്യമായി... ഇളം നിറത്തിലുള്ള കോട്ടൺ സാരിയും, കൈ മുട്ടു വരെ ഇറക്കമുള്ള ബ്ലൗസുമായിരുന്നു അവരുടെ വേഷം, കൈയ്യിലൊരു റിസ്റ്റ് വാച്ചും, കഴുത്തിൽ ചെറിയൊരു മാലയും ഒഴികെ മറ്റ് ആഭരണങ്ങൾ ഒന്നും തന്നെ അവർ അണിഞ്ഞിരുന്നില്ല.
ദീർഘയാത്രകൊണ്ടുണ്ടായ ഒരു ക്ഷീണം അവരിൽ നിഴലിച്ചിരുന്നുവെങ്കിലും, ഇരുചെവികളും മൂടി ചുറ്റിയിരുന്ന സ്കാർഫിനിടയിലൂടെ ദൃശ്യമായ നരകയറിത്തുടങ്ങിയ ശിരസ്സും, വിശാലമായ നെറ്റിത്തടവും, വെളുത്ത മുഖത്തെ തിളങ്ങുന്ന കണ്ണുകളും, ആ കണ്ണുകളിൽ നിറഞ്ഞ് നിന്ന ദീപ്ത ഭാവവും അവരുടെ മുഖത്തിന് വല്ലാത്തൊരു തേജസ്സു നൽകിയിരുന്നു... !.
അരവിന്ദിന് ആ മുഖം എവിടെയോ കണ്ട് നല്ല പരിചയം തോന്നി... പക്ഷെ അതാരെന്ന് ഓർത്തെടുക്കാൻ അവനപ്പോൾ കഴിഞ്ഞില്ല!.
മറ്റാരെയും അവരുടെ കൂടെക്കാണാത്തതിനാൽ ഒരു സംശയത്തോടെ അവൻ ആ സ്ത്രീയുടെ അരികിലേക്കെത്തി... എന്നിട്ട് അവരോട് ചോദിച്ചു : "മാഡം... ഞാൻ അരവിന്ദ്... ഈ കോട്ടേജിന്റെ മാനേജറാണ്... വേറെ വണ്ടിയേതെങ്കിലുമുണ്ടോ ഇനി വരാൻ?. "
"ഒരു നിമിഷം... "
എന്ന് അവനോട് മറുപടി പറഞ്ഞ അവർ തോളിലെ ഹാൻഡ് ബാഗിൽ നിന്നും പണമെടുത്ത് കാർ ഡ്രൈവർക്ക് നൽകി. അയാൾ അത് വാങ്ങി പോക്കറ്റിലിട്ട ശേഷം, ഡിക്കി തുറന്ന് അതിലിരുന്ന ലഗേജുമെടുത്ത് കോട്ടേജിന്റെ വരാന്ത ലക്ഷ്യമാക്കി നടന്നു.
കാറിന്റെപിൻ സീറ്റിൽ നിന്നും ഒരു ചെറിയ ബാഗ് കൂടി പുറത്തെടുത്ത ശേഷം ഡോർ അടച്ച ആ സ്ത്രീ അരവിന്ദിനെ നോക്കിപ്പറഞ്ഞു: " ഇല്ല ... അരവിന്ദ്. എന്റെ കൂടെ മറ്റാരുമില്ല... ഞാനൊറ്റക്കേയുള്ളൂ!.
രണ്ട് മൂന്ന് ദിവസത്തേക്ക് ഇവിടെ എനിക്ക് താമസ സൗകര്യം വേണം...കുറച്ച് സ്ഥലങ്ങൾ ഇവിടെ സന്ദർശിക്കാനുണ്ടെനിക്ക്... അതിനുള്ള സൗകര്യം ഇവിടെ ഉണ്ടാവുമെന്ന് മുരുഗൻ പറഞ്ഞിരുന്നു... ഉണ്ടല്ലോ അല്ലെ...?''
" ഉറപ്പായും മാഡം... "
അരവിന്ദ് പറഞ്ഞു.
ഓഫ് സീസണിൽ മൂന്ന് ദിവസത്തേക്ക് ഗസ്റ്ററിനെ കിട്ടുന്ന കാര്യം അവനെ സംബന്ധിച്ച് ഏറെ സന്തോഷകരമായ ഒന്നായിരുന്നു... എങ്കിലും ഒരു സ്ത്രീ ഒറ്റക്കിവിടെ തങ്ങാനെത്തിയതിലെ അസ്വഭാവികത അരവിന്ദിനെ ചിന്താക്കുഴപ്പത്തിലാക്കി.
അപ്പോഴേക്കും ലഗേജ് വരാന്തയിൽ വെച്ച് തിരിച്ചെത്തിയ ഡ്രൈവർ, കാർ മുറ്റത്തിട്ട് തിരിച്ച് “ഗുഡ് നൈറ്റ് " വിഷ് ചെയ്ത് അവർക്കരികിലൂടെ ഗേറ്റിന് വെളിയിലേക്ക് ഓടിച്ച് പോയി.
അവന്റെ സംശയം മനസ്സിലാക്കിയിട്ടെന്നവണ്ണം ആ സ്ത്രീ പറഞ്ഞു: "എന്റെ പേര് മീര..." ആനുകാലികങ്ങളിലൊക്കെ എഴുതാറുണ്ട്... ഇപ്പോൾ ഒരു ലേഖനം എഴുതിക്കൊണ്ടിരിക്കുകയാണ്. സ്വസ്ഥമായി എഴുതാൻ, മറ്റാരുടെയും ശല്യമില്ലാത്ത ഒരിടം തേടി വന്നതാണ് ഞാനിവിടെ."
അപ്പോഴാണ് തന്റെ ഓർമ്മയിൽ തെളിഞ്ഞ് വന്ന ആ മുഖം പ്രശസ്ത എഴുത്തുകാരി മീരാവർമ്മ യുടേതാണെന്ന് അവന് മനസ്സിലായത് ... മാഗസിന്റെ മുഖചിത്രങ്ങളിലൊക്കെ അവൻ ആ മുഖം പലവട്ടം കണ്ടിട്ടുണ്ടായിരുന്നു !.
" ഓഹ്...!!
എനിക്കറിയാം മാഡത്തിനെ, ഞാൻ മാസികകളിലൊക്കെ മാഡത്തിന്റെ ഫോട്ടോ കണ്ടിട്ടുണ്ട്... തലയിൽ ആ സ്കാർഫ് ചുറ്റിയിരുന്നതിനാലാണ് എനിക്ക് പെട്ടെന്ന് മനസ്സിലാവാതിരുന്നത് !."
അരവിന്ദ് സന്തോഷത്തോടെ മീരയോട് പറഞ്ഞു.
അവനോടൊപ്പം കോട്ടേജിന്റെ വരാന്തയിലേക്ക് നടന്ന മീര തെല്ലിട നിന്നി ശേഷം... അരവിന്ദിനെ നോക്കി അല്പം ഗൗരവത്തോടെ ഇങ്ങനെ പറഞ്ഞു:
" അരവിന്ദ് ഞാനിവിടെ എത്തിയ കാര്യം തികച്ചും രഹസ്യമായിരിക്കണം കേട്ടോ...
ഇവിടുത്തെ രെജിസ്റ്ററിലും മറ്റും എന്റെ പേര് ചേർക്കണ്ട. ഇത് തികച്ചും രഹസ്യമായ ഒരു സന്ദർശനമാണ്...! മറ്റാരും അറിയുകയും അരുത്... ഈ കാര്യത്തിൽ അരവിന്ദ് എനിക്ക് ഉറപ്പ് നൽകണം. "
" ഉറപ്പായും മാഡം...മാഡമിവിടെ താമസിക്കുന്ന വിവരം മറ്റാരും അറിയില്ല... മാത്രവുമല്ല മെയിൻ റോഡിൽ നിന്നും കുറെ മുകളിലേക്കാണ് ഈ കോട്ടേജ്... ഇവിടെ മാഡത്തിന് മറ്റ് ശല്യങ്ങളൊന്നും ഉണ്ടാവുകയുമില്ല. "
അവൻ മറുപടി പറഞ്ഞു , എന്നിട്ട്
" ലൗവ് ഡേയിലിലേക്ക്... മീരാ മാഡത്തിന് ഹാർദ്ദവമായ സ്വാഗതം."എന്ന് ഊദ്യോഗികമായി പറഞ്ഞ് അവരോടൊപ്പം വരാന്തയിലേക്ക് നടന്നു.
സന്ധ്യ പൂർണ്ണമായും പടി വാങ്ങി ഇരുട്ടിന് കനമേറി തുടങ്ങിയിരുന്നു അപ്പോൾ... നൂല് മഴ മാറി പകരം വന്ന പുകമഞ്ഞ് അവിടെ നല്ല തണുപ്പും പടർത്തിയിരുന്നു.
വരാന്തയിലെ ലൈറ്റുവെട്ടത്തിലേക്കെത്തിയ അരവിന്ദിനെ മീര അടി മുടിയൊന്ന് നോക്കി...പിന്നെ അല്പസമയം എന്തോ ചിന്തിച്ച് നിന്നു...
“ മാഡത്തിന് രാത്രി ഭക്ഷണം എന്താണ് വേണ്ടത്...?. സാധാരണ ഗസ്റ്റുകൾ വരുമ്പോൾ ഇവിടെ ഒരു കുക്കിനെ ഞാൻ ഏർപ്പാട് ചെയ്യുമായിരുന്നു...
പക്ഷെ ഇന്ന് നേരം ഇത്ര വൈകി...! ഇനി ഏന്തായാലും അത് നടക്കില്ല...
താഴെ സിറ്റിയിലൊരു ഹോട്ടലുണ്ട്, ഭക്ഷണം അവിടെ നിന്നും വരുത്താം... അത് പോരെ...?."
അരവിന്ദ് മീരയോട് ചോദിച്ചു.
മതി എന്ന അർത്ഥത്തിൽ തലയാട്ടിയിട്ട് മീര അവനോട് പറഞ്ഞു:
" അരവിന്ദ് ...
ഈ മാഡമെന്ന വിളി... എന്തോ എനിക്ക് വല്ലാതെ അരോചകമായി തോന്നുന്നു !. വിരോധമില്ലെങ്കിൽ എന്നെ മീരാമ്മയെന്ന് അരവിന്ദിന് വിളിച്ച് കൂടെ...?. അതാണെനിക്കിഷ്ടം!."
"എന്നെ മിക്കവരും അങ്ങനെയാണ് വിളിക്കുന്നതും കേട്ടോ !."
ഇതും പറഞ്ഞ് മീര കോട്ടേജിനകത്തേ ഹാളിലേക്ക് കയറി.
മീരക്ക് പിന്നാലെ ഹാളിലെത്തിയ അരവിന്ദ്
"ശരി മാഡം... " എന്ന് മറുപടി പറഞ്ഞ ശേഷം അത് തിരുത്തി, " ശരി മീരാമ്മേ" എന്ന് ആക്കിയത് അവർക്കിടയിൽ, ആ സമയം അല്പനേരം ചിരി പടർത്തി.
ഒരു നിമിഷം ചിന്താധീനയായ മീര,ഹാളിന്റെ ചുവരിലെ ഷോക്കേസിൽ വച്ചിരുന്ന ചെറുതും വലുതുമായ അലങ്കാര വസ്തുക്കളിലേക്ക് ശ്രദ്ധി പതിപ്പിച്ച് അതിനരുകിലേക്ക് പതിയെ നടന്നു.
അരവിന്ദ് മുനിച്ചാമിയെ വിളിച്ച് മീരയുടെ ലഗേജുകൾ വരാന്തയിൽ നിന്നും മുറിക്കുള്ളിലേക്ക് എടുത്തു വെപ്പിച്ചു.
ലഗേജ് വെച്ച ശേഷം തിരിച്ച് വന്ന മുനിച്ചാമിയെ മീരക്ക് പരിചയപ്പെടുത്തി കൊണ്ട് അരവിന്ദ് പറഞ്ഞു.
'' മീരാമ്മേ ഇത് മുനിച്ചാമി...ഇവിടുത്തെ നൈറ്റ് വാച്ചറാണ്. രാത്രി ഗേറ്റിനോട് ചേർന്ന മുറിയിൽ ചാമി ഉണ്ടാവും. ഇന്റർ കോം സൗകര്യമുണ്ട്....എന്താവശ്യമുണ്ടെങ്കിലും ചാമിയെ വിളിച്ചാൽ മതി."
മീരക്ക് മുന്നിലെത്തി, അവരെ നോക്കി ഭവ്യതയോടെ താണ് തൊഴുതിട്ട് മുനിച്ചാമി പറഞ്ഞു :
" അമ്മാ വണക്കം, ... ഒന്നുമേ കവലപ്പെടവേണ്ട...നിമ്മതിയാ തൂങ്ക്. ചാമി ജാഗ്രതയാ കാവലിരുക്ക്."
അയാളുടെ തൊഴലും സംസാരവും കഴിഞ്ഞപ്പോൾ തന്റെ ചുമലിലെ ബാഗിൽ നിന്നും ഒരു നൂറ് രൂപാ നോട്ടെടുത്ത് മീര അയാൾക്ക് നൽകി... എന്നിട്ട് കളിയായി അല്പം ഗൗരവത്തോടെ തന്നെ അയാളോട് പറഞ്ഞു : " രാത്രി അവിടെക്കിടന്ന് തൂങ്കി കളഞ്ഞേക്കരുത്...
ഇടക്ക് ഞാൻ ഫോൺ വിളിക്കും."
'' ഏയ് മുനിച്ചമി ഉറങ്ങത്തേ ഇല്ല... കമാൻഡോ മാതിരി... അല്ലെ ചാമി...?."
ചിരിച്ച് കൊണ്ട് അരവിന്ദ് ചാമിയെ നോക്കി ചോദിച്ചു.
ഇതിന് മറുപടിയായി അയാൾ അവനെ നോക്കി പുകയിലക്കറ പിടിച്ച പല്ലുകൾ കാട്ടി വെളുക്കെ ചിരിച്ചു,.. പിന്നെ "ആമാ,...ആമാ"
എന്ന് പറഞ്ഞ് തലയാട്ടി.
എന്നിട്ട് മീരയുടെ നേർക്ക് തിരിഞ്ഞ് ചാമി
"എങ്കൾക്ക് പണം തേവയില്ലെ അമ്മാ!. ഉതവി താൻ മുഖ്യം . "എന്ന് അവരോട് പറഞ്ഞു...പിന്നെ മടിയോടെ ആ പൈസ വാങ്ങി ധരിച്ചിരുന്ന കാക്കി ട്രൗസറിന്റെ പോക്കറ്റിലേക്കിട്ട് ഒരു വട്ടം കൂടി മീരയെ തൊഴുതിട്ട് പുറത്തേക്കിറങ്ങി.
" എയ് മുനിച്ചാമി ഇങ്കെ വാ "
അയാളെ തിരിച്ച് വിളിച്ച അരവിന്ദ്... വാതിൽക്കലേക്ക് ചെന്നിട്ട് പറഞ്ഞു : "അമ്മാവുക്ക് ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി വരണം... പിന്നാടിയെ ഞാൻ വീട്ടിലേക്ക് പോകൂ."
എന്നിട്ട് അവൻ മീരയോടായി ചോദിച്ചു :
" രാത്രി കഴിക്കാൻ മീരാമ്മക്ക് ചപ്പാത്തിയും, വെജിറ്റബിൾ കറിയും വാങ്ങിയാൽ പോരെ... ? .
നോൺ വെജ് ഭക്ഷണം ഇവിടുള്ള ഹോട്ടലിലെ അത്ര സുഖകരമാവില്ല."
ഹാളിലെ ഭിത്തിയിൽ ഉറപ്പിച്ചിരുന്ന വലിയ കൊമ്പുള്ള കലമാന്റെ തലയോട്ടി നോക്കി കൊണ്ട് നിന്ന മീര അവനോട് പറഞ്ഞു : "രാത്രി ഭക്ഷണം വാങ്ങണമെന്നില്ല അരവിന്ദ്...! ഫ്ലാസ്കിൽ കരുതിയ ചൂടുപാലും, ബാഗിൽ അല്പം ഓട്സുമൊക്കെയുണ്ടെന്റെ പക്കൽ. എനിക്ക് അതുതന്നെ ധാരാളം... പിന്നെ ഞാൻ ശുദ്ധ വെജിറ്റേറിയൻ കൂടിയാണ് കേട്ടോ."
ശരി എന്ന അർത്ഥത്തിൽ തലയാട്ടിയ അരവിന്ദ് അവന്റെ സമീപത്ത് നിന്ന ചാമിയോടായ് പറഞ്ഞു : " ചാമീ ...നാളെ കാലൈയിലെ നമ്മ കുക്ക് അന്ത മീനാക്ഷിയെ കൂപ്പിട്ട് വരണം... ഇന്നേക്ക് സാപ്പാട് അമ്മാവുടെ പക്കൽ ഓ. കെ താൻ "
എന്നിട്ട് മീരയോടായി പറഞ്ഞു: '' എങ്കിൽ ഞാൻ വീട്ടിലേക്ക് പോകട്ടെ മീരാമ്മെ... കടയിൽ നിന്നും കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട്. ഭാര്യ ഞാൻ ചെല്ലുന്നതും കാത്തിരിക്കുന്നുണ്ടാവും...കുഞ്ഞിനുള്ള ചില സാധനങ്ങളും വാങ്ങണം. എന്റെ മൊബൈൽ നമ്പർ സേവ് ചെയ്തോളൂ... എന്താവശ്യമുണ്ടെങ്കിലും വിളിക്കാൻ മടിക്കണ്ട... ഇവിടെ നിന്നും അധിക ദൂരത്തിലല്ല എന്റെ വീട്. അഞ്ച് മിനിട്ട് കൊണ്ട് നടന്ന് എത്താവുന്നതെയുള്ളൂ. "
" ഒരുനിമിഷം...അരവിന്ദ് ഞാൻ നമ്പറൊന്ന് കുറിച്ചെടുക്കട്ടെ.... ഈ യാത്ര തികച്ചും സ്വകാര്യമായതിനാൽ ഞാൻ എന്റെ മൊബൈൽ ഫോൺ പോലും എടുത്തിട്ടില്ല. ഇവിടുത്തെ ലാൻഡ് ഫോൺ വർക്കിംഗ് ആണല്ലോ അല്ലെ?."
''അതെ''
എന്ന് പറഞ്ഞ അവനോട്
" ഞാൻ ഇപ്പോൾ വരാം"
എന്ന് പറഞ്ഞ് മീര തിടുക്കത്തിൽ അകത്തേക്ക് പോയി...എന്നിട്ട് ബാഗിൽ നിന്നും ഒരു ലെറ്റർ പാഡു മെടുത്ത് തിരിച്ചു വന്ന് അതിൽ അവന്റെ നമ്പർ കുറിച്ചെടുത്തു. പിന്നെ ഒരു നിമിഷം എന്തോ ആലോചിച്ച് നിന്ന അവർ ഹാളിൽ നിന്നും വെളിയിലേക്കിറങ്ങിയ അരവിന്ദിനോട് ചോദിച്ചു :
" അരവിന്ദിന് ഡ്രൈവിംഗ് അറിയാമോ... ? "
" അറിയാം മീരാമ്മേ. ആദ്യം ഈ സിറ്റിയിൽ ഒരു ആട്ടോ മൊബൈൽ മെക്കാനിക്ക് ആയാണ് ഞാൻ ജോലി ചെയ്തിരുന്നത്."
അവൻ പറഞ്ഞു .
" ഇവിടെ വാഹനം രണ്ട് മൂന്ന് ദിവസത്തേക്ക് വാടകക്ക് ലഭിക്കാൻ വല്ല സാധ്യതയുണ്ടോ ? .
കിട്ടുമെങ്കിൽ ഒരെണ്ണം തരപ്പെടുത്താമോ? ."
എനിക്കിവിടെ കുറെ സ്ഥലങ്ങളിൽ പോകാനുണ്ടായിരുന്നു ."
മീര അവനോട് ചോദിച്ചു.
" സിറ്റിയിൽ ടാക്സിക്കാറുണ്ട്... പക്ഷെ ഡ്രൈവർ കൂടെ വരും. മീരാമ്മ ഇവിടുള്ള കാര്യം മറ്റാരും അറിയേണ്ടന്നല്ലെ പറഞ്ഞത് . അത് കൊണ്ട് കുര്യച്ചായന്റെ ഏലം എസ്റ്റേറ്റിലുള്ള ജീപ്പ് ഞാൻ തരപ്പെടുത്താം...
ജീപ്പ് യാത്ര ബുദ്ധിമുട്ടാവില്ലല്ലോ അല്ലെ ."
"അതൊന്നും പ്രശ്നമില്ല"
എന്ന് പറഞ്ഞ മീരയോട്
" എങ്കിൽ ശരി യാത്രാക്ഷീണം ഉള്ളതല്ലെ ഭക്ഷണം കഴിച്ച് ഉറങ്ങിക്കോളൂ... നാളെ കാണാം... ശുഭരാത്രി. "
എന്നും പറഞ്ഞ് അവൻ പോകാനൊരുങ്ങി.
അപ്പോഴേക്കും മുനിച്ചാമി വേലിക്ക് വെളിയിൽ നിന്ന സബർജില്ലിന്റെ കുറെ കായ്കൾ പറിച്ച് അതുമായ് അകത്തേക്ക് വന്നു, അത് ഊണുമേശക്ക് മേൽ വെച്ച ശേഷം അയാൾ മീരയോട് പറഞ്ഞു:
" അമ്മാ ഇന്ത സബർജിൽ ഫ്രെഷാ ഇറുക്കുങ്കെ... സാപ്പിട്ട് പിറകെ തൂങ്കലാം"
ഇതും പറഞ്ഞ് അരവിന്ദിനോടൊപ്പം അയാളും വെളിയിലേക്കിറങ്ങി തന്റെ മുറിയിലേക്ക് പോയി.
അപ്പോൾ സമയം എട്ട് മണിയോടടുത്തിരുന്നു. ഇരുട്ടിന് കട്ടി അന്ന് കൂടുതലായിരിന്നു... മഞ്ഞ് പെയ്യുന്നത് കുറെക്കൂടി കനത്തു. ഇടതടവില്ലാതെ മുഴങ്ങുന്ന ചീവിടുകളുടെ ശബ്ദവും, അവിടിവിടെയായി മിന്നിത്തെളിയുന്ന മിന്നാമിന്നികളുമൊക്കെ ചേർന്ന് കുന്നിൻ മുകളിലെ ആ കോട്ടേജിന് ചുറ്റും ഒരു മായിക ലോകം തീർത്തിരുന്നു. ഫോണിലെ ടോർച്ച് ലൈറ്റ് ഓണാക്കിയ അരവിന്ദ് അതും കൈയ്യിൽ പിടിച്ച് സാവധാനം ആ കുന്നിറങ്ങി വീട്ടിലേക്ക് നടക്കാൻ തുടങ്ങി...
(തുടരും)
അരുൺ -

To Be continued - 
Read all parts here : - https://goo.gl/4HGjHi

Written by:  Arun V Sajeev, Nallezhuth
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo