നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലൗവ് ഡേയിൽ ഇൻ - Part 4- ഭാഗം 4
അരവിന്ദിന്റെ അരികിലേക്ക് ഓടിക്കിതച്ചെത്തിയ മുനിച്ചാമി വെപ്രാളത്തോടെ അവനോട് പറഞ്ഞു :
" അരവിന്ദ് സാർ...അമ്മാ ബാത്റൂമിൽ സ്ലിപ് ആയാച്ച്... കാല്ക്ക് എന്നവോ തൊന്തരവ് പറ്റിയാച്ച്...നല്ലാ വലിക്ക്തേന്ന് സൊല്ല്ത്... ധിടീന്ന് ഹോസ്പിറ്റൽ പോകവേണം. "
മുനിച്ചാമി പറഞ്ഞത് കേട്ട് തിടുക്കത്തിൽ അയാളെയും കൂട്ടി ജീപ്പിൽ കയറിയ അരവിന്ദ് കോട്ടേജ് ലക്ഷ്യമാക്കി അത് വേഗത്തിൽ ഓടിച്ചു... കുന്നുകയറി കോട്ടേജിന്റെ മുറ്റത്തേക്ക് ജീപ്പെത്തിയപ്പോഴേ... വരാന്തയിലെ കസേരയിൽ അവരെ കാത്തെന്ന വണ്ണം, മീര ഇരിക്കുന്നത് ജീപ്പിന്റെ മുൻ ഗ്ലാസ്സിലൂടെ അവൻ കണ്ടു... വസ്ത്രം മാറി കോട്ടേജും ലോക്ക് ചെയ്ത മീര, ഹോസ്പിറ്റലിൽ പോകാൻ തയ്യാറായാണ് അവിടെ ഇരുന്നത്... മുറ്റത്ത് വരാന്തയുടെ ഓരം ചേർത്ത് ജീപ്പ് നിർത്തിയ അരവിന്ദ് അതിൽ നിന്നും വേഗമിറങ്ങി മീരയുടെ അടുക്കലേക്ക് ചെന്നിട്ട് ചോദിച്ചു :
" എന്ത് പറ്റി മീരാമ്മേ...?. "
ഓ...സാരമില്ല അരവിന്ദ് ...രാവിലെ ബാത്റൂമിലൊന്ന് സ്ലിപ്പായി... ചെറുതായൊന്ന് വീണു...പാദത്തിന് വല്ലാത്ത വേദന... നീരും വച്ചിട്ടുണ്ട്…! അടുത്തെവിടെയെങ്കിലും ഹോസ്പിറ്റലുണ്ടെങ്കിൽ ഒന്ന് കാണിച്ചാൽ കൊള്ളാമെന്നുണ്ട്…
മീര മറുപടി പറഞ്ഞു.
" ഹോസ്പിറ്റലിൽ പോകണമെങ്കിൽ അടിവാരത്ത് പോകണം മീരാമ്മെ... എന്റെ പരിചയത്തിൽ ഇവിടെയൊരു നാട്ടു വൈദ്യനുണ്ട്... സ്വാമി വൈദ്യർ…അപ്പായുടെ സുഹൃത്താണ് ...നല്ല ചികിത്സയാണ്... ഇത്തരം കാര്യങ്ങൾക്ക് ആളൊരു വിദഗ്ദനാണ്."
അരവിന്ദ് പറഞ്ഞു .
" ശരി എങ്കിൽ നമുക്ക് അവിടേക്ക് പോകാം...അരവിന്ദിന് വിശ്വാസമാണെങ്കിൽ, നമുക്ക് ആ വൈദ്യന്റെ അടുത്ത് തന്നെ പോയാൽ മതി."
വേദന കടിച്ചമർത്തി മീര അവനോട് പറഞ്ഞു .
കസേരയിൽ നിന്നും എഴുന്നേറ്റ മീര... നടക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ അവരുടെ കൈകളിൽ പിടിച്ച് അരവിന്ദ് മീരയെ ജീപ്പിൽ കയറാൻ സഹായിച്ചു.
പ്രധാന പാതയിൽ നിന്നും, കല്ല് പാകിയ ഒരു നിരത്തിലൂടെ ഓടിയ ആ ജീപ്പ് തെരുവപ്പുല്ലുകൾ അതിരിട്ട വഴിയിലൂടെ പഴയൊരു വീടിന് മുന്നിൽ ചെന്ന് നിന്നു ... കാഴ്ചയിൽ വർഷങ്ങൾ പഴക്കം തോന്നിക്കുന്ന, ഓട് മേഞ്ഞ ആ വീടിന്റെ ചുവരുകൾ കരിങ്കല്ല് കൊണ്ട് നിർമ്മിച്ചതായിരുന്നു... അവിടെ തങ്ങി നിന്നിരുന്ന കാറ്റിൽ കഷായത്തിന്റെയും, കുഴമ്പിന്റെയും, പച്ചമരുന്നുകളുടേയും ഗന്ധം തങ്ങി നിന്നിരുന്നു.
ജീപ്പിൽ നിന്നും ആദ്യം ഇറങ്ങിയ അരവിന്ദ് മറുഭാഗത്തെത്തി മീരയെ അതിൽ നിന്നും ഇറങ്ങാൻ സഹായിച്ചു... അവന്റെ ചുമലിൽ പിടിച്ച് അവർ ഒരു വിധത്തിൽ ഒതുക്കുകൾ കയറി ആ വീടിന്റെ പൂമുഖത്തെ കസേരയിൽ ഇരുന്നു.
ജീപ്പിന്റെ ശബ്ദം കേട്ട് വെളിയിലേക്കിറങ്ങി വന്ന ഒരു പെൺകുട്ടി അവരെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു...
" അപ്പാ...ആരോ കാണാൻ വന്നിരിക്കുന്നു... ഇങ്ങ്ട് ഒന്ന് വരീൻ... " ഇത് പറഞ്ഞിട്ട് അവൾ വീണ്ടും അകത്തേക്ക് തന്നെ പോയി.
അല്പസമയം കഴിഞ്ഞപ്പോൾ പൂമുഖ വാതിലിലൂടെ അകത്തു നിന്നും വെളുത്ത മുണ്ട് മാത്രം ധരിച്ച ഒരു തേജസ്വിയായ വൃദ്ധൻ ഇറങ്ങി വന്നു...തന്റെ കഴുത്തിൽ ധരിച്ചിരുന്ന വലിയ രുദ്രാക്ഷമാലയിൽ തെരുപ്പിടിപ്പിച്ച് കൊണ്ട് പുറത്തേക്കിറങ്ങിയ അയാൾ... മീരയെ അല്പസമയം സൂക്ഷിച്ച് നോക്കി നിന്നു... എന്നിട്ട് അരവിന്ദിന്റെ അരികിലേക്ക് ചെന്നു.
അയാളെ കണ്ടതും അരവിന്ദ് പരിചയ ഭാവത്തിൽ ചിരിച്ചിട്ട് പറഞ്ഞു: "സ്വാമി വൈദ്യരെ... ഇത് മീരാമ്മ കോട്ടേജിൽ ഗസ്റ്റായി വന്നതാണ് ... ബാത് റൂമിൽ ചെറുതായി വഴുതി വീണു…. കാൽപ്പാദത്തിന് നീരുണ്ട്... ഒന്ന് നോക്കണം.''
അയാൾ ഒരു പീഠം വലിച്ചിട്ട്, അതിലിരുന്ന് മീരയുടെ കാൽ പരിശോധിച്ചു...എന്നിട്ട് അവരോട് പറഞ്ഞു:
" കാലിന് ചെറുതായൊരു ഇടർച്ച സംഭവിച്ചിട്ടുണ്ട്... അതാണ് ഈ നീർക്കെട്ട്. ഒരു പച്ചമരുന്ന് ഞാൻ തരാം...അത് അരച്ച്, തോരെ തോരെ കാലിൽ പുരട്ടണം... എന്നിട്ട് രണ്ട് ദിവസമെങ്കിലും കാല് അനക്കാതെ വിശ്രമിക്കണം. എങ്കിലെ നീര് വലിഞ്ഞ് വേദന കുറയുകയുള്ളൂ... നീര് മാറിയാലും ചിലപ്പോൾ വേദന മാറാൻ രണ്ടാഴ്ച എങ്കിലും സമയം എടുക്കും."
പീഠത്തിൽ നിന്നും എഴുന്നേറ്റ വൈദ്യർക്ക്, മീര പണം നല്കിയെങ്കിലും... അയാൾ ഒന്ന് ചിരിച്ചതല്ലാതെ അത് വാങ്ങാൻ കൂട്ടാക്കിയില്ല... അല്പസമയത്തിനകം വൈദ്യരോട് യാത്ര പറഞ്ഞ് അവർ, അയാൾ കൊടുത്ത പച്ചമരുന്നും, തൈലവും വാങ്ങി മടക്കയാത്ര ആരംഭിച്ചു.
വൈദ്യശാലയിൽ നിന്നും തിരിച്ചുള്ള ആ യാത്രയിൽ മീരയുടെ മുഖം മ്ലാനമായിരുന്നു…!ആ കണ്ണുകളിൽ നിരാശയുടേയും, ദുഖത്തിന്റെയും ഭാവം നിഴലിച്ചിരുന്നത് അരവിന്ദ് കണ്ടു.
കോട്ടേജിന്റെ മുറ്റത്ത് ജീപ്പ് നിർത്തിയ അവൻ പുറത്തിറങ്ങി സാവധാനം മീരയെ തന്റെ കൈകൾ കൊണ്ട് താങ്ങി വരാന്തയിലെ കസേരയിലിരുത്തി...എന്നിട്ട് മീര ബാഗിൽ നിന്നും എടുത്ത് നല്കിയ താക്കോൽ കൊണ്ട് കോട്ടേജ് തുറന്നു... പിന്നെ അവൻ വരാന്തയിൽ നിന്നും മീരയെ കട്ടിലിന് സമീപം വരെ ചെല്ലാൻ സഹായിച്ചു.
കട്ടിലിൽ ഭിത്തി ചാരിയിരുന്ന മീരയുടെ, ഇടർച്ച പറ്റിയ കാൽ അരവിന്ദ് ഒരു തലയിണ കൊണ്ട് ഉയർത്തി വെച്ചു... എന്നിട്ട് വൈദ്യൻ നല്കിയ പച്ചമരുന്ന് അരച്ച് കൊണ്ടുവരാൻ മുനിച്ചാമിയോടാവശ്യപ്പെട്ടു...
പിന്നെ ആ മുറിയുടെ വാതിൽ പതിയെ ചാരിയിട്ട് അവൻ അവിടെ നിന്നും വെളിയിലേക്കിറങ്ങി...
എന്തോ ആലോചിച്ച മീര, പെട്ടെന്ന് അരവിന്ദിനെ തിരിച്ച് വിളിച്ചു... എന്നിട്ട് അവനോട് ചോദിച്ചു:
“അരവിന്ദ് ഇവിടുള്ള 'മഞ്ഞയിൽ' എന്നൊരു എസ്റ്റേറ്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ...?. ഇവിടെ നിന്നും പത്തുപന്ത്രണ്ട് കിലോമീറ്ററുകൾക്കപ്പുറമാണത്. “
" ഉണ്ട് ...!! കുര്യച്ചായന്റെതാണാ തോട്ടം ഞാനവിടെ പോയിട്ടുമുണ്ട് ."
അവൻ ആശ്ചര്യത്തോടെ മറുപടി പറഞ്ഞു .
കട്ടിലിൽ ഒന്നു മുന്നോട്ടിരുന്ന് സമീപത്തുണ്ടായിരുന്ന തലയിണ ഭിത്തിയുടേയം, തന്റെ പിൻഭാഗത്തിന്റെയും ഇടയിലായ് വെച്ച്, അതിലേക്ക് ചാരിയിരുന്ന മീര ചുവരിൽ തൂക്കിയിരുന്ന കലണ്ടറിലെ ചിത്രത്തിലേക്ക് നോക്കി കൊണ്ട് അവനോട് പറഞ്ഞു:
" അരവിന്ദ് എനിക്ക് ഒരു ഉപകാരം ചെയ്യണം... അവിടെ വരെ ഒന്ന് പോകണം... എന്നിട്ട് എനിക്ക് വേണ്ടി, പണ്ട് അവിടെ ഉണ്ടായിരുന്ന ഒരാളുടെ ഇപ്പോഴുള്ള എന്തെങ്കിലും ഒരു വിവരം കണ്ടെത്തി തരണം..."
ഒന്നും മനസ്സിലാവാത്ത ഭാവത്തോടെ മീരയെ നോക്കി കൊണ്ട് നിന്ന അവനോട് അവർ തുടർന്നു:
" ഞാൻ അരവിന്ദിനോട് ഒരു കള്ളം പറഞ്ഞിരുന്നു.... ഞാൻ ഇവിടെ എത്തിയത് എഴുതുവാനായി ഒരിടം തേടിയാണെന്ന്. അതിനല്ല അരവിന്ദ് ഞാനിവിടെ വന്നത്..."
ഒന്ന് നിർത്തിയിട്ട് അവർ തുടർന്നു...
"ഞാൻ ഇവിടെ എത്തിയതിന് പിന്നിൽ വേറൊരു ലക്ഷ്യമുണ്ട്...എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷ്യം. 'ഒരു പക്ഷെ...
ഞാനിതിൽ പരാജയപ്പെട്ടാൽ ഈ ലോകത്ത് നിന്നും എന്റെ ജീവിതം അധികം വൈകാതെ എന്നെന്നേക്കുമായ് ഞാൻ മായ്ച്ച് കളയും... വിജയിച്ചാൽ ഒരു തീരാശാപം പേറിയാണെങ്കിലും, കുറച്ച് കാലത്തേക്ക് കൂടി ഞാൻ ഈ ഭൂമിയിൽ കാണും ."
അരവിന്ദ് അവരെ അമ്പരപ്പോടെ നോക്കി നിന്നു.
" അരവിന്ദിന് ഇപ്പോൾ എത്ര വയസ്സായി...?
മീര ചോദിച്ചു.
" ആഗസ്റ്റിൽ ഇരുപത്തിയെട്ട് കഴിഞ്ഞു. "
അവൻ പറഞ്ഞു.
അരവിന്ദിനേക്കാൾ പത്തുവയസ്സ് ഇളപ്പമുള്ള ഒരു മകനുണ്ടെനിക്ക്...കിഷോർ.
വിവാഹ ശേഷം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഉണ്ടായ മകൻ... എന്റെ നിധി!. അരവിന്ദിനറിയാമോ അവനിന്ന് ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു നൂൽപ്പാലത്തിലാണ്...കടുത്ത കരൾ രോഗിയായ അവന് ഏറിയാൽ നാല്പത്തഞ്ച് ദിവസത്തെ ആയുസ്സു കൂടിയെ ഡോക്ടർമാർ വിധിച്ചിട്ടുള്ളൂ... ആ വിലപ്പെട്ട ദിനങ്ങളിൽ എതാണ്ട് ഇരുപതോളം പിന്നിട്ടിരിക്കുന്നു... അതിൽ ഇനിയും രണ്ട് ദിവസം കൂടി എനിക്ക് നഷ്ടപ്പെടുത്താനാവില്ല. അതു കൊണ്ട് അരവിന്ദ് എനിക്കൊരു സഹായം ചെയ്യണം എനിക്കായി ഒരാളെ തിരക്കണം... അയാളുടെ എന്തെങ്കിലും ഒരു വിവരം അരവിന്ദ് എനിക്ക് കണ്ടെത്തി തരണം. "
ഒരു വിതുമ്പലോടെ മീര പറഞ്ഞു നിർത്തി.
" മീരാമ്മ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല ഞാനാരെയാണ് തിരക്കേണ്ടത്... ? . അയാൾക്കും കിഷോറിന്റെ രോഗത്തിനും തമ്മിൽ എന്താണ് ബന്ധം... !." അരവിന്ദ് മീരയോട് ചോദിച്ചു
ഭിത്തിയിലേക്ക് ചാരി ഒന്നു കൂടി നിവർന്നിരുന്ന് അവർ അരവിന്ദിനോട് അവന്റെ ചോദ്യത്തിന് മറുപടി പറയാൻ ആരംഭിച്ചു...."കിഷോർ ഗുരുതരമായ കരൾ രോഗത്തിന് അടിമയാണെന്ന് ഞാൻ പറഞ്ഞിരുന്നുവല്ലോ... അവനിപ്പോൾ മെഡിസിറ്റി ഹോസ്പിറ്റലിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.
"കരൾ മാറ്റിവെക്കൽ മാത്രമാണ് എന്റെ കിച്ചുവിന്റെ ജീവൻ നിലനിർത്താനുള്ള ഏക പോംവഴി... പക്ഷെ യഥാർത്ഥ പ്രശ്നം അതല്ല ... "
ഒന്ന് ദീർഘനിശ്വാസം എടുത്തിട്ട് മീര തുടർന്നു:
" അവന്റെ രക്തഗ്രൂപ്പ് അപൂർവ്വമായ എബി നെഗറ്റീവ് ആണ് ... അതു കൊണ്ട് അതേ ഗ്രൂപ്പിലുള്ള ഒരു ദാതാവിൽ നിന്നു മാത്രമെ അവന് കരൾ സ്വീകരിക്കാനാവു... അത്തരമൊരാളെ കുറെ തിരഞ്ഞതിന് ശേഷം ഞങ്ങൾ കണ്ടെത്തിയിരുന്നു... പക്ഷെ ഞങ്ങളുടെ നിർഭാഗ്യം കൊണ്ട് അവിടെയും തടസ്സമുണ്ടായി...അയാൾ അവയവ തട്ടിപ്പ് കാരുടെ ഒരു കണ്ണിയായിരുന്നു... അങ്ങനെ അയാൾ കേസിൽ കുടുങ്ങി. അതു കൊണ്ട് സമയത്ത് ഓപ്പറേഷന്‍ നടത്താൻ കഴിഞ്ഞില്ല... അപ്പോഴേക്കും രോഗം വല്ലാതെ വഷളായി... പുതിയൊരു ദാതാവിനെ കണ്ടെത്തി എത്രയും വേഗം ഓപ്പറേഷൻ നടത്തുക എന്നതേ ഇനി ഒരു പോം വഴിയുള്ളു... അതിനുള്ള സമയവും വളരെ കുറച്ച് മാത്രം.
ഒന്ന് നെടുവീർപ്പിട്ട അവർ തെല്ലിട നിർത്തിയിട്ട് തുടർന്നു
" അരവിന്ദിന് മഹാഭാരതം കഥ അറിയാമോ...? അതിലെ കുന്തിയുടെ അവസ്ഥയിലാണ് ഞാനിപ്പോൾ. അർജ്ജുനന്റെ രക്ഷക്കായി കർണ്ണനോടപേക്ഷിക്കാനെത്തുന്ന കുന്തിയെ അരവിന്ദിന് എന്നോടുപമിക്കാം ."
മീര പറഞ്ഞു .
അരവിന്ദ് സംശയം നിഴലിക്കുന്ന കണ്ണുകളോടെ മീരയെ നോക്കി.
അവന്റെ മുഖത്ത് നിന്നും ദൃഷ്ടി മാറ്റിയിട്ട് മീര തുടർന്നു: "ഒരു മകനും, പൊറുക്കാനാവാത്ത ഒരു തെറ്റ്... ഞാനൊരു ചോരക്കുഞ്ഞിനോട് ചെയ്തിട്ടുണ്ട്... ഈ പാപിയായ അമ്മക്ക് പാൽ മണം മാറും മുൻപെ അവനെ ഉപേക്ഷിക്കേണ്ടതായ് വന്നു...കർണ്ണനെ ഉപേക്ഷിച്ച കുന്തിയെപ്പോലെ... "
ഒന്ന് നിർത്തിയിട്ട് മീര തുടർന്നു:
"കോവിലകത്തെ ഒരു സ്ത്രീക്ക് അന്യമതസ്തനിലുണ്ടായ, അച്ഛനില്ലാത്ത കുഞ്ഞിനെ ഒരിക്കലും വളർത്താൻ കഴിയുമായിരുന്നില്ലാ...
കോവിലകത്തിന്റെ അന്തസ്സും, അഭിമാനവും കാക്കാൻ അവനെ ഉപേക്ഷിക്കുകയല്ലാതെ മറ്റ് നിവൃത്തിയൊന്നും എനിക്കന്ന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ... അതുകൊണ്ട് ഞാൻ അന്നതു ചെയ്തു... മനസ്സോടെയല്ല എങ്കിലും എനിക്കത് ചെയ്യേണ്ടതായ് വന്നു... പക്വതയില്ലാത്ത പ്രായത്തിൽ ഉണ്ടായ ഒരു തെറ്റാണ്...ഒരു പ്രണയത്തിന്റെ ബാക്കി പത്രം .... ഒരു മകനും പൊറുക്കാനാകാത്ത പാതകമാണ് ഇതെന്നെനിക്കറിയാം. പക്ഷെ ഇന്നവൻ വിചാരിച്ചാൽ എന്റെ രണ്ടാമത്തെ മകന്... അവന്റെ അനുജന്...ജീവൻ തിരിച്ച് കിട്ടും... ആ മകനെ തേടി ഇറങ്ങിയ പാപിയായ അമ്മയാണ് ഈ ഞാൻ."
പിന്നിലെ തലയിണയിലേക്ക് അമർന്നിരുന്ന അവർ തന്റെ മിഴികൾ സാരിത്തലപ്പ് കൊണ്ട് തുടച്ചിട്ട്, മുകളിലെ സിലിംഗിലേക്ക് നോക്കി തുടർന്നു.
" പണ്ട് ഈ മഞ്ഞയിൽ എസ്റ്റേറ്റ് കോവിലകം വകയായിരുന്നു...ഇവിടെ വച്ചാണ് എനിക്കാ കുഞ്ഞ് ജനിച്ചത് ... അവനെ എന്റെ സഹോദരൻ 'രവിവർമ്മ ' ഈ എസ്റ്റേറ്റിനരികിലെ ലയത്തിലുണ്ടായിരുന്ന മക്കളില്ലാത്ത ഒരു ദമ്പതിമാർക്കന്ന് നൽകി...
ആ കുഞ്ഞിനേയും കൊണ്ട് ഇവിടം വിട്ട് പോയ അവർ, ദൂരെ മറ്റേതോ ഒരു സ്ഥലത്ത് താമസിക്കുന്നുണ്ട്... അവരെ കുറിച്ച് എന്തെങ്കിലുമൊരു വിവരം ആ ലയത്തിലെത്തി അരവിന്ദ് അന്വേഷിച്ച് കണ്ടെത്തി തരണം... ഒരമ്മയുടെ അപേക്ഷയാണിത്."
" പ്രസവസമയത്ത് എന്നെ പരിചരിച്ച ഡോക്ടർ അവന്റെ രക്തവും അപൂർവ്വമായ എബി നെഗറ്റീവ് ഗ്രൂപ്പിൽ പെട്ടതാണെന്ന് രവിയേട്ടനോട് പറഞ്ഞിരുന്നു. ആ ഒരറിവാണ് ഇന്നെന്റെ പ്രതീക്ഷ...
ഈ പാപിയായ അമ്മ ഇന്നിവിടെ എത്തിയത് അവനെ കണ്ടെത്തി അവനോട് യാചിക്കാനാണ് ... അവന്റെ കാൽക്കൽ വീണപേക്ഷിക്കാനാണ്...എത്രയായാലും ഞാൻ അവന്റെ അമ്മയല്ലെ...എന്റെ ഈ അപേക്ഷ അവൻ നിരസിക്കില്ല... അവൻ ചോദിക്കുന്ന പണം കൊടുക്കാൻ ഞാൻ തയ്യാറാണ്. എനിക്ക് കിച്ചുവിന്റെ ജീവൻ എങ്ങനെ എങ്കിലും രക്ഷിക്കണം."
ഒരു തേങ്ങലോടെ ഇത്രയും പറഞ്ഞ് നിർത്തിയ മീര അല്പ സമയം എന്തോ ചിന്തിച്ചിരുന്നു പിന്നെ തന്റെശബ്ദത്തിൽ ഗൗരവം വരുത്തി അവർ തുടർന്നു:
" അരവിന്ദ്, അവനെ തിരക്കിയാണ് ഞാൻ ഇവിടെ വന്നതെന്ന കാര്യം രവിയേട്ടനൊഴികെ ആർക്കും അറിയില്ല... എന്റെ ഭർത്താവിന് പോലും... ആദ്യമായാണ് അന്യനായ ഒരാൾ ഇതറിയുന്നത്. അരവിന്ദ് ആ ഗൗരവത്തോടെ വേണം ഇതിനെ ഉൾക്കൊള്ളാൻ... “
“മീര ഇന്നൊരു ഭാര്യയാണ്, സമൂഹത്തിൽ അറിയപ്പെടുന്ന ഒരെഴുത്ത്കാരിയാണ്… അതുകൊണ്ട് ഇക്കാര്യം പുറത്തറിയുന്നത് ഒരിക്കലും അഭികാമ്യമല്ല...എന്തോ അരവിന്ദിനെ കണ്ടപ്പോൾ എനിക്ക് ഒരു അപരിചിതനായ് തോന്നിയില്ല... എനിക്ക് അരവിന്ദിന്റെ സഹായവും ഇപ്പോൾ ആവശ്യമാണ്... അത് കൊണ്ടാണ് ഞാൻ ഈ കാര്യം അരവിന്ദിനോട് പറഞ്ഞത്... അരവിന്ദ് അയാളെക്കുറിച്ച് എന്തെങ്കിലും ഒരു വിവരം എനിക്ക് കണ്ടെത്തി തരണം... അതും രഹസ്യമായി...ഇത് ഒരമ്മയുടെ അപേക്ഷയാണ്."
" ഞാൻ തിരക്കാം മീരാമ്മെ... കണ്ടെത്തുകയും ചെയ്യാം ... ആരും അറിയാതെ തന്നെ. മീരാമ്മ പറഞ്ഞത് ഗൗരവത്തോടെ തന്നെയാണ് ഞാനെടുത്തത്…”
അരവിന്ദിന് അവരുടെ ആ അവസ്ഥയിൽ വല്ലാതെ വിഷമം തോന്നി... എന്തൊക്കെയോ മനസ്സിൽ ചിന്തിച്ച് കൊണ്ട് അവൻ മീരയോട് ചോദിച്ചു:
“അയാളുടെ പേരോ അങ്ങനെ എന്തെങ്കിലും വിവരങ്ങളോ മീരാമ്മക്ക് അറിയാമോ...?'’
ഇല്ല അരവിന്ദ്... അയാളെക്കുറിച്ച് അധികമൊന്നും രവിയേട്ടനും അറിയില്ല…! ഈ നാട്ടിലെല്ലാം അയാൾ പിള്ള ചേട്ടനെന്നോ മറ്റോ ആണ് അറിയപ്പെട്ടിരുന്നത്... പുറം നാട്ടിൽ നിന്നും വന്ന തൊഴിലാളികളാണ് കൂടുതലും ലയത്തിൽ താമസിച്ചിരുന്നത് ...അയാളും അതുപോലെ വന്നതാവാം.. കുഞ്ഞിനെ വാങ്ങിയ ഉടൻ തന്നെ അയാളും ഭാര്യയും രഹസ്യമായി ഇവിടം വിട്ട് ദൂരെ ഏതോ സ്ഥലത്തേക്ക് പോയി ... ഇത്രയും വിവരങ്ങളെ എനിക്കറിയൂ ...പക്ഷെ അയാളെ കണ്ടെത്താൻ സഹായിക്കുന്ന ഒരു കാര്യം എന്റെ കൈവശം ഉണ്ട്, അതിലാണ് എന്റെ പ്രതീക്ഷ അത്രയും... അതാണ് ഈശ്വരൻ എനിക്ക് നല്കിയ കച്ചിത്തുരുമ്പ് ….!
ഒരു ദീർഘനിശ്വാസത്തോടെ മീര പറഞ്ഞ് നിർത്തി.
മീര പറഞ്ഞ ... അയാളെ കണ്ടെത്താൻ സഹായിക്കുന്ന ആ കാര്യം എന്തെന്നറിയാൻ ആകാംഷയോടെ അരവിന്ദ് അവരുടെ മുഖത്തേക്ക് ഉറ്റു നോക്കി നിന്നു...
(തുടരും)
അരുൺ -

To Be continued - 
Read all parts here : - https://goo.gl/4HGjHi

Written by:  Arun V Sajeev, Nallezhuth

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot