നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാളവിക - Part 17സാം ഡോക്ടർ അവളെ അദ്ദേഹം മുൻപ് ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് അടുപ്പമുള്ള കുറച്ച് ഡോക്ടർമാർ നടത്തുന്ന ഊട്ടിയിലുള്ള ഒരു റീഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റി. സജി ഇടയ്ക്കിടെ ഊട്ടിയിൽ പോയി അവളെ കാണുകയും അവളുടെ വിവരങ്ങൾ അറിയുകയും ചെയ്തിരുന്നു.
പിന്നീട്  ഞാനും കൃഷ്ണനും വയനാട്ടിൽ പോയപ്പോൾ സജി നാട്ടിൽ വന്ന്  നിൽക്കുന്ന സമയം.സാവിത്രി വീട്ടിൽ ഇല്ലാതിരുന്ന ദിവസം സജി ഒരിക്കൽ അമ്മയെ കാണാൻ അമ്മയുടെ മുറിയിൽ  ചെന്നു.സ്വന്തം  മകൾ ഒരു പാവം പെണ്ണിനെ കൊല്ലാൻ ശ്രമിച്ച  കഥ അവൻ അമ്മയെ പറഞ്ഞുകേൾപ്പിച്ചു.  ദൈവം അവരോട് പൊറുക്കില്ല എന്നും സജി അമ്മയോട് പറഞ്ഞു.അപ്പോഴാണ് സജി ആ കാഴ്ച്ച  കണ്ടത്! അമ്മ കൈവിരലുകൾ അനക്കുന്നു!  സജി സ്തബ്ധനായി നിന്നു! അമ്മ ചുണ്ടുകൾ കൊണ്ടെന്തോ പറയാൻ ശ്രമിക്കുന്നു പക്ഷെ ശബ്ദം പുറത്തേക്ക് വരുന്നില്ല.അമ്മ വാതിലിന് നേർക്ക് കൈവിരൽ ചൂണ്ടി വീണ്ടും എന്തോ പറയാൻ ശ്രമിക്കുന്നു.സാവിത്രി വരുന്ന ശബ്ദം കേട്ടതും അമ്മ പഴയപടി അനങ്ങാതെ കിടന്നു! സജിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.സജിയെ അമ്മയുടെ റൂമിൽ കണ്ടതും അവൾ അവനോട്  ഇറങ്ങിപ്പോകാനാവശ്യപ്പെട്ടു..അമ്മയെ കാണാൻ വന്നതാണെന്നും കണ്ടിട്ടുടനെ പൊയ്ക്കോളാമെന്നും അവൻ പറഞ്ഞു. സാവിത്രിക്ക് ദിവസവും  രാവിലെയും വൈകിട്ടും അമ്പലത്തിൽ പോകുന്ന പതിവുണ്ട് . പിറ്റേന്ന് സാവിത്രി അമ്പലത്തിൽ പോയ തക്കം നോക്കി സജി വീണ്ടും അമ്മയുടെ മുറിയിൽ ചെന്നു.അവനെ  കണ്ടതും അമ്മ  വീണ്ടും വാതിലിന് നേർക്ക് കൈവിരൽ ചൂണ്ടി .സജി വേഗം ചെന്ന് വാതിലടച്ചു.അമ്മ എന്തോ പറയാൻ ശ്രമിച്ചുകൊണ്ടേയിരുന്നു . അമ്മയ്ക്ക് ഇപ്പൊ കൈവിരലുകൾ അനക്കാൻ സാധിക്കുന്നുണ്ടെന്നും  സംസാരിക്കാൻ ശ്രമിക്കുണ്ടെന്നും അത് സാവിത്രി അറിയാതിരിക്കാനാണ് വാതിൽ അടയ്ക്കാൻ പറഞ്ഞതെന്നും സജിക്ക് മനസ്സിലായി. അമ്മയ്ക്ക് കുറച്ചുകൂടി നല്ല ട്രീറ്റ്മെന്റ് കിട്ടിയാൽ എഴുന്നേറ്റ്  നടക്കാൻ സാധിക്കുമെന്ന് സജിക്ക് തോന്നി. സജി എന്നെ ഈ വിവരം അറിയിച്ചു.ഞങ്ങൾ ഡോക്ടർ  സാം മാത്യുവിനോട് സംസാരിച്ചു.. ഫിസിയോതെറാപ്പി വഴി അമ്മയുടെ അവസ്ഥയിൽ കുറച്ച് പുരോഗതി വരും എന്ന് അദ്ദേഹം അറിയിച്ചു.അമ്മയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവരുന്നത് നടപ്പുള്ള കാര്യമല്ല.സാവിത്രി ഒരിക്കലുമത്തിന് സമ്മതിക്കില്ല എന്ന് ഞങ്ങൾക്ക്  അറിയാമായിരുന്നു. പക്ഷെ വീട്ടിൽ വന്ന് ചെയ്യുന്നതിന് പരിമിതികൾ ഏറെ ഉണ്ടായിരുന്നു.ഒടുവിൽ സജിയുടെ അപേക്ഷ മാനിച്ച് അദ്ദേഹം അദ്ദേഹത്തിന് വിശ്വാസമുള്ള ഒരു ഫിസിയോതെറാപ്പിസ്റ്റിനെ  സജിയുടെ കൂടെ പറഞ്ഞയച്ചു.അവരാണ് ഈ  നിൽക്കുന്ന ലീല!
ഒരു പട്ടിണിപ്പാവമായി ചിത്രീകരിച്ച് ഞാൻ ലീലയെ  നിന്റെ മുൻപിൽ ഇവിടുത്തെ വേലക്കാരിയാക്കി. നീ അറിയാതെ ഇവർ  അമ്മയുടെ ചികിത്സ തുടങ്ങി. ഡോക്ടർ നിർദേശിച്ച മരുന്നുകൾ  ലീല  സമയാസമയം അമ്മയുടെ ഭക്ഷണത്തിൽ ചേർത്ത്  കൊടുത്തു. നീ കുളിക്കാൻ കേറുന്ന സമയവും വീട്ടിൽ ഇല്ലാതിരുന്ന നേരത്തും രാത്രി കിടക്കുമ്പോഴും ഒക്കെ ഇവർ  അമ്മയുടെ കൈകാലുകൾക്കായുള്ള എക്സർസൈസും  തിരുമ്മലും നടത്തിപ്പോന്നു..എല്ലാം സ്വയം ചെയുന്നതാണിഷ്ടമെന്നും ആരെങ്കിലും സഹായിക്കാൻ വരുന്നതിവർക്ക്  ബുദ്ധിമുട്ടാണെന്നും പറഞ്ഞ് നിന്നെ ലീല  അമ്മയുടെ ഒരു കാര്യങ്ങളിലും അടുപ്പിച്ചില്ല. നീയും അത് ലാക്കാക്കി..
ആ പെൺകുട്ടി ആരാണെന്നുള്ള ഒരു വിവരവും അപ്പോഴും എനിക്കോ സജിക്കോ അറിയില്ലായിരുന്നു.. അപ്പോഴാണ് ബോഡിയുടെ കൂടെ ഇതും കളഞ്ഞേക്കണമെന്ന് പറഞ്ഞ് നീ കൃഷ്ണനെ ഏൽപ്പിച്ച അവളുടെ ഫോണിന്റെ കാര്യം അവന്  ഓർമ്മ വന്നത്. അത് ഞാൻ നന്നാക്കാൻ കൊടുത്തു.പക്ഷെ ഇതിനിടയ്ക്ക് നീ മാറ്റി വെച്ചിരുന്ന ചന്തുവിന്റെ ഫോൺ ദൈവഹിതം പോലെ ഒരു ദിവസം എന്റെ കൈയിൽ കിട്ടി.. റീഹാബിലിറ്റേഷൻ സെന്ററിൽ ഓർമ്മ നശിച്ച് കഴിയുന്നവൾ  ചന്തു സ്നേഹിക്കുന്ന കുട്ടിയാണെന്നും അവളുടെ വയറ്റിൽ ഉള്ളത് എന്റെ പേരക്കുട്ടിയാണെന്നും എനിക്ക് മനസ്സിലായി! ചന്തു അവളെ കല്യാണം കഴിച്ചാൽ ഈ തറവാടും സ്വത്തും കൈവിട്ടു പോകുമെന്ന് നിനക്ക് അറിയാമായിരുന്നു.നീ ഇല്ലാതാകാൻ ശ്രമിച്ചത്  നിന്റെ മകന്റെ ചോരയെ ആണ് സാവിത്രി!

സാം ഡോക്ടർ വഴി റീഹാബിലിറ്റേഷൻ സെന്ററിലെ ഡോക്ടറിനോട് അവൾ എന്റെ  ആരാണെന്നും അവളുടെ ഈ അവസ്ഥയ്ക്ക് കാരണം ആരാണെന്നും മറ്റുമുള്ള കാര്യങ്ങൾ ധരിപ്പിച്ചു. പിന്നീട്  ഓരോ മാസവും   വയനാട്ടിൽ കമ്പനിയിൽ പോകുന്നു എന്ന് പറഞ്ഞ് ഞാൻ പൊയ്ക്കൊണ്ടിരുന്നത് കമ്പനിയിലേക്ക് മാത്രമായിരുന്നില്ല. അവളുടെയും കുഞ്ഞിന്റെയും വിശേഷങ്ങൾ അറിയാൻ  കൂടി ആയിരുന്നു!" ശിവദാസൻ പറഞ്ഞതുകേട്ട് സാവിത്രി ഒഴികെ എല്ലാവരും കേട്ടതൊന്നും വിശ്വസിക്കാനാവാതെ  വായും പൊളിച്ച് കണ്ണും തള്ളി നിന്നു!
 "ഞാൻ ചന്തുവിനെ  വിവരമറിയിച്ചു.കേട്ടതൊന്നും വിശ്വസിക്കാനാവാതെ അവളെ കാണാൻ അവൻ പറന്നെത്തി.തെറാപ്പിയും ട്രീറ്റ്മെന്റും മുറയ്ക്ക് നടക്കുന്നുണ്ടെന്നും പഴയകാര്യങ്ങളിലേക്കുള്ള റിപ്പീറ്റഡ്  എക്സ്പോഷർ വഴി അവളെ ജീവിയത്തിലേക്ക് മടക്കികൊണ്ടുവരാനാകുമെന്നും ഡോക്ടർ ഞങ്ങളോട് പറഞ്ഞു. നീ എറിഞ്ഞുടച്ച അവളുടെ ഫോൺ ശരിയാക്കിക്കിട്ടി. ആ രാത്രി നീ അവളെ ഭീഷണിപ്പെടുത്തിയതെല്ലാം നീ പോലും അറിയാതെ അവൾ അവളുടെ ഫോണിൽ റെക്കോർഡ് ചെയ്തത്  ഞങ്ങൾ കേട്ടു.ചന്തുവിന് നിന്നെ കൊല്ലാനുള്ള ദേഷ്യമുണ്ട് സാവിത്രി!  പിന്നീട് അവളുടെ ഫോണിൽ നിന്നും അവളുടെ വീട്ടുകാരുടെ ഫോട്ടോസും അവൾ വീട്ടുകാർക്കയച്ചിരുന്ന മെസ്സേജുകളും  ചന്തുവും അവളുമൊത്തുള്ള ഫോട്ടോസും  ഒക്കെ തെറാപ്പിക്കിടയിൽ അവളെ കാണിച്ചുകൊണ്ടേയിരുന്നു. ആ ഫോട്ടോസിൽ ഉള്ളവർ അവളുടെ ആരൊക്കെയാണെന്ന് ചന്തുവും തെറാപ്പിസ്റ്റും അവളെ പറഞ്ഞ് പഠിപ്പിച്ചു. തുടക്കത്തിൽ അവളുടെ അവസ്ഥയിൽ  യാതൊരു പുരോഗതിയുമില്ലായിരുന്നു. ഇടയ്ക്ക് അവൾ വയലന്റ് ആയി പെരുമാറും ആരോടെന്നില്ലാതെ ദേഷ്യപ്പെടും ചിലപ്പോ ഒന്നും മിണ്ടാതെ  ഇരിക്കും  പിന്നെ പെട്ടെന്നു തന്നെ നോർമൽ ആവും. അവിടെ വെച്ച് അവൾ ചന്തുവിന്റെ കുഞ്ഞിന് ജന്മം നൽകി! അവളുടെ  ഈ അവസ്ഥയിൽ  അവൾ കുഞ്ഞിനെ അപായപ്പെടുത്തുമോ എന്ന് ഞങ്ങൾക്ക് ഭയമുണ്ടായിരുന്നു. ആ ഒരന്തരീക്ഷത്തിൽ കുഞ്ഞ് വളരുന്നത് ശരിയല്ലെന്ന് ഞങ്ങൾക്ക് തോന്നി.കുഞ്ഞിനെ ഞാനും ചന്തുവും  ഏറ്റെടുത്തു. ഞങ്ങളുടെ അഭ്യർത്ഥന മാനിച്ച് കുഞ്ഞ് മരിച്ചെന്ന് ഡോക്ടർ അവളോട് കള്ളം പറഞ്ഞു. ഇടയ്ക്കിടയ്ക്ക് ചന്തു ലീവ് എടുത്ത് അവളെ കാണാൻ വന്നുകൊണ്ടിരുന്നു.ആദ്യമൊക്കെ ചന്തുവിനോടടുക്കാൻ അവൾ കൂട്ടാക്കിയില്ല.അവളുടെ ഫോണിലെ ഫോട്ടോസ് അവൾ ഇടയ്ക്കിടെ എടുത്ത് നോക്കും.ആ ഫോട്ടോസിൽ അവളുടെ കൂടെ ചിരിച്ചുകൊണ്ട്  നിൽക്കുന്നവർ ഒരുകാലത്ത് അവളുടെ  പ്രിയപ്പെട്ട ആരൊക്കെയോ  ആയിരുന്നിരിക്കാം എന്നവൾക്ക് തോന്നി. പതിയെ  അവൾ ചന്തുവിനോട് സംസാരിച്ച് തുടങ്ങി.  ഡോക്ടറുടെ നിർദ്ദേശത്തോടെ ചന്തു അവളെ ബാംഗ്ലൂരിൽ അവൾ താമസിച്ചിരുന്ന ഹോസ്റ്റലിലും അവൾ പഠിച്ച കോളേജിലും ഒക്കെ കൊണ്ടുപോയി.അവളെ ആരും കാണാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു.. " ശിവദാസൻ പറയുന്നത് എല്ലാവരും ആകാംഷയോടെ കേട്ടുകൊണ്ടിരുന്നു.
"പിന്നീട് കുറച്ച് നാൾ കഴിഞ്ഞപ്പോൾ അവളുടെ അവസ്ഥയിൽ ചെറിയൊരു മാറ്റം വന്നു.!
തെറാപ്പിയിലൂടെ  അവൾ എന്തൊക്കെയോ പൊട്ടും പൊടിയും ഓർത്തെടുക്കാൻ തുടങ്ങി.. അവളുടെ കുട്ടിക്കാലത്തെ ചെറിയ ചെറിയ സംഭവങ്ങൾ ഒരു മൂടൽ മഞ്ഞുപോലെ അവൾക്കോർമ്മ വന്നു.പക്ഷെ അതിലെ കഥാപാത്രങ്ങൾ ആരെന്നോ എന്തെന്നോ അവൾക്കോർമ്മകിട്ടിയില്ല . അവളുടെ വീട്ടിൽ ആരൊക്കെ ഉണ്ടെന്ന് അവൾക്കോർമ്മ വന്നു പക്ഷെ അവരുടെ മുഖമോ പേരോ ഒന്നും  അവൾക്കറിയില്ലായിരുന്നു. അവൾ ബാംഗ്ലൂരിലെ ഒരു കോളേജിൽ പഠിച്ചിരുന്നു എന്നവൾക്ക് ഓർമ്മയുണ്ട്   പക്ഷെ ചന്തുവിനെയോ അവളെ ആര് എന്തിന് വേണ്ടി  ഉപദ്രവിച്ചെന്നോ ഒന്നും അവൾക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അവളുടെ ഫോണിൽ അവളുടെ  വീട്ടുകാരുടേയും ചന്തുവിന്റെയും ഒക്കെ  ഫോട്ടോസ് കണ്ടിട്ടും  അവൾക്ക് ആ മുഖങ്ങളൊന്നും ഓർമ്മയിൽ വന്നില്ല. അങ്ങനെ അവളുടെ ഓർമ്മകൾ എവിടെയൊക്കെയോ മുറിഞ്ഞുപോയിരുന്നു..
ഇതേ സമയം  നാട്ടിൽ ലീലയുടെ ചികിത്സയിലായിരുന്ന അമ്മ പതിയെ കൈകാലുകൾ അനക്കി തുടങ്ങി.അതുകഴിഞ്ഞ് ശരീരം ചെറുതായി ചലിപ്പിക്കാൻ തുടങ്ങി. ഇതൊന്നും ഒരു ദിവസം കൊണ്ട് സംഭവിച്ചതല്ല സാവിത്രി.ലീലയുടെ നിരന്തര പരിശ്രമം കൊണ്ടുമാത്രാമാണ് അമ്മയുടെ അവസ്ഥയിൽ ഇത്രയെങ്കിലും പുരോഗതി ഉണ്ടായതും  അമ്മ ജീവിതത്തിലേക്ക് തിരിച്ച് വരാൻ  തുടങ്ങിയതും.സംസാരിക്കാൻ സാധിക്കില്ലെങ്കിലും ചോദിക്കുന്നതിന് കൈകാലുകൾ അനക്കി അമ്മയ്ക്ക് മറുപടി പറയാൻ പറ്റുമെന്ന് ഞങ്ങൾക്ക് മനസ്സിലായി. അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നു എന്ന് നീ അറിയാതിരിക്കാനും ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു.
നിന്റെ ആവശ്യപ്രകാരം മാളുവിനെ ചന്തുവിന് വേണ്ടി നിശ്ചയിച്ച് വെച്ചിരിക്കുകയായിരുന്നല്ലോ. . എല്ലാ സത്യങ്ങളും എനിക്ക് എല്ലാവരുടെയും മുൻപിൽ വെച്ച് തന്നെ പുറത്ത് കൊണ്ടുവരണമായിരുന്നു.കല്യാണത്തിന് മുടക്കം നിന്നാൽ നിന്നോട് കാരണം പറയേണ്ടിവരും. ചന്തു സ്നേഹിച്ചിരുന്ന കുട്ടി ജീവനോടെ ഉണ്ടെന്ന് നിനക്ക് സംശയം തോന്നിയാൽ  നീ വീണ്ടും അവളെ തിരഞ്ഞുപിടിച്ച്  ഉപദ്രവിക്കും.അതുകൊണ്ട് കല്യാണ ഒരുക്കങ്ങൾ നടക്കട്ടെ എന്ന് ഞങ്ങൾ കരുതി..കല്യാണദിവസം  ആ പെൺകുട്ടിയെ കൊണ്ടുവന്ന് എല്ലാവരുടെയും മുൻപിൽ നിർത്തി അമ്മയെക്കൊണ്ട് സത്യങ്ങൾ പറയിപ്പിക്കാൻ ആയിരുന്നു എന്റെ പദ്ധതി. ഒരുപക്ഷെ നിന്നെ നേരിട്ട്  കണ്ടാൽ അവൾക്ക് പഴയ സംഭവങ്ങൾ എന്തെങ്കിലും ഓർമ്മവരുമായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. കല്യാണത്തിന്റെ തലേന്ന്  സജി അവളെ വിളിക്കാൻ ഊട്ടിയിൽ പോയിരുന്നു.പക്ഷെ പനികൂടി അവൾ തകലകറങ്ങിവീണു എന്ന് പിറ്റേന്ന് അവൻ ഞങ്ങളെ വിളിച്ചറിയിച്ചു. അവളുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി.
ഒന്നും പറയാതെ ചന്തു അന്ന്   രഹസ്യമായി  മുങ്ങിയത് അവളുടെ അടുത്തേക്കായിരുന്നു.. അവളുടെ ആരോഗ്യം വീണ്ടെടുക്കാൻ കുറച്ച് ദിവസങ്ങളെടുത്തു .. അസുഖം കുറഞ്ഞെങ്കിലും അവളുടെ ഓർമ്മകൾ ഇപ്പോഴും മങ്ങികിടക്കുകയാണ്. ചന്തു അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി.അവളെ എങ്ങോട്ടാണ് ആരുടെ അടുത്തേക്കാണ് കൊണ്ടുവരുന്നതെന്നും അവൻ പറഞ്ഞു.ഒന്നും ഓർത്തെടുക്കാൻ പറ്റിയില്ലെങ്കിലും തന്നെ കൊല്ലാൻ നോക്കിയ സ്ത്രീയുടെ അടുത്തേക്കാണ് തന്നെ കൊണ്ടുപോകുന്നതെന്നറിഞ്ഞ് അവൾ പേടിച്ചു.പക്ഷെ താൻ കൂടെ ഉള്ളപ്പോൾ അവൾക്കൊന്നും സംഭവിക്കില്ലെന്ന്  ചന്തു അവൾക്ക് ധൈര്യം  കൊടുത്തു. അവൾ നിന്നെത്തേടി വന്നിരിക്കുന്നു സാവിത്രി! നീ കൊന്നുതള്ളിയെന്ന് നീ വിശ്വസിക്കുന്ന പെണ്ണ്!" ശിവദാസൻ പറഞ്ഞുനിർത്തി .
സാവിത്രിയുടെ കണ്ണുകളിൽ പക ആളിക്കത്തി!
"അവളെ നിനക്ക് കാണണ്ടേ സാവിത്രീ ?" ശിവദാസൻ സാവിത്രിയെ  നോക്കി ചോദിച്ചു.
സാവിത്രി അയാളെ പകയോടെ നോക്കി.
"മോളേ !" ശിവദാസൻ വാതിലിന് നേർക്ക് നോക്കി വിളിച്ചു.
എല്ലാവരുടെയും കണ്ണുകൾ അങ്ങോട്ട് തിരിഞ്ഞു.
വെളുത്ത് മെലിഞ്ഞ ഒരു പെൺകുട്ടി വെളിയിൽ വാതിലിന് സൈഡിൽ നിന്നും പതിയെ അകത്തേക്ക് കയറി.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..അവൾക്കൊരു ധൈര്യത്തിനെന്നോണം ചന്തു അവളുടെ കൈയിൽ പിടിച്ചു.
അവളെ കണ്ടതും ദേവിയും ദത്തനും ഒരുപോലെ ഞെട്ടിത്തരിച്ച് പോയി! ദേവിയുടെയും ദത്തന്റെയും ഭാവമാറ്റം ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു മാളു.
"ലച്ചു !" ദത്തന്റെ  ചുണ്ടുകൾ മന്ത്രിച്ചു.

To be continued ...............രചന:അഞ്ജന ബിജോയ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot