നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചെല്ലമ്മക്കാളുടെ വെള്ളേപ്പങ്ങൾ.

Image may contain: 1 person

( ജോളി ചക്രമാക്കിൽ )
നേരം വെളുത്തു വരുന്നതേയുള്ളൂ ചെല്ലമ്മക്കാൾ ധിറുതിയിൽ കിടക്കപ്പായയിൽ നിന്നുമെണീറ്റു ..
അളികൾ അടർന്നു തുടങ്ങിയ കൈതോലപായ ,മെല്ലെ ചുരുട്ടി മുറിയുടെ മൂലയിൽ വച്ചു.... ഭിത്തിയോട് ചേർന്നുള്ള,.
വീതിയുള്ള ബഞ്ചിൽ കിടക്കുന്ന മകനെ നോക്കി,..
താഴെ വീണുപോയ പുതപ്പെടുത്ത് പുതപ്പിച്ചു ... ഒന്നു രണ്ടിടത്ത് പഴക്കം കൊണ്ട് കീറിയിട്ടുണ്ടത് ...
അറിയാതെ ഒരു നെടുവീർപ്പ് ആ നെഞ്ചിൽ നിന്നും ഉയർന്നു...
കണ്ണന് അഞ്ചു വയസ്സുള്ളപ്പോഴാണ്..,
ഒരു ദിവസം രാത്രി,.. അത്താനെ.. ! ഒരുമിച്ചു കള്ളുകുടിച്ച് വരുന്ന വഴി
നിസ്സാര കാര്യത്തിനു വഴക്കിട്ട്..
ഉറ്റസുഹൃത്ത്
വീട്ടിനടുത്തുള്ള ഇടവഴിയിൽ വച്ചു കുത്തിയത്...
രാത്രി കിണറ്റിങ്കരയിൽ നിന്നും ബക്കറ്റ് തട്ടുന്ന ഒച്ചയനക്കം കേട്ട് ലൈറ്റിട്ടു നോക്കുമ്പോൾ അത്താൻ വയറു പൊത്തിപ്പിടിച്ചു ചോര വാർന്നു തളർന്നു കിടക്കുന്നു...
മുരുകൻ പിള്ള കുത്തിയമ്മാ. ന്നും .. പറഞ്ഞ്. ഒരിറക്ക് വെള്ളം കുടിച്ച് രണ്ടുപേരേയും തനിച്ചാക്കി പോയത് ഏതാണ്ട് പത്തു വർഷം മുൻപാണ് ..
പിറ്റേന്ന് കുടുംബം വക ശിവക്ഷേത്രത്തിൽ സോപാനത്തിനു മുൻപിലായി ഒരു മുഴം കയറിൽ മുരുകൻ പിള്ള ജീവനൊടുക്കുകയും ചെയ്തു ..
അക്ഷരാർത്ഥത്തിൽ രണ്ടു കുടുംബങ്ങളാണ്.. അന്ന് നാഥനില്ലാതെയായത്...
ഓർമ്മകളുടെ ലോകത്തു നിന്നും ചെല്ലമ്മക്കാൾ പതിയെ തിരിച്ചു വന്നു
കിണറിനോടു ചേർന്നുള്ള കുളിമുറിയിൽ കയറി....
വെള്ളം കോരാനായുള്ള കിണറ്റിലേയ്ക്കു തുറക്കുന്ന അരവാതിലിലൂടെ,.. കപ്പിവലിച്ച്
ഒന്നു രണ്ടു ബക്കറ്റ് വെള്ളം തലവഴി കോരിയൊഴിച്ചു ....
ഈറനോടെ .. വാരാന്തയുടെ മൂലയിൽ ഉത്തരത്തിൽ കെട്ടി തൂക്കിയിട്ട ഭസ്മ തട്ടിൽ നിന്നും ഒരു നുള്ളു ഭസ്മമെടുത്ത് നെറ്റിയിൽ നെടുകെ കുറിചാർത്തി .. .
മുറ്റത്തെ തുളസിത്തറയിലെ മൺചിരാതിലെ ഒറ്റത്തിരിയിൽ തീപ്പെട്ടിയുരച്ച് അഗ്നി പകർന്നു ..
ഒന്നു സംശയിച്ച ശേഷം, തിരി പതിയെ കത്തി തെളിഞ്ഞു ..
കൃഷ്ണാ .. ഗുരുവായൂരപ്പാ .. കാത്തോളണേ..
രക്ഷിക്കണേ ... ഭഗവാനേ...
വേറൊരു തിരിയിൽ ചിരാതിൽ നിന്നും അഗ്നിപകർന്ന്
മുറിക്കുള്ളിൽ മൂലയിലായി മരത്തിന്റെ കൊച്ചു സ്റ്റാൻഡിൽ വച്ചിട്ടുള്ള ഉണ്ണി കണ്ണന്റെ മുൻപിലെ
കുഞ്ഞു നിലവിളക്കിലെ
അഞ്ചുതിരിയും തെളിച്ചു.. ..
രണ്ടു ചന്ദനത്തിരിയെടുത്ത് കത്തിച്ചു കെടുത്തി ..ഉണ്ണികണ്ണന് ധൂപാർച്ചന നടത്തി ... സ്റ്റാൻഡിന്റെ വിടവിൽ കുത്തി നിറുത്തി ..
കണ്ണാ ..കൃഷ്ണാ .. ഭഗവാനേ....
എന്നുച്ചരിച്ച്.. ചെല്ലമ്മക്കാൾ
ഈറൻ മാറിയുടുത്ത് തിടുക്കപ്പെട്ട് ചായ്പ്പ് മുറിയിലേയ്ക്ക് പോയി ...
അത്താൻ പോയതിനു ശേഷം ചായ്പ്പും ഒരു മുറിയുമൊഴികെ ബാക്കിഭാഗം മുഴുവനും വാടകയ്ക്ക് കൊടുത്തിരിക്കയാണ്..... ജീവിയ്ക്കാൻ അതു മാത്രം പോര
ചായ്പ്പ് മുറിയിൽ ഒരു കോണിലായ് തറയിൽ മൂന്ന് അടുപ്പുകൾ ..
ചെല്ലമ്മക്കാൾ താഴെ മുട്ടിപലകയിൽ കുന്തുകാലിട്ടിരുന്ന്... മണ്ണെണ്ണ വിളക്ക് പാതിയമ്പുറത്ത് കത്തിച്ച് വച്ച്,.. അതീന്ന് . ഓലക്കണ്ണികൾ കത്തിച്ച് മൂന്നു അടുപ്പുകളിലും വച്ചു ..
മൂന്നും നനവ് വിട്ടൊന്നു ചൂടായി വരുന്നതുവരെ ഓലക്കണ്ണികൾ കത്തിച്ചുകൊണ്ടിരുന്നു... അതിന്റെ പുകയേറ്റ് ചെല്ലമ്മക്കാളുടെ കണ്ണുനിറഞ്ഞു വന്നു ഒന്നു രണ്ടു പതിഞ്ഞ ചുമയ്ക്കും അതിടയാക്കി
ചൂടായ അടുപ്പുകളിൽ ചിരട്ടയും വിറകും എടുത്ത് വച്ച് അവ കത്തിപ്പിടിക്കുന്നതിനോടൊപ്പം
മൂന്നിലും അപ്പചട്ടികൾ എടുത്തു വച്ചു....
മൂന്നും പരന്ന ചീനച്ചട്ടികളാണ് ,..രണ്ടു കാതുകളുള്ളവ .. അതിൽ ഒരു ചട്ടി മാത്രം ഒറ്റ കാതുള്ളവനാണ്...കൈ പൊള്ളാതിരിക്കാൻ.. കാതുകളിലെല്ലാം തുണി നേർമ്മയായി കീറി ചുറ്റിയിട്ടുണ്ട് ...
മക്കളെ.. കണ്ണാ .. എഴുന്നേൽക്കടാ..
ചെല്ലമ്മക്കാൾ....
അകത്തേയ്ക്ക് ,. നോക്കി .. കണ്ണനെ..നീട്ടി വിളിക്കയാണ്...
അടുപ്പിനു മുകളിലെ ചൂട്ടഴിയുടെ വിടവിലൂടെ കിഴക്കുനിന്നും സൂര്യപ്രകാശം
അരിച്ചകത്തു കയറാൻ തുടങ്ങിയിരിക്കുന്നു..
അക്കാൾ...
ചൂടായ ചീനച്ചട്ടിയിലേയ്ക്ക് തലേന്ന് തയ്യാറാക്കി വച്ചിട്ടുള്ള വെള്ളേപ്പത്തിന്റെ മാവ്' എടുത്ത്
ഓരോ തവി ഒഴിയ്ക്കാൻ തുടങ്ങി ..
ശേഷം ഓരോ ചട്ടിയുടേയും കാതുപിടിച്ചു് ഒന്നു വട്ടം ചുറ്റിച്ച് അരികുകൾ വട്ടമൊപ്പിച്ച് അടുപ്പിൽ വച്ച് മൂടിവയ്ക്കും ,വെന്തു കഴിഞ്ഞാൽ അവയെടുത്ത് മുറത്തിൽ കീറിവച്ച വാഴയിലയിലേക്ക് പകരുകയാണു....
വീണ്ടും മാവ് എടുത്ത് ചട്ടിയിലേയ്ക്ക് ഒഴിക്കുകയായി ...
ശ്ശൂ .. ശ്ശൂ .. അപ്പോൾ...കുറെയധികം നീരാവി .. മാവിൽ നിന്നും ഉയർന്ന്
അവിടെമാകെ പരക്കും
ചൂട്ടഴിയിലൂടെ ചെരിഞ്ഞു വീഴുന്ന പൊൻകിരണങ്ങളിൽ.. അത് ഒരു വിസ്മയം തീർക്കും ..
അൽപ്പനേരം കണ്ണിമയ്ക്കാതെ നോക്കിയാൽ
..ചെല്ലമ്മക്കാളുടെ ഇരിപ്പും ,അടുപ്പിലെ തീയ്യും, പാതിയംപുറത്തെ വിളക്കിലെ മങ്ങിയ നാളവും ,ചൂട്ടഴിയിലൂടെ വരുന്ന പ്രകാശത്തിൽ അപ്പത്തിൽ നിന്നുയരുന്ന കോടയും, എല്ലാം ചേർന്ന് .. ഒരു ചിത്രകാരന്റെ .. ബ്രഷിൽ നിന്നും ഉതിർന്നു വീണ അതിമനോഹരമായ ഒരു വർണ്ണചിത്രം പോലെ അവ മനസ്സിൽ മായാതെ പതിയും ...
ടാ .. മക്കളെ .. എണീക്കടാ ..
എണീറ്റ് ഇത് ..വാര്യരുടെ ഹോട്ടലിൽ കൊണ്ടു കൊടുക്ക് .. വൈകിയാൽ വാര്യര്. ചീത്ത പറഞ്ഞ് ..കണ്ണു പൊട്ടിക്കും...
മക്കളെ എണീക്ക് .
സ്ഥിരമുള്ള ഓർഡറാ .. കളയല്ലേ. ..
വന്നിട്ട് എത്ര വേണേ കിടന്നോ ..
കണ്ണൻ ..അങ്ങിനെയാണു് സാധാരണ കുട്ടികളെ പോലെയുള്ള ബുദ്ധിയോ ഉത്സാഹമോ ഒന്നുമില്ല .. ഒരു മന്തപ്പൻ
ഏഴാം ക്ലാസ്സിൽ തോറ്റു തോറ്റു പഠിപ്പ് നിറുത്തിയതാണു് ... ഒരു വകയും ചെയ്യാൻ താത്പര്യവുമില്ല .. ആഹാരത്തിന് സമയമാവുമ്പോൾ
കൈ കഴുകി വന്നിരിക്കും .. ആകെ ചെയ്യുന്ന പണി ഈ വെള്ളേപ്പങ്ങൾ അധികം ദൂരെയല്ലാത്ത
ലോറി സ്റ്റാന്റിനു അടുത്തുള്ള വാര്യരുടെ ഹോട്ടലിൽ ദിവസവും കാലത്തെ കൊണ്ടുക്കൊടുക്കുന്നതാണ്..
അതിനും.. എല്ലാ ദിവസവും .. അമ്മ.. കുത്തിയെഴുന്നേൽപ്പിക്കണം... ജീവിക്കാൻ വേറെ വഴിയില്ലാത്തതുകൊണ്ടാണ് എന്നു പറഞ്ഞിട്ടാണ് വാര്യര്..സമ്മതിച്ചതു തന്നെ ..
പക്ഷെ വെള്ളേപ്പമില്ലെങ്കിൽ
രാവിലെ കടയിൽ ആളുകൾ കുറയാൻ തുടങ്ങിയതോണ്ടാണ്
വാര്യര് ,..സ്ഥിരമായി വേണമെന്ന് നിബന്ധന വച്ചത് .. സ്വാദുള്ള
ചെല്ലമ്മക്കാളുടെ വെള്ളേപ്പത്തിനു
വാര്യരുടെ കടയിൽ രാവിലേ തിക്കും തിരക്കുമാണ്...
ചെല്ലമ്മക്കാൾ ഒരു ഗ്ലാസ്സ് കട്ടൻ കാപ്പിയുമായി മുറിയിൽ 'കയറി കണ്ണനെ വിളിച്ചുണർത്തി .. മക്കള്. ഇത് കുടിച്ച് ഓടിപ്പോയി ഹോട്ടലിൽ കൊടുത്തിട്ട് വാ ..
അമ്മയ്ക്ക് ഇന്ന് മാഷെ വീട്ടിലേക്ക് കുറച്ച് ഓർഡറുണ്ട്
മക്കള് ചെല്ല് .ഇനി അതുണ്ടാക്കട്ടെ .
വെള്ളേപ്പം നിറഞ്ഞ സഞ്ചി കണ്ണനെ ഏൽപ്പിച്ച് .. അക്കാൾ വീണ്ടും ചായ്പ്പിൽക്കയറി ....
..........
ടാ ജോണിക്കുട്ടിയേ .. നീയാ ചെല്ലമ്മക്കാളുടെ അടുത്തു പോയി ഇന്നലെ പറഞ്ഞേൽപ്പിച്ച വെള്ളേപ്പം
വാങ്ങി വാ ..ഒരു പാത്രമെടുത്തോ
ഒരു വാഴയിലയിട്ടു മൂടി കൊണ്ടന്നാ മതി ...
അമ്മാമ്മ ഉണ്ടാക്കുമല്ലോ. പിന്നെന്താ. അവിടെ ഏൽപ്പിച്ചേ ..
അതേ ... എനിക്ക് ഇന്ന് ഇവിടെ വേറെയും കുറെ പണിയുണ്ട് ഇന്നാണ് നിന്റെ കുഞ്ഞമ്മായിയുടെ ഉറപ്പിക്കൽ ..
പത്താൾക്ക് എല്ലാം ശരിയാക്കാനുള്ള താ ...
പിന്നെ ... അവരും നല്ല സ്വാദുള്ള അപ്പമല്ലേ... തരുന്നത് .പോരാത്തതിന് അവർ ഭർത്താവ് മരിച്ചതിനുശേഷം
കഷ്ടപ്പെട്ടല്ലേ ജീവിക്കണത് ..
ഇങ്ങനെയൊക്കെ ചെയ്താൽ അതവർക്ക് ഒരു സഹായമാവും...
അമ്മാമ്മേ .. അതോണ്ടാണോ അവര് വെള്ള സാരിയുടുക്കുന്നേ ..
ജോണിക്കുട്ടിയേ .. പിള്ളമാര് കെട്ടിയോൻ മരിച്ചു പോയാൽ വെള്ളയേ ഉടുക്കൂ ..
അപ്പ.. അമ്മാമേടെ.. ചട്ടയും മുണ്ടും വെള്ളയാണല്ലോ ..നസ്രാണികൾ ജീവിച്ചിരിക്കുമ്പോഴാണോ വെള്ളയുടുക്കുക ...
ടാ ... കിട്ടും നിനക്ക് ..
ഓടി പോയി ..വാങ്ങി വാ... പാത്രം എടുത്തോ ..!
തറവാടിന്റെ അതിരിനോട് ചേർന്നുള്ള കുളത്തിനപ്പുറമാണ്.. കണ്ണന്റെ വീട്, ഏഴാം ക്ലാസ്സിൽ ഒരുമിച്ചു പഠിച്ചതാണ്.. പിന്നെ തോറ്റ് തോറ്റു അവൻ പഠിപ്പു നിറുത്തി
അല്ലേലും .. ഉപ്പുമാവു മാത്രം ലക്ഷ്യം വച്ചാണ് അന്നൊക്കെ അവൻ ക്ലാസ്സിൽ വന്നിരുന്നത്..
മുഴുവൻ സമയവും ഗോട്ടി കളിയാണു....
മഴക്കാലത്തു മാത്രമേ കുളം നിറഞ്ഞു കവിയാറുള്ളൂ വേനൽ അടുക്കുന്തോറും കര ഒരു ഭാഗം തെളിഞ്ഞു വരും ഇപ്പോൾ കുളത്തിലൂടെ അക്കരെക്കടക്കാം ..
ചെല്ലമ്മക്കാളുടെ ... തൊടി കടക്കുമ്പോൾ തന്നെ .. കൊതിപ്പിക്കുന്ന മണം മൂക്കിൽ അടിച്ചു കയറി ....
ആ മക്കള് വന്നോ .. പെട്ടെന്ന് തരാട്ടോ .. ഒരു ഇരുമ്പിന്റെ നേരിയ കുഴലെടുത്ത് അടുപ്പിലെ കനലിൽ ഊതിക്കൊണ്ട്. തീയാളിച്ച ശേഷം.. ചെല്ലമ്മക്കാൾ ചോദിച്ചു ... മാഷ്ക്ക് സുഖം തന്നേയല്ലേ. ...
ആണെന്ന് ജോണിക്കുട്ടി തലയാട്ടി
മൂന്ന് ചട്ടിയിലും മാവു കോരിയൊഴിച്ച്
വട്ടം ചുറ്റിച്ച് തൊങ്ങലുണ്ടാക്കി... എത്രയെളുപ്പമാണ്... അക്കാള് അപ്പം ചുടുന്നത്.... കൈത്തണ്ട നിറയെ കരിഞ്ഞ പാടുകളാണ് ഒറ്റക്കാതൻ പറ്റിയ്ക്കുന്നതാണ് ..
മക്കളെ പാത്രം തന്നോ ...
അപ്പം പാത്രത്തിൽ വയ്ക്കുന്നതിനിടക്ക്.. ഒരെണ്ണം.
എടുത്ത് .. ജോണിക്കുട്ടിയ്ക് നീട്ടി ..
മക്കളു കഴിച്ചോ ...
നല്ല മൊരിഞ്ഞ വട്ടമൊത്ത അരിമാവിന്റെ ലേയ്സ് പോലുള്ള അരികു കടിക്കാൻ..
തുടങ്ങുമ്പോഴാണ് കണ്ണൻ തിരിച്ചു വന്നത് ..
എന്താ ഇഷ്ടാ നീ ഇപ്പ പത്തിലല്ലേ ..?!
അതേ ..!
വീട്ടിലെന്താ വിശേഷം..
അത് അമ്മായീടെ കല്യാണമൊറപ്പിക്കലാ ..
അപ്പ 'നിനക്ക് ബാക്കീള്ളതൊക്കെ
അടിച്ചു കേറ്റാലേ ..?!
ങും ..: !
എനിക്കിവിടെ ....വക്കും മൂലയും പോയതും .. കരിഞ്ഞതും അവസാനം വെള്ളം ചേർത്ത് വടിച്ചൊഴിച്ചതും ഒക്കേ .. കിട്ടൂ...
കയ്യിലുള്ള വെള്ളേപ്പം ..കണ്ണന്റെ കൈയ്യിൽ വച്ച് കൊടുത്തിട്ടു ജോണിക്കുട്ടൻ പാത്രമെടുത്ത് വീട്ടിലേയ്ക്ക് തിരിച്ചു നടന്നു ... ..
7 - Oct - 2018
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot