നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലുകൾ

Image may contain: Lincy Varkey, smiling, hat

ഹോസ്പിറ്റൽ റെസിഡൻസിലെ ഒറ്റമുറി ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വെറുതെ വെളിയിലേക്കു നോക്കി നിൽക്കുകയായിരുന്നു അവൾ. സമയം ആറുമണിയോടടുക്കുന്നു. മഞ്ഞു കാലമായതിനാൽ ചുറ്റും ഇരുൾ പരന്നു കഴിഞ്ഞു. കോടമഞ്ഞിനെ തുളച്ച്‌ വിളക്കുകാലുകളിൽ നിന്നും താഴേക്കൊഴുകുന്ന പ്രകാശവീചികളിൽ നിരത്തിലൂടെ നടന്നു പോകുന്നവരെ അവ്യക്തമായി കാണാം. മങ്ങിയ വെളിച്ചത്തിൽ ഇടയ്ക്കു പ്രത്യക്ഷപ്പെടുകയും അല്പസമയത്തിനുള്ളിൽ മറഞ്ഞു പോവുകയും ചെയ്യുന്ന രൂപങ്ങളിൽ നിന്നും വ്യക്തമായ ചിത്രങ്ങൾ വരയ്ക്കുകയായിരുന്നു വിരസമായ വൈകുന്നേരങ്ങളിലെ അവളുടെ വിനോദം.
നിരത്തിൽ നിന്നും മുഖം തിരിച്ച് അവൾ മറുവശത്തേക്കു നോക്കി. നിയോൺ വെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന ആശുപത്രി കെട്ടിടങ്ങളും അതിനപ്പുറം പരന്നു കിടക്കുന്ന തരിശു ഭൂമിയും...ഇരുട്ടിൽ പ്രേതങ്ങളെപ്പോലെ തോന്നിക്കുന്ന ഇലകൊഴിഞ്ഞ മരങ്ങൾ... അവൾ ഭീതിയോടെ കണ്ണുകൾ മാറ്റി.
ഹോസ്പിറ്റലിനു നേരെ മുകളിൽ ചന്ദ്രൻ ചിരിച്ചു നിൽപ്പുണ്ടെങ്കിലും ആ പുഞ്ചിരി ഭൂമിയിലേക്കെത്താതെ ആരോ തടഞ്ഞു നിർത്തിയിരിക്കുകയാണെന്ന് അവൾക്കു തോന്നി. നിലാവ് പരന്നൊഴുകുന്നില്ലെങ്കിലും തെളിഞ്ഞു നിൽക്കുന്ന തിങ്കൾ അവളുടെ മനസ്സും തെളിയിച്ചു. ഒരു മൂളിപ്പാട്ടോടെ അവൾ നിരത്തിലേക്ക് ദൃഷ്ടി തിരിച്ചു.
കൈയിൽ മധുരപലഹാര പെട്ടികളും തുണിക്കടയിലെ കൂടുകളുമായി ഒരാൾ നിരത്തിലെ വെളിച്ചത്തിൽ പ്രത്യക്ഷനായി. മൊബൈൽ ഫോണിൽ ആരോടോ ഉറക്കെ സംസാരിക്കുന്ന അയാളുടെ മുഖത്തെ വിടർന്ന ചിരി ഏതോ വിളക്കുകാലിന്റെ ചുവട്ടിൽ വച്ച് അവൾ വ്യക്തമായി കണ്ടു. ആ ചിരിയെ പിന്തുടർന്ന അവളുടെ കണ്ണുകൾ ഹോസ്പിറ്റലിന്റെ ഗ്ലാസ് ഡോറിൽ തട്ടി നിന്നു.
അവിടെ നിന്നും മിഴികൾ പിൻവലിച്ച് അവൾ വീണ്ടും ആകാശത്തിലേക്കു നോക്കി. മേഘങ്ങൾ ചന്ദ്രനെ പാതി മറച്ചിരുന്നു. ചുവന്ന ഉടുപ്പിട്ട ഒരു പെൺകുഞ്ഞിനെ എളിയിൽ വച്ചുകൊണ്ട് ഒരു സ്ത്രീ വിളക്കുകാലിന്റെ ചുവട്ടിൽ പ്രത്യക്ഷപ്പെട്ടു. അവരുടെ അഴിഞ്ഞുലഞ്ഞ മുടിയിൽ മുറുകെ പിടിച്ചുകൊണ്ട് ആ കുഞ്ഞ് ഇരുട്ടിലേക്ക് ഭീതിയോടെ നോക്കിക്കൊണ്ടിരുന്നു. നിമിഷങ്ങൾക്കകം അവർ ഗ്ലാസ് ഡോറിനുള്ളിലൂടെ ആശുപത്രിക്കുള്ളിലേക്കു പാഞ്ഞു.
അപ്പോഴേക്കും ചന്ദ്രൻ പൂർണ്ണമായും കാർമേഘങ്ങൾക്കുള്ളിലായിക്കഴിഞ്ഞിരുന്നു. അവൾ എന്തോ ഓർത്ത് വിതുമ്പിക്കരഞ്ഞു. ആ വിതുമ്പലുകൾ ഏതൊക്കെയോ ശബ്ദങ്ങളിലലിഞ്ഞു ചേർന്നു.
വിങ്ങുന്ന ഹൃദയവുമായി അവൾ അകത്തേക്കു നടന്നു. ചന്ദ്രൻ മേഘങ്ങൾക്കിടയിൽ നിന്നും തല നീട്ടിത്തുടങ്ങിയതും നിരത്തിലൂടെ നിറവയറുമായി ഒരു സ്ത്രീ ഭർത്താവിനൊപ്പം നടന്നു വരുന്നതും അവൾ കണ്ടില്ല.
ലിൻസി വർക്കി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot