നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദൈവത്തിന്റെ കലൈഡോസ്കോപ്പ്

Image may contain: Swapna Alexis, smiling, selfie and closeup
---------------------------------------

മഞ്ഞുപോലെ വെളുത്ത വിരൽതുമ്പുകൾ നീട്ടി പ്രപഞ്ചത്തിലെ പ്രകാശരശ്മികളെ ചുരുട്ടിയെടുത്ത് അന്നൊരിക്കൽ അവനൊരു സ്ഫടികക്കുഴൽ ഉണ്ടാക്കി. പ്രപഞ്ചത്തിന്റെ അനേകം കോണുകളിലായി, അല്ലെങ്കിൽ ശൂന്യതയിൽ അങ്ങനെ ചിതറി ഒഴുകിനടന്ന നീലയും മഞ്ഞയും ചുവപ്പും നിറമില്ലാത്തതുമായ അനേകം നക്ഷത്രത്തുണ്ടുകളെ പെറുക്കിയെടുത്ത് അവനന്ന് ആ കുഴലിന്റെയുള്ളിൽ അറ്റത്തായി പ്രതിഷ്ഠിച്ചു. പിന്നീട് അവനാ കുഴലിലൂടെ ഉള്ളിലേക്ക് നോക്കി. ഇതായിരുന്നു അവന്റെ കലൈഡോസ്‌കോപ്പ്, അവന്റെ വിനോദവും.
------------------
ഉച്ചകോടിയിൽ ചർച്ചചെയ്യേണ്ട വിഷയങ്ങളെപ്പറ്റി ഏകദേശം തീരുമാനമായിരുന്നു. എങ്കിലും അടിക്കടി മാറിമറിഞ്ഞു വരുന്ന സാഹചര്യങ്ങളെ അവസാനനിമിഷം വരെയും കണക്കിലെടുക്കേണ്ട അവസ്ഥയുണ്ടാകുക പതിവാണല്ലോ. ഇത് എന്നത്തേയും പോലെ ഉറപ്പായിരുന്നു രാഷ്ട്രത്തലവന്മാർക്ക്. പരസ്പരം സംസാരിക്കുമ്പോൾ ചർച്ചചെയ്യേണ്ട തമാശകൾ പോലും ചെറിയ സ്റ്റിക്കി നോട്ടുകളിൽ തയ്യാറാക്കി ഫയലിൽ അങ്ങിങ്ങായി പതിപ്പിച്ചിരുന്നു. തയ്യാറെടുപ്പുകളാകട്ടെ വളരെ കണിശമായിരുന്നു. എറിഞ്ഞാൽ തിരിച്ചെടുക്കാനാകാത്ത പന്തുകൾ എവിടെയും വിരൽത്തട്ടി ഉരുളാതെയിരിക്കാനുള്ള തയാറെടുപ്പുകൾ.
അവൻ കുഴൽ ഒന്ന് തിരിച്ചു
---------------------------------
പണം ഒരുപാടായി. ഇനി വേണ്ടത് അതിനൊത്ത പ്രശസ്തിയും സ്ഥാനമാനങ്ങളുമാണ്. രാജ്യത്തിലെ പരമോന്നത പദവി തന്നെയാവട്ടെ അടുത്ത ലക്ഷ്യം. അതിലെന്താണ് എളുപ്പവഴി? ഒരു വിഭാഗം ആൾക്കാരുടെ പ്രീതിക്കായി മറ്റൊരു വിഭാഗത്തെ അമർച്ച ചെയ്ത് ഒരു പാതിയുടെ രക്ഷകൻ ആകുക. അൽപം പഴയ രീതിയാണ്. പക്ഷേ ഒരിക്കലും പരാജയപ്പെടാൻ സാധ്യതയില്ല. കാരണം, അടിസ്ഥാനപരമായി മറ്റൊരുവന്റെ നഷ്ടം തങ്ങളുടെ നേട്ടമാണ് എന്ന് ധരിക്കുന്നവരാണ് മനുഷ്യർ. മറ്റുള്ളവരുടെ നഷ്ടങ്ങൾ നോക്കിനിൽക്കുമ്പോൾ വിരലുകൾക്കിടയിലൂടെ ഊർന്നു പോകുന്നത് സ്വന്തം ജീവിതമാണ് എന്നവർ ഒരുപക്ഷേ അറിയുന്നുണ്ടാവില്ല. അയാൾ തന്റെ ഡയറി തുറന്ന് ഇപ്രകാരം കുറിച്ചു:
"രാജ്യത്ത് കുടിയേറിപ്പാർക്കുന്ന പ്രവാസികളെ തുരത്തുക എന്നതാണ് എന്റെ ലക്ഷ്യം. നിങ്ങൾക്കുവേണ്ടി. നിങ്ങൾ ഒന്നാമതാകാൻ വേണ്ടി."
കുഴൽ ഒന്നുകൂടി തിരിഞ്ഞു. പ്രകാശ വലയങ്ങൾക്കപ്പുറത്ത് നക്ഷത്രച്ചീളുകൾ മാറിമറിഞ്ഞു.
---------------------------
രാഷ്ട്രത്തെ അതിരുകൾക്കപ്പുറത്തേക്ക് വികസിപ്പിക്കുക. അതാണ് നമ്മുടെ ലക്ഷ്യം. ജനപ്പെരുപ്പത്തിന് മറ്റൊരു പരിഹാരമില്ല. ഉത്പാദനക്ഷമതയിൽ തങ്ങളുടെ മുട്ടോളമെങ്കിലും എത്താൻ മറ്റു രാജ്യങ്ങൾക്ക് കഴിയില്ല. ഇനിയൊരു പത്ത് വർഷത്തേക്ക് അതിനു മാറ്റമുണ്ടാവില്ല. കടൽ മാർഗ്ഗമോ കരമാർഗ്ഗമോ രാജ്യ-വിസ്തീർണം വർധിപ്പിക്കുക. അതാണ് ചെയ്യേണ്ടത്. അതിർത്തി പ്രദേശങ്ങളിൽ നിന്ന് അന്താരാഷ്ട്ര പാതകൾ തീർക്കാൻ തീരുമാനമായി. അതിർത്തി രാജ്യങ്ങളുടെ കടലിടുക്കുകളിലേക്ക് മുങ്ങിക്കപ്പലുകൾ പുറപ്പെട്ടുകൊണ്ടിരുന്നു. വ്യാവസായിക മേൽക്കോയ്മ നേടി. ഇനിയെന്ത്? പ്രസിഡന്റ് അടുത്ത രാജ്യതന്ത്രത്തിന് തിരക്കഥയെഴുതാൻ പേനയെടുത്തു.
അവൻറെ വിരലുകൾക്കിടയിൽ കൂടി പ്രകാശരശ്മികൾ വീണ്ടുമൊന്ന് വട്ടംകറങ്ങി
-------------------------------------
കല്ലമ്പലം ക്ഷേത്രത്തിലെ ഉത്സവം കൊടിയേറാൻ ഇനി മൂന്നു നാളുകൾ മാത്രം ബാക്കി. അവസാന നിമിഷമാണ് പുതിയൊരു തർക്കം രൂപംകൊണ്ടത്. കാലങ്ങളായി തുടർന്നുപോരുന്ന ആചാരമായിരുന്നു വിഗ്രഹത്തിൽ തക്കാളി ഉടച്ച് അഭിഷേകം നടത്തുക എന്നത്. അതിനാവശ്യമായ തക്കാളി എത്തിച്ചിരുന്നത് തമിഴ്നാട്ടിലെ തേനഴകി ഗ്രാമത്തിനിന്നായിരുന്നു. ഓർഗാനിക് പച്ചക്കറിക്കൃഷി തുടങ്ങിയ നാട്ടിലെ പുതുപ്പണക്കാരൻ ഫിലിപ്പ് മുതലാളി നാട്ടിലെ സകല അടുക്കളയിലും ഇതിനോടകം സ്ത്രീകളുടെ പ്രിയങ്കരനായി മാറിയിരുന്നു. ഓർഗാനിക്ക് വർണ്ണങ്ങളുടെ ചുമലിലേറി സുമതീസ് കിച്ചണും അമ്മിണീസ് ടേസ്റ്റ് ടൈമും വെള്ളിവെളിച്ചത്തിൽ പറന്ന് സ്വീകരണമുറികളുടെ കോണിലും അവിടെനിന്ന് ഡയറിത്താളുകളിലും ചേക്കേറി അവിടെത്തന്നെ ഒടുങ്ങി.
തമിഴ്നാട്ടിൽനിന്നു കൊണ്ടുവരുന്ന വിഷം കലർന്ന പച്ചക്കറികൾ തേവർക്ക് അഭിഷേകത്തിനായി ഉപയോഗിക്കുന്നതിൽ ഉള്ള ബുദ്ധിശൂന്യത ഈയിടെയായി നാട്ടിലെ യുവാക്കളുടെ ഉറക്കം കെടുത്താൻ തുടങ്ങിയിരുന്നു. അവർ തന്നെ അതിനൊരു പരിഹാരം നിർദ്ദേശിച്ചു. ഇനി തേവർക്ക് അഭിഷേകം നടത്തുന്നത് ഫിലിപ്പ് മുതലാളിയുടെ ഓർഗാനിക് തക്കാളി കൊണ്ട് മാത്രമായിരിക്കണമെന്ന് അവർ വാദിച്ചു. യുവാക്കളുടെ വിഡ്ഢിത്തത്തെ പരിഹസിക്കാൻ കിട്ടുന്ന ഒരവസരവും പഴമക്കാർ പാഴാക്കിയില്ല. കാലങ്ങളായി തുടർന്നു വരുന്ന ആചാരം ഒറ്റദിവസംകൊണ്ട് നീക്കിവെച്ചു ഒരു നസ്രാണിയുടെ കൃഷിയിടത്തിൽ നിന്ന് വരുന്ന തക്കാളി ഉപയോഗിക്കുക! കേട്ടുകേൾവിപോലുമില്ലാത്ത ഭ്രാന്ത്! ചർച്ചയായി. കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു പരസ്പരം തക്കാളി വാരിയെറിഞ്ഞു തുടങ്ങിയ കലാപം ചീമുട്ടയിലേക്കും അവിടെനിന്ന് അവസാനം ഭാരമേറിയ, എറിഞ്ഞാൽ തിരിച്ചെടുക്കാനാവാത്ത പന്തുകളിലേക്കും പുരോഗമിച്ചു.
ദിനങ്ങൾ മതിലുകളിൽ തലയറഞ്ഞു മരിച്ചുവീണു. ബാക്കിയായ ദിനങ്ങളെ തൂത്തെടുത്ത് കൈകാലുകൾ കെട്ടി ചങ്ങലയിൽ തളച്ചിടുകയും ചെയ്തു. ആ ദിനങ്ങളിൽ വഴികളൊഴിഞ്ഞും കടകളടഞ്ഞും കിടന്നു. ആളനക്കത്തിന് ചെന്നായ്ക്കൾ മണംപിടിച്ചു. രക്തം രക്തത്തിനുമേൽ കാർക്കിച്ചുതുപ്പി. പതാകയുടെ നിറങ്ങൾ പടവെട്ടുമ്പോൾ ഇടയിൽപ്പെട്ട ആടുകളുടെ ശിരസ്സറ്റു. അതിൽ ഒഴുകിയ രക്തത്തിന് എപ്പോഴും ചുവപ്പുതന്നെയായിരുന്നു.
അവന്റെ വിരലുകൾ വിറയാർന്നു. ഇനിയൊരിക്കൽക്കൂടി ആ കുഴൽ തിരിക്കുവാൻ സാധിക്കാത്തവണ്ണം അവൻ തളർന്നിരുന്നു. നിരാശയോടെ അവനാ കുഴൽ വലിച്ചെറിഞ്ഞു
വിശാലമായ ജലാശയത്തന്റെ ഉപരിതലത്തിൽ പ്രതിബിംബിക്കുന്ന മനോഹരമായ ചിത്രത്തിൽ ഒരു വികൃതിക്കുട്ടി വിരൽത്തുമ്പുകൾ മുക്കി ഇളക്കിയപോലെ നക്ഷത്രതുണ്ടുകൾ ഉലഞ്ഞു. ചിലയിടങ്ങളിൽ ചുവപ്പ് പടർന്നൊഴുകി. ഒരുഭാഗത്തുനിന്നും നീലച്ചില്ലുകൾ പൊട്ടിയൊലിച്ച് നാക്കുനീട്ടി കുറെയേറെ നിറങ്ങൾ വടിച്ചെടുത്തു. ബാക്കിയായ നക്ഷത്രപ്പൊട്ടുകളിൽ പ്രാണവായുവിന്റെ നിറമില്ലാത്ത തുണ്ടുകൾ ബാക്കിയുണ്ടായിരുന്നില്ല. അതിൽ ആരും പരാതിപറഞ്ഞതുമില്ല.. അവൻ നടന്നകന്നു. പൊട്ടിച്ചിതറിയ കലെയ്‌ഡോസ്‌ക്കോപ്പിലേക്ക് തിരിഞ്ഞുനോക്കാതെ... മിന്നലുകൾ ഊഴം കാത്തുനിന്ന പടിവാതിലിലേക്ക്.. മറ്റൊരു വിനോദത്തിന് തുടക്കമാകുകയാണ്.
(അവസാനിച്ചു)
# Kaleidoscope : ഉള്ളിൽ കണ്ണാടിച്ചില്ലുകൾ നീളത്തിൽ സിമെട്രിക്കൽ ആയി നിരത്തി വെളിച്ചത്തിന്റെ പ്രതിഫലനം ഉപയോഗിച്ച് മനോഹരമായ കാഴ്ചകൾ ഒരുക്കുന്ന ഒരു ഉപകരണം. പണ്ട് ഉത്സവപ്പറമ്പുകളിൽ വാങ്ങാൻ കിട്ടുമായിരുന്നു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot