നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലൗവ് ഡേയിൽ ഇൻ - Part 3



- ഭാഗം 3
അരവിന്ദ് വീട്ടിലേക്ക് പോയ ശേഷം മീര, ആ കോട്ടേജിന്റെ അകവശമാകെയൊന്ന് കണ്ണോടിച്ചു...
വരാന്തയും, ഹാളും കൂടാതെ രണ്ട് കിടപ്പ് മുറികൾ കൂടി ആ കോട്ടേജിനുണ്ടായിരുന്നു... ഭക്ഷണം കഴിക്കാനുള്ള ടേബിൾ ഹാളിന്റെ ഒരു ഭാഗത്തായി ക്രമീകരിച്ചിരുന്നു... അതിനടുത്തായി അടുക്കളയിലേക്കൊരു വാതിലും അവിടെ ഉണ്ടായിരുന്നു. എല്ലാ മുറികളും വൃത്തിയായ് ഫർണിഷ് ചെയ്ത് സൂക്ഷിച്ചിരുന്നു. ഇളം നിറത്തിലുള്ള ചായം പൂശിയിരുന്ന കിടപ്പുമുറികൾക്ക് ഭംഗിയുള്ള ജാലക വിരികളും, മുറികളിൽ സൗകര്യപ്രദമായ ഷെൽഫുകളും നിർമ്മിച്ചിരുന്നു. ബെഡ് റൂമിന് അനുബന്ധമായി അറ്റാച്ച്ഡ് ബാത്റൂമും അതിൽ ചൂടുവെള്ളത്തിനായ് ഹീറ്ററും സജ്ജികരിച്ചിരുന്നു.
അവിടമാകെ നോക്കി കണ്ട ശേഷം വരാന്തയിലെ ലൈറ്റ് ഓഫ് ചെയ്ത അവർ ...വാതിൽ അകത്തു നിന്നും പൂട്ടി, താക്കോൽ ആ ഡോറിൽ തന്നെ വെച്ച് ബെഡ്റൂമിലേക്ക് നടന്നു...
ജാലകപ്പഴുതിലൂടെ മുറിയിലേക്ക് അരിച്ച് കയറിയ നനുത്ത മഞ്ഞിന്റെ തണുപ്പ്, അപ്പോൾ മുറികളിലാകെ തളം കെട്ടിനിന്നു.
ആ കോട്ടേജും, അവിടുത്തെ അന്തരീക്ഷവും മീരക്ക് വളരെയേറെ ഇഷ്ടപ്പെട്ടു... ചൂടു വെള്ളത്തിൽ മേൽ കഴുകി, വസ്ത്രം മാറി വന്നപ്പോൾ വല്ലാതെ തണുക്കുന്നതായി മീരക്ക് തോന്നി... ബാഗിൽ കരുതിയിരുന്ന സ്വെറ്റർ കൂടി എടുത്ത് ധരിച്ച അവർ, അതിൽ നിന്നും ഒരു പ്ലാസ്റ്റിക് കവർ പുറത്തേക്കെടുത്തു... എന്നിട്ട് കവറിൽ നിന്നും ഒരു ഫ്ലാസ്കും, ഓട്സിന്റെ പാക്കറ്റും വെളിയിലെടുത്ത് അതുമായി ഡൈനിംഗ് ടേബിൾ ലക്ഷ്യമാക്കി ഹാളിലേക്ക് നടന്നു...
ടേബിളിനരികിലെ ഒരു ചെയർ നീക്കി അതിലിരുന്ന മീര, ഫ്ലാസ്കിൽ നിന്നും പാൽ പാത്രത്തിലേക്ക് പകർന്ന്, അതിലേക്ക് ഓട്സ് കൂടിയിട്ട് സ്പൂണുകൊണ്ടിളക്കി സാവധാനം അത് കോരിക്കഴിക്കാനാരംഭിച്ചു...
എന്തോ ചിന്താഭാരം അവരെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു…! രണ്ട് മൂന്ന് സ്പൂൺ കഴിച്ച ശേഷം, പാത്രം നീക്കിവെച്ച മീര കസേരയിലേക്ക് ചാഞ്ഞിരുന്ന് ഒന്ന് ദീർഘനിശ്വാസമെടുത്തു.... പിന്നെ മുനിച്ചാമി കൊണ്ടുവന്ന സബർജില്ലിൽ നിന്നും ഒന്നെടുത്ത് കഷ്ണങ്ങളാക്കി മുറിച്ച് , ആ കഷ്ണങ്ങളുമായി ബെഡ് റൂമിലേക്ക് നടന്നു...മുറിയിലെത്തി ഫ്ലാസ്കിരുന്ന കവറിൽ നിന്നും ഒരു കുപ്പി വെള്ളം കൂടി എടുത്ത് കട്ടിലിനരികിൽ വെച്ച അവർ... പതിയെ ആ കട്ടിലിലേക്കിരുന്നു. എന്നിട്ട് ഒരു തലയിണ ഭിത്തിയോട് ചേർത്ത് വെച്ച്, അതിലേക്ക് ചാരി മിഴികൾ പൂട്ടി ധ്യാനത്തിലെന്ന വണ്ണം ചാഞ്ഞ് കിടന്നു…
പെട്ടെന്നെന്തോ ഓർത്തിട്ടെന്ന പോലെ മീര അവിടെ നിന്നും എഴുന്നേറ്റു... എന്നിട്ട് ഷെൽഫിനരികിലേക്ക് ചെന്ന് തന്റെ ഹാൻഡ് ബാഗ് വെളിയിലേക്കെടുത്ത് അതിനുള്ളിൽ നിന്നും ഒരു മൊബൈൽ ഫോൺ പുറത്തേക്കെടുത്തു ...പിന്നെ അതുമായ് കട്ടിലിൽ ചെന്നിരുന്ന് ഏതോ ഒരു നമ്പർ ഡയൽ ചെയ്തു.
ഫോൺ മൂന്നു നാല് വട്ടം റിങ്ങ് ചെയ്തു കഴിഞ്ഞപ്പോൾ മറുവശത്ത് നിന്നും ഒരു കനത്ത ശബ്ദം കേട്ടു:
"ഹലോ "
അതിന് മറുപടിയായ് മീര പറഞ്ഞു:
'' രവിയേട്ടാ, ഇത് മീരയാണ് ... ഞാൻ
ഏഴ് മണി ആകാറായപ്പോഴേക്കും ഇവിടെ എത്തി. നല്ലൊരു താമസ സൗകര്യവും കിട്ടിയിട്ടുണ്ട്... ഞാനിവിടെ സേഫാണ് ഒന്നു കൊണ്ടും വിഷമിക്കേണ്ട."
'’ഹുംമ്…” എന്ന കനത്ത
ഒരു മൂളൽ മാത്രമായിരുന്നു അതിന് മറുപടി.
" ഞാനെങ്ങനെയെങ്കിലും അയാളെ കണ്ടെത്തും രവിയേട്ടാ...എനിക്ക് കിച്ചുവിന്റെ ജീവൻ രക്ഷിക്കണം... ഇനിയുള്ള ദിവസങ്ങൾ അതിന് വേണ്ടി മാത്രമുള്ളതാണ്. ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതാണ്...ഞാൻ തളരില്ല . "
വല്ലാത്ത വികാരക്ഷോഭത്തോടെ മീര അയാളോട് പറഞ്ഞു.
'' നീ അവിവേകമൊന്നും കാട്ടരുത് മീരാ...
ആളെ കണ്ടെത്തിയാൽ തന്നെ വളരെ തന്ത്രപരമായി വേണം നീങ്ങാൻ... പണം എത്ര വേണമെങ്കിലും കൊടുക്കാമെന്ന് പറയ്... അയാൾ അതിൽ വീഴും... പണത്തിനോട് പണ്ടേ അയാൾക്ക് ആർത്തിയാ ...ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ഒരു കാരണവശാലും ദേവനിതറിയരുത്... ഈ ഒരു രഹസ്യം നമ്മൾ അവനിൽ നിന്നും മറച്ച് വെച്ചതാണ് ...അവന്റെ സ്വഭാവം നിനക്ക് നന്നായ് അറിയാമല്ലോ…?. വിശ്വാസ വഞ്ചന കാട്ടിയെന്നറിഞ്ഞാൽ അവന്റെ പ്രതികരണം എന്താവും എന്ന് ഊഹിക്കാൻ പോലും പറ്റില്ല !.
അയാളുടെ മറുപടിയിൽ അതീവ ഗൗരവം കലർന്നിരുന്നു.
" ഇല്ല ഏട്ടാ... ദേവേട്ടനിതൊരിക്കലും അറിയില്ല... ഒരു വഴിപാടുണ്ട്, അത് നടത്തണം ...അതിന് ഞാൻ മൂകാംബികയിലേക്ക് പോവുകയാണ്...എന്നും പറഞ്ഞാണ് പോന്നത്... ആദ്യം എതിർത്തെങ്കിലും പിന്നെ സമ്മതിച്ചു... ഇടക്ക് വിളിക്കാതിരിക്കാൻ സാധാരണ ഉപയോഗിക്കുന്ന ഫോണും, മറന്നത് പോലെ മനപ്പൂർവ്വം അവിടെ വെച്ചിട്ടാണ് പോന്നത്... ഇപ്പോൾ പഴയത് പോലെ അത്ര കാർക്കശ്യ സ്വഭാവം കാട്ടാറില്ല ... ആകെയൊരു വിഷമം 'കിച്ചു മോന്റെ ' കാര്യമോർത്തിട്ടാ...സാരമില്ല മികച്ച ആശുപത്രിയും, നല്ല സേവനങ്ങളുമാണ് മെഡികെയറിൽ...അതു മാത്രമാണൊരാശ്വാസം...പക്ഷെ എനിക്ക് അവനെ കാണാതെ എത്ര ദിവസം തള്ളി നീക്കാൻ കഴിയുമെന്നറിയില്ല...ഓരോ നിമിഷവും അവനെക്കുറിച്ചുള്ള ചിന്ത എന്നെ വല്ലാതെ അലട്ടുന്നുണ്ട്... ഞാൻ എങ്ങനെയും അയാളെ കണ്ടെത്തും രവിയേട്ടാ...എന്നിട്ട് എത്രയും വേഗം തിരിച്ചെത്തും. എന്റെ ഈ അലച്ചിൽ വെറുതെയാവില്ലെന്നാണ് മനസ്സ് പറയുന്നത്. എല്ലാം ശരിയാകും... എനിക്ക് പ്രതീക്ഷയുണ്ട്...ഫോൺ വെക്കട്ടെ...
ഞാൻ നാളെ വൈകുന്നേരം വിളിക്കാം...ഒരു ശുഭവാർത്തയുമായി...ഗുഡ് നൈറ്റ് ."
ഇങ്ങനെ അയാളോട് മറുപടി പറഞ്ഞ് ഫോൺ പഴയത് പോലെ ബാഗിൽ വെച്ച മീര, കട്ടിലിൽ വന്നു കിടന്നു.... ഹാളിലെ ചുവരിലിരുന്ന പെൻഡുലം ക്ലോക്കിൽ അപ്പോൾ മണി പത്തടിച്ചു.... പതിയെ ഉറക്കത്തിലേക്ക് വഴുതിയ അവർ, യാത്രാ ക്ഷീണം കൊണ്ട് പെട്ടെന്ന് തന്നെ ഗാഢനിദ്രയിലായി.
ആ ഉറക്കത്തിൽ, രാത്രിയുടെ ഏതോ യാമത്തിൽ, മീര ഒരു സ്വപ്നം കണ്ടു... സ്വപ്നത്തിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു ചോരക്കുഞ്ഞ് ഒറ്റക്ക് കിടന്ന് കരയുന്നതായാണ് അവർ കണ്ടത്... കുഞ്ഞിനരികിലേക്ക് ഓടിയെത്തിയ മീരക്ക് പിടികൊടുക്കാതെ... വഴുതിയ മാറിയ ആ കുഞ്ഞ് ആകാശത്തേക്കുയർന്ന് മറയുന്ന കാഴ്ച കണ്ട് പിടഞ്ഞെഴുന്നേറ്റ അവർ ഒരു കിതപ്പോടെ കട്ടിലിൽ തളർന്നിരുന്നു!.
മീരക്ക് തന്റെ തൊണ്ട വരളുന്നത് പോലെ തോന്നി...കട്ടിലിനരികിലെ ടീപ്പോയിയിലിരുന്ന കുപ്പി വെള്ളം വല്ലാത്തൊരു തിടുക്കത്തോടെ അവർ കുടിച്ച് തീർത്തു...എന്നിട്ട് വീണ്ടും കട്ടിലിലേക്ക് തന്നെ കിടന്നു.
സമയം പിന്നെയുമിഴഞ്ഞ് നീങ്ങി... കോട്ടേജിന് പിന്നിലെ മലമടക്കുകളിലെവിടെയോ മുഴങ്ങിക്കേട്ട കാട്ടുപുള്ളിന്റെ കൂവൽ കൊച്ച് കുഞ്ഞിന്റെ നിലവിളി ശബ്ദം പോലെ അവളുടെ കാതിൽ വന്നലച്ചു... ആ കരച്ചിൽ കേട്ടതും ഗേറ്റിനരികിലെ തന്റെ റൂമിൽ നിന്നും മുനിച്ചാമി അതിനെ ഉച്ചത്തിൽ ശകാരിക്കുന്ന ശബ്ദവും മീര കേട്ടു!.
ഉറക്കം വരാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന മീരയുടെ കാതിലേക്കപ്പോൾ...ആശുപത്രിയുടെ നീളൻ ഇടനാഴിയിൽ നിന്ന് ഡോക്ടർ പറഞ്ഞ വാക്കുകൾ... ഭിത്തിയിൽ തട്ടി പ്രകമ്പനം കൊണ്ടിട്ടെന്ന പോലെ വീണ്ടും, വീണ്ടും വന്നലച്ചു.
" മീരാ നമ്മൾ കഴിവിന്റെ പരമാവധി ശ്രമിച്ചു..., കുറെ തടസ്സങ്ങൾ ഉണ്ടായിട്ടും, ഏറെ ബുദ്ധിമുട്ടി ഒരാളെയും കണ്ടെത്തി...പക്ഷെ അവിടെയും ഭാഗ്യം നമുക്ക് അനുകൂലമായിരുന്നില്ല...പറയുന്നത് ക്രൂരതയാണെന്നറിയാം, എങ്കിലും പറയാതെ വയ്യ... ഈ നിലയിൽ ഇനി കിഷോറിന്റെ ജീവൻ നിലനിൽക്കുന്നത് ഏറിയാൽ ഒന്നര മാസം. അതിനിടയിൽ ഒരു ഡോണറെ കിട്ടിയാൽ ഒന്ന് കൂടി ശ്രമിക്കാം...ബുദ്ധിമുട്ടുള്ള കാര്യമാണതെന്നെനിക്കറിയാം, പക്ഷെ മറ്റ് മാർഗ്ഗങ്ങളൊന്നും എന്റെ മുന്നിലില്ല. "
അവളുടെ മനസ്സിലേക്കപ്പോൾ തന്റെ മകന്റെ രൂപം തെളിഞ്ഞു വന്നു... മരുന്ന് മണക്കുന്ന ആശുപത്രി മുറിയിൽ ജീവൻ രക്ഷാ ഉപകരണങ്ങളാൽ വലയം ചെയ്ത് കിടക്കുന്ന അവന്റെ തളർന്ന മുഖം ഓർമ്മയിലേക്കെത്തിയപ്പോൾ അവളുടെ കൺ കോണുകളിൽ നിന്നും ആശ്രുകണങ്ങളടർന്ന് വീണു .
ആ കിടപ്പിൽ എപ്പൊഴോ ഉറങ്ങിപ്പോയ മീരയുടെ കാതുകളിലേക്ക് തുടർച്ചയായി കോളിംഗ് ബെൽ മുഴങ്ങുന്ന ശബ്ദം വന്നലച്ചു...ശബ്ദം കേട്ട് ഞെട്ടി ഉണർന്ന മീര...ഉറക്കത്തിൽ ഉലഞ്ഞ് പോയ തന്റെ വസ്ത്രം നേരെയാക്കി, അഴിഞ്ഞ് കിടന്ന മുടിയും വാരിച്ചുറ്റി, മുറിയിൽ നിന്നും ഹാളിലൂടെ വാതിലിന് നേർക്ക് നടന്നു... അതിനിടയിൽ ഹാളിലെ ചുവരിലുണ്ടായിരുന്ന ക്ലോക്കിലേക്ക് അവർ ഒന്ന് പാളി നോക്കിയപ്പോൾ അതിൽ സമയം ഏഴര കഴിഞ്ഞിരുന്നു.
വാതിൽ തുറന്ന മീരക്ക് മുന്നിലേക്ക് ഒരു കൈയ്യിൽ ഫ്ലാസ്കും, മറുകൈയ്യിൽ അന്നത്തെ പത്രവും ആയി മുനിച്ചാമി എത്തി.. എന്നിട്ട് ഭവ്യതയോടെ പറഞ്ഞു:
“ വണക്കം അമ്മാ ഇതാ കോഫി...
അരവിന്ദ് സാർ പേസിയ അന്ത കുക്കെ കെടക്കലെ... അതിനാലെ ഹോട്ടലിൽ നിന്നും നാൻ കോഫി വാങ്ങി വന്തിട്ടേൻ."
" ഗുഡ് മോണിഗ് ചാമി "
എന്ന് പ്രത്യഭിവാദ്യം ചെയ്ത മീര...ഫ്ലാസ്കും, പത്രവും മുനിച്ചാമിയുടെ കൈയ്യിൽ നിന്നും വാങ്ങി... ഉള്ളിലേക്ക് പോയി.
ആ ഫ്ലാസ്ക് ഹാളിലെ ടേബിളിൽ കൊണ്ടുപോയി വെച്ചിട്ട്, ഒരു കൈയ്യിൽ കപ്പിൽ പകർന്നെടുത്ത കോഫിയും മറുകൈയ്യിൽ പത്രവുമായി മീര തിരിച്ച് വരാന്തയിലേക്ക് വന്നു...മഞ്ഞ് പാളികൾക്കിടയിലൂടെ അരിച്ചെത്തിയ ഇളവെയിൽ അപ്പോൾ അവിടെയാകെ പരന്നിരുന്നു... ദേഹത്തെ തണുപ്പ് മാറ്റാനെന്നവണ്ണം അവർ മുറ്റത്തെ ആ വെയിലിലേക്കിറങ്ങി നിന്നു... അവിടെ ഉണ്ടായിരുന്ന ചെടികളിലും, പൂക്കളിലും, പറ്റിപ്പിടിച്ചിരുന്ന മഞ്ഞ് കണങ്ങൾ വെയിൽ വെട്ടമേറ്റ് മിന്നിത്തിളങ്ങി നിന്നു... കോട്ടേജിന് പിന്നിലെ വലിയ ഇലവ് മരത്തിലിരുന്ന ഒരു മൈന അപ്പോൾ നീട്ടി ചൂളം വിളിച്ചിട്ട് കോട്ടേജിന് മുകളിലൂടെ പറന്നകന്നു...
ആ അന്തരീക്ഷവും, കാഴ്ചകളും മീരയിൽ വല്ലാത്തൊരു ഉന്മേഷം പടർത്തി... ഇളവെയിലിൽ അല്പനേരം കൂടി അവിടെ നിന്ന് പത്രത്താളുകളിൽ കണ്ണോടിച്ച അവൾ, അത് മടക്കി വരാന്തയിലെ കസേരയിൽ വെച്ചിട്ട് യാത്രക്ക് ഉള്ള ഒരുക്കത്തിന് വേണ്ടി ഉത്സാഹത്തോടെ കോട്ടേജിനുള്ളിലേക്ക് നടന്നു.
********************************
മീരയുടെ ആവശ്യ പ്രകാരം രാവിലെ തന്നെ കുര്യച്ചായന്റെ എസ്റ്റേറ്റ് ബംഗ്ലാവിൽ പോയ അരവിന്ദ്, ജീപ്പുമെടുത്ത് അവന്റെ വീട്ടിലേക്ക് വന്നു... അല്പ സമയം കഴിഞ്ഞ് യാത്രക്ക് തയ്യാറായി, അവിടെ നിന്നും കോട്ടേജിലേക്ക് പോകാൻ ഇറങ്ങിയതായിരുന്നു അവൻ... മണിയോടും, കുഞ്ഞിനോടും യാത്ര പറഞ്ഞ് ജീപ്പിനരികിലേക്ക് ചെന്നപ്പോൾ...താഴെ നിരത്തിൽ നിന്നും മുനിച്ചാമി അവന്റെ അരികിലേക്ക് ഓടി വരുന്നത് അവൻ കണ്ടു...!, നിലവിളിക്കും പോലെ എന്തോ ഉച്ചത്തിൽ വിളിച്ച് പറഞ്ഞ് കൊണ്ടുള്ള ... ചാമിയുടെ ഓട്ടവും, പരിഭ്രമവും കണ്ട അരവിന്ദിന് എന്തോ വല്ലായ്മ തോന്നി... സംശയം നിഴലിക്കുന്ന കണ്ണുകളുമായി അവൻ ചാമിയുടെ അരികിലേക്ക് വേഗത്തിൽ നടന്നു...
(തുടരും)

അരുൺ -

To Be continued - 
Read all parts here : - https://goo.gl/4HGjHi

Written by:  Arun V Sajeev, Nallezhuth

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot