Showing posts with label VGVassan. Show all posts
Showing posts with label VGVassan. Show all posts

ചുവർച്ചിത്രം | VG Vassan



ഫോൺബെൽ ഉച്ചയുറക്കം കളഞ്ഞ ഈർഷ്യയിലാണ് തമ്പിയാശാൻ ഫോണെടുത്തത്.
"ആശാനേ, സാബുവാണ്''
"ആ..മനസ്സിലായി, നീ എന്റെ ഉറക്കം കളയാൻ വിളിച്ചതാണോ''
"അല്ലാശാനേ, ഒരു ചതി പറ്റി. ആശാൻ ഒന്ന് സഹായിക്കണം''
"നീ കാര്യം പറയ്''
"ആശാനേ, സുനന്ദക്കൊച്ചിന്റെ  ഡാൻസ്;. ഒരു മത്സരമാ. ജയിച്ചാൽ കുറച്ച് പൈസ കിട്ടും. 
അതിൻ്റെ  മൂത്തതിന് കാലിനൊരു ഓപ്പറേഷൻ ചെയ്താൽ മുടന്തു മാറ്റാംന്നാ ഡോക്ടർമാർ പറയുന്നേ''
"ഇതാ സാവിത്രീടെ പിള്ളേരല്ലേടാ,.നീ ഇപ്പഴും അവളെ ഓർത്തുനടന്നോ. നല്ലൊരു നർത്തകനുവേണ്ട എല്ലാ ഗുണവും കണ്ടാ  നീ വളരാൻ ഞങ്ങളെല്ലാം പരിശ്രമിച്ചത്. അട്ടയെപ്പിടിച്ച് മെത്തയിൽക്കിടത്തിയപോലെയായെന്നുമാത്രം! ഇങ്ങോട്ടില്ലാത്ത സ്നേഹം നഷ്ടക്കച്ചവടമാണെന്ന് പഠിക്കാത്തവൻ!''
"ആശാനേ,  ദേഷ്യപ്പെടരുത്. ആശാനറിയാല്ലോ, ഞാനും സാവിത്രീം ഒരുമിച്ചാണ് ഡാൻസ് പഠിക്കാൻ തുടങ്ങിയത്. അവളെ കെട്ടിച്ചു രണ്ടു കുഞ്ഞുങ്ങളായപ്പോൾ വിധവയായി തിരികെ വന്നതാ. 
കുറച്ചു കാലം കഴിഞ്ഞ്  കാർന്നോന്മാരും പോയതോടെ അവള് തനിച്ചായി. കുഞ്ഞുന്നാളുമുതലുള്ള കളിക്കൂട്ടാ. കണ്മുന്നിൽ അവള് പട്ടിണി കിടക്കുന്നത് കാണാൻ മേല ആശാനേ. അതാ...''
ഉം, ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. സ്വന്തം ജീവിതം നശിപ്പിച്ചതുകൊണ്ട് പറഞ്ഞതാ. 
നീ നല്ലതേ ചെയ്യൂ എന്നറിയാം. ആ പെങ്കൊച്ചിന്  പത്തിരുപത് വയസ്സായില്ലേ?''
"ഉവ്വാശാനേ,  മിടുക്കിയാ. ആകാരവും ശൈലിയും വാസനയും ഒത്ത കുട്ടി. ദൈവം അനുഗ്രഹിച്ചാൽ
അവളു മതി അവര് രക്ഷപെടാൻ.''
"നിനക്ക് രക്ഷപടണമെന്നില്ലല്ലോ! ആ, സ്വയംതോറ്റ് മറ്റുള്ളവരെ ജയിപ്പിക്കുന്നവരുടേതുംകൂടെയാണ് കലാലോകം. നിന്റെ ആഗ്രഹംപോലെ നടക്കട്ടെ. ആട്ടെ, എന്താ ഇപ്പോ ആവശ്യം?''
"ആശാനേ,  പക്കമേളക്കാരെ പറഞ്ഞിരുന്നതാ. സമയമായപ്പോ മൃദംഗക്കാരനില്ല! എന്തോ കുഴപ്പം പറ്റി വരില്ലാന്ന്. പക്ഷേ, വേറേ പലരേം വിളിച്ചിട്ടും ആർക്കും ഒഴിവില്ലത്രേ. അതാ ഞാൻ ചതിയാന്ന് പറഞ്ഞത്
കൊച്ച്, കളിച്ചാൽ ജയിക്കുംന്ന് ഉറപ്പുള്ള ആരോ പാരവച്ചതാ. ആശാൻ എന്തേലും ഒരു വഴി കാണണം. പാട്ട് നമ്മുടെ ലളിതമൂർത്തിട്ടീച്ചറാ. അതിനെ കഠിനമൂർത്തീന്നാ പേരിടണ്ടത്.  മൃദംഗമില്ലാതെ പാട്ടിനിറങ്ങിയേലെന്നും പറഞ്ഞ് എന്നെ ശൂലത്തില്  നിറുത്തിയേക്കുവാ. ആശാൻ ആരെയെങ്കിലും ഒന്ന് വിളിച്ചു താ...''
"സാബൂ, നിന്നെ സാധൂന്ന് വിളിക്കുവാ ഭേദം. ഒരു പ്രോഗ്രാം മാനേജര്! എടാ അവന്മാരെയൊക്കെ അങ്ങോട്ട് പേടിപ്പിച്ച് നിർത്തിയില്ലേല്  ഇങ്ങോട്ട് പീഡിപ്പിക്കും. ഞങ്ങടെയൊക്കെക്കാലത്ത് ഇതുക്കൂട്ട് ചെറ്റത്തരം കാണിച്ചാൽ പിന്നവൻ സ്റ്റേജിലിരുന്നു വായിക്കില്ലായിരുന്നു. 
മൂവാറ്റുപുഴേന്നല്ലേ പറഞ്ഞത്? തൊടുപുഴഭാഗത്തോട്ട് മാറി വർക്ക്‌ഷോപ്പ് മെക്കാനിക്ക്,  ഒരു ചന്ദ്രൻ ഒണ്ട്. തബലയുടെ ഉസ്താദാ. ഞാൻ ഫോൺനമ്പർ തരാം. പഴയ മോഹനനാശാന്റെ മകനാ. അവിടെ ആരുടയേലും ഒരു തബല എടുത്തുവയ്ക്ക്. എന്നിട്ട് അവനെ കൂട്ടിക്കോ. ഞാൻ വിളിച്ചു പറഞ്ഞേക്കാം.''
"ആശാനേ,  മൃദംഗം ഇല്ലാതെങ്ങനാ?''
"എടാ, ഒന്നുമില്ലാത്തതിലും  ഭേദമല്ലേ, നീ പേടിക്കേണ്ട. അവൻ മിടുക്കനാ. നീയൊരു തബല അറേഞ്ച് ചെയ്തുവക്ക്''
"ശരി, ആശാനേ''
സാബു ഫോൺവച്ചു. ആശാൻ ഒരാളെപ്പറ്റി  മോശമല്ല എന്നുപറഞ്ഞാൽ
കൊള്ളാം എന്നാണെന്ന് സാബുവിനറിയാം.
പ്രാർത്ഥനയോടെ തൻ്റെ  കാറിലേക്ക് അയാൾ കയറി. പഴയ ആ വാഹനവും പലപ്പോഴും സാബുവിനെ വഴിയിലാക്കി വിഷമിപ്പിച്ചിട്ടുണ്ട്. ഓരോന്നോർത്ത് സാബു ഡ്രൈവ് ചെയ്തു. 
ചന്ദ്രനെ വഴിയിൽവച്ചാണ് കണ്ടുമുട്ടിയത്. ഗ്രീസിലും ഓയിലിലും കരിനിറമായ വസ്ത്രങ്ങളിൽ നില്ക്കുന്ന ചന്ദ്രൻ!
ചന്ദ്രൻ തന്റെ ആശങ്ക മറച്ചുവച്ചില്ല
"സാബുച്ചേട്ടാ, തമ്പിയാശാൻ പറഞ്ഞാൽ വരാതിരിക്കാൻ പറ്റില്ല. എന്നാലും ഒരു റിഹേഴ്സലിനുള്ള സമയമില്ലല്ലോ! വർക്ഷോപ്പിലെത്തി ഡ്രെസ്സുമാറി വരാൻതന്നെ മൂക്കാൽമണിക്കൂറ് പോകും!''
സാബു വിഷമത്തിലായി
"ചന്ദ്രാ, എന്റെ അവസ്ഥ ആശാൻ പറഞ്ഞുകാണുമല്ലോ. ഒരു തബലവരെ അവിടെ അറേഞ്ച് ചെയ്തിട്ടാ ഞാൻ വരുന്നത്. എൻ്റെകൂടെ ഈ കാറിൽപ്പോരെ.  ഡ്രസ് പുതിയത് വാങ്ങാം. എങ്ങനേലും എന്നെ സഹായിക്കണം.''
"ഉം,  ശരി. ഞാൻ വീട്ടിലോട്ടൊന്ന് വിളിക്കട്ടെ. തബലയും പ്രോഗ്രാമിനിടുന്ന ഡ്രസ്സും എത്തിക്കാൻ പറയട്ടെ. എന്റെ തബലയിൽ വായിച്ചാലേ ഒരിണക്കം വരൂ. മൂന്നാല് മണിക്കൂർ ഉണ്ടല്ലോ. പിള്ളേരാരേലും എത്തിച്ചോളും''
****
തബല കണ്ടതേ ഹാലിളകി നില്ക്കുന്ന ലളിതമൂർത്തിട്ടീച്ചറിന്റെ മുന്നിലേക്കാണ് കരിഓയിലിൽക്കുളിച്ചുവന്ന ചന്ദ്രനെ തബലിസ്റ്റ് ആണെന്ന്  ചെന്നപാടേ  സാബു പരിചയപ്പെടുത്തിയത്
ടീച്ചറിന്റെ മുഖം കടന്നലു കുത്തിയമാതിരി ആയി
"എനിക്കീ നിലവാരമില്ലാത്ത ഇതിനൊന്നും പാടാൻ പറ്റില്ല സാബൂ. എനിക്കിതൊന്നും ശീലവുമില്ല.''
സുനന്ദയിലും ടീച്ചറിനൊപ്പിച്ചൊരു പിണക്കഭാവം പെട്ടെന്ന് വന്നു.
"സാബുച്ചേട്ടൻ ഈ പറ്റാത്തകാര്യമൊക്കെ എന്തിനാ ചെയ്യാൻ പോണത്? നാളെ നാണക്കേട് എനിക്കല്ലേ''
സുനന്ദക്കൊച്ചിന്റെ വാക്കുകൾ സാബുവിനെ ഒന്നുലച്ചു
ആ... കൊച്ചല്ലേ? അവൾക്കെന്തറിയാം?! അയാൾ ആശ്വസിച്ചു
എന്നിട്ട് ടീച്ചറിന്റെ കാലുപിടിത്തം ആരംഭിച്ചു. റിഹേഴ്സൽമുഴുവൻ ചന്ദ്രനെ വിഷമിപ്പിക്കാൻ ടീച്ചർ സർവ്വ അടവും എടുത്തു. പരിചയമില്ലാത്ത കനംകുറഞ്ഞ  തബലയും ചന്ദ്രനെ കുറെ വിഷമിപ്പിച്ചു. 
സമ്മാനപ്രതീക്ഷ നഷ്ടമായ സുനന്ദയും ഉദാസീനയായി റിഹേഴ്സൽ പൂർത്തിയാക്കി. എല്ലാവരും വിശ്രമത്തിന് മാറിയപ്പോൾ ചന്ദ്രൻ സുനന്ദയ്ക്കരികിലെത്തി. അയാളുടെ മുഷിഞ്ഞവേഷം അവളിൽ ഒരു വെറുപ്പും ഈർഷ്യയും മുന്നേ  ഉണ്ടാക്കിയിരുന്നു. അത് മനസ്സിലാക്കി അയാൾ പറഞ്ഞു
"കുട്ടിക്ക് നല്ല ടാലന്റ് ഉണ്ടെന്ന് സാബു പറഞ്ഞു. ഈ കണ്ടതൊന്നും കുട്ടി കാര്യമാക്കേണ്ട. നിന്റെ വീട്ടുകാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ നിന്നെ ഇവിടെ തോല്പിക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ
ജയിപ്പിക്കുക എന്നത് ഇപ്പോൾ എന്റെയും വാശിയാണ്. കാരണം ഞാനും തോറ്റവനാണ്. അതുകൊണ്ട് എന്നെ മറന്നുകളയുക.  നിന്നെ അത്ഭുതപ്പെടുത്തുന്ന കലാകാരനാണ് വായിക്കുന്നത് എന്നോർത്ത്, ഇന്നുവരെ ചെയ്തതിൽ ഏറ്റവും നല്ല പെർഫോമൻസ് പുറത്തെടുക്കുക. മൈക്കിലൂടെ വരുമ്പോൾ
തബലയുടെ നാദം നിന്നെ ത്രസിപ്പിക്കും.  അതിനെ തോല്‌പിക്കുംവിധം നീ ഡാൻസ് ചെയ്യുക. നീ വിജയിക്കും
ഇന്ന് നിന്റെ ജീവിതത്തിലെ വിജയദിനമാകും. മീഡിയായിൽ എനിക്കാളുണ്ട്. നാളെ നിന്റെ ചിത്രവും വാർത്തയും വരാവുന്നവിധം ഏറ്റവും നന്നായി ചെയ്യുക.''
സുനന്ദ ആകെ പകച്ചുപോയി. തന്റെ ഉള്ള് വായിച്ച അയാളുടെ മുഖത്ത് നോക്കാനാകാതെ അവൾ തലകുനിച്ചു.
''ചന്ദ്രേട്ടാ, ഡ്രസ്സും തബലയും എവിടാ വക്കേണ്ടത്?''
സംസാരം കേട്ട് സാബു എവിടുന്നോ ഓടിവന്ന് എല്ലാമെടുത്ത് അകത്തുവച്ചു. തബല കൈയിലെടുത്തപ്പോൾ
സാബു ഒന്ന് ഞെട്ടി. 
ഡക്കയ്ക്ക് കുറഞ്ഞത് ഏഴ് കിലോയെങ്കിലും ഭാരമുണ്ട്. രണ്ടരക്കിലോയാണ് ഏറ്റവും കൂടിയ വെയ്റ്റിട്ട് പണിത് കണ്ടിട്ടുള്ളത്. സാബു ചന്ദ്രനെ  അല്‌പം  ബഹുമാനത്തോടെ നോക്കിപ്പോയി. വടക്കേയിന്ത്യക്കാരുടെ രീതിയിൽ തബല നിർമ്മിച്ചുപയോഗിക്കുന്ന ഇയാൾ ശരിക്കും ആരാ?! പേരെടുക്കാനാകാതെ എത്രപേരാ ഇങ്ങനെ കലാലോകത്ത് എരിഞ്ഞു തീരുന്നത്! 
സാബു ഓർത്തു. 
****
തിരശ്ശീലയ്ക്ക് പിന്നിലെത്തിയതും പക്കമേളക്കാരുടെ പേരുകൾക്കൊപ്പം 'തബല ചന്ദ്രമോഹൻ' എന്ന അനൗൺസ്മെന്റ് കേട്ട് സുനന്ദ ചന്ദ്രനു നേരേ ഒന്നു നോക്കി. അവളുടെ കണ്ണുകൾ വിടർന്നുപിടഞ്ഞു
സില്ക്ക്ജുബ്ബയും മുണ്ടും കഴുത്തിൽ വലിയ സ്വർണ്ണച്ചെയിനുമായി ആരേയും കൂസാത്ത മുഖഭാവത്തിൽ
തബല ഒരുക്കുന്നതിൽമാത്രം ശ്രദ്ധിച്ച് നില്ക്കുകയായിരുന്നു അയാൾ.
ടീച്ചറുടെ മുഖം തെളിഞ്ഞിട്ടില്ല.
നൃത്തം ആരംഭിച്ചപ്പോൾ സുനന്ദയ്ക്ക് മനസ്സിലായി, തബലയുടെ നാദം ഹൃദയത്തിലേക്ക് വീഴുകയാണെന്ന്!
പിന്നീടവൾ നൃത്തത്തിലേക്ക് സ്വയമിറങ്ങി, താളവട്ടങ്ങളുടെ ചടുലതയിൽ ടീച്ചർ മത്സരത്തിലേക്കുയർന്നു.
ലളിതമൂർത്തിക്കു മനസ്സിലായി, തന്റെയരികിൽ പരന്നൊഴുകുന്ന വിരലുകൾ തീർക്കുന്ന നാദപ്രകമ്പനങ്ങൾ
നർത്തകിയെ ത്രസിപ്പിച്ചുയർത്തുമെന്ന്. തില്ലാനയിലേക്ക് കടന്നപ്പോൾ അവർ നോക്കി. സുനന്ദ സ്റ്റേജാകെ നിറഞ്ഞു പറക്കുകയാണ്. ധനുശ്രീയിലെ ഏറ്റവും ഗരിമയും താളക്കാരനെ വിഷമിപ്പിക്കുന്ന ചൊല്ലുകൾ തിരഞ്ഞെടുത്ത താനും സുനന്ദയും വിയർക്കുകയാണെന്ന് അവർ തിരിച്ചറിഞ്ഞു. 
തില്ലാനയിലെ ചൊല്ക്കെട്ടുകളിലേക്ക് കടന്നപ്പോൾ തബലയിലെ ചരൽപ്പെരുക്കങ്ങൾക്കൊപ്പം തന്റെ ഉടൽ ത്രസിക്കുന്നത് അവൾ അറിഞ്ഞു. ഡഗ്ഗയിലെ മാന്ത്രിക ഗമകങ്ങൾ തന്നെ മേഘക്കെട്ടുകൾക്ക് മുകളിലേക്ക്
ഉയർത്തിയെറിയുന്നത് അവൾ അനുഭവിച്ചു. കാലുറപ്പിക്കാനാവാത്തവിധം ചുവടുകളിൽ അവളൊരു മയിലായി മാറി. ചന്ദ്രമോഹന്റെ മാന്ത്രികവിരലുകൾ ഒരു മുത്തായിപ്പിൽ പമ്പരംകറക്കിയ വായന പൂർണ്ണതയിൽ നിറുത്തുമ്പോൾ, വന്നുവീണ നിശബ്ദതയിൽനിന്നും വലിയൊരു കരഘോഷമുയർന്നുണർന്നു.
കൈകൂപ്പി സദസ്സിനെ വണങ്ങിയ സുനന്ദ അടുത്ത നിമിഷം തളർന്നുവീഴുമെന്നോർത്തു.  ടീച്ചറിനെ മുട്ടുകുത്തി വണങ്ങിയ സുനന്ദ സജലമിഴികളോടെ ചന്ദ്രമോഹനു  നേരേ കൈകൾ കൂപ്പി.
*****
ചേച്ചിയുടെ ഓപ്പറേഷനൊക്കെ കഴിഞ്ഞു സുഖമായ ശേഷമാണ് സുനന്ദ നൃത്തപാഠങ്ങൾക്കും  പ്രോഗ്രാമിനും 
പോകാൻ ആരംഭിച്ചത്. ചേച്ചിക്ക് ഇപ്പോൾ കൈതാങ്ങാതെ നിവർന്നു നടക്കാം. ചെറിയൊരു മുടന്തുണ്ട്.  എങ്കിലും മുട്ടുനിവർത്തി നേരേ നടക്കാം എന്നത് ആ കുടുംബത്തിന് വലിയ സന്തോഷമായി. 
സാവിത്രി, ചിരിക്കുന്ന മുഖത്തോടെ ജീവിക്കാൻ മറന്നുപോയിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ മുഖത്തും സന്തോഷം വന്നിരിക്കുന്നു. രാവിലെ സുനന്ദ മുറ്റം തൂക്കുമ്പോഴാണ് അപ്രതീക്ഷിതമായി ചന്ദ്രമോഹൻ സാബുവുമായി അങ്ങോട്ട് കയറിവന്നത്. 
ഒരുദിവസത്തെ പരിചയത്തിൽനിന്നും ആശുപത്രിക്കാര്യങ്ങളിലെല്ലാം ഇടപെട്ട്  ഒരു കുടുംബാംഗമാകാൻ ചന്ദ്രേട്ടന് എത്രവേഗമാണ് സാധിച്ചത്!
അവൾ അത്ഭുതം കൂറി. 
കുശലം പറയലിനും രോഗീസന്ദർശനത്തിനുംശേഷം പോകാനിറങ്ങുമ്പോൾ ചന്ദ്രൻ പൊടുന്നനേ പറഞ്ഞു.
"സാവിത്രിച്ചേച്ചീ, നമ്മുടെ രോഗിയെ ഓപ്പറേഷനു കയറ്റിയപ്പോൾ ഞാൻ ഒരു വഴിപാട് നേർന്നിരുന്നു. പെങ്കൊച്ച് നേരേ നടന്നാൽ പൂർണ്ണത്രയീശന്റെ മുമ്പിൽ കൊണ്ടുവന്നോളാമെന്നും നന്ദിയായിട്ട് എന്റെ വായനയ്ക്ക് സാബുച്ചേട്ടനേം ചേച്ചിയേയും സുനന്ദയേയും ഒരുമിച്ച് ഒരു നൃത്തം ചെയ്യിപ്പിക്കാമെന്നും. ഇച്ചിരി അധികമായെന്ന് അറിയാം പക്ഷേ ഡോക്ടർ റിസൽട്ട് ഫിഫ്ടിഫിഫ്ടി എന്ന് പറഞ്ഞപ്പോൾ ഭഗവാന്റെ കാരുണ്യത്തിനായി ഞാനങ്ങ് പറഞ്ഞുപോയി. ഇനിയിപ്പോ ചെറിയൊരു കുറവല്ലേയുള്ളൂ, നിങ്ങൾക്കൊക്കെ സമ്മതമാണേൽ ഞാനവളെ കൊണ്ടുപൊയ്ക്കോളാം. എനിക്കിതൊന്നും പറയാനും നടത്താനും കാർന്നോന്മാരൊന്നുമില്ല. രണ്ടു പെങ്ങന്മാരെ അയച്ചപ്പോൾ വയസ്സ്  മുപ്പത്തിനാലായി. അതൊന്നും കുഴപ്പമില്ലേൽ അവളെ എനിക്കു തന്നേയ്ക്കൂ.''
സാവിത്രി അറിയാതെ അകത്തേക്കൊന്ന് തിരിഞ്ഞുനോക്കിപ്പോയി; വീടിൻ്റെ  ചുവരുകളിൽ ഒതുങ്ങിപ്പോയ മകളിലേക്ക്.  അവിടെ ചുവന്നുതുടുത്ത ഒരു മുഖം ഭൂമിയിലെന്തോ പരതുമ്പോൾ അമ്മയുടെ കണ്ണിൽനിന്നും
നീർത്തുള്ളികൾ കുതറിച്ചാടി.
സുനന്ദ കഥയറിയാതെ പകച്ചുനിന്നു!
VG.VAASSAN

ഉള്ളിത്താൾ പൂന്കാവനം

Image may contain: VG Vassan, beard and indoor
****************************
Repost
മധുവിധു നാളുകളിലൊന്നിലാണ്
അമ്മായിഅമ്മ ഫ്ളാറ്റ് ജീവിയായ
എന്റ്റെ രുചി നാവിനെ
ഇരുപതുള്ളിയും അരമുറി തേങ്ങയും
ഒരു ചേമ്പും താളും കൊണ്ട് ഫ്ളാറ്റാക്കിയത്
പോരാൻ നേരം അമ്മ ഒരു കൂട് ചേമ്പും തന്നാ വിട്ടത്
വർഷം ഒന്നാകാറായി ഫ്ളാറ്റിന്റ്റെ
ജനാലയ്ക്കൽ രണ്ടു ചേമ്പ് വിലസി നിൽക്കുന്നു അതിന്റ്റെ ചുവട്ടിലിരുന്നാ പത്രം വായന ഓക്സിജൻ തെറാപ്പി.
ടെറസിലിപ്പോ നല്ലൊരു
ചേമ്പിൻകാട് രണ്ടുംമൂന്നും ദിവസം കൂടുമ്പോൾ വൈകിട്ട് പോയൊരു താൾ
മുറിക്കും എല്ലാരും പറയും
പട്ടണ നടുക്കൊരു ചേമ്പിൻ കാട്
ഭാര്യയെക്കുറിച്ച് എനിക്കഭിമാനം
എതിർവശത്തെ ഫ്ളാറ്റുകാരു പറയും നിലാവുള്ള രാത്രിയിൽ
ചേമ്പിൻകാട് ആടിക്കിടന്ന് ഇളകുമത്രേ
ഞാനത് ശ്രദ്ധിക്കാതെ നിക്കും
അവളു പക്ഷേ നാണിച്ചു ചൂളി
എന്റ്റെ പുറകിലേക്ക് വലിയും
ആർക്കറിയാം പെണ്ണുങ്ങളുടെ
മനസിലെന്താന്ന് അല്ലേ ആ......

VG.VAASSAN

ഉറങ്ങിയ കഥയ്ക്കൊരു ലഹള

Image may contain: VG Vassan, beard and indoor
^^^^^^^^^^^^^^^^
മുടങ്ങിപ്പോയ കഥ പറയാൻ പറഞ്ഞ് ഫോണിലൂടെ വന്ന കർക്കശശകാരമേറ്റ് വിഭൃംജിതനായാണ് ചമ്പന്നൂരെ കമ്പനിയിൽ നിന്ന് നിർബന്ധിത അവധി പിടിച്ചുമേടിച്ച് അങ്കമാലി റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടപ്പുതുടങ്ങിയത് ,വേണാടെന്നെ കൂവി കളിയാക്കി പാഞ്ഞുപോയി ആദ്യമെന്നെ തോല്പിച്ചു.
ആ വാശിക്ക് ആണ് ഇട റോഡ് വഴിയുള്ള ബസിൽ കയറി അത്താണിയിൽ വന്ന് ഇറങ്ങിയത്
ഹോ എന്താ തിരക്ക്
അങ്ങനെ
വായിലല്ലാതെ ബാക്കിയെല്ലാം നോക്കി
അങ്ങനെ നിൽപ്പും തുടങ്ങി
എന്റെ ശ്രദ്ധ ബസിൽ നിന്നിറങ്ങുന്ന ചുരിധാരിണികളുടെ സൈഡ് വെട്ടിന്റെ അളവെടുപ്പൂ തുടരുന്നതിനിടയാണ്
ഒരു സൈഡിലൊരു മൈക്ക് കോളാമ്പി തൂക്കിയ ചുരിദാറ് കണ്ടത്
എന്റെ കണ്ണ് അറിയാതെ മുകളിലേക്ക് നീങ്ങി
ഊശാൻതാടിയുള്ള ഊമ്പൻ ജൂബ വലിച്ചുകയറ്റിയ ഒരു എലുമ്പൻ.
എന്റെ മുഖത്തൊരു പതിനൊന്നാം രസം സ്റ്റേജ് ചെയ്തു,
ഇറങ്ങിക്കോളും ഓരോ വഴിയോര സുവിശേഷക്കാര്
ശല്യം എന്റെ അടുത്തുതന്നെ വന്ന് സ്ഥാനമുറപ്പിച്ചു
മുഖത്ത് നോക്കിയാലേ അറിയാം
ആള് ശകലം കലിപ്പിലാണ്
ഏതായാലും ഞാൻ ചെവി രണ്ടും ചെറുവിരലിട്ട് നന്നായി തോണ്ടി തുറന്നു
റെഡിയായി
ഇതാ തുടങ്ങുകയായി
ഹലോ ചും ചും ഹലോ…
പ്രിയപ്പെട്ട നാട്ടുകാരേ മഹാജനങ്ങളേ
ഈ നാട് ഭരിക്കുന്നവരെവിടെയാണ് അവരുടെ ചിന്തയെന്ത് അവർക്കീ നാട്ടിലെ ജനത്തിന്റെ ജീവന് വല്ല വിലയുമുണ്ടോ?
നമ്മുടെ ഈ അങ്കമാലി ആലുവാ റോഡിലുണ്ടാകുന്ന അപകടങ്ങളുടെ വെളിച്ചത്തിൽ ഈ കേരളത്തിലെ റോഡുകളെ
മനുഷ്യജീവനെടുക്കൽ പാതകൾ എന്നു വിശേഷിപ്പിക്കേണ്ടിവരും
നമ്മുടെ കരിയാട് വളവിലെ അപകടങ്ങൾക്ക് വല്ല അറുതിയുമുണ്ടോ
ചുമ്മാ ഓടിവരുന്നവഴി വാഹനങ്ങൾ അവിടെ ചാടി മറിയുന്നതെന്ത്
എന്ന് ഞാൻ നാളുകളായി അന്വേഷിച്ചിട്ടാണ്
അവിടെ രണ്ട് സൈഡിലും ഉറച്ച മതിൽ കെട്ടി സംരക്ഷിക്കണം എന്ന അപേക്ഷയുമായി ഓഫീസുകൾ കയറിഇറങ്ങിയത്
അവസാനം അവരെന്നെ ആട്ടിയിറക്കിയതിനാലാണ്
ആയിരത്തഞ്ഞുറ് മുടക്കി മൈക്കും മേടിച്ചു ഇവിടെനിന്ന് ഇതു വിളിച്ചു പറയുന്നത്.
അകത്തളങ്ങളിൽ ഇരുന്ന് ആകെ വിഴുങ്ങുവരെ ജനം കല്ലെറിയുന്ന കാലത്തേ ഇവിടം നന്നാകൂ
ഇരുവശവും വയലുള്ള കരിയാട് പ്രദേശത്ത് റോഡ് രണ്ടാൾ ഉയരത്തിൽ ആണ് കടന്നുപോകുന്നത്
കര പ്രദേശത്ത് ഇരുശവൂം മരങ്ങളും വീടുകളും ഉയർന്ന് നിൽക്കുന്ന സ്ഥലങ്ങളിലെ വായുമർദ്ദത്തിലൂടെ അതിവേഗം ഓടിവരുന്ന വാഹനം ഇവിടെ ഉള്ള വായുമർദ്ദമില്ലായ്മയിൽ വളവിൽ ഉയർന്ന് തകിടം മറിയുകയാണ്
ഇത് കേരളം മുഴുവൻ പഠനം നടത്തേണ്ട ഒരു വിഷയമായിട്ട്
ഇങ്ങനെ ഒന്നു ചിന്തിക്കാനോ അവിടെ ഒരു മതിലു കെട്ടാനോ പോലും മിനക്കെടാത്ത സർക്കാരിന്റെ സംവിധാനങ്ങളിലേക്ക്
ജനകീയ മുന്നേറ്റമുണ്ടാകേണ്ട കാലം അതിക്രമിച്ചു
മുഖ്യമന്ത്രി മുമ്പാകെ നൽകാനുള്ള
ഈ മാസ് പെറ്റീഷനിൽ ദയവായി എല്ലാവരും ഒപ്പിട്ട് തരണം എന്ന് അപേക്ഷിക്കുന്നു.
എന്റെ മുഖത്തെ ഭാവങ്ങളെലാം ചോർന്നുപോയി
ബലം പിടിച്ചുനിന്ന എന്റെ ഉള്ളിൽ നിന്ന്
ശൂഊഊഊഊന്ന് ഒരു കാറ്റ് പോയി
ഞാൻ ഓടിച്ചെന്ന്‌ ആദ്യമേ ഒപ്പിട്ടു
ശരിയാണ് വായുമർദ്ദ വ്യതിയാനം ഓടുന്ന ഏതു വസ്തുവിലും പ്രതികരണമുണ്ടാക്കും
അത് വലിയൊരു ശാസ്ത്ര സത്യമാണ്
അപ്പോൾ പിന്നെ ബൈക്കിന്റെ കാര്യം പറയാനുണ്ടോ….
ഞാൻ വിനീതനായി
കയ്യും കൊടുത്തു പരിചയപ്പെട്ടു
ആള് പ്രകൃതിജീവനം പ്രചരിപ്പിക്കുന്ന ആളാണത്രേ
നമ്മളൊന്നുമല്ലന്നേ അന്യർക്കുവേണ്ടിയും ജീവിക്കുന്നവരുടെ മുന്നിൽ.
VG.VAASSAN
9/6/2019

ടെക്കി മാനസം

Photo of Green Data Matrix
പൂക്കൾ നിറഞ്ഞ മനസ്സുകളിൽ
എന്നു മുതലാണ് മുള്ളുകൾ വളർന്നത്,
സീരിയൽ പോലെ ,
ഓൺ ആക്കിയാൽ
വഴക്കാരംഭിക്കും പോലെ,
വീട്ടിലെത്തിയാൽ എങ്ങനെയോ വഴക്കിലെത്തും അന്നും പതിവുപോലെ
ഒൻപതര കഴിഞ്ഞാണ് വിനോദ് വീട്ടിലെത്തിയത് വാതിൽ തുറന്നിട്ടിരുന്നു .
ആഹാരം പുറത്തു നിന്നായിട്ട് ആഴ്ച ഒന്നു കഴിഞ്ഞു
പ്രതീക്ഷിച്ച പോലെ കിച്ചനിൽ നിന്നും
ശബ്ദങ്ങൾ ഉയരാൻ തുടങ്ങി
കൊടുങ്കാറ്റു പോലാണ് വിനോദ് കിച്ചനിലേക്ക് പാഞ്ഞു ചെന്നത് പിന്നെ
അങ്ങും ഇങ്ങും പറച്ചിലും വാക്കേറ്റവും,
അടീം കൊടുത്തു തിരിച്ചും മേടിച്ചു,
ആ രാത്രി
ബഡ് റൂമിൽ നിന്നും മാറി മുകളിലെ
മുറിയിലേക്കു പോന്നു,
ജീവിതം ആകെ കലങ്ങിമറിഞ്ഞിരിക്കുന്നു.
* * *
ഷീനാ രാവിലെ പതിവു പോല ജോലിക്കു പോയി , ലഞ്ച് ടൈമിൽ
വേണുവിനെ അവൾ ഫോൺ ചെയ്തു വരുത്തുകയായിരുന്നു .
ഇനി ഞാൻ തിരിച്ചു പോകുന്നില്ല
ഞാൻ വേണുവിന്റ്റെ കൂടെ വരുവാ,
ഷീനാ എടുത്തു ചാടാതെ ഞാൻ
റൂമൊന്നു റെഡിയാക്കട്ടെ വൈകിട്ട് ഞാൻ വിളിക്കാം
വൈകിട്ട് വേണു വിളിക്കുന്നതും കാത്ത് മടുത്തിട്ടാണ് അങ്ങോട്ട് വിളിച്ചത്
പല പ്രാവശ്യം വിളിച്ചിട്ടാണ് കിട്ടിയത്
എന്താ വേണൂ
ഷീനാ അത്യാവശ്യമായി ഞാൻ നാട്ടിലേക്ക് പോകുവാ മോന് അസുഖം
വൈഫ് വിളിച്ചു നീ വച്ചോ നമുക്കു പിന്നീട് സംസാരിക്കാം.
ഷീനയ്ക്ക് തല മരയ്ക്കുന്നത് പോലെ തോന്നി വേണുവിനൊപ്പം പലവട്ടം ഫ്ളാറ്റിൽ പോയിട്ടും
ഇത്രനാൾ ഒരുമിച്ച് നടന്നിട്ടും വിവാഹിതനാണെന്ന് ഒരു സൂചന പോലും കിട്ടിയിട്ടില്ല ,
ആഗ്രഹിച്ച പോലെ
സ്നേഹം ആവോളം തരുകയും ചെയ്തു
തന്റ്റെ ശരീരം ചുട്ടു നീറും പോലെ,
റൂമിൽ നിന്നും പുറത്തിറങ്ങാതെ
ഒരേ കിടപ്പു കിടന്നു ഫോൺ ഓഫാക്കിയതിനാൽ ആരുടെയും ശല്യമില്ല.
വൈകിട്ട് കോളിംഗ് ബെൽ ശല്യപ്പെടുത്തിയപ്പോഴാണ് എണീറ്റത് മുന്നിൽ വിനോദിന്റ്റെ അനിയൻ,
എന്തുപറ്റിചേച്ചീ രണ്ടുപേരേം
ഫോണിൽ കിട്ടാതായപ്പോൾ അന്വേഷിച്ച് ഇറങ്ങിയതാ ഞാൻ
ചേട്ടനെവിടെ?
പുറത്തുപോയിക്കാണും
തലവദനയായിട്ടു കിടക്കുകയായിരുന്നു ഞാൻ ,
അപ്പോഴാണു വിനോദിനെ കണ്ടിട്ടു രണ്ടു ദിവസം കഴിഞ്ഞകാര്യം ഓർത്തത്
തീയിൽ ഉരുകും പോലെ എവിടെയെന്കിലും ഒന്നൊളിച്ചിരുന്നെന്കിൽ,
നീയിരിക്ക് ഭയന്കര തലവേദന ഞാനൊന്നു കിടക്കട്ടെ
രാത്രി അവന്റ്റെ അലറിയുള്ള വിളി കേട്ടാണു മുകളിലേക്ക് ചെന്നത് 
ചേട്ടനെ വാരിയെടുത്തു കൊണ്ട്
കാറിൽ കയറ്റി അവൻ,
കാര്യം മനസ്സിലായില്ലെന്കിലും ഷീന
കാറിൽ കയറി
ഡോക്ടർ വിളിപ്പിച്ചപ്പോഴാണു
അകത്തു കയറാൻ പറ്റിയത് 
ഇയാൾ തനിയെ താമസിക്കുകയായിരുന്നു അല്ലേ
സ്ട്രോക്ക് വന്നിട്ട് നാൽപത്തെട്ട്
മണിക്കൂർ കഴിഞ്ഞിരിക്കുന്നു
അനിയന്റ്റെ കണ്ണിൽ നിന്നും തീപ്പന്തങ്ങൾ വരുന്നത് കണ്ട്
ഷീനയുടെ മുഖം ടേബിളിൽ
അമർന്നു.

VG.വാസ്സൻ Image may contain: VG Vassan, beard and indoor

പുലിയുടെ സ്നേഹം

Image may contain: VG Vassan, beard and indoor
_____
മലയോരത്തെ
സംരക്ഷകൻ മരിച്ചു
അന്ന്
ഒരു പുലി
തനിയെ
ചത്തുചീഞ്ഞു

VGV - 

തുപ്പെഴുത്ത്

Image may contain: VG Vassan, beard and indoor

പണ്ടുകാലത്ത് കുറ്റിക്കാടുകളിൽ 
നടത്തിയിരുന്നതും 
പിന്നീട് വീടിനരികിലെ കുടുസുമുറിയിൽ 
ഒതുങ്ങിനിന്നതും 
ഇന്ന് ആഡംബരപൂർവ്വം വീട്ടിൽ 
നക്ഷത്രസൗകര്യങ്ങളിൽ 
ഇരുന്ന് നിർവ്വഹിക്കുന്നതുമായ 
സുപ്രധാന കർമ്മം
ചില യുവജനങ്ങൾ
ഇന്ന്
ഗൃഹ മോന്തായത്തിൽ ഉപവിഷ്ടരായി
മാതൃശിരോവൃഷ്ടിയായി ശബ്ദാഹ്ളാദങ്ങളോടെ
ചെയ്തു വയ്ക്കുമ്പോൾ
നിങ്ങളോർക്കുക
ഒരുതെറ്റും ചെയ്യാത്ത അമ്മകൂടി പഴികേൾക്കുമെന്ന്
പഴഞ്ചൊല്ലിൽ പതിരുണ്ടെങ്കിലും
അമ്മ വേലിചാടി എന്ന് പറയിപ്പിക്കല്ലേ
പാവം അമ്മ
നിങ്ങളെ പെറ്റു വളർത്തിയതല്ലേ
മലർന്നുകിടന്ന് മേലോട്ടാണ് തുപ്പെഴുത്ത്
അത് താഴേയ്ക്ക് തന്നെവരും
സാരോപദേശ ലേഖനം
VGV

കിടങ്ങറ ആറ്റിലെ രാസലീലകൾ

Image may contain: VG Vassan, beard and indoor

^^^^^^^^^^^^^^^^^^^^^^^^^^^^^
ഈയിടെയായി അവൾക്കൊരു
സ്നേഹക്കുറവ് ഉണ്ടെന്ന ഒരു തോന്നൽ
അവനിലുണ്ട് പക്ഷേ,
അവളില്ലാതെ ഒരു ദിവസംപോലും ജീവിക്കാൻ
അവനാകില്ല
പെണ്ണുങ്ങളുടെ കുളിക്കടവിൽ
അവളെത്താറുള്ള സമയം കഴിഞ്ഞു
അവൻ വികാരത്താൽ ക്ഷമ നശിച്ചവനായി ആറ്റിറമ്പിലൂടെ
കുളിക്കടവിലേക്ക് കുറച്ചുകൂടി നീന്തിയെത്തി വെള്ളത്തിലൂളിയിട്ട് നിന്ന്
കണ്ണുകൾ പരമാവധി തുറന്നുപിടിച്ചു
ഭാഗ്യം അവൾ മുങ്ങാംകുഴിയിട്ട് നീന്തിവരുന്നുണ്ട്
ആവേശത്തോടെ മുട്ടിയുരുമ്മാൻ
അടുത്ത അവനിൽനിന്നും അവൾ ഒഴിഞ്ഞുമാറി
ചുണ്ടോടു ചുണ്ട് മുട്ടുമെന്നായപ്പോൾ അവൾ മുഖം വെട്ടിത്തിരിച്ചു
കീഴ്പ്പെടുത്താനായി കുതിച്ചുനീന്തിയ
അവനെ കബളിപ്പിച്ച് ആറ്റിനടിയിലേക്കവൾ മുങ്ങാംകുഴിയിട്ടു
അവളുടെ സാമീപ്യം അവനെ മത്തുപിടിപ്പിച്ചു
അവളുടെ ഒഴിഞ്ഞുമാറ്റം അവനെ ദേഷ്യം പിടിപ്പിച്ചു
അൽപം കഴിഞ്ഞു അവൾ അവനരികിലേക്ക് നീന്തിയെത്തി
നീയിങ്ങനെ ഒഴിഞ്ഞുമാറി നടന്നാലെങ്ങനെയാ
നിനക്കെന്നോട് ഇഷ്ടമില്ലേ
ഞാനോ നമ്മുടെ തലമുറകളോ
ഒരുവളെ ഇഷ്ടമായാൽ
മറ്റൊരു പെണ്ണിനെ നോക്കാത്തവരാണ് എന്നറിയില്ലേ നിനക്ക്
നിന്റെ സൗന്ദര്യം എന്നിൽ രോമാഞ്ചമുണർത്തുന്നു
അല്ലെങ്കിലും
നാലുമണിക്കാറ്റിൽ ഉണരുന്ന കുഞ്ഞലകൾ ആറ്റിറമ്പിലെ കുഞ്ഞളകളിൽ മുട്ടി
ഗ്ളക് ഗ്ളക് ക്ളക് ഗ്ളക്
എന്നൊച്ചവയ്ക്കുമ്പോൾ
എന്റെയുള്ളിൽ ഒരു മാദകലഹരി നിറയുന്നത് നിനക്കറിയില്ലേ
സുന്ദരിപ്പെണ്ണേ എന്നോട് ചേർന്ന്നിൽക്കൂ..
നിങ്ങൾക്ക് പുന്നാരം പറഞ്ഞു ഓരോന്നൂ കാണിച്ചിട്ട് മുങ്ങിയാൽ മതി
പിന്നെ കിടന്ന് അനുഭവിക്കുന്നത് ഞാനാ
എടീ നിന്നെ നഷ്ടമായാൽ
ഈ ചേറിൽ മുഖം കുത്തിനിന്ന്
ഞാൻ ആത്മഹത്യ ചെയ്യും എന്നറിയാവുന്ന നീ തന്നെയാണോ ഇത് പറയുന്നത്
നിങ്ങളോട് ഇഷ്ടമില്ലാഞ്ഞിട്ടാണോ
ആറ്റിറമ്പിൽ ചേർന്ന് നിന്ന് സമാധാനത്തോടെ ഒന്ന് മുട്ടയിടാൻ മറ്റുമോ കമ്പീംകൊണ്ട് വന്ന് ഓരോ അവന്മാര് ചങ്കിനല്ലേ കുത്തിയെടുത്തോണ്ട പോണത്
കരിമീൻ എന്ന് കേൾക്കുമ്പഴേ എല്ലാവനും ഭ്രാന്തല്ലേ
പിള്ളേര് കണ്ടാലോ
കരിങ്കല്ലിന് എറിഞ്ഞുവീഴിക്കും
എടീ അതൊക്കെപ്പറഞ്ഞാൽ
മരിക്കാനായി മുഖം ചേറ്റിൽ മുക്കി നിന്ന കരിമീനെ കമ്പിയെ കോർത്തെടുത്തല്ലേ അവരു വീരവാദം മുഴക്കുന്നത്
വല്യ മീൻപിടുത്തക്കാരനാണുപോലും.
പക്ഷേ നമ്മുടെ തലമുറകൾ അന്യംനിന്ന് പോകരുത് നീ വാ……
അല്ലേലും ഇനി എത്രനാൾ
ആറ്റിറമ്പിലെ പൊത്തുംപോതും ഇല്ലാതാക്കുവല്ലേ
കുട്ടനാട് പാക്കേജാണെടീ
ആറ്റിലെല്ലാം വാർക്കഭിത്തി പണിയുവാടീ
നമ്മളെന്നല്ല
എല്ലാ ജലജിവികളുടെയും കാലന്മാരാടീ
ഇത് നടത്തുന്നത്
എന്നാ ഈ പൊട്ടന്മാര്
പാതിചന്ദ്രന്റെ ഷെയ്പുള്ള തുളവച്ച
കട്ടയുണ്ടാക്കി ഇതു കെട്ടിയാൽ
ഒരു വെള്ളപ്പോക്കം കഴിയുമ്പോൾ
എക്കൽമണ്ണ് അടിഞ്ഞ്
നമുക്കു തനിമയുള്ള കൂടൊരുങ്ങിയേനേ
ഈ സിമിന്റോ
അതല്ലേൽ
ആറ്റിൽ തള്ളുന്ന കുപ്പിയുരുക്കി
പിള്ളേര് എറിയുന്ന മെറ്റലുചേർത്താലും കട്ടയുണ്ടാക്കാൻ മേലേ
അവർക്ക് കാശ് തട്ടിക്കണോംന്നേ ഉള്ളെടീ
നമ്മളൊക്കെ ജീവിക്കണമെന്ന്
ആർക്കാ വിചാരമുള്ളത്
അവൾ തന്റെ ഉടലാകെ അവനോട് ചേർത്തു
വാലുകൊണ്ട് തഴുകി അവനെ വലംവച്ചു
നിങ്ങളു സങ്കടപ്പെടല്ലേ അങ്ങനൊന്നും വരില്ല
അവൾ അവനെ ചുംബനങ്ങളാൽ
പൊതിഞ്ഞു.
VG.VAASSAN

അണ്ണാറക്കണ്ണൻ

Image may contain: VG Vassan, beard and indoor

^^^^^^^^^^^^^^^
ചെഞ്ചായം പൂശിയ ആകാശച്ചെരിവിലേക്ക്
വെറുതെ കണ്ണയച്ചു കിടന്നത് മനസ്സ് അസ്വസ്ഥമായതിനാലാണ് ഇപ്പോൾ അതൊന്നും പതിവില്ലാത്തതാണ്
മുറ്റത്ത് താഴെ പറമ്പിലെ ഒറ്റത്തെങ്ങ്
കാഴ്ചയുടെ നടുവിലാണെങ്കിലും
അതിൽ കണ്ണുടക്കുന്നേയില്ല
ഇരുപുറവും നിന്ന രണ്ട് തെങ്ങുകൾ
ഒറ്റയടിക്ക് ഇടിവെട്ടിപ്പോയിട്ടും
നടുവിൽ നിന്ന തെങ്ങ് ഒരടയാളമോ ഓർമ്മപ്പെടുത്തലോ പോലെ ഇന്ന് ഒറ്റതിരിഞ്ഞ് നിൽക്കുന്നു.
പ്രളയവേദന മലയിറങ്ങി കടലിലെത്തിയപ്പോൾ
മലകയറ്റത്തിന്റെ മാറാവേദന
ഉരുണ്ടു കയറി എത്തുന്നത് തലയ്ക്കു മുകളിൽ മൂളക്കം സൃഷ്ടിക്കൂന്നു
ഒന്നിനുമാകാത്ത നിശ്ചലാവസ്ഥ
കണ്ണുകളെ ഒരു തടവിൽ നിർത്തിയിരിക്കുകയാണ്
ഞാൻ ഉറങ്ങിയിട്ടില്ല ഉണർന്നിട്ടുമില്ല.
രണ്ട് അണ്ണാറക്കണ്ണന്മാർ തൊടിയിലൂടെ
ഓടിച്ചാടി കളിച്ചുവരുന്നത് ഞാൻ കാണുന്നുണ്ട്
അവ ഇണകളാണെന്ന് ചേഷ്ടകളിൽ
ചിൽ ചിൽ മൊഴിയുടെ
വാലിളക്കത്തിൽ എല്ലാം പ്രകടമാണ്
ഒരെണ്ണം ഓടി തെങ്ങിലേക്ക് കയറി
പിന്നാലെ അടുത്തതും
ഓടിയും പതുങ്ങിയും
അവ തെങ്ങോല കവിളിലെത്തി
ഒളിച്ചുകളിയുടെ രസഭാവങ്ങൾ
എനിക്കുപോലും ആസ്വദിക്കാൻ പറ്റി
പക്ഷേ
പിന്നീട് സംഭവിച്ചത്
കണ്ണിനും മനസ്സിനും പിടികിട്ടിയില്ല
കൂമ്പോലവഴി മുകളിലേക്ക് ഓടിയ
അണ്ണാറക്കണ്ണന്മാർ
ആകാശത്തേക്ക് ചാടി
വായുവിൽ മറഞ്ഞുപോയി
ഞാൻ ഞെട്ടിത്തരിച്ചു
ആകാശത്ത് അണ്ണാറക്കണ്ണന്മാർ എവിടെയെന്ന് കണ്ണടയ്ക്കാതെ നോക്കിയിരുന്നു
അൽപസമയം
അതാ രണ്ടു കാറുകൾ
വിമാനംപോലെ ആകാശത്തേക്ക്
ഓടിക്കയറുന്നൂ
ഒന്നിന്റെ മുൻഭാഗം പതിഞ്ഞതും
മറ്റൊന്ന് നീണ്ടതുമായിരുന്നു
അവയിലെ യാത്രക്കാർ
വളരെ വിലകൂടിയ മനോഹര വസ്ത്രം ധരിച്ചവരായിരുന്നു
ആ കാറുകളും ആകാശത്തു മറഞ്ഞുപോയി
എന്താണ് സംഭവിക്കുന്നതെന്ന്
അറിയാതെ ഞാൻ ആകെ ഭയന്നുപോയി
പതിയെപ്പതിയെ
ഞാൻ മനസ്സു ശാന്തമാക്കിയെടുത്തു
പക്ഷേ
അപ്പോൾ ആകാശത്ത്
രണ്ട് രക്തച്ചാലൂകൾ ഒഴുകിയിറങ്ങിവന്നു
അത് തെങ്ങോലകളിൽ മുഴുവൻ
തുള്ളികളായി പടർന്നുവീണു
VG.VAASSAN

ആലുവാക്കാരുടെ ആവലാതികൾ

Image may contain: VG Vassan, beard and indoor

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
സെക്രട്ടറിയേറ്റ് പടിക്കൽ ഉയർന്ന
ഒരുകൂട്ടം ചെറുപ്പക്കാരുടെ മുദ്രാവാക്യം വിളി കേരളത്തിന്റെ ശ്രദ്ധ അങ്ങോട്ടുതിരിച്ചു,
കൊക്കകോളയും
ബിയറും ഉണ്ടാക്കാൻ
മുല്ലപ്പെരിയാറിൽ കമ്പനികളെ അനുവദിക്കൂ
മലയാളികളുടെ ജീവൻ രക്ഷിക്കൂ…
കേട്ടവരിലെല്ലാം ചിരിപടർത്തി
ആ മുദ്രാവാക്യം വായുവിലലിഞ്ഞു
അന്പ്സുകി പക്ഷേ അസ്വസ്ഥയായി .
ആ മുദ്രാവാക്യം ജലവിഭവ വകുപ്പിന്റെ
യുവ എഞ്ചിനീയറായ ആ യുവതിയെ
വല്ലാതെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു
സ്റ്റേറ്റ് അതിന്റെ ജനങ്ങളെ രക്ഷിക്കാൻ
പ്രാപ്തരല്ല എന്ന തിരിച്ചറിവാണ്
ആ യുവജനങ്ങൾ ഇത്തരംഒരു പ്രതിഷേധം പ്രകടിപ്പിക്കാൻ
പ്രേരിപ്പിച്ചത്.
° ° °
ദീർഘനാളത്തെ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ്
അന്പ്സുകി
മന്ത്രിയുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്തിയത്
ദീർഘസമയത്തെ കൂടിക്കാഴ്ച
അവസാനിപ്പിച്ച്
അവർ പുറത്തിറങ്ങിയപ്പോൾ
മന്ത്രിയുടെ മുഖത്ത്
ഗൂഡമായ ഒരു പുഞ്ചിരി തെളിഞ്ഞുവന്നു,
° ° °
ആറുദിവസമായി വലിയ പേമാരിയിൽ
നദികളെല്ലാം നിറഞ്ഞൊഴുകുകയാണ്
സംസ്ഥാന ഗവൺമെന്റ് വേണ്ട മുൻകരുതലെല്ലാം എടുത്തുകഴിഞ്ഞു,
ഡാമുകളെല്ലാം ഏതാനും മണിക്കൂറുകൾക്കകം തുറന്നുവിടും
ഇരുപത് വർഷം മുമ്പ് 2018 ലെ
പ്രളയത്തിന്റെ ഓർമ്മകൾ
പ്രായമായവരെ ഭയപ്പെടുത്തുന്നുണ്ട്
പക്ഷേ സർക്കാർ നടപ്പാക്കിയ
ആയിരം കനാൽ പദ്ധതിയിൽ
വിശ്വാസമർപ്പിച്ച് തികഞ്ഞ
ആത്മവിശ്വാസത്തിലാണ്
യുവജനങ്ങൾ
പ്രധാന ഡാമുകളുടെയെല്ലാം
താഴ് വരയിൽ നിന്നും ആരംഭിക്കുന്ന
നൂറുകണക്കിന് ഭൂഗർഭ കനാലുകളാണ്
സംസ്ഥാനത്തെ മൂന്നായി തിരിച്ച് പൂർത്തിയാക്കിയത്
ഭൂമിയുടെ ഉപരിതലത്തിൽനിന്ന് വെറും
ഒരുമീറ്റർ അടിയിലൂടെ കടന്നുപോകുന്ന
ഒന്നരമീറ്റർ പൈപ്പുകളാണ്
ഡിസ്ചാർജർ കനാലായി സജ്ജീകരിച്ചത്
പൈപ്പ് കുംഭകോണത്തിൽ പെട്ട്
മന്ത്രിസഭ താഴെവീണെങ്കിലും
തുടർന്ന് വന്ന സർക്കാരുകൾ
പദ്ധതി പൂർത്തിയാക്കുകയായിരുന്നു
പൈലറ്റ് പദ്ധതി വൻവിജയമായത്
ലോകശ്രദ്ധ ആകർഷിക്കുകയായിരുന്നു
പമ്പയിൽ നിന്നാരംഭിച്ച
കനാലുകളിലെ
ആദ്യ ജലമൊഴുക്കൽ ചരിത്രമായിത്തീർന്നു
വറ്റിവരണ്ടുകൊണ്ടിരുന്ന
ശാസ്താംകോട്ട തടാകത്തിലായിരുന്നു
കനാലുകൾ എത്തിച്ചു നിർത്തിയത്
ഒരു മഴസീസൻ അവസാനിച്ചപ്പോൾ
ശാസ്താംകോട്ട തടാകം
അതിന്റെ പുരാതന പ്രൗഡി
വീണ്ടെടുത്തു
പിന്നീടിങ്ങോട്ട്
കാർഷിക വളർച്ചകൂടി കണക്കിലെടുത്ത്
മനുഷ്യ ശരീരത്തിലെ ഞരമ്പുകൾ പോലെ
സംസ്ഥാനമൊട്ടാകെ വലുതും ചെറുതുമായ നൂറുകണക്കിന് പൈപ്പ് കനാലുകൾ കടലിലെത്തും വിധം
ക്രമീകരിക്കുകയായിരുന്നു.
° ° °
ഈ രാത്രി ജനം ശാന്തമായുറങ്ങുകയാണ്
ഡാമുകളെല്ലാം തുറന്നുവിട്ടിരിക്കുന്നു
പക്ഷേ നദികളെല്ലാം ശാന്തമായ
ഒഴുക്കു തുടരുകയാണ്
ഡിസ്ചാർജർ കനാലുകളെല്ലാം
സമയക്രമത്തിൽ തുറന്നിരിക്കുന്നു
കടലിൽനിന്ന് വെള്ളം ശേഖരിച്ച് രാജ്യം മുഴുവൻ കൃഷി നനയ്ക്കുകയും
കുടിവെള്ളമെത്തിക്കുകയും ചെയ്യുന്ന
ഇസ്രയേൽ സാങ്കേതികവിദ്യ
നമ്മുടെ ആവശ്യത്തിനുവേണ്ട പരിഷ്കാരങ്ങളോടെ ഉൾച്ചേർത്ത്
കുറ്റമറ്റ ഒരു ജലസേചനസംവിധാനവും
നടപ്പിൽ വരുത്തിയിരിക്കുന്നു
° ° ° °
ആലുവാ മണപ്പുറത്ത്
വലിയ ഒരു സമ്മേളനം നടക്കൂകയാണ്
വലിയ ജനക്കൂട്ടമാണ് അവിടെ കൂടിയിരിക്കുന്നത്
വിശിഷ്ടാതിഥികളുടെ വാഹനങ്ങൾ
നിരനിരയായി വന്നുനിന്നു
ഒരു വാഹനത്തിൽ നിന്നും ഇറങ്ങിയ
പ്രായമായ സ്ത്രീയെ കണ്ടതും
ജനങ്ങളിൽനിന്നും
ആരവമുയർന്നു
അന്പ്സുകി
അന്പ്സുകി
അന്പ്സുകി ജയ്
VG.VAASSAN.

വണ്ടി കണ്ടു കെട്ടാനൊരു മന്ത്രി

Image may contain: VG Vassan, beard and indoor

^^^^^^^^^^^^^^^^^^^^^^^^^^^^^
മുന്തിയ മൂന്ന് പത്രങ്ങളുടെ തലക്കെട്ട്
ഇങ്ങനെയായിരുന്നു
ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്ന പുതിയ മന്ത്രിയെ വില്ലനായി ചിത്രീകരിച്ചു പ്രധാന വാർത്ത ,കാരണങ്ങൾ നിരത്തി
ഘടകകക്ഷി രാഷ്ട്രീയ പിന്നാമ്പുറങ്ങൾ തുറന്ന്കാട്ടി.
യുവ എം.എൽ.എ.യും
പ്രൈവറ്റ് ബസ് മുതലാളി വക്കച്ചൻ അടക്കംകുഴിക്കലിന്റെ പുത്രനുമായ
ജോൺ.എ.വക്കൻ ഇന്ന് സർക്കാർ വാഹനഗതാഗത വകുപ്പിന്റെ ചുമതല ഏൽക്കൂം
പത്രങ്ങളുടെ കണ്ടെത്തലനുസരിച്ച്
വാഹന വകുപ്പിന്റെ മേൽ അവസാനത്തെ ആണിയടിക്കാനും ചരമക്കുറിപ്പെഴുതാനും
പ്രൈവറ്റ് ബസ്‌മുതലാളിമാർ ഇറക്കിയ തുറുപ്പുചീട്ടാണ്
ജോൺ വക്കൻ
രാവിലെ പത്രങ്ങൾ കണ്ടതോടെ
ജോൺ ആകെ സമ്മർദ്ദത്തിലും
കോപത്തിലുമാണ്
ചില നിഗൂഡ ലക്ഷ്യങ്ങൾ ഉള്ളിൽ വച്ചുകൊണ്ടാണ് മന്ത്രിസ്ഥാനം പിടിച്ചു വാങ്ങിയത്
ആദ്യദിവസംതന്നെ വില്ലൻവേഷം കെട്ടിച്ച പത്രക്കാരെ കയ്യിൽ കിട്ടിയിരുന്നേൽ
ജോൺ ഇന്ന് കൊന്ന് കൊലവിളിച്ചേനേ.
സത്യപ്രതിജ്ഞ കഴിഞ്ഞു വൈകുന്നേരം പത്രസമ്മേളനത്തിന് എത്തിയ മാധ്യമ പ്രവർത്തകരുടെനേരേ മന്ത്രി
ചീറ്റപ്പുലിയെപ്പോലെ ചീറി
ഇവിടം പൊളിച്ചടുക്കാനാണ് ഈ മന്ത്രിക്കസേര ഞാൻ സ്വന്തമാക്കിയത്
അത് ഞാൻ നടത്തിയിട്ടേ ഇവിടെനിന്ന് പോകൂ
എന്നെ എത്രവേണമെങ്കിലും എഴുതിനാറ്റിച്ചോളൂ
എന്റെ തൊഴിലാളികളെ പൊന്നുപോലെ
കാത്തുസൂക്ഷിച്ചുകൊണ്ട്തന്നെ ഇതിന്റെ അലകുംപിടിയും ഞാൻമാറ്റും
ജനിച്ചുവീണപ്പോൾ മുതൽ ബസ് സർവ്വീസിന്റെ അടിയുംകളിയും കണ്ടുവളർന്ന ജോൺവക്കനാണ് പറയുന്നത്
നിങ്ങൾക്ക് തടയാൻ പറ്റുമോ എന്ന് നോക്ക്,
ഓർഡിനറി ബസ് മുഴുവൻ
റെന്റ് എ ബസ്
പദ്ധതിയിലേക്ക് മാറ്റാനാണ് തീരുമാനം
ഡെയ്ലീ വാടകയ്ക്ക് ബസുകൾ വിട്ടു നൽകും.
പത്രക്കാർ ശരിക്കും ഞെട്ടിത്തരിച്ചുപോയി
എഴുതിവിട്ടതിലും ഭീകരനാണ് മുന്നിലിരിക്കുന്നത് എന്ന സത്യം അവരുടെ മുഖങ്ങളിൽ
ഭയത്തിന്റെ നിഴൽ വീഴിച്ചു.
വക്കച്ചൻ മുതലാളിയുടെ ഗുണ്ടാസംഘം
അത്ര പ്രസിദ്ധമാണെന്നതാണ്
അവിടെയൊരു മൗനം സൃഷ്ടിച്ചത്
മന്ത്രിയുടെ അടുത്തവാചകമാണ് അവരെ ഉണർത്തിയത്
മൂന്നുദിവസത്തിനകം ജീവനക്കാരുടെയും മന്ത്രിയുടെയും കൂടിയാലോചനായോഗമുണ്ടാകും
പക്ഷേ പത്രക്കാർക്ക് പ്രവേശനമുണ്ടായിരിക്കില്ല.
വാർത്താസമ്മേളനം അവസാനിച്ചിരിക്കുന്നു,
ചോദ്യങ്ങൾക്ക് നേരേ മുഖം തിരിച്ച് മന്ത്രി കടന്നുപോയി
° ° °
ഓരോ ഡിപ്പോയിൽ നിന്നും
വിദ്യാഭ്യാസം ഉള്ള പത്ത്പേരും
അനുഭവസമ്പത്തുള്ള അഞ്ച് പേരുമടങ്ങുന്ന പ്രതിനിധി സംഘമാണ്
ആലോചനായോഗത്തിലേക്ക് ക്ഷണിക്കപ്പെട്ട് എത്തിച്ചേർന്നത്
മന്ത്രി ചർച്ചയ്ക്ക് തുടക്കമീട്ടൂ
നാളെ ജനിക്കാനിരിക്കുന്ന കൊച്ചിനു പെൻഷൻ കൊടുക്കാനായിട്ട് ഈ സംവിധാനം നിലനിർത്തണം എന്ന യൂണിയൻ മൂരാച്ചിസം ഈ ചർച്ചയിൽ നിരോധിച്ചിരിക്കുന്നു കാരണം നാളെ ലോകം എന്താകുമെന്ന് നമുക്കു പ്രവചിക്കാനാവില്ല
തെളിവിതാ നോക്ക്
കമ്പ്യൂട്ടറിനെതിരെ തെരുവിൽ ഘോരഘോരം സമരംചെയ്തവരുടെ മക്കളെല്ലാം ഇന്ന് കമ്പ്യൂട്ടർ ഉപയോഗിച്ച് തൊഴിൽനേടി സുഖമായി ജീവിക്കുന്നു
അതിനാൽ ചില പരിഷ്കാരങ്ങൾ വരുത്തുകയാണ്
മാർക്കറ്റ് വിലയിലും കൂടിയതുകയ്ക്ക് ഡീസൽ വാങ്ങുന്ന ഇടപാട് ഇന്നത്തോടെ നിർത്തുകയാണ്
നമ്മുടെ പമ്പുകൾ നിർത്തലാക്കി
പുറത്തുംന്ന് നാളെ മുതൽ ഡീസലടിക്കും
വ്യക്തികൾക്ക് ലൈസൻസ് എടുക്കുന്നതിന് നമ്മുടെ പമ്പ് ലീസിനു നൽകുന്നതായിരിക്കും
റോഡിനോട് ചേർന്ന് അവർ ആരംഭിക്കുന്ന പെട്രോൾ ഔട്ട്ലെറ്റുകൾ ഉൾപ്പടെ വരുമാനത്തിന്റെ എഴുപത്തഞ്ച് ശതമാനമായിരീക്കും വാടക
നമ്മുടെ വകുപ്പിൽ സർവ്വീസിലിരിക്കെ മരണപ്പെട്ട സഹോദരങ്ങളുടെ വിധവകൾക്കായിരിക്കും പ്രഥമ പരിഗണന,
റെന്റ് എ ബസ് പദ്ധതി നിങ്ങളിൽ സംശയം ഉണ്ടാക്കിയിട്ടുണ്ട് എന്നറിയാം
ബസ് വാടകയ്ക്ക് നൽകിയാലും നിങ്ങളിൽ ഒരാളുടെപോലും തൊഴിൽ നഷ്ടപ്പെടില്ല
ആറുപുതിയ ടയറിട്ടായിരിക്കും ബസ് നൽകുക
ആറു ടയറിന്റെ വിലയാണ് ഒരു വ്യക്തിയുടെ മുടക്കുമുതൽ
നമുക്ക് അപ്പോൾ ടയറ് മിച്ചമാകും
അങ്ങനെ കൊടുത്തില്ലെങ്കിൽ
അവൻ ടയർ ഊരിവിറ്റിട്ട് വണ്ടി തിരിച്ചേൽപ്പിച്ചാൽ
നമ്മൾ പെടും,
തൊഴിലാളികൾക്കിടയിൽ ഒരു മർമ്മരം രൂപപ്പെട്ടു.
ഡെയ്ലി സർവ്വീസ് ഫാസ്റ്റ് ബസ് മുഴുവൻ
ബസ്പാസും ടിക്കറ്റ് മെഷീനും സ്ഥാപിക്കുകയാണ് ഇംപോർട്ടഡ് മെഷീൻ
എല്ലാ ബസിലുമുണ്ടാകും
ഈ ബസുകളിൽ ഡ്രൈവർ മാത്രമേ ഉണ്ടാകൂ ഓരോ ഡിപ്പോയിലും ഡ്രൈവർമാർക്ക് ഫ്രൂട്സ് കരുതിയിട്ടുണ്ടാകും അത് വാങ്ങി ഡൂട്ടിടൈമിൽ കഴിക്കാവുന്നതാണ്.
റെന്റ് എ ബസിന്റെ ലാഭം
ഇന്ധനവും ശമ്പളവുമായി ചിലവാകുന്ന
ഏഴായിരം ഒഴിവാകും
പ്രതിദിനം ഒരു രണ്ടായിരം വരുമാനം കിട്ടിയാലും മതി
നമുക്ക് ദിവസവും ഒൻപതിനായിരം മൂല്യം നമ്മുടെ കയ്യിലെത്തും ഓരോ ബസിൽ നിന്നും.
° ° °
വാഹന വകുപ്പ് വിൽപ്പനയ്ക്ക്
അന്തിച്ചർച്ചകളും പത്ര ലേഖനങ്ങളും
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചു
രഹസ്യമായി അവർക്കു വിവരങ്ങൾ കൈമാറിയ വാഹനവകുപ്പ് സെക്രട്ടറി
ജോത്സ്ന IAS ഒന്നു ചിരിച്ചു
മന്ത്രിയുടെ നാട്ടുകാരിയും ആജന്മശത്രുവുമാണ് ജോത്സ്ന
വേദപാഠ ക്ളാസിൽവച്ച്
എനിക്കു നിന്നോട് പ്രേമമാണെടീ നിന്നെ ഞാൻ കെട്ടിക്കോളാം എന്ന് നാൽപത് പിള്ളേരെ സാക്ഷി നിർത്തി വിളിച്ചുപറഞ്ഞതോടെയാണ് രണ്ടു പേരുംതമ്മിലുള്ള യുദ്ധം ആരംഭിക്കുന്നത്
പിന്നീട് ഐഎഎസ് ട്രെയിനിംഗിന് നാടുവിടുന്നത് വരെ ജോണിന്റെ വായിനോട്ടത്തിന്റെ ഇരയായിരുന്നു
ജോത്സ്ന
നേരിട്ട് ഉപദ്രവിച്ചിട്ടില്ല എന്നതുമാത്രമാണ്
ഒരുഗുണമുള്ളത്
സാധുവും വിധവയുമായ അന്നമ്മയുടെ മോള് വാശിയോടെ പഠിച്ച് ഈ നിലയിലെത്തി നാടിന് അഭിമാനമായി
പള്ളിക്കാര് കണ്ടെത്തിനൽകിയ സ്പോൺസറാണ് പത്താം ക്ലാസ് മുതൽ
ജോത്സ്നയുടെ പഠനച്ചിലവ് നടത്തിയത്
വിവാഹം വേണ്ടെന്ന് തീരുമാനിച്ച് സ്റ്റേറ്റിന് പരിപൂർണ്ണ സേവനം നൽകുകയാണ്
സത്യസന്ധയായ ഈ ഉദ്യോഗസ്ഥ
നോട്ടിനേയും
പെണ്ണിനേയും
എങ്ങനെയും തന്റെ കുഴിയിൽ ചാടിക്കുന്ന
വക്കച്ചൻ മുതലാളിയുടെ കുപ്രസിദ്ധി
ജോണിനോടുള്ള വെറുപ്പിന്
ജോത്സ്ന കേട്ടറിഞ്ഞ വിവരങ്ങളും ഒരു കാരണമാണ്,
പെണ്ണിനെ ചതിക്കുന്നവർ എന്ന ഒരു അവജ്ഞ നാട്ടുകാരുടെ ഇടയിലുണ്ടുതാനും
° ° °
സർക്കാർ വകുപ്പിനെ ബസ് മുതലാളിമാരുടെ ബിനാമികൾക്ക് കൈമാറാനുള്ള രഹസ്യനീക്കം
എന്ന പ്രതിപക്ഷ ആരോപണത്തിൽ മന്ത്രിസഭ ആടിയുലഞ്ഞു,
പിറ്റേന്ന് കൃഷിമന്ത്രി
മന്ത്രി ജോൺ വക്കനോടൊപ്പം നടത്തിയ
വാർത്താസമ്മേളനം
സർവ്വരുടേയും വായ മൂടിക്കെട്ടി
അവശ്യവസ്തു നിയമപ്രകാരം പച്ചക്കറിയുടെ മൊത്തവിതരണ സംഭരണം സംസ്ഥാന ഗവൺമെന്റ് ഏറ്റെടുക്കുകയാണ്
വാഹനവകുപ്പ് ഏറ്റെടുത്തിരിക്കുന്ന ഈ പദ്ധതി ജനങ്ങൾക്ക് ശുദ്ധമായ പച്ചക്കറികൾ ലഭ്യമാക്കും
ഗതാഗത മന്ത്രി നിങ്ങളോട് സംസാരിക്കും
ജോൺവക്കൻ വിശദീകരിച്ചു
ഞങ്ങളുടെ എല്ലാ ഡിപ്പോയോടും അനുബന്ധിച്ച് ഫ്രീസർ ഹാളോടുകൂടിയ
വിഷ ശുദ്ധീകരണം നടത്തിയ പച്ചക്കറികൾ മൊത്തമായും ചില്ലറയായും ലഭ്യമാക്കും
പാലക്കാട്
കാന്തല്ലൂര് വട്ടവട
കൊല്ലം
ആലപ്പുഴ കഞ്ഞിക്കുഴി തുടങ്ങി എല്ലാ മേഖലയിൽനിന്നും
ഞങ്ങളുടെ ബസുകൾ പച്ചക്കറികൾ ഡിപ്പോകളിലെത്തിക്കും
ഈ വ്യാപാരത്തിൽനിന്നും
പെട്രോൾ പമ്പിൽനിന്നും ലഭിക്കുന്ന വരുമാനം വാഹനവകുപ്പിനെ
നാളെ നൂറ്കോടി വിളയിക്കുന്ന പ്രസ്ഥാനമായി മാറ്റും
ഇതിന്റെ ലാഭം നാളെ മറ്റ് പ്രവർത്തനങ്ങൾ
ഏറ്റെടുക്കാൻ
വകുപ്പിനെ പ്രാപ്തിയുള്ളതാക്കും
° ° °
കാറ്റ് ആകെ മാറി വീശിയിരിക്കുന്നു
രണ്ട് വർഷംകടന്നുപോയിരിക്കുന്നു
പത്രങ്ങൾ ഇന്ന് ജോൺ വക്കന്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടാൻ മത്സരിക്കുകയാണ്
പ്രസ്ഥാനം ഇന്ന് രാജ്യത്തിന് മാതൃകയായിരിക്കുന്നു
സർവ്വാദരണീയനായ വ്യക്തിയായി
ജോൺവക്കൻ വളർന്നിരിക്കുന്നു
ജോത്സനയും ജോണിന്റെ സത്യസന്ധത
അംഗീകരിച്ച് ഇന്ന് സുഹൃത്തായി മാറിയിരിക്കുന്നു
ചെറുപ്പത്തിലെ കുരുത്തക്കേടുകൾക്ക്
ജോൺ മാപ്പ് പറഞ്ഞതോടെ
രണ്ട് പേരുടെ ഇടയിലുമുണ്ടായിരുന്ന
അകൽച്ച ഇല്ലാതാകുകയായിരുന്നു.
° ° °
രണ്ട് പേർക്കും അന്ന് സന്തോഷമുള്ള ദിവസമായിരുന്നു
ഫാദർ.ആന്റണി വലിയന്മാക്കൻ
അവരെ കാണാനാഗ്രഹിച്ച് അന്ന്
തിരുവനന്തപുരത്ത് വരുമെന്നറിയിച്ചിട്ടുണ്ട്
ജോത്സ്ന സ്നേഹവും നന്ദിയും നിറഞ്ഞ ഹൃദയത്തോടെ വലിയ ഉത്സാഹത്തിലാണ്
അച്ചനു കുട്ടികളോട് വലിയ വാത്സല്യമായിരുന്നു
അൾത്താരബാലനായ ജോണും
കുഞ്ഞുപാട്ടുകാരിയായ ജോത്സനയും
അച്ചന്റെ കുട്ടിപ്പട്ടാളമായിരുന്നു,
പഠനച്ചിലവെല്ലാം എത്തിച്ചുനൽകി
ഐഎഎസ് എടുക്കുന്നവരെ അച്ചൻ തണലായുണ്ടായിരുന്നു ജോത്സനയ്ക്ക്
അച്ചനെ കണ്ടതും നന്ദി കൊണ്ട് അവളുടെ കണ്ണുകൾ തുളുമ്പി നിന്നു
അരമണിക്കൂർ അവരുടെകൂടെ ചിലവഴിച്ച ആ വൃദ്ധവൈദികൻ
പോകാനൊരുങ്ങി
മക്കളെ നിങ്ങൾ തമ്മിൽ മത്സരിച്ചാണ്
വളർന്നത്
നീ പഠിച്ചു വളർന്നപ്പോൾ
നിന്റെ ഒപ്പംനിൽക്കാനാണ ഇവൻ രാഷ്ട്രീയം കളിച്ച് മുന്നേറിയത്
ഇന്നവൻ അത് മറന്നു നാടിന്റെ സ്വന്തമായി
നീയും നാടിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നു
നല്ലത്,
ഈ വൃദ്ധന്റെ ഒരാഗ്രഹമാണ് നിങ്ങളെ
ഒരു കുടുംബമായി കാണണമെന്നുള്ളത്
നിങ്ങളുടെ വിവാഹം
ആശീർവ്വദിക്കാൻ പറ്റുക എന്റെ ജീവിതത്തിലെ ഒരു ഭാഗ്യ നിമിഷമാകും
കുഞ്ഞിലേമുതലേ നിങ്ങളുരണ്ടും
എന്റെ മക്കളായിരുന്നു
ഇനി നമ്മൾ കാണുന്നത്
നിങ്ങളെന്നെ വിവാഹം ക്ഷണിക്കാനായിരിക്കണം
അച്ചൻ യാത്രയായി
° ° °
നാട്ടുകാരുടെയും കേരളത്തിന്റെ തന്നെയും
ഒരാഘോഷമായി ആ വിവാഹം
ജോണിന്റെ അമ്മ വർഷങ്ങൾക്കുശേഷം
ചിരിച്ചദിവസമായിരുന്നു അത്
ക്രൂരനായ ഒരു മനുഷ്യനോടൊപ്പം
അകംകരഞ്ഞു ജീവിച്ച ഒരു സാധുസ്ത്രീ
ഉള്ളുതുറന്നു സന്തോഷിച്ചദിവസം
വിവാഹ വേദിയിലും പരിസരത്തും ജോത്സനയുടെ കണ്ണുകൾ അലഞ്ഞുനടന്നു
ഒരജ്ഞാതൻ തന്റെ നേരേ നടന്നടുക്കുന്നത് നോക്കി
തന്റെ സ്പോൺസർ
പത്താംക്ലാസ് മുതൽ തന്നെ പഠിപ്പിച്ച
വലിയമനുഷ്യൻ
അച്ചന്റെ കൂട്ടുകാരനാണ്
പത്തിൽ നല്ലമാർക്ക് വാങ്ങിയ തന്നെ പഠിപ്പിക്കാൻ പള്ളിയിൽ സഹായാഭ്യർത്ഥന നടത്തിയ അന്നുമുതൽ ഐഎഎസ് വരെ ആ നന്മമരം തണലൊരുക്കി
കല്യാണത്തിനു വരും എന്ന് അച്ചൻ ഉറപ്പുതന്നതാണ്
അപരിചിതനായ ഒരു വൃദ്ധനെ അവളുടെ കണ്ണുകൾ തേടിക്കൊണ്ടിരുന്നു
° ° °
രാത്രി
ജോൺ വക്കന്റെ കൊട്ടാരസമാനമായ വീട്ടിൽ
മണിയറയിലേക്ക് പ്രവേശിക്കാനായി
ഒരു ഗ്ളാസ് പാലുമായി അടുക്കളയിൽ
ജോത്സ്ന ഗ്ളാസ്സിൽ തെരുപ്പിടിച്ചുകൊണ്ട്
നിന്നു
അവൾക്കു മുമ്പേ ജോണിന്റെ അമ്മ
മണിയറയിലേക്ക് കയറിപ്പോയി
നാണിച്ചു ചമ്മിയമുഖത്തോടെ
അവൾ പൂറത്തു കാത്തുനിന്നു.
മോനേ
അമ്മയുടെ കണ്ഠമിടറി
പൊന്നുമോനേ
എന്തെങ്കിലും തിരിച്ചുകിട്ടാനല്ല
ജോത്സ്ന മോളെ അമ്മ പഠിപ്പിച്ചത്
അന്ന്
അവൾ പത്തിൽ ജയിച്ചു സഹായിക്കണം
എന്ന് പള്ളിയിൽ വിളിച്ചുപറഞ്ഞ രാത്രി
കുടുക്ക പൊട്ടിച്ച പണവുമായി എന്റെ മോൻ പള്ളിയിലേക്ക് ഓടിയപ്പോൾ
എത്രവലിയ സമ്മാനത്തിനുവേണ്ടിയാണ്
എന്റെ മകൻ ഓടുന്നതെന്ന് അമ്മ ഓർത്തില്ല
നിന്റെ ആഗ്രഹത്തിനു അവളെ പഠിപ്പിച്ചു
ഇന്ന് നീ അവളെ എനിക്കു മകളായിതന്നു
നിന്നെ പെറ്റുവളർത്താനായ അമ്മയ്ക്ക്
വേറെ എന്തുവേണം
ഈ പാവം അമ്മയ്ക്ക്
ഇനി എന്തുവേണം
ജീവിതകാലം മുഴുവൻ കരഞ്ഞവളാണ് അമ്മ
അവർ മകനെ കെട്ടിപ്പിടിച്ചു
രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
VG.VAASSAN

മലയാളനാട് 2025

Image may contain: VG Vassan, beard and indoor

^^^^^^^^^^^^^^^^
റോഡ് തൂണുകളിൽ ഉയർന്ന് നിൽക്കുന്ന
ഒരുപാട് ഇടങ്ങളുള്ള ഒരു വികസിത രാജ്യത്തിന്റെ മുഖച്ഛായ മലയാളനാടിന് അതിവേഗം വന്നത് കണ്ട് ലോകം
അത്ഭുതപ്പെട്ടു
അതിനടിയിൽ പാർക്കിംഗ് കൃഷി പൂച്ചെടികൾ ഇങ്ങനെ ഈ നാട് ഒരു തനത് മാതൃക സൃഷ്ടിച്ചെടുത്തത് അതിവേഗമായിരുന്നു
ദിവസവും റോഡിലെ കുഴിയിൽ വീണ്
റ്റുവീലർ യാത്രക്കാർ മരണപ്പെട്ടിരുന്ന സംഭവം പരിപൂർണ്ണമായി ഇല്ലാതായിരിക്കുന്നു
റോഡ് സംരക്ഷണം ബ്ളോക്ക് പഞ്ചായത്തിന് കൈമാറിയതോടെയാണ്
ഇത് സാധ്യമായത്
ഏഴ് കോടിരൂപ വിലയുള്ള കുഴിയടയ്ക്കൽ മെഷീൻ ഓരോന്ന് ഓരോ ബ്ളോക്ക് പഞ്ചായത്തിലും പ്രവർത്തിക്കുന്നു
കുഴിയുടെ വശങ്ങൾ ചതുരംവെട്ടി മനോഹരമായി നികത്തി ടാർ ചെയ്തു കടന്നു പോകുന്ന ആ മെഷീൻ ഇന്ന് നാടിന്റെ അഭിമാനമാണ്
ഫയർഫോഴ്‌സ് വിപുലീകരണമായിരുന്നു
ലോകശ്രദ്ധ നേടിയ മറ്റൊരു പ്രത്യേകത
ഓട്ടോറിക്ഷ തൊഴിലാളികളെ തിരഞ്ഞെടുത്ത് പരിശീലനം നൽകി യാണ് സഹായ സേനയെ വാർത്തെടൂത്തത്
ഇപ്പോൾ ഏതുഗ്രാമത്തിലും അടിയന്തര സാഹചര്യങ്ങൾ അങ്കലാപ്പില്ലാതെ നിയന്ത്രിക്കാനും രക്ഷാപ്രവർത്തനത്തിനും
സുസജ്ജ സൈന്യമാണ് രൂപപ്പെട്ടത്
ഓരോ പഞ്ചായത്തിലും ഇരുപത്തഞ്ചു ലൈഫ്ജാക്കറ്റ് വൃത്തിയായി സൂച്ഷിച്ചിരിക്കുന്നു
പഞ്ചായത്ത് മെമ്പറുടെ വീടുകളിൽ മൂന്നെണ്ണം വീതം വേറെയും.
ഓരോ പഞ്ചായത്ത് മുറ്റത്തും ഓരോ ട്രോളിവാൻ
ആയിരത്തഞ്ഞൂറ് ലിറ്റർ വെള്ളം നിറച്ച ടാങ്കും പമ്പിങ് മോട്ടറുമായി റെഡിയായി കിടക്കുന്നു
സാധാരണ സമയങ്ങളിൽ കുടിവെള്ള വിതരണംനടത്തുന്ന ഈ സംവിധാനം
തീപിടുത്തമുണ്ടാകുന്ന ഇടങ്ങളിൽ
പത്ത് മിനിറ്റിൽ കാര്യങ്ങൾ നിയന്ത്രണത്തിലാക്കി ഫയർഫോഴ്സിന് കരുത്തേകുന്നു.
ബ്ളോക്ക് പഞ്ചായത്തിന്റെ ആമ്പുലൻസ്
ആരോഗ്യകേന്ദ്രങ്ങളുടെ കെയർഗീവർ വാനായി ജനങ്ങളുടെ വിശ്വാസമായി മാറിയിരിക്കുന്നു.
നൂറ് ഗ്രാമിന് ഒരു കൂട് എന്ന മാലിന്യം ഒഴിവാക്കി കുടുംബശ്രീ ഏകീകൃത കറിപ്പൊടികൾ കർശനമാക്കിയിരിക്കുന്നു,
ഏറ്റവും അത്ഭുതമായത്
വൈദ്യുതി സോളാർ വൈദ്യുതി ഉപയോഗിച്ച് മനുഷ്യവിസർജ്യം ദഹിപ്പിച്ച് ഭസ്മമാക്കുന്ന ടോയ്ലറ്റ് ലോകത്ത് ആദ്യമായി ഓരോവീട്ടിലും നടപ്പാക്കിയിരിക്കുന്നു ,
ഓരോ ജയിലിനോടനുബന്ധിച്ച് ചെറിയ
സെപ്റ്റിക്ടാങ്ക് വാർക്കുന്ന യൂണിറ്റ് തുടങ്ങി എല്ലായിടത്തും എത്തിച്ച് ജലജന്യ രോഗങ്ങളെ പരമാവധി തടഞ്ഞിരിക്കുന്നു
ജനങ്ങളിൽ വലിയൊരു മാറ്റം വന്നിരിക്കുന്നു
മാലിന്യ രഹിതജീവിതം എന്ന അതിവികസിത ശൈലി പ്രൈമറിമുതൽ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു
മാലിന്യം അപമാനം എന്നൊരു കാഴ്ചപ്പാട്
ഉണ്ടായിവന്നിരിക്കുന്നു
2018
കനകക്കുന്ന് കൊട്ടാരം
മുഖ്യമന്ത്രി മന്ത്രിമാർ കളക്ടർമാർ
എം.എൽ.എ. മാർ
പത്രക്കാർ ഇവരടങ്ങുന്ന വലിയൊരു സമ്മേളന വേദിയുടെ ഹാളിനു വെളിയിൽ
പെട്ടെന്ന് ഒരു ബഹളം
ഒരു മനുഷ്യൻ ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നു
പോലീസ് അയാളെ പിടിച്ചു നിർത്തിയിരിക്കുന്നു
ശബ്ദം ഉയർന്നതോടെ ചാനൽ ക്യാമറ
അങ്ങോട്ടുതിരിഞ്ഞു
അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു
ഞാൻ മലയാളിയാണ്
എനിക്കിവരോട് സംസാരിക്കാനുണ്ട്
അനുവദിച്ചില്ലെങ്കിൽ
ഇവിടെ ഒരു
ആത്മഹത്യ നിങ്ങൾക്ക് കാണേണ്ടിവരും
പോലീസ് അറിയാതെ കൈ അയച്ചു
മുഖ്യമന്ത്രി ആ മനുഷ്യനെ അകത്തേക്ക് ക്ഷണിച്ചു
അയാൾ പറയാൻ തുടങ്ങി,
നമ്മുടെ നാടിനെ രക്ഷിക്കാൻ ചേർന്നിരിക്കുന്ന ഈ സമ്മേളനത്തിന്
ആശംസകൾ.
കാലങ്ങളായി നാം തുടരുന്ന മാതൃകകളിൽ ചിതൽപിടിച്ചിരിക്കുന്നു
അടിസ്ഥാന സൗകര്യ നിർമ്മാണത്തിലെ വിവേകമാണ് ഒരോ നാടിനേയും
അതിന്റെ തനതൂ മേന്മയിൽ ഉറപ്പിച്ച് നിർത്തുന്നത്
ആയതിനാൽ
പൊതുജന സർക്കാർ പങ്കാളിത്തമുള്ള
ഒര ബ്രിഡ്ജ് ആന്റ് റോഡ് നിർമ്മാണ കമ്പനി രൂപവത്കരിച്ചു പ്രവർത്തിക്കണം
നൂറ് ദിവസംകൊണ്ട് പാലം നിർമ്മിക്കുന്ന രാജ്യങ്ങളുടെ ടെക്‌നോളജി നമുക്ക് കരഗതമാക്കണം
പതിനായിരം കോടി ഷെയർ പിരിച്ചെടുക്കാൻ ഈ കമ്പനി ഒരുവർഷം പ്രവർത്തിച്ചാൽ മതി.
സർക്കാർ ഉത്തരവിലൂടെ നിലവിലുള്ള
എല്ലാ ടോൾ പിരിവും
നിർമ്മാണച്ചിലവ് നൽകി പിരിച്ചുവിട്ട്
നമ്മുടെ കമ്പനിയെ ഏൽപിക്കുക
മാസം പത്തുകോടി രൂപയാണ് ടോൾ വഴി കൊള്ളയടിക്കപ്പെടുന്നത്
ഇതെ നേരേ പകുതിയാക്കാനും
പരിമിതകാലം കൊണ്ട് ടോൾ അവസാനിപ്പിക്കേനും ഈ കമ്പനിക്ക് കഴിയും
പുതിയതായി എല്ലാ ടോൾ പാലങ്ങളും
റോഡുകളും കമ്പനി കൈകാര്യം ചെയ്യട്ടെ
പി.ഡബ്ല്യു. ഡി. ഉദ്യോഗസ്ഥർ ഈ കമ്പനി സ്റ്റാഫാകട്ടെ
എല്ലാ കൊള്ളത്തരങ്ങളും നിർജ്ജീവമാകട്ടെ
കമ്പനിയുമായി ബ്ളോക്ക് പഞ്ചായത്ത് സഹകരിച്ചു പ്രവർത്തിക്കുന്ന
രീതി ആവിഷ്കരിക്കണം
സാമൂഹിക ഉത്തരവാദമായി
നവീന ആശയങ്ങൾ ഗവൺമെന്റുമായി
ചേർന്ന് നടപ്പാക്കട്ടെ,
വി.ജെ.കുര്യൻ
നേതൃത്വം നൽകുന്ന
ഇത്തരമൊരു കമ്പനി ഈനാടിനെ
ഏഴുവർഷംകൊണ്ട് ലോകത്തിന്റെ നിറുകയിലെത്തിക്കും
ഗാന്ധിജിയുടെ ഗ്രാമസ്വരാജിനെ കൂടെ ചേർത്താൽ മാലിന്യ മുക്ത നാടായി നമ്മുടെ നാട് ലോകത്തിന്
മറ്റൊരു മോഡൽ നമുക്കു നൽകാം.
VG.VASSAN
1.9.2018

ചൂള

Image may contain: VG Vassan, beard and indoor


^^^^^
അവളിനി പിറക്കേണ്ടതുണ്ടോ
ആരാണവൾക്കായിടമൊരുക്കാൻ
ഇനിയൊരുകാലം കരമുയർത്താൻ
ഈർച്ചവാൾച്ചിറകുതാഴ്ത്തിയപൂവന്മാർ
ഉടലിലേറി കുഞ്ചിയിൽ കൊത്തിയാൽ
ഊമയായോരുരുവായി കിടക്കുവാൻ
ഋതുമതിയാകുന്നതിന്നേറെമുന്നേ
ഒരുങ്ങുവാനാണോ പിറക്കേണ്ടത്
ഓർമ്മയിലോമനക്കുരുന്നായ് പെണ്ണിനിനി
ഔദാര്യം നൽകുമോ ജന്മലോകം
അംഗഛേദിതപുഷ്പമായ് ഭൂമിയിൽ
അപഹാസ്യരേതസ്സിൽ തളിർക്കേണമോ
കാട്ടാളലോകത്തിൻ കാലത്തവളിനി
അരക്കെട്ടിലൊരുചൂള കരുതിപ്പിറക്കട്ടെ
ഖരമതിൽ കഠിനമാമീർച്ചവാളതിലിനി
ഉരുകിയൊലിക്കും ചൂളയുമായിനി
ഉയിരെടുക്കാനൊരു കരുത്തുമായവളിനി
തിളയ്ക്കുന്ന പെണ്ണായ് പിറന്നിടട്ടെ
VG.വാസ്സൻ

കവിതപ്രകാശ ചൊറിച്ചിൽ മരുന്ന്

Image may contain: VG Vassan, beard and indoor

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
ഉള്ളൂരാണേലും
ഉള്ളറിയാത്തവർ
ഉള്ളിപോലെന്നുരച്ചാലും
ഉൾക്കാമ്പുകണ്ടവർ
ഉത്ബുദ്ധരാകുവാൻ
ഉത്സാഹിപ്പിച്ചരികിലും
ഉണർത്ത് രാഗം മൂളിയ
ഉപഹാര ഹാരങ്ങൾ തൻ
ഉത്തമ പുഷ്പങ്ങളെ
ഉണരാത്ത നാസികാ നയനേ
ഉർവ്വശിയാം താനോ
ഉരിയാടാതറിയാ പ്രതിമയായ
ഉരുൾപൊട്ടലിൽ കണ്ണടച്ചു
ഉണർന്നുപിന്നെ മനംപിരട്ടി
ഉഴുതു കീറി നിലംപരിശേ
ഉള്ളിതന്നെന്ന് ഉറക്കെ
ഉറക്കെ ഉച്ചഭാഷിണീഭാഷണം
VG.വാസ്സൻ

അനന്താനന്ദാന്വേഷണം. 17

Image may contain: 1 person, text

^^^^^^^^^^^^^^^^^^^^^^^^^^
ജനിജൻ താനറിഞ്ഞുകൊണ്ടിരിക്കുന്ന
അറിവിന്റെ അനുഭൂതികളിൽ
സ്വയമലിഞ്ഞ അവസ്ഥയിലായി
അസ്തമയത്തിനു മുമ്പേ
രാജാവിനെ യാത്രയാക്കിയ
മഹർഷി ശിഷ്യരോടൊപ്പം
പുൽത്തകിടിയിൽ നടന്ന് വന്ന്
നദി രണ്ടായി പിരിയുന്നതിനഭിമുഖമായി
ഇരുന്നു
ചുറ്റുമായി ശിഷ്യരും
മുനികുമാരന്മാർ പഠനംകഴിഞ്ഞ്
നാളെ യാത്രയാവൂകയാണ്
മൂന്നു സൂര്യസഞ്ചാരകാലം
ഒരുമിച്ചു നടന്ന സതീർത്ഥ്യർ പിരിയുന്നതിന്റെ ഒരു മൗനം ഓരോ മുഖങ്ങളിലും കാണാം.
നന്മാനന്ദ മഹർഷി പറയുവാനാരംഭിച്ചു,
ഇന്നു പറയുന്നകാര്യങ്ങൾ അർധനയനങ്ങളാകുംവിധമുള്ള
ധ്യാനസാധകരായി നിങ്ങളൂടെ
ഹൃദയാന്തരാളങ്ങളിലേക്ക് സ്വീകരിക്കുക,
ഗുരു ആവശ്യപ്പെട്ടു
അപ്പോൾ പുൽക്കൊടികൾ പോലും
ഇലയനങ്ങാതെ മൗനമായിനിന്നു
ഗുരു
ധർമ്മരാജമുനിയെ വിളിച്ച് തന്റെ
വലത്ത് ഭാഗത്ത് ഇരുത്തി
നന്മാനന്ദ മഹർഷിയുടെ തേജസ്സാർന്ന
മുഖത്തിന് ശോഭ പകർന്നുകൊണ്ട്
പൂർണ്ണചന്ദ്രൻ ഉദിച്ചുയർന്നൂ
കിഴക്ക് നദിയൂടെ നേരേ മുകളിലായി
അസാധാരണ വലുപ്പത്തിലാണ്
ഇന്ന് ചന്ദ്രനെ കാണുന്നത്
നദിയിലെ കുഞ്ഞലകൾക്കൊപ്പം
ചന്ദ്രന്റെ പ്രതിബിംബം നദിയിലൂടെ
ഗുരുവിനുനേരേ ഒഴുകിയെത്തിക്കൊണ്ടിരുന്നു.
നമ്മുടെ പർണ്ണശാലകളെ ചുറ്റി
രണ്ട് നദികളൊഴുകുന്നത് നാം കാണുന്നു,
അവ
നമ്മെ ചുറ്റി തഴുകിയാണ് ഒഴുകുന്നത്
നമുക്ക്
ആ നദിയെ അനുഭവിച്ചറിയുവാൻ
എന്തുചെയ്യണം,
അതിലിറങ്ങി കൈക്കുമ്പിളിൽ കോരി
കുടിച്ചാലെ നദിയുടെ ഗുണാംശം അനുഭവിക്കാനാകൂ,
എന്നാൽ ശിരസ്സുയർത്തി
മിഴികൾ തെളിച്ചു
മുന്നോട്ടുനോക്കിയാൽ
അവ രണ്ടല്ല ഒരുനദിയാണെന്ന്
തിരിച്ചറിവുണ്ടാകും,
ഈ ജഗത്തായ ജഗത്തിൽ മുഴുവനായി
നിറഞ്ഞിരിക്കുന്ന ആ അദൃശ്യ ചൈതന്യവും
ഇങ്ങനെയാണ്
അഥവാ
കാണാവുന്നതും കാണാത്തവയുമായ
നക്ഷത്രലോകമാകെയും
നാമിരിക്കുന്ന ഈ ഭൂമിയുമാകെ
നിറഞ്ഞിരിക്കുന്ന ചൈതന്യം ഉണ്ട്
അത്,
ഈശാ ആകുന്നു .
ഈശാ ഇവിടെയെല്ലായിടത്തും വസിക്കുന്നു
ഈ ജഗത്താകെയും
ആ ചൈതന്യം
കാറ്റു പോലെ
പ്രകാശം പോലെ
എന്നെ സദാ തഴുകുകയാണ്
നിങ്ങളുടെ ചുറ്റും അതുണ്ട്
അതിനെ ആഗ്രഹിച്ചന്വേഷിച്ചാൽ മാത്രമേ
ആ സാമീപ്യം തിരിച്ചറിയാനാകൂ .
അത് നാമാകുന്നു
ധർമ്മരാജമുനിയുടെ നേരേ വിരൽ
ചൂണ്ടി ഗുരു പറഞ്ഞു,
അത് നീയാകുന്നു.
എന്നാൽ
നമ്മൾ രണ്ടല്ല
ഒന്നാകുന്നു
ഈ പൂർണ്ണചന്ദ്രന്റെ
പ്രതിബിംബം നദിയിലൂടെ
ഒഴുകിവരുന്നത് നിങ്ങൾ കാണുന്നില്ലേ,
അതുപോലെതന്നെയാണ്
എന്റെ ശിരസ്സിലൂടെ
ഈശായുടെ ചൈതന്യ പ്രകാശം
ഒഴുകിയിറങ്ങുന്നത്
ഈരാവിൽ
ധർമ്മന്
ഈ പ്രകാശചൈതന്യ ദർശനം
നാം പകരും
നാളെ
നിങ്ങളെല്ലാം യാത്രയാവുകയാണ്
വത്സലശിഷ്യരെല്ലാം
അവരവരുടെ കർമ്മരാജ്യങ്ങളിൽ
ജനങ്ങളെ
ആത്മബോധത്തിലേക്ക് നയിക്കുന്ന
ഗുരുനാഥന്മാരായി
മഹത്വമാർജ്ജിക്കാൻ
നാം അനുഗ്രഹിക്കുന്നു.
നാളെ മധ്യാഹ്നത്തിനു മുമ്പേ
ഒരു ധുനി പൂജയോടെ
നിങ്ങൾക്ക് യാത്രയാകാം
ധർമ്മരാജമുനി
നിങ്ങളെ നയിക്കും
ഇനിയൊരുകാലം വരെ
ഞാൻ
നിർവ്വാണ തപസ്സിൽ പ്രവേശിക്കുകയാണ്.
° ° ° ° °
ശിഷ്യന്മാർ അവരുടെ
പർണ്ണശാലകളിലേക്ക്
ഉറങ്ങുന്നതിനായി പ്രവേശിച്ചു.
മഹർഷിയുടെ പർണ്ണശാലയിൽ ദീപം തെളിച്ചശേഷം,
ധർമ്മരാജമുനി പതിവുപോലെ
ഗുരുവിന്റെ ശയ്യ വിരിച്ചു .
നന്മാനന്ദമഹർഷി സ്നേഹപൂർവ്വം
ധർമ്മനെ വിളിച്ചരികിലിരുത്തി
ധർമ്മരാജൻ ഗുരുപാദങ്ങൾ
നമസ്കരിച്ചു,
ധർമ്മൻ,
ഞാനനുഭവിച്ച് ആനന്ദിക്കുന്ന
ആ പ്രകാശചൈതന്യം
ഇപ്പോൾ നിനക്ക് കാണിച്ചുതരണമെന്നാണ്
ഞാനാഗ്രഹിക്കുന്നത് ,
മനസ്സ് പരിപൂർണ്ണമായും
ഏകഭാവമെത്തിയെങ്കിൽ
നിനക്ക് അത് ദർശിക്കാം
ഇല്ലെങ്കിൽ പിന്നീട്
സാധനയിലൂടെ അത് നിനക്ക്
നേടിയെടുക്കാം.
അത് നാമാകുന്നു
അത് നീയാകുന്നു
എന്ന് കാണുമ്പോൾ
ഈ ലോകമായ സർവ്വലോകവും
നീറഞ്ഞുനിൽക്കുന്ന ആ ചൈതന്യത്തിന്റെ അംശമായ നമ്മളിലേക്കും ആ ശക്തി
പ്രവേശിക്കൂം അപ്പോൾ
ആ ചൈതന്യവും
ഞാനും
ഒന്നായിത്തീരും
ഈ പ്രപഞ്ച ചൈതന്യമായ ഈശായും നീയും
രണ്ടല്ലാതായി മാറും
ഒരേ ചൈതന്യം കുടികൊള്ളുന്ന
നമ്മൾ രണ്ടല്ല ഒന്നായിമാറും
അങ്ങനെ ഒന്നിൽനിന്നും ഒന്നിലേക്കു
പകരുന്നതെല്ലാം നന്മയാകും .
നമ്മെ തഴുകുന്ന ആ ചൈതന്യത്തിൽ നിന്നും നാം
കൈക്കുമ്പിളിൽ കോരി
നമ്മുടെ ഉള്ളം നിറയ്ക്കുമ്പോൾ
ഉള്ളം പ്രകാശമാകും
അവിടെ നന്മയെ
നന്മ
പ്രതിഷ്ഠിക്കണം
എന്നിട്ടാ നന്മയെ സദാ പൂജിക്കണം
നന്മയെ മനനം ചെയ്യണം
പതിയെ പതിയെ
നന്മ നമ്മളെ കീഴടക്കും
പിന്നെ നമ്മളിൽ നിന്ന്
നന്മയല്ലാതൊന്നും പുറപ്പെടുകില്ല
അതിൽനിന്നുറവിടുന്ന
പരമാനന്ദം നാം
അനുഭവിക്കാൻ തുടങ്ങും അപ്പോൾ .
ഈ അനുഗ്രഹ വചനത്തോടെ
ശിഷ്യന്റെ ശിരസ്സിൽ കരംവച്ച്
ഒരു നാഴിക നീണ്ട
അനുഗ്രഹ തപസ്സിൽ ഗുരു പ്രവേശിച്ചു.
° ° ° °
അർദ്ധരാത്രിയോടടുക്കുകയാണ്
സമയം ,
വന്ദ്യ വയോധികനായമഹർഷി
ശന്തമായുറങ്ങൂന്നു.
ധർമ്മരാജമുനി
വിശറിയുമായി അരികിലിരിക്കുന്നു,
ധർമ്മരാജൻ ചിന്തകളിലാണ്ടുപോയി,
ഒൻപത് സൂര്യസഞ്ചാരകാലം കഴിഞ്ഞുപോയിരിക്കൂന്നു
പർണ്ണശാലയുടെയും
ധന രത്ന കലവറയുടെയും
സൂക്ഷിപ്പുകാരനും അധികാരിയുമായി
ഒരു സുവർണ്ണകാലം.
ഓരോ കാലവൂം വരുന്ന ശിഷ്യരുടെയും
രാജ ഭടന്മാരുടെയും ബഹുമാനങ്ങൾ
എത്ര സുഖമാണ് നൽകിയത്
നാളെമൂതൽ സാമന്തരാജാവ് ഭരണംനടത്തുന്ന ,തന്റെ
പട്ടിണിനാട്ടിൽ , ആ രാജ്യത്തെ
ദാരിദ്ര്യത്തിന്റെ മടിത്തട്ടിൽ
ഇനിയുമൊരു ജീവിതം….
ധർമ്മന്റെ മനസ്സ് ആകെ
കലങ്ങിമറിയാൻ തുടങ്ങി,
ചെറിയൊരു രാജ്യത്തെ
രാജഗുരുവായെങ്കിലും
ഇവിടെ നിന്നും വളരാനായില്ല
തന്റെ ലോകം ശൂന്യമാകുന്നത്പോലെ തോന്നി ധർമ്മന്
സമയം പോകെപോകെ
ധർമ്മന്റെ ശരീരത്തിൽ വിയർപ്പുകണങ്ങളുതിർന്നു
മുഖംചുവന്നു
മുഖമാകെ മുറുകിവന്നു
ശ്വാസഗതി പാടുപെട്ട്
ധർമ്മൻ അടക്കിനിർത്തി
ഗുരുവിന്റെ മുഖത്തേക്ക് നോക്കാതെ
പതിയെ അരികിലെത്തി
മഹർഷിയുടെ
കഴുത്തിൽ ചുറ്റിയിരുന്ന
സ്ഥാനോത്തരീയത്തിന്റെ
രണ്ടു തുമ്പുകൾ
ഇരുവശങ്ങളിലേയ്ക്ക്
ബലമായി വലിച്ചുപിടിച്ച്
ധർമ്മരാജമുനി
പുതിയൊരു തപസ്സിലേക്ക് കണ്ണടച്ചു.
° ° ° °
ബ്രാഹ്മമുഹൂർത്തത്തിൽ
ഗുരുപാദവന്ദനത്തിന്
ഉള്ളിലേക്ക് പ്രവേശിച്ച
ശിഷ്യർ കണ്ടത്
ശാന്തമായുറങ്ങുന്ന ഗുരുവിനെയാണ്
പാദങ്ങളിൽ വീണുകിടന്നുറങ്ങുന്ന
ധർമ്മരാജമുനിയേയും
അനക്കം കേട്ട് ധർമ്മൻ മുഖമുയർത്തി
അർദ്ധരാത്രി കഴിഞ്ഞും
ദിവ്യതേജസ്സ് പകർന്നുനൽകുകയായിരുന്നു ഗുരുനാഥൻ,
ഉറങ്ങിപ്പോയി,
ഗുരുവിനെ വിളിച്ചൂണർത്തൂ
ഞാൻ വേഗം ജലവുമായെത്താം
ധർമ്മൻ
മൺപാത്രം കയ്യിലെടുത്ത്
നദീയിലേക്കു നടന്നു,
ജലവുമായെത്തിയ മുനി
പർണ്ണശാലയിലെ നേർത്ത
വിലാപത്തിലേക്കാണ് കയറിച്ചെന്നത്,
ധർമ്മനെക്കണ്ടതും
അവർ കരഞ്ഞു പോയി
നമ്മുടെ ഗുരു നമ്മളെ വിട്ട് പോയി
ചിലർ വാവിട്ട് വിലപിച്ചുപോയീ,
ധർമ്മന്റെ കയ്യിൽനിന്നും
മൺപാത്രം താഴെവീണുടഞ്ഞു
ഗുരുപാദങ്ങളീലേക്ക്
കണ്ണീർപ്രവാഹമായി
ആ ശിഷ്യൻ വീണു,
ഏതാനും സമയം കടന്നൂപോയി
ധർമ്മരാജൻ മുഖമുയർത്തി
ഗുരുവചനങ്ങളാൽ
ലോകത്തെ നയിക്കേണ്ടത് നാമാണ്
ഗുരു പറഞ്ഞതോർമ്മയില്ലേ
ധുനി പൂജ
അത്
ഗുരുവിന്റെ ശരീരസ്ഫുടം തന്നെയാണ്
അതിനുള്ള മരങ്ങളടൂക്കുക
ഗുരുവചനം മറന്നോ
അത് നാമാകുന്നു
അത് നീയാകുന്നു
അതേ ഞങ്ങൾ
ഈശായുടെ അവതാരങ്ങളായിരുന്നു
നമ്മൾ രണ്ടല്ല ഒന്നാകുന്നു
അതേ ഇന്നലെരാത്രി
ഗുരു എന്നിലേയ്ക്ക് പകരപ്പെട്ടിരിക്കൂന്നു ,
ഇപ്പോൾ ആ അവതാരം
ഞാനായിത്തീർന്നിരിക്കുന്നു
ഗുരുവിന്റെ അവതാരലക്ഷ്യം
നമുക്ക്‌ പൂർത്തീകരിക്കണം
ഗുരുപാദത്തിൽ സമർപ്പിക്കപ്പെട്ട
സമ്പത്ത് മുഴുവൻ
അതിനായുള്ളതാണ്
അവയൊന്നും നഷ്ടപ്പെട്ടുകൂടാ
താമസിക്കരുത് ധുനീപൂജ താമസിക്കരുത്
ഗുരുവീന്റെ
കണ്ഠത്തിലണിഞ്ഞിരിക്കുന്ന
സ്ഥാനോത്തരീയം
എന്നെ അണിയിക്കുക
സ്ഥാനോത്തരീയമണിഞ്ഞ
ധർമ്മരാജമുനിയുടെ
പാദങ്ങൾ വണങ്ങി
ശിഷ്യർ
ധർമ്മരാജ ദേവന്റെ
അരുളപ്പാടുകൾക്കായി ഒതുങ്ങിനിന്നു.
ഗുരുവിന്റെ ചിതയെ വണങ്ങി
സ്വർണ്ണ,രത്‌ന കലവറയാകെ
കയറ്റിയ വള്ളങ്ങൾക്ക് പിന്നാലെ
ഭടന്മാരുടെ അകമ്പടിയോടെ
അവാതരമായ,
ധർമ്മരാജദേവൻ
നഗരത്തിൽ ദേവപീഠ ആസ്ഥാനമായി
ഗുരുവചന സ്വർണ്ണശാല തീർക്കുന്നതിനുള്ള യാത്ര ആരംഭിച്ചു.
VG.വാസ്സൻ.

മാലാഖമാർ

Image may contain: VG Vassan, beard and indoor

മദർ തെരേസയെ
വലിയ ഇഷ്ടമായിരുന്നു അവൾക്ക്.
ഞാനീ ആകാശമാകും
ഞാനീ പുഴയാകും
ഞാനീ മഴയാകും
എന്നുപറഞ്ഞ് പാറിനടന്ന ഒരുകുട്ടിയായിരുന്നവൾ
മദറിന്റെ കൽക്കട്ട
നഴ്സായി അവളെ വിളിച്ചപ്പോൾ
വലിയ സന്തോഷം അനുഭവിച്ച കുട്ടി
മദർ തെരേസയുടെ ശുശ്രൂഷാമാതൃക
മനസ്സിലേറ്റിയ കുട്ടി
ഒൻപത് ബെഡ്ഡും ഒൻപത് രോഗിയും
ആ മാലാഖായുടെ ശുഷ്രൂഷയിലെ നന്മകളേറ്റുവാങ്ങിയ നല്ലനാളുകൾ
എവിടെ നിന്നോ പുക വരുന്നത് കണ്ട്
ആളുകൾ ബഹളം കൂട്ടിയ സമയം
മനസ്സാന്നിധ്യം വിടാതെ
രണ്ട് രോഗികളെ വീതം കൈപിടിച്ച്
മുകൾ നിലയിൽനിന്ന് നാലു പ്രാവശ്യമായി
എട്ടുരോഗികളേയും ആശുപത്രിയുടെ പുറത്തെത്തിച്ചവൾ
തന്നെ ഏൽപിച്ചിരിക്കൂന്ന ഒൻപതാമത്തെ
ആ രോഗിക്കായി തിരികെ മുകളിലേക്ക് കയറിപ്പോയവൾ
ഉയർന്നുവന്ന അഗ്നിനാളങ്ങളുടെ ഉള്ളിലൂടെ
സ്വർഗ്ഗത്തിലേക്ക് പറന്നുയർന്ന
മാലാഖ .
എന്റെ ഈ ജീവിതത്തിൽ ശുശ്രൂഷ നൽകിയ എല്ലാ നഴ്സ് സഹോദരങ്ങളെയും നന്ദീയോടെ ഓർത്തുകൊണ്ട്
സ്നേഹാശംസകൾ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo