Showing posts with label Sobhitha Madathil. Show all posts
Showing posts with label Sobhitha Madathil. Show all posts

അമ്മ കൂട്ടുകാരിയാണ്.....

അമ്മ കൂട്ടുകാരിയാണ്.....
മറുപടി പറയേണ്ടതിനും മൂളിയപ്പോഴാണു ഞാൻ പണികൾക്കിടയിൽ ലച്ചൂനെ നോക്കിയതു.സ്റ്റീഫൻ ദേവസ്യ കീ ബോർഡ് വായിക്കും പോലെ എൻെറ മോൾടെ വിരലുകൾ മൊബൈലിൽ നൃത്തം വയ്ക്കുകയാണ്.ചിത്ര രചന പഠിക്കാൻ വിട്ട നേരത്ത് വല്ല ഡാൻസ് ക്ലാസിലും വിട്ടാ മതിയായിരുന്നുന്ന് തോന്നിപ്പോയി അവളുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ കണ്ടപ്പോ…!!!
"ലച്ചൂ നീ കേൾക്കുന്നുണ്ടോ"
ഞാൻ മന:പൂർവ്വം അവളെ നോക്കാതെ ഉച്ചത്തിൽ ചോദിച്ചു.
"ആ അമ്മേ…"
ഒച്ചയിട്ടത് അത്ര രസിക്കാത്ത മട്ടിൽ അവൾ വിളി കേട്ടു.
ഞാൻ തുടർന്നു....
"പണ്ട് ഞാൻ പത്താം ക്ലാസ് കഴിഞ്ഞപ്പോ അമ്മ എന്നെ അരികിലിരിത്തി പറഞ്ഞു ,മോളെ ഇനി നീ പ്രീ ഡിഗ്രിയിലേക്കാ..ഇതു വരെയുള്ള സ്കൂൾ ജീവിതം പോലെയല്ല..ഇത്തിരി കൂടി സ്വതന്ത്രമായൊരു ലോകമാണത്..ആൺ കുട്ടികളോടു മിണ്ടുന്നതിനോ കൂടെയിരിക്കുന്നതിനോ ഇനി തോളത്തു കൈ വച്ചാലോ ഒന്നും കുഴപ്പമില്ല..പക്ഷേ അതൊരു മറവിലായിരിക്കരുതെന്നു മാത്രം…
ഇന്നത് പറയാം,ഇന്നത് പറയാം പാടില്ല എന്നൊന്നില്ല.എല്ലാം നിനക്ക് അമ്മയോടു തുറന്നു പറയാം…ഒരു സുഹൃത്തിനെപ്പോലെ.അമ്മ വഴക്കു പറയും എന്നു കരുതി ഒന്നും പറയാതിരിക്കരുത്…അപ്പോ ചിലപ്പോ ദേഷ്യപ്പേട്ടേക്കാം..പിന്നെ അമ്മ മോളെ ചേർത്തു പിടിക്കും..കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരും… പെട്ടെന്നു തോന്നുന്ന ഒരു വികാരത്തിൻെറ പുറത്ത് അതു മാത്രമാണെൻെറ ലോകം എന്നു കരുതി ഭാവി കളയരുത്… "
അത്രയും പറഞ്ഞ് ഞാനവളെ ഒളികണ്ണിട്ട് നോക്കി.മൊബൈലിൽ കളി നിർത്തി തല താഴ്ത്തിയിരിപ്പാണ്..
ഞാൻ തുടർന്നു.. "
പിന്നീടൊരിക്കൽ ഞാനും അമ്മയും ബസ്സിൽ യാത്ര ചെയ്യുമ്പോൾ എന്നെ പുറകെ നിന്ന ഒരാൾ ശല്യം ചെയ്യാൻ തുടങ്ങി.ഞാൻ അത് അമ്മയോടു പറഞ്ഞു."കൊടുക്കെടീ അടീ അവൻെറ മുഖത്ത് "എന്ന് അമ്മയുടെ പറച്ചലിൻെറ ശക്തിയിൽ അയാളുടെ കരണംനോക്കി പൊട്ടിച്ചു ഞാൻ. നാണം കുണുങ്ങിയായ എനിക്ക് തെറ്റിനെതിരെ പ്രതികരിക്കാനുള്ള ഒരു പാഠമായിരുന്നു ആ സംഭവം…
പിന്നെ അമ്മ ഡിഗ്രിക്കു പഠിക്കുമ്പോ സീനിയറായ ചേച്ചീടെ അനിയൻ എൻെറ വീട്ടിലേക്ക് ഫോൺ ചെയ്തു.മുമ്പ് കോളേജിൽ നിന്നും ഒന്നു രണ്ടു തവണ ഫോണിൽ സംസാരിച്ചതിൻെറ പിൻബലത്തിലായിരുന്നു വിളി..ഞാനും ആ വിളി ആഗ്രഹിച്ചെന്ന പോലെ ഒരു പാടു സംസാരിച്ചു.ഫോൺ വച്ചു,ഒരു വിശദീകരണത്തിനു മുതിരും മുന്നേ അമ്മ പറഞ്ഞു.."കുറേ ഭംഗിയുള്ള വാക്കുകൾ നിരത്തി ഈണത്തിൽ ചൊല്ലിയതു കൊണ്ടു മാത്രം അത് ഒരു കവിതയാകില്ല..അതിൻെറ വരികൾക്കിടയിലെ അർത്ഥവും വ്യാപ്തിയുംമനിസാലാക്കാൻ കഴിയണം..എന്നിട്ട് ആ അകകാമ്പിനെയാണു നാം സ്നേഹിക്കേണ്ടത്..അല്ലാതെ പുറംമോടിയെ അല്ല... ജീവിതത്തേയും ഇങ്ങനെ നോക്കി കാണാൻ പഠിക്കണം_"
മറ്റൊന്നും ചോദിക്കാതെ നിന്റെ അമ്മമ്മ പുഞ്ചിരിച്ചു കൊണ്ട് എൻെറ തോളത്ത് ഒന്നു തട്ടി കടന്നു പോയി.
തെറ്റിലേക്ക് വഴുതാൻ പോയ ഓരോ അവസരങ്ങളിലും അമ്മ തന്ന ഈ ലാളനയോടു കൂടിയ സ്വാതന്ത്ര്യം തന്നെയായിരുന്നു എൻെറ അതിർവരമ്പ്..അന്നൊക്കെ എൻെറ കൂട്ടുകാർ ഇത്തിരി അസൂയയോടെ പറയുമായിരുന്നു.. "നിനക്കെന്തുംഅമ്മയോടു തുറന്നു പറയാലോ,നിൻെറ പ്രിയപ്പെട്ട കൂട്ടുകാരികൂടി അല്ലേ അമ്മ"...അഭിമാനം തോന്നി അത് കേൾക്കുമ്പോൾ..
അതു പോലെ നിൻെറ മാമൻ ഒരിക്കൽ എന്നോടു പറഞ്ഞു -
"എൻെറ കൂടെ വരുന്ന സുഹൃത്തുക്കളൊക്കെ നല്ലവരാണെന്നു തന്നെയാ എൻെറ വിശ്വാസം.മറിച്ചാണെങ്കിൽ
പ്രതികരിക്കണം.അതല്ലാതെ എൻെറ പെങ്ങളുടെ വാക്കുകൊണ്ടോ, നോട്ടം കൊണ്ടോ ഒരിക്കൽ പോലും അവർക്ക് മറ്റൊരു രീതിയിൽ നിന്നെ നോക്കി കാണുവാനുള്ള അവസരം കൊടുക്കാതിരിക്കുക എന്നത് നിൻെറ കടമയാണു"
ഒരുപാടു ചിന്തിപ്പിച്ച വാക്കുകളായിരുന്നു അത്...
പിന്നീട് കല്യാണ ആലോചനകൾ നടക്കാൻ തുടങ്ങിയപ്പോൾ മുൻപരിചയമുള്ള നിൻെറ അച്ഛനോടു എന്നെ കെട്ടാമോ എന്ന് നേരിട്ട് ധൈര്യത്തോടെ ചോദിക്കുകയായിരുന്നു ഞാൻ..അച്ഛനു അമ്മയെ ഇഷ്ടപ്പെടാനുള്ള കാരണവും അതായിരുന്നു…
അമ്മമാർക്ക് മക്കൾ എത്ര വലുതായാലും കുഞ്ഞുങ്ങളായേ തോന്നൂ..ലച്ചു നീ ഒമ്പതിലേക്കാണെന്നൊക്കെ അമ്മ ചിലപ്പോ മറന്നു പോകും…ഇന്നത്തെ കാലത്ത് ഇതൊക്കെ എൻെറ അമ്മ പറഞ്ഞു തന്നതു പോലെ കുറച്ചു നേരത്തേ പറയേണ്ടതായിരുന്നു അല്ലേ മോളേ…"ഞാൻ അവളെ തിരിഞ്ഞു നോക്കാതെ പച്ചക്കറി അരിഞ്ഞു കൊണ്ടു പറഞ്ഞു നിർത്തി..
പെട്ടെന്നു അവൾ എൻെറ പുറകിൽ കൂടി വന്നു കെട്ടിപിടിച്ചു ,പുറത്തു തല അമർത്തി തേങ്ങി.."അമ്മേ ഞാൻ…… സോറി… സോറി അമ്മേ…"ഞാനും കരയുകയായിരുന്നു.ലച്ചു മാത്രമല്ല തെറ്റുകാരി.അവൾ ഹൈസ്കൂൾ ആയതിനുശേഷം പഠനം മാത്രമല്ലാതെ അവളെ മനസിലാക്കാനോ കൂടെ സമയം ചിലവഴിക്കാനോ ഞാനും ശ്രമിച്ചില്ലല്ലോ.എൻെറ വയറിൽ ചുറ്റിപിടിച്ച ലച്ചൂൻെറ കൈയ്യിൽ ഞാൻ മുറുകെ പിടിച്ചു..അതൊരു ഉറപ്പായിരുന്നു...എൻെറ അമ്മയെ പോലെ ഞാനും എൻെറ മോൾക്ക് ഇനിമുതൽ പ്രിയകൂട്ടുകാരി ആയിരിക്കും എന്നതിൻെറ…
ശോഭിത മഠത്തിൽ

അമ്മ എഴുതിയ ഈ ഓർമ്മക്കുറിപ്പ്

( അമ്മ എഴുതിയ ഈ ഓർമ്മക്കുറിപ്പ് പഴയതലമുറയ്ക്ക് ഓർമ്മകളിലേക്ക് ഒരു തിരിച്ചു പോക്കും പുതുതലമുറയ്ക്ക് പഴയകാല ഓണത്തെക്കുറിച്ച് ഒരു അറിവ് പകരുന്നതിലുപരി പെട്ടൊന്നൊരുനാൾ എഴുതി തുടങ്ങിയ അമ്മക്ക് ഇനിയും ഇനിയും എഴുതാൻ നിങ്ങളിലൂടെ ഇത് ഒരു വേദിയാക്കാൻ കുഞ്ഞുശ്രമം.........)
*** ഓർമ്മയിലെ ഓണം***
ചിങ്ങപ്പുലരിയിൽ അതുവരെയില്ലാത്ത സൂര്യൻ ഒരു കോടി പൊൻകിരണങ്ങൾ വാരി വിതറി,ഭൂമിക്കും പ്രകൃതിക്കും...അതിന്റെ സന്തോഷത്തിൽ പൂക്കളും പൂമ്പാറ്റകളും പാറി പറക്കാൻ തുടങ്ങി. ഞാൻ പതിവു പോലെ രാവിലെ എഴുന്നേറ്റ് കോലായിൽ വരുമ്പോൾ മുറ്റത്ത് അമ്മ ഉടുത്ത മുണ്ട് കയറ്റിക്കുത്തി ചാണകം തളിക്കുന്നത് കാണാൻ നല്ല രസം…രാത്രി നിലാവെട്ടത്തിൽ വൃക്ഷത്തിന്റെ ഇലകൾ വീണു കിടക്കുമ്പോലെ ചാണകം തളിച്ചിരിക്കുന്നു…അതിൻെറ ആ ഗന്ധം;അതിനും ഒരു സുഖമുണ്ടായിരുന്നു...
ഞാൻ അഴിഞ്ഞ മുടി ഒതുക്കിക്കെട്ടി അടുക്കള ഭാഗത്ത് ചെന്നു.മഴ പോയി വെയിൽ വന്നതു കൊണ്ടാകാം ചക്കിപൂച്ച അലക്കുകല്ലിൽ സ്ഥാനം പിടിച്ചിരിക്കുന്നു. അച്ഛൻ പെങ്ങൾ തേങ്ങ പൊതിക്കുന്നു.അതിനു ചുറ്റുമായ് എൻെറ ഇളയവർ തേങ്ങ പൂൾ തിന്നാനും വെള്ളം കുടിക്കാനും...മുറ്റത്ത് ഒരു ഭാഗത്ത് ശാരദാമ്മ മൺകലങ്ങൾ ചകിരിയും കല്ലുകഷ്ണവു ഇട്ട് പര പര ശബ്ദത്തിൽ തേച്ചു കഴുകുന്നു.കണ്ണച്ഛൻ തൊഴുത്തിൽ പശുവിനെ കറക്കുന്നു.
തെളിവെയിലിൽ കോഴികളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും നടന്നത് ചിറക് കൊത്തി
മിനുക്കുന്നു.മാങ്കൊമ്പിൽ പൂച്ചയെ കളിയാക്കുന്ന കാക്കകുയിൽ....
പാടത്ത് കോരച്ചൻ മുട്ട് വരെയുള്ള കോറത്തോർത്തുടുത്ത് തലയിൽ പാളതൊപ്പിയും വച്ച് കന്നുപൂട്ടുന്നു.കൂടെ അടർന്നു മറിയുന്ന മണ്ണിൽ ഇര തേടുന്ന കൊറ്റിയും മൈനകളും....
വാഴക്കയ്യിൽ ഇരുന്നു കാക്ക വിരുന്നു വിളിച്ചു.വീടിന്റെ മച്ചിൻ പുറത്തു നിന്നും പ്രാവുകൾ പട പട ശബ്ദത്തിൽ കൂട്ടത്തോടെ ഇര തേടി പറന്നു പോയ്...
എവിടെയും എല്ലാവർക്കും ചിങ്ങം പിറന്ന സന്തോഷം.......
അത്തത്തിൻെറ തലേദിവസം മുതൽ ഇല കൊണ്ട് കുമ്പിൾ കുത്തി അതിൽ പൂക്കൾ ശേഖരിക്കാൻ തുടങ്ങും.അത് കോലായിൽ ഒരു കോണിലായ് വെള്ളം കുടഞ്ഞ് വെക്കും.മുറ്റത്ത് ചാണകം തളിച്ച് പൂത്തറ കെട്ടും.ചിലർ പൂത്തറക്ക് പത്ത് തട്ട് ഉണ്ടാക്കും.പൂത്തറയുടെ മുകളിലായ് തൃക്കാക്കരയപ്പനെ ഉണ്ടാക്കും.അത്തം വെളുപ്പിന് തുമ്പപൂ കൊണ്ട് ഒരു പൂക്കളം ഒരുക്കിക്കൊണ്ട് തുടക്കം.......
പിന്നെ അത്തം പത്തു വരെ എല്ലാ ദിനങ്ങളിലും വൈകുന്നേരം പൂക്കൾ ശേഖരിക്കാനായ് പാടത്തും പറമ്പത്തും ഓടി നടക്കും...
മുക്കുറ്റി ഒരു കുഞ്ഞു ചെടിയാണ്. അതിന്റെ കുഞ്ഞിപ്പൂവ് പറിക്കണമെങ്കിൽ നല്ല ക്ഷമ വേണം. അനിയനും അനിയത്തിമാരും ചിലപ്പോ തല്ലുണ്ടാക്കും."നീ ഇത്രയേ പറിച്ചുള്ളൂ, ഞാനെത്ര പറിച്ചു" എന്നതായിരിക്കും തല്ലിനു കാരണം.വഴക്കിനവസാനം പറിച്ച പൂക്കൾ മുഴുവൻ മണ്ണിലേക്ക് എറിഞ്ഞ് അമ്മയുടെ അടുത്തേക്ക് ഓടി പോകും.
പറമ്പിൽ ഒരു ഭാഗത്ത്‌ കൂട്ടത്തോടെ തുമ്പയുണ്ട്.അമ്മ കുട്ടിയെ ഒക്കത്ത് വച്ചപോലെ പൂവേന്തിയ തുമ്പച്ചെടിയെ കാണാൻ നല്ല രസമാണ്.....
കാക്കപ്പൂവ് കുഞ്ഞിക്കണ്ണ് തുറന്ന് പാടത്തുള്ള വിശേഷങ്ങൾ മൗനമായി പറയുംപോലെ... സൂര്യകിരണങ്ങൾ കാക്കപ്പൂവിന് കൂടുതൽ പൊന്നിൻ നിറമേകി....
തൃശൂർ പൂരത്തിൻെറ കുടമാറ്റം ഓർമ്മപ്പെടുത്തും പോലെ വഴിയോരത്ത് കൃഷ്ണമുടിപ്പൂക്കൾ വരി വരിയായ് പൂത്തു
നിന്നു.... ചെണ്ടുമല്ലി,തെച്ചി,അയിരാണി, കനകാംബരം, മന്ദാരം, ചേമ്പിൻ പൂവ്,അരിപ്പൂവ് പിച്ചകം അങ്ങനെ നീളുന്നു പൂക്കളുടെ നിര..
തേൻ നുകരുന്ന പൂമ്പാറ്റകളെ പറപ്പിച്ചും പാടത്തുള്ള പക്ഷികളെ കൈകൊട്ടി പേടിപ്പിച്ചും വയൽവരമ്പിലൂടെ തെന്നി വീണും വീഴാതെയും വേലിപ്പടർപ്പുകൾ മെതിച്ചും പൂപറിക്കൽ ആഘോഷമാക്കും..
ആൺകുട്ടികൾ എവിടുന്നൊക്കെയോ ഒപ്പിച്ച നെല്ലിക്കയും പുളിയും നുണഞ്ഞുകൊണ്ട് കുന്നും മലകളും കേറും പൂക്കൾ ശേഖരിക്കാൻ.പോകുംവഴി കാണുന്ന പേരമരത്തിൽ വലിഞ്ഞു കേറും. കീശയിൽ ഓലപ്പന്ത് ഉണ്ടാകും; ഒഴിഞ്ഞ സ്ഥലം കാണുമ്പോൾ പന്ത് കളിക്കാൻ.....
പൂപ്പറിക്കാൻ എന്ന ഭാവത്തിൽ വരുന്ന അൽപ്പം മുതിർന്ന ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം കണ്ണുകളാൽ മനസ്സിൽ പ്രണയത്തിന്റെ പൂക്കളം തീർത്തു.
ചിലപ്പോൾ മുത്തശ്ശനും മുത്തശ്ശിയും കൂടും പൂപറിക്കാൻ..ആ സമയം മുത്തശ്ശനെ കൂട്ടുപിടിച്ച് ചക്കര മാവിൽ ഊഞ്ഞാൽ കെട്ടിക്കും....
ഓടി നടന്നു പൂക്കൾ ശേഖരിക്കുന്നതിനിടയിൽ തട്ടി വീഴുന്നവരും വീണു പോയ പൂവ് ഏറെ തിടുക്കത്തോടെ വാരി എടുക്കുന്നവരും പൂക്കൾ നഷ്ടപ്പെട്ടു വിങ്ങിപ്പൊട്ടി കരയുന്നവരും ഉണ്ടാകും...അവരുടെ കരച്ചിൽ മാറ്റാൻ തങ്ങൾക്ക് കിട്ടിയ പൂവിന്റെ പങ്ക് ഒരു മടിയും കൂടാതെ വീതം വച്ച്‌ കൊടുക്കുന്ന ആത്മാർത്ഥ സൗഹൃദങ്ങൾ......
ഈ തിരക്കുകൾക്കിടയിലൂടെ അച്ഛൻെറയും അമ്മയുടെയും കൂടെ ഓണക്കോടി എടുക്കാൻ പോകും...അപ്പോഴുണ്ടാകുന്ന ഒരു ഗമ ഒന്നു വേറെ തന്നെയാ...
ഒൻപതാം നാൾ പൂക്കൾ എത്ര ഉണ്ടെങ്കിലും പലതരം ഇലകളും ശേഖരിക്കും.കമ്പിളിപ്പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടന്നു സ്വപ്നം കാണുന്നതു പോലെ നിൽക്കുന്ന പിച്ചകമൊട്ടിനെയും മുല്ലമൊട്ടിനെയും എല്ലാം നുള്ളിയെടുക്കും.... രാത്രി ഏറെ വൈകുമ്പോൾ വീടാകെ സുഗന്ധം പരക്കും....അപ്പോൾ മനസ്സും നിറയും, കുമ്പിളിൽ പൂക്കൾ നിറഞ്ഞ പോലെ....
തിരുവോണദിവസം പുലർച്ചെ എഴുന്നേറ്റു കുളിച്ചു ഓണക്കോടി ഉടുത്ത് എല്ലാരും പൂവിടാൻ വട്ടത്തിൽ ഇരിക്കും.കോടി മുണ്ടിന്റെ നൂൽ എടുത്ത് ഈർക്കലിൽ പത്ത് ചെമ്പരത്തി കെട്ടി തൃക്കാക്കാരയപ്പനു മുകളിൽ കുത്തി വയ്ക്കും.അതിനു ചുറ്റും തുമ്പപൂ നിരത്തും.പിന്നീട് പൂക്കൾ കൊണ്ട് പല ആകൃതിയിലും പൂക്കളം ഒരുക്കുന്നു.ശേഷം നിറപറയും നിലിളക്കും കിണ്ടിയും മുറത്തിൽ അരിയും വെക്കും.അതു കഴിഞ്ഞാൽ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഓണക്കോടി നൽകും...
അപ്പൊഴേക്കും ഓണപ്പൊട്ടൻ വരും.ഓലക്കുടയും ചൂടി കയ്യിലെ മണികിലുക്കി മുറ്റത്ത് മൂന്നു തവണ വട്ടത്തിൽ ഓടും.പിന്നെ പൂക്കളത്തിൻെറ മുന്നിൽ വന്ന് പ്രാർത്ഥിച്ചു തെച്ചിപ്പൂവ് തലയിൽ നിന്നും എടുത്ത് പൂക്കളത്തിൽ ചാർത്തും.പിന്നീട് കുട്ടികളും മുതിർന്നവരും ഓണപ്പൊട്ടന് പൈസയും ഓണക്കോടിയും നല്കും.വീടിന് ഒന്നൂടെ വലം വച്ച ശേഷം അടുത്ത വീട്ടിലേക്കു പോകുന്ന ഓണപ്പൊട്ടന് അകമ്പടി സേവിക്കാൻ പുറകെ കുട്ടികളും കൂടും.
മുതിർന്നവർ ഓണസദ്യ ഒരുക്കുന്ന തിരക്കിലാണ്.ശർക്കരയുപ്പേരി മുതൽ എല്ലാ സദ്യവട്ടങ്ങളും ഉണ്ട്.ഉച്ചയോടു കൂടി ഓണസദ്യ തയ്യാർ.നാക്കിലയിൽ പതിനാറുകൂട്ടം വിഭവങ്ങൾ വിളമ്പിയ ഊണ് കഴിയുമ്പോൾ നാലുകൂട്ടം പായസം കൂടി കുടിക്കാൻ വയറിലൊരിത്തിരി സ്ഥലം മാറ്റിവെക്കും.നാലാമത്തെ പ്രഥമൻ പഴവും പപ്പടവും നെയ്യും കൂട്ടി കുഴച്ച് ഒരു കഴിക്കലാണ്.........
ഒന്നു വിശ്രമിക്കുമ്പോഴേക്കും പൂക്കൾ ഒഴുക്കാൻ കുട്ടികൾ തയ്യാറായിട്ടുണ്ടാകും.അത്തം മുതൽ ഇട്ട പൂക്കൾ ഒരു കുട്ടയിലാക്കി തോട്ടിലോ പുഴയിലോ ഒഴുക്കുകയാണ് ഓണവസാനം.അതിനായ് കുട്ടികൾ പൂക്കൊട്ടയുമേന്തി "പൂവേ പൊലി പൂവേ പൊലി" ഉച്ചത്തിൽ പാടി കൊണ്ട് ഇടവഴികളിലൂടെയും പാടവരമ്പിലൂടെയും വലിയ പാതകളിൽ കൂടെയും ആഘോഷമായാണ് പോകുക.ചെണ്ടയും ഓണപ്പൊട്ടനും പുലികളിയും കോമാളിയും അകമ്പടിയുണ്ടാകും..ഇതു കാണാൻ നാട്ടുകാർ പാതകൾക്കിരുവശവും തടിച്ചു കൂടും.ഒടുവിൽ ആർപ്പുവിളികളോടു കൂടി പുഴയിൽ പൂവൊഴുക്കും......കൂട്ടത്തിൽ തിമർത്തൊരു കുളിയും.....
അകലെയൊരു പൂവാലിപ്പശു ഇതെല്ലാം കണ്ട സന്തോഷത്തിലാവാം;അറിയാതെ പാൽ ചുരത്തി പോയ്..ഓടിച്ചെന്ന് പാൽക്കുടിച്ച പശുക്കിടാവിൻെറ വായുടെ ഇരുവശത്തും പാൽ ഒലിച്ചിറങ്ങി.ഇത് കണ്ട് ഉമ്മറത്ത് അരമുണ്ട് ഉടുത്ത് കാൽ നീട്ടിയിരുന്ന മുത്തശ്ശി പല്ലില്ലാത്ത മോണകാട്ടി കുടുകുടാ ചിരിച്ചു......
ഹാ!!...... അതൊരു കാലം……!!!

sobitha

#പിറന്നാൾ


#പിറന്നാൾ
(അനുഭവകഥ, വായിക്കാത്തവർക്കായ്)
വീട്ടിൽ നിന്നും തിരിച്ച് ഹോസ്റ്റലിലേക്ക് പോകാൻ നേരം അമ്മ പറഞ്ഞു "അടുത്ത ആഴ്ച്ച വീട്ടിൽ നിന്നും ആരെങ്കിലും വരും പൈസ തരാൻ,അതുവേരക്കും ഇതു വച്ചോ ബേക്കറിയോ മറ്റോ വാങ്ങാൻ…"
സീൻ സെൻറി ആകും മുമ്പേ ഓട്ടോ പാഞ്ഞെത്തി.ലീവും കഴിഞ്ഞ് ഗൾഫിലേക്ക് പോകുന്ന ദു:ഖഭാരത്തോടെ ഞാൻ ഓട്ടോയിൽ കയറി..പറന്നുപോകുന്ന വിമാനത്തിനു റ്റാറ്റ കൊടുക്കും പോലെ അമ്മയും…
ക്ലാസ് തുടങ്ങി ഉച്ചയായപ്പോഴേക്കും പഠനസാമഗ്രികൾ വാങ്ങാനുള്ള ലിസ്റ്റും കൊണ്ടു ലീഡർ വന്നു.ആകെ കയ്യിലുള്ള ഇരുന്നൂറും കൊടുത്തു.വൈകുന്നേരം സാമഗ്രികൾ കൈപ്പറ്റി,ബാക്കി പത്തു രൂപയും! ഈ പത്തും കൊണ്ടു എന്നാ ചെയ്യാനാ എന്നോർത്ത് സങ്കടപെടേണ്ടി വന്നില്ല.ദാ വരുന്നു പിരിവ്,കോളേജ് ഡേ ആണത്രേ!!
ഓരോ ദിനവും അങ്ങനെ നീങ്ങി നീങ്ങി പോയ്.വീട്ടിൽ എല്ലാ ദിവസവും വിളിക്കും..ഇങ്ങോട്ടേക്കു വരുന്ന കാര്യം ഒഴികെ എല്ലാ വിശേഷവും പറയും..എല്ലാ അറിയുന്നതു കൊണ്ടു ഞാനും വരുന്ന കാര്യം ചോദിക്കാറില്ല.
ഞായറാഴ്ച്ച ആയതു കൊണ്ടു കൂട്ടുകാരെല്ലാം ഷോപ്പിങ്ങിനും മറ്റുമായ് പുറത്തേക്ക് പോയ്.ഞാൻ മാത്രം പോയില്ല.വീട്ടിൽ നിന്നും ആളു വരുന്നതും നോക്കി കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നു.കണ്ണിലെ എണ്ണ തീർന്നൂന്ന് മാത്രമല്ല,ഹോസ്റ്റലിലെ വിളക്കുവരെ അണഞ്ഞു.വാശി കാരണം ഞാൻ അങ്ങോട്ടും വിളിച്ചില്ല.
നാളെ എൻെറപിറന്നാളാ…ഓർമ്മയിലുള്ള കാലം മുതൽ ഒരു മിഠായി പോലും കൊടുക്കാതെ എൻെറ ഒരു പിറന്നാളുപോലും കഴിഞ്ഞു പോയിട്ടില്ല...
ഒമ്പതു മണിയാപ്പോ അമ്മ വിളിച്ചു.ഞാൻ തളർന്ന സ്വരത്തിൽ ഹലോ എന്നൊക്കെ വച്ചപ്പോ മറുതലയ്ക്കൽ അതിലും തളർന്ന സ്വരത്തിൽ അമ്മ പറഞ്ഞു "മോളെ ഇന്നു പൈസ കൊടുത്തയക്കാൻ പറ്റിയില്ല…നാളെ നിൻെറ പിറന്നാളാണെന്നു അറിയാം,ഇത്തവണ ഇങ്ങനെയൊക്കെ അങ്ങു പോകട്ടെ…അമ്മ വീട്ടിൽ വരുമ്പോ പായസം വച്ചു തരാട്ടോ,മോൾക്ക് സങ്കടം വേണ്ടാട്ടോ…"
"ഏയ് ഇല്ലമ്മേ അതിനെന്താ..കുറച്ച് എഴുതാനുണ്ടമ്മേ,ഞാൻ നാളെ വിളിക്കാം" എന്നും പറഞ്ഞു ഞാൻ ഫോൺ കട്ടാക്കി. പിന്നെ എല്ലാം കഴിഞ്ഞിട്ടാണല്ലോ പായസം ഹും_ബലൂണു പോലെ വീർത്തു കെട്ടിയ മുഖവുമായ് ഞാൻ കിടന്നുറങ്ങി.
ക്ലാസിൽ ലഡുവുമായിട്ടാണു കുട്ടികൾ എന്നെ വരവേറ്റത്…എൻെറ മനസിൽ ലഡു പൊട്ടും മുമ്പേ ജിസ്നി പറഞ്ഞു,
"ഇന്നലെ എന്റെ പിറന്നാളായിരുന്നു".
ഞാനവൾക്കു ആശംസകൾ പറഞ്ഞു.ആരോ അപ്പോൾ വിളിച്ചു പറഞ്ഞു ഇന്നു ശോഭീടെ പിറന്നാളാ.എല്ലാരും എൻെറ നേരെ തിരിയും മുമ്പേ ടീച്ചർ വന്നു.ഹാവൂ... തൽക്കാലം രക്ഷപ്പെട്ടു.
അങ്ങനെ ക്ലാസ് ശാന്തമായ് മുന്നോട്ടു നീങ്ങുമ്പോൾ ദാ വരുന്നു പുതുതായ് ചാർജെടുത്ത പ്രിൻസിപ്പാൾ.മാഡം ഭയങ്കര കർക്കശക്കാരിയെന്നാണ് അറിഞ്ഞത്.അതുകൊണ്ടു തന്നെ എല്ലാരും ഒന്നു ഞെട്ടി,ഞാൻ രണ്ടു തവണ ഞെട്ടി.കാരണം അവർ വിളിച്ചത് എൻെറ പേരായിരുന്നു.ഞാൻ എഴുന്നേറ്റു.
"മെനി മോർ ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ" മാഡം പറഞ്ഞതു കേട്ടു ഞാൻ അന്താളിപ്പോടെ "താങ്ക്സ്" പറഞ്ഞു.
മാഡം തുടർന്നു"നീ ഈ ലോകത്തു എറ്റവും കൂടതൽ ആരെയാ സ്നേഹിക്കുന്നേ…?"ഞാൻ മറുപടിയൊന്നും പറയാതെ അന്തം വിട്ടു നിൽക്കുമ്പോൾ…ക്ലാസിലേക്കു കയറിവരാൻ പറഞ്ഞ ആളെ കണ്ടു ഞാൻ ഞെട്ടി!എനിക്കൻെറ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല!! കൈ നിറയെ പൂക്കളുമായ് പുഞ്ചിരിച്ച മുഖവുമായ് അമ്മ…ക്ലാസാണെന്ന കാര്യം മറന്നു ഓടിച്ചെന്നു അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.അമ്മയോടു തോന്നിയ പരിഭവത്തിനു സോറി പറയുകയായിരുന്നു ഞാനപ്പോ മനസ്സിൽ…
"മോളെ " അമ്മ വിളിച്ചു .ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ക്ലാസ്സ് നിശബ്ദമായിരുന്നു..ആരൊക്കെയോ കണ്ണു തുടക്കുന്നതു കണ്ടു.…പിന്നെ അമ്മ കൊണ്ടു വന്ന കേക്ക് ഹർഷാരവത്തോടെ അമ്മയോടൊപ്പം ക്ലാസിൽ നിന്നു മുറിച്ചു.പ്രൻസിപ്പാളിനു ഞാൻ കേക്കു നൽകിയപ്പോൾ മാഡം പറഞ്ഞു..
"എനിക്കു ഷുഗർ കൂടുതലാ,മധുരം കഴിക്കാറില്ല,പക്ഷേ ഇതു ഞാൻ കഴിക്കും.കാരണം ഇത് ഒരമ്മയുടെ സ്നേഹമാണ്… "

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo