Slider

അമ്മ കൂട്ടുകാരിയാണ്.....

0
അമ്മ കൂട്ടുകാരിയാണ്.....
മറുപടി പറയേണ്ടതിനും മൂളിയപ്പോഴാണു ഞാൻ പണികൾക്കിടയിൽ ലച്ചൂനെ നോക്കിയതു.സ്റ്റീഫൻ ദേവസ്യ കീ ബോർഡ് വായിക്കും പോലെ എൻെറ മോൾടെ വിരലുകൾ മൊബൈലിൽ നൃത്തം വയ്ക്കുകയാണ്.ചിത്ര രചന പഠിക്കാൻ വിട്ട നേരത്ത് വല്ല ഡാൻസ് ക്ലാസിലും വിട്ടാ മതിയായിരുന്നുന്ന് തോന്നിപ്പോയി അവളുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ കണ്ടപ്പോ…!!!
"ലച്ചൂ നീ കേൾക്കുന്നുണ്ടോ"
ഞാൻ മന:പൂർവ്വം അവളെ നോക്കാതെ ഉച്ചത്തിൽ ചോദിച്ചു.
"ആ അമ്മേ…"
ഒച്ചയിട്ടത് അത്ര രസിക്കാത്ത മട്ടിൽ അവൾ വിളി കേട്ടു.
ഞാൻ തുടർന്നു....
"പണ്ട് ഞാൻ പത്താം ക്ലാസ് കഴിഞ്ഞപ്പോ അമ്മ എന്നെ അരികിലിരിത്തി പറഞ്ഞു ,മോളെ ഇനി നീ പ്രീ ഡിഗ്രിയിലേക്കാ..ഇതു വരെയുള്ള സ്കൂൾ ജീവിതം പോലെയല്ല..ഇത്തിരി കൂടി സ്വതന്ത്രമായൊരു ലോകമാണത്..ആൺ കുട്ടികളോടു മിണ്ടുന്നതിനോ കൂടെയിരിക്കുന്നതിനോ ഇനി തോളത്തു കൈ വച്ചാലോ ഒന്നും കുഴപ്പമില്ല..പക്ഷേ അതൊരു മറവിലായിരിക്കരുതെന്നു മാത്രം…
ഇന്നത് പറയാം,ഇന്നത് പറയാം പാടില്ല എന്നൊന്നില്ല.എല്ലാം നിനക്ക് അമ്മയോടു തുറന്നു പറയാം…ഒരു സുഹൃത്തിനെപ്പോലെ.അമ്മ വഴക്കു പറയും എന്നു കരുതി ഒന്നും പറയാതിരിക്കരുത്…അപ്പോ ചിലപ്പോ ദേഷ്യപ്പേട്ടേക്കാം..പിന്നെ അമ്മ മോളെ ചേർത്തു പിടിക്കും..കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരും… പെട്ടെന്നു തോന്നുന്ന ഒരു വികാരത്തിൻെറ പുറത്ത് അതു മാത്രമാണെൻെറ ലോകം എന്നു കരുതി ഭാവി കളയരുത്… "
അത്രയും പറഞ്ഞ് ഞാനവളെ ഒളികണ്ണിട്ട് നോക്കി.മൊബൈലിൽ കളി നിർത്തി തല താഴ്ത്തിയിരിപ്പാണ്..
ഞാൻ തുടർന്നു.. "
പിന്നീടൊരിക്കൽ ഞാനും അമ്മയും ബസ്സിൽ യാത്ര ചെയ്യുമ്പോൾ എന്നെ പുറകെ നിന്ന ഒരാൾ ശല്യം ചെയ്യാൻ തുടങ്ങി.ഞാൻ അത് അമ്മയോടു പറഞ്ഞു."കൊടുക്കെടീ അടീ അവൻെറ മുഖത്ത് "എന്ന് അമ്മയുടെ പറച്ചലിൻെറ ശക്തിയിൽ അയാളുടെ കരണംനോക്കി പൊട്ടിച്ചു ഞാൻ. നാണം കുണുങ്ങിയായ എനിക്ക് തെറ്റിനെതിരെ പ്രതികരിക്കാനുള്ള ഒരു പാഠമായിരുന്നു ആ സംഭവം…
പിന്നെ അമ്മ ഡിഗ്രിക്കു പഠിക്കുമ്പോ സീനിയറായ ചേച്ചീടെ അനിയൻ എൻെറ വീട്ടിലേക്ക് ഫോൺ ചെയ്തു.മുമ്പ് കോളേജിൽ നിന്നും ഒന്നു രണ്ടു തവണ ഫോണിൽ സംസാരിച്ചതിൻെറ പിൻബലത്തിലായിരുന്നു വിളി..ഞാനും ആ വിളി ആഗ്രഹിച്ചെന്ന പോലെ ഒരു പാടു സംസാരിച്ചു.ഫോൺ വച്ചു,ഒരു വിശദീകരണത്തിനു മുതിരും മുന്നേ അമ്മ പറഞ്ഞു.."കുറേ ഭംഗിയുള്ള വാക്കുകൾ നിരത്തി ഈണത്തിൽ ചൊല്ലിയതു കൊണ്ടു മാത്രം അത് ഒരു കവിതയാകില്ല..അതിൻെറ വരികൾക്കിടയിലെ അർത്ഥവും വ്യാപ്തിയുംമനിസാലാക്കാൻ കഴിയണം..എന്നിട്ട് ആ അകകാമ്പിനെയാണു നാം സ്നേഹിക്കേണ്ടത്..അല്ലാതെ പുറംമോടിയെ അല്ല... ജീവിതത്തേയും ഇങ്ങനെ നോക്കി കാണാൻ പഠിക്കണം_"
മറ്റൊന്നും ചോദിക്കാതെ നിന്റെ അമ്മമ്മ പുഞ്ചിരിച്ചു കൊണ്ട് എൻെറ തോളത്ത് ഒന്നു തട്ടി കടന്നു പോയി.
തെറ്റിലേക്ക് വഴുതാൻ പോയ ഓരോ അവസരങ്ങളിലും അമ്മ തന്ന ഈ ലാളനയോടു കൂടിയ സ്വാതന്ത്ര്യം തന്നെയായിരുന്നു എൻെറ അതിർവരമ്പ്..അന്നൊക്കെ എൻെറ കൂട്ടുകാർ ഇത്തിരി അസൂയയോടെ പറയുമായിരുന്നു.. "നിനക്കെന്തുംഅമ്മയോടു തുറന്നു പറയാലോ,നിൻെറ പ്രിയപ്പെട്ട കൂട്ടുകാരികൂടി അല്ലേ അമ്മ"...അഭിമാനം തോന്നി അത് കേൾക്കുമ്പോൾ..
അതു പോലെ നിൻെറ മാമൻ ഒരിക്കൽ എന്നോടു പറഞ്ഞു -
"എൻെറ കൂടെ വരുന്ന സുഹൃത്തുക്കളൊക്കെ നല്ലവരാണെന്നു തന്നെയാ എൻെറ വിശ്വാസം.മറിച്ചാണെങ്കിൽ
പ്രതികരിക്കണം.അതല്ലാതെ എൻെറ പെങ്ങളുടെ വാക്കുകൊണ്ടോ, നോട്ടം കൊണ്ടോ ഒരിക്കൽ പോലും അവർക്ക് മറ്റൊരു രീതിയിൽ നിന്നെ നോക്കി കാണുവാനുള്ള അവസരം കൊടുക്കാതിരിക്കുക എന്നത് നിൻെറ കടമയാണു"
ഒരുപാടു ചിന്തിപ്പിച്ച വാക്കുകളായിരുന്നു അത്...
പിന്നീട് കല്യാണ ആലോചനകൾ നടക്കാൻ തുടങ്ങിയപ്പോൾ മുൻപരിചയമുള്ള നിൻെറ അച്ഛനോടു എന്നെ കെട്ടാമോ എന്ന് നേരിട്ട് ധൈര്യത്തോടെ ചോദിക്കുകയായിരുന്നു ഞാൻ..അച്ഛനു അമ്മയെ ഇഷ്ടപ്പെടാനുള്ള കാരണവും അതായിരുന്നു…
അമ്മമാർക്ക് മക്കൾ എത്ര വലുതായാലും കുഞ്ഞുങ്ങളായേ തോന്നൂ..ലച്ചു നീ ഒമ്പതിലേക്കാണെന്നൊക്കെ അമ്മ ചിലപ്പോ മറന്നു പോകും…ഇന്നത്തെ കാലത്ത് ഇതൊക്കെ എൻെറ അമ്മ പറഞ്ഞു തന്നതു പോലെ കുറച്ചു നേരത്തേ പറയേണ്ടതായിരുന്നു അല്ലേ മോളേ…"ഞാൻ അവളെ തിരിഞ്ഞു നോക്കാതെ പച്ചക്കറി അരിഞ്ഞു കൊണ്ടു പറഞ്ഞു നിർത്തി..
പെട്ടെന്നു അവൾ എൻെറ പുറകിൽ കൂടി വന്നു കെട്ടിപിടിച്ചു ,പുറത്തു തല അമർത്തി തേങ്ങി.."അമ്മേ ഞാൻ…… സോറി… സോറി അമ്മേ…"ഞാനും കരയുകയായിരുന്നു.ലച്ചു മാത്രമല്ല തെറ്റുകാരി.അവൾ ഹൈസ്കൂൾ ആയതിനുശേഷം പഠനം മാത്രമല്ലാതെ അവളെ മനസിലാക്കാനോ കൂടെ സമയം ചിലവഴിക്കാനോ ഞാനും ശ്രമിച്ചില്ലല്ലോ.എൻെറ വയറിൽ ചുറ്റിപിടിച്ച ലച്ചൂൻെറ കൈയ്യിൽ ഞാൻ മുറുകെ പിടിച്ചു..അതൊരു ഉറപ്പായിരുന്നു...എൻെറ അമ്മയെ പോലെ ഞാനും എൻെറ മോൾക്ക് ഇനിമുതൽ പ്രിയകൂട്ടുകാരി ആയിരിക്കും എന്നതിൻെറ…
ശോഭിത മഠത്തിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo