നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#Sandram Part 17


**************************************************************
വൈകിയതിന്‌ ക്ഷമാപണം. സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു. ഇപ്പൊ എല്ലാം ഓക്കേ. ഇനിയങ്ങോട്ട് തുടർച്ച പോകാതിരിക്കാൻ ശ്രമിക്കാം. നന്ദി.
**************************************************************
തിരിച്ച് സ്റ്റേഷനിലെത്തിയ മാത്യൂസും നിതിനും തുടർ പരിപാടികളെക്കുറിച്ച് ആലോചിച്ചു.
"അല്ലെങ്കി പിന്നെ മജിസ്ട്രേറ്റിന്റെ പോയി കണ്ടിട്ട് ധൈര്യം സംഭരിച്ച് പ്രേതകഥ അയാളോട് നേരിട്ട് പറയണം. ബെന്നിയെ ഒക്കെ വിളിച്ച് സാക്ഷികളുമൊക്കെയായി ഫുൾ സെറ്റപ്പിൽ മജിസ്ട്രേറ്റിനെ പുറത്ത് വെച്ച് കാണണം . ജിൻസിയെയും പാരൻസിനെയും ഒക്കെ കൂട്ടി ... അതൊരു ഐഡിയ ആണ് കേട്ടോ ." മാത്യൂസിന്റെ മുഖം തെളിഞ്ഞു .
"ഒന്ന് പോടെ ! " നിതിൻ തള്ളിക്കളഞ്ഞു . "പ്രേതകഥയുമായിട്ടാണ് ജഡ്ജിമാരുടെ അടുത്തോട്ടു പോണത് ! 'നോട്ട് ഫിറ്റ് ഫോർ പോലീസ് വർക്ക് ! ' എന്നൊരു സീലടിച്ച് വീട്ടിൽ പറഞ്ഞു വിടും. "
"ശരിയാട്ടോ . അങ്ങനൊരു റിസ്കുണ്ട്. നീ ഒറ്റക്ക് പോയാൽ മതി മജിസ്ട്രേറ്റിനെ കാണാൻ. വെറുതെ എന്തിനാ നമ്മള് രണ്ടും കൂടി കുടുങ്ങുന്നേ . എനിക്കേ ഇരട്ട പിള്ളേരാ ."
"തന്നെ ?"
"സാർ! ഒരു ഫോണുണ്ട് !" ഒരു പോലീസുകാരൻ തല കാണിച്ചു.
"ഇപ്പ വരാം . " നിതിൻ എഴുന്നേറ്റു .
"ഛെ ഛെ ! ഇന്റർകോമൊന്നുമില്ലേ ഇവിടെ ? കഷ്ടം ! എങ്ങനെ ജീവിക്കുന്നെടെ നീയിവിടെ ?" മാത്യൂസ് പുച്ഛിച്ചു .
"പോടാ പന്നി ! ഒള്ള ഫോൺ തന്നെ മര്യാദക്ക് വർക്ക് ചെയ്യുന്നതാണത്ഭുതം !" നിതിൻ പുറത്തേക്കിറങ്ങിപ്പോയി.
തമാശയൊക്കെ പറഞ്ഞെങ്കിലും മാത്യൂസ് നിരാശനായിരുന്നു . ഇനി അടുത്ത നീക്കമെന്തായിരിക്കണമെന്ന് അയാൾക്ക് യാതൊരു രൂപവുമില്ലായിരുന്നു .
പത്ത് മിനിട്ടുകൾക്ക് ശേഷം നിതിൻ തിരിച്ചു വന്നു. അവന്റെ മുഖം ആഹ്ലാദ ഭരിതമായിരുന്നു .
"മത്തായി! നീ വിശ്വസിക്കില്ല ഇപ്പ ആരാ വിളിച്ചതെന്ന് !"
മാത്യൂസ് ചോദ്യഭാവത്തിൽ അവനെ നോക്കി
"ആ പന്ന ഡോക്ടർ ഡാ ! അയാള് വിളിച്ച് എങ്ങനെ വേണമെങ്കിലും സഹകരിക്കാമെന്ന് ! എന്ത് സർട്ടിഫിക്കറ്റു വേണമെങ്കിലും തരാമത്രെ ! ഞാൻ അങ്ങോട്ട് ചെല്ലാന്ന് പറഞ്ഞപ്പോ നാളെ രാവിലെ അയാൾ ഇങ്ങോട്ടു വരാമെന്ന് ! എന്തോ കാര്യമായിട്ട് പണി കിട്ടിയ ലക്ഷണമുണ്ട്."
മാത്യൂസ് അന്തം വിട്ടു പോയി . "അതെങ്ങനെ പറ്റിക്കാണും ? "
"എനിക്ക് തോന്നുന്നത്, വല്ലവരും അയാളോട് എന്റെ തനി സ്വഭാവം പറഞ്ഞു കൊടുത്തു കാണും. എന്നെ പിണക്കിയാൽ പണി പാലും വെള്ളത്തിൽ കിട്ടുമെന്ന് ഇവിടെ ഒരുമാതിരി എല്ലാർക്കും അറിയാം . " നിതിൻ ആത്മഗതം പോലെ പറഞ്ഞു .
"ഉം..." മാത്യൂസ് ആലോചനയോടെ ഒന്നിരുത്തി മൂളി . "ചെലപ്പോ ശരിയായിരിക്കും . പക്ഷെ വേറെയും ചില സാധ്യതകളുണ്ട് ..."
“വേറേ എന്ത് സാധ്യത ? ചെലപ്പൊ സാന്ദ്ര കളത്തിലിറങ്ങിക്കാണുമോ ? അങ്ങനാണെങ്കി ഇത് തകർക്കും. കേസന്വേഷണത്തിൽ സഹായിക്കുന്ന സാന്ദ്ര എന്ന ആത്മാവ്... നീ ചുമ്മാ ഓരോന്ന് പറഞ്ഞു മനുഷ്യനെ പേടിപ്പിക്കല്ലേ മത്തായി . ഈ കേസ് കഴിഞ്ഞാ പോലീസ് പണി നിർത്തി ബാധ ഒഴിപ്പിക്കാൻ നടക്കേണ്ടി വരുമോന്നാ ഇപ്പൊ എന്റെ ചിന്ത."
കുറേ നേരം കൂടി ഇരുന്ന് പിറ്റേന്നത്തെ പരിപാടികളൊക്കെ കൃത്യമായി ആസൂത്രണം ചെയ്താണ് മാത്യൂസ് എഴുന്നേറ്റത്.
"ഞാനിറങ്ങുവാ . നാളെ രാവിലെ കാണാം . അയാളേം കൊണ്ട് ശങ്കൂന്റെ അടുത്ത് പോയി പരിശോധിച്ച് റിപ്പോർട്ട് വാങ്ങി നാളെത്തന്നെ മജിസ്ട്രേറ്റിന്റെ കാണാൻ പോകാം . കാര്യങ്ങള് സ്പീഡായി നടക്കട്ടെ ."
"ആയിക്കോട്ടെ. "
ഇറങ്ങാൻ തുടങ്ങിയ മാത്യൂസ് തിരിഞ്ഞു നിന്നു.
"ഡാ ... ആ കുഞ്ഞ് എവിടേലും ജീവിച്ചിരിപ്പുണ്ടാകും . ല്ലെടാ ?"
"എങ്ങനെ അറിയാനൊക്കും ?" നിതിന്റെ മുഖത്തും സംശയമായിരുന്നു . "പോസ്റ്റ് മോർട്ടം റിപ്പോർട് പ്രകാരം വളരെ ശ്രദ്ധാ പൂർവ്വം പൊക്കിൾ കൊടി മുറിച്ചാണ് കുട്ടിയെ വേർപെടുത്തിയിരിക്കുന്നത് . അതിന്റെ അർത്ഥം ആരോ കുഞ്ഞിനെ സൂക്ഷിച്ച് അവിടെ നിന്നും കടത്തിയിട്ടുണ്ട് . ഒരു പക്ഷെ കൊന്നവൻ തന്നെ മനസ്താപം തോന്നി ..."
"ആവോ... അതിനെ കിട്ടിയാൽ മതിയാരുന്നു. ഒരെത്തും പിടിയുമില്ല കേസിന് . ഞാൻ വല്ലാണ്ട് അറ്റാച്ഡ് ആയിപ്പോയി സാന്ദ്രയുമായി. നീയന്ന് ആ ഹിപ്നോട്ടിക് സെഷനുണ്ടായില്ലല്ലോ . ചോര മരവിച്ച് പോകുന്ന കഥയാണവൾ പറഞ്ഞത് ."
“പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഞാനും കണ്ടതല്ലേ. ഭീകരം! ആ അക്രമത്തിനിടക്കും പ്രസവിച്ചു അവൾ. അതാണത്ഭുതം. എന്തോരം വേദന തിന്നു കാണും പാവം!”
അവനതു പറഞ്ഞു തീർന്നതും മഴ ചാറാൻ തുടങ്ങി .
"ബെസ്റ് ! നീ ബൈക്കിലല്ലേ ? അവടെ ഇരി ..." നിതിൻ ചിരിച്ചു കൊണ്ട് അവന്റെ ജോലിയിലേക്ക് തിരിഞ്ഞു .
പുറത്തേക്കു നോക്കിയിരുന്ന മാത്യൂസിന്റെ മനസ്സിൽ നിറയെ സാന്ദ്രയായിരുന്നു . അവളുടെ കരയുന്ന മുഖം ... ആത്മാക്കൾ കരയുന്നതാണോ മഴ ? അയാൾ ചിന്തിച്ചു പോയി.
ഫോട്ടോയിൽ മാത്രമേ കണ്ടിട്ടുള്ളൂവെങ്കിലും മാത്യൂസിന്റെ മനസ്സിൽ അവൾ ജീവനുള്ള ഒരു പെൺകുട്ടിയായിരുന്നു .
രണ്ട് തുള്ളി വെള്ളം അയാളുടെ തോളിൽ വീണു .
"ഡാ... നിന്റെ മാതൃകാ പോലീസ് സ്റ്റേഷൻ ചോരുന്നു !" അയാൾ തിരിഞ്ഞ് നിതിനെ നോക്കി കളിയാക്കി
"സഹിച്ചോ . ഗവണ്മെന്റ് സ്പോൺസേർഡ് ചോർച്ചയാ !" അവൻ അതെ നാണയത്തിൽ തിരിച്ചടിച്ചു .
***** ***** ***** ***** ***** ***** ***** *****
പിറ്റേന്ന് രാവിലെ തന്നെ ഡോ. കുരുവിള സ്റ്റേഷനിൽ ഹാജരായിരുന്നു .
അയാൾ വന്നു കഴിഞ്ഞ് വീണ്ടും ഒരു മണിക്കൂർ കൂടി കഴിഞ്ഞിട്ടാണ് മാത്യൂസും നിതിനും എത്തിയത്.
"സോറി ഡോക്ടർ ! മഴ ... പെട്ട് പോയി. " മാത്യൂസ് ക്ഷമാപണം നടത്തി .
"അത് പ്രശ്നമില്ല... ഇവിടെ പ്രൈവറ്റ് ആയിട്ടിരിക്കാൻ ?"
"അതിനെന്താ ? ഓഫീസിലേക്കിരിക്കാം. സാർ വരൂ..." നിതിൻ അയാളെ അകത്തേയ്ക്കു കൂട്ടിക്കൊണ്ടു പോയി .
ഡോക്ടർ തന്നെയാണ് വാതിലടച്ച് കുറ്റിയിട്ടത് . നിതിനും മാത്യൂസും അമ്പരപ്പോടെ അത് നോക്കി നിന്നു.
"ചോദിക്കുന്ന കൊണ്ടൊന്നും വിചാരിക്കരുത് ..." കുരുവിള അവരുടെ മുഖത്തേക്ക് മാറി മാറി നോക്കി "നിങ്ങള് സത്യത്തിൽ പോലീസുകാര് തന്നെ ആണോ ? അതോ ഇനി അവളെപ്പോലെ ? വേഷം മാറി ??"
"ആരെപ്പോലെ ?? മനസ്സിലായില്ല സാർ " മാത്യൂസ് നെറ്റി ചുളിച്ചു.
"അതു പോട്ടെ..." അയാൾ ദീർഘ നിശ്വാസത്തോടെ തന്റെ ബ്രീഫ്കേസ് തുറന്നു . "ഞാൻ എല്ലാം കൊണ്ട് വന്നിട്ടുണ്ട്. എന്റെ ലെറ്റർ പാഡ് , സീലുകൾ സകലതും. എന്ത് വേണെങ്കി നിങ്ങൾക്കെഴുതി ചേർക്കാം . ഐ ഡോണ്ട് കെയർ! അല്ലെങ്കി എന്താ വേണ്ടേന്നു നിങ്ങളു പറഞ്ഞാ മതി. ഞാനെഴുതിത്തരാം.“
“ആ പറഞ്ഞത് ഡോക്റ്റർ അഴിയെണ്ണാനുള്ള വകുപ്പാ. ഇല്ലീഗലായിട്ട് നമുക്കൊന്നും വേണ്ട. നിതിൻ താങ്കളെ എങ്ങനെ കുടുക്കാമെന്നാലോചിച്ചോണ്ടിരിക്കുവാ. അവന്റെ മുൻപിൽ ഇരുന്നോണ്ട് തന്നെ ഇങ്ങനെയൊന്നും പറയല്ലേ . പണി കിട്ടും ."
അയാൾ ഒന്നും മനസ്സിലാകാത്ത പോലെ അവരെ അന്തം വിട്ടു നോക്കി .
"അതായത് സാർ..." നിതിൻ വ്യക്തമാക്കി "ഞങ്ങൾക്ക് വേണ്ടത് സാറിന്റെ സത്യസന്ധമായൊരു റിപ്പോർട്ടാണ് . ഒരു കാര്യമേ ഉള്ളൂ . മി. ശങ്കരൻ ഒരു കൊലയാളി ആണെന്നുള്ള മുൻവിധി കൂടാതെ വേണം റിപ്പോർട്ടുണ്ടാക്കാൻ . സാർ അവനെ ഒരിക്കൽ കൂടി പരിശോധിക്കുന്നു . അപ്പൊ അവൻ ഇന്നലെ സാർ പറഞ്ഞ പോലെ സൊസൈറ്റിക്ക് ആപത്താണെങ്കിൽ, അവനെ തുറന്നു വിടാൻ പറ്റില്ല .പകരം, അത്തരക്കാരെ പുനരധിവസിപ്പിക്കുന്ന ഏതെങ്കിലും നല്ലൊരു സ്ഥാപനത്തിലേക്ക് റെക്കമണ്ട് ചെയ്യണം. അതായത് അവനെ ചെന്ന് കണ്ട് അപ്പോഴത്തെ അവസ്ഥക്കനുസരിച്ചുള്ള നല്ലൊരു തീരുമാനമെടുക്കണം . എന്നിട്ടത് മജിസ്ട്രേറ്റിന്റെ ബോധ്യപ്പെടുത്തണം. അത്രേ വേണ്ടൂ.”
"സാർ..." മാത്യൂസ് അയാളുടെ തോളിൽ കൈ വെച്ചു. "ഇന്നലെ എന്താ സാർ ഉണ്ടായത് ? എന്താ സാറിന്റെ മനസ്സിങ്ങനെ പെട്ടെന്ന് മാറിയത് ?" ഒരു ചെറിയ ചിരിയുണ്ടായിരുന്നു അയാളുടെ മുഖത്ത്.
"ഇന്നലെ..." ഡോക്ടർ എന്തോ പറയാൻ തുടങ്ങിയതായിരുന്നു പെട്ടെന്ന്
"അയ്യോ. ഡോക്ടർ ! മുക്കിൽ രക്തം !" നിതിൻ പെട്ടെന്ന് തന്നെ കുറെ ടിഷ്യൂ പേപ്പർ എടുത്ത് ഡോക്ടറുടെ മുഖം പൊത്തിപ്പിടിച്ചു .
"നമുക്ക് പോകാം. എത്രയും പെട്ടെന്ന് പോയി മി. ശങ്കരനെ കാണാം ." വായ് പൊത്തിപ്പിടിച്ചിരുന്നെങ്കിലും അയാൾ പറഞ്ഞതവർക്കു മനസ്സിലായി .
യാത്രയിൽ ഡോക്ടർ ഒരക്ഷരം പോലും സംസാരിച്ചില്ല . ഇടക്കിടക്ക് അദ്ദേഹത്തിന്റെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകുന്നത് കാണാമായിരുന്നു . തന്റെ താല്പര്യത്തിനു വിപരീതമായാണിതൊക്കെ ചെയ്യുന്നതെന്ന് അയാളെ കാണുന്നവർക്കു മനസ്സിലാകുമായിരുന്നു .
"സാന്ദ്ര !" മാത്യൂസ് ഉരുവിട്ടു.
"എവിടെ ??" ഞെട്ടി മുഖമുയർത്തിയ ഡോക്ടർക്ക് അയാൾ പുറത്ത് ഒരു ഫാഷൻ ഷോപ്പ് കാണിച്ചു കൊടുത്തു. 'സാന്ദ്ര ടെക്സ്റ്റൈൽസ് ' . ഡോക്ടറുടെ ശ്വാസം നേരെ വീണു .
"യൂ നോ ? നമ്മളൊക്കെ വെറും ടൂൾസ് ആണ്. നമ്മളെയൊക്കെ മുന്നിൽ നിർത്തി കളിക്കുന്ന ഒരു മഹാ ശക്തി ഇതിന്റെയെല്ലാം പുറകിലുണ്ട് . ബി വെരി കെയർഫുൾ !" ഡോക്ടർ അവർ രണ്ടു പേരോടും കൂടിയാണത് പറഞ്ഞത് .
------ ജയിലിന്റെ ഉള്ളിൽ ...
"പുറത്ത് നിന്നുള്ള ഒരു ഇവാലിയുവേഷൻ മതി. എനിക്കറിയാം അയാൾ വളരെ വയലന്റ് ആയിരിക്കും." ഡോക്ടർ കുരുവിളയാണാദ്യം സംസാരിച്ചു തുടങ്ങിയത് .
"നോ നോ നോ ....നിങ്ങൾക്കകത്ത് പോകാം. നോ പ്രോബ്ലെംസ് ." ജയിലർ വളരെ ഉന്മേഷവാനായി കാണപ്പെട്ടു . "ഒന്നു കൊണ്ടും പേടിക്കണ്ട. വയലൻസ് ഒക്കെ ആദ്യത്തെ രണ്ടു മൂന്നു മാസമേ ഉണ്ടായിരുന്നുള്ളൂ . പിന്നെ പതിയെ പതിയെ ആൾ ശാന്തനായി ... ഇപ്പൊ സദാ സമയവും വായനയും പ്രാർത്ഥനയുമൊക്കെയാണ് . ഡ്രഗ്സിന്റെ ആ വിത്ഡ്രോവൽ സിംറ്റംസ് അങ്ങ് മാറിയപ്പോ ആൾ ഉഷാറായി . പക്ഷെ വീക്ക് ആണ് . ബുദ്ധിക്ക് നല്ല തകരാറു പറ്റിയിട്ടുണ്ട് . കൺഫൈൻഡ് ആയത്കൊണ്ടാണോ എന്നറിയില്ല നടക്കാനും സംസാരിക്കാനും ഒക്കെ മടിയാണ് . പക്ഷെ നിങ്ങളവനെ റീ ഹാബിലേക്കയക്കാനാണെങ്കിൽ ഹീ ഈസ് റെഡി !. നൂറു വട്ടം!"
"ഒക്കെ. ഞാനൊന്ന് കാണട്ടെ അവനെ. "
"ആയിക്കോട്ടെ. ഡോക്ടർ മാത്രേ അകത്ത് പോകാവൂ. സോറി ." അയാൾ മാത്യൂസിനെയും നിതിനെയും നോക്കി ചിരിച്ചു. "അതിരിക്കട്ടെ, വേറെ അറസ്റ്റു വല്ലതും നടന്നോ ? ശരിക്കുമുള്ള കൊലപാതകി ആരായിരുന്നു ?"
"ഇല്ല സാർ... അന്വേഷണം നടക്കുന്നേയുള്ളൂ ..."
"വാട്ട്!! " ജയിലർ ഞെട്ടി. "പിന്നെ നിങ്ങളെന്താ ഈ കാണിക്കുന്നേ ? "
"സാർ... ഞങ്ങൾ ഇനി ഇത് കഴിഞ്ഞ് മജിസ്ട്രേറ്റിന്റെ കാണാൻ പോകുകയാണ് ."
"എന്നട്ട് ? വെറുതേ എനിക്കും കൂടി പണി മേടിച്ചു തരാനാണോ എല്ലാരും കൂടി ? അയാൾക്ക് യാതൊരു വിസിറ്റേഴ്സും അലവ്ഡല്ല എന്നെഴുതിത്തന്നത് നിങ്ങളു തന്നെയല്ലേ ? "
"സാർ..." - ഡോ. കുരുവിള ഇടപെട്ടു . "സാർ ഇത്രയും അറിഞ്ഞാൽ മതി. മി. ശങ്കരന് ഒരു ബന്ധു ഉണ്ട്. വളരെ പവർഫുൾ ആയ ഒരു ബന്ധു..."
അതു പറഞ്ഞപ്പോഴുള്ള ഡോക്ടറുടെ മുഖഭാവം കണ്ടിട്ടാണോ എന്നറിയില്ല, ജയിലർ വേഗം അയാളെ അകത്തേക്ക് കയറ്റി വിട്ടു.
‘MAXIMUM SECURITY’ എന്നെഴുതിയ ഒരു ബോർഡിന് താഴെക്കൂടി ഡോക്ടർ അകത്തേക്ക് കയറിപ്പോയി.
"ഛെ ! എനിക്ക് ശങ്കൂനെ ഒന്നു കാണണമെന്നുണ്ടായിരുന്നു ..." മാത്യൂസ് നിരാശനായി.
“ഞാൻ അൺ ഒഫീഷ്യലായിട്ടു വേണെങ്കി ഒരു കാര്യം പറയാം കേട്ടോ.” ജെയിലർ മത്യൂസിനെ നോക്കി. “ആ ചെക്കൻ ആരേം കൊന്നിട്ടില്ല. എനിക്കറിയാം. ഞാൻ ദിവസോം കാണുന്നതല്ലേ കൊലപാതകികളെ. ഈ ഡ്രഗ്സ് എന്ന എലമെന്റ് മാറ്റിയാൽ മി. ശങ്കരൻ ഒരു പക്കാ ഡീസന്റ് മനുഷ്യനാണ്. നിഷ്കളങ്കനായൊരു നാട്ടിൻ പുറത്തുകാരൻ. എനിക്കതിൽ സംശയമേയില്ല.”
“കേസ് റീ ട്രയൽ നടത്തുവാണെങ്കിൽ സാറു വരുമോ സാക്ഷി പറയാൻ ? ” മാത്യൂസ് ചോദിച്ചു.
“ഏയ്... അതൊന്നും ശരിയാവില്ല. കോടതി വിധിയെ ചോദ്യം ചെയ്യുന്ന ഇടപാടിനൊന്നും എന്നെ കിട്ടില്ല. നിങ്ങൾ അന്വേഷിച്ച് പുതിയൊരു പ്രതിയെ കണ്ടെത്തിയിട്ട് പ്രോപ്പർ ചാനലിക്കൂടെ മുൻപോട്ടു പോയാൽ മതി. ആത്മാർത്ഥമായിട്ട് അവനവന്റെ ജോലി ചെയ്താൽ നിങ്ങൾക്ക് എന്റെയെന്നല്ല ആരുടേയും സഹായം വേണ്ടിവരില്ല.”
കൂറേയേറെ സമയം കഴിഞ്ഞാണ് ഡോ. കുരുവിള വെളിയിൽ വന്നത്. മുഖം മ്ളാനമായിരുന്നു.
“എനിക്കൊരു വലിയ തെറ്റു പറ്റി സർ. ” അയാൾ ജെയിലറോട് പറഞ്ഞു കൊണ്ട് തിടുക്കത്തിൽ വെളിയിലിറങ്ങി.
പുറകേ ഇറങ്ങിയ മാത്യൂസും നിതിനും സംസാരിച്ചില്ല. ഡോക്ടർ തന്നെ പറയട്ടെ എന്നു കരുതി.
“ഞാൻ പരിശോധിച്ചു. വളരെ തറോ ആയൊരു ഇവാല്യുവേഷൻ തന്നെ നടത്തി ഞാൻ. മി. ശങ്കരൻ നിരപരാധിയാണ്. അതിനി ഏതു കോടതിയിലും ഞാൻ പറഞ്ഞോളാം. പക്ഷേ, അയാളെ വെളിയിൽ വിടുന്ന കാര്യം, അതു സാധ്യമല്ല. കാരണം മെന്റലി അയാൾ സ്റ്റേബിളല്ല. എന്റെ അറിവിൽ നല്ലൊരു പുനരധിവാസ കേന്ദ്രമുണ്ട്. സ്വന്തം ചിലവിൽ ഞാൻ തന്നെ അയാളെ അവിടെ ആക്കിക്കോളാം. “
“വല്ലാത്തൊരു മാറ്റം തന്നെ ഡോക്ടർ! നിങ്ങളിത്ര നല്ലൊരു മനുഷ്യനാണെന്ന് ചിന്തിക്കാൻ പോലും വയ്യാരുന്നു.” നിതിൻ ചിരിച്ചു “ശരിക്കും ഇന്നലെ ഞങ്ങൾ പോന്നതിനു ശേഷം എന്താ ഉണ്ടായത് ?”
“അതൊക്കെ വിടൂ...അടുത്തതെന്താണെന്നു പറയൂ.”
“അടുത്തത്...” മാത്യൂസാണ് സംസാരിച്ചത് “ ഇനിയാണ് ഒരു മന:ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഡോക്ടറുടെ കഴിവു തെളിയിക്കേണ്ടത്. വയസ്സനും അരസികനുമായ ഒരു മജിസ്ട്രേറ്റിനെ ഇതെല്ലാം പറഞ്ഞു ബോധ്യപ്പെടുത്തണം. അയാളെക്കൊണ്ട് നമുക്ക് ശങ്കരനെ ഇവിടുന്ന് മാറ്റണം. അവനൊരു പുതിയ ജീവിതം കൊടുക്കണം. പിന്നെ ഡോക്ടർ ഫ്രീ ആയി.”
“ഉം...” ഡോക്റ്റർ തല താഴ്ത്തി. “ അതോടെ ഒരു ഡോക്ടർ എന്ന നിലക്കുള്ള എന്റെ ക്രഡിബിലിറ്റി എല്ലാം പോകും. കരിയർ അവിടെ തീരും. എന്റെ ഡയഗ്നോസിസ് തെറ്റിയതുകൊണ്ട് 4 വർഷം ഒരാൾ ചെയിനിൽ കിടക്കേണ്ടി വന്നത് എന്തായാലും കോടതി നിസ്സാരമായിട്ടെടുക്കില്ല. “
”ഡോക്ടർ എന്തായാലും റിട്ടയറായില്ലെ ? ഇനിയിപ്പൊ കരിയറൊക്കെ നോക്കണോ ?“
”ഈ കേസ് നാലു വർഷം ഡോർമന്റായി കിടന്നതിന് തനിക്കും കിട്ടും കോടതിയുടെ ശകാരം.“ നിതിനെ നോക്കിയാണ് ഡോക്ടറതു പറഞ്ഞത്.
”അത്രേം വിദ്യാഭ്യാസമൊക്കെയുള്ള ഒരു ജഡ്ജി എന്നെയൊന്നു ശകാരിച്ചാലും എനിക്കതു വിഷയമല്ല. സ്കൂളിന്റെ പടി കാണാത്ത മന്ത്രിമാരൊക്കെ ശകാരിക്കുന്നതാണ് സഹിക്കാൻ പറ്റാത്തത്.“ നിതിൻ ചിരിച്ചു.
***** ***** ***** ***** ***** ***** ***** *****
ഒരാഴ്ച്ച കടന്നു പോയി.
നീന വല്ലാത്ത വീർപ്പുമുട്ടലിൽ ആയിരുന്നു. ഇനി ജീവിതം എങ്ങനെ മുൻപോട്ടു പോകുമെന്നോർത്ത് അവൾ വല്ലാതെ വേവലാതിപ്പെട്ടു. ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം റോബിയുമായി പങ്കുവെക്കണമെന്നുണ്ടായിരുന്നു അവൾക്ക്. പക്ഷേ ഒരു പക്ഷേ അതോടെ റോബി തന്നെ ഉപേക്ഷിച്ചു പോകുമോ എന്നവൾ ഭയപ്പെട്ടു. അതിനേക്കാളേറെ തനിക്കിനി ഒരിക്കലും ഒരമ്മയാവാനാവില്ല എന്ന തിരിച്ചറിവ് അവളെ വല്ലാതെ വേട്ടയാടി. ഒടുവിൽ അന്ന് റോബി അവളെ പിടിച്ചു നിർത്തി .
“ഇനിയെനിക്കു വയ്യ നീന! എന്തു തന്നെയാണെങ്കിലും നീ എന്നോട് തുറന്നു സംസാരിക്കണം. എന്തു തന്നെയാണെങ്കിലും ഐ ഡോണ്ട് കെയർ. ഒരാഴ്ച്ചയായി നീയെന്നോട് മിണ്ടീട്ട്. സദാ സമയവും മുറിക്കുള്ളിൽ അടച്ചു പൂട്ടി... വാട്ട് ഹാപ്പെൻഡ് ? ആ ഡോക്ടർ എന്താ പറഞ്ഞേ നിന്നോട് ?”
അവൾക്കു മറുപടിയുണ്ടായില്ല. പൊട്ടിക്കരഞ്ഞുകൊണ്ടവൾ അവന്റെ മാറിലേക്കു വീണു.
“എന്താണെങ്കിലും പരിഹാരമുണ്ടാക്കാം കുട്ടാ...” റോബി അവളെ പുണർന്നു.
അവൾ നിക്ഷേധാർത്ഥത്തിൽ പതിയെ തലയാട്ടിക്കൊണ്ടിരുന്നതേയുള്ളൂ.
“എന്നാ ഞാനാ ഡോക്ടറെ പോയി കാണാം. അവരെങ്കിലും എന്താ സംഭവം എന്നൊന്നു പറഞ്ഞിരുന്നെങ്കിൽ മനസമാധാനമായേനേ...”
“റോബി...” ഒടുവിൽ നീനയുടെ ചുണ്ടുകൾ ചലിച്ചു. “ഞാനൊരു വലിയ വഞ്ചന ചെയ്തിട്ടുണ്ട് റോബിയോട്...ഒരിക്കലും ഒരു പുരുഷനും ക്ഷമിക്കാനാവാത്ത ഒരു വലിയ ചതി.“
അയാൾ അവളെ പിടിച്ചകത്തി മുഖത്തേക്കു നോക്കി
”നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ മോളൂ ? കുഞ്ഞുങ്ങളുണ്ടാകാനോ മറ്റോ ?“
”ഉം...“ അവൾ വിങ്ങിപ്പൊട്ടിക്കൊണ്ട് വീണ്ടും അവന്റെ മാറിലേക്കു വീണു. ”ഞാൻ നശിച്ചവളാ റോബി. ചീത്തയാ ! റോബിയേപ്പോലൊരുത്തന് ഒരിക്കലും എന്നെ...“
”നിനക്കെന്താ നീനാ ?? “ അവനു ദേഷ്യം വന്നു ”നീയെന്താ ഇങ്ങനെ പിച്ചും പേയും പറയുന്നേ ?“
“റോബീ, നമുക്കെവിടെയെങ്കിലും ചെന്നിരിക്കാം. ബീച്ചിലോ മറ്റോ പോകാം. ഞാനെല്ലാം പറയാം...”
“ഓക്കേ! ഇപ്പത്തന്നെ ആയ്ക്കോട്ടെ. പോവാം നമുക്ക്.” അവൻ പെട്ടെന്നു തന്നെ തയ്യാറായി.
***** ***** ***** ***** ***** ***** ***** *****
ബദർ ബെന്നി അന്ന് വളരേ ക്ഷീണിതനായിരുന്നു.പഴയ ബെന്നിയല്ല ഇപ്പോൾ. പകൽ മുഴുവൻ പല തരം പ്രെയർ പ്രോഗ്രാമുകൾ. വൈകിട്ട് പതിനായിരങ്ങൾ തിങ്ങിക്കൂടിയ ഒരു കണ്വെൻഷൻ... ആകപ്പാടെ അയാൾക്ക് നിന്നു തിരിയാൻ സമയമില്ല. എങ്കിലും സന്തോഷവാനായിരുന്നു അയാൾ.
ഏതാണ്ട് രാത്രി 11 മണിയായപ്പോഴാണ് ഫോണടിച്ചത്. പ്രൈവറ്റ് കോളുകൾക്കായി അയാൾക്ക് പ്രത്യേകം ഒരു ഫോണുണ്ടായിരുന്നു. അല്ലാതെ അയാളെ വിളിച്ചാൽ ഫോണെടുക്കുന്നത് ഒരു സെക്രട്ടറിയാണിപ്പോൾ. വളരെ അടുപ്പമുള്ള ചിലർക്കു മാത്രമേ ആ പ്രൈവറ്റ് നംബർ അറിയുകയുള്ളൂ.
“ഹെലോ ?” അപ്പുറത്തു നിന്നും ഒരു സ്ത്രീ ശബ്ദം.
“പറയൂ മാഡം. എന്താ ഇത്ര വൈകിയ നേരത്ത് ?”
“ബെന്നി...ഒരു ചെറിയ പ്രശ്നമുണ്ട്. ഞാൻ കുറച്ചു ദിവസമായി നിന്നെ വിളിക്കണമെന്നു കരുതുന്നു. പക്ഷേ വീണ്ടും നിന്നെ ഇതിലേക്കൊക്കെ വലിച്ചിഴക്കണ്ട എന്നു കരുതി മടിച്ചു.”
“എന്താണെങ്കിലും പറയൂ മാഡം.” ശാന്തമായി സംസാരിച്ച അവന്റെ സ്വരത്തിൽ ഒരു വല്ലാത്ത ദൈവീകതയുണ്ടായിരുന്നു.
“നീന കഴിഞ്ഞ ദിവസം ഒരു ഡോക്ടറെ കണ്ടിരുന്നു. ഗൈനക്കിനെ. ഒരു ഡോ. ചാന്ദ്നി ഭാസ്കർ”
“ഓ...എന്നിട്ട് ?”
“ഒരിക്കലും പ്രതീക്ഷിക്കാത്തതാണുണ്ടായത്. ഡോക്ടർക്ക് എല്ലാം മനസ്സിലായിരിക്കുന്നു. ഇന്നലെ എന്നെ കാണാൻ വന്നിരുന്നു.”
“... എല്ലാം മനസ്സിലായെന്നു പറഞ്ഞാൽ ?”
“അവൾ റേപ്പു ചെയ്യപ്പെട്ടിരിക്കുന്ന വിവരം...പിന്നെ... നിനക്കറിയുമോ ? അവൾക്കിനി ഒരിക്കലും കുഞ്ഞുങ്ങളുണ്ടാകില്ല ബെന്നി!!“ അപ്പുറത്തെ സ്വരം തേങ്ങലിൽ ഒന്നു ചിലമ്പിച്ചു.
ബെന്നി നിശബ്ദനായി നിന്നു.
കുറേ നേരം ആ നിശബ്ദത തുടർന്നു. അപ്പുറത്തെ കരച്ചിൽ ഒന്നൊതുങ്ങി.
”ആ ഡോക്ടർ നീനയെ ഒത്തിരി നിർബന്ധിക്കുന്നു, ലീഗലായി നീങ്ങാൻ. പോലീസിൽ പരാതിപ്പെടാൻ... ആ ഓഫീസേഴ്സിനെ എക്സ്പോസ് ചെയ്യണമെന്നാണ് ഡോക്ടർ പറയുന്നത്. ഷീ ഈസ് റിയലി അപ്സെറ്റ്! ഡോക്ടറുടെ മോൾ നീനയുടെ അടുത്ത സുഹൃത്താ. “
”ആരായാലും അപ്സെറ്റ് ആയിപ്പോകില്ലേ മാഡം. ആ ജാതി ക്രൂരതയല്ലേ അവർ നീനയോട് ചെയ്തത് ?“
”എനിക്ക് പ്രായമായി ബെന്നി... “ ഒരു ദീർഘനിശ്വാസത്തോടെയാണവർ തുടർന്നത് ” ചെയ്ത തെറ്റുകൾക്കൊക്കെ ദൈവവുമായി ഞാൻ നിരപ്പു പ്രാപിച്ചു. നിനക്കറിയാമോ , ഞാനിപ്പൊ സ്നേഹവീട്ടിലാണ്… ഇവിടെത്തന്നെയാണ് താമസം. ഇവിടെത്തന്നെയാണ് ഇനി മരണം വരെയും. എന്റെ മോളോടും റോബിയോടും ഞാനിതൊന്നും പറഞ്ഞിട്ടില്ല ഇതുവരെ...അവളുടെ പപ്പയെ ഇല്ലാതാക്കിയത് ഞാനാണെന്നവൾ ഒരിക്കലും അറിയാൻ പാടില്ല.“
“ശ്ശ്...ശ്ശ്...പ്ലീസ് മാഡം. നമുക്ക് നേരിൽ സംസാരിക്കാം. ഫോണിൽ സെയ്ഫല്ല.”
“ഇല്ല ബെന്നി... ഇനി ബെന്നി ഒരിക്കലും എന്നെ കാണണ്ട. ഞാൻ ഈ ഡോക്ടറുടെ കാര്യം ഒന്നു സൂചിപ്പിക്കാൻ മാത്രം വിളിച്ചതാ.പോലീസ് ഇടപെട്ടാൽ... ഈ കേസിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഓഫീസേഴ്സും കൊല്ലപ്പെട്ടു കഴിഞ്ഞു എന്ന് തെളിഞ്ഞാൽ, തീർച്ചയായും ഒരു തുടരന്വേഷണം വരും. നിനക്കതു പ്രശ്നമാകും. എന്നെ ഓർത്തു നീ വിഷമിക്കണ്ട. ഇനി എനിക്കൊന്നും ഒരു വിഷയമല്ല. പക്ഷേ ബെന്നി ഇപ്പൊ നീ ആയിരിക്കുന്ന ഈ അവസ്ഥയിൽ നിനക്കതൊരു വല്ലാത്ത പ്രശ്നമാകും.”
“ദൈവത്തിന്റെ തീരുമാനം പോലെ നടക്കട്ടെ മാഡം. ഞാനൊരിക്കലും ഇനിയും ആരെയും ഉപദ്രവിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഇനി അഥവാ ഈ കേസിൽ അന്വേഷണം വന്നാലും, ആ മരണങ്ങളൊന്നും കൊലപാതകങ്ങളായിരുന്നെന്ന് തെളിയിക്കാൻ ആർക്കും സാധിക്കില്ല. ഞാൻ വളരെ കെയർഫുൾ ആയിരുന്നു. അവസാനം കേണൽ ചെറിയാന്റെ ഹാർട്ട് അറ്റാക്ക് വരെ... ഇനിയിപ്പൊ ഞാൻ പിടിക്കപ്പെടണമെന്ന് തന്നെയാണ് ദൈവേഷ്ടമെങ്കിൽ അങ്ങനെയായിക്കോട്ടെ. ആ മനുഷ്യർ നീനയോട് ചെയ്തതിനു പകരം വീട്ടാൻ ദൈവം നിയോഗിച്ചതാണെന്നെ എന്നൊന്നും പറഞ്ഞ് ചെയ്ത തെറ്റിൽ നിന്ന് ഒഴിവാകാനൊന്നും ഞാൻ ശ്രമിക്കില്ല. പ്രതികാരം ദൈവത്തിനുള്ളത് തന്നെയാണ്. ഞാൻ നിയമത്തിന്റെ കണ്ണിൽ 4 മനുഷ്യരെ ഇല്ലാതാക്കിയ കൊലപാതകി തന്നെയാണ്. എന്നാലും ഒരിക്കലും ഞാൻ മാഡത്തിന്റെ പേര് എവിടെയും വരാതെ നോക്കിക്കോളാം.“
“ബെന്നി...ഞാനൊരിക്കലും കരുതിയതല്ല നിനക്കിങ്ങനെയൊക്കെ മാറാനാകുമെന്ന്...ശരിക്കും ജീവിച്ചിരിക്കുന്ന ഒരത്ഭുതമാണ് നീ.”
“പിതാവായ ദൈവം ആകർഷിച്ചാൽ പിന്നെ ആർക്കു തടുക്കാനാകും മാഡം ? ഒന്നുമോർത്തു വിഷമിക്കണ്ട. നീന വേണമെങ്കിൽ അന്വേഷിക്കട്ടെ. അവളെ നശിപ്പിച്ച ആ പിശാചുക്കൾ ചത്തൊടുങ്ങിയതോർത്ത് അവൾ ആശ്വസിക്കട്ടെ. ഗോഡ് ബ്ലെസ്സ് യൂ ! ഗുഡ്നൈറ്റ്! ”
അയാൾ ഫോൺ കട്ട് ചെയ്തു.
ആ ഒരു ഫോൺ കോൾ ബെന്നിയെ വല്ലാതൊന്നു പിടിച്ചുലച്ചിരുന്നു
സംഭവബഹുലമായ തന്റെ കഴിഞ്ഞ കാലം അയാളുടെ മനസ്സിലൂടെ കടന്നു പോയി.
മിസ്സിസ് അന്നാമ്മ ചെറിയാൻ അവസാനമായി തന്നെ വന്നു കണ്ട ദിവസം അയാളോർത്തു.
കോളേജിൽ പഠിക്കുന്ന കാലത്തേ തനിക്ക് നീനയിലുണ്ടായിരുന്ന താല്പ്പര്യം അറിയാവുന്നത് അവർക്കു മാത്രമായിരുന്നു. കേണൽ ചെറിയാനെ ഭയന്ന് നീന പോലും അവനെ ശ്രദ്ധിച്ചിരുന്നില്ല. ഒടുവിൽ വർഷങ്ങൾക്കു ശേഷം അവൻ നഗരത്തിലെ അറിയപ്പെടുന്ന ഒരു ഗുണ്ടാ നേതാവായിരുന്ന കാലത്താണ് നീനയുടെ അമ്മ അവനെ വന്നു കാണുന്നത്.
പുറമേ സാധുവായിരുന്ന ആ സ്ത്രീയുടെ ഉള്ളിൽ തിളച്ചു മറിയുന്ന പക ആരും അറിഞ്ഞിരുന്നില്ല. ഡെറാഡൂണിൽ വെച്ച് തന്റെ മകളെ നശിപ്പിച്ച നാലു ഹൈ റാങ്കിങ്ങ് ഓഫീസർമാരുടെ ലിസ്റ്റ് അവർ കരുതിയിരുന്നു. അവളെ കൂട്ടിക്കൊണ്ടു പോയത് അവൻ ഏറ്റവും വെറുത്തിരുന്ന കേണൽ ചെറിയാൻ തന്നെയായിരുന്നു എന്നു കേട്ടപ്പോൾ ബെന്നിക്കും സഹിക്കാനായില്ല.
തുടർന്ന് ഒരു വർഷത്തോളം നീണ്ട പ്ലാനിങ്ങ് പ്രകാരം നാലു സംസ്ഥാനങ്ങളിലായി സഞ്ചരിച്ച് അവർ നാലു പേരെയും വക വരുത്തിയത് ബെന്നിയും സംഘവുമായിരുന്നു. എല്ലാം വളരെ ആസൂത്രിതമായിരുന്നതു കൊണ്ട് ആർക്കും ഇന്നു വരെ ഒരു സംശയവും തോന്നിയില്ല. ഇടക്കെപ്പൊഴോ ഒരു അന്വേഷണ കമ്മീഷൻ വന്നിരുന്നെന്നു കേട്ടെങ്കിലും, പിന്നീട് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.
അതോടെ ബെന്നി പിന്വലിഞ്ഞു. മിസ്സിസ് അന്നാമ്മ കൊടുത്ത വൻ തുകയുമായി ശേഷിച്ച കാലം സുഖമായി ജീവിക്കാമെന്നു കരുതിയതായിരുന്നു അവൻ. പക്ഷേ അവന്റെ ഭാഷയിൽ പറഞ്ഞാൽ, ദൈവത്തിനു വേറേ ലക്ഷ്യമുണ്ടായിരുന്നു. അവൻ സ്വപ്നത്തിൽ പോലും അറിഞ്ഞിട്ടില്ലാത്ത ഏതോ മയക്കു മരുന്നു കേസിൽ കുടുങ്ങി ബെന്നി ജെയിലിലായി. അവിടെ വെച്ചാണ് പാസ്റ്റർ അബ്രഹാം അവനെ കാണുന്നതും അവൻ ദൈവ വഴിയിലേക്ക് വരുന്നതും.
പണ്ടത്തെ ബെന്നിയായിരുന്നെങ്കിൽ, അവൻ നേരേ പോയി ഡോ. ചാന്ദ്നിയെ കൈകാര്യം ചെയ്തേനേ. തെളിവുകൾ നശിപ്പിക്കുന്നതിൽ വിരുതനായിരുന്നു അവൻ.
പക്ഷേ വെറും ബെന്നിയല്ല അവനിപ്പോൾ. ബ്രദർ ബെന്നിയാണ്. അയാൾക്കിനി ഒരിക്കലും പഴയ ആ ചെളിക്കുണ്ടിലേക്കിറങ്ങാനാവില്ല.
ബെന്നി ഫോൺ സൈലന്റാക്കി. ലൈറ്റൊക്കെ കെടുത്തി. ബെഡിനു മുകളിലെ റീഡിങ്ങ് ലൈറ്റു മാത്രം തെളിയിച്ചിട്ട് ഒരു പുസ്തകമെടുത്ത് കിടക്കയിലേക്ക് ചാഞ്ഞു.
അപ്പോൾ ബാത്ത് റൂമിലെ വാതിൽ കറ കറ ശബ്ദത്തോടെ ഒന്നനങ്ങിയ പോലെ തോന്നി.
“ഛേ! ഇതടച്ചില്ലേ ? നാശം!” അയാൾ വീണ്ടും എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് തിരിഞ്ഞതും ആ കാഴ്ച്ച കണ്ട് ഞെട്ടി പുറകോട്ടു മാറി!
ബാത്ത് റൂമിന്റെ വാതില്ക്കൽ തന്നെ ഭിത്തിയിൽ ചാരി ഒരു ഇരുണ്ട രൂപം!
“ആരാ അത് ??” ബെന്നിയുടെ സ്വരം വിറച്ചു.
“ഞാനാടാ നായേ! നന്ദി കെട്ടവനെ!”
ആ സ്വരം ബെന്നിക്ക് ഏതുറക്കത്തിൽ പോലും കേട്ടാൽ തിരിച്ചറിയാം.
അവൻ പതിയെ പുറകോട്ട് നടന്ന് ലൈറ്റ് ഓൺ ചെയ്തു.
അവിടെ... ബാത്ത് റൂമിന്റെ വാതില്ക്കൽ ...താടിക്കു കയ്യും കൊടുത്ത് ഒരു വല്ലാത്ത ചിരിയുമായി നില്ക്കുകയാണയാൾ... കവിളോടു ചേർത്തു പിടിച്ചിരിക്കുന്ന പിസ്റ്റൾ ആ വെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.
“റെജി!” ബെന്നിയുടെ ചുണ്ടുകൾ നിശബ്ദമായി ചലിച്ചു.
(തുടരും...)

Alex n Biju

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot