Slider

#സ്വപ്നം #പോലെ

0

"കേറെടാ പുറകിലോട്ട് "
സ്കൂട്ടി മുൻപിൽ കൊണ്ട് നിറുത്തി അവൾആജ്ഞാപിച്ചപ്പോൾ ആദ്യം അവനൊന്ന് ഞെട്ടി ..
"എന്താടി പെണ്ണെ നീ ഇപ്പറയുന്നെ "
"നീ ഇങ്ങോട്ടൊന്നും വിളമ്പണ്ട നിന്നോട് കേറാനാണ് പറഞ്ഞത്"
റിച്ചു ..അവളങ്ങനെയാണ് .. ആർക്കും ഊഹിക്കാൻ പോലും കഴിയാത്ത കുസൃതികളാണ് അവളുടെ വ്യക്തിത്വം ..
എങ്ങോട്ടാണെന്ന് പോലും അറിയാതെ അവനാ സ്കൂട്ടിയുടെ പുറകിൽ കയറിയിരുന്നു ..
"എങ്ങോട്ടാടി "
ആര്യനു ദേഷ്യം വന്നു .. ഇന്ന് ബാംഗ്ലൂർക്ക് മടങ്ങേണ്ടതാ .. പാക്കിങ് പോലും കഴിഞ്ഞിട്ടില്ല .. നീയിതെങ്ങോട്ടാ വായു ഗുളിക വാങ്ങാനോ ?
"ഒന്ന് മിണ്ടാതിരിയെടാ "
അവൾ കുതിച്ചു കൊണ്ടിരുന്നു .. തിരക്കുകളുടെ നഗരയിടങ്ങളിൽ നിന്ന് ഗ്രാമത്തിന്റെ കുളിർപ്പച്ചയിലേക്ക് ...
ചുറ്റിലും മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്ന ഇടവഴിയിലൂടെ ചെന്ന് കയറിയത് ഒരു തോട്ടുവക്കത്തായിരുന്നു ..
"ഹാ എനിക്ക് തോന്നി .. ഇന്നെന്താടി മീൻ പിടുത്തമാണോ പ്ലാനിങ്? "
ആര്യന്റെ നീരസം കലർന്ന ചോദ്യം അവളുടെ പൊട്ടിച്ചിരിയിൽ കുതിർന്നു ..
പലപ്പോഴും അവളുടെ ഇത്തരം ഭ്രാന്തുകൾക്ക് അവൻ തന്നെയായിരുന്നു കൂട്ട് .. ചട്ടക്കൂടുകൾ അവരുടെ സൗഹൃദം ഒരു നാളും ഉലച്ചില്ല ..
"നീ ഇറങ്ങ് മിഴിച്ചിരിക്കാതെ "
അവനപ്പോഴും രോഷം തന്നെ ആയിരുന്നു . "നിനക്ക് പ്രാന്താടി നല്ല നട്ടപ്രാന്ത് "
ഇറങ്ങുന്നതിനിടയിൽ അവൻ പിറുപിറുക്കുന്നത് കേട്ട് അവൾ ചെറുതായൊന്ന് പുഞ്ചിരിച്ചു ..
തോട്ടുവക്കത്തെ ചെറിയ പാലത്തിന്മേൽ ഇരുന്ന് കൊണ്ടവൾ കാൽപാദങ്ങൾ പതുക്കെ നനച്ചു ..
"ടാ നിനക്ക് ബുദ്ധിമുട്ടായോ .. ഇന്ന് മീൻ പിടുത്തമൊന്നുമല്ല .. ചെറിയൊരു സീൻ ഉണ്ട് .. നിന്റെ ഉപദേശം തേടാമെന്ന് വെച്ചു ..
എനിക്കൊന്ന് പറഞ്ഞു തീർക്കുകയെ വേണ്ടു . .. എന്നിട്ട് നീ പൊക്കോ .. എവിടേക്കാണെന്നു വച്ചാ .."
അതുവരെയുള്ള അവളുടെ മുഖഭാവത്തിനുണ്ടായ വ്യത്യാസം അവന്റെ ഉള്ളൊന്നുലച്ചു .. ഇങ്ങനെ അവളെ കണ്ടിട്ടേയില്ല .. ചിരിച്ചു കൊണ്ടല്ലാതെ ലോകത്തിലെ ഒരു കാര്യവും പറയാൻ അവൾക്കു കഴിയില്ല .. തന്റെ തന്നെ എത്രയോ പ്രോബ്ലെംസ് അവളുടെ ചിരിയിൽ മുങ്ങിപ്പോയിരിക്കുന്നു ..
കാര്യമായ എന്തോ ഉണ്ട് .. അവൻ മറ്റെല്ലാം മറന്നു ..
"എന്താടി നിന്റെ പ്രശ്നം ?"
അവൻ അവളിലേക്ക് അടുത്തിരുന്നു ..
"ഒന്നുമില്ലടാ .. കാര്യമായി ഒന്നും ഇല്ല .. എന്നാൽ വളരെ വലിയ കാര്യമാണ് താനും "
" നീ വളച്ചു കെട്ടാതെ കാര്യം പറയടി "
...
"സർ .. ഈ മരുന്ന് വാങ്ങിക്കണം "ആര്യൻ ചിന്തകളിൽ നിന്നുണർന്നു മരുന്ന് വാങ്ങാനുള്ള ചീട്ട് നഴ്സിന്റെ കൈയിൽ നിന്ന് വാങ്ങി മെഡിക്കൽ ഷോപ് ലക്ഷ്യമാക്കി നടന്നു ..
റിച്ചു അവളൊരു സ്വപ്നമായി തന്നെ എപ്പോഴും പിന്തുടരുകയാണ് ..
എന്നും ഒപ്പമുണ്ടായിരുന്നു അവളുടെ ഓർമ്മകൾ എങ്കിലും ഇന്ന് വീണ്ടും അവളെ കണ്ടത് തന്റെ ഭാര്യക്കൊപ്പം ലേബർ റൂമിലേക്ക് പ്രവേശിപ്പിച്ചവരിലൊരാളായാണ് .. വല്ലാതെ മെലിഞ്ഞു ശോഷിച്ച ശരീരം കണ്ടപ്പോഴേ കരയാനാണ് തോന്നിയത് ..
അത് തന്നെയായിരുന്നു അന്നവൾ പറയാൻ തുടങ്ങിയത് .. ആരും അറിയരുതെന്ന് അവൾ ആഗ്രഹിച്ച എന്നാൽ എല്ലാവരേക്കാളും ശ്രദ്ധ ലഭിക്കേണ്ട അസുഖം ..
ഗർഭിണിയാകുമ്പോൾ മാത്രം ശക്തി പ്രാപിച്ച് ജീവൻ വരെ അപായപ്പെടുത്തിയേക്കാവുന്ന രോഗം ..
തങ്ങളുടെ മകൾ സുമംഗലിയായിക്കാണാൻ ആഗ്രഹിച്ച മാതാപിതാക്കൾ എല്ലാം മറച്ചു വെച്ചു അവളുടെ വിവാഹം നടത്തിയപ്പോഴും ഇടയ്ക്കിടെ അവൾ തന്നോട് സ്വന്തം വേവലാതികൾ പങ്കു വെക്കുമായിരുന്നു ..
തനിക്കുണ്ടാകുന്ന പൊന്നുണ്ണിയെ താലോലിക്കാൻ താൻ ഉണ്ടാവില്ലേ എന്ന ഭയം എപ്പോഴും അവളെ വേട്ടയാടിയിരുന്നു ..
തന്നിലെ സ്ത്രീത്വത്തിന്റെ പൂർണത എന്ന മോഹത്തെ അവൾ സ്വന്തം ജീവനിലേക്കാളേറെ സ്നേഹിച്ചു ..
ഒരുപാട് വൈകിയാണെങ്കിലും അറിഞ്ഞപ്പോൾ അവളുടെ ഭർത്താവിനും അതൊരു ഷോക്ക് തന്നെയായിരുന്നു ..
കാരണം അവളെ നഷ്ടപ്പെടുക എന്നത് അവളോടടുത്തവർക്കാർക്കും ചിന്തിക്കാൻ കഴിയുകയില്ല ..
അവളങ്ങനെ ആണ് ... !
വൈദ്യശാസ്ത്രത്തിന്റെ മറു മരുന്നുകൾ ചിലപ്പോൾ ദൈവത്തിന്റെ കുസൃതികൾക്കു മുൻപിൽ തോറ്റു പോകാറില്ലേ ..
ഇതും അത്തരമൊരു കുസൃതിയാണ് .. ചിലപ്പോൾ അത്രമേൽ ഇഷ്ടപ്പെടുന്നവരെ വേഗം അടുത്തെത്തിക്കാനുള്ള തന്ത്രവുമാകാം ..
ഭയത്തിന്റെ ഒരു പുതപ്പ് തനിക്കു മേൽ വന്നു വീണത് പോലെ അവന് തോന്നി ..
തന്റെ ഭാര്യയും ഒരു കുഞ്ഞിന് ജന്മം നൽകുന്ന ആ ദൈവീകമായ നിമിഷത്തിലാണ് .. ചിലപ്പോൾ അതേ നിമിഷത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ ഈ ലോകത്തോട് വിട പറയുകയും ആവാം ..
ദൈവമേ ..
മരുന്നുകളുമായി തിരിച്ചു നടക്കാൻ കഴിയാത്ത വണ്ണം അവന്റെ പാദങ്ങൾക്ക് കനം വെച്ചിരുന്നു .. നല്ലതു മാത്രം ഭവിക്കണേ ..
പ്രാർത്ഥിച്ചു കൊണ്ടവൻ ലേബർ റൂമിനരികിലേക്ക് നീങ്ങി ..
കൈയിൽ കരുതിയ മരുന്നുകൾ കൈമാറുമ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു ..
നിമിഷങ്ങൾക്ക് വർഷങ്ങളുടെ ദൈർഘ്യം അനുഭവപ്പെടുന്നത് ഈ ഒരിടത്ത് മാത്രമാണെന്നവന് തോന്നി.. അവളുടെ മാതാപിതാക്കൾ ഉണ്ട് എതിർദിശയിലെ ബെഞ്ചിൽ .. എല്ലാവരുടെ മുഖങ്ങളും ഏതോ ഒരു നിമിഷത്തെ പ്രതീക്ഷിച്ചു കൊണ്ടുള്ള മ്ലാനതയിലാണ് ... ചിലപ്പോൾ എന്നെന്നും ഓർക്കാനിഷ്ടപ്പെടുന്ന ഒരു നിമിഷം .. അല്ലെങ്കിൽ ഒരിക്കലും ഓർമിക്കരുതേ എന്ന് ചിന്തിക്കുന്ന ഒരു നിമിഷം ..
വാതിൽ തുറന്ന് പുറത്തേക്ക് വന്ന നഴ്സ് ഉറക്കെ ചോദിച്ചു .. ആര്യൻ ആരാണ് ?
ഞെട്ടി പിടഞ്ഞെഴുന്നേറ്റ് അവരുടെ മുഖത്തേക്ക് ചോദ്യഭാവത്തിൽ ഉയർന്ന നോട്ടത്തെ അവരൊരു പുഞ്ചിരിയോടെ എതിരേറ്റു ..
"താനൊരു പെൺകുഞ്ഞിന്റെ അച്ഛനായിരിക്കുന്നു കേട്ടോ .. കുഞ്ഞിനെ അല്പസമയം കഴിഞ്ഞ് കാണാം "
സന്തോഷാധിക്യത്താൽ നെഞ്ച് പൊട്ടിപ്പോകുമെന്ന് തോന്നിയ നിമിഷം തന്നെ റിച്ചുവിന്റെ മുഖം അവനെ തകർത്തു കളഞ്ഞു ..
"എക്സ്ക്യൂസ്മി സിസ്റ്റർ.. ഇവിടെ അഡ്മിറ്റ് ആയിട്ടുള്ള റിഷാലി എന്ന പെൺകുട്ടിയുടെ അവസ്ഥ എന്താണ് ?"
"കുറച്ചു കോംപ്ലിക്കേറ്റഡ് ആണ് .. "
നഴ്സ് തിരിഞ്ഞു നടന്നു .. വല്ലാത്തൊരു പെരുപ്പ് കാലിലൂടെ അരിച്ചു കയറുന്നുവോ ..
ആര്യൻ തിരിഞ്ഞു നടന്നു ..
ആശുപത്രിക്കെട്ടിടത്തിന്റെ പടികൾ ഇറങ്ങി മുന്നിൽ അനന്തമായി നീളുന്ന വഴിയിലേക്ക് ..
ഏതെങ്കിലും ഒരു ദേവാലയത്തിന്റെ ശാന്തതയിൽ ഹൃദയം പൊട്ടി നിന്ന് കേഴാൻ .. ഒരിറ്റ് കരുണ തന്റെ റിച്ചുവിന്റെ ജീവിതത്തിലേക്ക് ചൊരിയാൻ ..
പോക്കെറ്റിൽ കിടന്ന മൊബൈൽ വൈബ്രേറ്റ് ചെയ്യുന്നു ..തിടുക്കത്തിൽ എടുത്തു നോക്കുമ്പോൾ തന്റെ അമ്മയാണ് ..
റിച്ചുവിന് വേണ്ടി തന്നെക്കാളധികം പ്രാർഥിച്ചത് ഒരു പക്ഷേ അമ്മയായിരിക്കാം ...റിച്ചുവിന്റെ ആരാധികമാരിൽ പ്രധാനി അമ്മയായിരുന്നല്ലോ ...
"എന്താ അമ്മേ ?"
വല്ലാതെ വിറങ്ങലിച്ചു പോയിരുന്നു ആ വാക്കുകൾ
"മോനെ റിച്ചു ..അവൾ പ്രസവിച്ചു പെൺകുഞ്ഞാണ് .. "
"അമ്മേ അവൾ ?"
" അവൾ..... ..... "
അമ്മയുടെ വാക്കുകൾ മുറിഞ്ഞിടത്ത് തന്റെ കേൾവി ശക്തി നിലച്ചത് പോലെ തോന്നി അവന് ..
ഒപ്പം തന്റെ ലോകവും ..!!!

നസീഹ ഷമീൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo