നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#തണലുതേടുന്നവർ #


ഇനിയും ദുരന്തങ്ങൾ ഏറ്റുവാങ്ങിക്കുവാൻ എനിക്ക് ശക്തിയില്ല, അമ്മേ ...ഒരുപാടാനുഭവിച്ചു ..ഇനി വയ്യാ ..ഏതേലും ഒരു മൂലയിൽ ഞാനുമെന്റെ മോളും ആർക്കും ശല്യമില്ലാതെ ജീവിച്ചോളാം ..ഇനി ആരും തേടി വരും എന്ന പ്രതീക്ഷയൊന്നുമില്ല ,എങ്കിലും ഈ താലി അത് ആരും ഊരിയെടുക്കാത്തിടത്തോളം കാലം ഞാൻ ആനന്ദേട്ടന്റെ ഭാര്യ തന്നെയാ ..അത്ര മാത്രമാവാനേ എനിക്കിപ്പോ പറ്റുള്ളൂ .
മോളെ ...നീ ചെറുപ്പമാണ് .ജീവിതം അസ്തമിപ്പി ക്കാറായിട്ടില്ല ..ഈ അമ്മ എന്നും ജീവിച്ചിരിക്കില്ല .നീയും കുഞ്ഞും എന്നും ഒരു ബാധ്യതയായി നിന്റെ അനിയന് ഒരിക്കലും തോന്നാതിരിക്കാൻ വേണ്ടിയാണ് അമ്മ ഇപ്പഴിങ്ങനെ പറയുന്നത് ..
രമേശൻ നല്ലവനാ ...നിന്നെ പൊന്നുപോലെ നോക്കും .അവന്റെ ഭാര്യ പൂർവ കാമുകനുമായി ഒളിച്ചോടി പോയതാ .ഒറ്റപെട്ട അവന്റെ ജീവിതത്തിലേക്ക് നിന്നെ ആത്മാർത്ഥമായിട്ടാ അവൻ ക്ഷണിച്ചത് .പിന്നെ നിന്റെ കാര്യങ്ങളൊക്കെ അവനറിയാല്ലോ ...നീ ആലോചിച്ചിട്ട് പറഞ്ഞാൽ മതി ..അനിയൻ കുട്ടന്റെ മാറ്റം ഈയിടെയായി നീയും കാണുന്നില്ലേ ..കല്യാണം കഴിഞ്ഞു കുട്ടിയായപ്പോൾ അവന്റെ ചെലവുകളും കൂടി .ഓരോരോ കാര്യങ്ങൾ ചെയ്തുതീർക്കാൻ അവൻ ബുദ്ധിമുട്ടുന്നത് നമ്മളും കുറച്ചൊക്കെ മനസ്സിലാക്കേണ്ടേ ..അവൻ നിന്നെ ഒരിക്കലും തള്ളിപ്പറയില്ലാന്നു ഈ അമ്മക്കറിയാം .എന്നിരുന്നാലും നിന്റെം മോളുടേംകാര്യങ്ങൾ എത്ര കാലംന്നു വെച്ചിട്ടാ അവൻ ചെയ്യാ ...ഇനിയും ഒരു കാത്തിരിപ്പ് അത് മണ്ടത്തരമാ മോളെ .ഇന്നല്ലെങ്കിൽ നാളെ എന്റെ കാലം കഴിയും .അതുവരെ ലച്ചുമോളെ ഞാൻ നോക്കിക്കോളാം ..രമേശൻ അതിനുള്ള ചെലവ് തരാതിരിക്കില്ല .ഇത്രയും പറഞ്ഞു അകത്തളത്തിലേക്കു കിതച്ചു നടന്നു അമ്മ .
ഉറങ്ങിക്കിടക്കുന്ന ലച്ചുമോളെ നെഞ്ചോടു ചേർത്ത് പിടിച്ചു വീണ .അവളുടെ കണ്ണീര് പടർന്ന കവിളിൽ കുഞ്ഞികയ്യാലെ തലോടികൊണ്ട് ലച്ചുമോൾ ചോദിച്ചു ,
അമ്മേ ...അമ്മ ആരെയാ കല്യാണം കഴിക്കുന്നത് ..അമ്മമ്മ പറയുന്നത് ലച്ചു മോള് കേട്ടല്ലോ ...
ഇല്ല മോളെ ..അമ്മ ആരെയും കല്യാണം കഴിക്കുന്നില്ല ..അവളുടെ ശബ്ദം ഇടറി
അതല്ല ,അമ്മേ ..അമ്മ കല്യാണം കഴിക്കണം ..എന്നെ അവർ സ്വീകരിച്ചില്ലെങ്കിലും എന്റെ അമ്മയ്‌ക്കൊരളവുല്ലോ കൂട്ടിന് ...ലച്ചുമോൾ അമ്മാമ്മേടെ കൂടെ നിന്നോളം ...എന്റെ അമ്മ ഒന്നും ഓർത്തു ഇനി കരയാൻ പാടില്ല .മോൾക്ക്‌ അത് കാണാനുള്ള ശേഷിയില്ല .അമ്മ സമ്മതിക്കണം .എന്റെ അച്ഛൻ എന്നെങ്കിലും തിരിച്ചു വന്നാൽ ഞാൻ പറഞ്ഞുകൊള്ളാം ,എല്ലാത്തിനുമുള്ള മറുപടി
വെറും എട്ടു വയസ്സുകാരി ആരോ പഠിപ്പിച്ചു വിട്ട പോലെ ഇത്രയും പറഞ്ഞു നിർത്തി .
എന്റെ പൊന്നു മോളെ ....വീണക്ക് സഹിക്കുന്നതിലും അപ്പുറമായിരുന്നു ആ വാക്കുകൾ ...അമ്മയ്ക്ക് ഈ മോള് മാത്രം മതി ..വേറാരും വേണ്ടാ ..തലയിണയിൽ മുഖം ചേർത്ത് വെച്ചു വീണ വിങ്ങുന്നത് രാത്രിയുടെ താളത്തിൽ അലിഞ്ഞു ചേർന്നപ്പോൾ അവൾ ഓർക്കുകയായിരുന്നു ആ നല്ല കാലം ..
തോരാതെ പെയ്യുന്ന ഇടവമാസത്തിൽ ആനന്ദേട്ടന്റെ പെണ്ണായി ആ ജീവിതത്തിലേക്കു നടന്നു പോയപ്പോൾ ഏതൊരു പെണ്ണിനെ പോലെയും സ്വപ്‌നങ്ങൾ മാത്രമായിരുന്നു മനസ്സിൽ ..സന്തോഷം ആവോളം തന്ന് ഒരു വാക്ക് പോലും പറയാതെ ,എന്തിനെന്നുപോലും അറിയാതെ ആ മനുഷ്യൻ എങ്ങോ പോയി ..
ഒരു പ്രേത്യേക സ്വഭാവക്കാരനായിരുന്നു .എന്നെ ആവശ്യത്തിൽ കൂടുതൽ സ്നേഹിച്ചിരുന്നെങ്കിലും എന്നേക്കാൾ കൂടുതൽ സ്നേഹം അക്ഷരങ്ങളോടും എഴുത്തിനോടുമൊക്കെ ആയിരുന്നു.ചില ദിവസങ്ങളിൽ വീട് വിട്ടുപോയാൽ പിന്നെ ഒന്നും രണ്ടും ദിവസങ്ങൾ കഴിഞ്ഞെ തിരിച്ചു വരാറുള്ളൂ ..ഒന്നിനും മറുപടിയില്ല ..അങ്ങനെഎട്ടുവര്ഷങ്ങൾക്ക് മുൻപ് ഒരു ദിവസം രാവിലെ പോയ പോക്കാ ...പിന്നെ നാളിതു വരെയായിട്ടും തിരിച്ചു വന്നിട്ടില്ല ..
മരിച്ചോ ,ജീവിച്ചിരിപ്പുണ്ടോ ഒന്നിനും തെളിവില്ല ,അറിവുമില്ല .എങ്കിലും ഞാൻ മാത്രം ഇന്നും വിശ്വസിക്കുന്നുണ്ട് ,എന്റെ ആനന്ദേട്ടൻ എന്നെങ്കിലും തിരിച്ചു വരുമെന്ന് ..
ഞാൻ പ്രസവിച്ചതു പോലും ആളറിഞ്ഞിട്ടില്ല .അന്നു തൊട്ടു ഇന്നേവരെ കണ്ണീര് കുടിക്കുന്നത് ഈ ഞാനും .
അല്ലെങ്കിൽ തന്നെ ഇങ്ങനെയൊരു മനുഷ്യനെ ഞാനെന്തിന് ഇനിയും കാത്തിരിക്കണം ,അവൾ അവളോട്‌ തന്നെ ചോദിച്ചു ..
ഭർത്താവ് എന്നാൽ ഭാര്യയെ സംരക്ഷിക്കേണ്ടവൻ അല്ലേ ...എന്നിട്ടും ഭാര്യയെ തനിച്ചാക്കി സ്വന്തം സുഖ സൗകര്യങ്ങൾ തേടിപ്പോയ ഒരാൾ ഇനി തിരിച്ചു വന്നാലും ഇതൊക്കെ തന്നെ ആവർത്തിക്കില്ലെന്നു എന്തുറപ്പാ ഉള്ളത് ..എന്നെങ്കിലും തിരിച്ചു വന്നാൽ ആ മുഖത്തു നോക്കി ഏറെ പറയാനുണ്ട് .
**** **** ***
നാളെ എന്റെ അമ്മ ,മറ്റൊരാളുടെ ഭാര്യ ആവാൻ പോവുന്നു ..ലച്ചു മോളുടെ ഹൃദയം വല്ലാതെ നോവുന്നുണ്ട് .അച്ഛനില്ലാത്ത സങ്കടം അമ്മ നെഞ്ചിലടക്കി പൊന്നുപോലെ കൊണ്ട് നടന്നതാ എന്നെ .ഇതുവരേക്കും ആ നെഞ്ചിലെ സ്നേഹം മുഴുവൻ തന്നിലേക്ക് മാത്രം പെയ്തിറങ്ങി .ഇനി അത് എങ്ങനെ ...
കുഞ്ഞു കവിളുകൾ നനയുന്നത് അമ്മ കാണാതിരിക്കുവാൻ അവൾ നന്നേ പാടുപെട്ടു .
മോളുറങ്ങിയോ ...
അമ്മയുടെ ചോദ്യം കേട്ടെങ്കിലും ഉറങ്ങിയെന്ന മട്ടിൽ അവൾ കണ്ണുകൾ ചേർത്ത് വെച്ചു കിടന്നു ..ആ കൈകൾ മുടിയിൽ തലോടി നെറ്റിയിൽ ചുംബിച്ചപ്പോൾ വിങ്ങി പൊട്ടിയെങ്കിലും കരഞ്ഞില്ല .എന്റെ കരച്ചിൽ അമ്മയെ തളർത്തും ,ഈ കല്യാണത്തിൽ നിന്നും അമ്മ പിന്തിരിയും .പാടില്ല ..അമ്മ ജീവിക്കണം .അമ്മാവന്റെ തണലിലല്ല ..ഭർത്താവിന്റെ തണലിൽ ..
ഒളിഞ്ഞും പതുങ്ങിയും അമ്മായി മാമനോട് പറയുന്നതവൾ പലപ്പോഴും കേട്ടിട്ടുണ്ട് ..
നശൂലങ്ങൾ ....ഇല്ലാത്ത ചിലവിന്റെ കൂടെ ഓരോന്നും കൂടിയുണ്ടല്ലോ തലേല് ...നിങ്ങളെ കുടുംബത്തിലേക്ക് ഏത് നേരാണാവോ എനിക്ക് വരാൻ തോന്നിയത് ..ശാപം പിടിച്ച ഒരമ്മയും മോളും ..!
അന്യരുടെ ശാപം പേറി ഈ അടുക്കളയിൽ എരിഞ്ഞുതീരാൻ അമ്മയെ ഇനിയും അനുവദിച്ചു കൂടാ ...അതിനാണ് ലച്ചുമോള് പട്ടിണി കിടന്ന് അമ്മയെ ഈ കല്യാണത്തിന് സമ്മതിപ്പിച്ചെടുത്തത് .
കല്യാണം എന്ന് പറഞ്ഞാൽ രണ്ടു മനസ്സുകളെ ചേർത്ത് നിർത്തി ഒരു ചെറിയ ചടങ്ങു മാത്രം .എല്ലാം ഭംഗിയായി കഴിഞ്ഞു .
അമ്മ ഇറങ്ങി പോവുന്നത് കാണാതിരിക്കാൻ വേണ്ടി ലച്ചു അകത്തളത്തിലേക്കു ഓടി ....അതു വരെ തടഞ്ഞു നിർത്തിയ കണ്ണീര് അനുസരണയില്ലാതെ ഒലിച്ചിറങ്ങി ..
എത്ര പാടുപെട്ടിട്ടും തടയാനായില്ല .ഹൃദയത്തിൽ നിന്നും അടർന്നടർന്നു കണ്ണീർതുള്ളികൾ മനസിലും മുഖത്തും ദേഹം മുഴുവനും നനച്ചു കൊണ്ടേയിരുന്നു ....
രണ്ടു കൈകൊണ്ടും മറച്ചു പിടിച്ച മുഖത്തെ കൈകൾ ശക്തിയായി മാറ്റി ആരോ ഒരാൾ ...
ആളെ കണ്ടതും ലച്ചുമോള് ഞെട്ടി ..
ആഹാ ...മോളിവിടെ വന്നു നിൽക്കാതെ വന്നു കാറിൽ കയറൂ ...
എന്താ എന്ന് മനസ്സിലാവാതെ കുറച്ചു നേരം അവൾ രമേശിനെ തന്നെ നോക്കി നിന്നു ..
മോളേ ...വാ ....അവളുടെ കൈകൾ ചേർത്തു പിടിച്ചു കൊണ്ട് രമേശ്‌ നടന്നു നീങ്ങുമ്പോൾ മറ്റേ കൈകൊണ്ട് ആ കുഞ്ഞു മുഖത്തെ കണ്ണീര് തുടക്കാനും മറന്നില്ല ..
ആ ചേർത്തു നിർത്തലിൽ ആദ്യമായ് അവളറിയുകയായിരുന്നു ഒരു അച്ഛന്റെ വാത്സല്യം ,കിട്ടാതെ പോയ തണലിന്റെ സുരക്ഷിതത്വം ..
പ്രീതി രാജേഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot