നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവൾ

അവൾ....
വിവാഹക്ഷണക്കത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു, ലൈക്കും കമന്റും, നോക്കി ഇരുന്ന ദിവസങ്ങളിൽ, ഒരു വൈകുന്നേരം വീട്ടിൽ ഒരു കൊറിയർ വന്നു.
കൊറിയർ കൊണ്ട് വന്ന ആളിനെ നല്ല മുഖപരിചയം തോന്നി. പണ്ട് കോളേജിൽ ഒരുമിച്ചു പഠിച്ച ആസിഫിന്റെ അതെ മുഖഛായ,. ആസിഫ് മരിച്ചിട്ട് വർഷങ്ങളായി, ഇന്ന് വീണ്ടും അവനെ ഓർക്കുകയും ചെയ്തുവല്ലോ,
കൊറിയറിൽ എന്റെ അഡ്രെസ്സ് മാത്രമേ ഉള്ളൂ. പുതിയ കമ്പനി ആണെന്ന് തോന്നുന്നു. ഇങ്ങനെ ഒരു കൊറിയർ കമ്പനി ഉള്ളതായി അറിയില്ല. കൊറിയർ തുറന്നു നോക്കിയപ്പോൾ ഒരു ചുവന്ന കുർത്തയും നീല കരയുള്ള മുണ്ടും,, കൂടെ ഒരു കത്തും.
"പ്രിയ സനൽ, അടുത്ത ഞായറാഴ്ച പാളയം സെന്റ് ജോസഫ് കത്തീഡ്രലില് വച്ച് എന്റെ കല്യാണമാണ്, സനൽ തീർച്ചയായും വരണം, വരുമ്പോൾ ഈ മുണ്ടും കുർത്തയും ധരിക്കണം."
എനിക്ക് വല്ലാത്ത ഒരു ത്രില്ല് ഉണ്ടായി. എന്റെ ഏതോ ഒരു കാമുകി, അവളുടെ വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നു. ആരാണെന്ന് പറഞ്ഞിട്ടുമില്ല.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ പുളിമിട്ടായി വാങ്ങി കൊടുത്ത് പ്രേമിച്ച ചിഞ്ചു മോൾ മുതൽ വിവാഹം ക്ഷണിക്കാൻ പോയപ്പോൾ പരിചയപ്പെട്ട,, പ്ലസ് ടുവിൽ പഠിപ്പിച്ച ശ്യാമള ടീച്ചറിന്റെ മകളുടെ മുഖം വരെ ഞാൻ ഓർത്തെടുത്തു. എന്തായാലും വിവാഹത്തിന് പോകണമെന്ന് ഞാൻ ഉറപ്പിച്ചു.
ഞായറാഴ്ച രാവിലെ ഞാൻ പുറപ്പെട്ടു. പാളയം പള്ളിയിൽ എത്തിയപ്പോൾ വിവാഹം നടക്കുകയാണ്. പെൺകുട്ടിയെ കണ്ടിട്ട് എനിക്ക് ഒരു പരിചയം തോന്നുന്നില്ല. കൈയിൽ കരുതിയിരുന്ന സമ്മാനം ഞാൻ അവർക്ക് കൊണ്ട് കൊടുത്തു. മുഖം ഞാൻ ഒന്നുകൂടി ശ്രദ്ധിച്ചു.
ഇല്ല, വരനെയും വധുവിനെയും എനിക്ക് ഒരു പരിചയവും തോന്നുന്നില്ല. ആരോ എന്നെ പറ്റിക്കാൻ ചെയ്തതാണ് എന്ന് എനിക്ക് മനസിലായി.
കല്യാണം കൂടാൻ വന്ന എല്ലാ അതിഥികളെയും ഞാൻ ശ്രദ്ധിച്ചു. പരിചിത മുഖം ഒന്നുപോലും ഇല്ല. ഇതിനിടയിൻ ഏതോ ഒരാൾ എന്നെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുകയും ചെയ്തു. ഞാൻ ആ പള്ളിയിൽ കയറിയപ്പോൾ മുതൽ എന്റെ കൂടെ കൂടിയ ഒരു ചിത്രശലഭവും, ഞാനും, ആ പള്ളിയെ രണ്ടു തവണ വലം വച്ച് കഴിഞ്ഞു.
കുറച്ച് കഴിഞ്ഞപ്പോൾ, ഒരു കൊച്ചു പെൺകുട്ടി എന്റെ നേരെ വന്നു. ആ കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു പേപ്പർ എന്റെ കയ്യിൽ തന്നിട്ട് ആ കുട്ടി തിരിച്ചു പോയി. ഏതൊക്കെയോ സിനിമ രംഗങ്ങൾ എന്റെ മനസ്സിൽ വന്നു.
ഞാൻ ചെറു പുഞ്ചിരിയോടെ ആ കുട്ടിയുടെ പിന്നാലെ ചെന്നു. അവൾ അവളുടെ അമ്മയുടെ അടുത്തേക്കാണ് പോയത്. ഞാൻ പിന്നാലെ ചെല്ലുന്നത് കണ്ടു അവർ എന്നോട് ആരാണെന്ന് ചോദിച്ചു.
"ഈ കുഞ്ഞ്, അവിടെ.. എന്റെയടുത്ത്,." എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു
"അയ്യോ സോറി, അവൾക്ക് മാനസികമായി ചെറിയ പ്രശ്നങ്ങൾ ഉണ്ട്, സോറി"
ആ കുട്ടിയുടെ അമ്മ പറഞ്ഞു.
ആ കുട്ടിയിൽ നിന്നും എനിക്ക് ഒന്നും മനസിലാക്കാൻ കഴിയില്ല എന്ന് മനസിലായപ്പോൾ, ഞാൻ അവിടെ നിന്നും കുറച്ച് മാറി, ആ കത്ത് വായിക്കാൻ തുടങ്ങി..
""സനൽ.. നിന്റെ വിവാഹം ആയി എന്ന് അറിഞ്ഞു, എന്റെ ഭാഗത്ത് നിന്നും ചിന്തിച്ച് നീ എന്നെത്തേടി വരും എന്ന് ഞാൻ വിശ്വസിച്ചിരുന്നു. അതുണ്ടായില്ല..
എന്തായാലും നീ വിവാഹിതനാകുന്നതിനു മുൻപ് അവസാനമായി നിന്നെ കാണണം എന്ന് തോന്നി. അതും എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഈ വേഷത്തിൽ.....
നീ ഇവിടെ എത്തിയത് മുതൽ ഞാൻ നിന്റെ കൂടെയുണ്ട്, നീ എന്നെ ശ്രദ്ധിച്ചുവോ എന്ന് എനിക്ക് അറിയില്ല. പണ്ട് നീ എന്നോട് ഒരുപാടു കള്ളങ്ങൾ പറഞ്ഞിട്ടുണ്ട്. എല്ലാം എന്നെ സന്തോഷിപ്പിക്കാനായിരുന്നല്ലോ... എനിക്ക് അറിയാം നിന്റെ ബാധ്യതകൾ മൂലമാണ് നീ എന്നെ ഒഴിവാവാക്കിയത് എന്ന്. സാരമില്ലെടാ...
നിനക്ക് ഇപ്പോഴും എന്നെ മനസിലായില്ലേ.. പുറത്ത് വരൂ.. പള്ളിമണിയുടെ അടുത്തുള്ള രൂപക്കൂട്ടിൽ നീ എനിക്ക് മുൻപ് തന്ന ഒരു സമ്മാനം ഞാൻ വച്ചിട്ടുണ്ട്. വരൂ""
കത്ത് വായിച്ച ഞാൻ, പെട്ടെന്ന് തന്നെ ആ രൂപക്കൂട്ടിനടുത്തേക്ക് ചെന്നു. അവിടെ പല വർണങ്ങളാൽ പൊതിഞ്ഞ ഒരു ബോക്സ് ഞാൻ കണ്ടു. ഞാൻ അത് തുറന്നു. ആ സമ്മാനം....
പഞ്ഞിയും തെർമോക്കോളും കൊണ്ട്, എന്റെ സുഹൃത്ത് ആസിഫ് നിർമിച്ച നീലാകാശത്തിലെ മേഘം.... ഈ സമ്മാനം ഞാൻ സമ്മാനിച്ചത്, അവൾക്കായിരുന്നു. അവൾ എവിടെ...
ഞാൻ ചുറ്റിനും നോക്കി. ആ പള്ളിയിൽ എത്തിയപ്പോൾ മുതൽ എന്റെ കൂടെയുണ്ടായിരുന്ന ചിത്രശലഭം ആ മേഘത്തിന്റെ രൂപത്തിൽ ഇരിക്കുന്നുണ്ട്. അത് എന്നെയാണ് നോക്കുന്നത്. പെട്ടെന്ന് അത് പിന്നിലേക്ക് പറന്നു. ഞാൻ അതിന്റെ പിന്നാലെ ചെന്നു. ആ ശലഭം പള്ളി സെമിത്തേരിക്കുള്ളിലേക്ക് പറന്ന്, ഒരു റോസാ ചെടിയിൽ ഇരുന്നു. വീണ്ടും ആ ശലഭം എന്റെ നേരെ പറന്നു വന്നു. എന്റെ ചുമലിൽ ഇരുന്നു, എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല. ആ ശലഭം എന്റെ കണ്മുന്നിൽ പറന്ന് കുറച്ച് നേരം എന്നെ നോക്കി നിന്നു. ശേഷം അത് ഉയർന്നു പറന്നു, സെമിത്തേരിക്ക് മുകളിലൂടെ, ആകാശത്തേക്ക് മറഞ്ഞു..
കൊറിയർ കൊണ്ട് വന്ന, എന്റെ പഴയ സുഹൃത്ത് ആസിഫിന്റെ മുഖം എന്റെ മനസ്സിൽ വന്നു,, അവളുടെയും.....

Saral

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot