Slider

... കരഞ്ഞുചിരിച്ച ഒരു വിഷു ... (ചെറുകഥ)

0
... കരഞ്ഞുചിരിച്ച ഒരു വിഷു ... (ചെറുകഥ)
തൊടിയിലെ മരച്ചില്ലകളിൽ പോക്കുവെയിലിറങ്ങിയപ്പോൾ അകലെയെവിടെയോ ഒരു വിഷു പക്ഷി പാടുന്നുണ്ടായിരുന്നു. കൊന്നപ്പൂവിൻ സുഗന്ധവുമായി ഒരു കാറ്റ് മര ചില്ലകളിലൂടെ പടിഞ്ഞാറേ ദിക്കിലേക്ക് നീങ്ങി .
" അമ്മേ... ഈ വിഷുവിന് ചക്ക വേണോ ?
" ആ വേണം ... ചക്ക എരിശ്ശേരി വേണ്ടേ ?
" നീ ... കയറ് ആ വലുത് തന്നെ വെട്ടിയിട്..
വരിക്ക പ്ലാവിന്റെ മുകളിലേക്ക് ഏന്തി വലിഞ്ഞുകയറുമ്പോൾ അമ്മ വിളിച്ചു പറഞ്ഞു .
ഒരു ചക്കയും വെട്ടിയിട്ട് ഓന്ത് വരുമ്പോലെ താഴേക്കിറങ്ങി
ഇറങ്ങിയതല്ല ഉതിർന്നു അതിവേഗം താഴേക്ക് പോന്നതാണ് . കയറിയ സുഖമില്ലായിരുന്നു ഇറങ്ങിയപ്പോൾ .മരത്തിലൂടെ ഉതിർന്നു പോന്നപ്പോൾ പളളയിലെ പകുതി തൊലിയും പോയിരുന്നു.
നീറ്റലുകൊണ്ട് അമ്മയേ ഒന്നു നോക്കി .
അമ്മ അടുത്ത പണിക്കായ് ഉത്തരവിട്ടു.
" ഇനി പോയി കൊന്ന പൂവ് കൊണ്ടു വാ ..
കേട്ടയുടനെ അമ്പലത്തൊടിയിലേക്കോടി ..
അവിടെയെത്തിയപ്പോൾ അന്ധാളിച്ചു പോയി ,ദേശത്തെ സകല ആൾക്കാരും വിഷുക്കൊന്നപ്പൂവിനായ് കൊന്നമരത്തിന്റെചുവട്ടിലും മുകളിലും .
തിക്കി തിരക്കി ഞാനും കൊന്നമരത്തിൽ കയറി.
തേച്ചുമിനുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും കസവുമുണ്ടും പൊന്നും ചാന്ത്പ്പൊട്ട്സിന്ദൂരവും വെറ്റിലടക്കയും കണ്ണാടി .
കൊന്ന പൂവും വെള്ളരിക്കയും മാങ്ങയും പൂക്കളും തുളസിയും ഒക്കെയായി പൂമുഖത്ത് വിഷുക്കണിയൊരുക്കുമ്പോൾ .
പടക്കവും മത്താപ്പും പൂത്തിരിയും വാങ്ങാൻ പോകാൻ അച്ഛനെ കാണാത്തതിലുള്ള സങ്കടമായിരന്നു മനസ്സിൽ ,
നീലനിറത്തിൽ മുങ്ങിയ കളളക്കൃഷ്ണനെ നോക്കി വെറുതെ പറഞ്ഞു.
കൃഷ്ണാ... ഈ കണിയൊരുക്കൽ പണി എനിക്കൊരു കെണിയാണ് .പൂത്തിരി വാങ്ങാൻ പോകാൻ പറ്റോ എന്തോ ?
പുറകിൽ നിന്നും അമ്മ തലയ്ക്കിട്ട് ഒരു തട്ട് തന്ന് വഴക്കു പറഞ്ഞപ്പോൾ ചിരിച്ചു നിൽക്കുന്ന കൃഷ്ണനെ നോക്കി ഒന്നു ചിരിച്ചു കണ്ണിറുക്കി ..
" ദൈവങ്ങളോട് നിന്റെയീ കിന്നാരം പറച്ചിൽ നിറുത്തണംട്ടോ നന്ദു .ഇല്യാച്ചാ നല്ല അടിക്കിട്ടും ..
അമ്മയുടെ സ്നേഹ പരിഭവങ്ങൾക്കിടയിൽ പൂമുഖത്തേക്ക് വന്ന ഏട്ടന്റെ ശബ്ദം ..
" കഴിഞ്ഞോ ...?
ഏട്ടൻ അതും പറഞ്ഞ് വെളുക്കനെ ചിരിച്ചു.
" ഓ വന്നോ ... വല്യമ്പ്രാൻ .
അമ്മ ഏട്ടനെ നോക്കി പറഞ്ഞപ്പോൾ ഏട്ടൻ പിന്നെയും ചിരിച്ചു.
സന്ധ്യയ്ക്ക് വിളയ്ക്ക് വച്ചപ്പോൾ അച്ഛനും എത്തി .ചെറിയച്ഛന്റെ കൂടെ ജാമ്പവാന്റെ കാലത്തെ ജീപ്പിൽ ടൗണിലേക്ക് പോകുമ്പോൾ .
ജീപ്പിനുള്ളിൽ എത്ര പടക്കങ്ങൾ വാങ്ങണം എന്ന ചർച്ചയിലായിരുന്നു ഞങ്ങൾ ..
ഓലപ്പടക്കങ്ങൾ കുറച്ചു വാങ്ങി .പിന്നെ അച്ഛനറിയാതെ അച്ഛന്റെ പോക്കറ്റിൽ നിന്നും ഞാനും ഏട്ടനും മോഷ്ടിക്കുന്ന നാണയത്തുട്ടുകൾ അതെല്ലാം ഒളിപ്പിച്ചു വെക്കുന്നത് പൂജാമുറിയിലായിരിന്നു . വിഷുവാകുമ്പോഴേക്കും ഒരു നൂറ് രൂപയെങ്കിലും ആകും .. അങ്ങനെയുള്ള ആ പൈസ കൊണ്ടു വലിയ ശബ്ദത്തിൽ പൊട്ടുന്ന ഗുണ്ട് പടക്കംവാങ്ങും അന്നും വാങ്ങി രണ്ട് ഗുണ്ട് പടക്കം ..
പടങ്ങൾ വാങ്ങി വീട്ടിൽ തിരിച്ചെത്തുമ്പോൾ തറവാട്ടിലെ വടക്കിണി ഭാഗത്ത് നിന്നും അമ്മയും ചെറിയമ്മമാരും ഉരലിൽ അരിയിടിച്ചു പൊടിക്കുന്ന ഒച്ചപ്പാടും നാട്ടുവർത്താനങ്ങളും ..
ഉരലിൽ വന്ന് പതിക്കുന്ന ഉലക്കയുടെ ശബ്ദങ്ങൾ ഒരു പ്രത്യോക താളത്തിൽ കേൾക്കാം .. ആ സമയത്ത് ചെറിയമ്മയുടെ കുട്ടി ചീറിക്കരഞ്ഞപ്പോൾ ... നല്ല രസം കേൾക്കാൻ ഒരു ഡപ്പാൻ കൂത്ത് മേളം പോലെ ..
മത്താപ്പും പൂത്തിരിയൊന്നും ഇല്ലേ എന്നമ്മ ചോദ്യച്ചപ്പോൾ
അതെല്ലാം പെൺകുട്ടികൾ കത്തിക്കുന്നതാണെന്നാ ഏട്ടൻ പറഞ്ഞ് ,
ചിമ്മിണി വിളക്കിൽ നിന്നും ഓരോ പടക്കവും കത്തിച്ച് വലിച്ചെറിഞ്ഞ് അത് പൊട്ടുമ്പോൾ മുത്തശ്ശിയുടെ കാത് പൊട്ടുന്നേ എന്നുള്ള വിളിച്ചു പറയലും കേൾക്കാം .
അമ്മ വിളക്കൂതി എടുത്തു കൊണ്ടുപോയപ്പോൾ മുറിയിൽ തൂക്കിയിട്ട അച്ഛന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ലൈറ്ററെടുത്തു.
ലൈറ്റർ കിട്ടിയപ്പോൾ ഗുണ്ട് പടക്കം പൊട്ടിക്കാം എന്നായി .
മുറിയിലേക്കോടി ഗുണ്ട് പടക്കം എടുത്ത് തിരിച്ചുപോരുമ്പോൾ കൃഷ്ണനോട് ഒന്നു പ്രാർത്ഥിച്ചു ഇപ്രകാരം ..
കൃഷ്ണാ നല്ല ഒച്ച വേണമെ ..
നാടും നാട്ടാരും ഞെട്ടിയുണർന്ന് തരിച്ചു പേടിച്ചു പോകണേ ...
ഭൂമി പ്രകമ്പനം കൊള്ളണേ ..
ഗുണ്ട് പടക്കം കയ്യിൽ പിടിച്ചപ്പോൾ ഏട്ടന്റെ പേടിയോടെയുള്ള നിർദ്ദേശം .. നിലത്തു വച്ച് കത്തിച്ച് ഓടിയാൽ മതിയെന്ന് പറഞ്ഞ് ഏട്ടൻ കണ്ണും കാതും പൊത്തിപ്പിടിച്ച് ദൂരേക്ക് മാറി നിന്നു.
ഏട്ടന്റെ വാക്കിനെ അവഗണിച്ച് ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഇടത് കയ്യിൽ ഗുണ്ട് പടക്കവും വലത് കയ്യിൽ ലൈറ്ററും പിടിച്ച് കൂടുതൽ ആലോചിച്ച് സമയം കളയാതെ തീ കൊളുത്തി എറിഞ്ഞു ..
((( ഠോ )))
ഒരു മിന്നലും പുകയും മാത്രമെ ഓർമ്മയുള്ളു ... ഒരലറലും ,
വന്യമായ പുകമറ മാറിയപ്പോൾ കരിമരുന്നിൽ കുളിച്ചു കരിമാടി കുട്ടന്നെ പോലെ പൊടിമണ്ണിൽ കിളിപ്പാറിക്കിടക്കുന്ന എന്നെ ആയാസപ്പെട്ട് ഏട്ടൻ താങ്ങി പിടിച്ച് വീട്ടിലേക്ക് കൊണ്ടു പോയി കിടത്തി ... മുഖത്ത് തണുത്ത വെള്ളം വീണപ്പോൾ ബോധം കൊണ്ടുപോയ കിളി തിരികെ വന്നു.
ചുറ്റുപാടും നോക്കി
വേദനയോടെ ഓർത്തു ...
എറിഞ്ഞത് ഗുണ്ട് പടക്കമല്ല ലൈറ്ററായിരുന്നു എന്ന് ...
കരിമരുന്നിൻ ചൂടിൽ പൊള്ളിക്കരഞ്ഞുകൊണ്ട് ഏട്ടനോട് ഞാൻ പറഞ്ഞു,
" ഏട്ടനൊന്ന് പറഞ്ഞുടാർന്നോ ?
" എന്ത് ...? പടക്കത്തിനോടോ ...? പൊട്ടണ്ടാന്നോ ?
അത് കേട്ട് സലീം കുമാർ നോക്കും പോലെ ഞാൻ ഏട്ടനെ ഒന്നു നോക്കി .തലയ്ക്കുള്ളിലും ചെവ്വിയ്ക്കുള്ളിലും ഒരു മൂളൽ അപ്പോഴുമുണ്ടായിരുന്നു .
കരച്ചിൽ നിറുത്തി
ഞാൻ പുറത്തേ ഇരുട്ടും വെളിച്ചവും കലർന്ന ചക്രവാളത്തിലേക്ക് നോക്കി ചിരിച്ചു.
കൃഷ്ണനോട് പ്രാർത്ഥിച്ചതോർത്തു ചിരിച്ചു .
കൂട്ടം കൂടി നിൽക്കുന്നവീട്ടുകാർക്കിടയിലൂടെ കൃഷ്ണനെ ഒന്നു പാളി നോക്കി .... അപ്പോഴും കൃഷ്ണൻ നിലവിളക്കിന്റെ ദീപപ്രഭയിൽ മയിൽപ്പീലി ചൂടി ചിരിക്കുകയായിരുന്നു.
അമ്മയുടെ മടിയിൽ കണ്ണുകളടച്ചു കിടന്നു നാലു ദിക്കിൽ നിന്നും ചെറുതും വലുതുമായ പടക്കങ്ങളുടെ ശബ്ദങ്ങൾ കാതിലേക്ക് വന്നുക്കൊണ്ടേയിരുന്നു ...
... മുരളിലാസിക...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo