നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഐ . ടി കാലത്തെ പ്രണയം

ഐ . ടി കാലത്തെ പ്രണയം
തിരക്കേറിയ ആ ഐ . ടി നഗരത്തിൽ , കോൺക്രീറ്റ് സൗധങ്ങളാൽ പുതുതായി രൂപമെടുത്ത പാർക്കിലെ പ്രമുഖ കമ്പനിയുടെ ശീതീകരിച്ച ഓഫീസ് മുറിയിലാണ് നിതാ കുര്യനും , അനൂപ് ശങ്കറും ആദ്യമായി കണ്ട് മുട്ടിയത് .
കോഫി വെൻഡിംഗ് മെഷീന്റെ ചുവട്ടിൽ രൂപമെടുത്ത സൗഹൃദം പ്രണയത്തിലേക്ക് വഴിമാറാൻ അവർക്കിടയിൽ അധികം താമസം ഉണ്ടായില്ല .
ലാപ് ടോപ് സ്ക്രീനിലെ വാൾപേപ്പറി നോടൊപ്പം ഋതുക്കളും മാറിയപ്പോൾ , പ്രണയത്തിന്റെ ലഹരിയിൽ അനൂപിന്റെയും , നിതയുടെയും രാവുകൾ വെബ് ക്യാമിലൂടെ സിരകൾക്ക് ചൂട് പകരുന്നതായി തീർന്നു . ബീച്ചിലും , പാർക്കിലും ചുറ്റിതിരിഞ്ഞ അവർക്ക് നാട്ടിലേക്കുള്ള യാത്രയിൽ വോൾവോയിൽ ബ്ലാങ്കറ്റ് ഒന്നു തന്നെ അധികമായിരുന്നു .
അധികം താമസിയാതെ ഈ പ്രണയ രഹസ്യം ആ നഗരത്തിലെ താമസക്കാരിയായ ഇളയ സഹോദരി ഷീലാ സ്റ്റീഫനിലൂടെ നിതയുടെ അച്ഛൻ പ്ലാന്റർ കുര്യന്റെ കാതിലും എത്തി .
തറവാടിയും , പ്രമാണിയും , സത്യ ക്രിസ്ത്യാനിയുമായ കുര്യച്ചന് അന്യ മതസ്ഥനും , പ്രാരാബ്ദക്കാരനുമായ ഒരു വനോടുള്ള തന്റെ മകളുടെ ഈ ബന്ധം തീരെ രസിച്ചില്ല . എങ്ങനെയും അവരെ തമ്മിൽ വേർപിരിച്ച് തന്റെ സുഹൃത്തായ അമേരിക്കാ കാരൻ സൈമണിന്റെ മകനുമായി നിതയുടെ വിവാഹം നടത്താൻ അയാൾ തീരുമാനമെടുത്തു .
അമ്മക്ക് അസുഖമെന്ന് ഫോൺ വന്നതിനാൽ അത്യാവശ്യമായി അനൂപിന് നാട്ടിൽ പോകേണ്ടതായി വന്നു . അതിനാൽ നാട്ടിലേക്കുള്ള ആ തവണത്തെ യാത്രയിൽ അവൻ ഒറ്റക്കേ ഉണ്ടായിരുന്നുള്ളൂ .
നാട്ടിലെത്തിയ അനൂപിനെ പലവട്ടം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ് എന്ന മറുപടിയാണ് നിതക്ക് ലഭിച്ചത് .
മൂന്ന് ദിവസങ്ങൾക്ക് ശേഷം അവളുടെ മെയിൽ ഐഡിയിലേക്ക് അനൂപിന്റ ഒരു ഫോട്ടോയും, ഒരു മെഡിക്കൽ റിപ്പോർട്ടും , ഒപ്പം ഒരു സന്ദേശവും എത്തി .
നാട്ടിലെ വലിയ ഒരു ഹോസ്പിറ്റലിലെ ഇന്റൻസ്സീവ് കെയർ യൂണിറ്റിൽ ആധുനിക ഉപകരണങ്ങളാൽ വലയം ചെയ്ത അനുപിന്റെ ചിത്രമായിരുന്നു ആ ഫോട്ടോ .
അതിനോടൊപ്പം ഉണ്ടായിരുന്ന മെഡിക്കൽ റിപ്പോർട്ടിൽ ബ്രെയിൻ റ്റ്യൂമറിന്റെ ഇരയാണ് അവനെന്ന് വായിച്ച നിതക്ക് തല ചുറ്റുന്ന പോലെ തോന്നി .
അവൾക്കുള്ള സന്ദേശത്തിൽ ഇടക്കിടക്ക് തനിക്ക് വരാറുള്ള തലവേദന തന്നെ കാർന്ന് തിന്നുന്ന രോഗമായിരുന്നെന്നും . ഇനി എന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കരുതെന്നും , തന്നെ മറന്ന് മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കണമെന്നും അവൻ എഴുതിയിരുന്നു .
പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ മുഖം വല്ലാതെ മ്ലാനമായിരുന്നു . എന്തൊക്കെയൊ വ്യാകുലതകൾ നിറഞ്ഞ മനസ്സ് രാവുകളിൽ അവളു ഉറക്കം കെടുത്തി .
" ഞാൻ നിന്നെ കാണാൻ വരുന്നു അനൂപ് "
എന്ന് അവന് മെയിൽ ചെയ്തിട്ട് എന്തോ ഒരു ഉറച്ച തീരുമാനവുമായി അവൾ നാട്ടിലേക്ക് തിരിച്ചു .
സ്വന്തം വീട്ടിലേക്ക് പോകാതെ അനൂപിന്റെ വീട്ടിലെത്തിയ അവൾ , ആ കൊച്ച് വീട്ടിൽ എത്തിയപ്പോൾ അനൂപ് അവന്റെ മുറിയിൽ വിശ്രമത്തിലായിരുന്നു .
ആ സമയത്ത് അവിടെ വിവാഹം കഴിഞ്ഞ് ഭർത്താവുപേക്ഷിച്ച അവന്റെ മൂത്ത സഹോദരിയും കുട്ടികളും മാത്രമെ ഉണ്ടായിരുന്നുള്ളൂ , അച്ഛൻ മരണപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ജോലി ചെയ്തിരുന്ന പ്രൈവറ്റ് കമ്പനിയിലെ പ്യൂൺ ജോലി അവന്റെ അമ്മക്ക് ലഭിച്ചതിനാൽ അവർ ആ ജോലിക്ക് പോയിരുന്നു .
അവനരികിൽ കട്ടിലിനരുകിൽ ഇരുന്ന അവൾ അവന്റെ നെറ്റിയിൽ തലോടിക്കൊണ്ട് പ്രണയാർദ്രമായി പറഞ്ഞു .
" അനൂപ് നിന്നെ പിരിയുന്നതിൽ എനിക്ക് കടുത്ത വിഷമം ഉണ്ട് , നീയെന്നും എന്റെ ഹൃദയത്തിലുണ്ടാവും , എങ്കിലും നിന്റെ ഓർമ്മക്കായി നിന്റെ ലാപ്ടോപ്പ് എനിക്ക് തരണം അത് അരികിൽ വെച്ച് വേണം എനിക്ക് ഉറങ്ങാൻ പകരം ഞാൻ എന്റെത് നിനക്ക് തരാം . "
കുറെ നേരം കൂടി അവനരുകിൽ ഇരുന്ന അവൾ പിരിയാൻ നേരം അവന്റെ ലാപ് ടോപ്പ് കൈയ്യിൽ എടുത്ത് ബാഗിൽ വെച്ചശേഷം അവളുടേത് അവന് നൽകി .
മടക്കയാത്രയിൽ അവൾ ആ ലാപ്ടോപ്പിൽ നിന്നും നിന്നും അവരുടെ രഹസ്യ സമാഗമങ്ങളുടെ രേഖകൾ ഡിലിറ്റ് ചെയ്ത് ഭാവി ജീവിതം ഭദ്രമാക്കിയപ്പോൾ , അവൻ തനിക്ക് കുര്യച്ചൻ നല്കിയ അമേരിക്കൻ കമ്പനിയിലെ ജോലിക്കുള്ള ഓർഡർ ,ഷോർട്ട് സൈറ്റ് മൂലം ഉണ്ടായ തലവേദന മാറാനായി പുതുതായി വച്ച കണ്ണടയിലൂടെ വായിച്ച് ഭാവിയെ കുറിച്ചുള്ള സ്വപ്നം നെയ്യുകയായിരുന്നു .
അരുൺ -

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot