നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇൻറി അപ്പം

ഇൻറി അപ്പം
" വീട്ടിലെ കറി നാട്ടാരുടെ ചട്ടിയിൽ " എന്ന ചാനലിലെ പാചക പരിപാടിയുടെ പുതിയ എപ്പിസോഡിന്റെ ഷൂട്ടിംഗ് അന്ന് പാചക വിദഗ്ദ മിസിസ് അന്നാ മേരി തരകന്റ വീട്ടിൽ വച്ചായിരുന്നു .
ഭാര്യയുടെ പാചക കലയുടെ പ്രധാന പരീക്ഷണ വസ്തുവായ ' മിഷ്ടർ തരകൻ ' ഷുഗർ കൂടി തളർന്ന് അവശനായി വീടിന്റെ മുകൾ നിലയിലെ മുറിയിൽ കിടപ്പായിരുന്നു .മകൾ റ്റിൻറു തരകൻ ചാറ്റിംഗിലും , മകൻ ടുട്ടു തരകൻ ചീറ്റിംഗിലുമായി ആ സമയം യഥാക്രമം ഫോണിന്റെയും , ലാപ് ടോപ്പിന്റെയും സ്ക്രീനിൽ മുഴുകി ഇരുന്നു .
ഇവരെ കൂടാതെ തരകന്റെ അറുപത് കഴിഞ്ഞ അമ്മച്ചി ത്രേസ്യാമ്മ ചേട്ടത്തിയും ആ വീട്ടിൽ ഉണ്ടായിരുന്നു . മരുമോളുടെ പാചകത്തിന്റെ പങ്ക് പറ്റാതെ നിത്യവും പഴങ്കഞ്ഞീല് മോര് ഒഴിച്ച് , ഉണക്ക മീൻ ചുട്ട് ഇടിച്ച ചമ്മന്തിയും കൂട്ടി ആവശ്യത്തിന് കഴിക്കുന്നതിനാൽ ത്രേസ്യാമ്മ ചേടത്തി ഈ അറുപത്തെട്ടാം വയസ്സിലും ,
നമ്മുടെ 'യോഗാ സ്വാമീടെ ' സ്വദേശി ബ്രാൻഡ് ആട്ടാ പരസ്യ വാചകത്തിൽ പറയുന്ന പോലെ ഷുഗർ ഫ്രീ , കൊളസ്ട്രോൾ ഫ്രീ ആയി അസ്സൽ ഫൈബർ പോലെ ഇരിക്കുന്നു .
ഷൂട്ടിംഗിന് അടുക്കള ലൈറ്റപ്പും , മേക്കപ്പും കഴിഞ്ഞ് ഒരുങ്ങി എങ്കിലും , മിസ്സിസ് തരകന്റെ ടച്ചപ്പ് അത് വരെ കഴിഞ്ഞിരുന്നില്ല . ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഡ്രെസ്സ് ചെയ്ത മസാല പുരട്ടിയ ബ്രോയിലർ കോഴി പോലെ അവർ റൂമിൽ നിന്നും ഇറങ്ങി വന്നു . അതിന് വേണ്ടി വന്ന ചേരുവകൾ ഇതായിരുന്നു .
സാരി കണ്ണാടി പോലെ അകം മുഴുവൻ കാണാവുന്നത് . ചുറ്റും എത്താത്ത വിധം താഴ്ത്തി ഉടുക്കാൻ പരുവത്തിൽ - 1
ബ്ലൗസ് കയ്യില്ലാത്തത് , ആവശ്യത്തിൽ കൂടുതൽ ഇറങ്ങിയ കഴുത്തോട് കൂടിയത് - 2 ( വിദഗ്ദമായി തുന്നിയിരിക്കുന്നതിനാൽ ഹുക്ക് പൊട്ടിയാൽ മാറി ധരിക്കുന്നതിന് വേണ്ടിയാണ് രണ്ടെണ്ണം വേണ്ടി വരുന്നത് )
ഉയർത്തി കെട്ടിയ തലമുടി അകത്ത് തിരുപ്പൻ വെച്ചത് .
മടമ്പ് പൊന്തിയ ചെരുപ്പ് രണ്ട് കാലിലും ഓരോന്ന് വീതം . എന്നീ ഡ്രസ്സിംഗോട് കൂടിയും
മുഖത്ത് കുഴികൾ മൂടാൻ പുട്ടിക്കനത്തിൽ വാരിപൂശിയ ഫൗണ്ടേഷൻ ക്രീം . വെളുക്കാൻ തേച്ച് പാണ്ടായി മാറിയ ടാൽക്കം പൗഡർ . ചുണ്ടിൽ തേച്ച ചുവന്ന ചായം . കൺ പോളകിലും പീലികളിലും , കവിളിലും തേച്ച വിവിധ സൗന്ദര്യ വർധക വസ്തുക്കൾ എന്നീ മസാലയോടും കൂടി മിസിസ്സ് തരകൻ കാമറക്ക് മുൻപിൽ അവതിരിച്ചു .
സ്റ്റോറി ബോർഡ് ഒന്ന് വായിച്ച ശേഷം , കാമറക്ക് നേരെ തിരിഞ്ഞ മിസ്സിസ് തരകൻ
പ്രേക്ഷകരെ നോക്കി എന്ന വണ്ണം പറഞ്ഞു .
" ഞാനിവിടെ ഇന്ന്പരിചയപ്പെടുത്താൻ പോകുന്ന പുതിയ പുതിയ വിഭവം ' ചിക്കൻ പാത്രത്തിൽ ' .
ഈ അവസരത്തിൽ അടുക്കളയിൽ എത്തിയ ത്രേസ്യാമ്മ ചേടത്തിക്ക് മരുമോളുടെ വേഷം കെട്ടലും . ചിക്കൻ പാത്രത്തിലും തീരെ പിടിച്ചില്ല . അവർ ഡയറക്ടറോട് പറഞ്ഞു
" എടാ കൊച്ചനെ . നാളെ പെസഹാ വ്യാഴം അല്ലെ .
ഇവളുടെ ഒലക്കെമ്മേലെ ചിക്കന് പകരം "ഇൻറി " അപ്പം ഒണ്ടാക്കണ തരം ഞാൻ പറയാം നീ അതങ്ങ് ക്യാമറെ പിടിക്ക് . എന്നിട്ട് ടി.വി കൊട് ആൾക്കാര് കാണും , ഒരു നല്ല കാര്യവും ആകും . "
അമ്മച്ചീടെ ഐഡിയ ഡയറക്ടർക്കും ബോധിച്ചു . അങ്ങനെ ആ ദിവസം മിസിസ് തരകന്റെ . ചിക്കൻ പാത്രത്തിലിന് ' പകരം മദർ തരകന്റെ ഇൻറി അപ്പം ഷൂട്ട് ചെയ്യാൻ അവർ തീരുമാനിച്ചു .
ലൈറ്റിംഗും കഴിഞ്ഞ് സ്റ്റാർട്ട് ആക്ഷൻ ക്യാമറാന്ന് പറഞ്ഞപ്പോൾ
അടുക്കിട്ടുടുത്ത വെള്ള മുണ്ടും , ചട്ടയും ധരിച്ച് കവണി പുതച്ച് കാതിൽ തോടയുമിട്ട് ഐശ്വര്യത്തിന്റെ പ്രതീകമായിവന്ന അമ്മച്ചി പുഞ്ചിരിച്ച് കൊണ്ട് ക്യാമറയെ നോക്കി ഇങ്ങനെ പറഞ്ഞു .
" കേട്ടോടാ കൊച്ചനെ ക്രൂശിതനായ ക്രിസ്തുവിന്റെ തലക്ക് മുകളിൽ പീലാത്തോസിന്റെ കല്പനപ്രകാരം യഹൂദരുടെ രാജാവായ നസ്രായേൽ കാരൻ ഈശോന്ന് അർത്ഥം വരുന്ന യേശുസ് , നസെറേനുസ് ,റെക്സ് യുദയോരും എന്നതിന്റെ ചുരുക്ക പേരായ " INRI " എന്നെഴുതിയിരുന്നു . "
" ഈ INRI ആണ് കുരിശപ്പം അഥവാ ഇൻറി അപ്പം ആയത് . "
'' ഇൻറി അപ്പം ഉണ്ടാക്കുന്നതിന് ആദ്യം
നല്ല പച്ചരി പൊടിച്ചെടുക്കണം ."
അത് കഴിഞ്ഞ് വെളുത്തുള്ളിയും , ജീരകോം , ഉഴുന്നും , തേങ്ങാചുരണ്ടിയതും അരച്ച് പാകത്തിന് ഉപ്പും ചേർത്ത് കുഴക്കണം ."
" എന്നിട്ട് വാഴ ഇലയിൽ പരത്തി മടക്കി വെക്കണം . "
" പിന്നെ നല്ല ഒരു അലുമിനിയം കലത്തിൽ തുളച്ച കണ്ണൻ ചിരട്ടകൾ കമിഴ്ത്തിവച്ച് , അതിന് മുകളിൽ വാഴക്കയ്യും ചകിരിയും വളച്ച് വയ്ക്കണം . "
"ഇനി ഇതിന് താഴെ വരെ വെള്ളം ഒഴിക്കണം ."
" എന്നിട്ട് പരത്തി വെച്ചിരിക്കണ അപ്പം ഇതിന് മുകളിൽ അടുക്കി വെക്കണം ."
ഇതും കഴിഞ്ഞ് ഓശാന ഞാറാഴ്ച്ച പള്ളീന്ന് കൊണ്ടൊന്ന വെഞ്ചരിച്ച കുരുത്തോലേം കീറി കുരിശടയാളത്തിൽ അപ്പത്തിന് മോളില് വെച്ച് .
വെള്ള തുണി കീറി കലത്തിന്റെ വാ മൂടി കെട്ടണം .
" പണ്ടൊക്കെ ചെമ്പ് കലത്തിലാരുന്നു അപ്പം ഉണ്ടാക്കുന്നത് .
ഇന്നത് എവിടെ കിട്ടാനാ . അത് കൊണ്ട് അലൂമിനിയം മതി . "
" ഇനി രണ്ട് മണിക്കൂറ് കഴിഞ്ഞാ ഇൻറി അപ്പം റെഡി . "
" ഞാനീ പറഞ്ഞത് കേട്ട് കലം അടുപ്പത്ത് വച്ച് തീ കൊടുക്കാതിരുന്നാൽ , അപ്പം നിന്റെ ഒക്കെ മുതുകേലായിരിക്കും ഉണ്ടാകുക"
ലാസ്റ്റ് പഞ്ച് സയലോഗ് പറഞ്ഞ് ത്രേസ്യാമ്മച്ചി നിർത്തീതും .ഡയറക്ടറുടെ കട്ടും , കണ്ട് നിന്നവരുടെ ക്ലാപ്പും മുഴങ്ങീത് ഒരുമിച്ചായിരുന്നു .
അരുൺ -

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot