നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിയോഗം

നിയോഗം
========
കരിപുരണ്ട ബൾബിന്റെ വെളിച്ചത്തിന് ദൂരപരിധി ഉണ്ടാകുമൊന്നും അത് വ്യക്തമായ കാഴ്ച ഉണ്ടാകില്ലെന്നും വാഴ കൂട്ടങ്ങൾക്കിടയിൽ ഇരുന്ന് നിരീക്ഷിച്ചപ്പോൾ അയാൾ ആശ്വസിച്ചു.
നേർ മുകളിൽ പൂത്തു നിൽക്കുന്ന പൂർണ്ണ ചന്ദ്രന്റെ വെളിച്ചവും, നേരിയ തണുപ്പുള്ള കാറ്റും വാഴ ഇലകളുടെ നിഴലുകൾ മുൻപ് കണ്ടു മറന്ന ഏതോ പ്രേത സിനിമയിലെ ഒരു രംഗം ഓർമ്മിപ്പിക്കുകയും, അയാളുടെ ഉള്ളിലെവിടെയോ തണുത്ത കാറ്റ് വീശി.
പാതിയിൽ പണി നിറുത്തിയ പുല്ല് മുളച്ച ചെങ്കല്ല് തറയും അതിനോട് ചേർന്ന ഒരു വശത്തേക്ക് ചെരിഞ്ഞു നിൽക്കുന്ന ഓല വീട്. വീടിന്റെ അകത്തു നിന്നും മൂന്ന് പെണ്ണുങ്ങളുടെ ശബ്ദം കേൾക്കാം. അയാൾ ചെവി കൂർപ്പിച്ചു പിടിച്ചു. ശബ്ദങ്ങളെ അയാൾ വേർത്തിരിച്ചറിയാം അവളും, അമ്മയും, അനിയത്തിയും. അച്ഛൻ ഇന്ന് വരെ ആ ശബ്ദം കേട്ടിട്ടില്ല. കിടപ്പിലാണെന്ന് അവൾ പറഞ്ഞിരുന്നു.
അച്ഛന്റെ രോഗാവസ്ഥയെ പറ്റി പറയുമ്പോൾ അവൾ കരുകയും, അച്ഛന്റെ പഴയ കാലത്തെ പറയുമ്പോൾ ആവേശപരിതയാവാറുണ്ടന്ന് അയാൾ ഓർത്തു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ചാരി വെച്ചിരുന്ന ഓല വാതിൽ തുറന്ന് അവളുടെ അമ്മ പുറത്തേക്ക് വരികയും കയ്യിലിരുന്ന മൺ ചട്ടി ചുഴറ്റി അതിലുള്ള വെള്ളം അയാളിരിക്കുന്ന വാഴ കൂട്ടങ്ങളുടെ മുൻപിലേക്ക് എറിഞ്ഞു. അതിൽ നിന്നും തെറിച്ച വെള്ള തുള്ളികൾ അയാളുടെ ചുണ്ടിലേക്കു തെറിച്ചു വീണു. അയാൾ അറിയാതെ ഉണങ്ങിയ ചുണ്ടിനെ നാവ് കൊണ്ട് നനച്ചപ്പോൾ മീൻ കറിയുടെ രുചി അയാൾ അറിഞ്ഞു തുപ്പി കളഞ്ഞു. എന്നിട്ടും എന്തോ എത്ര തുപ്പിയിട്ടും ആ രുചി അയാളുടെ വായിൽ നിന്നും പോകാത്തത് പോലെ അയാളെ തികച്ചും അസ്വസ്ഥനാക്കി.
വെള്ള നിറച്ചു വെച്ചിരുന്ന ബക്കറ്റിൽ നിന്നും അവളുടെ അമ്മ പാത്രങ്ങൾ ഓരോന്നായി കഴുകി വിർത്തിയാക്കി കല്ലിൽ അടുക്കി വെച്ചു.
"രമണീ.. എടീ.... രമണി ഈ പാത്രങ്ങൾ അകത്തേക്ക് കൊണ്ട് വെക്കടീ.. " അവളുടെ അമ്മ ഉച്ചത്തിൽ വളഞ്ഞു നിന്നു കഴുകുന്ന അതെ നിൽപ്പിൽ വീടിന്റെ വാതിലിലേക്ക് മുഖം തിരിച്ചു പിടിച്ചു വിളിച്ചു പറഞ്ഞു.
കണ്ണ് തിരുമ്പി കെട്ടാത്ത മുടിയും ഒരു വശത്തേക്ക് തല തിരിച്ചു പിടിച്ചു പാവാടക്കാരിയായ അവളുടെ അനിയത്തി ഇറങ്ങി വന്നു അമ്മയുടെ മുന്നിൽ വന്നു ചിണുങ്ങി പറഞ്ഞു.
"എനിക്ക് ഉറക്കം വന്നിട്ട് വയ്യ... അമ്മക്കെന്താ പാത്രം കൊണ്ട് പോവാൻ ചേച്ചിയെ വിളിച്ചാ.. "
"എടീ... അവൾ പകല് മുഴുവൻ ജോലി ചെയ്തു വന്ന്... ഇവിടുത്തെ അടുക്കള പണിയും ചെയ്തതല്ലേ... അവള് ഒന്ന് ഇരുന്നോട്ടെ... "
"അമ്മക്ക് അല്ലങ്കിലും ചേച്ചിയെയാണ് ഇഷ്ടം... "
"രമണി... നീ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കും.... ഇത് കൊണ്ട് പോടീ... "
രമണി മുഖം വീർപ്പിച്ചു പാത്രങ്ങൾ താങ്ങി പിടിച്ചു അകത്തേക്ക് പോയി. കൈ കാലുകൾ കഴുകി പാക്കി വന്ന ബക്കറ്റിലെ വെള്ളം വാഴയുടെ കടയിലേക്ക് ഒഴിച്ച ശേഷം ബക്കറ്റ് തിരിച്ചു വെച്ചു അകത്തേക്ക് കയറി വാതിൽ അടച്ചു. പുറത്തെ ലൈറ്റ് അണഞ്ഞു.
തന്റെ ഉള്ളിലെ എന്നും ഉണ്ടാകാത്ത ഒരു അസ്വസ്ഥത മറക്കാൻ അയാൾ വളരെയധികം പ്രയാസപ്പെട്ടു.
പതുക്കെ അയാൾ എഴുന്നേറ്റു ചുറ്റിലും നോക്കി ആരും ഇല്ലന്ന് ഉറപ്പ് വരുത്തിയതിന് പോക്കറ്റിൽ നിന്ന് സിഗരറ്റ് എടുത്തു ചുണ്ടിൽ വെച്ചു. തല മുട്ടുകൾക്കിടയിലേക്ക് താഴ്ത്തി പിടിച്ചു തീപ്പെട്ടി ഉരസി സിഗരറ്റിനു തീ കൊളുത്തി. ഉള്ളം കൈകൾക്കുള്ളിൽ സിഗരറ്റ് മറച്ചു പിടിച്ചു ആഞ്ഞു വലിച്ചു പുക ഉണങ്ങി തൂങ്ങി കിടക്കുന്ന വാഴ ഇലകൾക്കിടയിലേക്കു ഊതി വിട്ടു.
അയാൾ സ്വയം ചിന്തിച്ചു എന്നും വരാറുണ്ട് അവളെ കാണാറുണ്ട് സംസാരിക്കാറുണ്ട് ധൈര്യസമേതം എന്നാൽ എന്നും ഉണ്ടാകാറുള്ള ധൈര്യം ഇന്ന് എന്തോ ചോർന്നു പോകുന്നത് പോലെ.
ഭാസ്‌ക്കരൻ മുതലാളി എന്തിനാണ് ഇവളെ ഭയക്കുന്നത്. ആയിരത്തിന്റെ കെട്ടുകൾ രാവിലെ തന്റെ കയ്യിലേക്ക് തരുമ്പോൾ പരസ്പരം കൈകൾ ഉരസിയപ്പോൾ മുതലാളിയുടെ കൈകൾക്കു നല്ല ചൂടായിരുന്നു. തിളച്ചു മറിയുന്ന രക്തത്തിന്റെ ചൂട്. പിരിയുന്നേരം മുതലാളി പറഞ്ഞ വാക്കുകൾ അയാൾ ഓർത്തെടുത്തു 'നാളെ രാവിലെ ശുഭ വാർത്ത കേൾക്കണം'.
അയാൾ സിഗരറ്റിന്റെ അവസാന പുകയും ആഞ്ഞു വലിച്ചു സിഗരറ്റ് മണ്ണിൽ ഉരച്ചു കൊടുത്തി. തന്റെ വലതു വശത്തിരുന്ന പ്ലാസ്റ്റിക്ക് കവറിനെ ഉയർത്തി പിടിച്ചു എല്ലാം ഉണ്ടെന്നു ഉറപ്പു വരുത്തി.
പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് സമയം നോക്കി പതിനൊന്നു മണി. മൊബൈലിലെ മെസ്സേജ് ബോക്സ് തുറന്ന് അവളുടെ നമ്പറിലേക്ക് മെസ്സേജ് ടൈപ്പ് ചെയ്‌തു... 'ഉറങ്ങിയോ... ഞാൻ പുറത്ത് കാത്തിരിക്കുന്നു.. '
അയച്ചതിന് ശേഷം അയാൾ മൊബൈൽ പോക്കറ്റിൽ ഇട്ടു.
എന്ത് ചെയ്യണമെന്നുള്ള നേരത്തെ തീരുമാനിച്ചു ഉറപ്പിച്ചുള്ള പ്ലാൻ അയാൾ തന്റെ മനസ്സിൽ ഒരാവർത്തി കൂടി ഉറപ്പിച്ചു പെട്ടന്നുള്ള മൊബൈലിന്റെ വൈബ്രെഷൻ അയാളെ ഞെട്ടിച്ചു. പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു നോക്കിയപ്പോൾ അവളുടെ മെസ്സേജ് 'അമ്മ ഉറക്കം പിടിച്ചു വരുന്നേയുള്ളൂ... കാത്തിരിക്കൂ ഞാൻ വരും.. '
'പെട്ടന്ന് വന്നില്ലെങ്കിൽ ഞാൻ പോകും... ' അയാൾ ഉടനെ തിരിച്ചു മെസ്സേജ് അയച്ചു. ഉടനെ മറുപടിയും വന്നു 'എന്റെ പൊന്നു ചക്കരയല്ലേ... പ്ലീസ്... ചൂടാവല്ലേ...ഞാനിപ്പോ വരാം..അമ്മ ഉറങ്ങിക്കോട്ടെ..'
അവളുടെ ആ മെസ്സേജിലെ വരികൾ അയാൾ പല ആവർത്തി വായിച്ചു. ഉള്ളിൽ എന്തോ വലിഞ്ഞു മുറുകുന്നത് പോലെ അയാൾ അസ്വസ്ഥനായി, തണുപ്പുള്ള കാറ്റിലും അയാൾ വിയർത്തു.
വാതിൽ തുറന്നു അവൾ പുറത്തേക്ക് വന്നു. വന്നെന്നു അറിയിച്ചു കൊണ്ട് അവൾ മൊബൈൽ വെളിച്ചം പ്രകാശിപ്പിച്ചു കൊണ്ട് ഉയർത്തി കാണിച്ചു. അയാൾ പതിയെ കവറും എടുത്തു നടന്നു അവളുടെ അരികിലേക്ക്.
അവൾ തിടുക്കത്തിൽ അയാളുടെ കൈകൾ പിടിച്ചു വലിച്ചു നടന്നു. തറയുടെ അപ്പുറത്തെ ഭാഗത്ത് വിറകുപുരയാണ്. വിറക് പുരക്ക് അടുത്തായി ഒരു വലിയ പ്ലാവും അതിനു പിന്നിലായി തോടും ഉണ്ട്.
അവളുടെ കൂടെ നടക്കുമ്പോൾ താനൊരു ജീവനില്ലാത്ത പാവയാണെന്നു അയാൾക്ക്‌ തോന്നുകയും നിലാവിന്റെ വെളിച്ചത്തിൽ പ്ലാവും ഇലകൾക്കും എന്തോ ഭീകരത ഉള്ളത് പോലെയും, അയാളെ മാടി വിളിക്കുന്നതായും കൂടുതൽ മുന്നോട്ട് നടക്കാനും അയാൾ ഭയന്നു.
മിക്കവാറും ദിവസങ്ങൾ അവർ തോടിന്റെ കരയിലാണ് ഒന്നിച്ചിരിക്കാറുള്ളത്. തോടിന് അപ്പുറം മരങ്ങളും പുല്ലുകളും നിറഞ്ഞ കാട് പോലുള്ള ഒരു സ്ഥലമാണ്. അവിടേക്ക് പകൽ സമയങ്ങളിൽ ഒറ്റക്കായി ആരും പോകാറില്ല, കാരണം ഏതു തരം ഇഴജന്തുക്കൾ ഉണ്ടെന്നു ആർക്കും അറിയില്ല. ആ സ്ഥലം ബാൻഗ്ലൂര് ബിസിനസ്സ് ഉള്ള ഒരു മലയാളിയുടേതാണെന്നു അവൾ മുൻപ് പറഞ്ഞിരുന്നതായി അയാൾ ഓർത്തു. ആരും കാണില്ലെന്ന് അയാൾക്ക് ഉറപ്പായി.
ചീമക്കൊന്നകൾ നിറഞ്ഞ തോടിന്റെ കരയിൽ അവൾ ഇരുന്നു. അയാൾ ഇരിക്കാൻ വിസമ്മതിച്ചു നിന്നു. അവൾ ബലമായി അയാളുടെ കൈകൾ പിടിച്ചു വലിച്ചു അവൾക്കു അരികിൽ ഇരുത്തി. അയാൾ അവൾക്കു അരികിൽ ഇരുന്നു കവർ തന്റെ തൊട്ടടുത്തതായി വെച്ചു.
"ഇന്നെന്താ... ഏട്ടന് ഒരു നാണം പോലെ.. എന്ത് പറ്റി.. " അവൾ അയാളുടെ കൈകൾ സ്വന്തം കൈകളിൽ എടുത്ത് തഴുകി കൊണ്ട് ചോദിച്ചു.
ഒന്നുമില്ലന്ന നിഷേധത്തിൽ അയാൾ തലയാട്ടി അവളുടെ മുഖത്തേക്ക് നോക്കാതെ തോടിലൂടെ ഒഴുകി പോകുന്ന വെള്ളത്തിലേക്ക് നോക്കി ഇരുന്നു.
"എനിക്ക് തരാറുള്ള സാധനം എവിടെ... മറന്നോ..?"
അയാൾ തന്റെ അടുത്തിരുന്ന കവറിൽ കയ്യിട്ട് കടലാസിൽ പൊതിഞ്ഞ പൊതിയെടുത്ത് അവൾക്കു നേരെ നീട്ടി. അവൾ ആ പൊതി വാങ്ങി തുറന്നു നോക്കി എന്നിട്ട് മൂക്ക് കൊണ്ട് മണത്തു വലിച്ചു. "മൂസാക്കാന്റെ ചായ കടയിലെ ഉള്ളിവടക്കും, പരിപ്പ് വടക്കും പ്രതേക മണവും രുചിയും ആണല്ലോ... " എന്നും പറഞ്ഞവൾ ആർത്തിയോടെ കഴിക്കാൻ തുടങ്ങി.
കഴിച്ചു കൊണ്ടിരിക്കുന്ന അവളെ അയാൾ നോക്കിയിരുന്നു. നിലാവിന്റെ വെളിച്ചത്തിൽ അവളുടെ മൂക്കുത്തിയിലെ കല്ല് തിളങ്ങി. അഴിഞ്ഞു കിടന്നിരുന്ന മുടി കാറ്റിൽ പറന്ന് അയാളുടെ മുഖത്തെ തഴുകിയപ്പോൾ ചെറുപയറിന്റെയും ചെമ്പരത്തി താളിയുടെ മണം അയാളുടെ മൂക്കിലടിച്ചപ്പോൾ അയാൾ ഉന്മത്തനായി. കഴിക്കുന്നതിൽ മാത്രം രസിച്ചിരിക്കുന്ന അവളുടെ ചുണ്ടിലേക്ക് അയാൾ നോക്കി. ഉമിനീര് തട്ടി ചുണ്ടുകൾ കൂടുതൽ ചുകന്നതായി അയാൾ കണ്ടു. തന്റെ ഉടലിൽ ചൂട് പിടിച്ചു വരുന്നതായി അയാൾ അറിഞ്ഞു.
"എന്താ... ഇങ്ങനെ നോക്കുന്നത്.. ആദ്യമായി കാണുന്നത് പോലെ.." അവൾ ചിരിച്ചു കൊണ്ട് അയാളുടെ കയ്യിൽ നുള്ളി. വേദന കൊണ്ട് പുളഞ്ഞ അയാൾ വായ തുറന്ന് അവളെ അടിക്കാനായി കൈ ഉയർത്തി. പെട്ടന്ന് അവൾ പരിപ്പ് വടയുടെ കഷ്ണം അയാളുടെ വായിൽ തിരുകി കവിളിൽ ഉമ്മ വെച്ചു. അറിയാതെ അയാളിലും ചിരി പൊട്ടി വായിൽ തിരുകിയ പരിപ്പ് വട കഴിച്ചു, കൂടെ അവളും ചിരിച്ചു.
കഴിച്ചു കഴിഞ്ഞതിനു ശേഷം അവൾ പേപ്പർ ചുരുട്ടി തോട്ടിലേക്ക്
വലിച്ചെറിഞ്ഞു. അയാളുടെ മടിയിലേക്ക് തല ചായ്ച്ചു കിടന്നു. അയാൾ അവളുടെ നെറ്റിയിലും മുടികളിലും തഴുകി. അവൾ കണ്ണുകൾ തുറന്നു പിടിച്ചു ആകാശത്തേക്ക് നോക്കി കിടന്നു.
"ഏട്ടന് അറിയാലോ... എന്റെ ജോലി ഉള്ളത് കൊണ്ടാണ് ഈ വീട് പട്ടിണിയില്ലാതെ പോകുന്നത്. അച്ഛനുള്ള മരുന്ന്, അനിയത്തിയുടെ ഫീസ്, പിന്നെ എന്നെ ബുദ്ധിമുട്ടിക്കാൻ താല്പര്യം ഇല്ലാത്തത് കാരണം വയ്യങ്കിലും അമ്മ ഇടക്ക് പുറം പണിക്ക് പോകാറുണ്ട്... "
"അതെല്ലാം എനിക്കാറിയാവുന്നതല്ലേ.. എല്ലാം ശെരിയാവും. " അയാൾ വളഞ്ഞു അവളുടെ ഇരു കവിളിലും മാറി ചുംബിച്ചു. അവൾ പുഞ്ചിരിച്ചു.
"എട്ടാനോട് പറയുന്നത് കൊണ്ട് എന്റെ വേദനകൾക്ക് ഒരു ആശ്വാസം ഉണ്ട്.. എന്നാൽ വേറൊരു പ്രശ്നം ഉള്ളത്.... ഞാൻ ഏട്ടനോട് പറയാതിരുന്നതാണ്... ഇത്രയും നാൾ ഉള്ളിൽ കടിച്ചമർത്തി.. ഇനി പറയാതിരുന്നാൽ..ഭയമാണ്...ഏട്ടൻ അറിയണം " അവൾ ചോദ്യരൂപേണ അയാളെ നോക്കി.
അയാൾ അവളുടെ നെറ്റിൽ തഴുകി കൊണ്ട് പറഞ്ഞു. " നീ പറഞ്ഞോ... "
അവൾ പുഞ്ചിരിച്ചു. "അമ്മ... മൂടി കിടന്ന ഒരു സത്യം പറഞ്ഞിരുന്നു...ഞങ്ങൾ രണ്ടു പേരും മാത്രമുള്ള ഒരു അവസരത്തിൽ, ഞങ്ങളുടെ ബുദ്ധിമുട്ടുകളെ പറ്റി സംസാരിക്കുന്നതിന്റെ ഇടയിൽ, ഏട്ടനെ പരിചയപ്പെടുന്നതിന് മുൻപ്.... അമ്മയുടെ ഒരു പഴയ പ്രണയം.. പക്ഷെ അമ്മയുടെ കാമുകന് പ്രണയമായിരുന്നില്ല വേണ്ടത്.. അമ്മ അന്ന് സുന്ദരിയായിരുന്നു.... ആ പ്രണയത്തിന്റെ പ്രതിഫമാണ് ഈ ഞാൻ... "
അവൾ എഴുന്നേറ്റ് ഇരുന്നു. അയാളുടെ അടുത്തേക്ക് ചേർന്നിരുന്നു. അയാൾ അവളുടെ പിറകിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത്ത് പിടിച്ചു അവൾ അയാളുടെ തോളിൽ തല ചേർന്നിരുന്നു.
"അമ്മയുടെ നിർബന്ധം കാരണം ഞാൻ അയാളെ കാണാൻ പോയി.. അയാൾ പണക്കാരനാണ്.. മകളായി സ്വീകരിക്കുമെന്നും, ഞങ്ങളുടെ കഷ്ടപ്പാട് കണ്ടു.. പണം തന്ന് സഹായിക്കുമെന്ന് അമ്മ കരുതിയിരുന്നു എന്നാൽ അയാൾ ആട്ടി ഓടിച്ചു... പിന്നീട് ഒന്ന് രണ്ട് പ്രാവശ്യം ഇതെ ആവശ്യത്തിനായി ഞാൻ പോയിരുന്നു അതും അമ്മയുടെ നിർബന്ധത്താൽ. എന്നെ അംഗീകരിക്കുമെന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു എന്നാൽ അവസാനമായി കണ്ടപ്പോൾ കുറച്ചു പണം തന്നു പറഞ്ഞു ഇനി മേലിൽ കാണരുതെന്നും, കണ്ടാൽ കൊന്നു കളയാൻ മടിക്കില്ലന്നും. ആ പറച്ചിലിൽ, അന്നത്തെ ദേഷ്യത്തിൽ അംഗീകരിച്ചില്ലെങ്കിൽ പരസ്യമായി അപമാനിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു" അവൾ ഒന്ന് തേങ്ങി കരഞ്ഞു..
അയാൾ അവളെ തന്നിലേക്ക് അടുപ്പിച്ചു കെട്ടി പുണർന്നു. അവളുടെ മുടിയിഴകളിൽ ആശ്വസിപ്പിക്കാനായി തഴുകി.
"ഏട്ടാ... എനിക്ക് പേടിയാണ്... അയാൾ എന്തും ചെയ്യും... ഏട്ടൻ ഉണ്ടാവില്ലേ എന്റെ കൂടെ.. "
അയാൾ ഒന്ന് മൂളി. അയാൾക്ക്‌ സ്വയം കരയാൻ തോന്നി.
"സമയം കുറെയായി നമുക്ക് പോകാം... " അയാൾ അവളെ തന്റെ കരവലയത്തിൽ നിന്നും വിടർത്തി. കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ അയാളെ അസ്വസ്ഥനാക്കി. അയാൾ മുഖത്ത് നിന്നുള്ള നോട്ടം പിൻവലിച്ചു. അവൾ അയാളിൽ നിന്നും ഒഴിഞ്ഞു മാറി നിന്നു. അഴിഞ്ഞ മുടി ചുറ്റി കെട്ടി. ഇരു കൈകൾ കൊണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ചു..
"പോകാം... " അവൾ നടന്നു. അയാൾ കവർ എടുത്തു ഒരു നിമിഷം അവളെയും കവറിനെയും മാറി മാറി നോക്കി പിന്നെ ഒരു നിശ്വാസത്തോടെ കവർ തോട്ടിലേക്ക് വലിച്ചെറിഞ്ഞു.
ശക്തമായ ശബ്ദം കേട്ട് അവൾ ഞെട്ടി തിരിഞ്ഞു അയാളെ നോക്കി.
"നീ നടന്നോ.. പേടിക്കണ്ട തേങ്ങ തോട്ടിൽ വീണതാവും... "
അവൾ നടന്നു പിന്നിലായി അയാളും.
---------------------------------------
നിഷാദ് മുഹമ്മദ്..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot