നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#Sandram Part 18


Part 18
മരണ ഭയം...
ഏത്ര ധൈര്യശാലിയാണെന്നു പറഞ്ഞാലും, മരണം ഉറപ്പായിക്കഴിഞ്ഞാൽ ആരും ഒന്നു പതറും.
ബെന്നിയുടെ വിരലുകൾ വിറക്കുന്നുണ്ടായിരുന്നു. റെജി അടുത്തേക്കു ചുവടുകൾ വെക്കുകയാണ്...
“ബെന്നി...” ശബ്ദം താഴ്ത്തിയായിരുന്നെങ്കിലും, തീഷ്ണമായിരുന്നു റെജിയുടെ സ്വരം. “എനിക്ക് ഒരു കാര്യമറിയണം. അതിനു വേണ്ടി മാത്രമാണ് ഞാൻ വന്നത്. നിന്റെ വായിൽ നിന്നു തന്നെ എനിക്കതിന്റെ മറുപടി കിട്ടണം. നീ പറയുന്നതെന്തായാലും, ഞാനതു വിശ്വസിക്കും. ചോദിക്കട്ടെ ?”
ബെന്നി ഒന്നും മിണ്ടിയില്ല. റെജിയുടെ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കി നില്ക്കുകയായിരുന്നു അയാൾ. തലയൊക്കെ മൊട്ടയടിച്ച്, ക്ലീൻ ഷേവ് ചെയ്ത് ആകെ രൂപ മാറ്റം വരുത്തിയിട്ടുണ്ടയാൾ. പക്ഷേ ആ കണ്ണുകളിലെ ക്രൗര്യം... ഏതിരുട്ടത്തും ആ കണ്ണുകൾ കണ്ടാൽ റെജിയെ തിരിച്ചറിയാം.
“നീയാണ് എന്നെ ഒറ്റിക്കൊടുത്തതെന്ന് കേൾക്കുന്നു ബെന്നി...ഞാനെവിടെ ചെന്നാലും ആരോടു ചോദിച്ചാലും നിന്റെ പേരാണ് കേൾക്കുന്നത്...പ്ലീസ്...സത്യമാണോ ? നീ തന്നെ അതെന്നോട് പറയണം. അല്ലെങ്കിൽ അല്ല എന്നു പറഞ്ഞോളൂ... ഞാൻ വിശ്വസിക്കാം. നിന്നെ വെറുതേ വിടാം. ഒക്കെ ഒരു തെറ്റിദ്ധാരണയാണെന്നു കരുതി ഞാൻ സമാധാനിച്ചോളാം. എങ്കിലും, എന്റെ ചങ്കു പോലെ സ്നേഹിച്ചു കൂടെ കൊണ്ടു നടന്ന നീ എന്നെ ചതിച്ചു എന്നു മാത്രം എന്നോട് പറയല്ലേ ബെന്നി...“
ബെന്നിയുടെ തല താണു.
”ഓഹോ... അപ്പൊ സത്യമാണത്...നീ തന്നെയാണ് എന്നെ ... അല്ലേ ?
“ റെജി പല്ലു കടിച്ചു.
”റെജി...“ കുറേ നേരത്തെ മൗനത്തിനു ശേഷം ബെന്നി സംസാരിച്ചു. ”നീയെന്നെ കൊല്ലാൻ വന്നതല്ലേ ? അധികം സംസാരിച്ച് നമുക്കിതു നീട്ടിക്കൊണ്ടു പോയിട്ട് ആർക്കും ഒരു പ്രയോജനവുമില്ല. പക്ഷേ, ഒരു 2 മിനിറ്റ്. 2 മിനിറ്റ് ഒന്നു പ്രാർത്ഥിക്കാൻ എനിക്കവസരം തരണം. അല്ലെങ്കിൽ, ഞാൻ കണ്ണടച്ച് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ നീ ... എല്ലാം അവസാനിപ്പിച്ചോളൂ... എന്റെ അവ്സാന യാത്ര ദൈവത്തോടൊപ്പമായിരിക്കണമെന്നേയുള്ളൂ എനിക്ക്.“
റെജി ഒരു കൈ കൊണ്ട് തന്റെ മുഖം അമർത്തി തുടച്ചു.
”ബെന്നി … “ അവന്റെ സ്വരം ശാന്തമായിരുന്നു. ” ഞാനിന്നു മുഴുവൻ നിന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. കണ്വെൻഷൻ ഗ്രൌണ്ടിലെത്തിയപ്പോ ഞാൻ ഞെട്ടിപ്പോയി. പതിനായിരക്കണക്കിനു മനുഷ്യർ... നിന്റെ വാക്കു കേൾക്കാൻ കാത്തിരിക്കുന്നതു കണ്ട് ഞാൻ അത്ഭുതപ്പെട്ടു പോയി. ഇതൊക്കെ എങ്ങനെ സാധിച്ചെടാ നീ ? എന്തൊക്കെ കൊള്ളരുതാഴികകൾ ചെയ്തു നടന്നതാ നമ്മൾ ? “
”ദൈവത്തിനു നിന്നെയാണു വേണമെന്നു തോന്നുന്നതെങ്കിൽ നാളെ നീയായിരിക്കും എനിക്കു പകരം ആ പുൾ പിറ്റിൽ. എന്തൊക്കെ ചെയ്തു കൂട്ടിയാലും, നിന്റെ മനസ്സിലെ ആ വേദനയുണ്ടല്ലോ, അത് ദൈവത്തിലേക്ക് നിന്നെ അടുപ്പിക്കാനുള്ള ഒരു പദ്ധതിയാ. പക്ഷേ നീയതു തിരിച്ചറിഞ്ഞ് കരഞ്ഞ് പശ്ചാത്തപിച്ച് തിരിച്ചു വരണം. വന്നാൽ, തീർച്ചയായും ദൈവം നിന്നെ സ്വീകരിക്കും റെജി. ദൈവം ഏറ്റെടുത്താൽ പിന്നെ നിന്നെ ആർക്കും ഒന്നും ചെയ്യാനാവില്ല.“
“ഞാനൊരു കാര്യം പറയട്ടെ ? ” അവൻ എന്തോ തീരുമാനമെടുത്ത പോലെ തോന്നി ““ഞാൻ ഇപ്പൊ ഈ നിമിഷം അതിനു തയ്യാറാണെങ്കിൽ ? മാനസാന്തരപ്പെട്ട് ഈ വഴിയിലേക്കു വരികയാണെങ്കിൽ ? എന്നേം സ്വീകരിക്കുമോ നീ ?“ റെജിയുടെ മുഖം ദൈന്യമായിരുന്നു.
ബെന്നിയുടെ മുഖത്ത് സഹാനുഭൂതി നിറഞ്ഞു. എത്രയായിരുന്നാലും, അവരുടെ പഴയ കാലം മറക്കാൻ എളുപ്പമായിരുന്നില്ല. പണ്ട് എന്തിനും ഏതിനും അവർ രണ്ടു പേരും ഒരുമിച്ചായിരുന്നു എപ്പോഴും. അച്ചായന്മാർ എന്നാണവർ അറിയപ്പെട്ടിരുന്നത്. ഒരിക്കലും പിരിയില്ല എന്നു കരുതിയ സുഹൃത് ബന്ധം. പക്ഷേ ഇടക്കെപ്പൊഴോ ...
അവർ രണ്ടു പേരും ഇറുകെ കെട്ടിപ്പിടിച്ചു.
“എല്ലാം നിർത്താൻ ഇതല്ലാതെ വേറൊരു വഴിയും ഞാൻ കണ്ടില്ല റെജി... അതാ ഞാൻ അങ്ങനെ ചെയ്തത്. നീ ഓരോ ദിവസം കഴിയുംതോറും കൂടുതൽ കൂടുതൽ ഇരുട്ടിലേക്കു പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു... ഞാൻ രക്ഷിക്കപ്പെട്ടത് ജെയിലിനുള്ളിൽ വെച്ചാണ്... നിനക്കും ഒരവസരം കിട്ടുകയാണെങ്കിൽ എന്നു ഞാൻ പ്രാർത്ഥിക്കുകയായിരുന്നു.”
റെജി അവന്റെ മുൻപിൽ മുട്ടു കുത്തി.
ബെന്നി തന്റെ വലതു കരം അവന്റെ ശിരസ്സിൽ വെച്ചു കണ്ണുകളടച്ചു.
ആ മുറിയിലാകെ ദൈവീകമായൊരു ചൈതന്യം നിറഞ്ഞ പോലെ തോന്നി അവന്. സ്വർഗ്ഗം സന്തോഷിക്കുന്ന നിമിഷം.
പക്ഷേ...അപ്പോഴാണ് ബെന്നി ആ ശബ്ദം കേട്ടത്.
പിസ്റ്റൾ സേഫ്റ്റി ലോക്ക് വിടുവിക്കുന്ന ശബ്ദം... ബെന്നി കണ്ണുകൾ ഇറുക്കിയടച്ചു.
പതിയെ നിവർന്നു നിന്ന റെജിയോടൊപ്പം ആ തോക്കിൻ കുഴലും ബെന്നിയുടെ ശരീരത്തിലുരസ്സി മുകളിലേക്കുയർന്നു. ഒടുവിൽ അത് നെഞ്ചിൽ...ഹൃദയത്തിലമർന്നപ്പോൾ ബെന്നി കണ്ണു തുറന്നു.
“എന്തെളുപ്പാ അല്ലേടാ ? കഴിഞ്ഞതൊക്കെ വിട്ട്... ഒക്കെ ക്ഷമിച്ച് ... പുതിയൊരു ജീവിതം. .. അല്ലേടാ ? നീയെന്താ കരുതിയെ ബെന്നി ? ഒക്കെ മറന്ന് നിന്റെ അനുഗ്രഹവും വാങ്ങി ഞാനങ്ങ് പൊയ്ക്കളയുമെന്നോ ? ഹ ഹ ഹ !!” ആ ചിരി പൈശാചികമായിരുന്നെങ്കിലും, റെജിയുടെ മുഖത്തെ വേദന ബെന്നിക്കു മനസ്സിലായി. “നിനക്കെന്തോ പ്രാർത്ഥികണമെന്നല്ലേ പറഞ്ഞേ ? പ്രാർത്ഥിച്ചോ. ഞാൻ പത്തു വരെ എണ്ണാം. റെഡി ?”
ബെന്നി എതിർത്തില്ല...അനങ്ങിയില്ല... കണ്ണുകളടച്ച് തയ്യാറായി. റെജി എണ്ണുന്ന ഓരോ അക്കവും അവന്റെ ചെവിയിൽ ആയിരം വട്ടം പ്രതിദ്ധ്വനിച്ചു.തന്റെ ഹൃദയ മിടിപ്പ് ഇരട്ടിച്ചിരിക്കുന്നത് അവൻ തിരിച്ചറിഞ്ഞു.
മരണം....
***** ***** ***** ***** ***** ***** ***** *****
എന്തോ ഭീകര സ്വപ്നം കണ്ടാണ് മാത്യൂസ് ഞെട്ടിയെഴുന്നേറ്റത്.
നോക്കുമ്പൊൾ ഫോൺ അടിച്ചുകൊണ്ടേയിരിക്കുന്നു. അയാൾക്ക് പരിസര ബോധം വരാൻ അല്പ്പം സമയമെടുത്തു. ഫോണൊക്കെ തപ്പിപ്പിടിച്ച് വന്നപ്പോഴേക്കും കോൾ കട്ടായിരുന്നു.
മാത്യൂസ് സമയം നോക്കി. പുലരാറായിരിക്കുന്നു. അഞ്ചര.
ഫോണിൽ വന്ന കോൾ തിരഞ്ഞ അയാൾ അമ്പരന്നു. ഒരു 15 മിസ്സ്ഡ് കോളുകൾ. സീ ഐ മുതൽ എസ് പീ വരെ സകലരും! അയാളുടെ മനസ്സിൽ അപായ മണി മുഴങ്ങി!
“ഹെലോ സർ!” അയാൾ ആദ്യം ഡയൽ ചെയ്തത് സീ ഐ ചന്ദ്ര ഹാസിനെയാണ്.
“താനിതെവടെ പോയി കെടക്കുവാടോ ? എത്ര നേരായി ? “
“എന്തു പറ്റി സർ ?”
“റെജി പണിതെടോ. ബെന്നിയെ തീർത്തു. ഈ കഴിഞ്ഞ രാത്രിയിൽ.”
മാത്യൂസിന് തന്റെ ശരീരം മരവിക്കുന്ന പോലെ തോന്നി.
“ഞാനിതാ പുറപ്പെടുന്നു സർ.”
“എങ്ങോട്ട് ? താനവടെ തന്നെ ഇരിക്ക്. താനീ കേസിലില്ല. അറിയാല്ലോ ? നമ്മളു രണ്ടു പേരും ഒരു സേഫ് ഹൗസിലേക്കു മാറുകയാണ്. ഇപ്പൊ തന്നെ വണ്ടി വരും നിന്നെ എടുക്കാൻ. ആവശ്യത്തിനുള്ള സാധനങ്ങളൊക്കെ പാക്ക് ചെയ്ത് റെഡി ആയിക്കോ. ഭാര്യേം പിള്ളേരേം പേടിപ്പിക്കാതെ കാര്യം പറഞ്ഞു മനസ്സിലാക്ക്.”
“ഓക്കേ സർ. പക്ഷേ റോബിയും നീനയും ?”
“രണ്ടു പേരും വീട്ടിലില്ല. ഞങ്ങളിപ്പൊ അവിടെയൊക്കെ തപ്പിയിട്ടാ വരുന്നത്. റോബിയുടെ നംബർ വിളിച്ചിട്ട് എടുക്കുന്നില്ല. തനിക്ക് നീനയുടെ നംബർ അറിയാമെങ്കിൽ ഒന്നു വിളിക്കൂ. അവർക്കും പണി കിട്ടിയോ എന്ന് സംശയമുണ്ട്..”
മാത്യൂസിന് തന്റെ നെഞ്ചിലൂടെ ഒരു മിന്നൽ പിണർ കടന്നു പോയ പോലെ തോന്നി.
ഫോൺ വെച്ചതും മാത്യൂസ്സ് നീനയെ ഡയൽ ചെയ്തു.
സ്വിച്ച് ഓഫ്!!
“ഫ****!!” അയാൾ ആകെ വിറളി പിടിച്ച പോലെ ചാടിയെഴുന്നേറ്റു. ഭാര്യ രാവിലെ തന്നെ എഴുന്നേറ്റ് അടുക്കളപ്പണി തുടങ്ങിയിരുന്നു.
ആദ്യം തന്നെ അയാൾ അലമാരയിൽ നിന്ന് സർവ്വീസ് റിവോൾവർ എടുത്ത് ഫുൾ ലോഡഡ് ആണെന്നുറപ്പു വരുത്തിക്കൊണ്ട് ഭാര്യയെ വിളിച്ചു.
“ലിൻഡാ! ഒക്കെ നിർത്തിക്കോ!... ഇമ്മീഡിയറ്റ് ആയി നമുക്കു പോണം. ഒരു പ്രോബ്ലമുണ്ട്. ”
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. പ്രോബ്ലം എന്താണെന്നൊന്നും ഭാര്യ ചോദിച്ചില്ല. കുറേ കാലമായി ഭയന്നിരുന്നതാണല്ലോ. പത്തു മിനിട്ടിനുള്ളിൽ നേരത്തേ തന്നെ തയ്യാറാക്കി വെച്ചിരുന്ന അത്യാവശ്യ സാധനങ്ങളടങ്ങിയ പെട്ടിയുമായി അവർ വെളിയിലെത്തി.
രണ്ടു പോലീസ് ജീപ്പുകളാണവരെ എടുക്കാനെത്തിയത്.
“സാർ! എനിക്കു വീടറിയില്ലാരുന്നു. കുറേ വിളിച്ചു... സാർ എടുക്കണ്ടേ ?” മുൻപിലെ ജീപ്പിന്റെ ഡ്രൈവർ തിടുക്കത്തിൽ ചാടി പുറത്തിറങ്ങി അവരുടെ സാധനങ്ങൾ എടുത്ത് വണ്ടിയിലിട്ടു.
“സർ... പോണ വഴിയിൽ നിങ്ങൾ മറ്റേ ജീപ്പിലോട്ട് മാറണം. എസ് പീ പറഞ്ഞത് അങ്ങനെയാണ്. മിസ് ഡയറക്ഷനോ അങ്ങനെയെന്തോ.”
“ആയ്ക്കോട്ടെ. താൻ വണ്ടിയെടുക്ക്.” മാത്യൂസിന്റെ മനസ്സിൽ മുഴുവൻ റോബിയും നീനയുമായിരുന്നു.
***** ***** ***** ***** ***** ***** ***** *****
കുറേ ദൂരം അതി വേഗത്തിൽ പാഞ്ഞ ആ ജീപ്പ് പെട്ടെന്ന് ഹൈവേയിൽ നിന്ന് ഒരു ഇട വഴിയിലേക്കു കയറി.
“ഇതെവിടെക്കാടോ ? ” മാത്യൂസിനൊരല്പ്പം ഭയം തോന്നാതിരുന്നില്ല. അയാൾ അരയിൽ ഭദ്രമാക്കി വെച്ചിരുന്ന പിസ്റ്റളിൽ കൈ വെച്ചു.
“കുറച്ചങ്ങു ചെന്നാൽ ഒരു റിസർവ്ഡ് ഫോറസ്റ്റ് ഏരിയാ ഉണ്ട് സർ.അവിടെ വെച്ച് നിങ്ങൾ വണ്ടി മാറണം. പിന്നെ നിങ്ങളെ ആ വണ്ടി കൊണ്ടു പൊയ്ക്കോളും. ജില്ല വിടുമെന്നാണ് പറഞ്ഞത്. എന്നോട് സ്ഥലം പറഞ്ഞില്ല സർ.” ആ ഡ്രൈവറുടെ മുഖത്താകെ ഒരു ടെൻഷനുണ്ടായിരുന്നു.
മാത്യൂസ് തന്റെ കുടുംബത്തെ നോക്കി. കുഞ്ഞുങ്ങൾ രണ്ടും വീണ്ടും ഉറങ്ങിപ്പോയിരിക്കുന്നു. അമ്മയുടെ ഇരു തോളുകളിലുമായി ചാഞ്ഞിരിരിക്കുകയാണ് പാവങ്ങൾ. ഭാര്യ - ലിൻഡ - നിർവ്വികാരയായി ഇരിക്കുകയാണ്.
ഇതൊരു സിനിമയായിരുന്നെങ്കിൽ, താനിപ്പൊ തോക്കും വീശി റെജിയെ തപ്പി ഇറങ്ങിയിരിക്കുമെന്ന് മാത്യൂസ് ഓർത്തു. അയാളുടെ ചുണ്ടിൽ ഒരു പുച്ഛഭാവം വന്നു.
എത്ര മിടുക്കനായ പോലീസുകാരനായാലെന്താ , സ്വന്തം കുടുംബത്തിനൊരു ഭീക്ഷണി വന്നാൽ വെറും ഒരു ഭീരുവായ സാധാരണക്കാരൻ. അത്രേയുള്ളൂ.
അയാൾ സീ ഐ യെ വീണ്ടും വിളിച്ചു.
“ഹെലോ സർ. എല്ലാം പെട്ടെന്നായ കൊണ്ട് ഒന്നും വിശദമായി ചോദിക്കാനൊത്തില്ല.”
“നമ്മൾ ഇപ്പൊ തന്നെ നേരിൽ കാണുമെടോ. എന്നിട്ടു സംസാരിക്കാം.”
“ബെന്നി ശരിക്കും ... ”
“ഉം. പോയിന്റ് ബ്ലാങ്ക്. സ്ട്രെയ്റ്റ് ത്രൂ ഹാർട്ട്. ഒരൊറ്റ ഷോട്ടേ ഉണ്ടാരുന്നുള്ളൂ. ”
“റെജീടെ ആൾക്കാരു തന്നെയാണെന്ന് എങ്ങനെ ഉറപ്പിച്ചു സർ ?”
“അവന്റെ ആൾക്കാരല്ല. അവൻ നേരിട്ടാരുന്നു. തോക്കിന് സൈലൻസർ ഉണ്ടായിരുന്നില്ല. വെടി ശബ്ദം കേട്ട് പള്ളീലുണ്ടായിരുന്നവർ ഓടിയെത്തി, വാതിലൊക്കെ ചവിട്ടി പൊളിച്ചു ചെന്നപ്പോ, റെജി ജനൽ വഴി ഇറങ്ങി ഓടുന്നതു കണ്ടെന്നാണു പറയുന്നത്. ഡിസ്ക്രിപ്ഷൻ ഒക്കെ മാച്ചാണ്. പിന്നെ...”
“പിന്നെന്താ സർ ?”
“ഈ ഹാർട്ടിലൂടെ ഡയറക്റ്റ് ആയിട്ടുള്ള ഷോട്ട് റെജീടെ ഒരു സിഗ്നേച്ചർ ഷോട്ടാണെന്നാണ് കേൾക്കുന്നത്. ബാംഗ്ലൂർ പോലീസ് പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്.”
“ദൈവമെ!” നിരീശ്വര വാദിയായ മാത്യൂസ് സ്വയമറിയാതെ മന്ത്രിച്ചതാണത്.
“ഒന്നു കൊണ്ടും പേടിക്കണ്ടടോ. നമ്മളു മാത്രല്ല പോലീസുകാരുള്ളത് ഡിപ്പാർട്ട്മെന്റിൽ. അവനെന്തായാലും അധിക ദൂരമെത്തില്ല. കണ്ട മാത്രയിൽ അവനെ പൂശിയിരിക്കണമെന്നാണ് എസ് പീ യുടെ ഓർഡർ.താനെന്തായാലും തോക്ക് സദാ സമയവും കയ്യെത്തുന്നിടത്തു വെക്കണം. അഡീഷണൽ റൗണ്ട്സ് കരുതണം. ടെസ്റ്റ് ചെയ്താരുന്നില്ലേ ? ഡിപ്പാർട്ട്മെന്റ് സാധനമാണ്. ആവശ്യ നേരത്ത് പൊട്ടില്ല.”
“എല്ലാം ചെക്ക് ചെയ്തതാ സർ.താങ്ക് യൂ സർ. സീ യൂ സൂൺ.”
അയാൾ ഫോൺ കട്ട് ചെയ്തു.
“പേടിക്കാനൊന്നൂല്ല മമ്മി. അവനെ അവർ ഓൾറെഡി ലൊക്കേറ്റ് ചെയ്തു കഴിഞ്ഞൂന്നാ സീ ഐ പറഞ്ഞെ.” അയാൾ ഭാര്യയുടെ കവിളിൽ തലോടി.
ജീപ്പ് അപ്പോൾ ഒരു ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെത്തിയിരുന്നു.
***** ***** ***** ***** ***** ***** ***** *****
ബ്രൂട്ട്സ്!
സ്നേഹ വീട്ടിലെ പുതിയ അന്തേവാസിയാണവൻ.
നാലു വയസ്സു കാരൻ ജെർമ്മൻ ഷെപ്പേർഡ് നായ. ജോസച്ചന് റോബിയുടെ വക സ്നേഹ സമ്മാനം.
മെരുങ്ങാൻ വളരെ പ്രയാസമായിരിക്കുമെന്നു കരുതിയ അവൻ പക്ഷേ സ്നേഹ വീട്ടിലെത്തിയപ്പോൾ വല്ലാതെ മാറി. അത്തരം നായ്ക്കൾ സാധാരണ ഒരാളെ മാത്രമേ അനുസരിക്കൂ. വളരെ അപകട കാരികളാണവർ. പക്ഷേ ജോസച്ചൻ ഒന്നു തലോടിയതേയുള്ളൂ, അവൻ ഒരു പൂച്ചക്കുഞ്ഞിനേപ്പോലെ മെരുങ്ങി.
കൂട്ടിൽ പോലും ഇടാറില്ല അവനെ. സദാ സമയവും സ്നേഹ വീടിനു ചുറ്റും ജാഗരൂഗനായൊരു കാവല്ക്കാരനെപ്പോലെ അവൻ ചുറ്റി നടന്നു. തന്റെ ആളുകളെ തിരിച്ചറിയുന്നത് ബ്രൂട്ട്സിന്റെ അത്ഭുതകരമായൊരു കഴിവായിരുന്നു. സ്നേഹ വീട്ടിലെ കുഞ്ഞുങ്ങൾക്കെല്ലാം അരുമയായി മാറി അവൻ. ഒരാൾക്കൊഴിച്ച് .
സൂസി മോൾ മാത്രം അവനെ അടുപ്പിച്ചില്ല. എത്ര ശ്രമിച്ചിട്ടും അവന്റെ അടുത്തൊന്നു പോകാനോ ഇടപെടാനോ അവൾ തയാറായില്ല.
അതീവ ബുദ്ധിശാലിയായ ആ മൃഗം പക്ഷേ അവളുടെ അനിഷ്ടം തിരിച്ചറിഞ്ഞിരുന്നു. എങ്കിലും സദാ സമയവും അവളുടെ ശ്രദ്ധയാകർഷിക്കാനായി അവൻ അവളെ ചുറ്റിപ്പറ്റി നടന്നു.
റോബിയും നീനയും അപ്രത്യക്ഷരായിട്ട് ഒരാഴ്ച്ച കഴിഞ്ഞിരിക്കുന്നു. പോലീസ് അവരെ തേടി പല പ്രാവശ്യം സ്നേഹ വീട്ടിൽ വന്നിരുന്നു.
ജോസച്ചന്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു.സദാ സമയവും പ്രാർത്ഥനയിൽ മുഴുകി ആ പാവം വൃദ്ധൻ കാത്തിരുന്നു. രണ്ടു പേരുടേയും ഫോൺ ഇപ്പൊ സ്വിച്ച് ഓഫ്ഫ് ആണ്. മാത്യൂസ് ഇടക്കിടെ വിളിച്ച് വിവരമന്വേഷിക്കുന്നുണ്ട്.
മിസ്സിസ് അന്നാമ്മ ചെറിയാനാകട്ടെ ഒരു തരം മരവിച്ച അവസ്ഥയിലായിരുന്നു. നീന ഡോക്ടറെ കാണാൻ പോയ അന്നു മുതൽ അവർ അസ്വസ്ഥയായിരുന്നു. നീനയും റോബിയും എവിടെയായിരിക്കുമെന്ന് അവർക്കൊരു ഊഹമുണ്ടായിരുന്നു. എന്നാൽ അവരത് ആരോടും പറയാനാകാതെ വീർപ്പുമുട്ടി കഴിഞ്ഞു.ഒപ്പം ബെന്നിയുടെ മരണവും കൂടിയായപ്പോൾ അവർ തളർന്നു പോയി..
***** ***** ***** ***** ***** ***** ***** *****
ഡെറാഡൂൺ - ഉത്തരാഘണ്ഢ്. വെള്ളിയാഴ്ച്ച. 6:30 PM
ലുട്ടനെന്റ് കേണൽ അജയ് പാൽ സിങ്ങിന്റെ ഓഫീസിൽ നിന്നിറങ്ങാൻ തുടങ്ങുകയായിരുന്നു നീനയും റോബിയും. പപ്പയുടെ പഴയ സുഹൃത്തുക്കളെ തേടി വന്നതാണെന്ന വ്യാജേന അവർ പത്തു പന്ത്രണ്ടു കൊല്ലം മുൻപ് താമസിച്ചിരുന്ന പഴയ മിലിട്ടറി ക്യാമ്പും പരിസരവുമെല്ലാം അന്വേഷിക്കുകയായിരുന്നു. ഒടുവിൽ ഒരു മിലിട്ടറി പോലീസ് ഉദ്യോഗസ്ഥനാണ് അവരെ കേണൽ അജയുടെ ഓഫീസിലേക്കയച്ചത്.
അന്ന്... ആ ബീച്ചിൽ വെച്ച് നീന തന്റെ കഥയെല്ലാം പറഞ്ഞു തീർന്നപ്പോൾ റോബിക്ക് സഹിക്കാനായില്ല. അവൾ എത്ര നിർബന്ധിച്ചിട്ടും അവൻ അടങ്ങിയില്ല. ആ ഓഫീസേഴ്സിനെ കണ്ടെത്തി മതിയായ ശിക്ഷ ഉറപ്പു വരുത്തണമെന്നയാൾ നിശ്ചയിച്ചുറപ്പിച്ചു. അന്നു രാത്രി തന്നെ ആരോടും പറയാതെ അവർ യാത്ര തിരിക്കുകയായിരുന്നു. എന്നാൽ...
അവളുടെ ലിസ്റ്റിലുള്ള നാലു പേരും ഇന്നു ജീവിച്ചിരിപ്പില്ല എന്ന സത്യം അവരെ അമ്പരപ്പിച്ചു. 3 പേർ വാഹനാപകടങ്ങളിലും, ഒരാൾ കേണൽ ചെറിയാനെപ്പോലെ തന്നെ ദുരൂഹമായ സാഹചര്യത്തിൽ ഹാർട്ട് അറ്റാക്കായും കൊല്ലപ്പെട്ടിരിക്കുന്നു. കേണൽ അജയ് പാൽ ആ ഫയൽ എന്നന്നേക്കുമായി അടച്ചിരിക്കുകയായിരുന്നു. അന്വേഷണം മുഴുവനായും ഉപേക്ഷിച്ച നിലയിലാണ്. പക്ഷേ ഇറങ്ങാനായി എഴുന്നേറ്റപ്പോൾ കേണൽ അവരെ പുറകിൽ നിന്നു വിളിച്ചു.
“നീനാ...പോകാൻ വരട്ടെ. നമുക്കിനി ഒരല്പ്പം അൺ ഒഫീഷ്യലായിട്ടു സംസാരിക്കാം.”
അവൾ തിരിഞ്ഞു നിന്നു.
“പപ്പയുടെ പഴയ കൂട്ടുകാരെ അന്വേഷിച്ചു വന്നതാണെന്ന് എന്നോട് കള്ളം പറഞ്ഞതല്ലേ ? എനിക്കറിയാം.” അദ്ദേഹം പുഞ്ചിരിച്ചു. “ അവർ നീനയോട് എന്താണ് ചെയ്തതെന്നും എനിക്കറിയാം. അല്പ്പം വൈകിപ്പോയെന്നു മാത്രം. എല്ലാം ഞാൻ മനസ്സിലാക്കിയിരുന്നു.“
”സർ...“ അവളുടെ ചുണ്ടുകൾ വിറച്ചു.
”വളരെ അസൂത്രിതമായി നടത്തിയ കൊലപാതകങ്ങളായിരുന്നു അതു നാലും. ഒരു പക്ഷേ കേണൽ ചെറിയാന്റെ മരണമുൾപ്പെടെ.“
”വാട്ട്!!“
” ആരാണതു ചെയ്തതെന്നൊക്കെ എനിക്കൊരു ധാരണയുണ്ട്. പക്ഷേ ഞാനെന്തായാലും അതു വെളിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. ആസ് ഫാർ ആസ് ഐ ആം കൺസേണ്ഡ്, ഈ കേസുകളൊക്കെ അന്വേഷണം അവസാനിച്ചതാണ്. ഇനി ഒന്നും കുത്തിപ്പൊക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഇൻഡ്യൻ ആർമിക്ക് ചീത്തപ്പേരുണ്ടാക്കാനായുണ്ടായ വൃത്തികെട്ടവന്മാരായ കുറച്ച് ഓഫീസേഴ്സ്... അവർ അർഹിച്ചതു തന്നെ അവർക്കു കിട്ടി. എനിക്കതിൽ യാതൊരു വിഷമവുമില്ല. മരണ വേദന അനുഭവിച്ചാണ് അവന്മാരൊക്കെ തീർന്നത്. സോ... യൂ കാൻ ഗോ ബാക്ക് റ്റു യുവർ ലൈവ്സ്. ഇനി ഈ വിഷയമോർത്ത് സങ്കടപ്പെടുകയേ വേണ്ട. എഞ്ചോയ് യുവർ ലൈഫ്!“
“സർ... സാറിനെങ്ങനെ അറിയാം ?” റോബിയും അമ്പരന്നു പോയിരുന്നു.
“ഞാൻ മിലിട്ടറി ഇന്റലിജൻസിലുണ്ടായിരുന്നതല്ലേ റോബി. ഇനിയിപ്പൊ അതൊന്നും ആലോചിച്ച് സമയം കളയരുത്. ചെറുപ്പമല്ലേ നിങ്ങൾ ? ജീവിതം ആസ്വദിക്കാനുള്ളതാണ്. പഴയ കാര്യങ്ങളൊക്കെ ഓർത്ത് വെറുതേ...” കേണൽ ആ കേസ് ഫയലെടുത്ത് അലമാരയിൽ വെച്ചു പൂട്ടി.
പിന്നീടു കുറേ നേരത്തേക്ക് ആരുമൊന്നും സംസാരിച്ചില്ല.
ഒടുവിൽ സ്തംഭിച്ചു നിന്ന നീനയെ റോബി തട്ടി വിളിച്ചു.
“പോവാം മോളേ...ഇപ്പൊ നിനക്ക് സമാധാനമായില്ലേ ? ഇതല്ലാരുന്നോ നിനക്ക് വേണ്ടിയിരുന്നത് ?”
അവൾ തേങ്ങിക്കൊണ്ട് അവന്റെ മാറിലേക്കു ചാഞ്ഞു.
“ഗോഡ് ബ്ലെസ്സ് യൂ നീനാ. ഇത്രയും സപ്പോർട്ടീവായൊരു ഹസ്ബൻഡിനെ കിട്ടിയില്ലേ നീനക്ക് ? യൂ ആർ സോ ലക്കി.” കേണൽ അവളുടെ തലമുടിയിൽ തലോടി. “ചെറുപ്പത്തിൽ നിന്നെ ഒത്തിരി എടുത്തുകൊണ്ട് നടന്നിട്ടുണ്ട് ഞാൻ ഇതിലേയൊക്കെ. പക്ഷേ എന്റെ കുട്ടി, ഒത്തിരി വൈകിപ്പോയി ഞാൻ ഇതൊക്കെ അറിയാൻ... മോളു മാത്രമല്ല, ആ കിരാതന്മാർ നശിപ്പിച്ച വേറെയും പെൺകുട്ടികളുണ്ട് ഈ ക്യാമ്പുകളിൽ. ജൂനിയർ ഓഫീസേഴ്സിനെ മുതലെടുത്ത് അവരുടെ ജീവിതം നശിപ്പിച്ച നായ്ക്കളാണവർ. ചത്തു തുലയട്ടെ!”
നീനയുടെ മുഖം കണ്ണീരിൽ കുതിർന്നിരുന്നു
തിരിച്ചുള്ള യാത്രയിൽ അവൾ തീർത്തും നിശബ്ദയായിരുന്നു.
റോബി അവളെ ശല്യപ്പെടുത്താനേ പോയില്ല. അവന്റെ മനസ്സിൽ മറ്റു ചില പദ്ധതികൾ തയ്യാറായി വരുന്നുണ്ടായിരുന്നു.
അവരവിടെ നിന്ന് നേരേ പോയത് ഹോട്ടലിലേക്കായിരുന്നു.
പിറ്റേന്ന് നാട്ടിലേക്കു മടങ്ങാനുള്ള ക്രമീകരണങ്ങളൊക്കെ ചെയ്ത് ചെയ്ത് റോബി റൂമിലെത്തിയപ്പോഴേക്കും, നീന കുളിച്ചു ഫ്രെഷ് ആയി അവനെ കാത്തു നിന്നിരുന്നു.
“എല്ലാം മായ്ച്ചു കളഞ്ഞ് ഒരു പുതിയ ജീവിതം...” അവൾ അവന്റെ നേരേ രണ്ടു കൈകളും നീട്ടി. “ഞാൻ ഹാപ്പിയായോ എന്നറിയില്ല റോബി... എന്റെ മനസ്സിൽ ഇപ്പോഴും കുറച്ചു വിഷമം ബാക്കി നില്പ്പുണ്ട്. റോബിക്കൊരു കുഞ്ഞിനെ തരാൻ എനിക്കാവില്ല എന്നൊരു സങ്കടം.”
“ശ്ശ്...ശ്ശ്...” റോബി അവളുടെ ചുണ്ടുകളിൽ വിരൽ ചേർത്തു. “... ആ സങ്കടം തീർക്കാൻ ഞാനൊരു വഴി കണ്ടിട്ടുണ്ട്. അതു കേട്ടു കഴിയുമ്പോ നിനക്കു മനസ്സിലാകും, ഇതെല്ലാം വിധിയായിരുന്നെന്ന്. നീ നിന്റെ പഴയ കഥയെല്ലാമെന്നോടു പറഞ്ഞില്ലേ ? എനിക്കുമുണ്ട് ചില കഥകൾ... മറക്കാനാഗ്രഹിച്ചിരുന്ന ഒരു കഴിഞ്ഞ കാലം.”
നീന പതിയെ മുഖമുയർത്തി അവന്റെ കണ്ണുകളിലേക്കു നോക്കി.
“നമുക്കൊരു കുഞ്ഞിനെ കിട്ടും. അടുത്തു തന്നെ. ” അവനവളെ ഇറുക്കെ കെട്ടിപ്പിടിച്ചുകൊണ്ട് മന്ത്രിച്ചു. “നമുക്കു വേണ്ടി ദൈവം കാത്തു വെച്ചിരിക്കുന്ന നമ്മുടെ മോളെ...”
“എന്താ റോബീ പറയുന്നേ ?” അവൾ അവന്റെ പിടി വിടുവിക്കാൻ ശ്രമിച്ചെങ്കിലും അവൻ സമ്മതിച്ചില്ല. “അഡോപ്റ്റ് ചെയ്യാനാണോ ?”
“അല്ല കുട്ടാ...” അവനിൽ നിന്നും ഒരു ദീർഘനിശ്വാസമുതിർന്നു. “ ദത്തെടുക്കേണ്ടിയൊന്നും വരില്ല. എല്ലാം ഞാൻ പിന്നീടു പറയാം. ഇപ്പൊ നമുക്ക് നന്നായൊന്നുറങ്ങണം. കുറേ ദിവസമായി ഉറക്കം പോയിട്ട്.”
“റോബിക്കറിയോ ? നമ്മടെ സ്നേഹവീട്ടിലെ സൂസി മോൾ ? അവളെ കാണുമ്പോ എന്നും ഞാനോർക്കുമായിരുന്നു അങ്ങനൊരു മോൾ നമുക്കുണ്ടായിരുന്നെങ്കിലെന്ന്. ആ കുഞ്ഞിനെ നമുക്ക്...”
അതു കേട്ടതും റോബിയുടെ മുഖത്ത് വല്ലാത്തൊരു ഭാവം വന്നു. അവനവളെ പതിയെ തന്റെ മാറിൽ നിന്നുമുയർത്തി അവളുടെ കണ്ണുകളിലേക്കു പ്രേമ പൂർവ്വം നോക്കി.
“സൂസി മോൾ... അതാരാന്നറിയുവോ നിനക്ക് ? നമ്മടെ മോളാ അത് നീന...നമ്മുടെ സ്വന്തം കുഞ്ഞാ അവൾ...!!!” അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. “അവളെ തന്നെയാ ഞാനും ഉദ്ദേശിച്ചത്.”
അവനതു പറഞ്ഞു തീർന്നതും അന്തരീക്ഷം പ്രക്ഷുബ്ധമായി. അതി ശക്തമായി വീശിയടിച്ച കാറ്റിൽ ജനൽ വാതിലുകൾ അതി ഭയങ്കരമായി വന്നടഞ്ഞു. എവിടെ നിന്നെന്നറിഞ്ഞില്ല കനത്ത മഴയും തുടങ്ങി.
“ഇവിടെ ഇങ്ങനത്തെ എക്സ്ട്രീം വെതർ പതിവാ. വാ, നമുക്കാ ജനലൊക്കെ ലോക്ക് ചെയ്തു കിടക്കാം.” അവൻ അവളെ പിടിച്ചു മാറ്റി മുറിയിലെ ലൈറ്റ് ഓൺ ചെയ്തു.
പെട്ടെന്നാണ് അവരെ നടുക്കിക്കൊണ്ട് ടീ വീ ഓണായത്.
വളരെ ഉച്ചത്തിൽ ഇരപ്പുമായി ആ സ്ക്രീനിൽ നിറയെ ഗ്രെയിൻസ് വന്നു നിറഞ്ഞു.
“റോബീ...” നീന പുറകോട്ടു നീങ്ങി അവനോടു ചേർന്നു നിന്നു. “വീണ്ടും ??” അവളുടെ സ്വരം വിറച്ചു.
ഒരു നിമിഷ നേരത്തേക്ക് റോബി ഒന്നു പകച്ചെങ്കിലും പെട്ടെന്നു തന്നെ അവൻ മനസ്സാന്നിധ്യം വീണ്ടെടുത്തു.
“എന്നെയല്ലേ നിനക്കു വേണ്ടത് ??” ഉച്ചത്തിലായിരുന്നു റോബിയുടെ ചോദ്യം. നീന നടുങ്ങിപ്പോയി.അവൻ നടന്ന് ആ ടീവിക്കു മുൻപിലെത്തി. “നീനയെ വെറുതേ വിടൂ...” അവന്റെ തൊണ്ടയിടറിയിരുന്നു. “പ്ലീസ്...” അവൻ കൈ കൂപ്പിക്കൊണ്ട് മുട്ടു കുത്തി നിന്നു.
ഏതാനും മിനിട്ടുകൾ കടന്നു പോയി.
പതിയെ എല്ലാം ശാന്തമായി. ടീവി ഓഫായി. പുറത്തെ കാലാവസ്ഥ പഴയതു പോലെ തന്നെയായി.
റോബി തളർന്ന് തറയിലിരുന്നു.
നീന ഓടിയെത്തി അവനെ പിടിച്ചെഴുന്നേല്പ്പിക്കാൻ ശ്രമിച്ചു. “എന്താ റോബീ ഇതൊക്കെ ? എന്താ ഉണ്ടായത് ? അരോടാ റോബി ...??”
അവൻ ഒന്നും മിണ്ടാതെ എഴുന്നേറ്റ് അവളെ ഇറുകെ പുണർന്നു.
“ഇപ്പൊ ഒന്നും എന്നോട് മോളു ചോദിക്കരുത്. എല്ലാം ഞാൻ പറഞ്ഞു തരാം. “
നീന ആകെ ഷോക്കിലായിരുന്നു. എത്ര ആലോചിച്ചിട്ടും അവൾക്കൊന്നും മനസ്സിലായില്ല.
***** ***** ***** ***** ***** ***** ***** *****
“എന്റെ ചക്കരേ...” കാറ്റു പോലുള്ള ആ വിളിയൊച്ച കേട്ടാണ് സൂസി മോൾ കണ്ണു തുറന്നത്.
സന്തോഷം സഹിക്കാനാവാതെ അവളുടെ കുഞ്ഞു വായ് തുറന്ന പടിയിരുന്നു....
അവൾ പതിയെ തന്റെ ബെഡിൽ നിന്നുമിറങ്ങി ജനാലക്കരികിലേക്കു നടന്നു.
പുറത്തതാ തകർത്തു പെയ്യുകയാണ് മഴ... നഷ്ടപ്പെട്ടു പോയെന്നു കരുതിയ തന്റെ മോളെ കണ്ടെത്തിയ ഒരമ്മയുടെ സന്തോഷക്കണ്ണീർ.
അപ്പോൾ പുറത്താരോ കതകിൽ തട്ടുന്ന ശബ്ദം കേട്ടു.
ഏറ്റവും വെളിയിലാണ്. ജോസച്ചന്റെ മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.
ജോസച്ചൻ എഴുന്നേറ്റു. പുതച്ചു മൂടി ക്കൊണ്ട് അദ്ദേഹം വാതില്ക്കലേക്കു നടന്നു. “ ആരാണാവോ ഇത്ര വൈകിയ നേരത്ത് ? ”
പൂമുഖത്തെ ലൈറ്റിട്ടതിനു ശേഷം അച്ചൻ കാതോർത്തു. “ആരാ ?”
“അച്ചോ...” പുറത്തു നിന്നും പരിചയമില്ലാത്തൊരു ശബ്ദം. “വാതിലൊന്നു തൊറക്ക്വോ ? പ്ലീസ്... ഭയങ്കര മഴയാ ... എനിക്ക്...” അയാളുടെ തൊണ്ടയിടറിയോ എന്നൊരു സംശയം.
അച്ചൻ വേഗം തന്നെ കതകു തുറന്നു. “ആരാ ? മനസ്സിലായില്ലല്ലോ ?”
“എനിക്കൊന്നു കുമ്പസാരിക്കണമച്ചോ...” അപരിചിതൻ അകത്തേക്കു കയറി.
“അയ്യോ... ഈ നേരത്തോ ? നാളെ രാവിലെ ചാപ്പലിൽ വരൂ... ഇവിടെ ഇപ്പൊ അതിനുള്ള സൗകര്യങ്ങളൊന്നുമില്ല.”
“അതു സാരമില്ലച്ചോ... എനിക്കച്ചനോടൊന്നു സംസാരിച്ചാലും മതി...” അയാൾ നനഞ്ഞൊലിക്കുകയാണ്.
“ജോസച്ചാ!!” നിലവിളി പോലെയാണാ ശബ്ദമുയർന്നത്.
ഞെട്ടിത്തിരിഞ്ഞു നോക്കിയ അച്ചൻ കണ്ടത് ഭയന്ന് വിറങ്ങലിച്ചു നില്ക്കുന്ന സൂസിമോളെയാണ്. ഒരു പ്രേതത്തെ കണ്ടാലെന്നവണ്ണം ആ അവളുടെ മുഖം വിളറി വെളുത്തിരുന്നു.
“എന്തു പറ്റി സൂസിക്കുട്ടീ ? നീയെന്താ ഇതുവരെ ഉറങ്ങാത്തേ ?” അച്ചൻ അമ്പരന്നു പോയി.
“അയാളു ചീത്തയാ അച്ചാ...അയാളെ അകത്തു കേറ്റല്ലേ ?” അവളുടെ സ്വരം പേടി കാരണം ചിലമ്പിച്ചിരുന്നു.
അച്ചൻ സംശയത്തോടെ തിരിഞ്ഞ് ആ മനുഷ്യനെ നോക്കി.
തന്റെ ഷേവു ചെയ്ത മൊട്ടത്തലയിൽ നിന്നും മഴവെള്ളം വടിച്ചു കളയുകയാണയാൾ. നേരത്തെ കണ്ട ആ ദൈന്യത ഇപ്പൊ കാണാനില്ല മുഖത്ത്.
“എന്താ ആ കൊച്ചിന്റെ പ്രശ്നം ?” അയാളുടെ ചോദ്യത്തിനു തീരെ മയമില്ലായിരുന്നു.
“മോളകത്തു പോ... അങ്കിളു പാവം മഴ നനഞ്ഞു വന്നതല്ലേ ?” അച്ചൻ അവളെ പിടിച്ച് അകത്തേക്കു കൂട്ടിക്കൊണ്ടു പോകാനൊരുങ്ങി. എന്നാൽ... അവൾ അച്ചന്റെ കൈ ബലമായി വിടുവിച്ച് ആ മനുഷ്യന്റെ മുൻപിലെത്തി.
“ഇറങ്ങി പോ പിശാചേ!!” അവൾ പുറത്തേക്കു വിരൽ ചൂണ്ടി.
അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പിന്നെ അരുമയോടെ അവളുടെ മൂർദ്ധാവിൽ തലോടിക്കൊണ്ട് ആ മനുഷ്യൻ അവൾക്കു മുൻപിൽ കുനിഞ്ഞു നിന്നു.
“മോളൂട്ടീ... ഇനി നീ ഒരു വാക്കു മിണ്ടിയാൽ അതോടെ തീരും രണ്ടെണ്ണോം. കേട്ടോ. ദേ ഇതു കണ്ടോ ?” അയാൾ പോക്കറ്റിൽ നിന്നും ഒരു കറുത്ത തോക്ക് പുറത്തെടുത്തു.
ആ നിമിഷം തന്നെ പുറത്തു നിന്നൊരു ഭയാനക ഗർജ്ജനമുയർന്നു.
ഞെട്ടിത്തിരിഞ്ഞതും, കൊടുങ്കാറ്റു പോലെ ബ്രൂട്ട്സ് അയാളുടെ മേലേക്ക് ചാടി വീണു. പിളർന്ന വായിൽ അയാളുടെ കഴുത്തിന്റെ പകുതിയോളം അകത്താക്കി.
(തുടരും...)

Sajitha

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot