നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആരതിയുടെ പിറന്നാൾ (കഥ)

ആരതിയുടെ പിറന്നാൾ (കഥ)
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
ഓടുമേഞ്ഞ വാടകവീടിന്റെ ആകെയുള്ള ഒരേയൊരു മുറിയിൽ നിവർത്തിയിട്ട പഴയ പുല്ലുപായയിൽ തന്റെ ഏകമകളായ ആരതിയെന്ന അഞ്ചുവയസ്സുകാരി കിലുക്കാംപെട്ടിയെ പുതപ്പുകൊണ്ട് ഒന്നുകൂടി നല്ലതുപോലെ പുതപ്പിച്ച് അമ്മ രേണുക അവളുടെ നെറ്റിയിൽ ഒരു ചുംബനവും കൊടുത്ത്, കെട്ടഴിഞ്ഞ തന്റെ മുടിയിഴകൾ മാടിയൊതുക്കി ഒന്നുകൂടി മുറുകെ കെട്ടിവെച്ച് പായയിൽ കിടന്ന തന്റെ വോയിൽസാരിയുടെ തലപ്പ് ഒന്നുകുടഞ്ഞ് തോളിലേക്കിട്ട്, ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ശ്രീ മഹാവിഷ്ണുവിന്റെ ഫോട്ടോയിൽനോക്കി തൊഴുതു പ്രാർത്ഥിച്ചുകൊണ്ട് താഴെ കൈകളൂന്നി മെല്ലെ എഴുന്നേറ്റു.
പ്രഭാതസൂര്യന്റെ പ്രകാശകിരണങ്ങൾ പൊട്ടിയ ഓടിന്റെ വിടവിലൂടെ അവളുടെ മുഖത്തേക്കുപതിച്ചു. ഒരു കൈത്തലംകൊണ്ട് ആ പ്രകാശം കണ്ണിലേക്കു വരാതിരിക്കുവാൻ മറപിടിച്ചുകൊണ്ട് അവൾ നേരേപോയി കിഴക്കേ ഉമ്മറവാതിൽ തുറന്നു.
'നേരം പുലർന്നിട്ട് ഇത്രേം നേരായോ?'
ഉമ്മറത്തെത്തിയ സൂര്യന്റെ നിഴലിനെനോക്കി അവൾ മനസ്സിൽ മന്ത്രിച്ചു. വേഗംതന്നെ അടുക്കളയിൽപ്പോയി പുറത്തേക്കുള്ള വാതിലും തുറന്ന് കോഴിക്കൂടിനു മുകളിൽ വെച്ചിരുന്ന ചൂലെടുത്ത് വടക്കുകിഴക്ക് ഭാഗത്തുനിന്നായി മുറ്റമടിക്കുവാൻ തുടങ്ങി. ഇടക്കെന്തോ ഓർത്തിട്ടെന്നപോലെ വേഗംചെന്ന് കോഴിക്കൂടുതുറന്ന് കൂട്ടിലെ കോഴികളെ തുറന്നുവിട്ട് ദൂരേക്ക് ആട്ടിയോടിച്ചുകൊണ്ട് അവൾ സ്വയം പറഞ്ഞു;
'ഇനിയിപ്പൊ ഇവിടെ മുഴുവൻ കോഴിക്കാട്ടംകൊണ്ടു നെറക്കും. വിറ്റുകളയാന്നുവെച്ചാ ആകെക്കൂടിയൊള്ള വരുമാന മാർഗ്ഗാണ്. മൂന്നാലെണ്ണമൊള്ളതോണ്ട് വീട്ടിൽ ആവശ്യത്തിന് ഉപകരിക്കും. മോൾക്കാണേൽ കോഴിമൊട്ടേടെ വെള്ള നല്ല ഇഷ്ടോമാണ്.'
അവൾ വീണ്ടും ചൂലെടുത്ത് മുറ്റമടിക്കുവാൻ തുടങ്ങി.
സമയം ആറുമണി കഴിഞ്ഞിട്ടുണ്ടാവും. പ്രഭാതകൃത്യങ്ങൾ ഓരോന്നായി ചെയ്തുതീർത്ത് അടുക്കളയിലേക്കുപോയ രേണുക ഇനി എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം പകച്ചുനിന്നു.
മോളുണരുമ്പോൾ അവൾ 'വെശക്കുണൂ.. എന്തെങ്കിലും തിന്നാൻ താ അമ്മേ ' എന്നും പറഞ്ഞാണ് വരിക. എന്താപ്പോ ഞാൻ കൊടുക്കാ? ഉണ്ടായിരുന്ന ബിസ്ക്കറ്റുപോലും ഇന്നലെ തീർന്നു. കടയിൽപോയി വാങ്ങുവാനാണെങ്കിൽ പത്തുരൂപപോലും കൈയ്യിലില്ല. മാത്രമല്ല, കടക്കാരന് കഴിഞ്ഞ രണ്ടാഴ്ചയായി വാങ്ങിയ സാധനങ്ങളുടെ കാശ് ഇതുവരെ കൊടുത്തിട്ടില്ല. കാശുകൊടുക്കാതെ അയാളുടെ കടയിൽനിന്നും സാധനങ്ങൾ ചോദിച്ചാലും നൽകുവാൻ അയാൾ തയ്യാറാണ്. പകരം അയാൾക്ക് അന്തിക്കൂട്ടിന് ഇടം കൊടുക്കണംപോലും. ഭാര്യയും കെട്ടിക്കാറായ മൂന്നു പെൺമക്കളുമുള്ള ആ വൃത്തികെട്ടവന്റെ നോട്ടവും വാക്കുകളും ആലോചിക്കുമ്പോൾതന്നെ ശരീരം വിറക്കുന്നു.
'നീ എന്തിനാടീ പേടിക്കുന്നത്? നിനക്കാണെങ്കി കെട്ട്യോനുമില്ല. ഒരു കൊച്ചിനെ പള്ളേലാക്കി എറങ്ങിപ്പോയോനല്ലേ അവൻ? വർഷം അഞ്ചാറ് കഴിഞ്ഞില്ലേ? നീയൊന്നു മനസ്സുവെച്ചാ നിനക്കും മോൾക്കും ഒരു ബുദ്ധിമുട്ടുമില്ലാതെ ജീവിതകാലം മുഴുവൻ സുഖായി ജീവിക്കാം, വാടകേം തരണ്ട. '
മനസ്സിൽ വരുന്ന മറുപടി അയാളോട് പറയാറില്ല. കാരണം ഈ വാടകവീട്ടിൽനിന്നും ഇറങ്ങിയാൽ പിന്നെ എങ്ങോട്ടുപോകുമെന്ന് ഒരെത്തുംപിടിയുമില്ല. അയാൾക്ക് തന്നോട് ഒരു താല്പര്യമുള്ളതിനാൽ മറ്റു ശല്യക്കാരാരും ഇങ്ങോട്ടുവരാതെ അയാൾ നോക്കിക്കൊള്ളും. ഇല്ലായിരുന്നുവെങ്കിൽ ഈ പ്രായത്തിൽ ഒരാൺതുണയില്ലാതെ ഈ വാടകവീട്ടിൽ താൻ.....
എല്ലാം തന്റെ തെറ്റുതന്നെ. ഊരും പേരുമറിയാത്ത ഒരു തമിഴന്റെകൂടെ സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ച് കൗമാരത്തിന്റെ ചോരത്തിളപ്പിൽ ശരിയും തെറ്റും ചിന്തിക്കാതെ ഇറങ്ങി പുറപ്പെട്ടതാണ്.
സ്വന്തം വീടെന്നു പറഞ്ഞാണ് ഇവിടേക്ക് കൊണ്ടുവന്നത്. ഒരു വർഷം കഴിഞ്ഞ് തന്റെ ശരീരത്തിൽ ആകെക്കൂടി ഉണ്ടായിരുന്ന കുറച്ചു സ്വർണ്ണം ഓരോന്നായി ഊരിയെടുത്ത് പണയംവെച്ചും വിറ്റും അവസാനം ആരതിയെ എട്ടുമാസം വയറ്റിലുള്ളപ്പോൾ ഒരു ദിവസം പണിക്കു പോകുന്നു എന്നും പറഞ്ഞ് പോയതാണ്. പിന്നെ ഇതുവരെ തിരിച്ചു വന്നിട്ടില്ല. ഒരു കത്തോ ഫോൺവിളിയോ ഒന്നുമില്ല. ഇപ്പോൾ വർഷം ആറായി.
ഓരോ ദിവസവും ഉറങ്ങാതെ താൻ കാത്തുകിടക്കും. 'രേണൂ' എന്നും വിളിച്ചുകൊണ്ട് ശെൽവൻ വരുമെന്നുകരുതി!
നല്ലവളായ, ആ കടക്കാരൻ രാമേട്ടന്റെ ഭാര്യ ദേവകിചേച്ചിയാണ് തനിക്ക് എല്ലാ ധൈര്യവും തന്ന് ആത്മഹത്യയിൽനിന്നും തന്നെ പിന്തിരിപ്പിച്ച് ഇതുവരെ എത്തിച്ചത്. അവരുടെ വീട്ടിൽ അത്യാവശ്യം ചില ജോലികളൊക്കെ ചെയ്തുകൊടുക്കും. രാമേട്ടൻ തരുന്ന ശമ്പളം കൂടാതെ ദേവകിചേച്ചി പലവിധ സഹായങ്ങളും തനിക്ക് ചെയ്തുതരുന്നുണ്ട്. എന്നിട്ടും ഇന്നൊരു നല്ല ദിവസമായിട്ട് ഇവിടെ ഒന്നുമില്ലല്ലോ ഈശ്വരാ...!
രേണുക വേഗംതന്നെ അടുപ്പുകത്തിച്ച് കട്ടൻചായ തിളപ്പിക്കുവാൻ തുടങ്ങി. അരിപ്പാത്രത്തിൽനിന്നും റേഷനരി കുറച്ചെടുത്ത് ഓട്ടുകലത്തിലിട്ട് വറുക്കുവാനും തുടങ്ങി.
സാരമില്ല രാവിലെ ഇത് കൊടുക്കാം. കട തുറന്നു കഴിയുമ്പോൾ രാമേട്ടന്റെ കടയിൽനിന്നും നാണംകെട്ടിട്ടായാലും കുറച്ചെന്തെങ്കിലും വാങ്ങണം. ഇന്നലേക്കൂടി മോള് പറഞ്ഞതാ;
'അമ്മേ നാളെ എന്റെ പെറന്നാളല്ലേ. കഴിഞ്ഞ പെറന്നാളിന് അമ്മ പറഞ്ഞല്ലോ ഈ പെറന്നാളിന് പാൽപ്പിയസം ഇണ്ടാക്കിത്തരാന്ന്? നാളെ ഇനിക്ക് എന്തായാലും ഇണ്ടാക്കിത്തരണം.'
അതെ. കടയിൽനിന്ന് ഒരു പേക്കറ്റ് പായസക്കൂട്ട് വാങ്ങി എന്തുതന്നെയായാലും ഇത്തവണ മോൾക്ക് പായസം ഉണ്ടാക്കിക്കൊടുക്കണം. അതല്ലാതെ ഒരു പുതിയ ഉടുപ്പുപോലും മോൾക്ക് വാങ്ങിക്കൊടുക്കുവാനായില്ല തനിക്ക്.
'എല്ലാ കുട്ടികളും നല്ല ഭംഗിയുള്ള ഉടുപ്പും ഇട്ടോണ്ടാ പെറന്നാളിന് ഉസ്കൂളിൽ വരണത്. എനിക്ക് മാത്രം ഇല്ല.'
'മോള് വെഷമിക്കണ്ട. അടുത്ത പെറന്നാളിന് അമ്മ വാങ്ങിത്തരാട്ടോ.'
മിനിഞ്ഞാന്നും മോളോട് അതുതന്നെ പറഞ്ഞു.
ദേവകിച്ചേച്ചിയുടെ മൂത്തചേച്ചിയുടെ മോൾക്ക് ഒരു മോളുണ്ട്. ആ കുട്ടിക്ക് ആരതിയുടെ പ്രായമാണ്. അതിനാൽ ആ കുട്ടിയുടെ പഴയ ഉടുപ്പുകളൊക്കെ ചേച്ചി തന്റെ മോൾക്ക് കൊണ്ടുവന്നുതരുമായിരുന്നു. എന്നാലും പിറന്നാളായിട്ട് എങ്ങനെയാണ്...
മോളുടെ ചോദ്യത്തിന് ഉത്തരമില്ലാത്തതിനാലാണ് തന്റെ ഒരു പഴയ പട്ടുസാരി വെട്ടി ഇന്നലെതന്നെ ഒരു പാവാടയും ടോപ്പും തയ്പ്പിച്ചുവെച്ചത്.
കുളി കഴിഞ്ഞു വരുമ്പോൾ മോൾക്ക് അതുകൊടുക്കാം. ഏതായാലും കട തുറക്കുമ്പോൾ എന്തെങ്കിലും വാങ്ങിക്കൊണ്ടുകൊടുക്കണം. മോള് ചോദിക്കാറില്ലെങ്കിലും ഒരു ചെറിയ കേക്ക് വാങ്ങണം. മോൾക്ക് സന്തോഷമാവട്ടെ. കുറച്ചു മൈദകൂടി വാങ്ങി മുട്ടപ്പത്തിരി ഉണ്ടാക്കിക്കൊടുക്കാം.
ഇന്ന് സ്കൂൾ അവധിയായതിനാൽ മോള് കുറച്ചധികം സമയം ഉറങ്ങിക്കൊള്ളട്ടെ എന്നുകരുതി മന:പ്പൂർവ്വം വിളിക്കാതിരുന്നതാണ്. എഴുന്നേറ്റു കഴിഞ്ഞാൽ പല്ലുതേച്ചു കഴിഞ്ഞാൽ ഉടനെ അവൾക്ക് ചായയും കടിയും വേണം. കടി എന്തായാലും മതി പക്ഷേ എന്തെങ്കിലും വേണം. ഇല്ലെങ്കിൽ വാശിപിടിച്ചു കരയും. പിന്നെ അടിയും ബഹളവുമാവും. അപ്പോൾ മോള് കരഞ്ഞുകൊണ്ടു പറയും;
'അമ്മക്കെന്നോട് സ്നേഹല്ല്യാത്തോണ്ടാ തല്ലണത്. അച്ഛനും എന്നെ വേണ്ട. ഞാൻ എങ്ങോട്ടെങ്കിലും പൊക്കോളാം' എന്ന്.
അതു കേൾക്കുമ്പോൾ സങ്കടം തോന്നും. പാവം കുട്ടി. അതെന്തു പിഴച്ചു? എന്നിട്ടും ദൈവം ആ കുരുന്നിനെ ശിക്ഷിച്ചു. സംസാരിക്കുവാൻ കഴിയുമെങ്കിലും അവൾക്ക് കേൾവിശക്തിയില്ല. മറ്റുള്ളവരുടെ ചുണ്ടുകൾ അനങ്ങുന്നത് ശ്രദ്ധിച്ചാണ് അവൾ ഓരോന്നും മനസ്സിലാക്കുന്നത്.
'മോളേ എണീറ്റെ.. നേരം വെളുത്തിട്ട് കൊറേയായി. എണീറ്റ് പല്ലുതേച്ചു വേഗം വാ.'
രേണുക അടുക്കളയിൽ നിന്നുകൊണ്ടുതന്നെ വിളിച്ചുപറഞ്ഞുകൊണ്ട് മോളുടെ അടുത്തേക്കുചെന്ന് മോളെ കുലുക്കി വിളിച്ചു.
ആരതി മടിച്ചുമടിച്ചെഴുന്നേറ്റ് അടുക്കളയുടെ പുറത്ത് ഇറയത്തുവെച്ചിരുന്ന ബക്കറ്റിൽ നിന്നും ഒരു കപ്പുകൊണ്ട് വെള്ളമെടുത്ത് ഉമിക്കരിയുമെടുത്ത് പല്ലുതേക്കുവാൻ തുടങ്ങി.
രേണുക ഒരു സ്റ്റീൽ ഗ്ലാസ്സിൽ മോൾക്ക് ചായയും ഒരു ചെറിയ പാത്രത്തിൽ അരിപ്പാത്രത്തിൽനിന്നും വറുത്തതും എടുത്തുവെച്ചു.
'മോൾക്ക് അമ്മ ചായെടുത്ത് അടുക്കളേൽ വെച്ചിട്ടുണ്ട് ട്ടോ. പല്ലുതേച്ചുകഴിഞ്ഞ് അതെടുത്തു കുടിച്ചോ. അമ്മ കടയിൽ പോയി അപ്പണ്ടാക്കാൻ എന്തെങ്കിലും വാങ്ങി വേഗം വരാം. എന്നിട്ട് മോൾക്ക് പാൽപ്പായസോം പുതിയ ഉടുപ്പും കേൾക്കും ഒക്കെത്തരാട്ടോ.'
ആരതി സമ്മതിച്ചു.
വീടിന്റെ തൊട്ടപ്പുറത്ത് റോഡാണ്. അതിന്റെ അപ്പുറത്താണ് പീടിക. ആ കടയിൽനിന്നും നോക്കിയാൽ വീടുകാണാം. അതിനാൽ മോളെ തനിച്ചാക്കി രേണുക കടയിലേക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് ദേവകിച്ചേച്ചി അങ്ങോട്ടുവന്നത്.
'എന്താചേച്ചി രാവിലെ ഇങ്ങോട്ട്? ഞാൻ ഇവിടത്തെ പണികളൊക്കെ വേഗം തീർത്ത് പെട്ടെന്നുവരാം. ഇന്ന് മോളെ പെറന്നാളാണ്. അവൾക്ക് പാൽപ്പായസം ഇണ്ടാക്കിക്കൊടുക്കാമെന്ന് കഴിഞ്ഞ പെറന്നാളിന് പറഞ്ഞതാണ്. അതുകൊണ്ട് കടയിലേക്കൊന്നു പോണം. ഒരു കേക്കും വാങ്ങണം ചേച്ചി.'
'ആ.. പിറന്നാളായോണ്ടാ ഞാനും വന്നത്. ഏതായാലും നീ പായസം ഉണ്ടാക്കിക്കൊടുക്കണം. പക്ഷേ കേക്ക് വാങ്ങണ്ട. അത് ഞാൻ കൊണ്ടുവന്നിട്ടുണ്ട്. പിന്നെ ഒരു പുതിയ ഉടുപ്പും. അധികം വിലയുള്ളതൊന്നുമല്ല. രാമേട്ടൻ കാണാതെ ഞാൻ സൂക്ഷിച്ചുവെക്കുന്ന പൈസയിൽനിന്നും എടുത്ത് വാങ്ങിയതാ. നിന്റെ അവസ്ഥ എനിക്കറിയാവുന്നതല്ലേ.'
രേണുകക്ക് എന്തു പറയണമെന്ന് അറിയാത്തതുപോലെ. അവളുടെ കണ്ണുകളിൽനിന്നും ഭാരം താങ്ങാതെ നീർമണികൾ താഴേക്ക് അടർന്നുവീണു. ഗദ്ഗദത്തോടെ അവൾ ദേവകിച്ചേച്ചിയുടെ കൈകളിൽ കൂട്ടിപ്പിടിച്ചു. ദേവകി അവളുടെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു;
'എന്റെ മോളുടെ പ്രായേ ഉള്ളൂ നിനക്ക്. നിന്റെ വെഷമംകണ്ട് കണ്ണടക്കാൻ എനിക്കായില്ല. വെഷമിക്കണ്ട നിന്റെ അമ്മേപ്പോലെ കരുതിയാമതി.'
ദേവകിച്ചേച്ചി ആരതിയെ അരികിലേക്ക് വിളിച്ച് അവളെ എടുത്തുകൊണ്ടു പറഞ്ഞു;
'ഹാപ്പി ബെർത്ത്ഡേ ആരതിക്കുട്ടീ. '
അവർ ആ കുഞ്ഞിന്റെ കവിളിൽ ഒരു മുത്തം നൽകിക്കൊണ്ട് കൊണ്ടുവന്ന ഉടുപ്പും കേക്കും ആരതിക്കു നൽകി.
'മോള് ആ പൊതിയൊന്നു തൊറന്നു നോക്ക്യേ..മോൾക്ക് ഉടുപ്പ് ഇഷ്ടായോന്ന്.'
രേണുക പൊതിയഴിച്ച് ഉടുപ്പെടുത്ത് മോൾക്ക് കൊടുത്തു. സന്തോഷംകൊണ്ട് ആരതി തുള്ളിച്ചാടി. എന്തുപറയണം എന്നറിയാത്ത അവസ്ഥയിലായിരുന്നു അപ്പോഴും രേണുക.
ആരുമില്ലാത്തവർക്ക് ഈശ്വരൻ തുണയെന്ന് പണ്ട് ആരോ പറഞ്ഞത് സത്യമാണെന്ന് അവൾ തിരിച്ചറിഞ്ഞു. അപ്പോൾ ദേവകിച്ചേച്ചിക്ക് ദൈവത്തിന്റെ മുഖമാണെന്ന് അവൾക്കു തോന്നി.
***മണികണ്ഠൻ അണക്കത്തിൽ***

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot