Slider

ഞാനും അവളും

1
ഞാനും അവളും
കല്യാണം കഴിഞ്ഞിട്ട് ആഴ്ച ഒന്ന് കഴിഞ്ഞിട്ടും അവളുടെ മുഖത്തു യാതൊരു പ്രസന്നതയുമില്ലന്നു ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആദ്യമൊക്കെ ഒറ്റമകൾ ആയതു കൊണ്ട് അമ്മയെയും അച്ഛനെയും വിട്ടു വന്ന വിഷമം ആയിരിക്കും എന്ന് ഞാൻ ചിന്തിച്ചു. പക്ഷെ ഗാഢമായ ചിന്തയിലാണ് എപ്പോളുംഅവൾ എന്ന് ഞാൻ പിന്നീടാണ് ശ്രദ്ധിച്ചത്. രാത്രിയിൽ അവൾ ജനാലയ്ക്കരികിൽ നിന്ന് പുറത്തേക്കു നോക്കി കരയുന്നത് ഞാൻ കാണാറുണ്ട്. പക്ഷെ ചോദിക്കാനൊരു മടി. വീട്ടിൽ അമ്മയ്ക്കും ഏട്ടത്തിക്കുമൊപ്പം അടുക്കളജോലികൾ ചെയ്യാനും എല്ലാവരുടെയും താല്പര്യങ്ങൾക്കനുസരിച്ചു ജീവിതം ചിട്ടപ്പെടുത്താനുമവൾ പഠിച്ചു. പക്ഷെ ആ കണ്ണിൽ തിളക്കമില്ലാത്തതു ഞാനെ കണ്ടുള്ളു.
"പഠിച്ചു കൊണ്ടിരുന്ന കുട്ടിയാണ്. ജാതകദോഷം കൊണ്ടാണ് അവരിത്ര വേഗം കല്യാണം നടത്തുന്നത് "
ബ്രോക്കർ പറഞ്ഞത് ഞാൻ ഓർത്തു. വീണ്ടും പഠിപ്പിക്കണമെന്ന് അവളുടെ വീട്ടുകാർ ആവശ്യപ്പെട്ടതുമില്ല.
മുറിയിലേക്കവൾ വന്നു ഊണ് കാലമായിട്ടുണ്ടെന്നു പറഞ്ഞപ്പോൾ ഞാനാ കൈ പിടിച്ചുനിർത്തി.
"എന്താ? "എന്ന നിഷ്കളങ്ക ചോദ്യം കണ്ണിൽ. ശരിയാണ്. ചെറിയ കുട്ടിയാണ്. അവളോടപ്പോൾ വല്ലാത്ത വാത്സല്യം ആണ് തോന്നിയത്. മുടിയിൽ മെല്ലെ തലോടി ചേർത്തു പിടിച്ചു ആ കണ്ണിലേക്കു നോക്കുമ്പോളും അതെ നിഷ്കളങ്ക ഭാവം.
"എന്നെ ഇഷ്ടമല്ലേ?
മെല്ലെ ചോദിച്ചു
"അവൾ തലയാട്ടി.
"പിന്നെയെന്താ സങ്കടം? "
അവൾ നിറഞ്ഞ കണ്ണുകൾ താഴ്ത്തി. രണ്ടുകൈ കൊണ്ടും ആ മുഖം ഉയർത്തി ആ കണ്ണിലേക്കു നോക്കി. നിറഞ്ഞ പുഴ പോലെ.
"പറയ് "
"നിക്ക് പഠിക്കണം "അവൾ വിതുമ്പി കരഞ്ഞു. അവളെ നെഞ്ചോടു ചേർത്തു പിടിക്കുമ്പോൾ എനിക്കിഷ്ടം കൂടി. ഞാനൊരു കച്ചവടക്കാരനാണ്. പത്താം തരം കഴിഞ്ഞപ്പോൾ പഠിക്കാൻ മോശമായത് കൊണ്ട് തന്നെയാണ് പഠിപ്പു നിർത്തി കച്ചവടം തുടങ്ങിയത്. പക്ഷെ അവൾക്കു പഠിക്കണമെങ്കിൽ സന്തോഷത്തോടെ ഞാനതു അനുവദിക്കും.
പഠിപ്പിക്കാം എന്ന് പറഞ്ഞപ്പോളും ആ മുഖം പൂർണമായും തെളിഞ്ഞിരുന്നില്ല.
"ഇനിയുമുണ്ടോ സങ്കടങ്ങൾ? "ഞാൻ അവളെ ചേർത്തു പിടിച്ചു
അവൾ മെല്ലെ പറഞ്ഞുതുടങ്ങി. അവളുടെ അച്ഛന് ഹൃദയത്തിനു തകരാർ ഉണ്ട് അമ്മ ഒരു സാധു ആണ്. രാത്രിയിലൊക്ക വേദന വരുമ്പോൾ അവളാണ് ആശുപത്രിയിൽ കൊണ്ടു പോകാറുള്ളത്
"നിനക്ക് ഡ്രൈവിംഗ് അറിയുമോ? ഞാൻ അത്ഭുതത്തോടെ ചോദിച്ചു പോയി.
പേഴ്സിൽ നിന്ന് ലൈസൻസ് എടുത്തു നീട്ടി അവൾ. എനിക്കെന്റെ ഭാര്യയോട് തെല്ല് ബഹുമാനം തോന്നിയ നിമിഷം ആയിരുന്നത്. കാരണം എനിക്ക് ഡ്രൈവിംഗ് അറിയുമായിരുന്നില്ല.
കല്യാണം കഴിഞ്ഞു ഒരു പെൺകുട്ടി സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ചു താലി കെട്ടിയ ആളിന്റെ പക്കൽ തന്നെ തന്നെ സമർപ്പിച്ചു ജീവിക്കുമ്പോൾ ആണൊരുത്തൻ അവളുടെ മനസ്സ് കാണണ്ടേ? വീട്ടിൽ ഏതു നേരവും നിലച്ചു പോയേക്കാവുന്ന ഹൃദയവുമായി സ്വന്തം അച്ഛൻ ജീവിക്കുന്ന ഓർമയിൽ അവൾക്കെങ്ങനെ എന്റെ നല്ല ഭാര്യയാകാൻ പറ്റും? ആചാരങ്ങളും അനുഷ്ടാനങ്ങളുമൊക്കെ മനുഷ്യൻ അവന്റെ സൗകര്യത്തിനു ഉണ്ടാക്കി വെച്ചിട്ടുള്ളതല്ലേ? ആണിന് മാത്രമല്ല പെണ്ണിനും കടമകൾ ഉണ്ട്. എന്റെ വീട്ടിൽ ഏട്ടനുണ്ട്. ഞാനൊന്നു മാറി നിന്നാലും ഇവിടെ ഒന്നും സംഭവിക്കില്ല
അച്ഛനുൾപ്പെടെ എല്ലാവരും എതിർത്തപ്പോൾ അമ്മ ഞങ്ങൾക്കൊപ്പം നിന്നു. സ്വന്തം അച്ഛൻ മരിക്കുന്ന സമയത്തു അരികിലെത്താൻ അരികിലെത്താൻ സാധിക്കാഞ്ഞ വേദന അമ്മയിലിന്നുമുണ്ട്
ഇറങ്ങാൻ തുടങ്ങിയപ്പോൾ അവൾ അച്ഛന്റെയും അമ്മയുടെയും കാൽ തൊട്ടു കണ്ണിൽ വെച്ചു
"ഒരു വിളിക്കപ്പുറം ഞാനുണ്ട് "
അവൾ മൗനമായി പറഞ്ഞു
ഇന്നവളുടെ നക്ഷത്രക്കണ്ണുകൾക്കു തിളക്കമുണ്ട്. അവളുടെ ചുണ്ടിലൊരു ചിരി മായാതെ നില്പുണ്ട്.
അവളെന്നോടാവശ്യപ്പെട്ടതു പഠിക്കണം എന്ന് മാത്രം ആയിരുന്നു. അച്ഛനും അമ്മയും തനിച്ചായിപ്പോയി എന്നതവളുടെ വേദനയായിരുന്നു. ആ വേദന മനസ്സിലാക്കാതെയിരുന്നാൽ ഞാൻ എങ്ങനെ ആണ് നല്ല ഭർത്താവ് ആകുക?
എനിക്കു ഭാര്യയായി വെറുമൊരു പെണ്ണിനെ വേണ്ട. എനിക്ക് വേണ്ടത് നല്ല ഒരു സുഹൃത്തിനെ, അല്ലെങ്കിൽ ഞാൻ കണ്ണടയുന്ന നാളിൽ എന്റെ നെഞ്ചിൽ വീണു മരിക്കാൻ തക്കവണ്ണം പ്രണയമുള്ള ഒരു കാമുകിയെ.. എനിക്ക് ഓമനിക്കാൻ ഒരു കുഞ്ഞിനെ.. എല്ലാമായിരിക്കണം എന്റെ ഭാര്യ. അതവൾക്കും തോന്നിക്കണമെങ്കിൽ ഞാൻ അവളുടെ കണ്ണീരൊപ്പുന്ന പുരുഷൻ ആകണം. ഇതൊരു പാഠപുസ്തകത്തിൽ നിന്നും ഞാൻ പഠിച്ച പാഠമല്ല. ചുറ്റും നടക്കുന്ന ജീവിതങ്ങളിൽ നിന്ന് ഞാൻ നേടിയെടുത്ത അറിവാണ്
ഇന്ന് എന്നിലേക്ക്‌ നീളുന്ന അവളുടെ കണ്ണുകളിൽ തീ പോലെ ആളുന്ന പ്രണയം ഉണ്ട്. സന്തോഷം ഉണ്ട്. എനിക്കതു മതി.

Ammu
1
( Hide )
  1. നല്ലൊരു രചന അഭിനന്തനകൾ

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo