Showing posts with label ChithraShine. Show all posts
Showing posts with label ChithraShine. Show all posts

ആലിപ്പഴത്തിന് മധുരമുണ്ടോ?

നാട്ടിലേയ്ക്ക്  വിളിക്കുമ്പോൾ എല്ലാവർക്കും   മഴയുടെ വിശേഷങ്ങളേ പറയാനുള്ളൂ !  മഴയെക്കുറിച്ചു  കേൾക്കുമ്പോഴൊക്കെ  പണ്ടൊക്കെ തുള്ളിക്കൊരു കുടം പോലെ പെയ്തിരുന്ന  തോരാ മഴയെക്കുറിച്ചുള്ള നനുത്ത  ഓർമ്മകൾ   മനസ്സിലേയ്ക്ക്  പതിയെ കടന്നുവരും.

 ജൂണിലെ മഴയും സ്കൂൾ തുറപ്പും പുത്തനുടുപ്പും നീല നിറമുള്ള പാരഗണിന്റെ ചെരിപ്പും നീണ്ട നാടൻ കുടയും....എട്ടാം ക്ലാസ്സിലെ ആദ്യദിവസം, നല്ല മഴ,  അച്ഛനോടൊപ്പം കുടയും ചൂടി പുതിയ  സ്കൂളിലേയ്ക്ക് (പരുത്തി സ്കൂൾ ) വയൽ വാരം നടന്നു പോയത്  ഒരു നിറമുള്ള  ചിത്രമായി ഇപ്പോഴും  മനസ്സിലുണ്ട്.അച്ഛനും അതേ സ്കൂളിലെ അധ്യാപകനായിരുന്നു.

 ചെരുപ്പിട്ട് മഴവെള്ളത്തിലൂടെ നടക്കുമ്പോൾ നീളൻപാവാട നിറയെ ചെളിവെള്ളം തെറിച്ചുവീണു നിറയുന്ന  പുള്ളിക്കുത്തുകൾ.മഴവെള്ളത്തിൽ ആഞ്ഞുചവിട്ടി പാവാട നിറയെ ചെളിക്കുത്തുകളാക്കാൻ അന്നെന്തിഷ്ടമായിരുന്നെന്നോ !  മഴ നിറുത്താതെ പെയ്യുമ്പോൾ അന്തരീക്ഷം നന്നായി തണുക്കും.ആ സമയത്ത്  പടർപ്പൻ പുല്ലിന്റെ പുറത്തേയ്ക്ക് നീണ്ട വേരുകളിൽ സുറുമ(തണുത്തുറഞ്ഞ വെള്ളത്തുള്ളി ) കാണും. അതു പൊട്ടിച്ചു കണ്ണിലെഴുതി  കണ്ണു കുളിർപ്പിക്കുന്നത് അന്നെത്രയോ    സന്തോഷമുള്ള കാര്യമായിരുന്നു..ഒരിക്കൽ ഒരു മഴക്കാലത്ത് സ്കൂളിൽ നിന്നും മടങ്ങും വഴി  പാടവരമ്പിനരികിലെ താഴം പൂ മരത്തിൽ. നിന്നും പൂവ് പൊട്ടിക്കാൻ ശ്രമിച്ചു. പുസ്തകങ്ങൾ എല്ലാം നനഞ്ഞു കുതിർന്നു എന്നുമാത്രമല്ല പുതിയ ഹീറോ പേന എവിടെയോ നഷ്ടപ്പെടുകയും ചെയ്തു. പൂവ് കിട്ടിയോ അതൊട്ടില്ല താനും. ഒന്നും മറക്കാൻ കഴിയില്ല. എല്ലാം സന്തോഷം പകരുന്ന നല്ല ഓർമ്മകൾ മാത്രം.

എന്റെ ഓർമ്മയിലുള്ള  ഒരു കുഞ്ഞു സംഭവം കൂടി  ഞാനിവിടെ പങ്കുവെയ്ക്കാം.അത്ര വല്യകാര്യമൊന്നും അല്ലാട്ടോ ! ഒരു ഇടവപ്പാതി ക്കാലം, രണ്ടു മൂന്നു ദിവസമായി മഴ കോരിച്ചൊരിയുകയാണ്. സിനിമാ സ്റ്റൈലിൽ പറയുകയാണെങ്കിൽ ഒരു പെരുമഴക്കാലം. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. അങ്ങനെയുള്ള ഒരു ദിവസം ഏതാണ്ട്  വൈകുന്നേരമായി, അന്ന് ഞങ്ങളുടെ വീടിന്റെ പുറകുഭാഗം ഓടിട്ടതായിരുന്നു. മഴ പെയ്യുന്നുണ്ട്, കൂടെ" ചടപടാ "എന്നുള്ള ശബ്ദവും. ആരോ കല്ലെടുത്ത് എറിയുംപോലെ. പെട്ടെന്ന് അച്ഛൻ വിളിക്കുന്ന ശബ്ദം കേട്ടു. വാ! വാ ! ആലിപ്പഴം വീഴുന്നൂ ! കേട്ടപാതി കേൾക്കാത്ത പാതി മുറ്റത്തേയ്ക്ക് ഒറ്റ ഓട്ടമായിരുന്നു. മുറ്റം നിറയെ പടപടാ ന്നുള്ള  ശബ്ദത്തിൽ ആലിപ്പഴം   വീഴുന്നുണ്ട്.കുറെയൊക്ക എന്റെ തലയിലും വീണു.  മുറ്റത്തെത്തിയതും  കയ്യിൽക്കിട്ടിയ  ഒരെണ്ണം എടുത്തു ഞാൻ  വായിലിട്ടു. ആലിപ്പഴമല്ലേ ,  മധുരം കാണുമല്ലോ ! അങ്ങനെയായിരുന്നു അതുവരെയുള്ള എന്റെ വിചാരം.  മൈ ഡിയർ കുട്ടിച്ചാത്തനിലെ "ആലിപ്പഴം പെറുക്കാം പീലിക്കുട നിവർത്തി"യെന്ന പാട്ടൊക്കെ മൂളി നടക്കുന്ന കാലമാണ്. എന്തായാലും മണ്ടൻ വിചാരങ്ങൾക്കൊക്കെ ഒരു അവസാനമായി. പിന്നീടുള്ള  ക്ലാസ്സുകളിൽ സയൻസ് പഠിച്ചപ്പോഴല്ലേ കാര്യങ്ങളൊക്കെ ശരിയായ രീതിയിൽ തലയിലേയ്ക്ക് കയറിയത്.  എന്നാലും ആലിപ്പഴമെന്നു കേൾക്കുമ്പോൾ ഇപ്പോഴും  മധുരമൂറുന്ന  ഒരു പഴത്തിന്റെ ഓർമ്മ തന്നെയാണ് മനസ്സിലേയ്ക്ക് കടന്നു വരുന്നത്. 
പിന്നേ, ഞാനൊന്നു ചോദിച്ചോട്ടെ, ഒരുകൊച്ചുചോദ്യം, എന്നാലുംആരായിരിക്കും ഈ മഞ്ഞുകട്ടയ്ക്ക്  ആലിപ്പഴമെന്ന ഇത്രയും  മനോഹരമായ മധുരതരമായ പേരിട്ട് ആദ്യം  വിളിച്ചിട്ടുണ്ടാവുക ?

ചിത്ര ഷൈൻ 

മസ്കറ്റിലെ ഒരു കുഞ്ഞു കഥ

ഇന്ന്‌  മസ്കറ്റിൽ നടന്ന ഒരു കുഞ്ഞു കഥ പറയാം. കുറേ വർഷങ്ങൾക്കുമുൻപ് അതായത് രണ്ടായിരത്തി രണ്ടിൽ ഞങ്ങൾ താമസിച്ചിരുന്നത് മസ്കറ്റിനടുത്തുള്ള അസൈബ എന്ന സ്ഥലത്തായിരുന്നു. ഞങ്ങളുടെ വീടിന് തൊട്ടടുത്തായിത്തന്നെ മറ്റൊരു വീടും ഉണ്ടായിരുന്നു.  നല്ല ഉയരമുള്ള മതിലും ഗേറ്റുമൊക്കെയുള്ള ഒരുഗ്രൻ വീട്. ഒരു സ്വദേശി (ഒമാനി ) കുടുംബമാണ് അവിടെ താമസിച്ചിരുന്നത്. മതിലിന്റെ ഉയരം കാരണം ഞങ്ങൾക്ക് അവിടെയുള്ള ആളുകളെയൊന്നും  കാണാൻ കഴിയുമായിരുന്നില്ല.  പക്ഷേ,കുട്ടികളുടെചിരിയുംബഹളവുമൊക്കെ നന്നായി കേൾക്കാമായിരുന്നു. ഒരു ദിവസം ഉച്ചയ്ക്കു ശേഷം ഞാൻ അടുക്കളയിൽ കുറച്ചു തിരക്കിലായിരുന്നു.  ആരോ വിളിയ്ക്കുന്നതു  പോലെ എനിയ്ക്ക് തോന്നി. ഒന്നു കൂടി ശ്രദ്ധിച്ചപ്പോൾ മതിലിനപ്പുറത്തുനിന്നുമാണ്,  ഒരു സ്ത്രീ ശബ്ദം "ഏയ്‌ ഇന്ത്യൻ, ഇന്ത്യൻ" എന്നാണ് അവർ വിളിക്കുന്നത്‌. ഞാൻ കുറച്ചു ശബ്ദം കൂട്ടി "ഏയ്‌ ഹലോ "എന്നു പറഞ്ഞു. "ഇന്ത്യൻ" അവർ തിരിച്ചു ചോദിച്ചു. "ആ, ഇന്ത്യൻ" ഞാൻ പറഞ്ഞു. "കേരളം" അവർ വീണ്ടും. അതേ "കേരളം, മലയാളി "എന്നു ഞാനും. ഇതു കേട്ടതും പിന്നെ  വാക്കുകളുടെ ഒരു ഒഴുക്കുതന്നെയായിരുന്നു .രണ്ടു ദിവസമായി  നാട്ടിൽ നിന്നും വന്നിട്ട്,  ആഹാരമൊന്നും കഴിച്ചിട്ടില്ല, ചായ മാത്രമേ കുടിച്ചിട്ടുള്ളൂ, വിശന്നിട്ടു വയ്യ, എനിക്ക് ഭാഷയൊന്നും അറിയില്ല, ഇവർചോദിക്കുന്നതും  പറയുന്നതുമൊന്നും എനിക്ക്  മനസ്സിലാകുന്നില്ല, ഇവരുടെ ആഹാരവും കഴിക്കാൻ പറ്റുന്നില്ല,  കുട്ടികളെ നോക്കാനായികൊണ്ടു വന്നതാണ്.
ഒറ്റ ശ്വാസത്തിൽ അവർ പറഞ്ഞുതീർത്തു. അതു  കേട്ടപാടേ  ഞാൻ ചോദിച്ചു, ആഹാരം തരട്ടേ, ചോറുണ്ട് കുറച്ചു  കറികളും. "വേണം വേണം, തന്നോളൂ "അവർ പെട്ടെന്ന് പറഞ്ഞു. അവരോട് അവിടെത്തന്നെ നിൽക്കാൻ പറഞ്ഞ് ഞാൻ വേഗം ഒരു അലുമിനിയം ഫോയിൽ പേപ്പറിൽ ചോറും കറികളും പൊതിഞ്ഞു മതിലിനരികിലെത്തി,  എങ്ങിനെയോ ഏന്തിവലിഞ്ഞു ചോറുപൊതി  മതിലിനു മുകളിൽ വെച്ചു, എന്നിട്ട് വിളിച്ചു.ശരി, കാണാമേ, എന്നു പറഞ്ഞു  അവർ ആഹാരം എടുത്തുകൊണ്ടുപോയി.  പിന്നെ കുറച്ചു ദിവസത്തേയ്ക്ക്  പുള്ളിക്കാരിയെക്കുറിച്ച് ഒരു വിവരവും  ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരുദിവസം ഞാൻ അടുക്കളയിൽ  നിൽക്കുമ്പോൾ "ചേച്ചീ 'എന്നുള്ള ഒരു വിളി മതിലിനപ്പുറത്തുനിന്നും കേട്ടു. ആ "ചേച്ചീ" വിളിയിൽ ഒരു ചെറിയ സന്തോഷം, അത് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞു .  അവർ പറഞ്ഞു തുടങ്ങി. എന്നെ ഇവിടുത്തെ മാഡവും അറബാബും കൂടി അടുത്തുള്ള മലയാളിക്കടയിൽ (സദാനന്ദൻ ചേട്ടന്റെ കട. അന്നൊക്കെ ധാരാളം മലയാളികൾ  സൂപ്പർ മാർക്കറ്റുകൾ നടത്തിയിരുന്നു ) കൊണ്ടുപോയി ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങിത്തന്നു. മട്ടയരിയും വെളിച്ചെണ്ണയും പച്ചക്കറിയും മീനും തൈരും  മസാലകളും എല്ലാം. ഞാനിപ്പോൾ ആഹാരം വച്ചു കഴിക്കാൻ തുടങ്ങി. ഈ വീട്ടുകാർ നല്ല ആൾക്കാരാണ്. എനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല. അവർ പറഞ്ഞു നിറുത്തി. ആൾ നല്ല ഹാപ്പിയാണ് .  എനിക്കും ഒരുപാടു സന്തോഷം തോന്നി. അങ്ങനെ മാസങ്ങൾ കടന്നുപോയി........ 
ഒരു വ്യാഴാഴ്ച രാത്രി, ഒരു മണി യായിക്കാണും. പിറ്റേന്ന് വെള്ളിയാഴ്ച അവധിയായതുകൊണ്ടു രാത്രി ആഹാരം കഴിക്കുന്നതൊക്കെ താമസിച്ചായിരിക്കും. ഞങ്ങൾ അത്താഴം കഴിച്ചു, ഞാൻ  കുറച്ചു പാത്രം കഴുകലൊക്കയായി  അടുക്കളയിലുണ്ട്.  ഷൈനണ്ണനും വർത്തമാനം പറഞ്ഞ് കൂടെയുണ്ട്. മതിലിനപ്പുറത്തുനിന്നും കുട്ടികളുടെ ബഹളം കേൾക്കാം. അവർ ഏതോ കളിയുടെ ഉത്സാഹത്തിമിർപ്പിലാണ്.  അതിനിടയിലൂടെ  നല്ല പരിചിതമായ ഒരു ശബ്ദവും: "പാതിരാത്രിയായാലും ഈ കുരുത്തം കെട്ടതുങ്ങൾക്കൊന്നും  ഉറക്കവുമില്ലേ..... പോയിക്കിടന്ന് ഉറങ്ങിനെടാ കുട്ടിച്ചാത്തന്മാരേ...." അതേ, അത്  മറ്റാരുമല്ല,  നമ്മുടെ "ഇന്ത്യനാണ്." അറബിക്കുട്ടികളോടാണ് ,  അതും പച്ച മലയാളത്തിൽ, കുട്ടികൾ മലയാളം പഠിച്ചു കാണുമോ  എന്തോ, ഇല്ലെങ്കിൽ നമ്മുടെ "ഇന്ത്യൻ"അവരെ പഠിപ്പിച്ചു കാണുമായിരിക്കും അല്ലേ?

ഒരു മാമ്പഴക്കാലത്തിന്റെ ഓർമ്മയ്ക്ക് (അനുഭവകഥ )

ശ്രീ. എ. പി. ഉദയഭാനുവിന്റെ കൊച്ചുചക്കരച്ചി എന്ന കഥ വായിച്ചിട്ടുണ്ടോ? കുട്ടിക്കാലത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് ആ കഥ. നമുക്കും കാണില്ലേ അങ്ങനെയുള്ള  കുറേ നല്ല  ഓർമ്മകളുംസന്തോഷങ്ങളുമൊക്കെ?    എന്റെ അച്ഛന്റെ തറവാട്ടിൽ ധാരാളം മാവുകളും പ്ലാവുകളും ഒക്കെ ഉണ്ടായിരുന്നു.  ഓരോ പ്ലാവിനും ഓരോ പേരുണ്ടായിരുന്നു. ചവിണിച്ചി, മുണ്ടച്ചി എന്നിങ്ങനെ. ചവിണി കൂടുതൽ ഉള്ളതുകൊണ്ടാണ് ചവിണിച്ചി എന്ന് വിളിച്ചിരുന്നത്. മുണ്ടച്ചിയിലെ   ചക്കകൾ പേരുപോലെ തന്നെ ഗുണ്ടുമണികളും. തേനൂറുന്ന വരിക്ക ചക്ക പ്ലാവുകളും  അവിടെ ഉണ്ടായിരുന്നു. മാവുകളാണെങ്കിൽ പറയാനില്ല  എത്രവിധം. കോമാവും താളിയും കർപ്പൂരമാവും കിളിച്ചുണ്ടനും ഒക്കെക്കൂടി ഒരു മേളം തന്നെയായിരുന്നു. കർപ്പൂരമാങ്ങ വിളഞ്ഞുകഴിഞ്ഞാൽ എന്റെ അച്ഛമ്മ കച്ചിലിൽ പൊതിഞ്ഞു പഴുപ്പിക്കാൻ വെക്കുമായിരുന്നു. അതിലൊരു പങ്ക് ഞങ്ങൾക്കും കിട്ടും. ആ മാമ്പഴത്തിന്റെ രുചി ഇന്നും നാവിലുണ്ട്. വേനലവധിക്ക് സ്കൂൾ പൂട്ടിയാൽ പിന്നെ മാങ്ങാക്കാലമല്ലേ, ഉണ്ണിമാങ്ങാപ്പരുവം മുതലേ  കഴിച്ചു തുടങ്ങും. 
ഇതു പറയുമ്പോൾ താഴത്തെ അച്ഛമ്മയെ ഓർക്കാതിരിക്കാൻ കഴിയില്ല. (എന്റെ അച്ഛന്റെ മൂത്തേമ്മ ).താഴത്തെ അച്ഛമ്മ  കോമാവിലെ ഉണ്ണിമാങ്ങകൾ എല്ലാം പെറുക്കി എനിക്ക് കൊണ്ടുവന്നു തരുമായിരുന്നു. അങ്ങനെ എത്രയെത്ര സുന്ദരമായ ഓർമ്മകൾ. എന്റെ വീട്ടിൽ അന്ന് കൂടുതലും കിളിച്ചുണ്ടൻ മാവുകളായിരുന്നു ഉണ്ടായിരുന്നത്. പഴുത്തു കഴിഞ്ഞാൽ ഇത്രയും സ്വാദുള്ള മാമ്പഴം വേറെയില്ല ! പിന്നെ തൈ വാങ്ങി നട്ട ഒരു മാവ്. അത് പെട്ടെന്ന് കായ്ച്ചു തുടങ്ങി. പച്ചക്ക് ആ മാവിലെ മാങ്ങ  കഴിക്കാനേ പറ്റില്ലായിരുന്നു. അത്രയ്ക്കും പുളി. പൊട്ടിച്ചു വെച്ച് പഴുപ്പിച്ചാലും പുളി കാരണം കഴിക്കാൻ പറ്റില്ല. പക്ഷേ, മാവിൽ നിന്നു മാങ്ങ തനിയെ പഴുത്തു താഴെ വീഴും. ഒന്നും പറയണ്ട, എന്താ മധുരവും  രുചിയുമായിരുന്നു  ആ  മാമ്പഴത്തിന്. വേനലവധിക്ക് കുട്ടികൾ എല്ലാരും കാണും ആ  മാവിന്റെ ചുവട്ടിൽ. അജീഷും കൊച്ചുമോനും വർഷയും വരുണും ഞാനും ബാലുവും നിമിയും ബൈജുവും കുട്ടനും ഒക്കെ.... 
അമ്മയുടെ വീട്ടിലും ഉണ്ടായിരുന്നു മാവുകൾ. പടർന്നുപന്തലിച്ചു നിന്ന ഒരു കർപ്പൂരമാവ് ഇപ്പോഴും എന്റെ ഓർമയിലുണ്ട്. ആശാട്ടിമാവ് എന്ന വേറെ ഒരിനം മാവുമുണ്ട്. അതും രുചിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. 
ഇപ്പോൾ മാവുകളും പ്ലാവുകളും എല്ലാം റബ്ബറിന് വഴിമാറിക്കൊടുത്തു. കശുമാവിന്റെ കാര്യവും ഈ അവസരത്തിൽ പറയാതെ വയ്യ. എത്രയിനം പറങ്കിമാവുകൾ, വീവിധ നിറത്തിലും ആകൃതിയിലുമുള്ള പറങ്കി മാങ്ങകൾ. ചിലതൊക്കെ കഴിക്കാനും നല്ലതായിരുന്നു. ഇപ്പോൾ ഒന്നുമില്ല. എല്ലാം ഓർമ്മകൾ മാത്രം. ഇപ്പോഴും എന്റെ മനസ്സിൽ  മായാത്ത നൊമ്പരമായി ഒരു പ്ലാവ് ഉണ്ട്. ഇപ്പോൾ എന്റെ വീടിരിക്കുന്ന സ്ഥലത്താണ് ആ പ്ലാവ് നിന്നിരുന്നത്. അത് കൂഴ പ്ലാവ് ആയിരുന്നു. എന്നാലും നല്ല ചക്കയായിരുന്നു. പുഴുങ്ങി കഴിക്കാനായിരുന്നു കൂടുതൽ നല്ലത്. പഴുത്താലും നല്ല സ്വാദായിരുന്നു. മുറിച്ചു മാറ്റിയ ആ പ്ലാവിനു പകരം  അച്ഛൻ ഒരു പ്ലാവിന്റെ തൈ എന്റെ  വീടിന്റെ മുൻപിൽ നട്ടു. ഭാഗ്യവശാൽ അത് വരിക്കയായി.. ഇപ്പോൾ ഇഷ്ടം പോലെ ചക്ക കിട്ടുന്നുണ്ട്. വരിക്ക പ്ലാവിന്റെ കാര്യം പറഞ്ഞപ്പോൾ നമ്മുടെ മുണ്ടവരിക്കയുടെ കഥ പറയാതിരുന്നാലോ! വീടിന്റെ താഴെ തൊടിയിൽ ആദ്യമായൊരു പ്ലാവ് കായ്ച്ചു. അത് വരിക്കതന്നെയാണെന്ന് ഞങ്ങൾആദ്യമേ അങ്ങുറപ്പിച്ചു.  അച്ഛൻ പറഞ്ഞു, ആദ്യ ചക്കയല്ലേ, പ്ലാവിൽ നിന്നു തന്നെ പഴുക്കട്ടെ, അങ്ങനെയിരിക്കെ ഒരുദിവസം പഴുത്ത ചക്കയുടെ നല്ല മണമടിച്ചു.  പുതിയ ചക്കയല്ലേ, ഞങ്ങൾക്ക് ആവേശമായി, എല്ലാവരുടെയും സാന്നിധ്യത്തിൽ അച്ഛൻ ചക്ക അടത്തു. പിന്നെ കണ്ടത് ചക്ക പൊട്ടിച്ചിതറി താഴെ തേക്കുവിളമുതലാളിയുടെ റബ്ബർതോട്ടത്തിൽ പോയി വീഴുന്നതാണ്. നല്ല ഒന്നാം തരം ഉരുണ്ട  കൂഴച്ചക്ക. എങ്കിലും ഞങ്ങൾ ആ പ്ലാവിനെ മുണ്ടവരിക്ക എന്നുതന്നെയാണ് ഇപ്പോഴും വിളിക്കുന്നത്‌.  ഇത്രയും ചക്ക -മാങ്ങ പുരാണമൊക്കെ    വർണ്ണിച്ചെഴുതിയ  എനിക്ക് ഇത്തവണ ഒരു ചക്കച്ചുള പോലും കിട്ടീല എന്നതാണ് ദുഖകരമായ സത്യം. എന്തിനാ ഇത്രേമൊക്കെ വിഷമിക്കാനല്ലേ?  ഇനിയും വരും അടുത്തചക്കക്കാലവും മാമ്പഴക്കാലവുമെല്ലാം  നമുക്ക് അടിച്ചു പൊളിക്കാന്നേ!

ചിത്ര ഷൈൻ 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo