നാട്ടിലേയ്ക്ക് വിളിക്കുമ്പോൾ എല്ലാവർക്കും മഴയുടെ വിശേഷങ്ങളേ പറയാനുള്ളൂ ! മഴയെക്കുറിച്ചു കേൾക്കുമ്പോഴൊക്കെ പണ്ടൊക്കെ തുള്ളിക്കൊരു കുടം പോലെ പെയ്തിരുന്ന തോരാ മഴയെക്കുറിച്ചുള്ള നനുത്ത ഓർമ്മകൾ മനസ്സിലേയ്ക്ക് പതിയെ കടന്നുവരും.
ജൂണിലെ മഴയും സ്കൂൾ തുറപ്പും പുത്തനുടുപ്പും നീല നിറമുള്ള പാരഗണിന്റെ ചെരിപ്പും നീണ്ട നാടൻ കുടയും....എട്ടാം ക്ലാസ്സിലെ ആദ്യദിവസം, നല്ല മഴ, അച്ഛനോടൊപ്പം കുടയും ചൂടി പുതിയ സ്കൂളിലേയ്ക്ക് (പരുത്തി സ്കൂൾ ) വയൽ വാരം നടന്നു പോയത് ഒരു നിറമുള്ള ചിത്രമായി ഇപ്പോഴും മനസ്സിലുണ്ട്.അച്ഛനും അതേ സ്കൂളിലെ അധ്യാപകനായിരുന്നു.
ചെരുപ്പിട്ട് മഴവെള്ളത്തിലൂടെ നടക്കുമ്പോൾ നീളൻപാവാട നിറയെ ചെളിവെള്ളം തെറിച്ചുവീണു നിറയുന്ന പുള്ളിക്കുത്തുകൾ.മഴവെള്ളത്തിൽ ആഞ്ഞുചവിട്ടി പാവാട നിറയെ ചെളിക്കുത്തുകളാക്കാൻ അന്നെന്തിഷ്ടമായിരുന്നെന്നോ ! മഴ നിറുത്താതെ പെയ്യുമ്പോൾ അന്തരീക്ഷം നന്നായി തണുക്കും.ആ സമയത്ത് പടർപ്പൻ പുല്ലിന്റെ പുറത്തേയ്ക്ക് നീണ്ട വേരുകളിൽ സുറുമ(തണുത്തുറഞ്ഞ വെള്ളത്തുള്ളി ) കാണും. അതു പൊട്ടിച്ചു കണ്ണിലെഴുതി കണ്ണു കുളിർപ്പിക്കുന്നത് അന്നെത്രയോ സന്തോഷമുള്ള കാര്യമായിരുന്നു..ഒരിക്കൽ ഒരു മഴക്കാലത്ത് സ്കൂളിൽ നിന്നും മടങ്ങും വഴി പാടവരമ്പിനരികിലെ താഴം പൂ മരത്തിൽ. നിന്നും പൂവ് പൊട്ടിക്കാൻ ശ്രമിച്ചു. പുസ്തകങ്ങൾ എല്ലാം നനഞ്ഞു കുതിർന്നു എന്നുമാത്രമല്ല പുതിയ ഹീറോ പേന എവിടെയോ നഷ്ടപ്പെടുകയും ചെയ്തു. പൂവ് കിട്ടിയോ അതൊട്ടില്ല താനും. ഒന്നും മറക്കാൻ കഴിയില്ല. എല്ലാം സന്തോഷം പകരുന്ന നല്ല ഓർമ്മകൾ മാത്രം.
എന്റെ ഓർമ്മയിലുള്ള ഒരു കുഞ്ഞു സംഭവം കൂടി ഞാനിവിടെ പങ്കുവെയ്ക്കാം.അത്ര വല്യകാര്യമൊന്നും അല്ലാട്ടോ ! ഒരു ഇടവപ്പാതി ക്കാലം, രണ്ടു മൂന്നു ദിവസമായി മഴ കോരിച്ചൊരിയുകയാണ്. സിനിമാ സ്റ്റൈലിൽ പറയുകയാണെങ്കിൽ ഒരു പെരുമഴക്കാലം. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. അങ്ങനെയുള്ള ഒരു ദിവസം ഏതാണ്ട് വൈകുന്നേരമായി, അന്ന് ഞങ്ങളുടെ വീടിന്റെ പുറകുഭാഗം ഓടിട്ടതായിരുന്നു. മഴ പെയ്യുന്നുണ്ട്, കൂടെ" ചടപടാ "എന്നുള്ള ശബ്ദവും. ആരോ കല്ലെടുത്ത് എറിയുംപോലെ. പെട്ടെന്ന് അച്ഛൻ വിളിക്കുന്ന ശബ്ദം കേട്ടു. വാ! വാ ! ആലിപ്പഴം വീഴുന്നൂ ! കേട്ടപാതി കേൾക്കാത്ത പാതി മുറ്റത്തേയ്ക്ക് ഒറ്റ ഓട്ടമായിരുന്നു. മുറ്റം നിറയെ പടപടാ ന്നുള്ള ശബ്ദത്തിൽ ആലിപ്പഴം വീഴുന്നുണ്ട്.കുറെയൊക്ക എന്റെ തലയിലും വീണു. മുറ്റത്തെത്തിയതും കയ്യിൽക്കിട്ടിയ ഒരെണ്ണം എടുത്തു ഞാൻ വായിലിട്ടു. ആലിപ്പഴമല്ലേ , മധുരം കാണുമല്ലോ ! അങ്ങനെയായിരുന്നു അതുവരെയുള്ള എന്റെ വിചാരം. മൈ ഡിയർ കുട്ടിച്ചാത്തനിലെ "ആലിപ്പഴം പെറുക്കാം പീലിക്കുട നിവർത്തി"യെന്ന പാട്ടൊക്കെ മൂളി നടക്കുന്ന കാലമാണ്. എന്തായാലും മണ്ടൻ വിചാരങ്ങൾക്കൊക്കെ ഒരു അവസാനമായി. പിന്നീടുള്ള ക്ലാസ്സുകളിൽ സയൻസ് പഠിച്ചപ്പോഴല്ലേ കാര്യങ്ങളൊക്കെ ശരിയായ രീതിയിൽ തലയിലേയ്ക്ക് കയറിയത്. എന്നാലും ആലിപ്പഴമെന്നു കേൾക്കുമ്പോൾ ഇപ്പോഴും മധുരമൂറുന്ന ഒരു പഴത്തിന്റെ ഓർമ്മ തന്നെയാണ് മനസ്സിലേയ്ക്ക് കടന്നു വരുന്നത്.
പിന്നേ, ഞാനൊന്നു ചോദിച്ചോട്ടെ, ഒരുകൊച്ചുചോദ്യം, എന്നാലുംആരായിരിക്കും ഈ മഞ്ഞുകട്ടയ്ക്ക് ആലിപ്പഴമെന്ന ഇത്രയും മനോഹരമായ മധുരതരമായ പേരിട്ട് ആദ്യം വിളിച്ചിട്ടുണ്ടാവുക ?
ചിത്ര ഷൈൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക