നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നീന


"കാലം അഖണ്ഡവും അവിച്ഛിന്നവുമാണെങ്കിലും അനുഭവം കൊണ്ട് മൂന്നായിത്തീരുന്നു . ഭൂതം വർത്തമാനം ഭാവി . ഭൂതത്തെ അപഗ്രഥിച്ചു വർത്തമാനത്തെ ക്രമപ്പെടുത്തി ഭാവിയെ സുഖകരമാക്കുകയാണ് വിശേഷ ബുദ്ധിയുള്ളവരുടെ കടമ . ആ ബോധമുണ്ടാക്കുവാനുള്ള പഠനമാണ് ചരിത്രം ."

പറഞ്ഞു നിർത്തിയതിനു ശേഷം എന്നത്തേയും പോലെ അയാൾ നീനയുടെ മുഖത്തേയ്ക്കു നോക്കി . കണ്ണൊന്നു ഇറുക്കിയടച്ചു തുറന്നു അവൾ അയാളോട് കുറച്ചു കൂടി ചേർന്നിരുന്നു . ഒരു കൈകൊണ്ടു അവളുടെ തലയിൽ തലോടിക്കൊണ്ടു അയാൾ തുടർന്നു .

"നിനക്കമുണ്ട് നീന ഒരു ചരിത്രം . ഒരു പക്ഷെ നിനക്കോ നിന്റെ പൂർവികാർക്കോ അറിവില്ലാത്ത ഒരു ചരിത്രം . എല്ലാവർക്കും ഇവിടെ ചരിത്രമുണ്ട് . സവർണർക്കും അവർണർക്കും എല്ലാ ജന്തു ജാലങ്ങൾക്കും . അരിസ്റ്റോട്ടിൽ പറഞ്ഞത് നീ കേട്ടിട്ടില്ലേ ഒരിക്കലും മാറാത്ത ഭൂതകാലത്തെ കുറിച്ചുള്ള പ്രസ്താവമാണ് ചരിത്രമെന്ന് , പക്ഷെ ഞാനതിൽ ഒന്ന് കൂടി കൂട്ടി ചേർക്കുന്നു . അത് രേഖപ്പെടുത്തുന്ന ആളുടെ ജീവിതവുമായി ബന്ധമില്ലായെങ്കിൽ മാത്രം. എന്നാലും ചരിത്രം ഒരിക്കലും ഇല്ലാതെയാകുന്നില്ല . ഒരാൾക്കും ഒരിക്കലും തിരുത്താനോ മാറ്റാനോ സാധിക്കാത്ത ഒരു ചരിത്രം സകല ജീവജാലങ്ങൾക്കുമുണ്ട് ."

നീന ഒന്ന് ചിരിച്ചതായി അയാൾക്ക് തോന്നി . മേശപ്പുറത്തിരുന്ന ,മദ്യം നിറഞ്ഞ ഗ്ലാസ് ഒറ്റ വലിക്കകത്താക്കി അയാൾ പുറം കൈകൊണ്ടു ചിറി തുടച്ചു .തല ഒരു വശത്തേയ്ക്ക് ഒടിച്ചിട്ടു അയാൾ സോഫായിലേക്കു വീണു . പാതിയും തുറന്ന വായിലൂടെ പുറത്തേയ്ക്കു തെറിച്ചു വീണ കൂർക്കംവലിയുടെ ശബ്ദം ഫ്ലാറ്റിന്റെ നാല് ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ചു. നീന ദേഹമാസകലം ഒന്ന് കുടഞ്ഞു , കൈകാലുകൾ മുന്നോട്ടും പിന്നോട്ടുമാക്കി മൂരി നിവർത്തി സോഫയുടെ അടിയിലേക്ക് നൂഴ്ന്നിറങ്ങി തന്റെ സ്ഥിരം കിടക്കയിൽ അഭയം പ്രാപിച്ചു .

സക്കറിയ നഗരത്തിലെ ഏറ്റവും പ്രസിദ്ധമായ ആർട്സ് കോളേജിലെ ചരിത്ര വിഭാഗം തലവനാണ് . നാഗരാതിർത്തിയിലുള്ള ഒരു വലിയ കെട്ടിട സമുച്ചയത്തിന്റെ ഏഴാമത്തെ നിലയിൽ ഒറ്റയ്ക്ക് താമസിക്കുന്നു . ചരിത്രം എന്ന വിഷയത്തെ ഒരുപാടു സ്നേഹിക്കുന്ന ഒരു മാതൃക അധ്യാപകൻ . ജോലിയോടുള്ള അമിതമായ പ്രതിബദ്ധത കാരണം ഭാര്യയും മകളും അയാളെ ഉപേക്ഷിച്ചു പോയിരുന്നു . അയാളെ സംബന്ധിച്ച് ചുറ്റും കാണുന്നതെല്ലാം ചരിത്രത്തെ ഭാഗമാണ് . ചുറ്റുമുള്ളവരൊക്കെ ചരിത്രകാരന്മാരും . പെണ്ണാലോചിച്ചു നടക്കുന്ന കാരണവന്മാർ മുതൽ വീട്ടിൽ വേറെ ആർക്കേലും ഈ രോഗം ഉണ്ടോ എന്ന് തിരക്കുന്ന ഡോക്ടറും ഈ കാറ് വാങ്ങിയിട്ട് എത്ര നാളായി എന്ന് ചോദിക്കുന്ന മെക്കാനിക്ക് വരെ ചരിത്രകാരനാണെന്നാണ് അയാളുടെ മതം . സർവം ചരിത്രമയം എന്നുള്ള അടിയുറച്ചു വിശ്വസിക്കുന്ന ഒരു യാഥാസ്ഥിതികൻ . ഒരു ദിവസത്തിന്റെ ഇരുപതോളം മണിക്കൂറുകൾ വായനക്കും പഠനത്തിനുമായി മാറ്റി വെയ്ക്കുന്നൊരു അസാധാരണ മനുഷ്യൻ .

കഴിഞ്ഞ എട്ടുമാസമായി അയാൾ നീണ്ട അവധിയെടുത്തു ഫ്ലാറ്റിൽ തന്നെ കഴിയുന്നു . ഒറ്റയ്ക്കാണ് താമസം എന്ന് പറയാൻ സാധിക്കില്ല . മൂന്നു മാസങ്ങൾക്കു മുൻപുള്ള ഒരു രാത്രിമഴയിൽ അയാളുടെ ഫ്ലാറ്റിൽ അഭയം തേടിയെത്തിയ ഒരു പെൺപൂച്ചയും അയാളോടൊപ്പമുണ്ട് . അവൾക്കു അയാളിട്ട പേരാണ് നീന . നീന എന്നവളെ വിളിക്കുമ്പോൾ അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കമുണ്ടാകും. സക്കറിയയുടെ ചുണ്ടുകളിൽ കടിച്ചു പിടിച്ചൊരു വിങ്ങലും . കഴിഞ്ഞ എട്ടു മാസത്തെ കാലയളവിൽ ഏകാന്തമായ തികച്ചും ഒറ്റപ്പെട്ട തന്റെ ജീവിതത്തിൽ അയാൾ സംസാരിച്ച ഒരേ ഒരു ജീവി നീന മാത്രമാണ് . ചരിത്ര പുസ്തകങ്ങൾ മാത്രം വായിച്ചിരുന്ന അയാളുടെ ഫ്ലാറ്റിൽ ഇപ്പോൾ ഇലക്ട്രോണിക്സിന്റെയും രസതന്ത്രത്തിന്റെയും നിറയെ പുസ്തകങ്ങൾ . സ്വീകരണ മുറിയിൽ നിറയെ പുസ്തകങ്ങളും ഒഴിഞ്ഞ മദ്യകുപ്പികളും പാതിയെരിഞ്ഞു തീർന്ന സിഗരറ്റ് കുറ്റികളും ചിതറി കിടക്കുന്നു . അയാളുടെ ഇരിപ്പും ഉറക്കവുമെല്ലാം സ്വീകരണ മുറിയിലെ സോഫയിൽ തന്നെയാണ് .സോഫയുടെ താഴെയായി തലയണ കൊണ്ട് നീനയ്ക്കും അയാളൊരു ബെഡ് ഉണ്ടാക്കിയിട്ടുണ്ട് . ചുവന്ന നിറമുള്ള സോഫയിൽ കറുത്ത നിറത്തിൽ അയാൾ കിടന്നു . ചരിത്രത്തെ സത്യമെന്നു വിശ്വസിച്ചു സ്നേഹിച്ചു തോറ്റു പോയൊരു ചരിത്രകാരനെ പോലെ .

മറ്റൊരു ദിവസത്തിന്റെ പകൽ എരിഞ്ഞടങ്ങിയ സമയം . അന്ന് രാവിലെ മുതൽ സക്കറിയ പരവശനായിരുന്നു . അയാൾ പതിവിലും അധികമായി മദ്യപിക്കുകയും സിഗരറ്റുകൾ പുകച്ചു തള്ളുകയും ചെയ്തു . സിഗരറ്റ് കത്തിച്ചു ആഞ്ഞു വലിക്കുമ്പോൾ പലപ്പോഴും കത്തുന്നത് അയാളാണെന്നാണ് തോന്നിയത് . കുറേ നാളുകൾക്കു ശേഷം ആ ഫ്ലാറ്റിന്റെ കോളിംഗ് ബെൽ മുഴുങ്ങുകയും നാലുപേർ അകത്തേയ്ക്കു പ്രവേശിക്കുകയും ചെയ്തു . സക്കറിയ എല്ലാവർക്കും ഹസ്തദാനം ചെയ്യുകയും സോഫയ്ക്ക് ചുറ്റുമുള്ള കസേരകളിൽ ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു . പതിവില്ലാതെ ആളനക്കവും ശബ്ദവും കേട്ടത് കൊണ്ടാകാം നീന അടുക്കള വാതിനപ്പുറത്തേയ്‌ക്ക്‌ സ്വയം ഒളിപ്പിച്ചു വെയ്ച്ചു . ഭയന്നതു പോലെയവൾ വിറയ്ക്കുന്നുണ്ടായിരുന്നു . ശരീരം മുഴുവൻ ഒളിപ്പിച്ചു കണ്ണുകളും ചെവികളും മാത്രമായ് നീന സ്വീകരണ മുറിയിലേക്ക് തുറന്നു വെച്ചു .

സ്വീകരണ മുറിയിൽ സ്വയം സൃഷ്‌ടിച്ച അകലത്തിൽ ഉപവിഷ്ടരായിരിക്കുന്ന അതിഥികളെ നീന സസൂക്ഷ്മം വീക്ഷിച്ചു . സക്കറിയയുടെ സമപ്രായക്കാർ . നാല് പേരിലും അവിടവിടെ നര വീണ വെളുത്ത താടി രോമങ്ങളും മുടിയും . മുറിയുടെ മധ്യഭാഗത്തായി ക്രമീകരിച്ചിരിക്കുന്ന സോഫായിൽ സക്കറിയ ഇരുന്നു . സക്കറിയുടെ വലതു വശത്തെ കസേരയിൽ ഇരിക്കുന്നയാൾ താടി നീട്ടി വളർത്തിയിരിക്കുന്നു അയാളെ നമുക്ക് താടിക്കാരൻ എന്ന് വിളിക്കാം. നല്ല ഉയരവും അധികം തടിക്കാത്ത ശരീര പ്രകൃതവും മെലിഞ്ഞ മുഖത്തിന് ചേരാത്ത വലിയ വട്ടകണ്ണടയും . സ്വയം വലിയ ബുദ്ധിമാൻ ആണെന്നുള്ള തെറ്റിധാരണയും ചുമന്നു നടക്കുന്നയാളാണെന്നു ഒറ്റ നോട്ടത്തിൽ മനസ്സിലാകും . രണ്ടാമത്തെയാൾക്കു അല്പം തടിയുണ്ട് . നീളം കുറവായതു കൊണ്ട് തന്നെ കാൽവിരലുകൾ തറയിൽ തൊട്ടു തൊട്ടില്ല എന്ന വിധത്തിലാണ് . തടിച്ച വിരലുകൾ ഒരു പ്രത്യേക ആകൃതിയിൽ ഒരു വശത്തേയ്ക്ക് വളഞ്ഞിരിക്കുന്നു . പിന്നിലോട്ടു ചാഞ്ഞിരിക്കുന്ന ആളുടെ പ്രത്യേകത തലയുടെ മുക്കാൽ ഭാഗവും അപഹരിച്ച കഷണ്ടിയാണ് . അയാളെ നമുക്ക് കഷണ്ടിക്കാരൻ എന്ന് വിളിക്കാം . മൂന്നാമത്തെയാൾക്കു ഇരുനിറമാണ് . കറുത്ത പാടുകൾ വീണ മുഖത്ത് ചെറുതല്ലാത്ത നരച്ച മീശ . ഉണ്ടക്കണ്ണുകൾക്കു ചുവന്ന നിറം . വല്ലാത്തൊരു ക്രൂരമുഖമാണ് അയാളുടേത് . ആരെയോ കൊല്ലാൻ പതിയിരിക്കും പോലെ ഇടക്കിടയ്ക്ക് അയാൾ ചുറ്റിനും സൂക്ഷ്മമായി വീക്ഷിക്കുണ്ടായിരുന്നു .മേൽചുണ്ട് മറച്ചു നാല് വശത്തേയ്ക്ക് വിരിഞ്ഞു നിൽക്കുന്ന മീശയോട് കൂടിയ അയാളെ നമുക്ക് മീശക്കാരൻ എന്നും വിളിക്കാം . ഇനി നാലാമത്തെയാൾ . മറ്റു മൂന്നുപേരിൽ നിന്നും കുറച്ചു കൂടി അകലം പാലിച്ചാണ് അയാളുടെ ഇരിപ്പ് . അർഹതയില്ലാത്ത എവിടെയോ എത്തിച്ചേർന്നൊരു അഗതിയെ പോലെ അയാൾ തന്നിലേക്ക് ചുരുങ്ങികൂടി ഇരിക്കുന്നു . ഇരുനിറത്തിൽ നിർജീവമായ കണ്ണുകളോട് കൂടിയ അയാളെ നമുക്ക് കറുമ്പൻ എന്ന് വിളിക്കാം . നാല് പേരുടെയും വാസ്തധാരണത്തിൽ നിന്നും കൈയ്യിലും കഴുത്തിലുമുള്ള സ്വർണത്തിന്റെ അളവിൽ നിന്നും വന്നിരിക്കുന്നത് സമൂഹത്തിലെ പ്രമാണികൾ എന്ന് വിളിക്കാൻ സാധിക്കുന്നവരാണ് സക്കറിയയുടെ ഇന്നത്തെ അതിഥികളെന്നു നമുക്ക് അനുമാനിക്കാം .

നാലുപേരുടെയും കണ്ണുകൾ സെറ്റിയിൽ തലകുമ്പിട്ടിരിക്കുന്ന സക്കറിയയുടെ ചലനങ്ങളെ നിരീക്ഷിച്ചു കൊണ്ടേയിരിക്കുകയായിരുന്നു . പുറത്തു നിന്നും യാതൊരു വെളിച്ചവും കടന്നു വരാത്ത മുറിക്കു പുറത്തു രാത്രിയ്ക്ക് കനം വെച്ച് തുടങ്ങിയിരുന്നു .കുറച്ചു സമയങ്ങൾക്കു ശേഷം നാടകീയമായ ശരീര ചലനങ്ങളോടെ അയാൾ എഴുന്നേറ്റു . കടുത്ത മാനസിക സമ്മർദ്ദത്താൽ എന്ന പോലെ ഇടയ്ക്കിടെ അയാൾ തല വെട്ടിക്കുകയും കൈകൾ കൂട്ടി തിരുമ്മുകയും ചെയ്തു . അപ്പോഴൊക്കെയും നീനയുടെ കണ്ണുകൾ അതിഥികളുടെ മുഖത്ത് തന്നെയായിരുന്നു .

" ഇത്രയും സമയം ഞാൻ ചിന്തിച്ചതത്രയും നിങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യുമെന്നതിനെ കുറിച്ചായിരുന്നു . സ്നേഹിതന്മാരെ എന്ന് വിളിക്കാൻ പ്രത്യക്ഷ്യത്തിൽ നിങ്ങളെന്റെ സ്നേഹിതരോ ..ശത്രുക്കളെ എന്ന് വിളിക്കാൻ നമ്മൾ തമ്മിൽ നിങ്ങളുടെ അറിവിൽ ഒരുപക്ഷെ ഒരു ശത്രുതയോ ഉണ്ടാവണമെന്നില്ലല്ലോ . ഒരുപക്ഷെ നിങ്ങൾ നാലുപേർക്കും തിട്ടമുണ്ടാകില്ല എന്തിനാകും ഈ ഭ്രാന്തൻ നിങ്ങളെ കാണണം എന്ന് പറഞ്ഞതെന്നു അല്ലേ .."

താടിക്കാരന്റെ കൈ താടിയിലേക്കും മീശക്കാരന്റെ കൈ മീശയിലേക്കും നീണ്ടു ചെന്നു . കഷണ്ടിക്കാരൻ തന്റെ കഷണ്ടിയൊന്നു തലോടിയപ്പോൾ കറുമ്പൻ തന്റെ കസേരയിൽ ഒന്ന് കൂടി ഇളകിയിരുന്നു .

" ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു എന്നതിലപ്പുറം നമ്മൾ തമ്മിൽ ഇതുവരെ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല അല്ലേ ...എട്ടു മാസം മുൻപുള്ള ആ ദിവസം വരെ .. നിങ്ങൾക്ക് ഞാൻ അപരിഷ്‌കൃതനും ആദിവാസിയും പൊട്ടനുമായിരുന്നു . ആ ദിവസം വരെ നിങ്ങൾ പറഞ്ഞതൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല . കാരണം നിങ്ങൾ പറഞ്ഞതലിൽ സത്യങ്ങൾ ഉണ്ടായിരുന്നു . ഞങ്ങൾ തന്നെയായിരുന്നു ഇവിടത്തെ ആദി വാസികൾ . ഈ കറുത്ത തൊലിയും ചുരുണ്ട മുടിയുമൊക്കെ അതിന്റെ തെളിവുകളാണ് . പക്ഷെ ആ ദിവസം ..ആ ഒരൊറ്റ ദിവസമാണ് നിങ്ങളെ ഇവിടെ എത്തിച്ചത് . കഴിഞ്ഞ എട്ടുമാസത്തെ എന്റെ അവധിയുടെ കാരണവും ആ ദിവസം തന്നെയാണ് ..."

അപ്പോൾ സക്കറിയ യാന്ത്രികയുമായി നീനയെ നോക്കുകയും അത് പ്രതീക്ഷിച്ചതു പോലെയവൾ ഓടിച്ചെന്നു അയാളുടെ കാലിൽ മുട്ടിയുരുമ്മുകയും അയാൾക്ക്‌ അരികിലായി ഇരിപ്പുറപ്പിക്കയും ചെയ്തു . മറ്റു നാല് പേരും നീനയെ കണ്ടതായ ഒരു ലക്ഷണവും കാണിച്ചില്ല . സോഫയുടെയും കസേരകളുടെയും മധ്യത്തിലായി കിടന്നിരുന്ന മേശയിൽ നിരത്തി വെച്ചിരുന്ന മദ്യ കുപ്പികളിലേക്കു അയാൾ വിരൽ ചൂണ്ടി .

" തൽക്കാലം ഒന്ന് ടെൻഷൻ ഫ്രീ ആകാൻ അല്പം മദ്യം ആകാം അല്ലെ ...ഇഷ്ടമുള്ളത് ഒഴിച്ച് കഴിച്ചു കൊള്ളൂ ." അയാൾ സോഫായിലേക്കു ചാരി വീണ്ടും കണ്ണുകൾ അടച്ചു . ഗ്ലാസ്സുകൾ പല വട്ടം നിറയുകയും ഒഴിയുകയും ചെയ്തു .

വളരെ പെട്ടെന്നും എന്നാൽ സാവകാശവുമാണ് സക്കറിയ വീണ്ടും സംസാരിച്ചു തുടങ്ങിയത്.

" ഈ ചരിത്രമെന്നു പറയുന്നത് വല്ലാത്ത ഒന്നാണ് അല്ലേ ആന്റണി .." അയാൾ താടിക്കാരന്റെ നേരെ നോക്കി . ഒരിക്കലും മാറാത്ത ഭൂതകാലത്തെ കുറിച്ചുള്ള ഒരു പ്രസ്താവം .ഒരു സംഭവം ഒന്ന് മാത്രം അതൊരിക്കലും ആവർത്തിക്കില്ല അതിനു സമാനമായ സംഭവങ്ങൾ ഉണ്ടായെന്നിരിക്കുകയും ചെയ്യും . സോദാഹരണമുള്ള ഒരു തത്വ ചിന്താ പഠനം....മാറ്റാനും തിരുത്താനാവാത്ത ഒന്നേ ഒന്ന് ...എന്നാൽ ചരിത്രത്തിൽ എല്ലാം സത്യസന്ധമായി തന്നെ രേഖപ്പെടുത്തുന്നുണ്ടോ ...."

സക്കറിയ കണ്ണ് തുറയ്ക്കുകയും നാല് പേരെയും മാറി മാറി നോക്കുകയും ചെയ്തു. അവരുടെ മുന്നിലെ നീലച്ചായമടിച്ച ഭിത്തിയിലെ വലിയ ഘടികാരത്തിൽ സമയം പത്തുമണിയായി എന്നോർമ്മിപ്പിച്ചു കൊണ്ട് ചട്ടുകം പോലെയുള്ള നാഴികമണി പത്തു പ്രാവശ്യം മണി മുഴക്കി . ഓരോ തവണയും ഉള്ളിൽ ആരെല്ലാമോ നടുങ്ങുകയും വിറയ്ക്കുകയും ചെയ്തു . വീണ്ടും നിശബ്ദത . മരണത്തേക്കാൾ ആഴമുള്ള നിശബ്ദത . നിശബ്ദതയിൽ സക്കറിയയുടെ വാക്കുകൾക്കു വജ്രത്തേക്കാൾ മൂർച്ചയായിരുന്നു .

" ലോകത്തു അനുനിമിഷവും എണ്ണിയാൽ തീരാത്തത്ര സംഭവങ്ങൾ നടക്കുന്നുണ്ട് . മരണങ്ങൾ , ജനനം , തിരോധാനം , തട്ടിക്കൊണ്ടു പോകൽ , വില പേശൽ , സമരങ്ങൾ , ചെറുത്തു നിൽപ്പ് , വാഗ്‌വാദങ്ങൾ , പീഡനങ്ങൾ , ഇല്ലാതെയാകൽ , ആത്മഹത്യകൾ , കൂട്ടിക്കൊടുപ്പ് , ചതി അങ്ങനെ എന്തെല്ലാം ..അവയിൽ ആരുടെയെങ്കിലും ശ്രദ്ധയിൽ പെടുന്നത് എത്രയോ കുറവ് മാത്രം . അങ്ങനെ ശ്രദ്ധിക്കപ്പെട്ടവയിൽ എത്രയോ കുറച്ചു മാത്രമേ പൂർണമായും മനസ്സിലാക്കുന്നുള്ളു . അങ്ങനെ മനസ്സിലാക്കിയവയിൽ എത്രയോ കുറച്ചു മാത്രമേ രേഖപ്പെടുത്തുന്നുള്ളു . അങ്ങനെ രേഖപ്പെടുത്തിയവയിൽ കുറച്ചു മാത്രമാണ് പഠിക്കുന്നതും അപഗ്രഥിക്കപ്പെടുന്നതും ...അവയിൽ എത്രയോ കുറവ് മാത്രമാണ് പിന്നീട് ഓർമ്മിക്കപ്പെടുന്നത് . ചരിത്രത്തിനും പരിമിതികളുണ്ട് അല്ലെ കുരുവിളെ .."

"യെസ് ..യെസ് "

മീശക്കാരന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു .

"മറയ്ക്കപ്പെട്ട അല്ലെങ്കിൽ ഓർമ്മിക്കാതെയും രേഖപ്പെടുത്താതെയും പോയ ആ ചരിത്രത്തിന്റെ ഭാഗമായവർക്കു അത് ഒരിക്കലും മറക്കാനാവില്ല .ചരിത്രത്തിന്റെ അത്തരം കറുത്ത അധ്യായങ്ങളിൽ എത്രയോ സത്യങ്ങൾ മൂടി പോയിട്ടുണ്ടാകും അല്ലെ ..മിസ്റ്റർ കുര്യൻ ...?

കഷണ്ടിത്തലയന്റെ കൈയ്യിലിരുന്ന മദ്യഗ്ലാസ് വിറച്ചു തുളുമ്പി .

"സത്യത്തിന്റെ ഏറ്റവുമടുത്തു നിൽക്കുന്ന ഒരഭിപ്രായത്തെ തിരഞ്ഞെടുക്കുന്നതാണ് ചരിത്രമെന്നു പറഞ്ഞതാരാണ് വർഗീസ് ..?

കറുമ്പൻ വായിലിരുന്ന മദ്യം ഇറക്കി , ഒന്ന് മുരടനക്കി ..

റൂ ...റൂസ്സോ അല്ലെ ...?

സക്കറിയ ഒന്നമർത്തി ചിരിച്ചു . അയാളുടെ കണ്ണുകൾ വല്ലാതെ ചുവന്നിരുന്നു .രക്തം തൊട്ടെടുക്കാവുന്ന വിധത്തിൽ

" യെസ് ..റൂസ്സോ ... ബട്ട് ഐ ഗോ വിത്ത് വോൾട്ടയർ .. മരിച്ചവരുടെ പേര് വെച്ച് നടത്തുന്ന കള്ളക്കളിയാണ് ചരിത്രം . മരിച്ചവർ ഒരിക്കലും തിരിച്ചു വരില്ലെന്നും സത്യങ്ങൾ ഒന്നും വിളിച്ചു പറയില്ലെന്നും നല്ല ഉറപ്പാണല്ലോ ..അപ്പോൾ പിന്നെ എന്തും പറയാം ..."

സക്കറിയ നാല് പേരെയും മാറി മാറി നോക്കി . അയാളുടെ കണ്ണുകൾ ഒരേ ബിന്ദുവിൽ ഉറച്ചു നിൽക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു .

" നീന മരണപ്പെട്ട വിവരം , നിങ്ങൾ അറിഞ്ഞു കാണുമല്ലോ അല്ലേ ..ആത്മഹത്യ ആയിരുന്നു . കടുത്ത മാനസിക സംഘർഷം . എ ക്ലിയർ കേസ് ഓഫ് മേജർ ഡിപ്രഷൻ .."

അയാൾ കിതയ്ക്കുണ്ടായിരുന്നു .

"ഷി വാസ് എ ബ്രില്ലിയൻറ് സ്റ്റുഡന്റ് , ബട്ട് വാട്ട് ടു ഡു ..ഫെയ്റ്റ് .." താടിക്കാരൻ സക്കറിയയുടെ മുഖത്ത് നോക്കാതെയാണ് അത്രയും പറഞ്ഞത് . പോകാം എന്ന മട്ടിൽ മറ്റു മൂന്നു പേരെയും നോക്കിയതിനു ശേഷം അയാൾ മെല്ലെ എഴുന്നേറ്റു .

" പോകാൻ സമയമായി അല്ലെ ആന്റണി . കുടുംബം കാത്തിരിയ്ക്കുന്നുണ്ടാകും . അൽപ സമയം കൂടി കഴിയട്ടെ നമുക്ക് ഒരുമിച്ചു പോകാം ..." അയാളുടെ ചുണ്ടിൽ അപ്പോൾ മരണത്തിന്റെ മുഖമുള്ളൊരു ചിരിയുണ്ടായിരുന്നു .സക്കറിയ നീനയെ നോക്കി കണ്ണടച്ച് കാണിച്ചു .

"കഴിഞ്ഞ എട്ടുമാസമായി ഞാൻ ചില പരീക്ഷണങ്ങളും അന്വേഷണങ്ങളും നടത്തുകയായിരുന്നു . ഇരുട്ടിൽ തപ്പുന്നത് പോലെ .. എല്ലാ അന്വേഷണത്തിന്റെയും അവസാനം നിങ്ങൾ നാലുപേരിലേക്കാണ്8
കുറച്ചു നേരത്തെ നിശബ്ദതതക്ക് ശേഷം മീശക്കാരൻ ഒരല്പം മുന്നോട്ടാഞ്ഞു .

" പറ്റിപ്പോയതാണ് സക്കറിയ . ഒരു കൈയബദ്ധം . ഒന്നും ഒന്നും മനപ്പൂർവ്വമല്ലായിരുന്നു . അവളെ നിങ്ങൾ മാത്രം വെച്ചനുഭവിക്കുന്നു എന്ന് കേട്ടപ്പോൾ .."

അത് പറയുമ്പോൾ മീശക്കാരന്റെ മീശ ചുണ്ടിനും താഴേയ്ക്ക് വളഞ്ഞു താണിരുന്നു .

"ഇയാളോടൊക്കെ മാപ്പു പറയാൻ നിനക്ക് നാണമില്ലേ കുരുവിളേ ..." കഷണ്ടിക്കാരൻ ഷർട്ടിന്റെ കൈ രണ്ടും ചുരുട്ടി കയറ്റി . ഇയാൾ വിളിച്ചു . നമ്മൾ വന്നു . സഹപ്രവർത്തകൻ എന്ന നിലയിൽ മാത്രം . വന്നത് പോലെ പോകാനും നമുക്കറിയാം . ഇവൻ നമ്മളെ മൂക്കിൽ വലിച്ചു കേറ്റത്തൊന്നുമില്ലല്ലോ ...." കഷണ്ടിക്കാരൻ കാലുകൾ നിലത്തു ഉറയ്ക്കാതെ ആടുന്നുണ്ടായിരുന്നു .

കറുമ്പൻ സക്കറിയയുടെ മുഖത്തേയ്ക്കു നോക്കി . അപ്പോൾ അയാളുടെ മുഖത്ത് ഒരു വൃത്തികെട്ട ചിരിയുണ്ടായിരുന്നു .

" ഒരു കിളുന്തു പെണ്ണിനെ കുറേനാള് വെച്ച് അനുഭവിച്ചില്ലെടോ ..ജാതി മറ്റേതാണെങ്കിലും കണ്ടാൽ പറയത്തില്ലായിരുന്നു ...."

"യൂ സ്‌കൗണ്ട്രൽ ..." ചാടി എണീറ്റ സക്കറിയ മുന്നിലിരുന്ന മദ്യക്കുപ്പിയിലൊന്നു തറയിലേക്ക് വലിച്ചെറിഞ്ഞു .

" ആഹാരം , നിദ്ര പ്രാണഭയം മൈഥുനം ..എന്നീ കാര്യങ്ങളിൽ മറ്റു ജന്തുക്കളും മനുഷ്യരും ഒരേ പോലെയാണ് . ജന്തുക്കൾ തോന്നുമ്പോൾ അതൊക്കെ പുറത്തു കാണിക്കും , മനുഷ്യർക്ക് അവയെ നിയന്ത്രിക്കാൻ കഴിയും . ഇതുമാത്രമാണ് വിത്യാസം .. നിങ്ങളൊക്കെ മനുഷ്യരോ ..അതോ വെറും ജന്തുക്കളോ .."

ആരോടെന്നില്ലാതെ വളരെ താണ ശബ്ദത്തിൽ സക്കറിയ പുലമ്പി കൊണ്ടിരുന്നു . സ്വയം നഷ്ടപ്പെട്ടത് പോലെ അയാൾ സോഫയിലേക്ക് വീണു . താടിക്കാരൻ ഒറ്റക്കുതിപ്പിന് സക്കറിയയയുടെ കഴുത്തിന് കുത്തിപ്പിടിച്ചു .

" അവന്റെ ഒരു കോപ്പിലെ വേദാന്തം .. എന്തെങ്കിലും അറിയാവുന്ന ഒരാൾ ഉണ്ടേൽ അത് നീയാണെന്ന് ഞങ്ങൾക്ക് നന്നായി അറിയാമായിരുന്നു . വേണമെന്ന് വെച്ചാൽ നിന്നെയും കൊന്നിട്ടും പുല്ലു പോലെ ഞങ്ങൾ ഇവിടുന്നു ഇറങ്ങി പോകും ..ഒരുത്തനും ഞങ്ങളോട് ചോദിക്കുവേലാ...കാണണോ നിനക്ക് .."

സക്കറിയക്കു ശ്വാസം മുട്ടുന്നുണ്ടായിരുന്നു . താടിക്കാരൻ കൈ ഒന്നയച്ചപ്പോൾ അയാൾ പണിപ്പെട്ട് എന്തെല്ലാമോ പറയാൻ ശ്രമിച്ചു .

" എനിക്ക് ജീവിക്കണം മറ്റുള്ളവർക്കും , അത് മാനവികത , അവനവനു ആത്മസുഖത്തിനായ് ആചരിക്കുന്നത് അപരന് സുഖത്തിനായി വരേണം, അത് ദൈവികത . താൻ നന്നാവുകയും അപരൻ നശിക്കുകയും വേണമെന്ന് ചിന്തിക്കുന്നത് ആസുരത , താൻ നശിച്ചാലും അന്യരെ നശിപ്പിക്കണമെന്ന ചിന്ത രാക്ഷസീയത . രാക്ഷസന്മാരെ കൊല്ലാം ..അത് തെറ്റല്ലെന്ന് പുരാണങ്ങളും പറയുന്നു .."

സക്കറിയയുടെ കട വായിലൂടെ രക്തം പുറത്തേയ്ക്കു ഒഴുകി . താടിക്കാരൻ കൈ വലിച്ചു .

: തേങ്ങാക്കൊല ... എന്നാ കാണാൻ നിൽക്കുവാ വാടോ .." അയാൾ ദേഷ്യത്തോടെ മറ്റുള്ളവരെ നോക്കി .

" രാക്ഷസന്മാരെ .. ആ ഡോർ ഇനി തുറക്കില്ല .. പുറത്തു നിന്ന് ആരെങ്കിലും വെട്ടിപ്പൊളിച്ചു വരുന്നത് വരെ ..ആരും അകത്തേയ്‌ക്കോ പുറത്തേക്കോ പോവുകയോ വരികയോ ചെയ്യില്ല ..."സക്കറിയയുടെ പല്ലിന്റെ ഇടയിലൂടെ രക്തം ഊറി വരുന്നുണ്ടായിരുന്നു . അയാളുടെ കൈകൾ നീനയെ തലോടുന്നുണ്ടായിരുന്നു . അവളുടെ കണ്ണുകൾ നാല് പേരുടെയും ശരീര ചലനങ്ങളിലായിരുന്നു .

മീശക്കാരനും കഷണ്ടിയും പാഞ്ഞു വന്നു സക്കറിയയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി . നീന പേടിയോടെ മുറിയുടെ മൂലയിലേക്ക് ഓടിപ്പോയി .

" ഒരു പെങ്കൊച്ചിനെ പീഡിപ്പിച്ചു കൊന്നിട്ട് ..ഞങ്ങളെ പേടിപ്പിക്കുന്നോടോ ....പെലയാ .......ടിമോനെ ..."

ഒരൊറ്റ കുതിപ്പിൽ രണ്ടുപേരെയും തള്ളി വീഴ്ത്തി എഴുന്നേൽക്കുമ്പോൾ സക്കറിയ കരയുന്നുണ്ടായിരുന്നു .

" നീന എന്റെ മകളായിരുന്നെടോ ..സ്നേഹിച്ചു കൊതി തീരാത്ത എന്റെ സ്വന്തം മകൾ ..."

നീന ജനാലവിരിയുടെ പിന്നിലേക്ക് മുഖം ഒളിപ്പിച്ചു .

വീണ്ടും സോഫയിലേക്ക് തളർന്നു വീണ സക്കറിയയിൽ നിന്നും വാക്കുകൾ മുറിഞ്ഞു വീണു'കൊണ്ടിരുന്നു .

" സംസ്ക്കാരം ..അത് ആന്തരികമായ പരിഷ്ക്കരമാണ് . പരിഷ്‌ക്കാരം കൊണ്ടോ ജാതി കൊണ്ടോ നിറം കൊണ്ടോ സംസ്ക്കാരത്തെ അളക്കാനാവില്ല . പരിഷ്കൃതർ സംസ്ക്കാരമുള്ളവരാകണമെന്നില്ല ..അപരിഷ്‌കൃതർ സംസ്ക്കാര രഹിതരുമാകുന്നില്ല . കറുപ്പും വെളുപ്പും വെറും നിറങ്ങൾ മാത്രമാണ് . അളവുകോൽ അല്ല . ഇവിടെ ഇപ്പോൾ എല്ലാം തല തിരിഞ്ഞാണ് . ..

അയാൾ വീണ്ടും എന്തെല്ലാമോ പുലമ്പിക്കൊണ്ടിരുന്നു .കറുമ്പൻ മൊബൈൽ ഫോൺ കൈയ്യിലെടുത്തു . അയാളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു .

" മൊബൈൽ ഇവിടെ വർക്ക് ആവില്ല വർഗീസ് ..പിന്നെ ഞാനും നിങ്ങളും കുടിച്ചത് വിഷം കലർത്തിയ മദ്യമാണ് . എന്റെ സമയമായി നിങ്ങളുടേതും ..അഗതാ ക്രിസ്റ്റിയുടെ മർഡർ മിസ്ട്രിസ് ഒക്കെ വായിച്ചിട്ടില്ലേ .strychnine അതാണ് സാധനം . ..

സക്കറിയ കണ്ണടച്ചു . അയാളുടെ വായിലൂടെയും മൂക്കിലൂടെയും രക്തം പുറത്തേയ്ക്കു വരാൻ തുടങ്ങിയിരുന്നു .

" ഇപ്പോൾ നിങ്ങളുടെ ബിപി കൂടും. രക്തയോട്ടം കൂടുമ്പോൾ മരണം പെട്ടെന്നാകും ..." സക്കറിയ ചുമച്ചപ്പോൾ ഒരു കവിൾ നിറയെ രക്തം പുറത്തേയ്ക്കു വന്നു . അവർ നാലുപേരും രക്ഷപ്പെടാനായി പരക്കം പാഞ്ഞു . ഏഴാം നിലയിലാണെന്ന് സത്യത്തിനു മുന്നിൽ നാല് പേരും നിസ്സഹായരായി . ഇവിടെ ആകെ ആൾ താമസുള്ള ഒരു ഫ്ലാറ്റ് സക്കറിയയുടെ മാത്രമാണ് .

ആദ്യം വീണത് കറുമ്പനാണ് .പിന്നെ മീശക്കാരൻ .പിന്നെ കഷണ്ടി .ഏറ്റവുമൊടുവിൽ താടിക്കാരൻ . അഞ്ചുപേരുടെയും കണ്ണുകൾ തുറന്നു തന്നെയിരുന്നു . വായിലൂടെയും മൂക്കിലൂടെയും രക്തം പുറത്തേയ്ക്കു ഒഴുകി .

" നമ്മൾ എല്ലാവരും മരിയ്ക്കേണ്ടവരാ ..സ്വന്തം മകളെ സംരക്ഷിക്കാൻ കഴിയാത്ത പിതാവായ ഞാനും ..സംസ്ക്കാരവും മനുഷ്യത്വവും തൊട്ടു തീണ്ടാത്ത നിങ്ങളും ... "

അപ്പോൾ അവർ അഞ്ചു പേരുടെയും ശരീരത്തിലെ എല്ലാ ദ്വാരങ്ങളിൽ കൂടെയും രക്തം പുറത്തേയ്ക്കു വരുന്നുണ്ടായിരുന്നു .

" ചരിത്രം നമ്മുടെ മരണത്തെ എങ്ങനെ രേഖപ്പെടുത്തുന്നു എന്നറിയാൻ ..ഇപ്പോൾ ഒരു കൗതുകം തോന്നുന്നില്ലേ ..ആന്റണി ...ഒന്നെനിക്കുറപ്പാണ് . നമ്മളുടെ മരണം ചരിത്രമാകും ..പക്ഷെ മരണത്തിന്റെ കാരണം അത് രേഖപ്പെടുത്താത്ത മറ്റൊരു കറുത്ത അധ്യായമാകും .. കാരണം ഹിസ്റ്ററി ഈസ് നത്തിങ് ബട്ട് എ പാക്ക് ഓഫ് ട്രിക്‌സ് ദാറ്റ് വി പ്ളേ അപ്പോൺ ദി ഡെഡ് "....

സക്കറിയയുടെ ശബ്ദം മുറിഞ്ഞു . അവർ അഞ്ചു പേരുടെയും അവസാനം ശ്വാസവും അവസാനിക്കും വരെ നീന അവിടെ തന്നെയിരുന്നു . ചുമർ ഘടികാരത്തിൽ പന്ത്രണ്ടു മണിയുടെ സൈറൺ മുഴങ്ങിയപ്പോൾ നീന ജനാല വിരിപ്പിലൂടെ പുറത്തേക്കിറങ്ങി . പോകും മുൻപ് ഒരിക്കൽ കൂടിയവൾ സക്കറിയയുടെ മുഖത്തെ തൊട്ടുരുമ്മി . ഏഴുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേയ്ക്ക് ഒരു പക്ഷിയെ പോലെയവൾ പറന്നിറങ്ങി . പിന്നെ പോകെ പോകെ ഒരു കറുത്ത പൊട്ടു പോലെ മാഞ്ഞു പോയി .

( അവസാനിച്ചു)

എബിൻ മാത്യു കൂത്താട്ടുകുളം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot