ഇതു പറയുമ്പോ സുകുവിന്റെ മുഖത്ത് ഒരു നീരസത്തിന്റെ നിഴൽ...
വീട്ടിൽ അച്ഛന്റെയും അമ്മയുടെയും ലാളനയിൽ, ചേച്ചിമാരുടെ സ്നേഹത്തിന്റെ ഉഷ്മളതയിൽ, അനുജന്റെയും, അനുജത്തിയുടെയും കുസൃതിച്ചിരികളിൽ ലയിച്ചു വളർന്ന ആദർശിന്, തിരക്കുള്ള ബാറിൽ, മദ്യ കുപ്പിയുടെയും ഗ്ലാസ്സുകളുടെയും മുന്നിൽ ഇരിക്കുക ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്.
അവൻ ജീവിതത്തിൽ ഒരു സിഗരറ്റു വലിച്ചിട്ടില്ല, മദ്യം രുചിച്ചിട്ടില്ല, തെറ്റെന്നു തോന്നുന്ന ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല. പക്ഷെ, അവന്റെ കൂട്ടുകാർ പല കുടുംബ പശ്ചാത്തലത്തിൽനിന്നും വന്നവർ, നല്ലവരാണെങ്കിലും വല്ലപ്പോഴുമൊക്കെ മദ്യപിക്കുന്നവർ - ദിനേശ്, സുകു, രമേശ്, സതീഷ്, ഉമേഷ്; അവർക്ക് മദ്യപാനം ഈയിടെയായി അൽപ്പം കൂടുന്നുണ്ട്. അവരെ മദ്യത്തിന്റെ പാതയിൽനിന്നും ഒന്ന് മാറ്റി സഞ്ചരിപ്പിക്കണമെന്ന് ആദർശ് നെഞ്ചിന്റെ ഉള്ള ത്തിൽനിന്നും ആഗ്രഹിക്കുന്നു. പക്ഷേ, അവന് അതു കഴിയുമോ?
എടാ, ഒന്നു വാടാ, ക്ഷമ നഷ്ടപ്പെട്ട സുകു അവന്റെ കയ്യിൽപിടിച്ചു വലിച്ചു.
'എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാ നീ ഈ പറയുന്നേ, സുകൂ. എനിക്കതിന് ഒരിക്കലും കഴിയില്ല. എന്നെ നിർബന്ധിക്കരുത്.’
'ശരി നീ മദ്യപിക്കേണ്ട...അവിടിരുന്ന് എന്തെങ്കിലും കഴിക്കുന്നതിനു കുഴപ്പമില്ലല്ലോ? ഒരു ചിക്കൻ കാലോ മറ്റോ? നിനക്കിഷ്ടമുള്ളത്!' ദിനേശ് പറഞ്ഞു.
'അതെ.' രമേശും, സതീഷും, ഉമേഷും ഏറ്റു പാടി.
'ശരി, ഞാൻ വരാം. നിങ്ങളെ നിരാശപ്പെടുത്തുന്നില്ല. പക്ഷെ മദ്യം ഞാൻ തൊടില്ല.'
'നീ കഴിക്കണ്ട. ഒന്നിരുന്നുതന്നാൽ മതി.' സുകു ആവർത്തിച്ചു.
ബാറിനകത്തു കടന്നപ്പോഴേ ആദർശിന്റെ ഉള്ളു പിടച്ചു. വറുത്തതും പൊരിച്ചതും ആയ മാംസത്തിന്റെയും, എണ്ണയിൽ മൂത്ത മസാലയുടെയും മദ്യത്തിന്റെയും ഗന്ധം അവന്റ മനസ്സ് മടുപ്പിച്ചു. ഗ്ലാസിന്റെ കിലുക്കവും, ഊർജ്ജം കൂടിയ സംസാരവും അവനു താങ്ങാൻപറ്റുന്നതിനും അപ്പുറമായിരുന്നു. അവന്റെ അച്ഛനെയും, അമ്മയെയും, ചേച്ചിമാരേയും, അനുജനെയും അനുജത്തിയേയും അവൻ ഓർത്തുപോയി.
'ഉം, കഴിക്ക്!' പൊരിച്ച ചിക്കെൻ ബ്രസ്റ്റ്, ഉമേഷ് ആദർശിനടുത്തേക്ക് നീക്കി വച്ചു. മദ്യം വലിച്ചു തീർന്ന ഗ്ലാസ് അവൻ താഴേക്ക് വച്ചു. ചുവന്നു കലങ്ങിയ കണ്ണുകൾ. അവൻ മദ്യം വീണ്ടും ഗ്ലാസ്സിലേക്ക് പകരുന്നു.
'ഈ സെഷൻ ഒന്നവസാനിച്ചിരുന്നെങ്കിൽ!' ആദർശ് കാംക്ഷിച്ചു. ആദ്യമായൊരു അനുഭവം.
'ചിക്കൻ കഴിക്കടാ. അതു നിന്നെ കൊത്തില്ല! 'ഉമേഷ് അലറി. അവന്റെ കണ്ണുകൾ ആദർശിന്റെ മുഖത്തു പതിയുന്നില്ല.
എല്ലാം കഴിഞ്ഞു ബാറിന് വെളിയിലിറങ്ങിയ സുകു റിമോട്ട് കീ അമർത്തി കാറു തുറന്നു. ഡ്രൈവർസീറ്റിൽ കയറി ഡാഷ്ബോർഡിലേക്ക് പരതി നോക്കി.
'കാറു ഞാൻ വിടാം' ആദർശ് മുന്നോട്ടു വന്നു.
റോഡിൽ ട്രാഫിക്ക് ഇപ്പോഴും ഹെവി ആയിത്തന്നെയുണ്ട്.
സുകു താക്കോൽ ആദർശിന് കൈമാറി.
ആദർശ് കാർ ഓടിച്ചു. പ്രശസ്ത സ്വീറ്റ് ഷോപ്പിനു മുന്നിൽ കാർ നിർത്തി. തിരിയെ വന്നപ്പോൾ രണ്ടു പൊതി. ഒരുപൊതി അവൻ പുറകു സീറ്റിൽ ഇരുന്നവർക്കു കൊടുത്തു.അവരുടെ മത്തു വിട്ടു തുടങ്ങി. ആദർശ് അവന്റെ ക്വാർട്ടേഴ്സിന് മുന്നിൽ കാർ നിർത്തി. ഇപ്പൊ സുകുവിന് വണ്ടി ഓടിക്കാൻ കഴിയും. ടാറ്റ പറഞ്ഞ്, അവർ കാറു വിട്ടു പോയി.
ആദർശ് പടികൾ ചവുട്ടി. അവന്റെ ഫസ്റ്റ് ഫ്ലോറിലെ അപ്പാർട്ടുമെന്റിലേക്ക്. ആശ്രിത, അവനു വേണ്ടി കാത്തിരിക്കുന്നുണ്ടാവും.
അവൻ കാളിങ്ങ് ബെൽ സ്വിച്ചിൽ വിരൽ അമർത്തിയമാത്രേ, ആശ്രിത, കതകു തുറന്നു.
'എന്താ ചേട്ടാ താമസിച്ചേ? ഞാനങ്ങു പേടിച്ചിരിക്കയായിരുന്നു. ഒന്നു വിളിച്ചു പറയാമായിരുന്നു.'
'ഇത്രയും താമസിച്ചുപോകുമെന്നു വിചാരിച്ചില്ല, ആശൂ...'
അവൻ വോൾ ക്ലോക്കിലേക്കു നോക്കി. പത്തു മാണി കഴിഞ്ഞിരിക്കുന്നു.
'വാ ചേട്ടാ...ഡിന്നർ കഴിക്കാം.'
അവൾ ഭക്ഷണം വിളമ്പി.
'നീ കഴിച്ചില്ലായിരുന്നോ ആശൂ? ഹാ, അല്ലെങ്കിത്തന്നെ നീ എത്ര വിശന്നാലും ഞാൻ വരാതെ കഴിക്കില്ലല്ലോ?'
ഭക്ഷണം കഴിഞ്ഞു കൈ കഴുകി അവർ ലിവിങ്ങ് റൂമിലേക്ക് വന്നു.
ഇനി ഇന്നുണ്ടായ കാര്യങ്ങളെല്ലാം വള്ളി പുള്ളി വിടാതെ അവൾ പറഞ്ഞു കേൾപ്പിക്കും. പിന്നെ ഇന്ന് ഓഫീസിലുണ്ടായ കാര്യങ്ങൾ എല്ലാം അവളെ പറഞ്ഞു കേൾപ്പിക്കിണം. അതാണവരുടെ ദിനചര്യ.
ആദർശ് പെട്ടന്ന് പോയി ബാഗിൽനിന്നും സ്വീറ്റ് കടയിൽ നിന്നു വാങ്ങിയ ഐസ് ക്രീമും, ഗുലാബ്‌ജമുനും പൊതിയഴിച്ചു അവൾക്കു നീട്ടി. അവൾക്ക് ഏറെ ഇഷ്ടമുള്ള സ്വീറ്റ്‌സ്.
അവൾ മധുരം നുണയുന്നതും നോക്കി അവൻ ഇരുന്നു. അവളെ സന്തോഷിപ്പിക്കുന്നത് അവന്റെ പ്രിയോറിറ്റി ലിസ്റ്റിൽ ആദ്യ ഐറ്റമാണ്. രണ്ടര വർഷം മുമ്പ് അവളെ വിവാഹം കഴിച്ചു കൂടെക്കൂട്ടിയതാണ്. നന്നേ വെളുത്തതും സ്ലിമ്മും ആയിരുന്നു അവൾ. അവളുടെ വിടർന്ന കണ്ണുകളും, ചുവന്ന ചെറു ചുണ്ടും, ആ സ്പെഷ്യൽ മൂക്കും അവനെ ഇപ്പോഴും പുളകം അണിയിക്കുന്നു. അവൾ അറിയാതെ തന്നെ അവൻ അവളുടെ ആരോഗ്യവും, സൗന്ദര്യവും നില നിർത്താൻ ശ്രമിക്കുന്നു. അവളെ ആരോഗ്യവതിയായും സന്തോഷവതിയായും കാണുന്നത് അവന് ഒരു സമ്പാദ്യംപോലെയാണ്. സന്തോഷം കെടുത്തുന്ന ഒരു വാക്കോ, നോട്ടമോ അവളിൽ പോറലേൽക്കാതെ അവൻ ശ്രദ്ധിക്കുന്നുണ്ട്. മനസ്സിനേൽക്കുന്ന ഓരോ ക്ഷതവും ശരീരത്തെ ഹനിക്കുക തന്നെ ചെയ്യും അതവൻ മനസ്സിലാക്കി ജീവിക്കുന്നു.
'എന്താ എന്നെ അങ്ങനങ്ങു നോക്കിയിരിക്കുന്നത്, ചേട്ടാ? ഞാൻ സുന്ദരിയായതുകൊണ്ടാണോ?'
'നീ സുന്ദരിയാണ് ആശ്രിത. നിന്നെ നക്കി തീർക്കാൻ തോന്നുകയാണ് എനിക്ക്!'
ഹ ഹ ഹാ അതുകൊള്ളാം. അപ്പൊ ചേട്ടന് എന്നെ നാളെ വേണ്ടയോ?'
'വേണം. അതുകൊണ്ടല്ലേ നിന്നെ ഞാൻ നക്കാത്തത്.'
'ഹ് ഹ് ഹ് ഹ്...എന്റെ ചേട്ടന്റെ ഒരു കാര്യമേ!'
ദിനേശും, ഉമേഷും ഒക്കെ കുടി നിർത്തിയോ, ചേട്ടാ?
'ഇല്ല ആശൂ... അവരുടെ സ്വഭാവം മാറ്റിയെടുക്കാൻ എനിക്കിനി കഴിയില്ല. ഒത്തിരി സ്നേഹമുള്ള സുഹൃത്തുക്കൾ. സ്കൂളിലും, കോളേജിലും ഒന്നിച്ചു പഠിച്ചവർ. അവർ മാറിക്കഴിഞ്ഞു, ആശൂ...മാറിക്കഴിഞ്ഞു. മദ്യമെന്നുള്ള ഒരു ചിന്തയെ ഉള്ളൂ അവർക്ക് ഇപ്പോൾ. ഞാൻ തോറ്റു പിന്മാറി. അവരുടെയൊക്കെ ഭാര്യമാരുടെ കാര്യം ആലോചിക്കുമ്പോഴാ വലിയ വിഷമമുണ്ടാകുന്നത്. അവരുടെയൊക്കെ വിവാഹം കണ്ടതാണ് ഞാൻ. നല്ല കുട്ടികൾ. പക്ഷേ....'
'ചേട്ടൻ വിഷമിക്കാതെ. സമയമാകുമ്പോ അവരുടെ ഈ സ്വഭാവം മാറും ചേട്ടാ....'
'ഹാ...ഒരു പ്രതീക്ഷ എനിക്കും ഉണ്ട്.
**** **** **** ****
ആശൂ, ഞാനേ ആ ദിനേശിന്റെ ക്വാർട്ടേഴ്സിൽ ഒന്നു പോയി വരട്ടേ? കുറെ നാളായി പോയിട്ട്. ഇവിടെ നിന്നും വലിയ ദൂരം ഇല്ല. ആ ഡിറ്റോറിയം കഴിഞ്ഞുള്ള വളവിലാ ക്വാർട്ടേഴ്‌സ്. നീ വരുന്നങ്കി വാ, നമുക്കൊന്ന് ചുറ്റിയടിച്ചു വരാം...'
'ചേട്ടൻ പോയിച്ചു വാ...എനിക്ക് കിച്ചണിൽ കുറച്ചു പണിയുണ്ട്...പോയിച്ചു വാ ചേട്ടാ...'
'ശരി, എന്നാ പിന്നെ ഞാൻ പോയിച്ചു വരാം, അല്ലെ?'
'പോയിച്ചു വാ ചേട്ടാ....ലഞ്ചിന് മുമ്പ് ഇങ്ങു വരണം.'
'ശരി അശൂ...'
ആദർശ് പോകാനിറങ്ങി.
‘ഓഡിറ്റോറിയം കഴിഞ്ഞുള്ള വളവിൽ കുറെ സ്ഥലം റോഡിനു വശത്ത് ഒഴിഞ്ഞു കിടപ്പൊണ്ട്. കാർ അവിടെ പാർക്ക് ചെയ്യാം. ദിനേശിന്റെ ക്വാർട്ടേഴ്‌സ് കോമ്പൗണ്ടിൽ കയറ്റണ്ട. തിരിയെ പോകാൻ അപ്പൊ കുറച്ചെളുപ്പമാകും, ' ഹെവി ട്രാഫിക്കിൽകൂടി ആദർശ് വണ്ടി ഓടിച്ചു. ഭാഗ്യത്തിന് കവലയിൽ ഗ്രീൻ ലൈറ്റ്. അവൻ കൗണ്ട് ഡൗൺ തുടങ്ങി. ഡിജിറ്റൽ സ്‌ക്രീനിൽ ഇനിഏഴു സെക്കന്റ്.
അവൻ വളവു തിരിഞ്ഞു. ഒരു ദീർഘ ശ്വാസം വിട്ടു. ഈ കവല കടന്നുകിട്ടുക! അതു വീട്ടീന്ന് ഇറങ്ങുമ്പോഴേ മനസ്സിനെ അലട്ടുന്ന കാര്യമാണ്.
വണ്ടി പാർക്ക് ചെയ്ത്, അവൻ കോമ്പൗണ്ടിലേക്ക് കടന്നു. A ബ്ലോക്കിന്റെ പടികൾ ചവുട്ടി. ഫസ്റ്റ് ഫ്ലോറിൽ ചെന്നെത്തുമ്പോഴേ കേൾക്കാമായിരുന്നു ദിനേശിന്റെ ദേഷ്യ സ്വരം. ബെല്ലിൽ വിരൽ അമർത്തുന്നതിനു മുമ്പ് ഒന്നു ചിന്തിച്ചു...'തിരിച്ചു പോയാലോ?' അവൻ ചിന്തിക്കുമ്പോ യാന്ത്രികമായി അവന്റെ വിരൽ കാളിങ്ങ് ബെൽ സ്വിച്ച് അമർത്തുകയായിരുന്നു.
അകത്തു ബെൽമുഴക്കം കേട്ട് അവൻ ഞെട്ടി. ‘ശ്ശേ...വേണ്ടായിരുന്നു.’
കുറച്ചു താമസിച്ചായിരുന്നു കതകു തുറന്നത്. ഐ ഹോളിൽകൂടി എന്നെ കണ്ടിരിക്കണം.
ശ്രുതി കതകു തുറന്നു.
അവൾ മുഖം തരാതെ പോയി. പക്ഷേ ഒരു ചെറിയ നിമിഷത്തിൽ അവൻ കണ്ടു. വെളുത്തു വിളറിയ രക്തം വറ്റിയ അവളുടെ മുഖം. സാരിത്തുമ്പുകൊണ്ട് അവൾ മുഖം മറക്കാൻ ശ്രമിച്ചിരുന്നു.
അകത്തു നിന്നും ദിനേശ് ഇറങ്ങി വന്നു.
'ഇരിയെടാ...'
ആദർശ് ഇരുന്നു.
'പിന്നെ ഇങ്ങോട്ടൊക്കെ വരാമെന്നു തോന്നി. അല്ലേടാ?'
'അതേടാ...'
'ഞാൻ രാവിലെ ഇച്ചിരി ഉപയോഗിച്ചു പോയി. നീ വരുമെന്നറിഞ്ഞെങ്കിൽ കഴിക്കില്ലായിരുന്നു.'
കുറെ കഴിഞ്ഞ് രണ്ടു കപ്പു ചായയുമായി ശ്രുതി വന്നു.
രണ്ടര വർഷം മുമ്പ് വിവാഹപ്പന്തലിൽ വച്ചുകണ്ട ശ്രുതിതന്നെയാണോ ഇത്? എന്തു ചേലായിരുന്നു അവളെ കാണാൻ? ഒരു സ്ലിം ബ്യൂട്ടി ആയിരുന്നു അവൾ. കണ്ണഞ്ചിപ്പിക്കുന്ന നിറം. ഇടതു വക്കുന്നു തോളറ്റം ഇറങ്ങി കിടക്കുന്ന ഇടതൂർന്ന മുടി. നല്ല രക്തപ്രസാദമുള്ള മുഖം. അവളുടെ ഓരോ ചലനത്തിനും എന്തു പ്രസരിപ്പായിരുന്നു? ഇപ്പൊ കണ്ടാ തിരിച്ചറിയില്ല. രണ്ടര വർഷംകൊണ്ട് അവളെ ഇങ്ങനെയാക്കി. ചായ കുടിക്കാൻ തോന്നിയില്ല.
ദിനേശ് ഒന്നും മിണ്ടാതെ ഉറക്കംതൂങ്ങുന്ന ഒരു പാവയെപ്പോലെ എങ്ങോ നോക്കിയിരിന്നു.
ആദർശ് ചായ കുടിച്ചു. കുടിക്കാതിരിക്കാൻ പറ്റില്ല.
'ശരി ഞാൻ ഇറങ്ങട്ടേടാ?'
ദിനേശ് ഒരു പ്രതികരണവും ഇല്ലാതെ അങ്ങനെ തന്നെ ഇരിക്കുന്നു.'
ആദർശ് വെളിയിലിറങ്ങി കതകു ചെറുതായി വലിച്ചു അടച്ചു. കയറിയതിനേക്കാൾ വേഗത്തിൽ പടികളിറങ്ങി.
വീട്ടിൽ തിരികെ എത്തുന്നതും നോക്കി ഇരിക്കയായിരുന്നു ആശു.
'പോയിട്ടെന്തായി ചേട്ടാ?'
'ഒന്നും പറയാതിരിക്കുന്നതാ നല്ലത് അശൂ...എന്നാലും ശ്രുതിക്ക് ഇങ്ങനെ സംഭവിച്ചുപോയല്ലോ? അവൾ കോലംതിരിഞ്ഞു. അവൾ കഷ്ടപ്പെടുകയാണ്. എല്ലാം സഹിച്ചു ജീവിക്കുന്നു.'
പറഞ്ഞത് കേട്ട് ആശുവിന്റെ മിഴികൾ നിറഞ്ഞൊഴുകി. 'വലിയ സ്നേഹമുള്ള ഒരു കുട്ടി. അവൾക്കിതു വന്നല്ലോ?' ആശു പറഞ്ഞു.
**** **** **** ****
പിറ്റേന്ന് ഓഫീസിൽ വച്ച് കണ്ടുമുട്ടിയപ്പോൾ ദിനേശിന്റെ മുഖത്ത് ചമ്മൽ.
'എന്തിരു പണിയാടാ നീ കാണിച്ചു വച്ചത്? ഒറ്റ അക്ഷരം പറയാതെ അങ്ങിറങ്ങിപ്പോയി അല്ലെ?'
'പറഞ്ഞിട്ടുതന്നെയാ ഇറങ്ങിപ്പോയത്.'
'സോറീഡാ, ഇച്ചിരി കൂടിപ്പോയി. നീ വരുമെന്നറിയാമായിരുന്നെങ്കിൽ ഞാൻ കുടിക്കില്ലായിരുന്നെടാ!?'
'എടാ ശ്രുതിയുടെ മുഖം എന്റെ മനസ്സിൽനിന്നും മായുന്നില്ലടാ...ഇത്രക്കും മനോവേദന അനുഭവിക്കുന്ന ഒരു സ്ത്രീയുടെ ക്ഷീണിച്ച മുഖം ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. കതിർമണ്ഡപത്തിൽ അവൾ ഒരു ദേവിയായിരുന്നില്ലേ? വെറും രണ്ടര വർഷംകൊണ്ട് നീ അവളെ ഈ വിധമാക്കി...സങ്കടം വരുന്നെടാ ദിനേശേ. ഇന്നലെ ഞാൻ ഉറങ്ങിയതേ ഇല്ല.'
'ആദർശ്! എല്ലാവരും നമ്മെ ശ്രിദ്ധിക്കുന്നു. ഓഫീസ് കഴിഞ്ഞ് നമുക്കു സംസാരിക്കാം.’
‘തീർച്ചയായും സംസാരിക്കണം.’
വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങി ദിനേശ് കാർ സ്റ്റാർട്ട് ചെയ്തു. വണ്ടി നീങ്ങി. പുറകെ ആദർശും അവന്റെ കാറിൽ പിന്തുടർന്നു.
ദിനേശ് ബാറിനടുത്തു കാർ നിർത്തി.
'നമുക്കു ബാറിൽ ഇരുന്നു സംസാരിക്കാം.'
'ബാർ നീ മറന്നേക്കൂ ദിനേശ്. നീ ഇപ്പം എന്റെകൂടെ, ദാ, ആ റെസ്റ്റാറന്റിലേക്കു പോന്നു. ഒരു കാപ്പി കുടിച്ചു കൊണ്ടു സംസാരിക്കുന്നു.’
'ആദർശേ, എനിക്ക് മദ്യം കഴിച്ചേ മതിയാവൂ. ഒരു വല്ലാത്ത ആസക്തി. എന്റെ നല്ല സുഹൃത്തല്ലേടാ നീ?'
'അതുകൊണ്ടാ ഞാൻ നിന്നെ ആ റെസ്റ്റാറന്റിലേക്കു ക്ഷണിക്കുന്നേ?'
മനസ്സില്ലാ മനസ്സോടെ ദിനേശ്, ആദർശിന്റെ കൂടെ റെസ്റ്റാറന്റിലേക്കു പോയി. ഒരു ഒഴിഞ്ഞ മൂലയിൽ അവർ ഇരുന്നു.
'പറയൂ, ആദർശ്. നിനക്കെന്താ എന്നോടു പറയാനുള്ളത്?'
'ശ്രുതി. അത്ര തന്നെ.'
'എടാ, ശ്രുതിയെ ഞാൻ എന്റെ ജീവനുതുല്യം സ്നേഹിക്കുന്നു. അവൾ എന്റെ ഹൃദയമാ, എന്റെ കരളാ. പക്ഷെ മദ്യം ഉള്ളിൽ ചെന്നാൽ
എനിക്കവളെ കൊല്ലാനുള്ള ദേഷ്യമാ. അതെവിടെനിന്നു വരുന്നന്നെനിക്കറിഞ്ഞൂടാ. പക്ഷെ എനിക്ക് മദ്യം കഴിക്കാതിരിക്കാനും കഴിയുന്നില്ല. ഇന്നലെ ഞാൻ അവളുടെ മുഖത്തു തല്ലി... അവളെ ഞാൻ തല്ലിയെടാ...ഹ് ഹ് ഹ്...തല്ലി....'
നീ കരയാതെ ദിനേശ്, നീ കരയാതെ...നീ കുടി നിർത്ത്. എല്ലാം ശരിയാവും.
'എനിക്കവളെ ഇപ്പൊ കാണണം...എന്റെ ശ്രുതിയെ ഇപ്പൊ കാണണം. എന്റെ കരളു കഴക്കുന്നെടാ...പോകാം...നമുക്ക് പോകാം...'
'എന്നാ നീ ചെല്ല്. അവളെ സമാശ്വസിപ്പിക്ക്. ഇനി ഒരിക്കലും അവളെ വഴക്കു പറയുകയോ തല്ലുകയൊ ചെയ്യില്ലെന്ന് അവളുടെ മുന്നിൽ ഏത്തമിട്ടു പറയ്...'
'ഹാ...വാടാ...നമുക്ക് പോകാം...അവളെ എനിക്കിപ്പോ കാണണം.'
ദിനേശ് കാർ സ്റ്റാർട്ട് ചെയ്തു. അവന്റെ കാറു നീങ്ങി...
ആദർശിന്റെ മനസ്സിലെ വിങ്ങൽ ഒന്നു ശാന്തമായി.'ഹോ ഇന്നലത്തെ ശ്രുതിയുടെ മുഖം എനിക്ക് മറക്കാൻ കഴിയില്ല. നീരുവറ്റിയ കരിമ്പിൻചണ്ടിപോലെ. എന്റെ ജീവിതത്തിൽ ഞാൻ മറക്കില്ല. രണ്ടര വർഷം കൊണ്ട് അവളെ ഇങ്ങനെയാക്കി!
മുമ്പ് കതിർമണ്ഡപത്തിൽ ഒരു ദേവിയെപ്പോലെ തിളങ്ങിയതായിരുന്നു അവൾ. ആ മനോഹരമായ മുഖത്തെ നിഷ്കളങ്കത ആരും ശ്രദ്ധിച്ചിട്ടുണ്ടാകും. രണ്ടര വർഷം! ഇപ്പൊ അവളെ കണ്ടാൽ!? എന്റെ മനസ്സ് വേറെ വല്ലതും ചിന്തിച്ചിരുന്നെങ്കിൽ!
ദിനേശിന്റെ കാറു മുന്നേ നീങ്ങുന്നുണ്ട്. അവൻ വണ്ടി റോഡിന്റെ വശത്തടുപ്പിച്ചു വെളിയിലിറങ്ങി. ബാറിന് വശത്ത്.
ആദർശും വണ്ടി നിർത്തി.
'നീ ശ്രുതിയെ കാണാൻ പോവാണെന്ന് പറഞ്ഞിട്ട്?!'
ദിനേശ് ആദർശിനെ ഒന്നു തറപ്പിച്ചു നോക്കി. പിന്നെ ഒന്നും പറയാതെ ബാറിലേക്ക് കയറി.
'ശ്ശേ! ഇവനെ ഇനി കുടിയിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയില്ല. ഇനിയിപ്പം അവൻ തിരിയെ ഇറങ്ങി വരുന്നതു വരെ വെളിയിൽ നിൽക്കാം. അല്ലാതെന്തു ചെയ്യാൻ? പാവം ശ്രുതി!'
**** **** **** ****
ഒരു ദിവസം ആദർശും, ദിനേശും, ഉമേഷും ലഞ്ച് സമയത്ത് ഓഫീസിൽ കൂടിയിരുന്നു സംസാരിക്കുകയായിരുന്നു. പെട്ടന്നായിരുന്നൂ ദിനേശിന്റെ മുഖഭാവം മാറിയത്. മുഖത്ത് പരിഭ്രമം. അവൻ ആരെയോ ഉറ്റുനോക്കുന്നു.
'ഹേ, ദിനേശ്! ഉമേഷ്, അവന്റെ കൈ ദിനേശിന്റെ മുഖത്തിനു മുന്നിൽ വീശി...'ആരെയാടാ ഈ നോക്കുന്നേ?'
'ദേ, അങ്ങോട്ടു നോക്കൂ... എന്റെ ശ്രുതി! അവൾ എങ്ങനെ ഇവിടെ വന്നു? അവൾക്ക് ഈ ഓഫീസ് അറിയില്ലല്ലോ?'
'എവിടെ? ശ്രുതി എവിടെ? ഞങ്ങൾ കണ്ടില്ലല്ലോ?'
'ദോ അവിടെ! അവൾ എന്നെ നോക്കി നിൽക്കുന്നത് നിങ്ങൾ കണ്ടില്ലേ?
'ഇവൻ എന്തൊക്കെയാ ഈ പറയുന്നേ?' ആദർശ് മന്ത്രിച്ചു.
‘ദാ, അവിടെ! ശ്രുതീ! ശ്രുതീ! ഇങ്ങോട്ടു വാ....ഇങ്ങോട്ടുവാ...’
ആദർശ് അവനെ തോളിൽ പിടിച്ചു. 'നീ എന്തൊക്കെയാ ഈ വിളിച്ചു പറയുന്നേ? ശ്രുതി ഇവിടെ വന്നിട്ടില്ല. നിന്റെ വെറും തോന്നലാടാ...
'എന്റെ തോന്നലല്ല. ചുവന്ന പട്ടുസാരിചുറ്റി നിൽക്കുന്ന എന്റെ ശ്രുതിയെ നിങ്ങൾ കണ്ടില്ലേ? അവൾ എല്ലാ ആഭരണങ്ങളും അണിഞ്ഞിരിക്കുന്നല്ലോ?!
ആദർശ് കുറച്ചു വെള്ളം കൊണ്ടുവന്ന് അവന്റെ മുഖത്ത് കുടഞ്ഞു. ഹെ, ദിനേശ്! ദിനേശ്! 'നിനക്കെന്തു പറ്റിയെടാ?'
'നിങ്ങൾ ആരും എന്നെ വിശ്വസിക്കുന്നില്ല. ഞാൻ അവളെ നല്ലപോലെ കണ്ടതല്ലേ? ഇപ്പോഴും അവൾ ഇവിടെവിടെയോ ഉണ്ട്.'
'എടാ നിന്റെ തോന്നലാടാ...മദ്യത്തിന്റെ ഹാങ്ങ് ഓവറാ. ശ്രുതി ഇവിടെ വന്നിട്ടില്ല. അല്ലെ നീ ഒന്ന് ഫോൺ വിളിച്ചു നോക്ക്?'
'വേണ്ട...വേണ്ട...അവൾ ഫോൺ എടുത്തില്ലെങ്കിൽ എനിക്ക് ടെൻഷൻ ആവും...ഞാൻ വീട്ടിലേക്കു പോവാ...അവൾ തിരിയെ അവിടെ എത്തിയോന്നു അറിയണം. ബോസ്സിനോട് പറഞ്ഞേക്കണേ ഞാൻ പോയെന്ന്...'
'അതിനു നീ വിഷമിക്കേണ്ട. ഞങ്ങൾ മാനേജ് ചെയ്തോളാം. നീ ചെല്ല്.' ആദർശ് പറഞ്ഞു.
അന്നു രാത്രി ആദർശിന് ഉറക്കം വരുന്നില്ല. അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. ആശു, നല്ല ഉറക്കത്തിലാണ്. അവളുടെ വലം കൈ അവനെ ചുറ്റിയിട്ടുണ്ട്. അവൻ പെട്ടന്നാണ് ഓർത്തത് മൊബൈൽ കുറെ നേരംകൊണ്ടേ ശബ്ദിക്കുന്നുണ്ടായിരുന്നു. അവളുടെ കൈ വിടുവിച്ച് അവൻ മേശപ്പുറത്തുനിന്നും മൊബൈൽ എടുത്തു.
‘ഉമേഷാണല്ലൊ വിളിച്ചിരിക്കുന്നത്. ഏഴു പ്രാവശ്യം വിളിച്ചിരിക്കുന്നല്ലോ?’ ഫോൺ വീണ്ടും റിങ്ങ് അടിക്കുന്നു.
'ഹലോ ഉമേഷ്. എന്താ...എന്താ...'
'ഞാൻ നിന്നോടെങ്ങനെ പറയും ആദർശ്?'
'പറയെടാ എന്നെ മുൾമുനയിൽ നിർത്താതെ.എന്താണേലും പറയ്. പെട്ടന്നു പറയ്'
'ഓഫീസിൽ, ദിനേശ് ശ്രുതിയെ കണ്ടത് സത്യമായിരുന്നെടാ! അവളുടെ അത്ഥമാവ് അവിടെ വന്നിരുന്നു'
'നീ എന്താ പറഞ്ഞുവരുന്നേ?'
'ശ്രുതി ആത്മഹത്യ ചെയ്തു. നീ എളുപ്പം വാ. ഞങ്ങൾ എല്ലാരും ഇവിടെയുണ്ട്.'
**** **** **** ****
ആദർശ് ഒന്നേ നോക്കിയുള്ളൂ. രണ്ടര വർഷത്തെ ദൈനംദിന യാതനകളിൽ നിന്നും അവൾ വിട പറഞ്ഞു. ശ്രുതി ഒരു ഓർമ്മയായി മാറാൻ ഇനി സമയത്തിന്റെ ഒഴുക്ക് മാത്രം.
കാല ചക്രം തിരിയുന്നു. ശ്രുതിയുടെ ശരീരത്തിൽനിന്നും ജീവന്റെ ഊഷ്മളത വിട്ടു മാറി നിമിഷങ്ങൾ കഴിഞ്ഞു. മിനിറ്റുകൾ കഴിഞ്ഞു. ദിനങ്ങൾ കഴിഞ്ഞു. ആഴ്ചകൾ കഴിഞ്ഞു. മാസങ്ങൾ കഴിഞ്ഞു. ഏതാനും വർഷങ്ങൾ കഴിഞ്ഞു. അവൾ ഭൂതകാലത്തിലേക്ക് മറഞ്ഞിരിക്കുന്നു.
**** **** **** ****
ദിനേശ് ആകെ മാറി. പശ്ചാത്താപം അവനെ കാർന്നു തിന്നുകൊണ്ടേയിരുന്നു.
മരിക്കുന്നതിന് മുമ്പ് ശ്രുതി മരണക്കുറിപ്പ് തയ്യാറാക്കിയിരുന്നു. അവളുടെ മരണത്തിൽ ആർക്കും ഒരു പങ്കുമില്ലെന്ന് അവൾ എഴുതിയിരുന്നു. ദിനേശിനോട് മാപ്പു ചോദിച്ചിരുന്നു.
സംസാരം തീർത്തും ഒഴുവാക്കി അവൻ ജീവിക്കയായിരുന്നു. ആരോടും മിണ്ടാതെ ആണ്ടുകൾ കഴിഞ്ഞു. പിന്നെപ്പിന്നെ ആദർശിനോട് അൽപ്പാൽപ്പം സംസാരിച്ചു തുടങ്ങി. വികാരഭരിതനായി അവൻ ശ്രുതിയെ പറ്റി പറഞ്ഞു തുടങ്ങി...
'എന്റെ ശ്രുതി എന്നെ ഒത്തിരി സ്നേഹിച്ചിരുന്നു. ഒരു ദിവസം അവൾ വളരെ പ്രായം ചെന്ന ഒരു മുത്തശ്ശിയെപ്പോലെ സംസാരിച്ചു. വിക്കിയും വിറച്ചും. പിന്നെ എന്നോട് പറഞ്ഞു ഒരു മുത്തശ്ശനെപ്പോലെ സംസാരിക്കാൻ. ഞാനും ഒരു മുത്തശ്ശന്റെകൂട്ടു സംസാരിച്ചു...അവൾ കൈ കൊട്ടി ചിരിച്ചു...' നമ്മൾ പ്രായംചെല്ലുമ്പോൾ ഇങ്ങനെയായിരിക്കും സംസാരിക്കുന്നെ, അല്ലേ ചേട്ടാ? അപ്പൂപ്പനും അമ്മൂമ്മയും! അവൾ എന്റെ താടിക്കു പിടിച്ചു.
പക്ഷെ അവളെ ഞാൻ ഇരുപത്തിനാലു തികക്കാതെ ഈ ഭൂമിയിൽ നിന്നും പറഞ്ഞുവിട്ടു. എനിക്ക് സഹിക്കുന്നില്ലടാ ആദർശേ...എനിക്കു സഹിക്കില്ല...
'കഴിഞ്ഞതു കഴിഞ്ഞു. പോയത് പോയി. നിനക്കിനി ഒന്നും ചെയ്യാൻ കഴിയില്ല. ഇനി ദുഖിച്ചിട്ടും കാര്യമില്ല. ഇനി നിനക്ക് ആകെ ചെയ്യാവുന്നത് അവളുടെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുക. അത്രമാത്രം.' ആദർശ് പറഞ്ഞു.
'നീ ഇതു കണ്ടോ ആദർശ്?' ദിനേശ് ഒരു ഡയറി തുറന്ന് ആദർശിന്റെ കാണിച്ചു.
ആദ്യപേജിലെ ശ്രുതിയുടെ കയ്യെഴുത്ത്...
'നമ്മുടെ ആദ്യത്തെ കുഞ്ഞു പൊന്നുമോനാണെങ്കിൽ അവന്റെ പേര് 'ദൈവിക്' പൊന്നുമോളാണേ അവളുടെ പേര് 'സാൻവിക.'
'മരിക്കുമ്പോൾ അവൾ ഗർഭിണിയായിരുന്നെടാ. ഞാൻ അവളെ എന്നും ഉപദ്രവിച്ചിരുന്നു. ഒരു ദിവസംപോലും അവൾ ഇച്ചിരി സന്തോഷം അനുഭവിച്ചിട്ടില്ല. ഞാൻ എന്തിന് ഇത്ര ക്രൂരമായി അവളോട് പെരുമാറി? എനിക്ക് ഒരു ഉത്തരവും ഇല്ല. നീ പറഞ്ഞതനുസരിച്ച് ഞാൻ കുടി നിർത്തിയിരുന്നേ, അവളെയും എന്റെ കുഞ്ഞിനേയും സ്നേഹിച്ചു ഞാൻ ഇപ്പോ ജീവിക്കുമായിരുന്നു.'
'ദിനേശ്! നീ കൂടുതൽ ചിന്തിക്കരുത്. ഇനി നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അവൾ പോയി. ഈ അനന്തതയിൽ എവിടെയോ വച്ച് അവൾ നിന്നെ പിരിഞ്ഞു. ഇനി ഒരുകാലത്തും നിങ്ങൾ കണ്ടുമുട്ടില്ല. നീയും ഒരുനാൾ മരിച്ചില്ലാതെയാകും. എന്നത്തേക്കുമായി മറയും. ഈ പ്രപഞ്ചത്തിന്റെ പോക്ക് അങ്ങനെയാണ്. അവളെ നീ എന്നും ഓർക്കുക. അവളുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുക. അതെ നിനക്കിനി ചെയ്യാനുള്ളൂ...'
'അപ്പൊ ആദർശേ, എനിക്കിനി അവളെ ഒരിക്കലും കാണാൻ സാധിക്കില്ല, അല്ലേ?'
'മരണം എന്നു പറഞ്ഞാൽ അതാണെടാ. എന്നേക്കുമായുള്ള വിടചൊല്ലൽ!'
'ഞാൻ അവളെ പെണ്ണുകാണാൻ പോയതും, കതിർമണ്ഡപത്തിൽ വച്ച് അവളെ താലിചാർത്തിയതും, ഞങ്ങളുടെ ആദ്യ രാത്രിയും തുടർന്നുള്ള ജീവിതവും എനിക്കിപ്പോൾ ഒരു സ്വപ്നംപോലെയാണെടാ. സത്യത്തിൽ അങ്ങനെ ഒരുവൾ ഉണ്ടായിരുന്നോ, ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയോ, ഒന്നിച്ചു ജീവിച്ചോ, ഇതെല്ലാം സത്യത്തിൽ സംഭവിച്ചതായിരുന്നോ എന്നു തോന്നുവാടാ...'
'കാലം പിന്നിടുമ്പോൾ ഈ സ്വപ്നത്തിന്റെ നിഗൂഢത വർദ്ധിക്കുകയെ ഉള്ളൂ. എന്തിനേറെ പറയുന്നൂ? നിന്റെ ജീവിതത്തിൽ സംഭവിച്ച ഒരു സൗഭാഗ്യമായിരുന്നു അവൾ. നീ അത് നിഷ്കരുണം നശ്ശിപ്പിച്ചു.'
**** **** **** ****
ഒരു നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ദിനേശ് വീണ്ടും ഓഫീസിൽ പോയിത്തുടങ്ങി.
ഒരു ദിവസം അവർ സുഹൃത്തുക്കൾ ഓഫീസിൽ നിന്നും ദിനേശിന്റെ കാറിൽ തിരിയെ വീടുകളിലേക്ക് പോകയായിരുന്നു. കാറു ബാറടുക്കാറായപ്പോൾ...
'ദിനേശ്, നീ വണ്ടി നിർത്ത്!'
'ആദർശ്, നീ എന്താ പറഞ്ഞേ?'
'പറഞ്ഞത് തന്നെയാ പറഞ്ഞേ. വണ്ടി നിർത്ത്!!'
ദിനേശ് വണ്ടി നിർത്തി.
ആദർശ് കാറിനു പുറത്തിറങ്ങി. 'വരിന്. നമുക്ക് ബാറിലേക്ക് പോകാം.'
'ആദർശ്! നിനക്ക് ഭ്രാന്ത് പിടിച്ചോ? നീ...?'
'എനിക്കിച്ചിരി കഴിക്കണം. നിങ്ങൾ എല്ലാരും വരണം. ദിനേശേ വാ....സുകൂ വാ...ഉമേഷേ വാ...എല്ലാരും വരിന്. എനിക്ക് കഴിക്കണം.'
'ഞങ്ങൾ വരുന്നില്ല. അവർ ഏകകണ്ഡേന പറഞ്ഞു.'
'അപ്പം നിനക്കൊക്കെ ഇപ്പൊ കുടിക്കേണ്ട അല്ലേ? ഞാൻ നിന്നോടൊക്കെ'ഇനി കുടിക്കരുത്'എന്നു പറഞ്ഞപ്പോ നീയൊന്നും ഞാൻ പറഞ്ഞത് കേട്ടില്ല. അപ്പൊ കുടി നിർത്താൻ നിനക്കൊക്കെ ഒരു രക്ത സാക്ഷിയെ വേണമായിരുന്നു. ആ പാവം ശ്രുതിയെ, അല്ലേ? എനിക്ക് സങ്കടം സഹിക്കുന്നില്ല...ഹ് ഹ് ഹ്...അവൾ മരിച്ചു...നിനക്കൊക്കെ വേണ്ടി മരിച്ചു
Written by R Muraleedharan Pillai
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക