"ഇന്നാ മിട്ടായി വാങ്ങിച്ചോ..". അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.. ആദ്യമായാണ് അച്ഛൻ മിട്ടായി വാങ്ങാൻ പൈസ തരുന്നത്...അതും മേടിച്ചു അവൻ സ്കൂളിലേക്കോടി....
ഇന്നു മിട്ടായി വാങ്ങണം...കിരണിനും കൊടുക്കണം മിട്ടായി ..എപ്പോഴും അവനാണ് തനിക്ക് മിട്ടായി വാങ്ങി തരുന്നത്...ഇന്ന് അവനു വർണ്ണ കടലാസിൽ പൊതിഞ്ഞ മിട്ടായി വാങ്ങി കൊടുക്കണം...
"ടാ കിരണെ അച്ഛനിന്നു മിട്ടായി വാങ്ങാൻ പൈസ തന്നടാ "...അഞ്ചു രൂപ കിരണിനു നേരെ നീട്ടി ഉണ്ണിക്കുട്ടൻ പറഞ്ഞു..
"ആണോ...കളയാതെ വെച്ചോ...സ്കൂൾ വിട്ടു പോകുമ്പോൾ കോല് മിട്ടായി വാങ്ങാം..ആരോടും പറയണ്ട.."
ഉം...
"ടീച്ചറെ.. എന്റെ അഞ്ചു രൂപ കാണുന്നില്ല.".. ആദ്യ ബെഞ്ചിലിരുന്ന പലിശക്കാരൻ ദാമുവിന്റ മകൻ വൈശാഖ് ടീച്ചറോട് പറഞ്ഞു...
..എവിടെയാ വെച്ചത്.....ശരിക്കും നോക്ക് "
"ബാഗിലാ വെച്ചത്... ഇപ്പോ കാണുന്നില്ല "
"ആരെങ്കിലും വൈശാഖിന്റെ പൈസ കണ്ടോ "
"ടീച്ചറെ ഉണ്ണിക്കുട്ടന്റെ കീശയിൽ എന്തോ ഉണ്ട്" ...അടുത്ത ബെഞ്ചിലിരുന്ന വിനിൽ വിളിച്ചു പറഞ്ഞു...
"ഉണ്ണിക്കുട്ടാ ഇവിടെ വന്നേ... എന്താ നിന്റെ കീശയിൽ ..".
അവൻ തൻ്റെ പിന്നുകൊണ്ടു കുത്തിയ നിക്കറിന്റെ കീശയിൽ അമർത്തി പിടിച്ചു ദയനീയതോടെ ടീച്ചറെ നോക്കി...
"എന്താ നിന്റെ കീശയിൽ കാണട്ടെ."..ടീച്ചറുടെ ദേഷ്യത്തോടെയുള്ള ചോദ്യത്തിന് മൗനമായിരുന്നു അവന്റെ മറുപടി..
"എന്താണ് നീ മിണ്ടാത്തത്... ഇവിടെ വന്നേ "
അഞ്ചു രൂപ കീശയിൽ അമർത്തിപിടിച്ചു അവൻ ടീച്ചറിന്റെ മുൻപിലേക്ക് ചെന്നു വിഷമത്തോടെ നിന്നു...
"എന്താ നീ പൊത്തിപ്പിടിച്ചിരിക്കുന്നത് ...അതും പറഞ്ഞു ടീച്ചർ അവന്റെ കീശയിൽ കയ്യിട്ട് അഞ്ചുരൂപയെടുത്തു...
"ഇതെവിടുന്ന"?...
"അച്ഛൻ മിട്ടായി വാങ്ങാൻ തന്നതാ ...ഉണ്ണിക്കുട്ടൻ വിക്കി..വിക്കി...".പറഞ്ഞു...
"നുണ പറയുന്നോ.... പുസ്തകം വാങ്ങാൻ പോലും പൈസയില്ലാത്ത നിനക്ക് അച്ഛൻ മിട്ടായി വാങ്ങാൻ അഞ്ചു രൂപ തന്നെന്നോ"...
ടീച്ചറുടെ ശബ്ദത്തിനു മുന്നിൽ നിന്നും ആ അഞ്ചാം ക്ലാസുകാരൻ നിന്നു വിറച്ചു...
"സത്യമാ ടീച്ചറെ....അച്ഛൻ തന്നതാ " അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു...
"ചെറുപ്പത്തിലേ മോഷ്ടിക്കാനും നുണ പറയാനും തുടങ്ങിയോ..".ടീച്ചറുടെ ശബ്ദം ഉയർന്നു..
ആ ശബ്ദത്തിന്ന് മുൻപിൽ അവൻ തല താഴ്ത്തി നിന്നു....അപ്പോഴവൻ അമ്മയുടെ വാക്കുകൾ ഓർത്തു..." ഒരിക്കലും മോഷ്ട്ടിക്കുകയോ, കളവു പറയുകയോ ചെയ്യരുത്..."
"ടീച്ചറെ പൈസ കിട്ടി ബാഗിന്റെ കള്ളിയിൽ ഉണ്ടായിരുന്നു" വൈശാഖിന്റെ ശബ്ദം ക്ലാസ്സിൽ ഉയർന്നു...
അതുകേട്ട സന്തോഷത്തോടെ ഉണ്ണിക്കുട്ടൻ ചാലിട്ടൊഴുകിയ കണ്ണുനീർ കുപ്പായത്തിന്റെ കൈകൊണ്ട് തുടച്ചു ടീച്ചറെ നോക്കി...
ഒന്നും മിണ്ടാതെ വന്നു തന്റെ ബെഞ്ചിൽ ഇരിക്കുമ്പോൾ ഒരായിരം ചന്ദ്രൻ വിടർന്ന സന്തോഷത്തിലായിരുന്നു അവന്റെ മുഖം ...
"ടാ..ടീച്ചർ അങ്ങനെ ചോദിച്ചപ്പോൾ നിനക്ക് വിഷമം തോന്നിയോ"..കടയിൽ നിന്നും വാങ്ങിയ കോലു മിട്ടായി ചപ്പിക്കൊണ്ട് കിരൺ ഉണ്ണിക്കുട്ടനോട് ചോദിച്ചു...
"പിന്നെ...ആകെ സങ്കടായി ...അവന്റെ പൈസ കിട്ടിയില്ലെങ്കിൽ ഞാൻ കള്ളനായേനെ... അല്ലെടാ."..
"പിന്നെ. ..പറയാനുണ്ടാ...എല്ലാവരും നിന്നെ കള്ളനെന്നു വിളിച്ചേനെ.... ഞാൻ ഒഴികെ ......"കിരൺ ചിരിച്ചുകൊണ്ട് ഉണ്ണിക്കുട്ടനെ നോക്കി ...
അതുകേട്ടു അവനും ചിരിച്ചു....
ആ ചിരിക്ക് മിട്ടായിയേക്കാൾ മധുരവും ഭംഗിയും ഉണ്ടായിരുന്നു.... ...
റഹീം പുത്തൻചിറ....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക