അച്ഛൻ ...ആ പദത്തിന് ഒരുപാട് അർത്ഥമുണ്ട്..മാതാ, പിതാ ഗുരു ദൈവം...സ്കൂളിൽ പഠിപ്പിക്കുന്ന പാഠങ്ങളിൽ എപ്പോഴും കേൾക്കുന്നത്...പക്ഷെ അമ്മയുടെ സ്നേഹം കിട്ടാൻ എനിക്ക് വിധിയുണ്ടായില്ല...അമ്മയുടെ മാത്രമല്ല അച്ഛന്റെയും...
"അച്ഛാ എനിക്ക് ഒരുപാട് പറയാനുണ്ട്...പക്ഷെ അത് കേൾക്കുവാനുള്ള സ്വബോധം അച്ഛനില്ല....അച്ഛന് എപ്പോഴും കുടിക്കണം....കുടിക്കാതെ സ്വബോധത്തോടെ അച്ഛനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.....അതിനു കാരണമായി പറയുന്നതോ 'അമ്മ മരിച്ചതിലുള്ള സങ്കടമാണെന്ന് ..
'അമ്മ മരിച്ചു....ശരിയാണച്ഛാ...ഞാൻ അച്ഛന്റെ മകളല്ലേ..ഞാൻ ജീവനോടെയില്ലേ .എന്നോട് സംസാരിക്കാൻ അച്ഛൻ ശ്രമിച്ചിട്ടുണ്ടോ...എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടച്ചാ... പക്ഷെ അതൊക്കെ ഞാൻ എപ്പോഴാണ് പറയേണ്ടത്....
"കാലത്തു പണിക്കു പോകുന്നതിനു മുൻപ് തുടങ്ങുന്ന മദ്യപാനം....രാത്രിയിലും അച്ഛൻ അവസാനിപ്പിക്കാറില്ല...
അച്ഛൻ എനിക്ക് ഉടുപ്പ് വാങ്ങിക്കും...വീട്ടിലേക്കുള്ള സാധനങ്ങൾ മേടിക്കും..എല്ലാം ശരിയാ..പക്ഷെ .... വീട്ടിൽ ഒറ്റപ്പെട്ടു കഴിയുന്ന എന്നെക്കുറിച്ചു അച്ഛൻ ഓർക്കാറുണ്ടോ ...
ഇല്ല....കള്ളുകുടിച്ചു കഴിഞ്ഞു ബോധം പോയി ഇറയത്തു കിടക്കുമ്പോൾ "പാറു "എന്നു അച്ഛൻ എന്നെ വിളിക്കാറില്ലേ...
എനിക്ക് എന്തിഷ്ട്ടമാണെന്നോ ആ വിളി കേൾക്കാൻ...പക്ഷെ ... ബോധത്തോടെയല്ല ആ വിളി എന്നറിയുമ്പോൾ എന്റ ഹൃദയം പിടക്കും...ഒരിക്കലെങ്കിലും എന്നെ സ്നേഹത്തോടെ ചേർത്തു പിടിച്ചിട്ടുണ്ടോ ....എന്നെ സ്നേഹിക്കുന്നുണ്ടോ ...
കുറച്ചുകാലമായി അച്ഛന്റെ കുടി... കൂട്ടുകാരോടൊപ്പം വീടിന്റെ ഉമ്മറത്ത് തന്നെയാണ്...'അമ്മ ഉണ്ടായിരുന്നെങ്കിൽ അതിനു സമ്മതിക്കില്ലന്നു അച്ഛന് നന്നായി അറിയാം.അച്ഛന്റെ മകളെ അച്ഛന് പേടിക്കേണ്ടല്ലോ....അല്ലേ...
എനിക്കിപ്പോൾ ഉറങ്ങാൻ പറ്റുന്നില്ല ..അവർ അച്ഛന്റെ കൂട്ടുകാരായിരിക്കാം പക്ഷെ എനിക്കവർ അപരിചിതരാണ്.....അവരുടെ പാട്ടും ബഹളവും എന്റെ ഉറക്കം കളഞ്ഞു...കണ്ണടച്ചാൽ ഇനിക്കിപ്പോ പേടിയാണ്....ആരോ എന്റെ അടുത്ത് കിടക്കുന്ന പോലെ തോന്നുന്നു...ഒരുപാട് നാളായി അച്ഛാ ഞാൻ ശരിക്കുമൊന്നു ഉറങ്ങിയിട്ട്....ഞാൻ അച്ഛന്റെ മോള് മാത്രമല്ല....ഒരു പെണ്ണ് കൂടിയാണ്....അതു അച്ഛൻ മനസ്സിലാക്കുന്നില്ല...കുറച്ചു നാൾ മുൻപ് ഞാൻ ശരിക്കും പെണ്ണായി അച്ഛാ ...അച്ഛൻ അതു അറിഞ്ഞിട്ടുണ്ടാകില്ല...
രണ്ടു ദിവസം മുൻപ് അയൽവക്കത്തെ രാധേച്ചിയുടെ മകൾ ഹിമയെ എന്റെ വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ അവൾ പറയാ..."'അമ്മ പറഞ്ഞിട്ടുണ്ട് നിന്റെ വീട്ടിലേക്ക് പോകണ്ട...അവിടെ കുടിയന്മാരുടെ താവളമാണെന്ന്..." അതും പറഞ്ഞു അവൾ വീട്ടിലേക്കു വന്നില്ലച്ചാ..അതുകേട്ടപ്പോൾ എന്റ നെഞ്ചു പിടഞ്ഞു..അന്നു ഞാൻ ഒരുപാട് കരഞ്ഞു... അച്ഛന്റെ കുടി കാരണം സ്വന്തക്കാർ പോലും ഇപ്പോൾ അകന്നു...
ഇതൊക്കെ അച്ഛനോട് പറയണമെന്നുണ്ട്...കുടിച്ചു ബോധമില്ലാത്ത അച്ഛനോട് എന്തു പറയാൻ...'അമ്മ മരിച്ചതിനു ശേഷം ഒരു നിമിഷം പോലും അച്ഛനെ സ്വബോധത്തോടെ ഞാൻ കണ്ടിട്ടില്ല ...ഇനി കാണുകയില്ലന്നും അറിയാം...
അതുകൊണ്ട് ഞാൻ പോവുകയാണ്...അമ്മയുടെ അടുത്തേക്ക്..
ഇതു വായിക്കുമ്പോഴും അച്ഛന് ബോധമുണ്ടാകില്ല...എന്നിരുന്നാലും പറയ...
"രണ്ടു ദിവസം കഴിഞ്ഞു വെള്ളം കുടിച്ചു വീർത്ത എന്റെ ശരീരം തീരത്തടിയുമ്പോഴും അച്ഛൻ കുടിക്കാതെ ഇരിക്കരുത് ...മോർച്ചറിയുടെ മുൻപിൽ എന്റെ ശരീരം കാത്തു അച്ഛൻ നിൽക്കുമ്പോഴും അച്ഛൻ കുടിച്ചിരിക്കണം....എല്ലാം കഴിഞ്ഞു നമ്മുടെ വീടിന്റെ മൂലയിൽ വിറകു കൊള്ളിയുടെ ഇടയിൽ എന്നെ കത്തിക്കുമ്പോഴും അച്ഛന് ബോധമുണ്ടാകാരുത്...കാരണം ഞാൻ ജീവിച്ചിരുന്നപ്പോൾ കിട്ടാത്ത സ്നേഹം മരിച്ചു കഴിഞ്ഞ എന്റെ ശരീരത്തിന് വേണ്ട"...
ഇനി അച്ഛന് മദ്യപിക്കാൻ രണ്ടു കാരണമായി...ഭാര്യയും മകളും നഷ്ട്ടപ്പെട്ട ഒരാൾ...അയാൾക്കിനി കുടിക്കാം...അച്ഛന് ഇനി ധൈര്യമായി കുടിക്കാം...
ഈ എഴുത്തു അച്ഛൻ പത്രക്കാർ വരികയാണെകിൽ അവരെ കാണിക്കണം.. അവരതു ചാനലിൽ കൊടുക്കട്ടെ...ഒരു ദിവസമെങ്കിലും അവരതു ചർച്ച ചെയ്യട്ടെ..അങ്ങനെ ഇതു വായിക്കുന്ന ആരെങ്കിലും അവർ മദ്യപിക്കുന്നവരാണെങ്കിൽ....അവർക്കൊരു കുടുംബം ഉണ്ടങ്കിൽ ..അവർക്ക് മകളോ മകനോ ഉണ്ടങ്കിൽ .അവരുടെ മക്കൾ ഇങ്ങനെ അനുഭവിക്കുന്നുണ്ടന്ന് അവർ കരുതട്ടെ..... എന്റെ അനുഭവം കണ്ടങ്കിലും അവർ മദ്യപിക്കാതിരിക്കട്ടെ.....എനിക്കതുമതി...
സ്നേഹത്തോടെ...ഒരുപാട് ഇഷ്ട്ടത്തോടെ അച്ഛന്റെ മകൾ...പാറു.....
റഹീം പുത്തൻചിറ.....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക