നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മോട്ടിവേഷൻ


"ഒരു പെണ്ണിനെ ശരിക്കും സ്നേഹിക്കാനറിയാത്തവൻ കല്ല്യാണം കഴിക്കാൻ പാടില്ലായിരുന്നു ഡാഡീ"

" നീയെന്തൂട്ട് ഒലക്ക യാണടാ പറയുന്നത്"

ബൈക്കിന്റെ പിന്നിലിരുന്നു ജോയ് അങ്ങിനെ പറഞ്ഞപ്പോൾ പീറ്ററിന് കലിപ്പ് കയറി.

" നിന്റെ മമ്മീനെ അഞ്ചാറ് വർഷം നല്ലോണം സ്നേഹിച്ചിട്ടു തന്നെയാണ് ഈ പീറ്റർ കെട്ടിയത്"

പീറ്റർ,തൃശ്ശൂർ അങ്ങാടിയിലെ അരി കച്ചവടക്കാരനാണ്.

ടൗണിലെ വലിയൊരു ഗുണ്ടകൂടിയാണ് പീറ്റർ,

"ഇത്രയും സ്നേഹിച്ചിട്ടാണോ മമ്മി, മമ്മിയുടെ വീട്ടിൽ നിൽക്കുന്നത്?"

" അത് അവൾ ഇടയ്ക്കിടെ ചെന്നു നിൽക്കുന്നതല്ലേ? അതിനെന്താ കുഴപ്പം?"

പീറ്റർ നിസ്സാരമായി പറഞ്ഞ് ഒരു ഹിന്ദി പാട്ട് പാടാൻ തുടങ്ങി.

"ഇടയ്ക്കിടെ ഇങ്ങിനെ ചെന്നു നിൽക്കുന്നത് നല്ലതല്ല ഡാഡീ... ഒടുക്കം മമ്മിയ്ക്ക് മടുത്തു അവിടെ തന്നെ നിൽക്കും;ഇങ്ങോട്ട് വരാതെ "

പീറ്റർ പെട്ടെന്ന് ബൈക്ക് റോഡരികിലേക്ക് മാറ്റി നിർത്തി ജോയിയെ നോക്കി.

"ടാ ശവീ,, നീ ദെന്തൂട്ട് ഒലക്കേടെ മൂടാ പറേണേ"

ഇടയ്ക്കിടെ പിണങ്ങുമെങ്കിലും, അധികം മദ്യപിക്കുന്ന ദിവസം രണ്ടെണ്ണം കൊടുക്കുമെങ്കിലും ആലീസ് ഇല്ലാത്ത ഒരു ജീവിതം പീറ്ററിന് സങ്കൽപ്പിക്കാനേ കഴിയില്ല.

"ഡാഡീ വിവാഹത്തിന് മുന്നല്ലേ മമ്മിയെ പ്രണയിച്ചിരുന്നത്? അന്നല്ലേ തേക്കിൻകാട് മൈതാനത്തും,രാഗം തിയേറ്ററിലും, പീച്ചി ഡാമിലൊക്കെ മമ്മിയെ കൂട്ടിക്കൊണ്ടുപോയിട്ടുള്ളു?... വിവാഹം കഴിച്ച് കഴിഞ്ഞ് മമ്മിയെ ഒരിടത്തേക്കെങ്കിലും കൊണ്ടുപോയിട്ടുണ്ടോ?"

"അത് പിന്നെ "

പീറ്ററിന് ഒന്നും പറയാൻ ഇല്ലായിരുന്നു.

ജോയ് ചോദിച്ച ചോദ്യങ്ങളെല്ലാം പീറ്ററിന്റെ മനസ്സിൽ വല്ലാത്തൊരു നീറ്റലായി പടർന്നു.

കടയിലെ തിരക്കും, കൂട്ടുക്കാരുമായുള്ള കമ്പനി കഴിഞ്ഞ് വീടെത്തുമ്പോൾ പാതിരാത്രിയാകും-

ഡൈനിങ്ങ് ടേബിളിൽ എടുത്തു വെച്ചിരിക്കുന്ന ഭക്ഷണം, കള്ളിന്റെ ലഹരിയിൽ വാരി വിഴുങ്ങുമ്പോൾ, പാതിയുറക്കത്തിലിരിക്കുന്ന ആലീസിനോട് വല്ലതും കഴിച്ചോയെന്ന് പോലും താൻ ചോദിക്കാറില്ല.

രാവിലെ കടയിലേക്ക് വരുമ്പോൾ കാണുന്നത് താൻ ഇന്നലെ ബാക്കി വെച്ച ചോറിൽ, വെറുതെ കൈയിട്ടിളക്കി കണ്ണീർ വാർക്കുന്ന ആലീസിനെയാവും

" ആലീസ് നിന്നോടു വല്ലതും പറഞ്ഞോ മോനെ "

"എന്തിന് മമ്മി എന്നാേട്
പറയണം. ഞാനൊരു പ്ലസ് ടു വിദ്യാർത്ഥിയാണെന്ന് ഡാഡീ ഓർക്കണം"

ഒന്നും പറയാതെ പീറ്റർ ബൈക്ക് റോഡിലേക്ക് കയറ്റി.

എതിരെ വരുന്ന വാഹനങ്ങളിൽ ആയിരുന്നില്ല പീറ്ററിന്റെ ശ്രദ്ധ.

മനസ്സിൽ മുഴുവൻ ജോയിയുടെ വാക്കുകളും, ആലീസിന്റെ മുഖവുമായിരുന്നു.

ഡാഡിയുടെ ഭാവമാറ്റം ജോയിയുടെ മനസ്സിൽ വിഷമമേറ്റി.

"പെണ്ണുങ്ങൾ എന്നും പ്രണയം കൊതിക്കുന്നവരാണ് ഡാഡീ "

കാമുകിയായാലും, ഭാര്യയായാലും അങ്ങിനെ തന്നെ.

കരുതൽ,സ്നേഹം, സാന്ത്വനം ഇവയുടെ ഗ്രീസിട്ടാലെ, ദാമ്പത്യം എന്ന മെഷീൻ റണ്ണിംഗ് കണ്ടിഷൻ ആവുകയുള്ളൂ. അല്ലെങ്കിൽ ഏതു നിമിഷവും ആ യന്ത്രം നിലയ്ക്കാം!"

പീറ്ററിന് ഉള്ളിൽ ഒരു ആന്തലുയർന്നു.

ആലീസ് പിണങ്ങി പോയാൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ, പിണക്കം മറന്ന് തന്നെ വിളിച്ചിരിക്കും.

ആ വിളി കേൾക്കാനായി കാത്തിരിക്കുന്ന താൻ, സ്നേഹത്തോടെ അവളെ കൂട്ടികൊണ്ടു വരും!

ഇതിപ്പോൾ മൂന്നാമത്തെ ദിവസമായിട്ടും?

അങ്ങോട്ട് വിളിക്കണമെന്ന് കരുതുമ്പോഴും, എന്തോ തന്നെ പിറകോട്ട് വലിക്കുന്നു.

"ഡാഡീ ഇവിടെ വണ്ടി നിർത്തി രണ്ട് ലാർജ് അടിച്ചിട്ടു വാ "

ബാറിനു മുന്നിലെ റോഡിലെത്തിയപ്പോൾ ജോയ് പറഞ്ഞതു കേട്ട പീറ്റർ വണ്ടി നിർത്തി മകനെ നോക്കി.

താൻ മനസ്സിൽ വിചാരിച്ചത് അവൻ പറഞ്ഞിരിക്കുന്നു.

കൗണ്ടർ അടിച്ച് പൊടുന്നനെ എത്തിയ പീറ്റർ ബൈക്കിൽ കയറാൻ തുടങ്ങിയപ്പോഴെക്കും ജോയ് തടഞ്ഞു.

"മദ്യപിച്ച് വാഹനം ഓടിക്കുന്നത് ശിക്ഷാർഹമാണ്. നമ്മൾക്ക് നടക്കാനുള്ള ദൂരമല്ലേ യുള്ളൂ."

ജോയ് ചാവിയെടുത്ത് നടന്നു. ഒന്നും പറയാതെ പിറകെ പീറ്ററും.

" നീയെന്നെ മോട്ടിവേഷൻ തരാമെന്നു പറഞ്ഞല്ലേ എന്നെ പി.ടി.എ മീറ്റിംഗിനു കൊണ്ടുപോയത്? എന്നിട്ട് ആ സാധനം എവിടെ?"

പീറ്റർ, ഒരു ചെറു ചിരിയോടെ ജോയിയെ നോക്കി.

" അപ്പോൾ ഡാഡീ ഒന്നും കണ്ടില്ലേ"

പീറ്റർ ഒന്നുമറിയാതെ അവനെ നോക്കി.

"നമ്മൾ മീറ്റിംഗിനു പോയപ്പോൾ ഞാനെന്റെ ഫ്രണ്ടിനെ കാണിച്ചു തന്നില്ലേ? ഒരു ആനിജോൺ?"

" ഉവ്വ് "

"നമ്മൾ കാണുമ്പോൾ ആ കുട്ടിയുടെ മുഖഭാവം എന്തായിരുന്നു?"

" ആരോടോ ദേഷ്യപ്പെട്ടപോലെ; കടന്നലുകുത്തിയ മോന്തയായിരുന്നു അത് "

" ശരിയാ
ഡാഡീ. അവൾ ദേഷ്യപ്പെട്ട് തന്നെയായിരുന്നു. മീറ്റിങ്ങിന് വരാൻ പറ്റാത്ത വിധം അവൾടെ ഡാഡീ
കള്ളിലായിരുന്നു. മമ്മിയാണെങ്കിൽ മരിച്ചു പോയി.

"എന്നോട് പോലും അവൾ വെറുപ്പ് കാണിച്ചത് ഡാഡി കണ്ടില്ലേ?'

" അതിന്? ഇതാണോ മോട്ടിവേഷൻ?"

പീറ്റർ പരിഹാസത്തോടെ മകനെ നോക്കി.

" ഇതല്ല മോട്ടിവേഷൻ, ഇനിയാണ് മോട്ടിവേഷൻ ''

ജോയിയുടെ ചുണ്ടിൽ വിടർന്ന കള്ള പുഞ്ചിരിയും നോക്കി പീറ്റർ നടന്നു.

" നിന്റെ ഡ്രസ്സ് നന്നായിട്ടുണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ കാർമേഘം നിറഞ്ഞിരുന്ന മുഖത്ത് പതിയെ സൂര്യൻ ഉദിച്ചത് ഡാഡീ കണ്ടില്ലേ?

ഭംഗിയായി മുടികെട്ടിയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ തരിശായ്കിടന്നിരുന്ന അവളുടെ കവിളിൽ നുണക്കുഴി വിടർന്നത് കണ്ടോ?

നിന്നെ കാണാനിപ്പോൾ മാലാഖ പോലെയുണ്ടെന്ന് പറഞ്ഞപ്പോൾ, അവളുടെ മുല്ലമൊട്ടു പോലെയുള്ള പല്ലുകൾ കണ്ടില്ലേ?"

പീറ്ററിന്റെ മുഖത്ത് നോക്കി ജോയ് ഒരു നിമിഷം നിന്നു.

" ജോയ് കുറച്ചു നേരം കൂടി നിൽക്കടാ ഇവിടേന്ന് അവൾ പറഞ്ഞത് ഡാഡി കേട്ടാരുന്നോ?"

"അതിന്?"

" എന്നെ കാണാൻ ആദ്യം വെറുപ്പ് പ്രകടിപ്പിച്ചിരുന്നവളാണ് ഒടുവിൽ ഒരഞ്ചു മിനിറ്റും കൂടി ഇവിടെ നിൽക്കാൻ കെഞ്ചിയത് "

" നീ പറഞ്ഞു വരുന്നത് ?"

" ഞാൻ പറഞ്ഞു വരുന്നത് ഇതാണ്. സ്നേഹം കൊതിക്കുന്ന കാര്യത്തിൽ ആനിയെക്കാളും അധികദൂരമില്ല ആലീസിലേക്ക് "

എല്ലാം മനസ്സിലായ പീറ്റർ പൊടുന്നനെ ഒരു കള്ള ചിരിയോടെ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് ആലീസിനെ വിളിക്കാനൊരുങ്ങിയപ്പോഴേയ്ക്കും ജോയ് തടഞ്ഞു.

"എന്റെ ഗുരുദക്ഷിണ യെവിടെ?"

"ടാ ശവീ എന്തു വേണമെങ്കിലും ചോദിച്ചോ? ഈ ഡാഡി മോന്റെ ഉള്ളംകൈയ്യിൽ കൊണ്ടു വെക്കും ആ സാധനം"

സന്തോഷത്തിന്റെ പാരമ്യത്തിലായിരുന്നു പീറ്റർ.

"ഇപ്പോൾ ഒന്നും വേണ്ട ഡാഡീ.ഒരു അഞ്ചാറ് വർഷം കഴിഞ്ഞാൽ ആനിയെ കെട്ടാൻ എന്നെ സമ്മതിച്ചാൽ മതി"

പീറ്റർ ഒരു തരം മരവിപ്പോടെ അവനെ നോക്കിയിരുന്നു.

പിന്നെ ആ ചുണ്ടിൽ പതിയെ ഒരു പുഞ്ചിരി മൊട്ടിട്ടു.

"ഡാഡീനെ വിറ്റ് കാശാക്കീലേ ൻ്റെ മോൻ?"

അതിനു മറുപടിയായുർന്ന പൊട്ടിച്ചിരിയോടെ ജോയ്, പീറ്ററിന്റെ തോളിലൂടെ കൈയ്യിട്ട് വീടിന്റെ ഗേറ്റും കടന്ന് അകത്തേക്ക് കയറി.


Written By Santhosh Appukuttan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot