നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശശാങ്കൻ്റെ പെണ്ണ്


"ചേട്ടാ ഞാൻ ഒരാളുമായി സ്നേഹത്തിലാണ്. ഞങ്ങൾ ഒളിച്ചോടിയിട്ട് കല്യാണം കഴിക്കട്ടെ? "

പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് സ്വന്തം ഭാര്യയിൽ നിന്നുതിർന്ന ചോദ്യം ശശാങ്കന്റെ തൊണ്ടയിൽ കുടുങ്ങി.

" നീ എന്താ പറഞ്ഞത്?"

മുഖത്തെ ഞെട്ടൽ മറച്ചിട്ട് ഒരു വിളറിയ പുഞ്ചിരിയോടെ സുശീലയെ നോക്കി ശശാങ്കൻ.

പുട്ടും കടലയും കൂട്ടിയടിക്കുന്ന അവൾ ശശാങ്കന്റെ ചോദ്യം കേട്ടപ്പോൾ മുഖമുയർത്തി.

"എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരുവന്റെ കൂടെ ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കട്ടേയെന്ന്?" "

അവളുടെ ചോദ്യം കേട്ട് കട്ടൻ ചായ ഊതി കുടിക്കാൻ മറന്ന, അവന്റെ വായ യെക്കാൾ പൊള്ളിയത് ശശാങ്കന്റെ മനസ്സായിരുന്നു.

അഞ്ചാറ് വർഷം പ്രണയിച്ച്, അവളുടെ വീട്ടുക്കാരോടു യുദ്ധം ചെയ്ത് നേടിയെടുത്ത പെണ്ണ്!

അഞ്ച് വർഷക്കാലം ഓരേ-പ്ലേറ്റിൽ നിന്ന് പരസ്പരം ഭക്ഷണം വാരിക്കൊടുത്തും, ഓരേപായയിൽ ശ്വാസനിശ്വാസങ്ങളേറ്റുവാങ്ങിയും ഉറങ്ങിയിരുന്നവർ!

എല്ലാ സുഖദുഃഖങ്ങളും പങ്കുവെച്ചിരുന്നെങ്കിലും- ഒരു കുഞ്ഞ് ഇല്ലാത്ത ദു:ഖം അവൾ ആരോടും പങ്കുവെച്ചിരുന്നില്ല!

നീരിൽ നീറി പുകയുന്ന -തലയിണ യോടല്ലാതെ !

അതിൽ തനിക്ക് വല്ലാത്ത സങ്കടമുണ്ടായിരുന്നു.

പക്ഷേ ഇത്ര പെട്ടെന്ന് സുശീലയ്ക്ക് ഇങ്ങിനെയൊരു മനമാറ്റം എങ്ങിനെയുണ്ടായതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

അതും ഒരു കൂസലുമില്ലാതെ ഉറച്ച ചോദ്യവുമായി -

അവൾ ഒന്നും ആലോചിക്കാതെ പുട്ടും കടലയും വെട്ടി വിഴുങ്ങുന്നുണ്ട്.

ഒന്നു കണ്ണടച്ചു തുറന്നപ്പോഴെയ്ക്കും കടലക്കറിയുടെ പ്ലേറ്റ് മാറ്റി, ചെറുപഴത്തിൽ പുട്ട് കൂട്ടിക്കുഴച്ച് തുടങ്ങി സുശീല!

ഭക്ഷണത്തിന്റെ മടുപ്പ് പോലെ തന്നെ, ദാമ്പത്യത്തിലും മടുപ്പ് ഉടലെടുക്കുമോയെന്ന സന്ദേഹത്തിലായി ശശാങ്കൻ!

എല്ലാവർക്കും ഇത്തിരി കഴിഞ്ഞാൽ പരസ്പരം -മടുപ്പാണല്ലോ?

അതുകൊണ്ടാണല്ലോ ഭാര്യയെ വിട്ട് ഭർത്താവും, ഭർത്താവിനെ വിട്ട് ഭാര്യയും, മക്കളെ വിട്ട് മാതാപിതാക്കളും, മാതാപിതാക്കളെ വിട്ട് മക്കളും ഒളിച്ചോടുന്നത്?

ആ കാര്യത്തിൽ തന്റെ സുശീല മാന്യയാണ്!

ഒന്നും ഒളിച്ചുവെക്കാതെ, നേരിട്ട് തന്നോട് പറഞ്ഞിരിക്കുന്നു.

അല്ലെങ്കിലും എന്തുണ്ടെങ്കിലും തനിക്ക് എന്നോട് ധൈര്യമായി പറയാം എന്ന് സുശീലയ്ക്ക് ഞാൻ വാക്കു കൊടുത്തിട്ടുണ്ടല്ലോ?

" ഇത്രയും തല പുകഞ്ഞ് ആലോചിക്കാൻ ഞാൻ പറഞ്ഞതൊരു മഹായുദ്ധത്തിന്റെ കാര്യമല്ല!

"ഇഷ്ടപെട്ട പുരുഷനുമായി ഇനിയുള്ള കാലം ജീവിക്കട്ടേയെന്നാ?"

സുശീലയുടെ ശബ്ദം ശശാങ്കനെ ചിന്തകളിൽ നിന്നുണർത്തി.

ബ്രേക്ക്ഫാസ്റ്റ് പാതി നിർത്തി, കൈ കഴുകി ശശാങ്കൻ സുശീലക്കരികിൽ വന്നിരുന്നു.

"ഇന്നലെ നിന്റെ ബർത്ത്ഡെയുടെ കാര്യം മറന്നതു കൊണ്ടാണോ നിന്റെ ഇത്ര പെട്ടെന്നുള്ള ഈ മനമാറ്റം?

ശശാങ്കന്റെ ചോദ്യത്തിനുത്തരമെന്നോണം അവളിൽ നിന്നൊരു ദീർഘനിശ്വാസമുതിർന്നു.

" ബർത്ത്ഡെ മാത്രമല്ലല്ലോ? നമ്മുടെ വിവാഹ വാർഷികദിനം, എന്റെ അച്ചന്റെ ഷഷ്ഠിപൂർത്തി, എന്റെ അമ്മയുടെ ആണ്ട് ദിവസം ഇതെല്ലാം ശശാങ്കൻ ചേട്ടൻ മറക്കുകയാണല്ലോ പതിവ്?"

സുശീലയൊന്നു നിർത്തി ശശാങ്കനെ തറച്ചു നോക്കി.

"അതൊക്കെ പോട്ടേന്ന് വെക്കാം - പക്ഷേ ഒരു കുഞ്ഞിനെ തരാൻ "

പറഞ്ഞു തീരും മുൻപെ കൈകഴുകി, കണ്ണീരോടെ ബെഡ് റൂമിലേക്ക് നടന്നു സുശീല |

ശശാങ്കൻ ചെല്ലുമ്പോൾ കട്ടിലിൽ കമഴ്ന്നു കിടന്നു എങ്ങലടിക്കുന്ന സുശീലയെയാണ് കണ്ടത്.

അവന്റെ നീരണിഞ്ഞ കണ്ണുകൾ ബെഡ് റൂമിൽ ചിതറി കിടക്കുന്ന സാധനങ്ങളിലേക്കു നീണ്ടു.

" എപ്പോഴെങ്കിലും നിനച്ചിരിക്കാതെ വരുന്നൊരു അതിഥി പോലെ ഒരു കുഞ്ഞാവ വരുമെന്ന പ്രതീക്ഷയിൽ സ്വരുക്കൂട്ടിയ സാധനങ്ങൾ -

കോട്ടൻ ഉടുപ്പുകൾ, കറുത്ത
കുഞ്ഞി വളകൾ, കളിപ്പാട്ടങ്ങൾ... പിന്നെയും എന്തൊക്കെയോ ചിതറി കിടക്കുന്നുണ്ട്.

ശശാങ്കൻ അവളുടെ സ്വപ്നങ്ങളെ സങ്കടത്തോടെ നോക്കി നിന്ന നിമിഷങ്ങൾക്കൊടുവിൽ, മനസ്സിൽ എന്തോ തീരുമാനിച്ചുറച്ചതു പോലെ സുശീലയുടെ ചുമലിൽ പതിയെ പിടിച്ചു.

"ആരാ കക്ഷി"

സങ്കടം പുറത്തുചാടാതിരിക്കാൻ ആവോളം ശ്രമിച്ചുകൊണ്ട് ശശാങ്കന്റെ ചോദ്യമുയർന്നതും, സുശീല ഒരു പൊട്ടിത്തെറിയോടെ അയാളെ നോക്കി.

" അതെന്തിനാ ഇപ്പോൾ അറിയുന്നേ?

അയാളെ ഭീഷണിപ്പെടുത്താനാണോ?

പോകുമ്പോൾ അറിയാം ആൾ ആരാണെന്ന്

എന്നെ ജീവനെക്കാളേറെ സ്നേഹിക്കുന്ന ഒരാൾ! ഇപ്പോൾ ഇത്രം അറിഞ്ഞാൽ മതി."

സുശീലയുടെ കോപത്തിൽ തളർന്നു പോയ ശശാങ്കൻ പിന്നെയൊരു ചോദ്യമുതിർക്കാൻ കഴിയാതെ ഇടറിയ കാലടികളോടെ റൂമിൽ നിന്നും പുറത്തിറങ്ങി.

പിറ്റേന്ന് പ്രഭാതത്തിൽ, സുശീല കൊണ്ടുവരാറുള്ള കട്ടൻ ചായക്കു വേണ്ടി ,പ്രതീക്ഷയറ്റ മനസ്സോടെ പൂമുഖത്തെ കസേരയിലിരിക്കുമ്പോഴാണ് തന്റെ -ബാർമേറ്റായ പുഷ്പൻ കടന്നു വരുന്നത് കണ്ടത്.

സുശീലയുടെ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ എന്താ വഴിയെന്നു ആലോചിച്ചപ്പോഴും തെളിഞ്ഞത് പുഷ്പന്റെ മുഖം തന്നെയായിരുന്നു.

എന്തിനും,ഏതിനും ഉടൻ പരിഹാരം കണ്ടെത്തുന്നവൻ!

അടിച്ചു കോൺ തെറ്റികഴിഞ്ഞാൽ, സ്വന്തം പോക്കറ്റിലെ കാശെടുത്ത് ടാക്സിയിൽ തന്നെ വീടെത്തിക്കുന്നവൻ!

പരിചയപ്പെട്ടിട്ട് -ഒരു മാസം മാത്രമേ ആയുള്ളുവെങ്കിലും ഒരുപാട് തവണ വീട്ടിൽ വന്നിട്ടുണ്ടവൻ!

സുശീലയുണ്ടാക്കുന്ന ചിക്കൻകറിയെ വാനോളം പുകഴ്ത്തുന്നത് കേട്ടിട്ട് കോൾമയിർ കൊണ്ടിട്ടുണ്ട് ഞാൻ .

ആപത്തിൽ സഹായിക്കുന്നവനെയാണ് മിത്രമെന്നു പറയുക!

തനിക്കൊരു ആപത്ത് വന്നിരിക്കുന്നുവെന്ന്, മനസ്സിൽ മുൻകൂട്ടി കണ്ട് ഇപ്പോൾ വന്ന ഇവനാണ് യഥാർത്ഥ മിത്രം!

"കയറിയിരിക്ക് പുഷ്പാ "

താനിരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റ് ശശാങ്കനത് പറയുമ്പോൾ, ശശാങ്കനെ നോക്കി പരിഹാസത്തോടെ ഒന്നു -ചിരിച്ചു പുഷ്പൻ!

" കയറിയിരിക്കാൻ വന്നതല്ല ശശാങ്കാ - കൊണ്ടുപോകാൻ വന്നതാണ്''

പുഷ്പൻ പറയുന്നത് എന്താണെന്നു മനസ്സിലാവാതെ അയാളെ തന്നെ നോക്കിയിരുന്നു ശശാങ്കൻ.

" സുശീല ശശാങ്കനോട് എല്ലാം പറഞ്ഞെന്നാണല്ലോ പറഞ്ഞത്?
ശശാങ്കന് കുഴപ്പമില്ലാന്നും പറഞ്ഞു "

ഒരു ചിരിയോടെ അടുത്ത് വന്ന് നിന്ന പുഷ്പനെ നോക്കി പല്ലിറുമ്മി ശശാങ്കൻ.

ഇപ്പോഴും ഈ നിമിഷവും, സ്വപ്നത്തിൽ പോലും ഇങ്ങിനെയൊരു ഫ്രോഡാണ് ഇവനെന്നു ചിന്തിച്ചിരുന്നില്ല

കൂടെക്കൊണ്ടു നടന്നിട്ടിപ്പോൾ, പിന്നിൽ നിന്നും കുത്തിയിരിക്കുന്നു.

" ശശാങ്കാ - കള്ളുകുടിച്ചു നടക്കുമ്പോൾ വീട്ടിലെ കാര്യങ്ങൾ ഇടക്കൊന്നു ഓർക്കണം."

"പെണ്ണുങ്ങൾ എന്നു പറഞ്ഞ സാധനങ്ങൾ സ്നേഹം കണ്ടിടത്തേക്കേ പടരൂ "

"നീ മറന്നു പോയ പാഠം അതായിരുന്നു "

ശശാങ്കൻ ഒന്നും മിണ്ടാനാവാതെ പുഷ്പനെതന്നെ തുറിച്ചു നോക്കി.

ഈ നിമിഷം ഈ നായയെ ഈ മുറ്റത്ത് അരിഞ്ഞിടാം!

അവന്റെ ശവത്തിനു മുകളിൽ നിന്ന് വിജയ ഭേരി മുഴക്കാം -

പക്ഷേ ഒന്നും വേണ്ടായെന്ന് മനസ്സ് പറയുന്നു.

സ്നേഹിക്കുന്നവർ ഒന്നാകട്ടെ!

പ്രണയത്തിനു മുകളിൽ ഒരു പ്രതികാരവും ഒരിക്കലും വിജയിച്ചിട്ടില്ല.

"ചേട്ടാ ഞാൻ ചെയ്യുന്നത് പാപമാണെങ്കിൽ പൊറുക്കണം"

സുശീലയുടെ ശബ്ദം തൊട്ടടുത്ത് നിന്ന് കേട്ടപ്പോൾ ചിന്തകളിൽ നിന്നുണർന്ന ശശാങ്കൻ മുഖമുയർത്തി അവളെ നോക്കി

കൈയിൽ പിടിച്ചിരിക്കുന്ന കവറിൽ എന്തൊക്കെയോ കുത്തിനിറച്ചു നിൽക്കുന്ന അവളിൽ സങ്കടത്തിന്റെ ഒരു നിഴൽ പോലും ഇല്ല !

പകരം എന്നത്തെക്കാളും സുന്ദരിയായിട്ടുണ്ട്!

" എന്നോട് പരിഭവമുണ്ടാകില്ല eല്ലാ?"

വീണ്ടും അവളുടെ ചോദ്യം കേട്ടപ്പോൾ, കണ്ണീരോടെ തലയാട്ടി -മുഖം കുനിച്ച ശശാങ്കൻ പടക്കം പൊട്ടുന്നതു പോലെയുള്ള ശബ്ദം കേട്ട് പൊടുന്നനെ മുഖമുയർത്തി.

കവിളും പൊത്തി പിടിച്ചു നിൽക്കുന്ന പുഷ്പനെകണ്ടതും സുശീലയെ അമ്പരപ്പോടെ നോക്കിയ -ശശാങ്കൻ കണ്ടത് അവളുടെ കൈ വീണ്ടും പുഷ്പന്റെ മറു കവിളിൽ ആഞ്ഞു പതിക്കുന്നതാണ്.

" കണ്ടിടത്തേക്ക് ചായാൻ ഞാനെന്താ മുല്ലവള്ളിയാണോ
നാറീ- ഞാനേ-ശശാങ്കന്റ പെണ്ണാ"

നടക്കുന്നതെന്താണെന്ന് മനസ്സിലാവാതെ ശശാങ്കൻ പുഷ്പനെയും സുശീലയെയും മാറി മാറി നോക്കി.

"കുറെ നാളായി എന്നെ ട്യൂൺ ചെയ്ത് നടക്കായിരുന്നു നിങ്ങളുടെ
ആത്മാർത്ഥ സ്നേഹിതൻ "

സുശീലയുടെ കത്തുന്ന കണ്ണുകൾ ശശാങ്കനുനേരെ തിരിഞ്ഞു.

" ഈ കാര്യം നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ ചിലപ്പോൾ വിശ്വസിക്കില്ല!കാരണം നിങ്ങളുടെ കള്ളുകുടി കണ്ട് ദേഷ്യപ്പെട്ടിട്ട് ഞാൻ ഉണ്ടാക്കിയ നാടകമാണെന്നു വരെ നിങ്ങൾ പറഞ്ഞേക്കും"

നിങ്ങൾ ചിലപ്പോൾ ഈ കാര്യം ഇവനോട് ചോദിച്ചാൽ, ഞാൻ പ്രലോഭിപ്പിച്ചതാണെന്നു പറഞ്ഞു കൈ കഴുകും നാറി "

അതു കേട്ട് നിങ്ങളെന്റെ മുതുക് ചെണ്ടയാക്കും"

അവൾ ക്രോധത്തോടെ പുഷ്പനു നേരെ തിരിഞ്ഞു,

" ഏതെങ്കിലും പെണ്ണ് എന്തെങ്കിലും ചെയ്തെന്ന് വെച്ച് എല്ലാ പെണ്ണുങ്ങളെയും ആ കണ്ണിൽകൂടി കാണരുത് നായേ -

"ഇത്തിരി സ്നേഹോം, പ്രേമോം, വാത്സല്യവും,സംരക്ഷണവും കൂട്ടിക്കുഴച്ച് തന്നാൽ നിന്റെ പിന്നിൽ വാലാട്ടി വരുമെന്നു വിചാരിച്ചോ നീ - "

" അതിനു നീ വേറെ ആളെ നോക്കണം -

സുശീല തന്റെ മാറിൽ പറ്റി ചേർന്നു കിടക്കുന്ന താലിയെടുത്ത് പുഷ്പനു നേരെ പിടിച്ചു.

" ഇതു കണ്ടോ നീ -ശശാങ്കന്റെ പെണ്ണാണെന്നുള്ള തെളിവ്.

" ഇതുള്ള കാലത്തോളം നിന്നെ പോലെയുള്ള ഒരാളുടെയും സഹായം വേണ്ടെനിക്ക് "

രക്തം വാർന്ന മുഖത്തോടെ പുഷ്പൻ ഇരുവരെയും നോക്കി.

" ശശാങ്കൻ ചേട്ടനോട് ഇതുപോലെയുള്ളവൻമാരോടു -കൂട്ടുകൂടരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല"

" കാരണവർമാർ പറഞ്ഞത് ശരിയാണ് - താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ അവിടെ ഇങ്ങിനെയുള്ള പട്ടികൾ കയറിയിരിക്കുമെന്ന് -

പക്ഷേ ഈ പട്ടിക്ക് ആളും തരവും തെറ്റി.

സുശീലയുടെ തെറിയഭിഷേകത്തിനു മുന്നിൽ പതറി പോയ പുഷ്പൻ തിരിഞ്ഞു നടക്കുമ്പോഴെക്കും ഒരു കവർ പറന്നു വന്ന് അവന്റെ മുന്നിൽ വീണു.

"കൊണ്ടുപോയി കൊട്ക്ക് നിന്റെ അച്ചിയ്ക്ക് ഈ ബർത്ത്ഡെഗിഫ്റ്റ് "

ശശാങ്കൻ ഒന്നും മനസ്സിലാവാതെ സുശീലയെ നോക്കി.

" നിങ്ങൾ എന്റെ ജന്മദിനം മറന്നെങ്കിലും ഇവൻ മറക്കാതെ, എനിക്ക് സമ്മാനം കൊണ്ടുവന്നതാ ആ കിടക്കുന്നത്. "

" പാവം"

ശശാങ്കൻ പുഞ്ചിരിയോടെ സുശീലയെ നോക്കി -

"ടാ പുഷ്പാ ക്ഷീണം മാറ്റിയേച്ചു പോടാ - സുശീല വെച്ച നല്ല കോഴിക്കറീം അപ്പവുമുണ്ട്''

നിലത്ത് വീണ് ചിതറിയ ഡ്രസ്സുമെടുത്ത് പതർച്ചയോടെ നടന്നകലുന്ന പുഷ്പനെ നോക്കി, ശശാങ്കൻ അത് പറഞ്ഞപ്പോൾ സുശീലയുടെ കണ്ണിൽ തീയാളി.

" ഇത്രേം ഞാൻ വായിട്ടലച്ചിട്ടും നിങ്ങൾക്കൊരു കുലുക്കവുമില്ലല്ലോ മനുഷ്യാ "

ശശാങ്കൻ ചിരിയോടെ സുശീലയെ പിടിച്ചു മടിയിലിരുത്തി.

"കണ്ട പാമ്പും പഴുതാരയും പട്ടിയും വന്നെന്ന് വെച്ച് ഞാൻ എന്തിനു കുലുങ്ങണം?"

ശശാങ്കന്റെ ചോദ്യം കേട്ട് ഒന്നും മനസ്സിലാവാതെ സുശീല അയാളെ നോക്കി -

" വരുന്നത് എന്റെ സുശീലയുടെ അടുത്തേക്കാണെന്ന് അവറ്റകൾക്കറിയില്ലല്ലോ?"

"ഓ - പിന്നേ- "

സുശീല ശശാങ്കനെ നോക്കി മുഖം വീർപ്പിച്ചു.

" എന്നിട്ടാണ് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഞാൻ കളിച്ച നാടകം കണ്ട് കരയണോ, നെഞ്ചടത്തിക്കണോ, അതോ മരിക്കണമെന്നോ ഒരു നിശ്ചയമില്ലാതെ വിറങ്ങലിച്ചു ശശാങ്കൻ ചേട്ടനിരുന്നത്?

ശശാങ്കൻ സുശീലയെ നെഞ്ചോടമർത്തി പിടിച്ചു ചുണ്ടുകൾ ആ-കാതോരം ചേർത്തു -

" അല്ലെങ്കിലും സ്വന്തം പ്രാണൻ പോകുമെന്നറിയുമ്പോൾ,ആർക്കായാലും ഇങ്ങിനെ വിറയുണ്ടാകും - കേട്ടോടീ-ശശാങ്കന്റെ പെണ്ണേ ?"

മറുപടിയായ് ശശാങ്കന്റെ ചുണ്ടിലേക്ക് തന്റെ നെറ്റി ചേർക്കുമ്പോൾ സുശീലയുടെ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പുകയായിരുന്നു

മക്കളിലെങ്കിലും പരസ്പരം മക്കളായി തീരുന്ന അപൂർവ്വ നിമിഷങ്ങളുടെ സന്തോഷക്കണ്ണീരായിരുന്നു സുശീലയുടെ മിഴികളിൽ നിന്ന് കുത്തിയൊഴുകി കൊണ്ടിരുന്നത്.


By Santhosh Appukkuttan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot