"എടോ തന്നെ ഞാൻ സ്നേഹിച്ചു പോവുന്നുണ്ടോന്നൊരു സംശയം"
"വേണ്ട ഞാൻ ആദ്യമേ പറഞ്ഞതാണ് സ്നേഹിക്കാരുതെന്നു."
"സോറി ഡാ "
"ഇതാ , നിങ്ങള് പെണ്ണുങ്ങളുടെ കുഴപ്പം
ഇത്തിരി നല്ലോണം പെരുമാറിയാൽ വിചാരിക്കും സ്നേഹമാണെന്നു"
" ശരിയാ , ഞങ്ങൾക്ക് സ്നേഹിക്കാനെ അറിയത്തുള്ളൂ"
"അതൊക്കെ ചുമ്മാതാ, നിങ്ങൾക്ക് പറ്റിക്കാനും അറിയൊക്കെ ചെയ്യാം".
"പറ്റിക്കാനും നിന്റെ കൂടെ ഒളിച്ചോടാനും ഒന്നുമല്ല , സ്നേഹം തോന്നി അത്രയേയുള്ളൂ."
"നീ ഒരു നല്ല ചായയിട്, നല്ല തലവേദന"
"ഉം "
"നിനക്ക് എന്നെ കെട്ടികൂടെ"
"പറ്റില്ല മോളെ ഒരു കമ്പനി അടിക്കാൻ നീ മതി, പക്ഷേ എന്റെ വീട്ടിലേക്ക് കൂട്ടാൻ അടക്കവും ഒതുക്കവും നല്ല ശാലീനതയുള്ള പെണ്ണ് മതി."
"അയ്യോടാ , മോൻ കൊള്ളാലോ
ചായ തന്നത്താൻ ഉണ്ടാക്കി കുടിക്ക്"
" ചതിച്ചോ , അനൂ നീ ഉണ്ടാക്കുന്ന ചായയുടെ കടുപ്പം എനിക്ക് പാകമാണ്. "
"നിനക്ക് പാകത്തിലുള്ള കടുപ്പമുള്ള ചായ കുടിക്കാൻ , റിലാക്സ് ചെയ്യാൻ ഞാൻ വേണം. എന്നിൽ നിന്ന് ഒരു ഫാമിലി ലൈഫ് നീ ആഗ്രഹിക്കുന്നില്ല അല്ലേ , നന്നായി നീരജ് . കേൾക്കാൻ സുഖമുള്ള വാക്കുകൾ നീ പറഞ്ഞു. എനിക്ക് പറ്റാത്ത കടുപ്പത്തിലുള്ള വാക്കുകൾ."
പറഞ്ഞു തീർന്നതും എന്റെ കണ്ണിൽ നിന്നും കുടു കുടാ വെള്ളം ചാടി.
"കരയുന്നോ നീ,
എന്തിനു മുത്തേ, നിന്നെയല്ലാതെ വേറെയാരെയും ഞാൻ കെട്ടത്തില്ല."
"പിന്നെ ഇപ്പോൾ പറഞ്ഞത്"
"നിന്റെ റിയാക്ഷൻ അറിയാൻ വേണ്ടിയല്ലേ.
നിന്നോട് എനിക്കും സ്നേഹം തോന്നി തുടങ്ങിയിരിക്കുന്നു അനൂ".
അവൻ എന്നെ മാറോടണച്ചു.
"നിന്റെ തലവേദന , ഞാൻ ചായയിട്ട് കൊണ്ടു വരാം."
"വേണ്ട , നീ ഇപ്പോൾ എന്റടുത്തുന്നു എവിടേയ്ക്കും തെറ്റണ്ട. ചേർന്നു നിന്ന് നെറ്റിത്തടം ഒന്നു മസ്സാജ് ചെയ്താൽ മതി."
"അനൂ "
"ഉം"
"നിന്നെ ഞാൻ തിന്നട്ടെ"
"ഇപ്പോഴോ"
"ഉം"
"വേണ്ട മോനെ വേണ്ട
മോൻ നല്ല ഒരു താലി പണിയിച്ചിട്ടു വാ , അച്ഛന്റെ അമ്മയുടെയും മുന്നിൽ വെച്ച് എനിക്ക് കെട്ടിത്താ"
"നീ എന്തൊരു പഴഞ്ചനാണ് അനൂ"
"ആയിക്കോട്ടെ , എന്റെ സേഫ്റ്റി എനിക്ക് നോക്കണം നീരജ്
നീ ഇപ്പോൾ പറഞ്ഞില്ലേ , നിനക്ക് അടക്കവും ഒതുക്കവുമുള്ള ഭാര്യയെ ആണ് വേണ്ടതെന്നു.
അതിൽ നിന്ന് കുറെ കാര്യങ്ങൾ മനസ്സിലായി"
"എടീ പൊട്ടിപെണ്ണേ അത് വെറുതെ പറഞ്ഞതാണ്"
"അല്ല , വെറുതെയല്ല നിന്റെ മനസ്സാണ് അതിനുള്ളിൽ ".
" നീ എന്നെ കല്യാണം കഴിക്കേണ്ട നീരജ്"
"നിനക്ക് എന്താ ഭ്രാന്തുണ്ടോ, സ്‌നേഹന്നു പറയുക കെട്ടുമോന്ന് ചോദിക്കുക, കെട്ടൂന്നു പറയുമ്പോ വേണ്ടെന്ന്. ഇത് തലയ്ക്ക് വെളിവില്ലാത്ത വർത്തമാനമാണ്."
ഞാൻ ഒന്നും പറയാതെ അടുക്കളയിൽ പോയി ചായ വെച്ചു രണ്ടു കപ്പിൽ പകർന്നു. അവനും എനിക്കും.
"എന്റെ വാക്കുകൾ നിന്നെ വേദനിപ്പിച്ചോ അനു കുട്ടി"
"വേദനിപ്പിച്ചു ആദ്യം, പിന്നെ ചിന്തിപ്പിച്ചു."
"സാരമില്ല വിട്ടേക്ക് , നാളെ ഞാൻ നാട്ടിലേക്ക് പോവും , വീട്ടിൽ നിന്റെ കാര്യം അവതരിപ്പിക്കും . സന്തോഷമായോ നിനക്ക്" .
"സന്തോഷമാവുന്നുണ്ട് നീ എന്റെ മനസ്സറിയുന്നത് കണ്ടപ്പോൾ എന്നെ ചേർത്തു പിടിച്ചപ്പോൾ. നിന്നെ എനിക്ക് പിരിയാൻ തോന്നുന്നില്ലെടോ."
ഞാൻ പോട്ടെ , നാളെ രാത്രിയത്തെ ബസിനു നാട്ടിലേക്ക് പോവും. നിന്റെ വിദേശത്തുള്ള പപ്പയോടും മമ്മയോടും സൂചിപ്പിച്ചേക്കൂ. "
"എപ്പോൾ മടങ്ങി വരും "
"രണ്ടാഴ്ച്ച കഴിഞ്ഞു വരും"
"അത്രയും ദിവസം ഞാൻ തനിച്ചല്ലേ ഈ ഫ്ലാറ്റിൽ"
"ദിവസങ്ങൾ പെട്ടെന്ന് കടന്നു പോകും. ഞാൻ എന്നും വിളിച്ചോളാം."
അവൻ പോയി . അവനു നൈറ്റ് ഷിഫ്റ്റ് ആണ് എനിക്ക് ഡേയും . നാളെ ഞാൻ പോയി വരുമ്പോഴേക്കും അവൻ നാട്ടിലേക്ക് പോവാൻ തുടങ്ങിയിട്ടുണ്ടാവും.
സൗഹൃദം എത്ര പെട്ടെന്നാണ് പ്രണയത്തിന് വഴിമാറിയത്.
ഇങ്ങനെയൊക്കെ തോന്നാൻ പാടുണ്ടായിരുന്നോ. തനിച്ചു താമസിക്കുന്ന എനിക്ക് അവനെ കൂടെ ഇവിടെ അകോമോഡറ്റ് ചെയ്യാമൊന്നു ചോദിച്ചത് മമ്മ തന്നെയാണ്. മറ്റൊരു സ്ഥലം റെഡി ആയാൽ മാറിക്കോളും . മമ്മയുടെ ബാല്യ കാല സുഹൃത്തിന്റെ മകനാണ്. ഞങ്ങൾ തമ്മിൽ പ്രണയം വന്നാലും കെട്ടിക്കാമെന്നു കരുതിയിട്ടുണ്ടാവും അല്ലാതെ മരിയ്ഡ് അല്ലാത്ത ഒരാളെ കൂടെ താമസിപ്പിക്കാൻ മമ്മ പറയുമോ അതോ ഞാൻ ഇങ്ങനെയൊന്നു ചിന്തിക്കില്ലെന്നുള്ള ഓവർ കോണ്ഫിഡൻസ് കൊണ്ടോ. എന്നിൽ അവർക്കുള്ള വിശ്വാസം ഞാൻ തകർത്തോ.
കൂടുതൽ ചിന്തിച്ചു കാട് കയറാൻ വയ്യ. എന്റെ മനസ്സിലെ ആഗ്രഹം പപ്പയോടും മമ്മയോടും പറയാം.
നീരജിന്റെ ഭാര്യയായുള്ള ജീവിതം സങ്കൽപ്പിച്ചു തുടങ്ങി...
നാട്ടിൽ പോയ അവൻ മടങ്ങിയെത്താൻ താമസിച്ചു. ഉള്ളുപിടയുന്നു
എന്നും വിളിക്കാമെന്നു പറഞ്ഞ ആൾ ആഴ്ചയിൽ രണ്ടു വട്ടം മെസ്സേജ് ചെയ്താൽ ആയി.
എനിക്ക് കരച്ചിലും ദേഷ്യവും ഒക്കെ വന്നു
അവൻ എന്നെ പറ്റിക്കയാണോ?
*****
"നീരജ് നീ എന്താ എന്റെ ചോദ്യത്തിന് മറുപടി പറയാത്തത്.
നിന്റെ വിവാഹം ഞങ്ങൾ ഉറപ്പിക്കട്ടെ"
"ഞാൻ അറിയാതെ എന്തിനു അച്ഛൻ വാക്ക് കൊടുത്തു"
"പറ്റിപോയി മോനെ "
"ഞാനും വാക്ക് കൊടുത്തു അനുവിന്. അവളെ നിങ്ങൾക്കൊക്കെ ഇഷ്ടമാവുംന്നാ ഞാൻ കരുതിയെ. പാവത്തിന് ഞാൻ പ്രതീക്ഷ കൊടുത്തു"
"അനു വിനു കാര്യം പറഞ്ഞൽ മനസ്സിലാവും.
അവൾ പുറത്തൊക്കെ പഠിച്ച കുട്ടിയല്ലേ ജീവിക്കുന്നത് ബാംഗ്ലൂര് സിറ്റി യിലും പ്രേമവും ഇഷ്ടവുമൊക്കെ അവൾക്ക് പെട്ടെന്ന് മറക്കാൻ പറ്റും"
"അച്ഛനെന്താ പറയുന്നേ , പുറത്തു പഠിചവർക്കും ജീവിക്കുന്നവർക്കൊന്നും വേദനയും സന്തോഷവും ഒന്നുമില്ലെന്നാണോ അതോ ബന്ധങ്ങൾക്ക് വില കല്പിക്കാത്തവരാണെന്നോ."
"അച്ഛൻ ഉദ്ദേശിച്ചത് ഇങ്ങനെയല്ല.
കുറച്ചുകൂടെ ലോകം കണ്ട പരിചയം ണ്ടാവുംന്നാണ്. നിന്നെ നഷ്ടപ്പെട്ടാൽ അതിന്റെ മേൽ കടിച്ചു തൂങ്ങി സങ്കടപ്പെട്ടിരിക്കില്ലെന്നാണ്."
"ആയിരിക്കാം ; അവളെ വേദനിപ്പിക്കാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. ഞാൻ നാളെ തന്നെ തിരിച്ചു പോവുകയാണ്. അനുവിനെ ഈ വീട്ടിലേക്ക് സ്വീകരിക്കാൻ നിങ്ങൾക്ക് പറ്റുമെങ്കിൽ വിവരം അറിയിക്ക്."
******
കാളിങ് ബെൽ അടിഞ്ഞു.
ഞാൻ എഴുന്നേറ്റ് വാതിൽ തുറന്നു.
"നീരജ്"
അവനെ കണ്ടതും എന്റെ ശബ്ദമുയർന്നു.
അവൻ ഉള്ളിലേക്ക് കയറി. വാതിൽ ലോക്ക് ചെയ്ത് ഞാനും.
"നീ എന്താ പ്രേതത്തിനെ പോലെ ഇരിക്കുന്നെ . കുളിയും ഓഫീസിൽ പോക്കൊന്നും ഇല്ലെ "
മറുപടിയായി കണ്ണുനീർ കണങ്ങൾ മാത്രമേ നൽകാൻ ഉണ്ടായിരുന്നുള്ളൂ.
"എന്തേ , നിനക്ക് വല്ല അസുഖവും? ഹോസ്പിറ്റലിൽ പോണോ"
"വേണ്ട, നിന്നെ കണ്ടപ്പോൾ എന്റെ ജീവൻ തിരികെ ശരീരത്തിൽ വന്നു."
"അനൂ..."
അവൻ എന്നെ ചേർത്തു പിടിച്ചു.
ഞാൻ അവന്റെ മാറിൽ മുഖമമർത്തി സങ്കടം മുഴുവൻ കരഞ്ഞു തീർത്തു.
പുഴ കടലിൽ ഒഴുകി എത്തിയാലെന്ന പോലെ ഒരാശ്വാസം തോന്നി...
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക