Slider

മരിച്ചവർ ജീവിച്ചിരിക്കുമ്പോൾ

0


സൂര്യൻ്റെ കന്യാകിരണങ്ങൾ മുഖത്ത് പതിയാൻ അവൾ മുഖം ഉയർത്തി. വെളിച്ചം വന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നോള്ളൂ. രാത്രി പകലിന് പൂർണമായും കീഴടങ്ങിയിട്ടുണ്ടായിരുന്നില്ല. ചക്രവാള സീമകളിൽ കുങ്കുമ ചൂര്‍ണ്ണം വാരി വിതറിയ പ്രതീതി. ആകാശത്ത് ഇടതിങ്ങിയ ചാര മേഘങ്ങൾ അനവധി. മാനഭംഗപെട്ട ഗംഗക്ക് അഗാധമായ കറുപ്പായിരുന്നില്ല. നീലയുമായിരുന്നില്ല. ഗംഗക്ക് നരച്ച നിറമായിരുന്നു. മൃതശരീരങ്ങളെ പുതപ്പിക്കുന്ന ആടയിലെ ഏറ്റക്കുറച്ചിലുകൾക്ക് സമാനമായി ചെറിയ ഓളങ്ങൾ താളം തല്ലുന്നുണ്ടായിരുന്നു.
ഭൂജലത്തിൻ്റെയും മാലിന്യങ്ങളുടെയും ചാരനിറമുള്ള ഈ സങ്കലനത്തിനെ ഗംഗ എന്ന് വിളിക്കാമോയെന്നവൾ ഒരു വേള ശങ്കിച്ചു.

വാരണാസി പക്ഷേ എത്രയോ നേരത്തേ ഉണർന്നു കഴിഞ്ഞിരുന്നു. അവളുടെ കൈവശം രണ്ട് വസ്‌തുക്കളുണ്ടായിരുന്നു. ഒരു കനോൻ EOS 1DX ക്യാമറ, അത് അവളുടെ കഴുത്തിൽ തൂക്കിയിട്ടിരുന്നു. മറ്റൊന്ന്, ഒരു ചെമ്പിൻ്റെ അസ്ഥി കലശമായിരുന്നു. അവൾ കലശം മെല്ലേ തലോടി. കലശത്തിൻ്റെ ശൈത്യം അവളുടെ കൈവിരലുകളിൽ കൂടി ഇരച്ചു കയറുന്നതായി അവൾക്ക് തോന്നി. അവൾ ഇരുന്ന മണികർണികാ ഘട്ടിൻ്റെ പടവുകൾ പതുകെ പതുകെ മനുഷ്യരെയും നാൽക്കാലികളെയും കൊണ്ട് നിറഞ്ഞു തുടങ്ങിയിരുന്നു. നദിയിൽ ചെറുതും വലുതുമായ വള്ളങ്ങൾ നീങ്ങുന്നുണ്ടായിരുന്നു. ചിലതിൽ നിറയെ വിനോദസഞ്ചാരികൾ, മറ്റു ചിലതിൽ ചിതക്കുള്ള വിറകുകൾ അടുക്കി വെച്ചിരിക്കുന്നു.

ഒരാഴ്ച്ച മുമ്പ് ഇവിടെ വന്നിറങ്ങിയപ്പോൾ വാരണാസി അവൾക്കൊരു ആഘാതമായിരുന്നു. മരണത്തിന് നിറത്തിലും ഗന്ധത്തിലും ഇത്രയേറെ വൈവിധ്യങ്ങളുണ്ടെന്ന തിരിച്ചറിവ് അവളെ കുറച്ചൊന്നുമല്ല സ്തംഭിതയാക്കിയത്. ഇവിടെ ജീവിതത്തേക്കാൾ പ്രാധാന്യമുണ്ട് മരണത്തിന് - മരണം കച്ചവടമാണ് , ആഘോഷമാണ്, ജീവിതരീതിയാണ്, ഉപജീവനമാർഗ്ഗമാണ്. ഒരോ ദിവസവും മരണത്തെ ചുറ്റിപറ്റി തുടങ്ങുന്നു മരണത്തെ ചുറ്റിപറ്റി സമാപിക്കുന്നു. ജീവിതത്തെ കുറിച്ചോർക്കുന്നവർ വളരെ വിരളം. ഇവിടത്തെ അമ്പലങ്ങളിൽ പോലും മരിച്ചവർക്ക് വേണ്ടിയാണ് കൂടുതൽ പ്രാർത്ഥനകളും നടക്കുന്നതെന്ന് തോന്നിപ്പോകും.

മരിച്ചവർ ക്യൂ "നിൽക്കുന്ന" ഒരേയൊരിയിടവും ഒരുപക്ഷേ ഇവിടെയായിരിക്കും. മുള മഞ്ചലിൽ, വെള്ള പുതപ്പിന് മീതേ പിംഗല വര്‍ണ്ണമുള്ള ആടയാൽ മൂടപെട്ട്, ജമന്തിപ്പൂ മാലയുമണിഞ്ഞ് , ഗംഗയിൽ മുങ്ങി പാപ ഭാരമൊഴിഞ്ഞ് , മരിച്ചവർ "ക്ഷമയോടെ" കൽപടവുകളിൽ തങ്ങളുടെ ഊഴവും കാത്ത് കിടക്കുന്നു. ശരീരം ഉണങ്ങുമ്പോൾ പിന്നെ ചിതയിലേക്ക്. ഒരോരുത്തർക്കും മൂന്ന് മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ടാവും. അതിനുള്ളിൽ എരിഞ്ഞടങ്ങിയില്ലെങ്കിൽ പിന്നെ നദിയിലേക്ക് വലിച്ചെറിയപ്പെടും.

ദൃശ്യ സമ്പന്നമാണ് വാരണാസി. അണയാത്ത ചിതകളിൽ നിന്നും ചീറിക്കൊണ്ട് രക്ഷപെടുന്ന അഗ്നിസ്ഫുലിംഗങ്ങൾ, തീക്ഷണമായ അന്തരീക്ഷ വായുവിൽ തടവിലായ ധൂമപടലങ്ങൾ, പുകമറയിൽ കൂടിയുള്ള വ്യക്തവും അവ്യക്തമായ കാഴ്ചകൾ, നദിയിൽ ഒഴുകി നടക്കുന്ന ശരീരങ്ങളും ശരീരഭാഗങ്ങളും, അവ ഭക്ഷിക്കാൻ വട്ടമിട്ട് പറക്കുന്ന കഴുകന്മാർ , അവക്കിടയിലൂടെ നീങ്ങുന്ന വള്ളങ്ങൾ, ഉപേക്ഷിക്കപ്പെട്ട പൂമാലകൾ ഭക്ഷിക്കുന്ന ഗോക്കൾ, ഗംഗയിൽ മുങ്ങി നിവരുന്ന ജീവിച്ചിരിക്കുന്നതും മരിച്ചതും മരിക്കാൻ പോകുന്നതുമായ മനുഷ്യശരീരങ്ങൾ.......

"ദേവ് പറയുന്നത് എത്ര ശരിയാണ്. ഛായാചിത്രങ്ങൾ കൊണ്ട് മാത്രം വാരണാസിയുടെ കഥ പറയാൻ സാധിക്കും. ഇറ്റ് ഈസ് സോ വേരി ഫോട്ടോജനിക്." അവൾ ഓർത്തു.

ശബ്‌ദമുഖരിതമാണ് എപ്പോഴും വാരണാസി. നിലക്കാത്ത മന്ത്രോച്ചാരണങ്ങൾ, അമ്പലമണികളുടെ ആരവങ്ങൾ, പാതി വെന്ത മാംസത്തുണ്ടുകൾക്ക് വേണ്ടി കലഹിക്കുന്ന ചാവാലിപ്പട്ടികളുടെ കുരകൾ, ആള്‍ക്കൂട്ടനിടയിലും നിർഭയം മേയുന്ന നാല്‍ക്കാലികളുടെ അമറലുകൾ, കൂട്ടം കൂടിയ കുരങ്ങന്മാരുടെ ചലപിലകൾ, ചെണ്ട മേളങ്ങൾ, ഹിന്ദുസ്ഥാനി സംഗീതവും സിത്താരിൻ്റെ മധുരധ്വനികളും .......

സാമ്പ്രാണി തിരിയുടെയും, കർപ്പൂരത്തിൻ്റെയും, കത്തുന്ന പച്ച മാംസത്തിൻ്റെയും, ചാണകത്തിൻ്റെയും, വാടിയ ജമന്തിപ്പൂക്കളുടെയും തീവ്ര ഗന്ധങ്ങൾ കൊണ്ട് നിറഞ്ഞ, വൈരുദ്ധ്യങ്ങളുടെ വാരണാസി.

സ്വർഗത്തിലേക്കുള്ള ഭൂമിയുടെ പടിപ്പുര ഇതായിരുന്നോ? ഇങ്ങനെയായിരുന്നോ?

ദേഹത്തിൽ നിന്നും വേർപെടുന്ന ദേഹികളെ കൊണ്ട് ഇവിടെത്തെ അന്തരീക്ഷം ഭാരമുള്ളതായിരിക്കുന്നു. അവൾ കലശം മാറോട് ചേർത്തു പിടിച്ചു.

"ബേട്ടി...."

ശബ്ദം കെട്ടവൾ തിരിഞ്ഞപ്പോൾ അദ്ദേഹം അവളെ നോക്കി സൗമ്യദീപ്തമായി ചിരിക്കുകയായിരുന്നു. ക്ഷീണിച്ചതെങ്കിലും ശാന്തത തളം കെട്ടി നിൽക്കുന്ന കണ്ണുകൾ. താടിയും അധികമൊന്നും കഷണ്ടി കയറാത്ത തലമുടിയും നരച്ചിരിക്കുന്നു. ഇളം പച്ച നിറത്തിലുള്ള ജുബ്ബയും വെള്ള ധോത്തിയുമാണ് അദ്ദേഹം ധരിച്ചിരുന്നത്. അദ്ദേഹത്തിന് പഴയൊരു ബംഗാളി നടൻ്റെ ഛായ ഉണ്ടെന്ന് അവൾക്ക് തോന്നി.

അവൾ ഒന്നും പറയാതെയിരുന്നത് കൊണ്ടാകാം അദ്ദേഹം തുടർന്നു, "എന്തോ ആശങ്കയുണ്ടെന്ന് തോന്നുന്നുവല്ലോ കുട്ടീ. കുറച്ചു ദിവസമായി ഞാൻ നിങ്ങളെ ശ്രദ്ധിക്കുന്നു. എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നോട് ചോദിക്കാം. ഏറെ വർഷങ്ങളായി ഞാൻ ഇവിടെയാണ്. അറിയാവുന്നത് പറഞ്ഞു തരാൻ എനിക്ക് സന്തോഷമേയുള്ളൂ."

"ഇല്ല ... ഞാൻ ......അത് അത്രക്ക് പ്രകടമായിരുന്നോ എൻ്റെ മുഖത്ത്?"

"മുഖം മനസ്സിൻ്റെ കണ്ണാടിയായി കൊണ്ട് നടക്കുന്നവർ ഇന്നിപ്പോൾ വളരെ വിരളമല്ലേ. അതല്ല , കുറച്ച് ദിവസമായി കാണുന്നു ഈ കലശവുമായി കുട്ടിയിങ്ങനെ ഇവിടെ. അത് കൊണ്ട് ചോദിച്ചുവെന്നേയുള്ളൂ. പറയാൻ വിരോധമില്ലെങ്കിൽ കേൾക്കാൻ താല്‍പര്യമുണ്ട്."

വിനോദസഞ്ചാരികളെ കൊണ്ടു വന്ന ബോട്ടിൽ നിന്നും പെട്ടന്ന് ഒരു നിലവിളി ഉയർന്നപ്പോൾ അവർ രണ്ടുപേരും അങ്ങോട്ടേക്ക് നോക്കി. ഒഴുകി നടന്നൊരു ശവശരീരം കണ്ടാരോ ഞെട്ടിയതാണ്. ആദ്യ ദിവസങ്ങളിൽ അവളും ഇങ്ങനെ ഞെട്ടിയിരുന്നു, നിലവിളിക്കാതിരിക്കാനുള്ള സംയമനം അവൾ പാലിച്ചെന്ന് മാത്രം.

"എനിക്ക് ഒരു തീരുമാനമെടുക്കാൻ പറ്റുന്നില്ല." കലശം മൂടിയിരുന്ന ചുവന്ന പട്ട് തുണി തലോടി കൊണ്ടവൾ തുടർന്നു, "ദേവിൻ്റെ ഒരുപാട് സ്വപ്നങ്ങളിൽ ഒന്നാണ് വാരണാസി ബേസ് ചെയ്തൊരു പ്രാജെക്റ്റ്. ഹി ഈസ് എ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ യു സീ. മരണത്തിൻ്റെ നിറഭേദങ്ങൾ - ദി കളർഫുൾ ഷേഡ്സ് ഓഫ് ഡെത്ത് , അതാണ് അവൻ കണ്ടു വെച്ച പേര്."

"ദേവ് ...?"

"ദേവ് ..... ദേവേഷ്. എന്നേക്കാൾ മൂന്ന് മിനിറ്റ് ലോക പരിചയം കൂടുതലുണ്ടെന്ന് പറയുന്നവൻ. അതേ കാരണത്താൽ അമ്മയുണ്ടാകുന്ന പലഹാരത്തിൽ നിന്നും ഒരണ്ണം എന്നും അവൻ കൂടുതൽ എടുക്കും. അവനിപ്പോൾ ഇതിനുള്ളിൽ ......." അവൾ കലശം ചൂണ്ടികൊണ്ട് പറഞ്ഞു. "ഈ ക്യാമറയും അവൻ്റെതാണ് ."

"ദേവേഷിനെ കുറിച്ച് പറയുമ്പോൾ ക്രിയാപദങ്ങളുടെ കാലഭേദം വർത്തമാനമാണെല്ലോ കുട്ടീ?"

"മരിച്ചു എന്നു വെച്ചാൽ അവൻ ഇല്ലാതായി എന്നാണോ ദാദാ? ജീവിതത്തിൻ്റെ നിർവചന പരിധിക്കുള്ളിൽ നിന്നും അവൻ പുറത്തു കടന്നു എന്നേ ഞാൻ കരുതുന്നുള്ളു. ഹീ വാസ് , ഹീ ഇസ് ആൻഡ് ഹീ വിൽ ആൽവേസ് ബീ."

അവളുടെ കണ്ണുകൾ നീറി തുടങ്ങി. കൂട്ടം പിരിഞ്ഞൊരു കുരങ്ങൻ അദ്ദേഹത്തിൻ്റെ അടുത്ത് വന്നിരുന്നു. അദ്ദേഹം ജുബ്ബയുടെ കീശയിൽ നിന്നും ഒരു പിടി കപ്പലണ്ടി അതിനു നേരേ നീട്ടി. അവയോരോന്നും നുള്ളിപ്പെറുക്കി കഴിച്ചു കൊണ്ട് അത് അവിടെ അവരുടെ അടുത്ത് തന്നെയിരുന്നു.

"ചില ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാവില്ല കുട്ടീ. മറ്റു ചിലതിന് ഒട്ടനേകം ഉത്തരങ്ങൾ ഉണ്ടാക്കുകയും ചെയ്യും. നമ്മുടെ യുക്തിക്ക് സ്വീകാര്യമായയൊന്ന് നമ്മുക്ക് തിരഞ്ഞെടുക്കാം. അതേ നിവർത്തിയുള്ളൂ."

"ആഭ. അതാണ് എൻ്റെ പേര് . താങ്കൾ എങ്ങനെ ഇവിടെ....?"

"എൻ്റെ മകൻ ഇവിടെയുണ്ട്. അവൻ വിളിക്കുന്നതും കാത്തിരിക്കുകയാണ് ഞാൻ. സമയമാവുമ്പോൾ അവൻ വരും."

"മകൻ....."

"എട്ട് വർഷം മുമ്പ് ഇവിടെ ഒരുങ്ങിയൊരു ചിത അവൻ്റെയായിരുന്നു." അദ്ദേഹം ആ കുരങ്ങൻ്റെ തലയിൽ മെല്ലേ തലോടി. അത് പറയുമ്പോഴും അദ്ദേഹത്തിൻ്റെ മുഖത്ത് നിന്നും ആ പുഞ്ചിരി മാഞ്ഞിരുന്നില്ല. സങ്കടത്തിൻ്റെ കടലാഴങ്ങൾ പക്ഷേ ആ പുഞ്ചിരിക്ക് പിന്നിൽ ഒളിച്ചിരിക്കുന്നത് അവൾ കണ്ടു.

"മകൻ വിളിക്കാൻ വരുമെന്ന് താങ്കൾക്ക് ഉറപ്പാണോ?", മരണത്തിൻ്റെ പ്രകരണത്തിൽ, പ്രതീക്ഷയെന്ന ചേതോവികാരത്തിന് അവളുടെ മനസ്സിൽ വലിയ അർത്ഥങ്ങളൊന്നും ഉണ്ടായിരുന്നില്ല.

"ഈ നിമിഷം അകത്തേക്കെടുത്ത ശ്വാസം അടുത്ത നിമിഷം പുറത്തേക്ക് വിടാൻ പറ്റുമെന്ന് നമ്മൾക്ക് ഉറപ്പ് പറയാനാകുമോ? ഉറപ്പല്ല ആഭാ, എൻ്റെ വിശ്വാസമാണ്. ഒരച്ഛനും മകനെ സ്നേഹിച്ചിട്ടില്ലാത്തത് പോലെ , മകനെ സ്നേഹിച്ച ഒരച്ഛൻ്റെ വിശ്വാസം."

ചിതകളിൽ നിന്നുയരുന്ന ധൂമപടലങ്ങൾ അമ്പലമണികളുടെ ആരവങ്ങളിൽ അലിഞ്ഞ് നെഞ്ചിനുള്ളിൽ ഒരു വിങ്ങലായി ഉരുണ്ട് കൂടുന്നത് അവൾക്ക് അനുഭവപെട്ടു.

"എല്ലാരും പറയുന്നു.... ദേവിൻ്റെ ചിതാഭസ്മം ഇവിടെ ഒഴുക്കണമെന്ന്. അവന് മോക്ഷം കിട്ടുമത്രേ. എന്തിൽ നിന്നാണ് അവന് മോക്ഷം വേണ്ടത്? ജീവിതത്തെ ഒരുപാട് സ്നേഹിച്ചയവന് ഇവിടെ നിന്നും എങ്ങും പോകാൻ ഇഷ്ട്ടമല്ലെങ്കിലോ? ഒരുപക്ഷേ മറ്റൊരു ജന്മം അവൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ?"

"ആഭാ, നീ ഈ കാണുന്നതൊക്കെ ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയാണ് കുട്ടീ. ഈ ചിതകളും മന്ത്രോച്ചാരണങ്ങളും പൂജാവിധികളും മണിമുഴക്കങ്ങളും ... എല്ലാം. പ്രത്യക്ഷത്തിൽ നമ്മൾക്ക് അങ്ങനെ തോന്നുന്നില്ലന്നേയുള്ളു. ഇതൊക്കെ ജീവിച്ചിരിക്കുന്നവരിൽ പര്യവസാനത്തിൻ്റെ വിത്തുകൾ പാകും. വരാനിരിക്കുന്ന നാളകളെ അഭിമുഖീകരിക്കാൻ സജ്ജമാക്കും. പ്രിയപെട്ടവരുടെ മനസ്സിൽ വിയോഗം സമ്പൂർണമാകുമ്പോൾ മാത്രമേ മരിച്ചവരുടെ മോക്ഷപ്രയാണം ആരംഭിക്കുകയുള്ളു. അല്ലെങ്കിൽ മരിച്ചവർ ജീവിച്ചിരിക്കും."

കപ്പലണ്ടി തിന്ന് തീർത്ത കുരങ്ങൻ, ഘട്ടിൻ്റെ അരികിലുള്ള പഴകിപ്പൊളിഞ്ഞ ഒരു ഗോപുരത്തിൽ സ്ഥാനമുറപ്പിച്ചു. അത് അവരെ തന്നെ നോക്കിയിരുന്നു.

"താങ്കൾക്ക് പര്യവസാനം കിട്ടിയോ?"

"നാളകൾ നഷ്ടപ്പെട്ടൊരു അച്ഛന് അതിൻ്റെ ആവശ്യമില്ല ആഭാ. അവൻ ഇവിടെ തന്നെയുണ്ട്. ആളിപ്പടരുന്ന ജ്വാലകളിൽ അവൻ്റെ നിഴൽചിത്രം ഞാൻ പലപ്പോഴും കാണാറുണ്ട്. അത് മതി എനിക്ക് ഇനിയുള്ള കാലം."

എവിടെ നിന്നോ ഒരു വൃദ്ധ പൊടുന്നനെ അവർക്കരികിൽ പ്രത്യക്ഷപ്പെട്ടു. അവളുടെ നേരേ കൈകൾ നീട്ടിയവർ ഭിക്ഷയാചിച്ചു. അവൾ കുറ്റബോധത്തോടെ തലയാട്ടി. ഒന്നും മിണ്ടാതെ, ഉടുത്തിരുന്ന മുഷിഞ്ഞ മഞ്ഞ സാരിയുടെ തലപ്പ്, തലവഴി മൂടിയവർ ആൾക്കൂട്ടത്തിനിടയിൽ നടന്ന് മറഞ്ഞു.

"ഞാൻ പേഴ്സ് എടുത്തില്ലായിരുന്നു ...", അവൾ പറഞ്ഞു.

"സാരമില്ല. ഓംകാരി ഇവിടെ തന്നെയുണ്ടാവും. വീട്ടുകാരൊക്കെ ഉപേക്ഷിച്ച്‌ പോയ ഒരു പാവം സ്ത്രീ. സ്വന്തം ശവദാഹത്തിന് വേണ്ടി പണം സംഭരിക്കുകയാണവർ. അല്ലെങ്കില്‍ കത്തിക്കാൻ വിറക്കില്ലാതെ വന്നാൽ അവർ ഈ നദിയിൽ ഒഴുകി നടക്കേണ്ടി വരും. കഴുകന്മാരും നായ്ക്കളും അവരെ കൊത്തി വലിക്കും."

"മരണാന്തരവും നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും തീരുന്നില്ല അല്ലേ? ചിലപ്പോൾ ഇതിൽ നിന്നാവും ശരിക്കുള്ള മോക്ഷം വേണ്ടത്. ദേവിനെ ഇവിടെ ഉപേക്ഷിക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. കൽകട്ടയിലെ എൻ്റെ കൊച്ചു ഫ്ലാറ്റിൽ എനിക്ക് കൂട്ടായി അവൻ ഇരുന്നോട്ടേ. എല്ലാ വർഷവും അവൻ്റെ ഓർമ്മ ദിവസം ഞാൻ ആഘോഷിക്കും. ഐ വിൽ ത്രോ എ പാർട്ടി ട്ടു സെലിബ്രേറ്റ് ദി ലൈഫ് ഹി ലവ്ഡ് സോ വേരി മച്ച് . എനിക്ക് അവനെ സന്തോഷത്തോടെ ഓർക്കണം. ഞാൻ ചെയ്യുന്നത് തെറ്റാണോ ദാദാ?"

"തെറ്റും ശരിയും ആത്മനിഷ്‌ഠമാണ് കുട്ടീ. വസ്‌തുനിഷ്‌ഠമായ തരം തിരിക്കല്‍ ഇവിടെ നിരര്‍ത്ഥമാണ്. ഞാൻ പറഞ്ഞില്ലേ , ഇതൊക്കെ നമ്മൾക്ക് വേണ്ടിയാണ്. നിനക്ക് ഹിതമെന്ന് തോന്നുന്നതാണ് നിൻ്റെ ശരി. അത് ചെയ്യുക."

"ഞാൻ ഇന്ന് തന്നെ മടങ്ങും. നമ്മൾ ഇനി കാണുമോയെന്നറിയില്ല. അങ്ങേക്ക് സന്തോഷങ്ങൾ നേരുന്നു. മകൻ്റെ സാമീപ്യം താങ്കൾക്ക് എന്നും എപ്പോഴും അനുഭവപ്പെടട്ടേ." അവൾ അയാളുടെ കരം ഗ്രഹിച്ചു കൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകളിൽ എന്തിനോ വേണ്ടി രണ്ട് തുള്ളി കണ്ണുനീർ ഉരുണ്ട് കൂടി തുളുമ്പാൻ വെമ്പി നിന്നു.

അദ്ദേഹം അവളുടെ ശിരസിൽ കൈ വെച്ചനുഗ്രഹിച്ചു,"കുട്ടിക്കും നന്മകൾ നേരുന്നു. നഷ്ടങ്ങളിൽ സന്തോഷം കണ്ടെത്താനുളള ഈ മനസ്സ് നിന്നോട് കൂടി എന്നും ഉണ്ടായിരിക്കട്ടേ. അപ്പോൾ ഇനി യാത്ര പറയുന്നില്ല."

പടവുകൾ കയറി പോകുന്ന ആ സാധു മനുഷ്യനെ അവൾ ഈറൻ മിഴികളോടെ നോക്കി നിന്നു. ആ മനുഷ്യനും അദ്ദേഹത്തിൻ്റെ ദുഃഖവും എന്തിന് തന്നെ ഇത്രയേറെ അസ്വസ്ഥമാക്കുന്നു എന്നവൾ ചിന്തിച്ചു. രണ്ട് അപരിചിതരെ തമ്മിൽ കോർത്തിണക്കുന്ന ആ അദൃശ്യ സ്നേഹചങ്ങല എന്താണ് ? ഒരേ സമയം ശിഥിലവും എന്നാൽ ശക്തവുമായത്?

പെട്ടന്ന് എവിടെനിന്നോ ഒരു കാറ്റുവീശി. പുകമറ നീങ്ങി കാഴ്ചകൾക്ക് വ്യക്തത ഏറി. നാലോ അഞ്ചോ വയസ് തോന്നിക്കുന്നയൊരു ബാലൻ ഒരു ചിതക്ക് തീ കൊളുത്തുന്നത് അവൾ കണ്ടു. അത് ആരായിരിക്കും അവൻ്റെ? മരണമുണ്ടാകുന്ന നഷ്ട്ടകടലിൻ്റെ ആഴവും പരപ്പും ഗ്രഹിക്കാൻ അവന് ആവുമോ? അറിയാതെ അവളുടെ ചുണ്ടുകൾ കുട്ടിക്കാലത്ത് കേട്ട് മറന്ന ഏതൊരു പ്രാർത്ഥനയുടെ വരികൾ ഉരുവിട്ടു.

"ഞാൻ അദ്ദേഹത്തിൻ്റെ പേര് ചോദിച്ചില്ലല്ലോ".

തിരിച്ചറിവിൻ്റെ ഞെട്ടലിൽ അവൾ കലശം മുറുക്കെ പിടിച്ചു കൊണ്ട് പടവുകൾ ഓടി കയറി. പക്ഷേ ആ മനുഷ്യൻ അപ്പോഴേക്കും വാരണാസിയുടെ ഇടുങ്ങി ഇരുണ്ട അനേകം തെരുവീഥികളിലൊന്നിൽ എവിടെയോ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു. സങ്കടത്തോടെ അവൾ പടവുകൾക്ക് മുകളിൽ നിന്നും എരിയുന്ന ചിതകൾക്ക് നേരെ നോക്കി.

അപ്പോഴും വാരണാസിയിലെ ഒരിക്കലും അണയാത്ത ചിതകളിൽ നിന്നും കറുപ്പും ചുവപ്പും ജ്വാലകൾ കെട്ടിപിണഞ്ഞ് മേൽപ്പോട്ടുയരാൻ മത്സരിച്ചുകൊണ്ടിരുന്നു. ഓരോ ചിതക്ക് മുകളിലും അവൾ അരൂപികളായ നിഴലുകളെ കണ്ടു. മറ്റൊരു ജന്മതീരം നിഷേധിക്കപ്പെട്ട ആത്മാക്കളുടേതാകാം അവയൊക്കെ.

ജയാ രാജൻ

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo