നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ടീച്ചറേ,ആ.ഭദ്രകാളിയോട് ഒന്നു പറയണേ


മൂന്നുതരം സംഭവങ്ങളാണ്. എല്ലാം ക്ലാസ് പിടി എ കളോട് ബന്ധപ്പെട്ടതിനാൽ ഒന്നിച്ച് പറയാം.

ഒന്ന്
▪️▪️▪️▪️▪️▪️
നാലാം ക്ലാസിലെ ക്ലാസ് പി ടി എ ആണ് രംഗം.
ഉച്ചക്ക് ശേഷമാണ് പി ടി.എ മീറ്റിംഗ് .
ഉച്ച ബെല്ലടിച്ചതു മുതലേ സരിത് എന്റെ മേശക്ക് അടുത്തുണ്ട്
എല്ലാരും പോയിരിക്ക്ന്ന് എത്ര പറഞ്ഞിറ്റും ഇവൻ മാത്രം പോന്നില്ല.
" അവനെന്തോ എന്നോട് പറയാനുണ്ടെന്ന് തോന്നി.
പാവം കുട്ടിയാണ്. തരക്കേടില്ലാത്ത വീട്ടിൽ നിന്നും വരുന്നു. അതുകൊണ്ട് തന്നെ വീട്ടിൽ നിന്നും പ്രവർത്തനങ്ങൾ എല്ലാം ചെയ്തു കൊണ്ടുവരും.
(മറ്റ് ഒട്ടു മിക്കവർക്കും ബാഗ് തൂക്കാൻ ഒരാണി കൊളുത്ത് മാത്രമാണ് വീട്ടിലുള്ളത്)
കണക്കും ഇംഗ്ലീഷും ഒക്കെ വല്യ പ്രയാസമില്ലാതെ വഴങ്ങുമെങ്കിലും മൂപ്പർക്ക് മലയാളം കീറാമുട്ടിയാണ്. അതിന്റെ ഒരു മന: പ്രയാസം ഉണ്ടുതാനും❤️
" ഉം എന്താടാ ?"
" ടീച്ചറേ ഇന്ന് മീറ്റിംഗ ക്ക്‌ ആ ഭദ്രകാളിയാ വര്വ:
"ആര് : ? അമ്മയാ ?
എനിക്ക് ചിരി വന്നെങ്കിലും അവന്റെ മുഖം കണ്ടപ്പോൾ ചിരിക്കാൻ തോന്നിയില്ല.
സാധാരണ അച്ഛനാണ് വരാറ്. അദ്ദേഹം പിടി എ അംഗമാണ്. കുട്ടികളെ അമിതമായി സ്നേഹിക്കുന്നൊരാൾ!
" അതിന്?" ഞാൻ ഗൗരവം കുറക്കാതെ അവനെ നോക്കി.
" ടീച്ചർ ഒന്ന് പറയണെ എന്നെ അടിക്കറ് ഞാൻ നല്ലോണം പഠിക്ക് ന്ന്ണ്ട്ന്ന്🙏

" നീ നല്ലോണം പഠിക്ക്ന്ന്ണ്ടാ?
മലയാളത്തിനേ B grade ഉള്ളു. മറ്റ് എല്ലം A grade ആണ്
ടീച്ചറെന്നെയല്ലേ പറഞ്ഞിന് ഒരു B യൊന്നും സാരല്ലാന്ന്.
എന്നും പറഞ്ഞു വരുമ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഞാനവനെ ചേർത്തുപിടിച്ചു.
"ഇന്ന് അമ്മയിങ്ങ് വരട്ടെ - ഞാൻ ശരിയാക്കാം " - ഉറപ്പു കൊടുത്തു.
:ആരാ അമ്മേനെ അങ്ങനെ വിളിക്കല് " - ഞാൻ വീണ്ടും
" അച്ഛൻ " - ഞാൻ എഴുതിക്കയിഞ്ഞാലും അമ്മ വിടൂല സ്ഥിരം ഒരു വടിയുണ്ട് അടിക്കാൻ
അന്നേരം അച്ഛൻ പറയും - " ഓ ഭദ്രകാളി തൊടങ്ങീന്ന് "
ഞാൻ ചിരിയോടെ അവനെ പറഞ്ഞയച്ചു.
മീറ്റിംഗ് തുടങ്ങി.
മിക്കവാറും അമ്മമാര് ആണ്.
പൊതുവായ കാര്യങ്ങൾ പറഞ്ഞു.
പരീക്ഷയുടെ കാര്യത്തിലെത്തി.
ഇവൻ അക്ഷമയോടെ എന്നെ നോക്കുന്നുണ്ട്.
കുറച്ചുടെ കഴിഞ്ഞപ്പം "പറയ്,പറയ്.. എന്ന് കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു തുടങ്ങി.
കുട്ടികളെ വീട്ടിൽ നിന്നും ചെയ്യിക്കേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു തുടങ്ങിയതോടെ ഇവന് ക്ഷമ കെട്ടു.
അവൻ എന്റെടുത്ത് വന്ന്
കുഞ്ഞി പൂച്ച ഉരുമ്മന്ന പോലെ പറയ് പറയ് - ന്ന് മുരുളാൻ തൊടങ്ങി.
അവസാനമായി ഓരോരുത്തരും വീട്ടിൽ നിന്ന് സഹായിക്കുന്ന അനുഭവങ്ങൾ പറയുന്ന സമയമെത്തി
സരിതിന്റെ അമ്മ എണീറ്റു.
ഒന്നുരണ്ടു വാക്യങ്ങൾ പറഞ്ഞതും
" വടിയ്ണ്ടോന്ന് ചോയ്ക്ക് ടീച്ചറെ ? - സരിത് ഒറ്റക്കരച്ചിൽ
അമ്മയും വല്ലാതായി.
ഞാനവനെ അടുത്തു വിളിച്ചു.
തീർച്ചയായും അമ്മയെ വഴക്ക് പറഞ്ഞ് വിടാം, എല്ലാരേം കൂട്ടത്തിൽ നിന്ന് പറയുന്നത് മോശല്ലെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.

എന്തായാലും മീറ്റിംഗ് കഴിഞ്ഞ് അമ്മയെയും മോനെയും വിളിച്ച് സംസാരിച്ചു.
ഇവനെ മലയാളം ഞാൻ പഠിപ്പിച്ചോളാം
ഇനിയൊരിക്കലും അതിന് വേണ്ടി കുട്ടിയെ അടിക്കരുത് എന്ന ഉറപ്പു വാങ്ങി.
സരിത്തിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു.
മിടുക്കനായാണ് അവൻ നാലാം ക്ലാസിൽ നിന്നും പോയത്

.
2 എന്തായാലും വരും❤️

ഒരീസം നമ്മളെ നാട്ടിലെ രമണിയേച്ചി എന്റെ ഒന്നിച്ച് ഒരേ സീറ്റിലിരുന്ന് ബസിൽ വരുമ്പം നാട്ടു ബിശ്വല്ലെം പറയ്ന്നേന്റെ കൂട്ടത്തിൽ ചോയ്ച്ചു
" നിങ്ങളെ മക്കളെയെല്ലം വീട്ടിന്ന് നല്ലോണം പടിപ്പിക്ക്ന്ന്ണ്ടാകും അല്ലെ , അത്വണ്ട് മാഷന്മാറെ മക്കക്കല്ലം നല്ല പടിപ്പല്ലെന്ന് ?

ഞാനൊന്ന് ചിരിച്ചു.
പഠിപ്പിക്കുന്നവരും ഉണ്ട് അല്ലാത്തവരും ഉണ്ട്.
ഞങ്ങൾക്ക് രണ്ടാക്കും അയ്നൊന്നും നേരം കിട്ടലില്ല രമണിയേച്ചി - ന്ന് മാത്രം പറഞ്ഞ് ഞാൻ ഇറങ്ങി.

ബല്യ പഠിപ്പിസ്റ്റുകളൊന്നും അല്ലെങ്കിലും മക്കൾക്ക് രണ്ടാൾക്കും കിട്ടിയ ഒരു മാർക്കിന് പോലും ഞങ്ങൾക്ക് അവകാശമില്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയും.
അച്ചാച്ചൻ ഉള്ള സമയത്ത് ഒന്നിലോ രണ്ടിലോ പഠിക്കുമ്പം മക്കളുടെ അടുത്തിരുന്ന് പഠിപ്പിച്ചതന്നെ അവര്ക്ക് കിട്ടിയ സഹായം.
പക്ഷെ ചെറിയാൾക്ക് ഒരു നിർബന്ധമുണ്ടായിരുന്നു. പിടി എ മീറ്റിംഗിന് പങ്കെടുക്കണംന്നുള്ള കാര്യം.
ഏഴാം ക്ലാസുവരെ അടുത്തുള്ള സ്കൂളായതു കൊണ്ടും ഒരേ സബ് ജില്ലയായതു കൊണ്ടും പല പരിപാടിക്കും അവിടെ പങ്കെടുക്കാറുള്ളത് കൊണ്ട് വല്യ വിഷയമാകാറില്ല.

മോൻ പത്തിൽ പഠിക്കുന്ന സമയം
ഞാൻ തളിപ്പറമ്പ് സൗത്ത് ബി ആർ സി യിൽ ജോലി ചെയ്യുന്നു.
SSA യിൽ നമ്മുടെ ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ മുൻകൂട്ടി നിശ്ചയിക്കും. അങ്ങനെ ഒരു ബുധനാഴ്ച ഒരു സ്കൂളിൽ എന്റെ ഒരു പരിപാടി fix ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി മോൻ പറഞ്ഞു.
"ബുധനാഴ്ച ക്ലാസ് പിടി എ യാണ്. അമ്മ വരൂലേന്ന് "
(ഇത്രയും കൊല്ലത്തെ അനുഭവം കൊണ്ട് അച്ഛനോട് പറഞ്ഞിറ്റ് കാര്യമില്ല എന്ന് അവനറിയാം )
ഞാൻ i "ബുധനാഴ്ച എനിക്ക് പ്രോഗ്രാം ഉണ്ട് അച്ഛനോട് വരാൻ പറ "
"എനിക്ക് അന്ന് പത്താം ക്ലാസിന്റെ പിടി എ ആണ് - പോകാനാവൂല "അച്ഛൻ
ഒന്ന് പറഞ്ഞ്
രണ്ട് ... ചെറിയൊരു കശപിശയായി
കുട്ടിക്ക് കരച്ചിൽ വന്നു.
രക്ഷിതാവ് വന്നില്ലെങ്കിൽ ക്ലാസിന്ന് പുറത്താക്കുംന്നും പറഞ്ഞ് അവൻ പോയി കെടന്നു. ( കരയാനായിരിക്കുംന്ന് ഞാൻ കരുതി )
" ആരെങ്കിലും വരും ബുധനാഴ്ചയല്ലെ ഉള്ളൂന്ന് " ഞാൻ സമാധാനിപ്പിച്ചു

പിറ്റേന്ന് ബി ആർ സിയിൽ പറഞ്ഞ് പകരം ആരെയെങ്കിലും പറഞ്ഞയക്കാം എന്നെല്ലം വിചാരിച്ചാണ് ഞാൻ ഓഫീസിലെത്തുന്നത്.
അപ്പോൾ നേരത്തെ പറഞ്ഞ സ്കൂളിന്റെ HM നോട്ടീസൊക്കെ അടിച്ച് എന്നെ കാത്തു നിൽക്കുകയാണ്.
"ഇനി എന്തു ചെയ്യും"
ഞാൻ എന്റെ വിഷമം പറഞ്ഞു
"ലോകത്തത്രയും പിടി എ ക്ക് ക്ലാസെടുക്ക്ന്ന നിങ്ങള് ക്ലാസ് പി ടി എ ക്ക് പോയിറ്റില്ലെങ്കിലെന്താ ടീച്ചറേ " എന്ന് മാഷ് ചിരിച്ചു.
" അതല്ല മാഷേ, മോന്റെ സമാധാനത്തിന് വേണ്ടിയാണ് പോകുന്നത് - എന്ന് ഞാൻ.
" ടീച്ചറെ ഉച്ചക്ക് ഒഴിവാക്കിത്തരാം - വൈകുന്നേരമല്ലേ പി.ടി.എ ?
അത്രയും ദൂരത്ത്ന്ന് വന്നാൽ എത്തുമോ എന്ന സന്ദേഹമുണ്ടായിരുന്നെങ്കിലും വേറെ വഴിയില്ലാത്തതിനാൽ സമ്മതിച്ചു.
ബുധനാഴ്ച രാവിലെ
"അനക്ക് ആരെങ്കിലും രക്ഷിതാവ് ആയാ ?" - സംഗീത് ചോദിച്ചു.
: അച്ഛനോ അമ്മയോആരെങ്കിലും ഒരാൾ തീർച്ചയായും വരും" എന്ന് പറഞ്ഞെങ്കിലും അച്ഛനെ കിട്ടൂല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.

അങ്ങനെ പരിപാടി (ഒരു ക്യാമ്പോ മറ്റോ) നടക്കുന്ന സ്കൂളിലെത്തി
ആ വഴി പോകുന്ന ബസിന്റെ സമയൊക്കെ ചോദിച്ചു വെച്ചു. 12.40 ന് ഒരു ബസുണ്ട്.
എന്റെ സെഷൻ തീർത്ത് വേഗം ഇറങ്ങാൻ നോക്കുമ്പം ഭക്ഷണം കഴിക്കാതെ അവര് വിടുന്നേയില്ല.
നിങ്ങൾ പേടിക്കണ്ട ടീച്ചറേ, ഞാൻ തളിപ്പറമ്പിലെത്തിക്കും - എന്ന് എച്ച്.എം ഉറപ്പു തന്നു.

അടുത്ത ബസിന് തളിപ്പറമ്പിലെത്തി ഭാഗ്യത്തിന് ചെമ്പേരിയിലേക്കുള്ള ബസ് ഉണ്ട്.
" ഇത് എത്ര മണിക്ക് ചെമ്പേരിയെത്തും ", - ഞാൻ
" നാലു മണിക്ക് കണ്ടക്ടർ
ബസിന് സ്പീഡേയില്ലന്ന് തോന്നി അനക്ക്.
ചെമ്പേരി ബസിറങ്ങുമ്പോൾ എല്ലാരും മീറ്റിംഗും കഴിഞ്ഞ് ടൗണിലെത്തിയിരുന്നു
സുഹൃത്തുക്കളായ അമ്മമാർ പറഞ്ഞു.

"രണ്ടാളോടും പറഞ്ഞിറ്റ്ണ്ട്, ആരെങ്കിലും വരുമായിരിക്കും " ന്നാ സംഗീത് പറഞ്ഞെ
വേഗംപോയ്ക്കോ -
ചെറിയ ഒരു കയറ്റമാണ് സ്കൂളിലേക്ക്.
ഞാൻ പരമാവധി വേഗത്തിൽ നടന്നു.
മുകളിലെത്തുമ്പോൾ
എന്റെ മോൻ കൈ രണ്ടും മാറിൽ കെട്ടി പടിയിൽ ചാരിനിന്ന് ആകാംക്ഷയോടെ വഴിയിലേക്ക് നോക്കി നിൽക്കുകയാണ്.
ബാക്കിയെല്ലാ കുട്ടികളും പോയിരിക്കുന്നു.
.ആ കാഴ്ച എന്നിൽ സങ്കടവും സന്തോഷവും ഉളവാക്കി.
അമ്മവരും - എന്ന ദൃഢമായ വിശ്വാസം അവനുണ്ട് എന്നതിൽ ഞാൻ സന്തോഷിച്ചു
എന്നെ കണ്ടതും അവന്റെ മുഖത്ത് വിടർന്ന അഭിമാനം എത്ര വലിയ തുക കൊടുത്താലും വാങ്ങാൻ കിട്ടാത്തതാണ് എന്ന് എനിക്കു തോന്നി.
ഞാനടുത്തെത്തിയതും "ടീച്ചർ പോയിട്ടില്ല വേഗം വാ " ന്നും പറഞ്ഞ് ക്ലാസിലേക്കു പോയി.
മഞ്ജു ടീച്ചർ - എന്തിനാ ഇത്രയും കഷ്ടപ്പെട്ട് ഓടി വന്നത് ടീച്ചറെ " - ?"
" മറ്റൊന്നും ഇവന്റെ പഠിപ്പിന വേണ്ടി ചെയ്യാൻ പറ്റാറില്ല - ഇതെങ്കിലും വേണ്ടേ - എന്ന് ഞാൻ.

സുഹൃത്തുക്കളേ ശരിക്കുംഒരമ്മയുടെ കൃതാർത്ഥയായ നിമിഷമായിരുന്നു. അത്.
കാരണം കുട്ടി രക്ഷിതാവിന്റെ Presence അത്രയും ആഗ്രഹിച്ചിരുന്നു.
==========
3. ഞാൻ തീർച്ചയായും പങ്കെടുക്കും❤️

ഇതിനോട് ചേർന്ന് നിൽക്കുന്നതിനാൽ ഈയൊരു കാര്യവും കൂടെ പറയാം

ഞാൻ ഒരു പ്രൈമറി സ്കൂളിലെ പിടി എ യിൽ ക്ലാസെടുക്കുകയാണ് നൂറോളം ആളുകളുണ്ട് സാധാരണപോലെ അമ്മമാരാണ് കൂടുതൽ

പിടി എ യ്ക്കുള്ള ക്ലാസുകളിൽ മൂന്ന് നാല് പ്രധാന പോയിന്റുകളിൽ ഒന്ന് പി ടി എ മീറ്റിംഗുകളിൽ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യമാണ്.
ഞാൻ ഈ കാര്യം ചെറിയ കഥകളുടെയൊപ്പം എന്റെ കഥയൊക്കെ ചേർത്ത് വളരെ വികാരപരമായി😭 ഇങ്ങനെ അവതരിപ്പിക്കുകയാണ്
രണ്ടാമത്തെ ബഞ്ചിൽ ഇരുന്ന ഒരമ്മയുടെ കവിളിലൂടെ കണ്ണീരിങ്ങനെ ഒഴുകുന്നത് കണ്ട് ഞാൻ ഒരു നിമിഷം സ്തംബ്ധയായി.
" അവരോട് കണ്ണു തുടക്കാൻ പറഞ്ഞാലോ എന്ന് ഞാനോങ്ങി - പിന്നെ വിചാരിച്ചു അവർക്കത് നാണക്കേടായെങ്കിലോ എന്ന് . ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങിയതും ഈയമ്മ ഓടിവന്ന് എന്റെ കൈ പിടിച്ചു.
iഎന്റെ കുട്ടി മൂന്നാം ക്ലാസിലാ ടീച്ചറെ അനക്ക് പിടി എ ക്ക് വരാൻ നേരം കിട്ടലേ ഇല്ല.
ഇനി എല്ലാ പി.ടി.എക്കും ഞാൻ പങ്കെടുക്കും "
ഞാൻ ചിരിച്ചു.

പ്രിയപ്പെട്ടവരേ ഇതാണ് പറയാനുള്ളതും
എത്ര വലിയവനായാലും തിരക്കുള്ളവരായാലും കുട്ടികൾ ഇത്തരം സമയങ്ങളിൽ നമ്മളെഎത്രമാത്രം ആഗ്രഹിക്കുന്നു. എന്നതു തന്നെ

സരസ്വതി. കെ.എം.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot