നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവനും അവളും


അന്നൊരു ഞായറാഴ്ച ആയിരുന്നു ...മുംബൈ നഗരം എന്നത്തേയും പോലെ തിരിക്കിട്ടൊഴുകുന്നു..റൂം മേറ്റ്സ് എല്ലാവരും നാട്ടിൽ പോയി.. ആ സായാഹ്നത്തിന്റെ വിരസതയകറ്റാനായി ഫേസ്ബുക് നോക്കിയിരിക്കുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ അയാളുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നത്...മ്യൂച്വൽ ഫ്രണ്ട്‌സ് തപ്പിയെടുത്തുപ്പോ ഋതുവിനു ആളെ പിടി കിട്ടി. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ കോളേജ് മേറ്റിന്റെ കല്യാണത്തിന് കണ്ട കക്ഷി ആണ്‌ - വിനോദ്..അയാളും തന്നെപ്പോലെ മുംബൈയിലാണു ജോലി ചെയ്യുന്നതെന്നു സുഹൃത്തു പറഞ്ഞതോർത്തു.
കാണാൻ കൊള്ളാവുന്ന ചെക്കൻ, നല്ല ജോലി, പോരാത്തതിനു ക്ലാസ് മേറ്റിന്റെ ഗുഡ് സർട്ടിഫിക്കറ്റും..അവളപ്പോൾ തന്നെ അക്‌സെപ്‌റ്റ് ചെയ്തു. ക്ഷണനേരത്തിനുള്ളിൽ വിനോദിന്റെ മെസേജ് വന്നു ."മുംബൈയിലെ മഴയ്ക്ക് നാട്ടിലെ മഴയുടെ ഭംഗി ഇല്ലല്ലേ" ..വിനോദിന്റെ മെസ്സേജ് കണ്ടപ്പോഴാണ് പുറത്തു തട്ടിയും തടഞ്ഞും ആർക്കോ വേണ്ടി പെയ്യുന്ന ചാറ്റൽ മഴ ഋതു ശ്രദ്ധിച്ചത്‌. "ശരിയാണ്, വീട്ടിലെ കോലായിലിരുന്നു മഴ കാണാൻ എന്തു രസമായിരുന്നു" ഋതു ഓർത്തു.
നാടിനെപ്പറ്റിയും, മഴ നനഞ്ഞുള്ള തന്റെ ബൈക്ക് യാത്രകളെപ്പറ്റിയുമെല്ലാം വിനോദ് വാചാലനായി. വിനോദിനു തീരെ പരിചിതമല്ലാതിരുന്ന മലയാളത്തിലെ കവികളെയും കഥാകൃത്തുക്കളെപ്പറ്റിയുമൊക്ക ഋതുവും സംസാരിച്ചു. മനുഷ്യർ എന്തൊക്കെയാണ് വായിച്ചുകൂട്ടുന്നതെന്നു അത്ഭുതപ്പെട്ടു കൊണ്ടു അവനും കുറെ നേരം കേട്ടിരുന്നു ..
ആ ദിവസം അങ്ങനെ പിറ്റേ ദിവസത്തിന്റെ ജോലിഭാരത്തെപ്പറ്റിയും, നാട്ടിൽ പോകാൻ പറ്റാത്തതിനെപ്പറ്റിയുമൊന്നും ഓർത്തു വിഷമിക്കാതെ ഋതു സന്തോഷമായുറങ്ങി.
പിന്നീടുള്ള എല്ലാ ദിവസവും വൈകുന്നേരമാകാൻ ഉള്ള കാത്തിരിപ്പായിരുന്നു. അവർക്കിടയിൽ പൊതുവായ ഇഷ്ട്ടങ്ങൾ കുറവായിരുന്നു. പക്ഷെ താൻ അരുമയായി വളർത്തിയ റോസാച്ചെടിയിൽ പുഷ്പങ്ങൾ വരാത്തതിനെപ്പറ്റിയും, പാളിപ്പോയ പാചക പരീക്ഷണങ്ങളെപ്പറ്റിയുമെല്ലാം ഋതു പറയുമ്പോൾ അവൻ സത്യസന്ധമായി വിഷമം രേഖപ്പെടുത്തി.യാത്രകൾ ഒരുപാടു ഇഷ്ടമുള്ള വിനോദ്‌, തന്റെ മലകയറ്റത്തിന്റെയും, അണ്ടർ വാട്ടർ ഡൈവിന്റേയും ചിത്രങ്ങൾ അയച്ചു കൊടുത്തപ്പോൾ, അടുപ്പിച്ചു മൂന്നു ദിവസം അവധി കിട്ടിയാൽ എങ്ങനേലും നാട്ടിൽ പോകാൻ നോക്കുന്ന അവൾ, നിങ്ങൾക്ക് ശെരിക്കും വട്ടാണല്ലേ ചോദിച്ചു കളിയാക്കിച്ചിരിച്ചു...
അവൾ കഴിഞ്ഞ മൂന്നു വർഷമായി താമസിക്കുന്ന മഹാനഗരത്തിൽ കാണാൻ ഇത്ര ഭംഗിയുള്ള സ്ഥലങ്ങൾ ഉണ്ടെന്നു മനസ്സിലായതു അവന്റെ കൂടെയുള്ള സായാഹ്‌ന യാത്രകളിലാണ്. പക്ഷെ അവൾക്കപ്പോഴും അവനു ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കിക്കൊടുത്തു വീട്ടിലിരുന്നു കഥ പറഞ്ഞിരിക്കാനായിരുന്നു ഇഷ്ടം.
അവർ തമ്മിൽ ഒരിക്കൽ പോലും വഴക്കിട്ടില്ല, അവൾക്കു പുറത്തുപോകാൻ ഇഷ്ടമില്ലാത്ത ദിവസങ്ങൾ വിനോദ് ഋതുവിനെ അവളുടെ ഇഷ്ടത്തിന് വിട്ടു, വിനോദ് അവനു തിരക്കാണെന്നു പറഞ്ഞു വരാതിരുന്ന വാരാന്ത്യങ്ങൾ ഋതു കഥകളും കവിതകളുമൊക്കെയായി അവളുടെ ലോകത്തു സന്തോഷവതിയായിരുന്നു.
പെട്ടെന്ന് നാട്ടിലേക്കു വരണം, പെണ്ണ് കാണാൻ ഒരു ചെക്കൻ വരുന്നുണ്ട്, എന്നുള്ള വീട്ടുകാരുടെ വിളി വന്നപ്പോഴാണ് അങ്ങനെ ഒരു കാര്യം വിനോദിനോട് അന്നേ വരെ സംസാരിച്ചിട്ടില്ലല്ലോ എന്ന് അവൾ ഓർത്തത് .
കല്യാണം പോയിട്ട് പരസ്പരം ഇഷ്ടമാണെന്നു പോലും അവരിരുവരും ഒരിക്കലും പറഞ്ഞിട്ടില്ലായിരുന്നു.
ആ ഞാറാഴ്ച ബീച്ചിൽ അവർ സ്ഥിരം ഇരുന്നു വർത്തമാനം പറയുന്നിടത്തു വെച്ചു വിനോദിനോട് വീട്ടുകാർ പറഞ്ഞ കാര്യത്തെപ്പറ്റി ഋതു പറഞ്ഞു. "നിനക്കെന്തു തോന്നുന്നു" അവൻ ചോദിച്ചു. എന്താണുദ്ദേശിച്ചതെന്നറിയാതെ അവൾ കുഴങ്ങി. "കല്യാണം കഴിച്ചാൽ നമ്മൾ സന്തോഷമായി ജീവിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?". "ഇപ്പോഴത്തെപ്പോലെ ഞാൻ കറങ്ങി നടക്കുമ്പോൾ നിനക്കിഷ്ടമാകുമോ, എപ്പോഴും നാട് വീട് എന്നു പറഞ്ഞു വരുമ്പോൾ എനിക്കും ഇഷ്ടപ്പെടില്ലായിരിക്കാം.നമ്മൾ കല്യാണം കഴിച്ചാൽ ശെരിയാകുമോ?" വിനോദ് ചോദിച്ചു
ഋതുവിന്‌ ഒന്നും പറയാനുണ്ടായിരുന്നില്ല. വിനോദ് പറയുന്നതാണു സത്യം എന്നവൾക്കു അറിയാമായിരുന്നു, പക്ഷെ എപ്പോഴോ മനസ്സിൽ ഉറഞ്ഞുകൂടിയ ഇഷ്ടം - അതിനി എന്തു ചെയ്യും. കടലിന്റെ ഇരമ്പലിൽ മാത്രം ശ്രദ്ധിച്ചു ശൂന്യമായ മനസ്സോടെ അവളിരുന്നു.
അവർക്കിടയിൽ പരിചിതമല്ലാതിരുന്ന മൗനം ഭേദിച്ചു അവൻ ചോദിച്ചു "നമുക്കിത് പോലെ കല്യാണം കഴിക്കാതെ ജീവിതകാലം മുഴുവൻ കഴിയാൻ പറ്റുമോ". ഋതു ചിരിക്കുക മാത്രം ചെയ്തു. ഒരു കുഞ്ഞു വീടും, അവളുടെ കുറുമ്പി പിള്ളേരും, പുറകെ നടന്നു പുന്നാരം പറയുന്ന ഭർത്താവുമൊക്കെയുള്ള സ്വപ്‌നങ്ങൾ അവളൊന്നു മാറ്റിപ്പിടിച്ചു നോക്കി. മാറ്റിയെടുക്കുന്ന സന്തോഷങ്ങൾക്കു അത്ര തിളക്കം തോന്നിയില്ല. അവൾ അവന്റെ മുഖത്തു നോക്കി പതുക്കെ പറഞ്ഞു - "ഇനി കുറെ നാളത്തേക്ക് നമുക്ക് കാണേണ്ട, ഞാൻ നാട്ടിൽ പോയി ആ പയ്യനെ കാണാം, വീട്ടുകാർ അത്ര കാര്യമായി പറഞ്ഞതല്ലേ"
അവന്റെ മനസ്സിൽ വിഷമം ഇരുണ്ടു കൂടി, കുറച്ചു നാൾ എന്നവൾ പറഞ്ഞെങ്കിലും ഇനിയൊരിക്കലും ഋതു തന്നെ കാണില്ലെന്നവനു തോന്നി. "ഞാൻ നിനക്കൊരുമ്മ തരട്ടെ" , ആദ്യമായാണ് അവനങ്ങനെ ഒരു കാര്യം ചോദിക്കുന്നത്, അപ്പോഴും അനുവാദം ചോദിയ്ക്കാൻ തോന്നിയ നല്ല മനസ്സു ഋതുവിനു നന്നായി ബോധിച്ചു.
"നിനക്ക് രണ്ടു വഴികളാണുള്ളത്, ഒന്നുകിൽ ഇപ്പോൾ ഒരു ചുംബനം നൽകി എന്നെന്നേക്കുമായി എന്റെ ജീവിതത്തിൽ നിന്നും ഇല്ലാതാകാം...ഇല്ലെങ്കിൽ ഈ വിഷമമൊക്കെ മാറി ഞാൻ വിവാഹമൊക്കെ കഴിച്ചു, സന്തോഷമായി ജീവിക്കുമ്പോഴും, എന്റെ നല്ല സുഹൃത്തായി കൂടെ നിൽക്കാം , എന്ത് പറയുന്നു" അവൾ കുസൃതിയോടെ അവന്റെ മുഖത്തു നോക്കിചിരിച്ചു. ശെരിയാണ് പൂർവ കാമുകൻ ഒരു അറുബോറൻ സ്റ്റാറ്റസാണ് അവൻ ചിന്തിച്ചു.
"വാ, ഇപ്പോഴെങ്കിലും പോയാലേ നമ്മുടെ മലയാളി ഹോട്ടലിലെ ബിരിയാണി കിട്ടൂ" വിനോദ് അവളെയും വിളിച്ചെഴുന്നേറ്റു.
അതൊരു പുതിയ തുടക്കം ആയിരുന്നു..രണ്ടു പേർക്കും..അല്ലെങ്കിക്കും ചില സൗഹൃദങ്ങൾ അങ്ങനെ ആണ്, ഒന്നിനു വേണ്ടിയും ഇല്ലാതാക്കാൻ തോന്നില്ല.

Written by Lakshmi Sibu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot