Slider

പ്രണയം അൻപതിൽ (ഗദ്യ കവിത )

0


ഇന്ന് എന്റെ ജന്മദിനമാണ്.
അൻപതാം പിറന്നാൾ.
അവൾക്ക് നാൽപ്പതു കഴിഞ്ഞിരിക്കുന്നു.
അവളുടെ മുഖമിപ്പോൾ എത്ര മനോഹരമാണെന്നോ.
ആ കണ്ണുകളിൽ ഇപ്പോൾ എത്ര തെളിച്ചമാണ് !
ഞാൻ മുൻപൊരിക്കലും അവളുടെ കണ്ണുകളുടെ നിർമ്മല ഭാവം ഇങ്ങനെ കണ്ടിട്ടില്ല.
മധ്യവയസ്സിലെ പ്രണയം പൂത്തുലഞ്ഞ ചുവന്ന വാകമരങ്ങൾ പോലെയാണ്..
അതിമനോഹരമായ ഭംഗിയും തീവ്രതയും ആണതിന്.
നിങ്ങൾക്കെത്ര വയസ്സായി ?
ഇരുപത്തി അഞ്ചോ അതോ മുപ്പതോ..
തീർച്ചയായും നിങ്ങൾക്ക് പ്രണയം എന്തെന്നറിയില്ല.
തളിർത്തു തുടങ്ങിയ ഒരു മരമല്ല പ്രണയം.
പടർന്നു പന്തലിച്ചു അതു പൂത്തുലയണം.
അവൾ ചിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവില്ല.
എത്ര സുന്ദരമാണ് ആ നിറഞ്ഞ പുഞ്ചിരി...
സായാഹ്ന വെയിലുപോലെ..
ഒട്ടും തീക്ഷ്ണതയില്ലാതെ എന്നാൽ ഏറെ പ്രകാശവും സൗകുമാര്യവും ഉള്ളത്.
യൗവനത്തിലെ അവളുടെ ഗന്ധം ഞാൻ മറന്നുപോയി.
അവൾക്കിപ്പോൾ റോസാപുഷ്പങ്ങൾ തെളിഞ്ഞപാലിൽ കലർത്തിയ ഗന്ധമാണ്.
ആ സുഗന്ധം എന്നെ തരളിതനാക്കും നോക്കൂ,
അവളുടെ മുടിയിഴകൾക്കിടയിലെ നേർത്ത വെള്ളിവരകൾ,
എത്ര പ്രൗഢിയാണതിന്.
എനിക്കവളെ ചുംബിക്കാൻ ആഗ്രഹം തോന്നുന്നു.
അവളുടെ കൈവിരലുകളിൽ പിടിച്ചുകൊണ്ട്
കടൽതീരത്തു കൂടി നടക്കുവാൻ കൊതി തോന്നുന്നു.
നിങ്ങൾ എന്താണ് പറഞ്ഞത് ?
പ്രണയം കൗമാരത്തിലും
യൗവനത്തിലും ആണെന്നോ..
അസംബന്ധം.
അത് അഭിനിവേശമാണ്, ആഗ്രഹമാണ്.
ചിലപ്പോൾ സ്നേഹവും ആവാം.
നിങ്ങൾ കാണുന്നില്ലേ ഞാൻ അവളെനോക്കി ചിരിക്കുമ്പോൾ
അവൾ ചിരിക്കുന്നത്.
നിലാവ് ഭൂമിയെ ആർദ്രമാക്കുന്നതുപോലെ.
ഇല്ല നിങ്ങൾക്കതു മനസ്സിലാവില്ല.
നേരം ഇപ്പോൾ പുലരും.
ഞാൻ അവൾക്കായി ചൂടുകാപ്പി തയ്യാറാക്കി,
അവളുടെ കവിളിൽ തട്ടി അവളെ ഉണർത്തട്ടെ..
അല്ലങ്കിൽ അവളുടെ നെറ്റിയിൽ ചുംബിച്ച്‌ , അവൾക്കരികിൽ അവൾ ഉണരുന്നതും കാത്തിരിക്കട്ടെ....
ഇത് പ്രണയമാണ്.
എന്റെ സത്യമായ പ്രണയം.

സുനു വിജയൻ
27/10/2020.

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo