Slider

കിളിക്കൂട്ടിലെ പകലുകൾ

0


ഇന്ന് രാവിലെ 'സ്വാഗതം കൊച്ചി' കേട്ടോ,റെയിൻബോ എഫ്.എം.ഏഴു മണിയുടെ പ്രോഗ്രാം ?പ്രേക്ഷകർ തെരഞ്ഞെടുത്തപഴയ സിനിമാഗാനങ്ങൾ ആണതിൽ ഉൾക്കൊള്ളിക്കുക.ഇന്നതിൽ വന്ന പാട്ടുകൾ സെലക്റ്റ് ചെയ്തയച്ചത് ആരാണെന്നറിയുമോ? കമല ടീച്ചർ. , നന്ദനം.. കളമശ്ശേരി..അത് ഇൗ ഞാൻ തന്നെ, നീനയുടെ അമ്മ ., അമേയ എന്ന അമ്മുവിൻ്റെ അമ്മമ്മ .

പാട്ടുകളുടെ പ്രത്യേകത ചോദിച്ചാൽ ഉത്തരം എല്ലാം താരാട്ടുപാട്ടുകൾ ആണെന്നു തന്നെ. താരാട്ടുപാട്ടുകൾ പലപ്പൊഴും കേൾക്കാറുള്ളതല്ലേ എന്നാണ് എങ്കിൽ അതിന് ഒരുത്തരമേയുള്ളു.അതു മുഴുവൻ ഞാൻ അമ്മുവിനെപാടിക്കേൾപ്പിക്കാൻ കൊതിച്ച, എനിയ്ക്ക് പാടാൻ കഴിയാതെ പോയ താരാട്ടുകളാണ്.മകളുടെ മകൾക്ക് പാടിക്കൊടുക്കാൻ എന്തേ പറ്റാത്തതെന്താണെന്നാണ് ചോദ്യമെങ്കിൽ അതിനുത്തരം ,ഞാനവളെ കാണുമ്പോൾ തന്നെ, അവൾതാരാട്ടുപാട്ട് കേട്ടുറങ്ങുന്ന കാലം കഴിഞ്ഞിരുന്നു എന്നും . അങ്ങനെ പാടാതെ പോയ താരാട്ടുപാട്ടുകൾ എനിക്കു വേണ്ടി റെയിൻബോ എഫ്.എം തന്നെ അമ്മുവിൻ്റെ ചെവിയിലെത്തിച്ചു ഇന്ന് ,അവളുടെ ഒൻപതാം പിറന്നാളിന് . എത്രയാ സന്തോഷം അല്ലേ?

സ്വാഗതം കൊച്ചിയിലേക്ക് കത്തെഴുതുമ്പോൾ അവർ സമയത്തിനു തന്നെ സംപ്രേക്ഷണം ചെയ്യുമോ എന്ന് സംശയമുണ്ടായിരുന്നു. ഒരുപക്ഷേ പിറന്നാൾ കഴിഞ്ഞ് ഏറെ കഴിഞ്ഞിട്ടാകും കേൾക്കാൻ കഴിയുക എന്നും കരുതി. പക്ഷേ തൻ്റെ മോഹം പോലെ, മനസ്സ് പോലെ ഇന്ന് തന്നെ പാട്ടുകൾ കേട്ടു .നേരത്തേ വിളിച്ചു പറഞ്ഞതിനാൽ നീനയും അമ്മുവും കേട്ടു കാണും. എൻ്റെ ഡെഡിക്കേഷനും... "എൻ്റെ അമ്മുവിന്, അമ്മമ്മയുടെ വക താരാട്ടുപാട്ടുകൾ '

ഇന്ന് രാവിലെ എട്ടരയ്ക്ക് ബാലു ജോലിക്ക് പോകുന്ന വഴിക്ക് എന്നെ നീനയുടെ 'നെസ്റ്റ് 'എന്ന വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞിട്ടുണ്ടവൻ.. ഇന്നലെ വൈകിട്ട് അവൻ ജോലി കഴിഞ്ഞെത്തുമ്പോൾ താൻ അടുക്കളയിൽ ,ജോലിത്തിരക്കിൽ .സാധാരണ പലഹാരമൊന്നുമുണ്ടാക്കാൻ മുതിരാത്ത തന്നെ , അടുക്കളയിൽ പലഹാരക്കൂമ്പാരത്തിനിടയിൽ കണ്ടപ്പോൾ അവന് അത്ഭുതം .എണ്ണയിൽ കിടന്നുമൊരിയുന്ന മുറുക്കു കണ്ടപ്പോൾ, അത് അമ്മുവിന് കൊടുക്കാനാണെന്ന് പറഞ്ഞപ്പോൾ ലേശം പരിഭവത്തോടെ പറഞ്ഞു,' കഴിഞ്ഞ പത്തിന് ഇവിടെ അപ്പൂൻ്റെ പിറന്നാളിന് അച്ഛമ്മയുടെ വക പലഹാരമൊന്നും കണ്ടില്ല'യെന്ന്.

പിന്നെ അടുത്ത നിമിഷം തിരുത്തി പറഞ്ഞു, 'അമ്മു നമ്മുടെ അടുക്കൽ വന്നിട്ട് അവളുടെആദ്യത്തെ പിറന്നാളല്ലേ, അമ്മ അവൾക്കിഷ്ട്ടപ്പെട്ട ഉണ്ണിയപ്പവും കേക്കും എല്ലാം ഉണ്ടാക്കിയതു നന്നായി. നീനയ്ക്കും വിനീതിനും സന്തോഷമാകും. പാവങ്ങൾ എത്ര നാൾ കണ്ണീരു കുടിച്ചതാണ് ഓമനിയ്ക്കാൻ ഒരു കുഞ്ഞില്ലാതെ. ഇനിയെങ്കിലും അവർ സന്തോഷിക്കട്ടെ!

പക്ഷേ, ഞാനിന്ന് ചെല്ലുന്ന കാര്യം വെളിപ്പെടുത്താതെ തന്നെ നീനയുടെ ഫോൺ കാളിന് ഇന്നലെ രാത്രി മറുപടി പറയുമ്പോഴാണ് അവൾ പറഞ്ഞത് ബാലു പിറന്നാൾ സമ്മാനവുമായി നെസ്റ്റിൽ ചെന്നിരുന്ന കാര്യം.. സ്വർണ്ണമാല കഴുത്തിലിടാതെ ചെറിയ മുത്തുമാല കഴുത്തിൽ അണിഞ്ഞുനടക്കുന്ന അമ്മുവിന്, നൂലുപോലെയുള്ള ചെയിനിൽ ചെറിയ ഡയമണ്ട് പെൻഡൻ്റ്, ബാലു അങ്കിളിൻ്റെ സമ്മാനം. അമ്മയ്ക്ക് സർപ്രൈസ് ആവാൻ അവൻ മറച്ചു വച്ചതാണെന്ന്. അല്ലെങ്കിലും നീനയുടെ മകൾ ബാലുവിന് സ്വന്തം മകളെപ്പോലെ തന്നെയാണല്ലോ.

എല്ലാവരേയും കാണിക്കാൻ വേണ്ടി കഴുത്തിലണിഞ്ഞ് ബാലു തിരിച്ചു പോന്ന ഉടനെത്തന്നെ അഴിച്ചു വയ്ക്കാൻ തുടങ്ങിയിട്ട് നീന നിർബ്ബന്ധിച്ചിട്ടാണത്രേ ആ മാല അണിഞ്ഞു നടക്കുന്നത്. ഇങ്ങനെയൊരു കുട്ടി.ആഭരണവും വേണ്ട; ആഡംബരവും വേണ്ട.

ബാലുവിൻ്റെ കൂടെ കാറിൽ നീനയുടെ വീട്ടിലേക്ക്.പകുതി വഴിയാകുമ്പോഴേ മൊബെലിൽ അമ്മുവിൻ്റെ വിളി വന്നു.'' അമ്മമ്മ എവിടെയാണ്.?കാത്തിരുന്നു മടുത്തു. ഒന്നു വേഗം വാ അമ്മമ്മേ"

"ഞാനതിന് അങ്ങോട്ടു വരണില്ലല്ലോ അമ്മൂ ഇന്ന് "

"എനിയ്ക്കറിയാം അമ്മമ്മ വന്നുകൊണ്ടിരിക്കയാണെന്ന്. എനിക്കറിയാല്ലോ അമ്മമ്മയുടെ മനസ്സ്, എന്നോടുള്ള സ്നേഹം. "

എല്ലാം ഒരത്ഭുതം പോലെ. എത്ര പെട്ടെന്നാണ് ഈ കുട്ടി എല്ലാവരുടേയും ഓമനയായി മാറിയത്., വീട്ടിലാകെ സന്തോഷം നിറച്ചത്.?

ബാലുവിനും ബിന്ദുവിനും കൂട്ടായി അപ്പുപിറന്നപ്പോഴും, ബാലുവിൻ്റെ അനിയത്തിയായിരുന്നിട്ടും നേരത്തേ വിവാഹം കഴിഞ്ഞിട്ടും നീനയെന്ന തൻ്റെ മകൾ ഒരമ്മയായില്ല. ഒട്ടേറെ ചികി ത്സകൾ,പരിശോധനകൾ, ക്ഷേത്ര ദർശനം, വഴിപാടുകൾ...... എല്ലാം കൂടി കവർന്നെടുത്തത് നീനയുടേയും വിനീതിൻ്റെയും പതിന്നാലു വർഷങ്ങൾ.
ബന്ധുക്കളുടെ, പരിചയക്കാരുടെ ചോദ്യശരങ്ങളേറ്റ് അക്ഷരാർത്ഥത്തിൽ നീന തളർന്ന നാളുകൾ.

തറവാട്ടിലെ ആഘോഷങ്ങളിൽ സമപ്രായക്കാർ മക്കളുമായി എത്തുമ്പോൾ തൻ്റെ നീന മാത്രം തനിയെ. എല്ലാ കുഞ്ഞുങ്ങളുമായി കളി ചിരിയാകുമ്പോഴും വിങ്ങുന്ന അവളുടെ മനസ്സ് താൻ മാത്രം കണ്ടു.

രണ്ടു വർഷം മുൻപ് തൻ്റെ പിറന്നാളിന് സ്നേഹാലയം എന്ന അനാഥാലയത്തിലെ കുട്ടികളോടൊപ്പം കഴിച്ചുകൂട്ടാൻ ഒരു ദിവസം ,ഒപ്പം ഒരൂണ് എന്നതായിരുന്നു നീന തനിക്കായി ഒരുക്കിയ പിറന്നാൾ സമ്മാനം. പക്ഷേ അവിടെയെത്തിയപ്പോൾ വെക്കേഷൻ പ്രമാണിച്ച് അവിടത്തെ കുട്ടികൾ എല്ലാം അകന്ന ബന്ധുവീടുകളിലാണെങ്കിലും പോയിരുന്നു,.... അമേയ ഒഴികെ.

ജോലിക്കാർക്കിടയിൽ ഓമനത്തം തുളുമ്പുന്നതെങ്കിലും മ്ലാനമായ മുഖവുമായി കൂട്ടുകാരില്ലാതെ ഏകയായി, അവൾ. അവളെക്കൊണ്ടുപോകാൻ അകന്ന ബന്ധുക്കൾ പോലും ഇല്ലാത്രേ. അവിടത്തെ വാർഡനാണ്, വെക്കേഷൻ കാലത്ത് അവിടത്തെ അനാഥക്കുഞ്ഞുങ്ങളെ നമ്മുടെ വീടുകളിലേയ്ക്കു് കൂട്ടിക്കൊണ്ടുപോകാൻ മാർഗ്ഗങ്ങൾ ഉണ്ടെന്ന് പറഞ്ഞത് . അനാഥക്കുട്ടികൾക്ക് സ്വന്തം വീടുകളിൽ സ്നേഹ വിരുന്ന് ഒരുക്കുന്ന പലരും ഉണ്ടത്രേ... ചിലർ അങ്ങനെ ഇത്തവണയും പോയിട്ടുണ്ടെന്നും.

വീട്ടിലെത്തിയിട്ടും മനസ്സിൽ നിന്നുമവളുടെ മ്ലാനമായമുഖം മായാതെ നിന്നപ്പോഴാണ് വേണ്ടപ്പെട്ടവരുടെ പെർമിഷൻ വാങ്ങിഅമേയയെ ബാക്കി വെക്കേഷൻ ദിനങ്ങളിലേയ്ക്ക് സ്വന്തം വീട്ടിലേയ്ക്ക് , നീന കൂടെക്കൂട്ടിയത്.

അവൾ പിന്നെ നല്ല പെരുമാറ്റം കൊണ്ട് എല്ലാവരുടേയും ഹൃദയം കവർന്നു,... അങ്ങനെ അമേയ ഞങ്ങളുടെ അമ്മുവായി .അമ്മുവിൻ്റെ സാമീപ്യം നീനയിൽ വരുത്തിയ മാറ്റം വലുതായിരുന്നു, ഏകാന്തത നൽകിയ മടുപ്പിൽ നിന്ന് സ്നേഹത്തിൻ്റെ തിരക്കുകളിലേയ്ക്ക്, ഊർജ്ജസ്വലതകളിലേയ്ക്ക്. പത്ത് വയസ്സു കുറഞ്ഞ പോലെ. ബന്ധുക്കൾ അമ്മുവിനെ എങ്ങനെ സ്വീകരിയ്ക്കും എന്ന ചിന്ത തെറ്റാണെന്ന് തെളിയിച്ചു കൊണ്ട് അമ്മു തറവാട്ടിലെ എല്ലാവരുടേ യും ഓമനയായി. നീനയാൻ്റിയും വിനീത്അങ്കിളും എന്നതിൽ നിന്ന് വെക്കേഷൻ കഴിയും മുൻപ് അച്ഛൻ ,അമ്മ എന്നിങ്ങനെയാക്കി മാറ്റിയ അമ്മുവിൻ്റെ വിളികളിൽ അവർ സായൂജ്യം കണ്ടെത്തി. വെക്കേഷന് ശേഷം തിരിച്ച് അമ്മു അനാഥാലയത്തിലേക്ക് മടങ്ങുമ്പോൾ പിടഞ്ഞത് അവരുടെ മൂവരുടേയും മാത്രം മനസ്സല്ല, തൻ്റേതടക്കം തറവാട്ടിലെ ബന്ധു ജനങ്ങളുടെയാകെ .

അമ്മുവിൻ്റെ അസാന്നിദ്ധ്യം ഉണ്ടാക്കിയ വിരഹം നൽകിയ വേദനയിൽ നീന വീണ്ടും മൗനമണിഞ്ഞു. വേണ്ടിയിരുന്നില്ല, ദു:ഖത്തിൻ്റെ കനത്തഭാരം വീണ്ടും അവൾക്കു നൽകിയ ചെറിയ ഈ സന്തോഷം എന്നു പോലും എല്ലാവർക്കും തോന്നിയ ദിവസങ്ങൾ.

നിനച്ചിരിയ്ക്കാതെയാണ് നീനയ്ക്ക് പോസ്റ്റ്മാൻ ഒരു കത്തു നൽകിയത്. അതിൻ്റെ പിന്നിലായി ഉരുണ്ട കയ്യക്ഷരങ്ങളിൽ ഭംഗിയിലെഴുതിയിരുന്നു, അമ്മു, സ്നേഹാലയം. തുറന്നപ്പോഴാകട്ടെ, അകത്ത് ആകെ നാലഞ്ചു വരികൾ.

" പ്രിയപ്പെട്ട അമ്മയ്ക്ക്,
വെക്കേഷൻ്റെ അനുഭവങ്ങളെക്കുറിച്ച്, അമ്മയെക്കുറിച്ച് എഴുതാനായി സ്ക്കൂളിൽ നടത്തിയ മത്സരത്തിൽ എനിക്ക് ഒന്നാം സമ്മാനമുണ്ട്. അമ്മയും അച്ഛനുമെനിക്കു നൽകിയ സ്നേഹം നിറഞ്ഞ നാളുകളുടെനല്ല ഓർമ്മകളാണ് അതിന് കാരണം.
അല്ലെങ്കിൽ അതിഥികൾ കടന്നു വരാത്ത അനാഥാലയത്തിലെ നീണ്ട ഇരുളു വീണ ഇടനാഴികൾ മാത്രം കണ്ടു വളർന്ന ഞാൻ ,കണ്ടിട്ടില്ലാത്ത അമ്മയെക്കുറിച്ച് ,വീടിനെക്കുറിച്ച്
എന്തെഴുതാൻ?

നന്ദിയുണ്ട്അമ്മേ... നല്ല ഓർമ്മകൾ നൽകിയതിന്.

രണ്ടുപേരേയും
വീണ്ടുംകാണാൻ മോഹമുണ്ട്, പക്ഷേ .....

സ്നേഹപൂർവ്വം
സ്വന്തം അമ്മു.

ആ കത്താണ്, അമ്മുവിന് തങ്ങളെയും വല്ലാതെ മിസ്സ് ചെയ്യുന്നു എന്ന് നീനയെയും വിനീതിനെയും ഓർമ്മിപ്പിച്ചത്. ഉറച്ചഒരു തീരുമാനത്തിലേയ്ക്കും,നീണ്ട യത്നങ്ങൾക്കൊടുവിൽ, ദത്തെടുക്കലിലൂടെ അമ്മുവിനെ തന്നെ മകളായി കൂടെ കൂട്ടുന്നതിനും പ്രേരിപ്പിച്ചത്.അന്ന് തെരഞ്ഞെടുക്കാനായി തരുന്ന നാലു കുഞ്ഞുങ്ങളുടെ ലിസ്റ്റിൽ അമ്മുവും ഉണ്ടാകണേ എന്ന കരളുരുകിയ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കുന്നതെങ്ങനെ? ഒഴുകിയൊഴുക്കി കണ്ണീർ വറ്റിയ നീനയുടെകണ്ണിൽ പുഞ്ചിരിയുടെ, സന്തോഷത്തിൻ്റെ നാളം കൊളുത്താമെന്ന് ദൈവം നിനച്ചു കാണും.

അവൾ' നെസ്റ്റി 'ൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ പിറന്നാളാണ് ഇന്ന്. പരസ്പരം മത്സരിച്ചു സ്നേഹിക്കുന്ന മൂവരുടെ ഇടയിലേയ്ക്കാണ് തൻ്റെ യാത്ര.

കാർ മുറ്റത്തു നിറുത്തി ഇറങ്ങുന്നതു കണ്ടപ്പോഴാകട്ടെ വർഷങ്ങൾ നീണ്ട പരിചയമുള്ള ആളുകളെപോലെയാണ്അമ്മാമ്മയും ബാലുവങ്കിളുമെല്ലാം അമ്മുവിൻ്റെ സംസാരത്തിലും പെരുമാറ്റത്തിലും.

പിറന്നാൾ സദ്യയ്ക്കു ശേഷം തൻ്റെ മടിയിൽ കിടന്നു കഥ കേൾക്കാൻ അമ്മു തിരക്കുകൂട്ടുമ്പോൾ, നീന അവളുടെ സ്ഥിരം സ്ഥലം മകൾക്കായി സ്നേഹപൂർവ്വം വിട്ടുകൊടുക്കുകയായിരുന്നു. അല്ലെങ്കിൽ എന്നും അമ്മയുടെ മടിയിൽ തലവച്ചുകിടന്ന്, മുടിയിഴകൾക്കിയിലൂടെ അമ്മ വിരലോടിക്കുന്നതിൻ്റെ സുഖം മറ്റൊന്നിനുമില്ല എന്നു പറയാറുള്ള തൻ്റെ നീന, മകളെന്ന അവളുടെ വേഷം മാറ്റി വച്ച് ഇപ്പോൾ മുഴുവൻ സമയവും അമ്മയുടെ വേഷത്തിലാണ്.അമ്മുവിൻ്റെ അമ്മയായി, ആവശ്യപ്പെടാതെ തന്നെ അവൾക്കിഷ്ടപ്പെട്ട ആഹാരങ്ങൾ ഒരുക്കി.....അവൾക്കു വേണ്ടി ഭംഗിയാർന്നവസ്ത്രങ്ങൾ തുന്നി.....അവളെ
യൊരുക്കി സുന്ദരിയാക്കി..... അവൾക്കൊപ്പം കളിച്ച്..... അവൾക്കു വേണ്ടി മാത്രം വർഷങ്ങൾക്കു മുൻപ് അഴിച്ചു വച്ച ചിലങ്കയണിഞ്ഞ്......

അനാഥാലയത്തിലെ ചിട്ടയിൽ അമ്മു ചെറുപ്പം മുതൽ വളർന്നതിനാലാകും, തറവാട്ടിലെ മറ്റു കുട്ടികൾക്കില്ലാത്ത ഇത്രയും നല്ല പെരുമാറ്റം.

സ്നേഹം എന്തെന്ന് അറിയാഞ്ഞാട്ടാകണം, അത് കിട്ടുമ്പോൾ അതിൻ്റെ പതിൻമടങ്ങ് അവൾ തിരിച്ചു നൽകുന്നത്.

നെസ്റ്റിൽ ഇപ്പോൾ സദാ ആഹ്ലാദാരവങ്ങളാണ്..... അമ്മുവിൻ്റെ കളിക്കൊഞ്ചലുകൾ, കഴിഞ്ഞ പത്തു പതിനാല് വർഷങ്ങളിൽ നെഞ്ചിനുള്ളിൽ കൂട്ടി വച്ച അമ്മ മനസ്സിൻ്റെസ്നേഹവുമായി നീന,
അവരുടെ സന്തോഷങ്ങളിൽ മനംനിറഞ്ഞ് വിനീത്. വിനീതിൻ്റെയുള്ളിൽ സ്നേഹം കൊതിച്ചിരുന്ന ,മറ്റാരെയും കാണിയ്ക്കാതെ ഒളിച്ചു വച്ചിരുന്ന ഒരച്ഛൻ ഉറങ്ങിക്കിടപ്പുണ്ടായിരുന്നുവെന്ന് അമ്മുവിനോട് കാണിക്കുന്ന സ്നേഹവും കരുതലും കണ്ടാലറിയാം. ഇപ്പോൾ ഇതാ,എല്ലാം കണ്ടാസ്വദിച്ച് അമ്മുവിൻ്റെ സ്വന്തം അമ്മമ്മയും ഉണ്ട് കൂടെ, എല്ലാം കണ്ട്, മനസ്സുനിറഞ്ഞ്. .....

അങ്ങനെ കിളിക്കൂട്ടിലെ പകലുകൾക്ക് ദൈർഘ്യമേറുകയാണ്.......നിറങ്ങളും ......

ഡോ. വീനസ്

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo