രാവിലെ മാർക്കറ്റിൽ പോയി കുറച്ച് മീൻ വാങ്ങിച്ചു വന്നു കയറിയപ്പോഴാണ് ആര്യ പറഞ്ഞത് സുഷമ വിളിച്ചിരുന്നു എന്ന്.
വളരെ നാൾ കൂടിയാണ് സുഷമ അന്ന് വിളിച്ചത്. ഞായറാഴ്ച ഞങ്ങൾ രണ്ടു പേരും കൂടി അത്രടം വരെ ഒന്നു ചെല്ലണം എന്നു മാത്രമാണ് അവർ ആവശ്യപ്പെട്ടത് . മോൻ്റെ വിവാഹം വല്ലതുമായോ എന്നു ആര്യ ചോദിച്ചു വത്രേ .... എല്ലാം വന്നിട്ടു പറയാം എന്നു മാത്രമാണ് സുഷമ പറഞ്ഞത്. പയ്യൻ്റെ കല്യാണമായിക്കാണുമെ ന്നു തന്നെയാന്ന് ആര്യയുടെയും സംശയം . സഹദേവനോട് പറഞ്ഞ് വേണ്ട കാര്യങ്ങളിൽ തീരു മാനമുണ്ടാക്കുവാനാവും വിളിക്കുന്നത്. മോളുടെ കാര്യത്തിൽ അങ്ങനെ തന്നെയായിരുന്നല്ലോ.
സഹദേവനും സുഷമയും ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ് . എന്നാൽ സൗഹൃദത്തിൻ്റെ സ്വഭാവത്തിൽ വ്യത്യാസം വന്നിട്ടുണ്ട്. സഹദേവൻ സുഷമയെ വിട്ട് മറ്റൊരു സ്ത്രീയുടെ കൂടെയായതിൽ പിന്നെയാണ് അങ്ങിനെയൊരു വ്യതിയാനം വന്നത്.അതിനു ശേഷം അവരുടെ നിർണായക കാര്യങ്ങളിൽ തീരുമാനം ആവശ്യമുള്ളപ്പോൾ ഒരു മദ്ധ്യസ്ഥൻ്റെ റോളാണ് ഞങ്ങൾക്ക്.
സഹദേവൻ എൻ്റെ സഹപ്രവർത്തകൻ കൂടിയായിരുന്നു.ഓഫീസ് വിട്ടാൽ വീട് എന്ന രീതിയിൽ പോയിക്കൊണ്ടിരുന്ന ഒരു സാധാരണ മനുഷ്യൻ . ഭാര്യയും പിള്ളേരും കഴിഞ്ഞാൽ ഒരു പക്ഷേ ഞങ്ങളുടെ കുടുംബമായിരുന്നിരിക്കണം അയാളുടെ അടുത്ത ആൾക്കാർ. സ്വത്തു സംബന്ധമായ ചില തർക്കങ്ങളേ തുടർന്ന് അയാളുടെ സ്വന്തക്കാരുമായി അല്പം അകലം പാലിച്ചിരുന്നു.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായിട്ടും, അധോമുഖനും സ്ത്രീകളോട് ഇടപെടാൻ വിമുഖനുമായിരുന്ന അയാളുടെ മാറ്റം തീർത്തും അപ്രതീക്ഷിതമായിരുന്നു.
ഒരു സ്ഥലം മാറ്റം ഒരാളെ ഇത്രക്ക് മാറ്റിമറിക്കുമോ.
പുതിയ നഗരത്തിലേക്ക് ദിനംപ്രതി ട്രെയിനിലുളള യാത്രയാണ് അയാൾക്ക് മറ്റൊരു അനുഭവമായി മാറിയത്. സ്ഥിരമായി കൂടെ യാത്ര ചെയ്തിരുന്ന സ്ത്രീയുമായി അങ്ങനെയാണ് അയാൾ അടുപ്പത്തിലാവുന്നത്.ഒരു പക്ഷേ വിധവയും ഒരു കുട്ടിയുടെ മാതാവുമായ അവളുടെ യാതനകൾക്കുമേൽ അയാൾ കരുണയുടെ വർഷമായ് പെയ്തതുമാവാം.അയാൾക്ക് ഫോണിലൂടെ പോലും സംസാരിക്കാൻ മടിയുണ്ടെന്നു മനസ്സിലായതിൽ പിന്നെ ഞങ്ങൾക്കിടയിലെ വിളിയുടെ എണ്ണം കുറഞ്ഞു വന്നു.
ആ സ്ത്രീയുടെ കൂടെ പുതിയ നഗരത്തിൽ തന്നെ താമസം തുടങ്ങിയപ്പോൾ ആണ് സുഷമ ഈ തവണത്തേതു പോലെ അന്നും വിളിച്ചത്.ആര്യയോടൊത്ത് അന്നും പോയിരുന്നു. സഹദേവൻ്റെ വിഷയത്തിൽ അല്പം അജ്ഞത നടിക്കേണ്ടി വന്നു . അയാളോടു സംസാരിക്കാമെന്നേറ്റു . പക്ഷേ സഹദേവന് കാര്യമായൊന്നും പറയാനില്ലായിരുന്നു. അല്ലെങ്കിൽ തന്നെ അയാൾക്ക് എന്താണ് പറയാനുള്ളത്. ഒരാൾ എത്ര അടുത്ത ആളാണെങ്കിലും വ്യക്തിപരമായ കാര്യത്തിൽ ഇടപെടുമ്പോൾ വളരെ അകലത്തിലാണെന്ന് അന്ന് ബോധ്യമായി. എനിക്ക് അയാളെ കുറ്റപ്പെടുത്തുകയോ സുഷമയുടെ ഭാഗം പറയേണ്ട ആവശ്യമോ ഇല്ലായിരുന്നു. ഒരിക്കലും ഞാനങ്ങനെ സംസാരിച്ചുമില്ല . എന്നിട്ടും സഹദേവൻ മുമ്പെങ്ങുമില്ലാത്ത അകലം പാലിച്ചു.
ഒരു കുറ്റബോധവും എനിക്ക് അയാളിൽ കാണാൻ കഴിഞ്ഞില്ല.സഹദേവൻ പോവുമ്പോൾ മോള് എഞ്ചിനീയറിങ്ങ് ഫൈനൽ ഇയർ ആയിരുന്നു. മോൻ എഞ്ചിനീയറിങ്ങ് പഠനം പകുതിയോളം എത്തിയിരുന്നു.
പഠിക്കാൻ മിടുക്കരായതു കൊണ്ട് രണ്ടു പേർക്കും തൊഴിൽ സമ്പാദിക്കുവാൻ ബുദ്ധിമുട്ടുണ്ടായില്ല .
മോളുടെ വിവാഹമായപ്പോ ഴാണ് പിന്നീട് ഞങ്ങൾ ആ വീട്ടിൽ പോയത്. ആ തവണയാണ് സഹദേവൻ്റെ നിസംഗ ഭാവം കൂടുതലായി ഞാൻ കാണുന്നത്. സുഷമയുടെ ആങ്ങള എന്തിനും ഏതിനും അവളുടെ കൂടെ ഉണ്ടായിരുന്നതിനാൽ ചടങ്ങ് മോടിയായി തന്നെ അവസാനിച്ചു. സഹദേവൻ പേരിന് ഒരു പിതാവ് മാത്രമായിരുന്നു. കല്യാണ പന്തലിൽ പിതാവിൻ്റെ സ്ഥാനം അയാൾ ഒരു യന്ത്രത്തെ പോലെ നിർവഹിച്ചു എന്നു മാത്രം. സഹദേവൻ്റെ സ്വന്തക്കാർ പോലും പല തിനും അയാളോട് തർക്കിക്കുകയും കയർത്തു സംസാരിക്കുകയും ചെയ്തു. എല്ലാത്തിനും സുഷമയുടെ സഹോദരൻ ഒരു പരിഹാരമായിരുന്നു. അയാളുടെ ഒരാളുടെ ഇടപെടൽ കൊണ്ടു മാത്രമാണ് സഹദേവന് നാണം കെടാതെ പോകാൻ കഴിഞ്ഞത് .
സുഷമയെ, മോളുടെ വിവാഹത്തിനു ശേഷം രണ്ടു തവണ കണ്ടതും വീട്ടിൽ വച്ചല്ലായിരുന്നു . അവരുടെ റിട്ടയർമെൻ്റ് പാർട്ടി, നഗരത്തിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു. പിന്നൊന്ന് സുഷമയുടെ സഹോദരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചപ്പോളായിരുന്നു.
ഗേറ്റ് കടന്ന് ഉള്ളിൽ കടന്നപ്പോഴേ വീടിന് പ്രകടമായ വ്യത്യാസമുണ്ടെന്നു തോന്നി. ഗേറ്റിനോട് ചേർന്നും വീടിൻ്റ അരമതിലിലും ഉണ്ടായിരുന്ന പൂച്ചട്ടികൾ കാണാനേയില്ല. കോമ്പൗണ്ടിൽ അങ്ങിങ്ങായി അഞ്ചാറു വാഴകൾ മാത്രമാണ് കാണാനുള്ളത്. അവയാകട്ടെ വേണ്ടത്ര പരിചരണമില്ലാതെ മൃതാവസ്ഥയിലും . എന്നും വീടിന് അലങ്കാരമായി നിന്നിരുന്ന ബോഗയിൻ വില്ല മുറിച്ചു കളഞ്ഞിരിക്കുന്നു. കുറ്റിയിൽ നിന്ന് അത് പൊടിച്ച് വളർന്ന് തുടങ്ങിയിട്ടുണ്ട്. മോളുടെ വിവാഹത്തിനു ശേഷം ഇതുവരെ വീട് പെയിൻ്റ് ചെയ്തിട്ടില്ലെന്നും തോന്നുന്നു. ആകെക്കൂടി ഒരു തൃപ്തി തരുന്ന അന്തരീക്ഷമല്ല .
വീടിനകം വൃത്തിയായി തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. എങ്കിലും ഒരു നിർജീവാവസ്ഥ എങ്ങും തങ്ങി നിൽക്കുന്നതായി എനിക്കു തോന്നി .
ഞങ്ങൾക്കെതിരെ സെറ്റിയിൽ ഇരുന്ന സുഷമയിലും കാലം പ്രായത്തിൻ്റെ ലക്ഷണങ്ങൾ കോറിയിട്ടിരുന്നു. മുടിയിഴകളിൽ കൂടുതലും നരച്ചിരിക്കുന്നു. മുഖത്ത് ഒരു പാട് അനുഭവിച്ച തിൻ്റേതാവാം ചുളിവുകൾ വീണു തുടങ്ങിയിരുന്നു. മനോഹരമായ ആ ചിരിക്കു മാത്രം മാറ്റമൊന്നുമില്ലായിരുന്നു.
മോൻ അർജുൻ ജോലി സംബന്ധമായി ഒരു വീഡിയോ കോൺഫറൻസിലാണ് . വന്ന ഉടനെ അവൻ ഓടി വന്നു അര മണിക്കൂർ കഴിയുമ്പോൾ ഫ്രീയാവും എന്ന് പറഞ്ഞ് അകത്തേക്കു പോയി.
ചായ കുടിക്കുന്നതിനിടയിൽ ആര്യയാണ് സുഷമയോട് ചോദിച്ചത് അർജുന് വിവാഹമായോ എന്ന്.
" അവൻ കൂടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയുമായി അടുപ്പത്തിലാണ്. അവളുടെ വീട്ടുകാർക്കും വിസമ്മതമൊന്നുമില്ല . വിവാഹം കുറച്ചു കഴിഞ്ഞു മതിയെന്നാ അവരുടെ അഭിപ്രായം ....."
അർജുൻ്റെ വിവാഹമല്ലാതെ പിന്നെന്തു പ്രശ്നം ,ഞങ്ങൾ പരസ്പരം ഒന്നു നോക്കി.
"വേറൊരു പ്രശ്നമുണ്ട് അതാണ് നിങ്ങളോട് വരാൻ പറഞ്ഞത് ....."
സുഷമ അല്പനേരം മൗനം ഭജിച്ച ശേഷം തുടർന്നു.
'' അങ്ങേര് പറയുന്നത് ,ഈ വീട് ഒഴിഞ്ഞു കൊടുക്കണമെന്നാണ്. അവർ ഇവിടെ താമസിക്കാൻ വരുന്നത്രേ ...... "
ഇതു പറയുമ്പോൾ സ്വാഭാവികമായും കാണേണ്ട ഉൽക്കണ്ഠയൊന്നും സുഷമ'യുടെ മുഖത്ത് ഉണ്ടായിരുന്നില്ല.
'' അപ്പോൾ ... നിങ്ങൾ ...."
എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല .
''എൻ്റെ കുടുംബ വീട് എനിക്കാണല്ലോ ... അവിടേക്ക് പോകാനാണ് പറയുന്നത് ......"
സുഷമയുടെ വീട്ടിൽ അവളുടെ അനിയത്തിയും കുടുംബവുമാണ് സഹദേവൻ്റെയും കൂടി സമ്മതത്തോടെ ഇപ്പോൾ താമസിച്ചു വരുന്നത് . അത് എനിക്ക് അറിവുള്ള കാര്യമാണ് .
''നിങ്ങൾ എന്തു പറഞ്ഞു .........."
ആര്യയാണ് ചോദിച്ചത്
'' എങ്ങനെ സമ്മതിക്കാൻ പറ്റും ...... ആര്യേ ."
സുഷമയുടെ വാക്കുകൾക്ക് അത്ര ദൃഢതയില്ലെന്ന് എനിക്ക് തോന്നി.
സുഷമ പിന്നീട് പറഞ്ഞത് ഇക്കാര്യം സുഷമയുടെ വീട്ടുകാരുമായും സഹദേവൻ്റെ ബന്ധുക്കളുമായൊക്കെ ആലോചിച്ചു എന്നാണ് . വീട് വിട്ടുകൊടുക്കരുതെന്നാണ് അവരെല്ലാവരും പറയുന്നത് .
"പിന്നെയെന്താ പ്രശ്നം .... വീട് ആരുടെ പേരിലാണ് ..... "
"അങ്ങേർക്ക് വീതം കിട്ടിയ സ്ഥലത്താണ് വീട് .... അങ്ങേര് ലോണൊന്നുമെടുത്തിട്ടി ല്ല ...... ഞാൻ ലോണെടുത്ത് കുറേ പൈസ കൊടുത്തി രുന്നു . ......."
എന്താണ് യഥാർത്ഥ പ്രശ്നമെന്ന് ഇപ്പോഴും ഞങ്ങൾക്കു മനസ്സിലായില്ല. സഹദേവൻ നിയമപരമായി സുഷമയെ ഡിവോഴ്സ് ചെയ്യുകയോ മറ്റേ സ്ത്രീയുമായി വിവാഹബന്ധത്തിലേർപ്പെടുകയോ ചെയ്തിട്ടില്ല. തീർച്ചയായും വീട് വിട്ടുകൊടുക്കേണ്ട എന്നതിൽ സംശയത്തിനവകാശമേ ഇല്ല.
" അർജുൻ സമ്മതിക്കുന്നില്ല ....... അവന് അച്ഛനോട് കലഹിച്ച് വീട് വാങ്ങിക്കുന്നതിൽ താല്പര്യമില്ലാത്രേ ... അവൻ ഒരു ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്. എത്രയും വേഗം അങ്ങോട്ടു മാറണമെന്നാണ് അവൻ പറയുന്നത്. ....: "
ഇപ്പോൾ എല്ലാം എനിക്ക് മനസ്സിലാവുന്നു. അർജുനോട് വീട് വിട്ടുകൊടുക്കേണ്ടതില്ല ,അത് തങ്ങളുടെ അവകാശമാന്നെന്ന് പറഞ്ഞ് ബോദ്ധ്യപ്പെടുത്തണം ഇതാവണം ഞങ്ങളുടെ ദൗത്യം.
'' അവനോട് ആരു സംസാരിച്ചിട്ടും കാര്യമില്ല. ....ഒരു തീരുമാനം എടുത്താൽ അങ്ങനെയാണ് .........."
സുഷമയുടെ ശബ്ദത്തിൽ അല്പം നിരാശയുടെ ലക്ഷണമുണ്ടായിരുന്നു.
" വന്ന സ്ഥിതിക്ക് ഒന്നു സംസാരിച്ചു നോക്കൂ ........ അവൻ സമ്മതിച്ചില്ലെങ്കിലും വിഷമമൊന്നും തോന്നരുത് ......."
അപ്പഴത്തേക്കും വീഡിയോ കോൺഫറൻസ് കഴിഞ്ഞ് അർജുൻ എത്തിയിരുന്നു.
സംസാരിക്കുവാൻ തയ്യാറായി തന്നെ അമ്മയുടെ അടുത്തു സെറ്റിയിൽ ഞങ്ങൾക്കെതിരെ അവൻ ഇരുന്നു. ആത്മ വിശ്വാസവും ഉത്സാഹവും തീർത്ത ഒരു പുഞ്ചിരി അവൻ്റെ മുഖത്ത് തെളിഞ്ഞു നിന്നു . എന്താണ് ഈ യുവാവിനോട് സംസാരിക്കുക, അല്പനേരം എനിക്ക് സംശയിച്ച് ഇരിക്കേണ്ടി വന്നു.
" അമ്മ പറഞ്ഞ് വിവരങ്ങളൊക്കെ അറിഞ്ഞു...... "
ഇപ്പോഴും എൻ്റെ സന്ദേഹം വിട്ടുമാറിയില്ല. അവൻ്റെ പുഞ്ചിരിക്ക് ഇത്തിരി പ്രകാശം കൂടി.
"ഇപ്പഴത്തെ കാലത്ത് ഇങ്ങനെ ഒരു തീരുമാനം ബുദ്ധിയാണോ ......... അമ്മയും ഈ വീടിൻ്റെ നിർമാണത്തിന് കുറേയധികം തുക ചെലവാക്കിയിട്ടുണ്ട്. ..... അത് കൊണ്ട് ഇത് ഒരു ഔദാര്യമായി കാണേണ്ട കാര്യമില്ല ........" പറയാനുദ്ദേശിച്ച കാര്യങ്ങൾ എല്ലാമായില്ലാന്ന് അറിയാമെങ്കിലും അത്രയുമായപ്പോൾ ഞാൻ നിർത്തി.
" അങ്കിൾ ..... ഞാൻ കുറേ അലാചിച്ചു. നിങ്ങളൊക്കെ പറയുന്നത് മനസ്സിലാക്കാതെയല്ല. പറയുന്നത് ഞങ്ങളുടെ നല്ലതിനാണെന്നും അറിയാം ...... അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ച് പോയത്ര നഷ്ടം വരുമോ .... അങ്കിൾ ....''
അവൻ്റെ മനസ്സിൽ എന്തൊക്കെ തിളക്കുന്നു എന്നതിൻ്റെ തെളിവായിരുന്നു ആ വാക്കുകൾ .
സഹദേവൻ്റെ അസാന്നിധ്യത്തിൽ ആ അമ്മയും മക്കളും ഒരു പാട് വേദനിച്ചിട്ടുണ്ടാവാം. സമൂഹത്തിൽ അവഗണിക്കപ്പെട്ടിട്ടുണ്ടാവാം. പരിഹാസപാത്രമായിട്ടുണ്ടാവാം . ആ അനുഭവങ്ങളുടെ ആകെ തുകയാവും ഈ പ്രതികരണം
" പെങ്ങളുടെയും ഭർത്താവിൻ്റെയും അഭിപ്രായം ........."
അർജുൻ മാത്രമായിട്ട് തീരുമാനം എടുത്തു കൂടല്ലോ
" അവരോടും സംസാരിച്ചു അങ്കിൾ .... അവരുടെയും അഭിപ്രായം ഇതുതന്നെ ....."
അവരെയും അർജുൻ പറഞ്ഞ് സമ്മതിപ്പിച്ചതാവുമെന്ന് എനിക്ക് തോന്നി. അവൻ്റെ ത് ഉറച്ച തീരുമാനമാണെന്നും അത് ആരാലും പറഞ്ഞ് മാറ്റാൻ പ്രയാസമായിരിക്കുമെന്നും എനിക്കു തോന്നി. അപ്പോഴേക്കും അർജുനെ ആരോ ഫോണിൽ വീണ്ടും വിളിച്ചു. സോറി പറഞ്ഞ് അവൻ അകത്തേക്കു പോയി.
അർജുൻ അകത്തേക്ക് പോയി എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് സുഷമ , യഥാർത്ഥത്തിൽ സഹദേവനോട് സംസാരിക്കേണ്ട വിഷയം പറയുന്നത്.
സിറ്റിയിൽ പതിമൂന്ന് സെൻ്റ് സ്ഥലം സഹദേവൻ്റെ പേരിലുണ്ട് . ഷോപ്പിംഗ് മാൾ കാര് അവരുടെ പാർക്കിങ്ങ് ഗ്രൗണ്ടായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. അവർ വാടകയും തരുന്നുണ്ട്. ഇപ്പോഴത്തെ വില വച്ചു നോക്കിയാൽ ഈ വീടിൻ്റെ ' മൂല്യം തന്നെ വരും അതിന് . അർജുനോട് പറഞ്ഞാൽ ', അപ്പോ തന്നെ അവൻ വേണ്ടാന്നു പറഞ്ഞെന്നു വരും. ഞങ്ങൾ ബന്ധുക്കൾ എല്ലാവരുമായി ആലോചിച്ചു. ആർക്കും അങ്ങേരോട് സംസാരിക്കാൻ തീരെ താല്പര്യമില്ല . അതാണ് നിങ്ങളെ വിളിപ്പിച്ചത് . ഇത് പറഞ്ഞ് ഒന്നു സെറ്റിൽ ആക്കണം .
കുറച്ചു കൂടുതൽ നേരം സംസാരിച്ചതു കൊണ്ടാവണം സുഷമക്ക് കിതപ്പ് ഉണ്ടായിരുന്നു.
ഇങ്ങനെ ഒരു പ്ലോട്ട് വാങ്ങിയ വിവരം ഒരിക്കൽ സഹദേവൻ പറഞ്ഞിരുന്നതായി ഞാൻ ഓർത്തു.
"അത് സംസാരിക്കാം ... സുഷമേ ...... ഇത് അയാൾ സമ്മതിക്കാൻ സാധ്യതയുണ്ട്. ...."
ഒരു പക്ഷേ ഇതു കൂടി മനസിൽ കണ്ടാവും സഹദേവൻ ഇങ്ങനെയൊരു നീക്കം നടത്തിയത്.
'' ഇത് ഞാൻ സഹദേവൻ്റെ വീട്ടിൽ പോയി നേരിട്ടു തന്നെ സംസാരിക്കാം ....... ഈ പ്ലോട്ട് തരാതെ വീട് വിട്ടു തരില്ല എന്നതാവണം ... നിലപാട് ..."
സുഷമ ഞാൻ പറഞ്ഞത് ശരിവച്ചു. ഒരാഴ്ചക്കകം സംസാരിച്ച് വിവരം പറയാമെന്ന് ഉറപ്പു കൊടുത്ത ശേഷമാണ് ഞങ്ങൾ തിരിച്ചു പോന്നത് .
വീട്ടിലെത്തിയിട്ടും ഞങ്ങളുടെ സംസാരം സുഷമയെയും കുടുംബത്തെയും ചുറ്റിപറ്റി തന്നെയായിരുന്നു.
അർജുൻ വീട് വേണ്ട എന്ന് വച്ചത് ശുദ്ധ മണ്ടത്തരമാണെന്നായിരുന്നു ആര്യയുടെ അഭിപ്രായം . അവൻ അതുവഴി അമ്മയോടുള്ള കടമ പോലും മറക്കുന്നു എന്നുവരെ ആര്യ പറഞ്ഞു വച്ചു .
അർജുൻ എടുത്ത തീരുമാനം അവൻ്റെ കുടും ബക്കാർക്കോ സുഹൃത്തുക്കൾക്കോ ഉൾക്കൊള്ളാൻ പറ്റില്ലായിരിക്കാം. എന്നാൽ അതിൻ്റെ പിന്നിലുള്ള കൈവെടിയാനുള്ള മനസ്ഥിതി ആരും കാണില്ല. ഇക്കാലത്ത് എന്തും ലാഭനഷ്ട കണക്കിൽ വിലയിരുത്തുമ്പോൾ അവന് മാർക്ക് കുറവായിരിക്കാം. ഇങ്ങനെയും കുറച്ചുപേർ ഇല്ലെങ്കിൽ ലോകം എങ്ങനെ മുന്നോട്ടു പോകും . ആ പയ്യൻ അത്ര ദൃഢനിശ്ചയത്തോടെ അത്രയും സംസാരിച്ചപ്പോൾ അറിയാതെ ഒരു ബഹുമാനം തോന്നിപ്പോയി. ഇങ്ങനെയും ചിലർ ഈ തലമുറയിലും ഉണ്ടല്ലോ എന്നു തോന്നി പോയി.
സഹദേവനോട് ആ പതിമൂന്ന് സെൻ്റിനെ കുറിച്ച് സംസാരിക്കേണ്ടിയിരിക്കുന്നു. അത് അർജുൻ്റെ കുടുംബത്തിന് വാങ്ങി കൊടുക്കേണ്ടത് എൻ്റെ ബാദ്ധ്യതയായി ഞാൻ കരുതുന്നു. അതവർക്ക് നേടി കൊടുത്താലെ എനിക്കിനി സമാധാനമുള്ളൂ. തീർച്ചയായും അതിന് ഒരു ശുഭ സമാപ്തിയുണ്ടാവും എന്നു തന്നെയാണ് എൻ്റെ വിശ്വാസം .
.....................
എ എൻ സാബു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക