മുംബൈ എന്ന പഴയ ബോംബെയെ പണ്ട് മുതലേ നല്ല ഭയ ഭക്തി ബഹുമാനത്തോടെ ആണ് നോക്കി കണ്ടിരുന്ന ആളാണ് ഞാൻ .അത് നമ്മുടെ ലാലേട്ടൻ ഒക്കെ മുംബൈയിൽ പോയി ഗുണ്ടാ സംഘങ്ങളെ നേരിടുന്ന സിനിമാ കഥകൾ ഒക്കെ കണ്ടു വളർന്നത് കൊണ്ടാവും. മുംബൈ തെരുവുകളിൽ വെടിയുണ്ടകൾ ചീറി പാഞ്ഞു കൊണ്ടിരിക്കും എന്നും അവിടെ
എല്ലാവരും ഗുണ്ടാ പിരിവായ "ഹഫ്ത" കൊടുക്കണം എന്നുമൊക്കെ ആയിരുന്നു നമ്മൾ പഠിച്ചു വച്ചിരുന്നത് . എന്നാല്
കുറച്ച് കാലത്തെ മുംബൈ ജീവിതം അതല്ല കാണിച്ചതും പഠിപ്പിച്ചതും . ഒരു തരം പ്രത്യേക ആകർഷണീയത ഉള്ള നഗരമാണ് "ആംചി" മുംബൈ .
ഭർത്താവിന്റെ ജോലി സംബന്ധമായി ആണ് ഞങ്ങളെ നാട്ടിൽ നിന്ന് അങ്ങോട്ട് പറിച്ച് നട്ടത്. അദ്ദേഹത്തിന്റെ ഓഫീസ് അന്ധേരിയിൽ ആയിരുന്നെങ്കിലും താമസം നഗര പരിധിയിൽ നിന്ന് മാറി താനെ യിലായിരുന്നു. ഞങ്ങളെ സഹായിക്കാനായി ആദ്യത്തെ കുറച്ചു ദിവസങ്ങൾ എന്റെ അമ്മയും കൂടെ വന്നു. ഒരു പത്ത് ദിവസത്തേക്ക് നിന്നിട്ട് അമ്മക്ക് മടങ്ങണം .
കുട്ടികൾ ചെറുതായിരുന്നു എന്നത് കൊണ്ട് വീടൊക്കെ അടുക്കി ഒതുക്കി വക്കാൻ
തന്നെ ഒരു അഞ്ചാറു ദിവസം പോയിക്കിട്ടി. ഇനി അമ്മക്ക് തിരിച്ചു പോകാൻ ബാക്കി കുറച്ച് ദിവസങ്ങൾ മാത്രമേയുള്ളൂ .ഞങ്ങൾക്ക് ആണെങ്കിൽ അമ്മയെ സ്ഥലം ഒന്നും കാണിക്കാതെ മടക്കി അയക്കാനും മടി. അന്വേഷിച്ചപ്പോൾ ഒരു അയൽക്കാരി പറഞ്ഞു" മുംബൈ ദർശൻ" എന്നൊരു പരിപാടി ഉണ്ട്. ഒരു മുഴുവൻ ദിവസം കൊണ്ട് മുംബൈയിലെ ഒരുവിധം എല്ലാ പ്രധാന കാഴ്ചകളും കാണിച്ചു തന്നു വൈകീട്ട് തിരിച്ചു കൊണ്ടാക്കും . അടിപൊളി ! അപ്പോ പിന്നെ ടാസ്കി വിളി എന്ന് ഞാനും !
ഭർത്താവ് നേരെ പോയി ടാക്സി ബുക്ക് ചെയ്തു. എട്ടു മണിക്കൂർ അല്ലെങ്കിൽ എൺപത് കിലോമീറ്റർ ഇതാണ് റേറ്റിൽ ഉള്ളത്. ഇതിൽ കൂടുതൽ ഓടിയാൽ നമ്മൾ എക്സ്ട്രാ പണം കൊടുക്കണം . എന്റെ ഹസ് ഖുശി ഖുശി സമ്മതിച്ചു. എട്ടു മണിക്കൂർ ഒക്കെ ധാരാളം . അമ്മ പോകുന്നതിന്റെ തലേന്ന് ആണ് പോകാൻതീരുമാനിച്ചത്.പുള്ളിക്കാരൻ വീട്ടിൽ വന്നു കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് ഒക്കെ തയ്യാറാക്കി തുടങ്ങി . പിന്നെ ഹൈ ലെവൽ പ്ലാനിംഗ് ആയിരുന്നു.. വണ്ടി ഓരോ നേരത്ത് എവിടെ എത്തും എന്ന് മരുമകൻ മാപ് ഒക്കെ നോക്കി
പറയുന്നു, അമ്മായി അമ്മ വണ്ടി നിർത്തുമ്പോൾ കഴിക്കാൻ കണക്കാക്കി ആഹാരം സെറ്റ് ചെയ്യുന്നു ..ഞാനും പിള്ളേരും വായും നോക്കി ഇരിക്കുന്നു.
പിറ്റേന്ന് അതിരാവിലെ മുതൽ നല്ല മഴ പെയ്യുന്നുണ്ട്.. ജൂൺ മാസമാണ്. എല്ലാവരും തയ്യാറായി ഫ്ലാറ്റിന്റെ താഴെ എത്തി വണ്ടിയിൽ കയറി. അപ്പോഴേക്കും മഴ നല്ല ശക്തിയായി പെയ്തു തുടങ്ങിയിരുന്നു . ഞാനും അമ്മയും മക്കളും പുറകിലെ സീറ്റിൽ ആണ് കയറിയത്. ഇദ്ദേഹം മുന്നിലെ സീറ്റിലേക്ക് കയറി സീറ്റ് ബെൽറ്റ് ഒക്കെ ഇട്ടിരുന്നു. ഡ്രൈവർ ഞങ്ങളെ എല്ലാവരെയും ഒന്ന് നോക്കി ഹിന്ദിയിൽ ഒന്ന് കൂടി ഉറപ്പിച്ചു" മുംബൈ ദർശൻ ഹീ ജാന ഹെ നാ? " ഇനി വേറെ എവിടെയെങ്കിലും പോണോ എന്ന് ചോദിക്കാൻ ഇവനാര് ? ഞങൾ എല്ലാവരും ഒരേ സ്വരത്തിൽ " ഹാം ജീ, ഒന്ന് ചലോ " എന്ന് പറഞ്ഞു . പിന്നല്ല.
അങ്ങനെ ഞങ്ങളെയും വഹിച്ചു കൊണ്ട് ആ വാഹനം മുംബൈയെ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി. മഴ തുടരുന്നു. നാട്ടിലെ മഴ കണ്ടു വളർന്ന നമ്മളെ ശെരിക്കും പേടിപ്പിക്കുന്ന ഒരു ഇനമാണ് മുംബൈയിലെ മഴ.അമരീഷ് പുരിയുടെ എൻട്രി പോലെ കൂടെ പല വിധ ശബ്ദ ഘോഷത്തോട് കൂടിയാണ് വരവ്, ബോളിവുഡ് ആണല്ലോ അതാവും . കാർ താനെ പരിധി ഒക്കെ കടന്നു മുന്നോട്ട് ഓടിക്കൊണ്ടിരിക്കെ പതിയെ ഞങൾ ആ സത്യം മനസ്സിലാക്കി . വണ്ടിയുടെ വൈപ്പർ പ്രവർത്തിക്കുന്നില്ല ! മുന്നിലെ ഗ്ലാസ്സ് മുഴുവൻ വെള്ളം നിറഞ്ഞു നിൽക്കുന്ന കാരണം മുന്നിൽ ഏതാണ് വണ്ടിയെന്ന് പോലും കാണാൻ പറ്റുന്നില്ല. പക്ഷേ നമ്മുടെ ഡ്രൈവർ അതേ സ്പീഡിൽ കത്തിച്ച് പോകുകയാണ്. എങ്ങിനെ എന്നൊരു പിടിയുമില്ല .
കാഞ്ചുർമാർഗ് എന്ന സ്ഥലത്ത് വലത്തേക്ക് റോഡിന്റെ പണി നടക്കുന്നത് കണ്ട് നമ്മൾ ഇടത്തേക്ക് തിരിഞ്ഞ് വീണ്ടും മുന്നിലേക്ക് പോയി . അധിക നേരം വേണ്ടി വന്നില്ല നേരെ പോയി ഒരു ട്രാഫിക് ബ്ലോക്കിൽ പെടാൻ . മൊത്തം അഞ്ചു വരിയുള്ള റോഡ് എല്ലാവരും കൂടി പത്ത് വരി ആക്കി മാറ്റിയിട്ടുണ്ട്. തലങ്ങും വിലങ്ങും ഒക്കെ കാറുകളും ബസുകളും ട്രക്കുകളും എല്ലാം കൂടി ഹോൺ അടിയും ബഹളവും തന്നെ. വണ്ടി ആ തിരക്കിലൂടെ നിരങ്ങി നിരങ്ങി വളരെ പതിയെ പോയിക്കൊണ്ടിരിക്കുന്നു. സാധാരണ ദിവസങ്ങളിൽ അര മണിക്കൂർ കൊണ്ട് കഞ്ചുർമാർഗിൽ നിന്ന് ദാദർ എത്താം. അന്ന് ഞങൾ അത്രയും ദൂരം കടക്കാൻ ഏകദേശം ഒന്നര രണ്ട് മണിക്കൂർ എടുത്തു. സംഗതി പന്തിയല്ല എന്ന് തോന്നി എന്റെ കെട്ടിയോൻ ഡ്രൈവറോട്
" ലിസ്റ്റിലെ ആദ്യത്തെ സ്ഥലത്തേക്ക് ഇനി എത്ര ദൂരമുണ്ട്" "എന്ന് ചോദിച്ചു. ഡ്രൈവർ കൂളായി സാധാരണ ഇവിടെ നിന്ന് അര മണിക്കൂർ ഉണ്ട് എന്നും പറഞ്ഞു കുത്തി ഒലിക്കുന്ന മഴ വെള്ളം നോക്കി ഇരിപ്പായി.സാധാരണ ദിവസത്തെ അര മണിക്കൂർ എന്ന് പറഞാൽ അന്നത്തെ ബ്ലോക്കിൽ മൂന്ന് മണിക്കൂറെങ്കിലും ആവും എന്നർത്ഥം . ആദ്യത്തെ സ്ഥലം മാത്രം കാണാം എന്ന് വിചാരിച്ചാൽ പോലും അവിടെ എത്തിയിട്ട് വേണം തിരിച്ചു താനെ യിലേക്ക് യാത്ര തുടങ്ങാൻ. ഇൗ കണക്കിന് ആണെങ്കിൽ അടുത്ത ദിവസം അമ്മയുടെ ട്രെയിനിന്റെ സമയത്ത് പോലും വീടെത്തില്ല.
ദാദർ എത്തിയതും വണ്ടി ഒതുക്കാൻ പറഞ്ഞു.അപ്പോഴേക്കും മഴ നല്ല ശക്തിയായി പെയ്തു തുടങ്ങി. ഡ്രൈവർ വീണ്ടും വണ്ടി ഓടിച്ച് ഹീറോ ആകാൻ റെഡി ആയിരുന്നെങ്കിലും ഞങൾ വണ്ടി നിറുത്തി ഇടാൻ തീരുമാനിച്ചു. ഭക്ഷണം വീട്ടീന്ന് വന്നത് കൊണ്ട് പട്ടിണി ആയില്ല. ബുക്കിംഗ്
ചെയ്ത എട്ടു മണിക്കൂറിൽ ഏകദേശം അഞ്ചാറു മണിക്കൂർ അപ്പോഴേക്കും കഴിഞ്ഞിരുന്നു . തിരിച്ചു വീടെത്താൻ വീണ്ടും ഒന്നര മണിക്കൂർ വേണം . പിന്നെ വേറെ മാർഗമൊന്നും ഇല്ലാതെ നമ്മൾ വണ്ടി തിരിക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. അങ്ങനെ ഞങ്ങളുടെ മുംബൈ വില്ലനായി അവതരിപ്പിച്ചത് വെടി യുണ്ടകളും ഗുണ്ടകളും ഒന്നുമല്ലായിരുന്നു_ മഴയും ട്രാഫിക് ബ്ലോക്കും ആയിരുന്നു. ഇന്നും ഇൗ രണ്ട് വില്ലന്മാരെ ആണ് ഏറ്റവും അധികം സൂക്ഷിക്കേണ്ടത് അവിടെ.
ഇതിനിടെ ഡ്രൈവർ "ജൂൺ മേ കോൻ മുംബൈ ദർശൻ കർത്താ ഹെ ? " എന്നും കൂടി ആത്മഗതം നടത്തിയതോടെ ഞങൾ അതീവ സന്തുഷ്ടരായി.
സ്റ്റാടിയുടറി വാണിങ്: നിങ്ങള് ഇത്രയും ബുദ്ധി ഇല്ലാത്തവരായി പോയല്ലോ ? ജൂണിൽ ആരെങ്കിലും മുംബൈ ദർശന് പോകുമോ എന്നൊക്കെ ഉള്ള ചോദ്യങ്ങൾ നിരോധിച്ചിരിക്കുന്നു.
ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ
Good one. A typical experience you get in Bombay
ReplyDeleteനല്ലെഴുത്
ReplyDeletesneham
ReplyDelete