Slider

മീര


 "ദേവമ്മേ എനിക്കാ പൊട്ടൊന്നു തരാമോ? " വളരെ വർഷങ്ങൾക്ക് ശേഷം മീരയിൽ നിന്നുള്ള ആവശ്യം കേട്ടിട്ടായിരിക്കണം ദേവമ്മയുടെ കണ്ണുകൾ തിളങ്ങി.

"തരാം കുഞ്ഞേ ഈ ദേവമ്മേടെ മനസു നിറഞ്ഞു. "

അവരുടെ നെറ്റിയിൽ ദിവസങ്ങളോളം ഇരുന്ന് പശ തീർന്നു തുടങ്ങിയ ചുവന്ന വലിയ പൊട്ട് ദേവമ്മ മീരയുടെ നെറ്റിയിൽ തൊട്ടു.

"കുഞ്ഞേ എത്ര വർഷങ്ങൾക്ക് ശേഷമാണ് കുഞ്ഞിനെ ഇങ്ങനെ കാണുന്നത്. എനിക്ക് സന്തോഷമായി
ഇന്നല്ലേ ദത്തന്‍ സാര്‍ വരുന്നത്. എത്ര നാളത്തെ കാത്തിരിപ്പാണ് . ഇനിയെങ്കിലും മീരക്കുഞ്ഞിനെ ദേവമ്മയക്ക് ചിരിയോടെ കാണാൻ കഴിഞ്ഞാല്‍ മതിയായിരുന്നു."

ആ പഴകിയ ജനൽ കമ്പികളെ പിടിച്ച് പുറത്തേയ്ക്ക് നോക്കി നിൽക്കുന്ന മീരയെ നോക്കി ദേവമ്മ നെടുവീർപ്പിട്ടു.

വിവാഹം ഒരു പുതിയ ജീവിതത്തിന്റെ തുടക്കമാണ്. ഒരു അത്ഭുതം. ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടു പേർ അല്ലെങ്കിൽ സ്വയം കണ്ടെത്തിയ രണ്ടു പേർ കൂടി ചേരുകയോ, ചേർക്കപ്പെടുകയോ ചെയ്യുന്നു. ചിലർ അതിൽ വിജയിക്കുന്നു ചിലർ പരാജയപ്പെടുന്നു.

മീര ബന്ധങ്ങളുടെ കടപ്പാടുകൾ കൊണ്ട് സ്വന്തം ഇഷ്ടങ്ങളെ ബലികൊടുത്തവൾ. അതു കൊണ്ടു തന്നെയായിരിക്കക്കാം പരസ്പരം പറയാതിരുന്ന പ്രണയം മനസിൽ തന്നെ കുഴിച്ചുമൂടേണ്ടി വന്നത്.
അച്ഛൻ നഷ്ട്ടപ്പെട്ട മീരയും അമ്മയും അമ്മാവൻമാരുടെ തണലിലായിരുന്നു. ഒടുവിൽ അമ്മയും മരിച്ചപ്പോൾ അമ്മാവൻമാർ ബാധ്യത തീർക്കാനെന്നോണം ദത്തനെന്ന മനുഷ്യമൃഗത്തെക്കൊണ്ട് വിവാഹമെന്ന ചടങ്ങ് നടത്തി വിട്ടു.

ഭിന്ന ധ്രുവങ്ങളിൽ ഒരുപാടു നാൾ അവൾ അയാൾക്കൊപ്പം കഴിഞ്ഞു .എന്നിട്ടും അവൾ അയാളുടെ സ്നേഹത്തിനും കരുതലിനുമായ് കാത്തിരുന്നു. സ്നേഹ സ്പർശനത്തിനായ് കാത്തിരുന്ന അവൾക്ക് പലപ്പോഴും മദ്യത്തിന്റെയും സിഗരറ്റിന്റെയും ലഹരി നുണഞ്ഞ ദത്തന്റെ സാമീപ്യം ആയിരുന്നു ലഭിച്ചിരുന്നത് .അത് പലപ്പോഴും അവളുടെ ചുണ്ടുകളിലും ശരീര ഭാഗങ്ങളിലും കാണാൻ കഴിഞ്ഞിരുന്നു.

വൈരുദ്ധ്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ അവൾക്ക് കൂടുതൽ കാലം കഴിഞ്ഞിരുന്നില്ല. ഇഷ്ടാനിഷ്ടങ്ങൾ വെടിഞ്ഞ് അവൾ ഒരു യന്ത്രമായ് മാറി കഴിഞ്ഞിരുന്നു. യാഥാർത്ഥ്യങ്ങളും സ്വപ്നങ്ങളും അവളുടെ മനസിൽ പരസപരം വഴക്കിട്ടു കൊണ്ടിരുന്നു. അവഗണനകൾ അതിന്റ പരിധിയും കടന്നു പോയിക്കഴിഞ്ഞിരുന്നു .അവളെ ഉൾക്കൊള്ളാൻ ദത്തനും ശ്രമിച്ചിരുന്നില്ല. പ്രതീക്ഷകൾ നഷ്ടമായി കൊണ്ടിരുന്നു.

ഒരു രാത്രി മറ്റൊരു പെണ്ണിനെ കൈ പിടിച്ച് കയറി വന്ന ദത്തനോട് സർവ്വ ശക്തിയും സംഭരിച്ച് അവൾ പ്രതികരിച്ചു. അത് ദത്തനിൽ അപമാനത്തിന് വഴിയൊരുക്കി. അയാൾ വീടുവിട്ടിറങ്ങി.

ഒരു സ്ത്രീ എന്തും സഹിയ്ക്കും .എന്തു പീഡനവും സഹിച്ച് കൂടെ നിൽക്കും. അവളുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും താലികെട്ടിയ പുരുഷന് വേണ്ടി തിരസ്കരിയ്ക്കും. മാതാപിതാക്കളുടെയും മക്കളുടെയും സ്നേഹത്തെയും വീതിച്ചു നൽകും. പക്ഷേ സ്വന്തം പുരുഷനെ അവൾ ആർക്കും പങ്കുവെയ്ക്കില്ല.

നിർവികാരതയുടെ ചട്ടക്കൂടിൽ ഒതുങ്ങി കൂടുമ്പോളും മീരയുടെ ചിന്തകൾ ദത്തനൊപ്പമുള്ള ഓർമകളുടെ ഭയപ്പാടിൽ തട്ടി അവളുടെ ഹൃദയം മുറിഞ്ഞു കൊണ്ടിരുന്നു. അവൾക്ക് ആശ്വസിക്കാനോ സന്തോഷിക്കാനോ മധുരമൂറുന്ന ഓർമ്മകൾ ഒന്നും ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ഒരു നാൾ അവൻ വരുന്നത് അവൾ പ്രതീക്ഷിച്ചിരുന്നു.

ആ വീട്ടിലെ അനാഥത്വം അവളെ കൂടുതൽ വേദനിപ്പിച്ചു. ജീവിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങൾ വിരളമായിരുന്നു. അപ്പോഴെല്ലാം കുട്ടിക്കാലം മുതൽക്ക് അവളുടെ അമ്മയുടെ സഹായിയായി കൂടെ ഉണ്ടായിരുന്ന സാധു സ്ത്രീ ദേവമ്മയായിരുന്നു അവൾക്ക് ഒരേയൊരു ആശ്വാസം .ഓർമ്മകളുടെ ഞെട്ടലിൽ നിന്ന് അവൾ ഉണർന്നു. അവളറിയാതെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞു പോയപ്പോഴേയ്ക്കും ദത്തന്റെ ആര്‍ഭാടത്തിലും കുത്തഴിഞ്ഞ
ജീവിതത്തിലും അവന്റെ സ്വത്തും സമ്പാദ്യവും എല്ലാം നഷ്ടപ്പെട്ടു കൊണ്ടിരുന്നു. ഇനി അവശേഷിക്കുന്നത് തനിക്കും മീരയ്ക്കും കൂടി അവകാശപ്പെടുന്ന സ്വത്തുക്കളാണ്. അതിൽ തന്റെ ഭാഗം സ്വന്തമാക്കാന്‍ അവളുടെ ഒപ്പ് കൂടിയെ തീരു..മീരയെ നേരിൽ കണ്ട് ഭീഷണിപ്പെടുത്തിയാണെങ്കിലും സ്വത്ത് കൈക്കലാക്കണം .ദത്തന്‍ അതിനായുള്ള വഴി ആലോചിച്ചുകൊണ്ടിരുന്നു.അവള്‍ക്ക് താന്‍ വരുമെന്നുള്ള മുന്നറിയിപ്പായി ഒരുകത്തും അയച്ചു.

"ഞാന്‍ വരുന്നു എനിയ്ക്കല്‍പ്പം സംസാരിയ്ക്കാനുണ്ട് "
ദത്തൻ

എന്ന ഒറ്റവരിമാത്രമായിരുന്നു ആ കത്തിന്റെ ഉള്ളടക്കം ..

പോസ്റ്റുമാൻ ഇന്നലെ കൊണ്ട് വന്ന കവറിൽ അവൾ വെറുതെ തലോടി .അതിലെ അഡ്രസ്സും പേരും ഒരിക്കൽക്കൂടി അവൾ വായിച്ചു ." മിസിസ്സ് ദത്തൻ ".ഒരു വേള അവളുടെ കണ്ണുകൾ നിറഞ്ഞു. അത് സന്തോഷകണ്ണുനീർ ആയിരിക്കാം.വർഷങ്ങൾക്ക് ശേഷം ഇന്ന് ദത്തൻ മീരയെ കാണാൻ വരികയാണ്.ഇന്നലെ കത്ത്
കിട്ടിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ അവളുടെ കണ്ണിൽ ആ സന്തോഷ കണ്ണുനീർ പൊടിയില്ലായിരുന്നു. ഇന്നത്തെ ഈ കൂടിക്കാഴ്ച പോലും സംഭവിക്കില്ലായിരുന്നു.
"കുഞ്ഞേ ബാഗ് എടുത്തു വയ്ക്കട്ടെ പോകാനുള്ളതല്ലേ " .. അവളെ ഓർമ്മയിൽ നിന്നുണർത്തിയത് ദേവമ്മയുടെ ചോദ്യമായിരുന്നു.

മീര ആ മുറിയിലെ കോണിലായി പതിപ്പിച്ച കണ്ണാടിയുടെ മുന്നിലേയ്ക്ക് നടന്നു.അവൾ കഴിഞ്ഞ കുറേ നാളായി ആ ഭാഗത്തേയ്ക്ക് പോകാറില്ല. കണ്ണാടിയിൽ പിടിച്ചിരുന്ന പൊടിയെ അവൾ തുടച്ചു നീക്കി. ആ കണ്ണാടി നോക്കി അവൾ മുടിയൊന്നു തലോടാൻ ശ്രമിച്ചു.മുട്ടോളം നീണ്ട് കറുത്ത മുടിയ്ക്ക് പകരം ചെവി പോലും മറയക്കാൻ കഴിയാതെ അങ്ങിങ്ങായ് ഉണ്ടായിരുന്ന കുറച്ച് മുടി മാത്രം. വെളുത്ത് ചുവന്നിരുന്ന മുഖം ക്ഷീണിതയായ് തോന്നിച്ചു . ആരെയും ആകർഷിച്ചിരുന്ന ആ കണ്ണുകൾ കുഴിഞ്ഞ് തിളക്കം നഷ്ടപ്പെട്ടിരുന്നു.നിരന്തരമായ കീമോ തെറാപ്പി അവളെ മറ്റൊരു മീരയുടെ രൂപത്തിലേയക്ക് മാറ്റി മറച്ചു.

"സമയം ഏറെയായി കുഞ്ഞേ .നമുക്ക് ഇറങ്ങാം ദത്തന്‍ സാര്‍ ഇനി വരില്ലായിരിക്കും "

എന്ന് ദേവമ്മ പറഞ്ഞു തീരും മുന്നേ മുറ്റത്തൊരു കാര്‍ വന്നുനിന്നു. അത് ദത്തൻ തന്നെയായിരുന്നു .ഒരു നിമിഷം അവൾ ആ ജനലഴിയലൂടെ നോക്കി നിന്നു. മേശവലിയിൽ നിന്ന് കൺക്ഷി തപ്പിയെടുത്തു കണ്ണെഴുതി. മനോഹരമായ ഷാൾ കൊണ്ട് തല മറച്ചു, ആ ചുവന്ന പൊട്ടിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി.ദേവമ്മ പുറത്തേയ്ക്കിറങ്ങി ദത്തനെ സ്വീകരിച്ചു.

"അവളെവിടെ മീര എനിയ്ക്ക് അവളോട് സംസാരിക്കണം."

"മീരക്കുഞ്ഞ് ഇവിടെ...." ദേവമ്മ
പറയാൻ തുടങ്ങിയപ്പോഴേക്കും മീര ഉമ്മറത്തേയ്ക്കു വന്നു.പ്രതീക്ഷിക്കാത്ത
മീരയുടെ രൂപം കണ്ട് ദത്തന് ഒന്നും സംസാരിയ്ക്കാൻ കഴിഞ്ഞില്ല. പഴയ മീരയുടെ വിദൂര സാമ്യം പോലും ദത്തന് അവളിൽ കാണാൻ കഴിഞ്ഞില്ല. അയാളുടെ മനസിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത എന്തോ ഒരു വേദന അവന് അനുഭവപ്പെട്ടു.
.................

"ഏട്ടൻ ഇരിയ്ക്കൂ "

ഉമ്മറത്തെ ആ പഴയ ചാരുകസേര ചൂണ്ടി മീര പറഞ്ഞു.

"ദത്തേട്ടനല്ലാതെ വേറാരും ആ കസേരയിൽ ഇരുന്നിട്ടില്ല."

ഒരു വാക്കു പോലും പറയാൻ കഴിയാതെ അയാള്‍ അവിടെ മരവിച്ചിരുന്നു.

"ദത്തേട്ടൻ ഇന്ന് വന്നത് നന്നായി. ഞാന്‍ ഒരു യാത്ര പോകുകയാണ് .കൂടെ ദേവമ്മയെയും കൂട്ടുന്നുണ്ട് .മടങ്ങി വരാൻ കഴിയുമോ എന്നറിയില്ല "

അവൾ കൈയിൽ കരുതിയ ഒരു കവര്‍ അയാള്‍ക്ക് നീട്ടീ .ദത്തന്‍ അത് വാങ്ങുമ്പോഴേക്കും അവര്‍ക്ക് പോകാനുള്ള കാര്‍ മുറ്റത്ത് വന്നുനിന്നു. അവള്‍ കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ് ആ കാറിൽ കയറി പോകുന്നത് നോക്കി നില്‍ക്കനേ ദത്തന് കഴിഞ്ഞിള്ളൂ .

കാര്‍ അകന്നു കഴിഞ്ഞ് ആ കവര്‍ പൊട്ടിച്ചു നോക്കിയപ്പോൾ താന്‍ ആഗ്രഹിച്ചതും അതിന്റെ ഇരട്ടിയും കൈയില്‍ കിട്ടിയിട്ടും അയാള്‍ക്ക് സന്തോഷിക്കാനായില്ല..
അവളെ തിരികെ വിളിക്കാന്‍ ഒരു നിമിഷം മനസ്സുകൊണ്ട് ആഗ്രഹിച്ചെങ്കിലും അവളുടെ കാര്‍ പിന്‍തുടരാന്‍ കഴിയാത്തവിധം എങ്ങോ മറഞ്ഞിരുന്നു.
Maya T Shylaja

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo