നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സെറീന.


തൃശൂരിൽ റെപ്പായി ജോലി ചെയ്യുന്ന കാലമാണ്. ഏകദേശം ഒരു 14 വർഷം മുമ്പ്.

തിങ്കളാഴ്ച രാവിലെ കാലത്തെ ആറു മണിക്കുള്ള ബസ്സ് പിടിച്ചാൽ ആറരക്ക് മുൻപേ മലപ്പുറം ടൗണിൽ എത്തും. ആ സമയത്ത് തന്നെ തിരൂർക്ക് ഒരു ബസ്സുണ്ട്. അത്‌ പിടിച്ചാൽ ഏഴ് മണിക്ക് ചങ്കുവെട്ടി എത്തും.

അവിടുന്ന് രണ്ട് മണിക്കൂർ വേണം തൃശൂരിലേക്ക്. തൃശൂരിലേക്കുള്ള ബസ്സിൽ കയറി ലേഡീസ് സീറ്റിന് തൊട്ട് പിറകിൽ ഉള്ള സീറ്റിലാണ് ഞാൻ ഇരിക്കാറുള്ളത്. തൃശൂർ ടൗണിനു മുൻപേ പൂങ്കുന്നം എന്ന സ്ഥലത്തു ഇറങ്ങാനുള്ള സൗകര്യം ഓർത്തായിരുന്നു അത്‌.

അങ്ങനെയുള്ള ഒരു യാത്രയ്ക്കിടെയാണ് ഞാൻ അവളെ കാണുന്നത്.

സ്ഥിരമായി ചങ്ങരംകുളം എന്ന സ്ഥലത്തു നിന്നും ബസ്സിൽ കയറുന്ന പെൺകുട്ടി.

അവൾക്ക് നല്ല ഉയരവും ഒത്ത വണ്ണവും ഉണ്ടായിരുന്നു. വട്ട മുഖവും വലിയ കണ്ണുകളും അല്പം ഇരുണ്ട മുഖവും അവളുടെ മാറ്റ് കൂട്ടി.

അവളുടെ കൂടെ തന്നെ വെളുത്തു മെലിഞ്ഞ മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു.

അന്ന് ബസ്സിലെ തിരക്കിൽ അവൾ എന്റെ തൊട്ടടുത്തു വന്നു നിന്നു. അവളുടെ തൊട്ടു പിറകിൽ നിന്നിരുന്ന ഒരു പയ്യൻ ഇടക്കിടെ അവളെ മുട്ടാൻ നോക്കുന്നത് ഞാനും കണ്ടിരുന്നു.

പെട്ടെന്നാണ് പയ്യന്റെ കരച്ചിൽ ഉയർന്നത്. നോക്കുമ്പോൾ അവൾ ഹീലുള്ള ചെരിപ്പ് കൊണ്ട് അവന്റെ കാലിൽ ചവിട്ടി അമർത്തിയതാണ്. പിന്നീട് അവന്റെ പൊടി പോലും അവളുടെ അടുത്ത് കണ്ടിട്ടില്ല.

ഇടക്കിടെ അവൾ എന്നെ പാളി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവളുടെ മെലിഞ്ഞ കൂട്ടുകാരിയും എന്നെ നോക്കുന്നുണ്ട്. എന്റെ മനസ്സിൽ എന്തിനെന്നറിയാതെ ഒരു ചെറിയ ലഡു പൊട്ടി.

ഞാൻ അവരെ നോക്കി ചെറുതായൊന്നു ചിരിച്ചതും രണ്ട് ജോഡി ബാഗുകൾ എന്റെ മടിയിൽ വന്നു വീണു.

അപ്പൊ അതിനുള്ള നോട്ടമായിരുന്നു. ഇത്തവണ എന്റെ ചിരി അല്പം ഇളിഭ്യത നിറഞ്ഞതായിരുന്നു. കാര്യം മനസ്സിലായ മട്ടിൽ അവളും എന്നെ നോക്കി പുഞ്ചിരിച്ചു.

അന്ന് എനിക്ക് ടൗണിൽ പോവേണ്ട ആവശ്യമുള്ളത് കാരണം ശക്തൻ സ്റ്റാൻഡിലാണ് ഇറങ്ങിയത്. എനിക്ക് പോവാനുള്ള സ്ഥലത്തിന് അടുത്തായിരുന്നു അവരുടെ കോളേജ്.

പോവുന്ന വഴിക്ക് ഞാൻ അവരെ പരിചയപ്പെട്ടു.

പിന്നീട് ഒരു ആറു മാസത്തോളം അവളെ ഞാൻ കാണാറുണ്ടായിരുന്നു.

കാണുമ്പോഴൊക്കെ അവൾ എന്നെ നോക്കി മനോഹരമായി പുഞ്ചിരിക്കും. അവളുടെ സംസാരത്തിനു അല്പം പതർച്ച ഉണ്ടായിരുന്നെങ്കിലും മനോഹരമായിരുന്നു.

അതിനിടെ അവളുടെ ബർത്ത്ഡേ എത്തി. അന്നെനിക്ക് തൃശൂർ ടൗണിൽ ആയിരുന്നു ഡ്യൂട്ടി.

വൈകുന്നേരം നാലു മണിക്ക് ശക്തൻ സ്റ്റാൻഡിൽ വെച്ചു കാണാമെന്നായിരുന്നു കരാർ.

മാനേജർ കൂടെ ഉണ്ടായിരുന്നത് കാരണം പോവാൻ ഞാൻ മറന്നു പോയി.

രാത്രിയാണ് പിന്നെ ഞാൻ അതെ പറ്റി ഓർത്തത്. അപ്പോഴേക്കും അവൾ പോയി കഴിഞ്ഞിരുന്നു.

അവൾ ഒരു ലാൻഡ് ഫോൺ നമ്പർ തന്നിരുന്നു. അതിൽ വിളിച്ചപ്പോൾ ആ നമ്പർ തെറ്റായിരുന്നു.

പിന്നെ രണ്ട് മൂന്നാഴ്ച്ച അവരെ കണ്ടില്ല.

നാലാമത്തെ ആഴ്ചയാണ് പിന്നെ ഞാൻ അവളെ കാണുന്നത്. ആ മെലിഞ്ഞ പെൺകുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്നെ കണ്ടപ്പോ അവൾ തെളിച്ചമില്ലാത്ത ഒരു പുഞ്ചിരി സമ്മാനിച്ചു.

ബസ്സിറങ്ങി സെറീനയെ കുറിച്ചു ചോദിച്ചപ്പോൾ അവൾ വായ പൊത്തി കരയാൻ തുടങ്ങി.

ജന്മനാ ഹൃദയ വൈകല്യം ഉണ്ടായിരുന്നുവത്രേ അവൾക്ക്. അന്ന് വീട്ടിൽ പോയി കിടന്നുറങ്ങി രാവിലെ ആവുമ്പോഴേക്കും ആ ഹൃദയം നിലച്ചു പോയിരുന്നു.

'നിങ്ങളെ വലിയ കാര്യമായിരുന്നു അവൾക്ക് '.

മൂക്ക് തുടച്ചു പിന്നീട് അവൾ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. തലക്ക് വല്ലാത്തൊരു പെരുപ്പായിരുന്നു.

പിന്നീടുള്ള എന്റെ തൃശൂർ യാത്രകൾ എല്ലാം നിറമില്ലാത്ത ഓർമ്മകൾ മാത്രമായി മാറി.

ഒരു പാട് വർഷങ്ങൾക്ക് ശേഷം സെറീനയുടെ ഓർമ്മകൾ കുത്തി നോവിച്ചത് ഇന്നാണ്. പത്രത്താളിൽ ഇന്നു കണ്ട പെൺകുട്ടിക്കും അവളുടെ അതെ കണ്ണുകളായിരുന്നു.
----------------------------

ഹക്കീം മൊറയൂർ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot