Slider

ഹെന്റ....മ്മേ....!

0


എഡാ...മുരളി....നീ അറിഞ്ഞോ ഈ തവണ പ്രോഗ്രസ് കാർഡ് വീട്ടിലേക്ക് തന്നുവിടില്ലാത്രേ...

രാധിക ഇങ്ങനെയൊരു വാർത്ത പറയുന്നത് വരെ മുക്കാല മുക്കാബുല പാടി ഡെസ്കിൽ താളമിട്ട് മിമിക്‌സ്‌ ഗാനമേള നടത്തിയിരുന്ന
ഞാൻപോലുമറിയാതെ രാഗം മാറി താളം മാറി മറ്റൊന്തോ മാറി ഓഡിയോക്യാസെറ്റ് കയറിപ്പിടിച്ച ശബ്ദവും പുറകെ വന്നു.
പിന്നെ...ഹ്....?

രാധിക അവളൊരു കൊത്രക്കൊള്ളി ക്ടാവായിരുന്നെങ്കിലും.പഠിപ്പിന്റെ കാര്യത്തിൽ അവൾ മ്‌ടെ രാജുനാരായണ സ്വാമി ആയിരുന്നു.

ഞാനാണേൽ പഠിപ്പിന്റെ കാര്യം വരുമ്പോൾ ഐ. എം വിജയനും
കളിയുടെ കാര്യം വരുമ്പോൾ കലാഭവൻ മണിയേയും പോലെയുമായിരുന്നു.

പക്ഷേ...കുരുട്ട് ബുദ്ധിയുടെ കാര്യത്തിൽ എന്നെ വെല്ലാൻ മറ്റാരും ഇല്ല്യാന്ന് ആ സ്കൂളിലെ ടീച്ചർമാർ തന്നെ നേരിട്ട് നൽകിയ പ്രശസ്തി പത്രം അഞ്ചാറെണ്ണം വീതം മുട്ടിനു താഴെയും,ചന്തിയിലുമായി കരുവാളിച്ച് കിടക്കുന്നതിനാൽ തുടക്കത്തിലേ പതർച്ച മാറ്റി വച്ച് രാധികയുടെ
മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട്
ചൂണ്ടാണിവിരലും തള്ളവിരലും ചേർത്തുപിടിച്ച് ഷർട്ടിന്റെ കോളർ
ഉയർത്തിവെച്ചുകൊണ്ട്
ഞാൻ ഒരു ഐറ്റം കാച്ചി....

"തെച്ചിപൂവേ...തെങ്കാശി...പൂവേ മച്ചാനെ...പാറെങ്കെടി....വായോ...നീ വായോ....!"

ചുരുക്കിപ്പറഞ്ഞാൽ എന്റെ ധൈര്യം എല്ലാ വർഷവും പ്രോഗ്രസ്സ് കാർഡിൽ ഒപ്പിടാറുള്ള ചായക്കടക്കാരൻ വറീത് ചേട്ടന്റെ ശൂ... ശൂ...എന്നുള്ള ഒപ്പിലായിരുന്നുവെങ്കിലും.
ഇനിപ്പോ വറീത് ചേട്ടനെ അപ്പനാണെന്ന് പറഞ്ഞ് നേരിട്ട് ഹാജരാക്കിയാൽ സംഭവം ഡബിൾഓക്കെ.മാത്രമല്ല അദ്ദേഹം നല്ലൊരു ബാലെ നടനും,
മിമിക്രിക്കാരൻ കൂടിയായിരുന്നു.

ആകെയുള്ള ഒരേയൊരു പേടി കണക്ക് പഠിപ്പിക്കുന്ന 'ചോക്ക് വീക്കി' പ്രേമൻ മാഷ് വറീത് ചേട്ടന്റെ കടയിൽ വല്ലപ്പോഴും ചായ കുടിക്കാൻ വരാറുണ്ട്.ആളുടെ കണ്ണിൽ പെട്ടില്ലയെങ്കിൽ സംഗതി ജോറാവും.

സ്കൂൾ വിട്ട് നേരെ വറീത് ചേട്ടന്റെ മുൻപിൽ കാര്യം അവതരിപ്പിച്ചു....

വറീത് ചേട്ടൻ വലതു കൈ ഷർട്ടിന്റെ ഇടയിലൂടെ കടത്തി നെഞ്ചിൽ കൈവച്ച് ബാലചന്ദ്രമേനോൻ സ്റ്റൈലിൽ അഞ്ചാറ് വട്ടം ഉലാത്തിക്കൊണ്ട് പറഞ്ഞു..

" എഡാ... മുരളി ഇത് നടക്കില്ല്യാട്ടാ...!"

അതുകേട്ടപ്പോൾ തന്നെ മ്‌ടെ നെഞ്ചിൽ ഒരു ഗുണ്ട് പൊട്ടി.സംഭവം കൈവിട്ട് പോകുകയാണെന്ന് മനസ്സിലായി.വീട്ടിൽ അറിഞ്ഞാൽ പിന്നെ അച്ഛന്റെ വക പാഞ്ചാരിമേളമാകും നടക്കുക.

ഞാൻ എന്റെ ആവനാഴിയിലെ അവസാന അസ്ത്രം എടുത്ത് പൂശി....

വറീത് ചേട്ടന്റെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു...

"ചേട്ടാ ഈ തവണത്തേക്ക് മാത്രം മതി അടുത്ത തവണ സത്യായിട്ടും നല്ല മാർക്ക് വാങ്ങും.ബ്ലീസ്... ബ്ലീസ്...!"

ആ...വീഴ്ചയിൽ വറീത്ച്ചേട്ടന്റെ ഇടനെഞ്ചിൽനിന്നും വെണ്ണ ഉരുകിതുടങ്ങിയിരുന്നു...

സമോവറിനടിയിൽ നിന്ന് ഒരു തീകൊള്ളിയെടുത്ത് ബീഡിക്ക് കൊളുത്തിക്കൊണ്ട് പറഞ്ഞു..

"ഹെന്റ...മ്മേ...നീ എന്തൂട്ട് തേങ്ങ്യാ പറയണത് ശവി. നിസാര കളിയാ...ഇത്.പ്രോഗ്രസ്സ് കാർഡിൽ
ഡിം... ഡിം...ന്ന്..ദോശചുടുന്നപോലെ
ശൂ....വരക്കണപോലെള്ള കാര്യല്ല.
സംഭവേ ആൾമാറാട്ടാണ്...ആൾ മാറാട്ടം.നിന്റെ തന്ത കൃഷ്ണൻ അറിഞ്ഞാലുണ്ടല്ലോ...
എന്റെ പൊറത്ത് ഒല്ലൂര് പള്ളീലെ
റപ്പായിമാലാഖേടെ പള്ളിപെരുനാള് നടത്തും.അറിയോടാ കന്നാലി.

ഇനിപ്പോ നീയിരുന്ന് മോങ്ങണ്ട ചെക്കാ...നാളെത്തേക്ക് ഒരു തവണത്തേക്ക് മാത്രം ഞാൻവരാം ന്താ..?പിന്നെ ഉച്ചയ്ക്ക് രണ്ടരയാവുമ്പോൾ വന്നാപോരെ നാളത്തെ ന്റെ പ്രകടനം കണ്ടോ നീയ് ഒരു സ്‌പെഷ്യൽ ഐറ്റം ഇറക്കുന്നുണ്ട്. പിന്നെയ് ഒരുകാര്യം കൂടിണ്ട്.എന്റെ പ്രകടനം കണ്ട് ഇവിടെ കൈയടിക്കുന്നപോലെ ആവേശത്തോടെ സ്‌കൂളിൽ കൈയടിക്കരുത് ട്ടാ.
പണി പാലുംവെള്ളത്തിലാ... കിട്ടും അതാ."

ആ..വാക്കുകൾ കേട്ടതും
ആലിപ്പഴം വീണതുപോലുള്ള കുളിര് താഴെ നിന്ന് അരിച്ചുകയറി.ഞാൻ കടയിലെ ബഞ്ചിലേക്ക് ചാടിക്കയറി വറീത് ചേട്ടനെ കെട്ടിപ്പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു.വറീത് ചേട്ടൻ പലിശ സഹിതം മൂന്നാല് ഉമ്മ എനിക്കും തന്നു.

അടുത്ത ദിവസം സമയം രണ്ടര ആയപ്പോൾ പ്യൂൺ വന്ന് എന്നെ വിളിച്ചു.

"മുരളി കൃഷ്ണൻ....ദേ നിന്നെ ക്ലാസ് ടീച്ചർ വിളിക്കുന്നു."

ഞാൻ ടീച്ചേഴ്സ് റൂമിൽ ചെല്ലുമ്പോൾ
വറീത് ചേട്ടൻ വെള്ള ഷർട്ടും,വെള്ളമുണ്ടുമെടുത്ത് തലയിൽ അല്പം നരയെല്ലാം വരച്ച്, നെറ്റിയിൽ നിന്ന് കുറച്ചുമുടി മുന്നിലേക്ക് പിരിച്ച് വച്ച്,വട്ടത്തിൽ ചന്ദനക്കുറിയും അതിന് നടുക്ക് കുങ്കുമം, കക്ഷത്തിൽ ഒരു ഡയറിയും,കൈയിൽ കാലൻ കുടയുമായി ഭവ്യതയോടെ കുനിഞ്ഞു നിൽക്കുന്നുണ്ട്.
ഒറ്റ നോട്ടത്തിൽ മണിച്ചിത്രത്താഴിലെ ഇന്നസെന്റ് തന്നെ...!

ടീച്ചർ എന്നെക്കുറിച്ച് നല്ല രീതിയിൽ എരിവും,പുളിയും ചേർത്ത് പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു.
അതെല്ലാം ആൾ മൂളി കേൾക്കുകയും
ഇടയ്ക്കിടെ ഉവ്വാ....ഉവ്വാ...എന്ന് പറയുകയുമുണ്ടായിരുന്നു.

ഞാൻ അരികിൽ ചെന്നതും വറീത് ചേട്ടൻ തലക്കിട്ട് ഒരു കിഴിക്ക് തന്നിട്ട്
ഇന്നസെന്റിന്റെ ശബ്ദത്തിൽ പറഞ്ഞു...

"ഹെന്റെമ്മേ....ഈ ദുഃഖവെള്ളിയാഴ്ച്ച പിറന്നവനോട് ഒരു നൂറ് വട്ടം പറഞ്ഞിട്ടുണ്ട് സ്കൂൾ കഴിഞ്ഞ് വന്നാൽ പഠിക്ക് മോനെ,പഠിക്ക് മോനെ....ന്ന്..
വേളാങ്കണ്ണി മാതാവാണെ സത്യം ടീച്ചറെ,ഈ കന്നാലി പഠിക്കില്ല.ഞാൻ ഇവനെ വല്ല ഇറച്ചിവെട്ടാനും വിട്ടാലോ...ന്നാ ഇപ്പൊ ആലോയിക്കണേ."

ടീച്ചർ അന്തം വിട്ട് വാ....പൊളിച്ചിരിക്കുമ്പോൾ വറീത് ചേട്ടൻ എന്നെ നോക്കി വലത് കൈയുടെ തള്ള വിരൽ ഉയർത്തികാണിച്ചു എല്ലാം റെഡിയല്ലേ എന്ന് ചോദിച്ചു.

ടീച്ചർ സീറ്റിൽ നിന്ന് ചാടിയെഴുന്നേറ്റ് ഹെഡ്മാസ്റ്ററെ വിളിച്ചു....

സർ,ദേ ഒരു അന്തോണിനായരെ പോലെ ഒരാൾ വന്നിരിക്കുന്നു. എന്താവേണ്ടേ വിളിച്ച് പോലീസിൽ ഏല്പിക്കട്ടെ...?

ആ...നിമിഷത്തിൽ

വറീത് ചേട്ടന്റെ കക്ഷത്തിലെ ഡയറി താഴെവീണു.ചന്ദനപൊട്ടിലെ സിന്ദൂരം വിയർപ്പിൽ കുതിർന്ന് താഴേക്ക് ഒഴുകി.തൊണ്ടയിൽ നിന്ന് ഒരേയൊരു സ്വരം അല്പം ഉച്ചത്തിൽ മുഴങ്ങി ആ സ്കൂളിനെ വലം വച്ചു.....!

ഹെ.... ന്റെ.....മ്മേ....!

വറീത് ചേട്ടന് ഓർമവരുമ്പോഴേക്കും ഉള്ള സത്യം പറഞ്ഞ് ഞാൻ മാപ്പ് സാക്ഷിയായിരുന്നു...

വറീത് ചേട്ടൻ പതുക്കെ കണ്ണ് തുറന്നു.

ടീച്ചറും ഞാനും ബെഞ്ചിന്റെ ഇരു വശവും കാവലിരിക്കുന്നുണ്ടായിരുന്നു.

ആൾ അവശതയോടെ എഴുന്നേറ്റു അല്പം വെള്ളം കുടിച്ചു.

"എന്തിനാ വറീതേ ഈ ചെക്കന്റെ വാക്കുകൾകേട്ട് ഇങ്ങോട്ട് കയറിവന്നത്.കുട്ടികളെ നല്ലത് പറഞ്ഞു നയിക്കേണ്ടവർ തന്നെ കള്ളത്തരങ്ങൾ
പഠിപ്പിച്ചാൽ എങ്ങനെയുണ്ടാവും?!"
ടീച്ചർ ചോദിച്ചു.

വറീത് ചേട്ടൻ അവശതയോടെ പറഞ്ഞു.

"എന്റെ പൊന്ന് ടീച്ചറെ മ്ക്ക്
നുണ പറയാൻ ഇഷ്ടമുണ്ടായിട്ടല്ല.
പക്ഷെ....!

കൊറേ കൊല്ലങ്ങൾക്ക് മുൻപ്
ഇതുപോലെ ഒരൊപ്പിട്ട് നൽകാത്തതിനാലായിരിന്നു.
ന്റെ മോൻ,,ഗീവർഗ്ഗീസ് പറമ്പിലെ കുളത്തിൽ ചാടി ചത്തത്....!

ആ...നിമിഷത്തിൽ പതിഞ്ഞ ശബ്ദത്തിൽ ടീച്ചറുടെ വായിൽ നിന്നും
അറിയാതെ വീണു ആ വാക്ക്.

ഹെന്റെ...മ്മേ....!


സിജു പവിത്ര മുപ്ലിയം..- Best of Nallezhuth - Suggested by Raji Raghavan

ഈ കഥ ഇന്നലെ രാജീവ് ചേട്ടന്റെ കഥ വായിച്ചപ്പോൾ ഞാൻ എഴുതിയതാണ്.

ഇതുപോലെ

പ്രോഗ്രസ്സ് കാർഡ് ചലഞ്ച് എന്നപേരിൽ കഥയെഴുതാൻ

ഗിരി ബി വാര്യരെയും,അനിൽകുമാർ അണ്ണനെയും മുന്നോട്ട് ക്ഷണിക്കുന്നു.


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo