നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാക്ക്ബെഞ്ചർ



" നീ ഏത് സൗഗന്ധികപൂ കാണിച്ചിട്ടാടാ ഭീമസേനാ, പൂ പോലെയുള്ള ഈ പെൺക്കുട്ടിയെ സ്വന്തമാക്കിയത്?"

നളിനി ടീച്ചറുടെ ചോദ്യം കേട്ടപ്പോൾ വിഷ്ണു കള്ളച്ചിരിയോടെ ആലീസിനെ നോക്കി.

ആലീസ് ആ ചോദ്യത്തിന്റെ അർത്ഥം അറിയാതെ, വിഷ്ണുവിനെ നോക്കി,

ആലീസിന്റ ഭാവം കണ്ട്, അവളെ തന്റെ അരികിലേക്ക് ചേർത്ത് നിർത്തി ടീച്ചർ.

"വിഷ്ണുന്നാണ് പേരെങ്കിലും ഞാൻ ഇവനെ വിളിച്ചിരുന്നത് ഭീമസേനൻ എന്നായിരുന്നു "

വിഷ്ണു ഒരു ചമ്മിയ ചിരിയോടെ ടീച്ചറുടെ അരികിലേക്ക് ചേർന്നിരുന്നു.

ടീച്ചറുടെ വിരലുകൾ വാത്സല്യത്തോടെ വിഷ്ണുവിന്റെ മുടിയിഴകളിൽ പരതി നടന്നു.

ഭൂതകാലത്തിന്റെ കുളിരുമായെത്തിയ ആ സ്പർശനത്തിൽ അവന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു.

"മോൾക്ക് അറിയോ? ഇവൻ പഠിക്കുന്ന കാലത്ത്, ഉച്ചഭക്ഷണം കൊണ്ടുവരാൻ തന്നെ കുട്ടികൾക്കു പേടിയാണ്"

ആലീസിന്റെ മിഴികൾ ആകംക്ഷയോടെ ടീച്ചറെ തേടി ചെന്നു.

" ഉച്ചയ്ക്ക് കുട്ടികൾ ഊണ് കഴിക്കാൻ വേണ്ടി പാത്രം തുറക്കുമ്പോൾ, പൊരിച്ച മീൻ കാണില്ല, മുട്ടയപ്പം കാണില്ല - എന്തിന് പറയുന്നു ചോറിന്റെ പകുതി വരെ കാണില്ല "

നളിനി ടീച്ചറിന്റെ മിഴികൾ സജ്ജലങ്ങളായി.

" അതും പോരാതെ ഉച്ചക്കഞ്ഞി വെക്കുന്ന ഗ്രേസിയുമായി, കഞ്ഞിക്ക് വേണ്ടിയുള്ള വഴക്കും"

ടീച്ചർ കണ്ണീരോടെ വിഷ്ണുവിനെ നോക്കി പുഞ്ചിരിച്ചു.

"അതിന് എന്റെ കൈകളിൽ നിന്ന് ഒരുപാട് അടികിട്ടിയിട്ടുണ്ട് ന്റെ മോന് "

ടീച്ചറിന്റെ കോട്ടൻസാരിയിൽ തെരു പിടിച്ചുക്കൊണ്ടിരിക്കുന്ന വിഷ്ണുവിനെ നോക്കി, ആലീസ് കളിയാക്കിക്കൊണ്ട് ചിരിയോടെ തലയാട്ടി.

" അതു മാത്രമല്ല
ആലീസേ, അസംബ്ളിയിൽ തല ചുറ്റി വീഴുക, ക്ലാസ്സ് മുറിയിൽ പനിച്ച് കിടക്കുക എന്നീ നാടകങ്ങളും ഉണ്ടായിരുന്നു അല്ലേ ടീച്ചറേ എനിക്ക്?

വിഷ്ണുവിന്റെ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോൾ, ടീച്ചർ വാത്സല്യത്തോടെ അവനെ തഴുകി.

"ടീച്ചർ വാങ്ങിത്തരുന്ന ചായയ്ക്കും, പലഹാരത്തിനും വേണ്ടിയാണ് ആ നാടകം കളിച്ചിരുന്നത്

ഒരു വിഷമവുമില്ലാതെ വിഷ്ണു അതു പറയുമ്പോൾ ആലീസിന് അത്ഭുതമായിരുന്നു.

" അത് എനിക്കറിയാമായിരുന്നു ഭീമസേനാ !

നീ തലചുറ്റി വീണ് അഭിനയിക്കുമ്പോൾ ഞാൻ ആദ്യം നോക്കുക നിന്റെ വയറിലേക്കാണ് "

വിഷ്ണുവിന്റെ മേദസ്സുറ്റിയ വയറിൽ ടീച്ചർ പതിയെ തലോടി.

" പട്ടി പെറ്റ പോലെയുള്ള നിന്റെ വയർ കാണുമ്പോൾ അന്നെനിക്കറിയാം, നീ
രാവിലെയൊന്നും കഴിക്കാതെയാണ് സ്ക്കൂളിലേക്ക് വന്നതെന്നും "

ഇന്നുവരെ തന്നോടു പറയാത്ത, ദാരിദ്ര്യത്തിന്റെ ഒരു ഭൂതകാലം തന്റെ ഭർത്താവിനുണ്ടായിരുന്നുവോ?

ആലീസ് നിറയുന്ന കണ്ണുകളോടെ തന്റെ ഭർത്താവിനെ നോക്കി.

വിഷ്ണു, കണ്ണീർ പാട കെട്ടിയപുഞ്ചിരിയോടെ ആലീസിന്റെ മുടിയിഴകളിൽ തലോടി!

"അന്ന് അങ്ങിനെയൊരു കാലമായിരുന്നു
ആലീസേ"

കുതിച്ചു ചാടാനൊരുങ്ങിയ കണ്ണുനീർത്തുള്ളികളെ കൺപീലികൾക്കിടയിൽ തളച്ചിടാൻ കഴിയാതെ, വിഷ്ണു ദയനീയതയോടെ ആലീസിനെ നോക്കി.

"വിശപ്പിന്റെ വേദന അറിഞ്ഞ ഒരു കാലം!
എല്ലാവികാരങ്ങൾക്കും മീതെയാണ് വിശപ്പ് എന്നത് തിരിച്ചറിഞ്ഞ നാളുകൾ "

വിശപ്പ് കൊണ്ട് കണ്ണു കാണാൻ കഴിയാത്തതുകൊണ്ട്, ബ്ലാക്ക് ബോർഡിലെ അക്ഷരങ്ങളെ കണ്ടെത്താൻ കഴിയാത്ത കാലം"

സങ്കടം കൊണ്ട് കണ്ണുകൾ ചോർന്നൊലിക്കുമെന്നറിഞ്ഞ വിഷ്ണു, ടീച്ചറുടെ അരികിൽ നിന്നെഴുനേറ്റ്, അരി കെയുള്ള സോഫയിലേക്ക് ചെന്നിരുന്നു.

"വർഷം പെയ്താൽ ചോർന്നൊലിക്കുന്ന ഒരു കൂരയിൽ, ശരിക്കും ഭക്ഷണം കിട്ടാതെ, ദാരിദ്ര ചുഴിയിലകപ്പെട്ട കുടുംബം "

പണിക്ക് പോകുന്ന അച്ചന്, വല്ലപ്പോഴും കിട്ടുന്ന പൈസയിൽ ഒരു കുടുംബത്തെ എങ്ങിനെ മുന്നോട്ട് നയിക്കണമെന്നറിയാതെ, പകച്ചു നിൽക്കുന്ന അമ്മ! "

"ഉള്ളതുകൊണ്ട് -എല്ലാവർക്കും വിളമ്പി, ഒടുവിൽ ഒന്നും ബാക്കിയാവാതെ കഞ്ഞിവെള്ളം മാത്രം കുടിച്ച് വിശപ്പടക്കുന്ന അമ്മ"

"മുഴു പട്ടിണിയായ ദിനങ്ങളിൽ, മൂപ്പെത്താത്ത മരച്ചീനി വലിച്ചു പറിച്ച്, മണ്ണിനടിയിലെ മരച്ചീനിവേര് പോലും പാകം ചെയ്തു കഴിച്ച നാളുകൾ "

ആലീസ് കണ്ണീരോടെ വിഷ്ണുവിനെ നോക്കിയിരുന്നു.

" ഇങ്ങിനെയൊന്നും പറഞ്ഞാൽ ദാരിദ്ര്യത്തിന്റെ വേദന നിനക്ക് അറിയില്ല ആലീസേ "

അത് അനുഭവിച്ചവർക്കേ അറിയൂ, "

"ഈ പറയുന്നതിന്റെ എത്രയോ മടങ്ങാണ് അതിന്റെ തീവ്രതയെന്ന് അനുഭവിച്ചാലേ അറിയൂ"

നീർ നിറഞ്ഞ മിഴികളോടെ വിഷ്ണു സോഫയിൽ നിന്നെഴുന്നേറ്റു, ടീച്ചറുടെ അരികിലേക്ക് ചെന്നു, ആ നരച്ച മുടിയിഴകളിൽ തലോടി.

" അന്ന്, ശരിക്കും ഭക്ഷണമില്ലാത്തവൻ എന്തിനാണ് പഠിക്കാൻ പോകുന്നതെന്ന് ചോദിച്ചവർക്കിടയിലൂടെ വാശിയോടെ തന്നെയായിരുന്നു ട്രൗസറും മുറുക്കിയുടുത്ത് സ്ക്കൂളിൽ പോയിരുന്നത് ടീച്ചറേ "

ടീച്ചറിന്റെ അരികിലെ ഒരു കസേരയിൽ അവനിരുന്നു.

" പക്ഷെ എല്ലാ വാശിയും, കത്തിക്കാളുന്ന വിശപ്പിൽ വാടിപോകുകയായിരുന്നു "

"വിശപ്പ് ശരീരത്തിലങ്ങിനെ പടർന്നു കയറുമ്പോൾ, മനസ്സ് നമ്മൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധം ഒരു അപ്പൂപ്പൻ താടി പോലെ പാറി പറക്കും

" ആ സമയത്ത് ബ്ലാക്ക് ബോർഡിലെ അക്ഷരങ്ങൾ കാണില്ല, ടീച്ചർമാർ ചോദിക്കുന്ന ചോദ്യം കേൾക്കില്ല"

പിന്നെ ഇടയ്ക്കെപ്പോഴോ നമ്മളെ തേടിയെത്തുന്ന ഡസ്റ്ററോ, ചോക്കിൻ കഷ്ണമോ ആണ് നൂലറ്റ പട്ടം പോലെ പറന്നകലുന്ന നമ്മുടെ മനസ്സിനെ ക്ലാസ്സ് റൂമിൽ എത്തിക്കുന്നത് അല്ലേ ടീച്ചറേ?"

വിഷ്ണു, തന്റെ കൈപ്പത്തിയിൽ തലോടി അത് ചോദിക്കുമ്പോൾ, ഡെസ്റ്റർ ക്കൊണ്ട് ഏറ് കിട്ടി ഞെട്ടിയുണരുന്ന ആ പഴയ വിഷ്ണുവിനെയാണ് ടീച്ചർക്ക് ഓർമ്മ വന്നത്.

"സത്യം പറയാലോ ടീച്ചറെ, ഇൻറർവെല്ലിനു ശേഷം കഞ്ഞി പുരയിൽ നിന്നുയരുന്ന ചെറുപയർ കറിയുടെ ആ മണം ഇപ്പോഴും എന്നെ വിട്ടു പോയിട്ടില്ല"

ഇടയ്ക്കിടയ്ക്ക് ആ മണം എന്നെ തേടിയെത്താറുണ്ട് "

ആലീസും, ടീച്ചറും ഒരു കൊച്ചു കുഞ്ഞിനെ പോലെ സംസാരിക്കുന്ന വിഷ്ണുവിനെ അത്ഭുതത്തോടെ നോക്കുകയായിരുന്നു

മൗനം തളം കെട്ടി തുടങ്ങുന്നതറിഞ്ഞ വിഷ്ണു, ടീച്ചറുടെ കൈ പിടിച്ച് കസേരയിൽ നിന്നെഴുന്നേൽപ്പിച്ചു.

കാലിടറിയ ടീച്ചറെ, ആലീസ് പിന്നിൽ നിന്ന് പിടിച്ചു.

മൊസൈക്ക് തറയിലൂടെ ആലീസിന്റെയും, വിഷ്ണുവിന്റെയും തോളിൽ പിടിച്ചുക്കൊണ്ട് നടക്കുമ്പോൾ, ടീച്ചറിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.

" ഈ ബാക്ക്ബെഞ്ചറെ ടീച്ചർക്ക് മനസ്സിലായി! പക്ഷേ ആലീസിനെ ടീച്ചർക്ക് മനസ്സിലായില്ല അല്ലേ?"

വിഷ്ണുവിന്റെ ചോദ്യം കേട്ടതും, നളിനി ടീച്ചർ ആലീസിന്റെ മുഖത്തേക്ക് നോക്കി.

പിന്നെ അറിയില്ലെന്ന മട്ടിൽ വിഷ്ണുവിനെ നോക്കി.

" ഞാൻ ടീച്ചറുടെ ക്ലാസ്സിൽ പഠിക്കുമ്പോൾ, തൊട്ടടുത്ത ക്ലാസ്സിൽ ഇവളും പഠിക്കുന്നുണ്ടായിരുന്നു "

തെളിച്ചം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ടീച്ചറുടെ കണ്ണകൾ അവളെ ഓർത്തെടുക്കാൻ ശ്രമിച്ച് വിഫലമായി.

"ടീച്ചർക്ക് അറിയാൻ വഴിയില്ല. അന്നിവൾ മുരിങ്ങകോൽ പോലെയായിരുന്നു "

" പഠിക്കുന്ന കാലത്ത്, എന്റെയൊപ്പം നടന്ന് എല്ലാ കുസൃതിത്തരങ്ങളും ചെയ്തിരുന്ന എന്റെചങ്ക് ലത്തീഫിന്റെ അയൽക്കാരിയാണ്"

ലത്തീഫ് എന്ന് കേട്ടതും ടീച്ചറുടെ മുഖം തെളിഞ്ഞു.

"എത്രയെത്ര കുട്ടികളെ ഞാൻ പഠിപ്പിച്ചെന്ന് ഒരു ഓർമ്മയുമില്ല.

പലരെയും അവരുടെ പഠിത്തം കണ്ട് ഉന്നത നിലയിലെത്തട്ടെയെന്നും അനുഗ്രഹിച്ചിട്ടും ഉണ്ട്.

ആൾക്കൂട്ടത്തിലേക്ക് നടന്നു കയറിയ അവരിൽ ഒരാൾ പോലും ഇത്രയും കാലത്തിനിടയിൽ
എന്നെ അന്വേഷിച്ചിട്ടു വന്നിട്ടില്ല!

പക്ഷേ ലത്തീഫ് ഇടയ്ക്കിടെ വന്ന് എന്നെ കാണും -

പണ്ടത്തെ കഥകൾ പറയും
ഒടുവിൽ കണ്ണും തുടച്ചിട്ട് ഇവിടുന്ന് പോകും"

വിഷ്ണു, ഒന്നും പറയാതെ എല്ലാം കേട്ടിരുന്നു .

പോയൊരു കാലത്തിന്റെ വേദനകളുണ്ടായിരുന്നു ടീച്ചറിന്റെ ശബ്ദത്തിൽ.

ബാക്ക്ബെഞ്ചർമാരെന്ന് കളിയാക്കിയതോർത്ത് നീറുന്നുണ്ട് ആ മനസ്സ്'.

" ലത്തീഫിന്റെ കാര്യം കഷ്ടാ! അരിഷ്ടിച്ചു പോകുന്നന്നേയുള്ളൂ"

ടീച്ചറിന്റെ ശബ്ദമിടറിയിരുന്നു.

താൻ പഠിപ്പിച്ച ഒരു കുട്ടി പോലും, സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ആണ്ടു പോകരുതെന്നുള്ള ടീച്ചറുടെ മനസ്സായിരുന്നു, ആ ശബ്ദമിടർച്ചയ്ക്ക് പിന്നിൽ.

ആലീസിന്റെയും, വിഷ്ണുവിന്റെയും തോളിൽ കൈയ്യിട്ടു കൊണ്ട്,ആ കെട്ടിടത്തിൽ നിന്നിറങ്ങി, വില കൂടിയ കാറിനടുത്തെത്തിയപ്പോൾ, സംശയത്തോടെ ടീച്ചർ വിഷ്ണുവിനെ നോക്കി.

"നമ്മൾ ഒരു യാത്ര പോകുന്നു ടീച്ചറെ "

വിഷ്ണു പറഞ്ഞതും കാറിന്റെ ബാക്ക് ഡോർ തുറന്നതും ഓരേ-നിമിഷമായിരുന്നു!

" അവരോടൊന്നും പറയാതെ "

ടീച്ചർ ആശങ്കയോടെ പിന്നിലെ ബിൽഡിങ്ങിലക്ക് നോക്കിയപ്പോൾ തനിക്കു നേരെ കൈയ്യുയർത്തി ടാറ്റ തരുന്ന അന്തേവാസികളെ കണ്ട്, ടീച്ചർ സംശയത്തോടെ വിഷ്ണുവിനെ നോക്കി,

"ടീച്ചർ കയറ്! കഥയൊക്കെ നമ്മൾക്ക് കാറിലിരുന്നു പറയാം"

ഡ്രൈവർ സീറ്റിൽ നിന്നിറങ്ങിയ ലത്തീഫിനെ കണ്ട് ടീച്ചർ അത്ഭുതപ്പെട്ടു.

ബാക്ക് സീറ്റിൽ, ആലീസിനും, വിഷ്ണുവിനും നടുവിൽ ഇരിക്കുമ്പോൾ, എന്താണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് ടീച്ചർക്ക് മനസ്സിലായില്ല.

ടീച്ചറുടെ തോളിലേക്ക് പതിയെ ചാരിയിരുന്നു വിഷ്ണു.

" ലത്തീഫാണ് ടീച്ചറിന്റെ കഥകൾ എന്നോട് പറയുന്നത്.

"ഇരുപത് വർഷത്തെ പ്രവാസ ജീവിതം തീർത്ത് മടങ്ങിയെത്തിയ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ടീച്ചറുടെ ഈ അവസ്ഥ! "

"നാലഞ്ചു മക്കളുണ്ടായിട്ടും, ലക്ഷത്തോളാം ശിഷ്യരുണ്ടായിട്ടും, ഈ ഓൾഡ് ഏജ് ഹോമിലക്ക് ടീച്ചറെ കൊണ്ടുവന്ന വിധിയെ, ഞങ്ങൾ ബാക്ക്ബെഞ്ചർമാർക്ക് തോൽപ്പിക്കണം ടീച്ചറെ "

അതു പറയുമ്പോൾ വിഷ്ണുവിന്റെ കണ്ണ് നിറഞ്ഞിരുന്നു.

ഒന്നും പറയാൻ കഴിയാതെ ടീച്ചർ, ലത്തീഫിനെയും, വിഷ്ണുവിനെയും കണ്ണീരിലൂടെ നോക്കി കാണുകയായിരുന്നു.

" സ്വന്തം മക്കൾക്ക് വേണ്ടാത്ത ഞാൻ, എന്നെ തിരിഞ്ഞു നോക്കാത്ത ശിഷ്യരെ കുറ്റം പറയുന്നതിൽ അർത്ഥമില്ല!"

നിറഞ്ഞു വന്ന കണ്ണീർ, ടീച്ചർ ആരും കാണാതെ തുടച്ചു.

" പക്ഷേ പഠിപ്പിന്റെ ഉയരക്രമങ്ങളനുസരിച്ച്, കുട്ടികളെ വേർതിരിച്ചു കാണരുതെന്ന് വൈകിയ വേളയിലാണ് ഞാൻ തിരിച്ചറിഞ്ഞത് "

അവരുടെ മനസ്സിലെ നന്മകൾക്കനുസരിച്ചാണ് വേർതിരിക്കേണ്ടതെന്നും മനസ്സിലായി "

സങ്കടം കൊണ്ട് കരഞ്ഞു പോകുമെന്ന് തോന്നിയപ്പോൾ, സാരിയുടെ തുമ്പ് കടിച്ചു പിടിച്ചു ടീച്ചർ.

ലത്തീഫിന്റെ കണ്ണു നിറയുന്നത് മിററിലൂടെ കണ്ട് വിഷ്ണു .

ടീച്ചറിന്റെ കവിൾത്തടം തുടച്ചു കൊണ്ട് ചിരിച്ചു.

" ഇനി ഞങ്ങളുടെ ടീച്ചറിന്റെ കണ്ണ് ഒരിക്കലും നിറയരുത്.

പഴയ ആ -ശൗര്യമുള്ള ടീച്ചറായിട്ട് തന്നെ ഞങ്ങൾക്കു വേണം.

" അതേ ടീച്ചർ "

നിറഞ്ഞ കണ്ണുകണ്ണു കളോടെ ലത്തീഫ് തിരിഞ്ഞു നോക്കി ടീച്ചറെ .

" എല്ലാവരും ജയിച്ചു പോയപ്പോഴും, ഞാൻ -ഇവിടെ തോറ്റു കിടന്നിരുന്നത് ടീച്ചറുടെ ക്ലാസ്സിലിരിക്കാനാണ് "

ലത്തീഫിന്റെ സംസാരം കേട്ടപ്പോൾ വിഷ്ണുവിലും, ആലീസിലും ചിരി പൊട്ടി;

കാർ -ഒരു വലിയ വീടിന്റെ മുന്നിലെത്തിയതും, ഓട്ടോമാറ്റിക്ക് ഗേറ്റ് പതിയെ തുറന്നു:

നിലത്ത് പാകിയ ടൈലിലൂടെ, പോർച്ചിലേക്ക് ഇഴയുന്ന കാറിലിരുന്നു ടീച്ചർ, ആ വലിയ വീടിനെ അമ്പരപ്പോടെ നോക്കി.

"ടീച്ചർ അന്ന് വാങ്ങി തന്ന ചായയും, പലഹാരങ്ങളും വെറുതെയായില്ലെന്ന് മനസ്സിലായില്ലേ?"

ചിരിച്ചുക്കൊണ്ട് വിഷ്ണു അത് പറഞ്ഞപ്പോൾ, ടീച്ചറിന്റെ മുഖം സന്തോഷം കൊണ്ട് നിറയുകയായിരുന്നു.

"ഇതാണ് ടീച്ചറെ ഇനി നമ്മുടെ സ്ക്കൂൾ.

രണ്ടു ബാക്ക്ബെഞ്ചർമാർക്ക് ക്ലാസ്സ് എടുക്കാം ടീച്ചർക്ക് -

ടീച്ചർ ആലീസിനെ നോക്കി.

" അതു ഞാൻ പെട്ടു പോയതാണ് ടീച്ചറെ!"

വിഷ്ണു വന്ന് ആലീസിന്റെ തോളിൽ കൈവെച്ചു.

"വിശക്കുന്ന കാലത്ത്, ഏതോ കുരുത്തംകെട്ടവൻ എന്നോടു പറഞ്ഞു ആലീസിനെ കെട്ടിയാൽ എന്നും നിനക്ക് കഞ്ഞി കുടിക്കാം എന്ന് "

"അന്ന് തൊട്ട് ആലീസിനെ സ്വന്തമാക്കാനുള്ള ശ്രമമായിരുന്നു!

വർഷങ്ങൾ കഴിഞ്ഞിട്ടാണെങ്കിലും എന്റെ ആലീസിനെ ഞാൻ സ്വന്തമാക്കി "

" ഇപ്പോൾ വിഷ്ണു എനിക്ക് കഞ്ഞി തരുന്നെന്നു മാത്രം "

ആലീസ് അതും പറഞ്ഞ് വിഷ്ണുവിന് ചാരെ ചേർന്ന് നിന്നു.

ടീച്ചർ ഒന്നും മനസ്സിലാകാതെ ആലിസിനെയും, വിഷ്ണുവിനെയും മാറി മാറി നോക്കി.

" കഞ്ഞിക്കഥ കേട്ട് ടീച്ചർക്ക് ഒന്നും മനസ്സിലായില്ല അല്ലേ?"

ടീച്ചർ അതേയെന്ന് തല കുലുക്കിയപ്പോൾ, വിഷ്ണു ആ കരം കവർന്നു.

"ടീച്ചറിനോട് പറയാത്ത ഒരു കാര്യം ഉണ്ട്.

നമ്മുടെ സ്ക്കൂളിൽ ഉച്ചക്കഞ്ഞി വെച്ചിരുന്ന ഗ്രേസ്സിയമ്മയുടെ മകളാണ് എന്റെ ആലീസ്"

ടീച്ചർ അന്തംവിട്ട് ആലീസിനെ നോക്കിയിരിക്കെ ലത്തീഫ് അവർക്കരികിലേക്ക് വന്നു.

" ക്ലാസ്സ് തുടങ്ങാനുള്ള ബെൽ അടിക്കാൻ സമയമായി. എല്ലാവരും ക്ലാസ്സിലേക്ക് കയറ്"

ലത്തീഫ് പറഞ്ഞതും കേട്ട്, ചിരിച്ചുകൊണ്ട് അവർ ആ വീട്ടിലേക്ക് കയറുമ്പോൾ, നളിനി ടീച്ചറുടെ മിഴികളിൽ നിന്ന് സന്തോഷാശ്രുക്കൾ അടർന്നുവീഴുകയായിരുന്നു!

അത്രയ്ക്കും ആ മനസ്സ് സന്തോഷത്തോടെ ഏറ്റുവാങ്ങിയിരുന്നു, ബാക്ക്ബെഞ്ചർമാരുടെ ഗുരുദക്ഷിണ !

ശുഭം...


Written by Santhosh Appukuttan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot