Slider

തോർത്തുമുണ്ടുരിയാട്ടം (രണ്ട് )

0


ക്രിസ്മസ്സ്കാലമാകുമ്പോൾ വീട്ടിലേയ്ക്ക് വട്ടേപ്പത്തിലൊഴിയ്ക്കാനുള്ള കള്ള് വാങ്ങിവരാൻ കുപ്പിയുമായി അഞ്ചാറു പറമ്പുകൾക്കപ്പുറത്തുള്ള കള്ളുഷാപ്പിലേയ്ക്ക് പറഞ്ഞു വിടും . അവിടെച്ചെന്ന്
അപ്പത്തിലേയ്ക്കുള്ള കള്ള് എന്ന് പ്രത്യേകം പറയുകയും വേണം .
മെടഞ്ഞ ഓലകൊണ്ടു തന്നെ ചുവരും മേൽകൂരയുമുള്ളതാണ് കള്ളുഷാപ്പ് .
ഉള്ളിൽ ആടുന്ന കാലുകളുമായി ബഞ്ചും ,
വീതി കുറഞ്ഞ നീളത്തിലുള്ള മേശയും , ചുവരിൽ അവിടെയവിടെയായി ആണിയിൽ തൂക്കിയിട്ട അൽപവസ്ത്രധാരിണിളായ മാദക സുന്ദരിമാരുടെ കലണ്ടറുകളും.
എങ്കിലും തലയിൽ മുണ്ടിട്ട് ആരും കയറി വരുന്നതോ, ഇറങ്ങി പോകുന്നതോ ശ്രദ്ധയിൽ പെട്ടിട്ടില്ല .

പക്ഷെ പണ്ടത്തെ സിനിമകളിൽ ശങ്കരാടിയും, ഭാസിയും, ബഹദൂറും, Sp പിള്ളയും അങ്ങിനെ ഹാസ്യനടൻമാർ മുഴുവൻ ഷാപ്പിൽ പോണത് തലയിൽ തോർത്തുമുണ്ടിട്ടാണ്.
അരുതാത്തതിനു പോകുമ്പോൾ തോർത്തുമുണ്ടു തലയിടണമെന്നായി.
അല്ലെങ്കിൽ മുണ്ടു തലയിലിട്ടാൽ അരുതാത്തതിനു മുതിരുന്നു എന്നായി.

നല്ല വേനൽക്കാലത്ത് ,
മുറ്റത്ത് വെയിലുള്ളിടത്ത് പനമ്പ് വിരിച്ച്
നാലു മൂലയിൽ കാക്കയെ ഓടിക്കാനായി ഓരോ ഇർക്കിലിൽ ഉണ്ക്കമുളക് നാട്ടിനിറുത്തിയതിനു നടുക്ക് ,. ഉണക്കാനിട്ടിരിക്കുന്ന ചുവന്നമുളക് ഇടയ്ക്കിടെ ചിക്കാൻ പോകുമ്പോൾ ,
വെയിലേറു തട്ടാതിരിയ്ക്കാൻ അമ്മാമ്മയുടെ തലയിലൊരു തോർത്തുമുണ്ടു ഇട്ടിട്ടുണ്ടാവും.
പെട്ടെന്ന് മഴവരുമ്പോൾ
അയയിലുണക്കാനിട്ട തുണിയെടുക്കാനോടുമ്പോഴും ഇതേ തോർത്തുമുണ്ട് തലയിൽ ഉണ്ടാവും.

പാടത്തു പണിയെടുക്കുന്ന പെണ്ണുങ്ങളെല്ലാം തോർത്തുമുണ്ട് ഒരു പ്രത്യേക തരത്തിൽ നെറ്റിമൂടി പുറകിൽ കൊണ്ടുവന്നു തോർത്തു മുണ്ടിന്റെ ഇരുതലയും . കോർത്തു വലിച്ചു കെട്ടിയിട്ടാണുണ്ടാവുക .
മലയോരമേഖലയിൽ ആൺപെൺ ഭേദമന്യേ എല്ലാവരുടെ പക്കലും തോർത്തുമുണ്ടുണ്ടാവും.
അവിടങ്ങളിൽ
കടുംവയലറ്റ്, കടുംചുവപ്പ് , കടുംനീല എന്നീ നിറങ്ങളിലുള്ള തോർത്തുമുണ്ടുകളാണധികവും.
അത്യാവശ്യം തെങ്ങിൽ കയറണമെങ്കിൽ തലേക്കെട്ടഴിച്ച് തളപ്പാക്കി കാര്യം സാധിയ്ക്കുന്നതും കാണാം.
പെണ്ണുങ്ങൾ പൊതുവെ കുളികഴിഞ്ഞാൽ തോർത്തുമുണ്ട് തലവഴി മൂടി, മുടിയും ചേർത്ത് പിരിച്ചെടുത്ത് ഉച്ചിയിൽ
കെട്ടിവയ്ക്കും .
കുറച്ചു കഴിഞ്ഞു. തോർത്ത്മുണ്ട് അഴിച്ചെടുത്ത് രണ്ടു കൈ കൊണ്ടും വലിച്ചു പിടിച്ചു മുടി പുറകോട്ടിട്ടും മുന്നോട്ടിട്ടും തല്ലിയുണക്കുന്നത് കാണാം.

ഒരിക്കൽ ഒരു കൈയ്യിൽ അലക്കിയ തുണികളുള്ള ബക്കറ്റും , മറുകൈയ്യിൽ സോപ്പും, തലയിൽ കുളികഴിഞ്ഞ്
തോർത്ത്മുണ്ട് മുടിയും ചേർത്തു പിരിച്ച് ഉച്ചിയിൽ കെട്ടിവച്ച് ,
പുഴയിൽ നിന്നും അവൾ ഒതുക്കുകല്ലുകൾ കയറി വരുമ്പോൾ ..
" നിൻ മണിയറയിലെ നിർമല ശയ്യയിലെ നീല നീരാളമായി ഞാൻ മാറിയെങ്കിൽ ... ",
എന്ന ഗാനത്തിലെ വരികളെപോലെ തത്കാലം മാറിയില്ലെങ്കിലും
ഒരുവേള ആ തോർത്തുമുണ്ടായാൽ മതി എന്ന് മോഹിച്ചു പോയിരുന്നു.
പിന്നീട് വിവാഹശേഷം അവിടെ ചെല്ലുമ്പോഴൊക്കെ കുളിയ്ക്കാനായി കോടിമണം മാറാത്ത പുത്തൻ തോർത്തുമുണ്ടും കൂടു പൊട്ടിയ്ക്കാത്ത ലൈഫ്ബോയ് പ്ലസ്സ് സോപ്പും തിണ്ണയിൽ എടുത്തു വച്ചിട്ടുണ്ടാവും.
പുഴയിലേയ്ക്ക് പടവുകളിറങ്ങി പോകുമ്പോൾ ഇവിടത്തുകാർ തലയിൽ കെട്ടുന്നതുപോലെ തോർത്തുമുണ്ടെടുത്ത് തലയിൽ കെട്ടാൻ വൃഥാ ശ്രമിയ്ക്കും.
ഒരിക്കലും അധിക സമയം ഉറച്ചുനിൽക്കാത്തതിനാൽ അതെടുത്ത് തോളത്തിടുകയാണു പതിവ് .

ഇവിടങ്ങളിൽ പെരുന്നാളിനോ , മറ്റു ആഘോഷങ്ങളോടോ അനുബന്ധിച്ച് അരങ്ങേറുന്ന ഒന്നാണ് വടംവലി മത്സരം.
എല്ലാവരും ആവേശപൂർവ്വം പങ്കെടുക്കുന്ന ഇനം.
വടംവലി തുടങ്ങും മുൻപായി
മത്സരാർത്ഥികൾ ഇരുഭാഗത്തുമുള്ളവർ തലയിലെ തോർത്തുമുണ്ടഴിച്ച് അരയിൽ മുറുക്കി കെട്ടും. അപ്പോൾ അതവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല.
മത്സരം തുടങ്ങി കഴിഞ്ഞാലോ കാണികൾ തലേക്കെട്ടഴിച്ച് വായുവിൽ ശക്തിയോടെ വീശിയും ആർപ്പുവിളിച്ചും ആ ആവേശത്തിൽ പങ്കുചേരും.

ഒരിക്കൽ ടൗൺഹാളിൽ വച്ചു ഹിന്ദുസ്ഥാൻ കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രദർശനം കാണാനിടയായി.
അതിൽ കഠാരയുമായി ചാടിവീഴുന്ന അക്രമിയെ കയ്യിലെ തോർത്തുകൊണ്ട് നേരിടുന്നതായിരുന്നു ഒരിനം .
ഒരു യുവതിയായിരുന്നു അഭ്യാസി എന്നാണ് ഓർമ്മ.
പിന്നീട് വീടിന്റെ അടുത്തുള്ള ക്രൗൺ തിയേറ്ററിൽ ,ഇടവഴി കടന്ന് സെക്കൻഡ് ഷോയ്ക്ക് പോകുമ്പോൾ അരയിൽ ഒരു തോർത്ത്മുണ്ട്
കെട്ടിവെച്ചിട്ടുണ്ടാവും അഥവാ ആരെങ്കിലും അക്രമിച്ചാൽ നേരിടാനാണ് .
പക്ഷേ അതിൻറെ ആവശ്യം ഒന്നുമുണ്ടായില്ല.പേടിച്ചത് മിച്ചം.

വയനാട് റൂട്ടിൽ കെ എസ് ആർ ടി സി ബസ്സുകൾ മാത്രം ഉണ്ടായിരുന്ന കാലം .
അടിവാരത്തു നിന്നും കുന്നു കയറുമ്പോൾ ഡ്രൈവർമാർ തോർത്ത്മുണ്ട് എടുത്ത് രണ്ടു ചെവിയും മൂടി കീഴ്ത്താടിയിൽ കൊണ്ടുവന്നു
കെട്ടും .
യാത്രക്കാരും തോർത്തുമുണ്ട് , ഷാൾ ഇവയേതെങ്കിലും കൊണ്ട് കാതുകൾ മുടിക്കെട്ടും .
തണുപ്പ് അടിക്കാതിരിക്കാനാണ്.

അക്കാലത്ത് ടാക്സി ദീർഘദൂര ഓട്ടം വിളിച്ച് അതിലെ ഡ്രൈവർമാരെ കഴുത്തിൽ തോർത്തുമുണ്ടിട്ടു കുരുക്കി കൊന്നുകളഞ്ഞ ശേഷം വഴിയിലുപേക്ഷിച്ച് വണ്ടിയുമായി അതിർത്തി കടക്കുന്ന കഥകൾ ധാരാളം കേട്ടിരുന്നു.
അങ്ങിനെ , രാത്രിയിൽ ഓട്ടം വിളിച്ചാൽ ഡ്രൈവർമാർ പോവാതെയും . ആത്മ രക്ഷയ്ക്ക് ആയുധങ്ങൾ കരുതുകയും
ഒക്കെ ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു.

ഒറ്റതോർത്തുമുണ്ട് ഉടുത്ത് , ഇടത്തെ കൈയ്യിൽ ജലം നിറഞ്ഞ മൺകലശമെടുത്ത് തലയ്ക്കു പുറകിലൂടെ കൊണ്ടുവന്നു വലത്തെ തോളിൽ പിടിച്ചശേഷം,
കത്താൻ തുടങ്ങുന്ന ചിതയ്ക്ക് മൂന്നുവട്ടം വലംവയ്ക്കാൻ തുടങ്ങും .
ഓരോ വലംവയ്പിനും കർമ്മി കഠാരത്തുമ്പുകൊണ്ട് കലശത്തിൽ ഒരു കുത്തുദ്വാരമിടും , ഇതിലൂടെ ഒഴുകുന്ന വെള്ളം വീണു തോർത്തു മുണ്ടിന്റെ
പുറകുവശം പതിയെ നനയും.
മൂന്നുതവണ വലംവച്ചു കഴിഞ്ഞ് മൺകലശം പുറകിലൂടെ താഴേയ്ക്കിടും.
മരിച്ചു പോയവരുടെ നുറുങ്ങു ഓർമ്മകൾ ബാക്കിയെന്നവണ്ണം അത് തറയിൽ വീണ് തകർന്ന് ചെറിയ കഷണങ്ങളായി ചിതറും.
നോവിന്റെ ഈറൻ ഓർമ്മകൾ പേറി …
ആ തോർത്തുമുണ്ടും ബാക്കിയാവും.


നൈർമല്യത്തിന്റെ കർപ്പൂരനാളങ്ങൾ അണയാത്ത കണ്ണുകളും , വിശപ്പാണെന്റെ ഭ്രാന്ത് എന്ന് മൗനം ഒളിപ്പിച്ച ചുണ്ടുകളുമായി , മുന്നിൽ ഉടുമുണ്ട് ഉരിഞ്ഞു കൂച്ചിക്കെട്ടിയ കൈകളുമായി നിൽപ്പുണ്ട് ഇന്നും എന്റെ മനസ്സിൽ ,
രിമ്പനടിയ്ക്കാത്ത ,നോവിന്റെ ഉപ്പുപരലുകൾ വീണു കുതിർന്ന ഒരു നീറുന്ന ഓർമ്മ ..

2020 - 04 - 11
(ജോളി ചക്രമാക്കിൽ )

Part 1- https://www.nallezhuth.com/2020/10/Thorthumunduriyattam-Part1.html

Part 2- https://www.nallezhuth.com/2020/10/Thorthumunduriyattam-Part2.html


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo