നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പെണ്ണുകാണൽ കഥ


"സുരഭി ഇത്ര നേരമായിട്ടും നിന്റെ ഒരുക്കമൊന്നും കഴിഞ്ഞില്ലേ..?
ചെക്കനും ബ്രോക്കറും ഇപ്പോഴിങ്ങേത്തും. ഇത് പോലൊരു കുഴി മടിച്ചിയാണല്ലോ ദൈവമേ നീ എനിക്ക് തന്നത് "

അടുക്കളയിൽ നിന്നും അമ്മയുടെ ശകാര വാക്കുകൾ കേട്ടാണ് സുരഭി ഉറക്കത്തിൽ നിന്നും ഉണർന്നത്.

"ഈശ്വര ഇന്ന് പെണ്ണ് കാണാൻ ഒരുകൂട്ടർ വരുന്നുണ്ടെന്നു ഇന്നലെ കിടക്കാൻ നേരത്തും അമ്മ ഓര്മിപ്പിച്ചതാണ്."

മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ അവളുടെ ശ്രെദ്ധ ആദ്യം പോയത് വീടിന്റെ വരാന്തയിലെ ചാരുകസേരയിൽ പത്രം വായിച്ചു കൊണ്ടിരിക്കുന്ന അച്ഛനിലേക്കാണ് . തന്നെ കണ്ടതും പത്ര താളുകളിൽ നിന്നും പതിയെ കണ്ണ് ഉയർത്തി.

"ഇന്നെങ്കിലും കുറച്ചു നേരത്തെ എഴുനേൽക്കാൻ പാടില്ലായിരുന്നോ? വരുന്ന കൂട്ടര് നിന്നെ ഈ കോലത്തിൽ കണ്ടിരുന്നെങ്കിൽ വന്ന വഴി തന്നെ അവര് തിരിച്ചു പോകുമായിരുന്നു "

അച്ഛന്റെ ശകാരം കേൾക്കാത്ത മട്ടിൽ അനു പതിയെ അടുക്കള ലക്ഷ്യമാക്കി നീങ്ങവേ അച്ഛൻ വിളിച്ചു പറഞ്ഞു.

"കഴിഞ്ഞ തവണ വന്നത് പോലെ കൂലി പണിക്കാരന്റെ ആലോചനയല്ല സർക്കാർ ജോലിക്കാരനാണ്. ഇത് നടന്നു കിട്ടിയാൽ നമ്മുടെ ഭാഗ്യം "

അടുക്കളയിൽ അമ്മ തിരക്കിട്ട ജോലിയിലായിരുന്നു. പാത്തും പതുങ്ങിയും അമ്മയുടെ കണ്ണ് വെട്ടിച്ചു കൊണ്ട് ബ്രഷും പേസ്റ്റുമെടുത്തു സുരഭി ബാത്റൂമിലേക്ക് കയറി

ഇടവഴിയിൽ നിന്നും ഒരോട്ടോറിക്ഷ തന്റെ വീട്ടുവളപ്പിലേക്ക് തിരിയുന്നത് കണ്ടമാത്രയിൽ അകത്തേക്ക് നോക്കി പറഞ്ഞു.

"സരസ്വതി അവര് വന്നെന്ന തോന്നുന്നത്. നീ വേഗം മോളോട് ഒരുങ്ങി ഇരിക്കാൻ പറയൂ.

"മോള് കേട്ടല്ലോ അച്ഛൻ പറഞ്ഞത്. നീ ഗ്ലാസിലൊക്കെ ചായ ഒഴിച്ച് വയ്ക്ക്. അച്ഛൻ വിളിക്കുമ്പോൾ മോള് ഇതും കൊണ്ട് അങ്ങോട്ട് പോയാൽ മതി.

"എന്റെ അമ്മേ ഇത് എന്റെ ആദ്യത്തെ പെണ്ണ് കാണലൊന്നും അല്ലല്ലോ...? "

"ഇത് അതുപോലെ ഒന്നുമല്ല മോളെ. സർക്കാർ ജോലിക്കാരനാണ്. ഇത് നടന്നാൽ എന്റെ മോള് രക്ഷപ്പെട്ടു."
=======================================
വീടിന്റ ഉമ്മറത്തേക്ക് ഇറങ്ങി വന്ന ചെക്കനേയും ബ്രോക്കറേയും കണ്ടതും ശ്രീധരേട്ടന്റെ മുഖം സന്തോഷം കൊണ്ട് തുടുത്തു.

"നിങ്ങള് വൈകിയപ്പോൾ ഞാനൊന്നു പരിഭ്രമിച്ചു. എന്താ ഇങ്ങനെ പുറത്ത് തന്നെ നിൽക്കുന്നത് അകത്തേക്ക് കയറി ഇരിക്കൂ"

"ഞങ്ങൾ നേരത്തെ ഇറങ്ങിയതാണ്...പക്ഷേ വഴിയിൽ മുഴുവൻ വാഹനങ്ങളുടെ നീണ്ട തടസ്സം അതാണ് ഇവിടേക്ക് എത്താൻ അല്പം വൈകിയത്. ഞാൻ സംസാരത്തിനിടയിൽ ചെറുക്കനെ പരിചയപ്പെടുത്താൻ മറന്നു. ഇത് രവി...ടൗണിലെ സർക്കാർ ഓഫീസിലാണ് ജോലി "

ബ്രോക്കർ നാണപ്പൻ ചെറുക്കനെ ശ്രീധരേട്ടന് പരിചയപ്പെടുത്തി.

"ഇങ്ങോട്ടുള്ള വഴി മനസ്സിലാവാതെ ഒത്തിരി ദൂരം സഞ്ചരിച്ചു കാണും അല്ലെ..?

മോളെ സുരഭി ഇവർക്ക് കുടിക്കാൻ ചായ എടുത്തോളൂ "

"അച്ഛന്റെ വിളി കേട്ടതും സുരഭി ചായയുമായി പുറത്തേക്ക് വന്നു. ചായ ഗ്ലാസ്‌ രവിക്ക് നൽകി കൊണ്ട് അവൾ അച്ഛന്റെ ചാരു കസേരയുടെ അരികിലേക്ക് നിന്നു.

"എനിക്ക് ആണായിട്ടും പെണ്ണായിട്ടും ഇവള് ഒറ്റരാളാണ്... ഇവളെ ഒരു സർക്കാർ ഉദ്യോഗസ്ഥന് മാത്രമേ കെട്ടിച്ചു കൊടുക്കൂ എന്നത് എന്റെ വാശിയായിരുന്നു "

"പുതിയ കാലമല്ലേ ഇവർക്ക് അങ്ങോട്ടും ഇങ്ങോട്ടും എന്തെങ്കിലും ചോദിച്ച് അറിയണമെങ്കിൽ ആവാം....
അല്ലെ ശ്രീധരേട്ട?

ശ്രീധരേട്ടന്റെ സംസാരത്തിന്റെ ഇടയ്ക്ക് നാണുവേട്ടൻ കയറി ഇടപ്പെട്ടു.

"അതിനെന്താ ആയിക്കോട്ടെ പുതിയ പരിഷ്‌കാരങ്ങൾ ആവുമ്പോൾ "

സുരഭി എത്രവരെ പഠിച്ചു...?

രവി ചായ ഗ്ലാസ്‌ മേശയുടെ മുകളിലേക്ക് വച്ച് കൊണ്ട് ചോദിച്ചു...

പത്താം ക്‌ളാസ് പിന്നേ ടൈപ്പും പഠിച്ചിട്ടുണ്ട്

സുരഭിയുടെ മറുപടിയിൽ അല്പം തലക്കനം ഉള്ളത് പോലെ രവിക്ക് അനുഭവപ്പെട്ടു

"അപ്പോൾ ശ്രീധരേട്ടാ ചെക്കന് പെണ്ണിനെ ഇഷ്ട്ടമായി. ഇനി നമുക്ക് വിഷയത്തിലേക്ക് വരാം..."

ബ്രോക്കർ നാണപ്പൻ ചൂട് ചായ ഊതി കുടിച്ചു കൊണ്ട് പറഞ്ഞു.

" മോളെ നീ ഇവിടെ നിന്ന് വിയർക്കണ്ട അകത്തേക്ക് പോയ്കൊള്ളു "

"അതേ...! ചെക്കനും പെണ്ണിനും കണ്ട് ഇഷ്ട്ടപ്പെട്ട സ്‌ഥിതിക്ക് നല്ലൊരു ദിവസം നോക്കി ഞങ്ങൾ ചെക്കന്റെ വീട്ടിലേക്ക് വരാം. അതാണല്ലോ ചടങ്ങ് "

"അത് നിങ്ങള് കാർന്നോമ്മാര് ആലോചിച്ചു തീരുമാനിച്ചു നല്ലൊരു ദിവസം ചെക്കന്റെ വീട്ടുകാരെ അറിയിച്ചാൽ മതി. ഞാൻ പറഞ്ഞു വന്നത് സ്ത്രീധനമായിട്ട് നിങ്ങള് എത്ര കൊടുക്കുന്നതിനെ കുറിച്ച് ഒരു ധാരണ തന്നാൽ എനിക്ക് അത് ചെക്കന്റെ വീട്ടുകാരോട് പറയാമായിരുന്നു "

ബ്രോക്കർ നാണപ്പന്റെ സംസാരം ശ്രീധരേട്ടനിൽ ഒരു ഞെട്ടലുണ്ടാക്കി.

"നാണപ്പ എനിക്ക് ഉള്ളതൊക്കെ എന്റെ മോൾക്കുള്ളത് തന്നെയല്ലേ പിന്നേ
സ്ത്രീധനത്തെ കുറിച്ചൊക്കെ ചർച്ച വേണോ? "

വേണം.. !

"കൊടുക്കൽ വാങ്ങലുകളെ കുറിച്ചൊക്കെ ഇപ്പോൾ തന്നെ ഒരു ധാരണയുണ്ടായാൽ കല്യാണ ദിവസം ഒരു മുഷിച്ചില് ഒഴിവാക്കാം "

ഇത്തവണ ഉയർന്നു കേട്ട ശബ്ദം സർക്കാർ ജീവനക്കാരനായ രവിയുടേതായിരുന്നു.

"ഞാൻ ഒരു സർക്കാർ ജീവനക്കാരനാണ് ലക്ഷങ്ങൾ സ്ത്രീധനം തന്ന് അവരുടെ പെണ്മക്കളെ എനിക്ക് കെട്ടിച്ചുതരാൻ ഇഷ്ടം പോലെ ആളുകളുണ്ട്. "

"മോന് പറയുന്നത് ശരിയായിരിക്കാം പക്ഷേ സ്ത്രീധന സമ്പ്രദായത്തോട് ഞങ്ങൾക്ക് യോജിപ്പില്ല "

"ശ്രീധരേട്ട പത്താം ക്ലാസും ടൈപ്പറേറ്റിംഗും പഠിച്ച നിങ്ങടെ മോൾക്ക്‌ ഒരു സർക്കാർ ഉദ്യോഗസ്ഥനെ തന്നെ വേണമെന്ന് നിർബന്ധം പിടിച്ചത് കൊണ്ടാണ് ഞാൻ കഷ്ടപ്പെട്ട് ഇതൊപ്പിച്ചത്. നിങ്ങള് സ്ത്രീധന കാര്യത്തിൽ ഇങ്ങനെ ബലം പിടിക്കല്ലേ. ഈ കല്യാണം കഴിഞ്ഞ നിങ്ങളുടെ മോളുടെ ജീവിതം സുരക്ഷിതമാണ് "

"നാണു താൻ എന്ത് പറഞ്ഞാലും എനിക്ക് ഇതിനോട് യോജിപ്പില്ല.... സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷർഹമാണെന്നു ഞാൻ പറയാതെ തന്നെ തനിക്ക് അറിയില്ലേ...??

ശ്രീധരേട്ടൻ ദേഷ്യത്തോടെ പറഞ്ഞു

" മകളുടെ ജീവിതം സുരക്ഷിതമാക്കാൻ അവളെ സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കെട്ടിക്കാൻ നിങ്ങൾ ആഗ്രഹിക്കുമ്പോൾ അവളെ കല്യാണം കഴിക്കാൻ ഞങ്ങൾ സ്ത്രീധനം ആവശ്യപ്പെട്ടാൽ അതിൽ എന്താണ് തെറ്റ്‌? "

രവിയുടെ ചോദ്യത്തിന് മുന്നിൽ മറുപടി നൽകാൻ കഴിയാതെ ശ്രീധരേട്ടൻ തല കുനിച്ചു നിന്നു.

"ദിനേശാ നീയിങ് ഇറങ്ങിവാ..."

പുറത്ത് നിർത്തിയിട്ട ഓട്ടോയിലേക്ക് നോക്കി രവി വിളിച്ചു പറഞ്ഞു.

ഓട്ടോയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ആളെ കണ്ടതും സുരഭിയുടെ അച്ഛൻ അല്പ സമയം പകച്ചു നിന്നു പോയി ...

ദിനേശനെ തന്റെ അരികിലേക്ക് ചേർത്ത് നിർത്തി കൊണ്ട് രവി സംസാരം തുടർന്നു

"ശ്രീധരേട്ടാ നിങ്ങൾ ഇവനെ മറന്ന് കാണില്ലല്ലോ? കഴിഞ്ഞാഴ്ച പെണ്ണ് കാണാൻ വന്നപ്പോൾ നിങ്ങളും നിങ്ങളുടെ മോളും കൂടി അപമാനിച്ചിറക്കിവിട്ട കൂലി പണിക്കാരൻ. ഇവന് സർക്കാർ ജോലിയൊന്നും ഇല്ലായിരിക്കാം പക്ഷേ കെട്ടി കൊണ്ട് വരുന്ന പെണ്ണിനെ മാന്യമായി പോറ്റാനുള്ള കഴിവും ആരോഗ്യവും ഇവനുണ്ട്..."

"നിങ്ങള് വീട്ടിൽ കയറി വന്ന് എന്നെയും മോളെയും അപമാനിക്കുകയാണോ? "

"ശ്രീധരാ.. !തന്റെയും മോളുടെയും അഹങ്കാരത്തിനു ഒരു കൊട്ട് തരണമെന്ന് ഇവര് വന്ന് പറഞ്ഞപ്പോൾ അതിൽ കാര്യമുണ്ടെന്നു എനിക്കും തോന്നി "

നാണു ചേട്ടൻ ചെറു ചിരിയോടെ പറഞ്ഞവസാനിപ്പിച്ചതും. ഭൂമി മുഴുവനായി കറങ്ങുന്നത് പോലെ ശ്രീധരേട്ടന് അനുഭവപ്പെട്ടു. ചാരു കസേരയിലേക്ക് തളർന്നു വീണ അയാളെ നോക്കി കൊണ്ട് രവി പറഞ്ഞു

"പിന്നേ അടുത്ത മാസം ഇവന്റെ കല്യാണമാണ്. പെണ്ണിനെ ചേട്ടന് ചിലപ്പോൾ അറിയാമായിരിക്കും ഈ നാണുവേട്ടന്റെ മോള് ഡോക്ടർ ശാന്തിനി. ചേട്ടനും കുടുംബവും തീർച്ചയായും കല്യാണത്തിന് വരണം. "

കല്യാണ കത്ത് ശ്രീധരേട്ടന്റെ കൈയിലേക്ക് കൊടുത്ത് ദിനേശനും രവിയും പുറത്തേക്കിറങ്ങി കൂടെ നാണുവേട്ടനും....

അവർ പോകുന്നത് നിരാശയോടെ കണ്ട് നിൽക്കാൻ മാത്രമേ ശ്രീധരേട്ടനും മകൾക്കും കഴിഞ്ഞുള്ളു.

ശുഭം.....

രചന :വസുമേഷ് പള്ളൂർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot