Slider

അമ്മ

0


"എന്റെ അമ്മായിയമ്മ എവിടെ?"

വിവാഹമണ്ഡപത്തിൽ കയറി, സദസ്യർക്ക് നേരെ കൂപ്പ്കൈ -വണങ്ങി രാഹുലിന്റെ, അടുത്ത് വന്നിരുന്നു പവിത്ര പതിയെ, പുഞ്ചിരിയോടെ ചോദിച്ചപ്പോൾ, അവനൊന്നു ഞെട്ടി.

രാഹുൽ അത് നിസ്സാരമാക്കിയെന്നോണം, മണ്ഡപത്തിലെ ഫോട്ടോഗ്രാഫർക്കു നേരെ ഒരു വിളറിയ ചിരിയോടെ പോസ് ചെയ്തു.

"രാഹുലിന്റെ അമ്മ എവിടെയാണെന്നാ ഞാൻ ചോദിച്ചത്?"

ഈ പ്രാവശ്യം പവിത്രയുടെ ശബ്ദം കുറച്ചുയർന്നിരുന്നു.

ആ ചോദ്യം അവനിൽ ഉൽക്കിടമുണ്ടാക്കിയെങ്കിലും അതു പുറത്തു കാണിക്കാതെ, സ്റ്റേജിനു മുൻവശത്തിരുന്നിരുന്ന, തലയിൽ മുല്ലപ്പൂ പന്തൽ കെട്ടിയ പ്രൗഢയായ, ഒരു സ്ത്രീയെ രാഹുൽ കൈമാടി വിളിച്ചു.

" ഞാൻ ചോദിച്ചത് രാഹുലിന്റെ ഇളയമ്മയെ അല്ല.രാഹുലിന്റെ അമ്മയെയാണ് "

ഈ പ്രാവശ്യം പവിത്രയുടെ പല്ലുകൾ പതിയെ ഞെരിയുന്നത് അവൻ കേട്ടു.

ഫ്ലാഷ് ലൈറ്റുകളിൽ വിയർത്തിരുന്ന രാഹുൽ, ഒന്നുകൂടി
വിയർക്കാൻ തുടങ്ങി.

അവന്റെ ഹൃദയം ശക്തിയായി മിടിച്ചു തുടങ്ങി.

"അമ്മയ്ക്ക് യാത്ര ചെയ്യാൻ വയ്യാതെ "

രാഹുലിന്റെ വാക്ക് പാതിയെത്തിയപ്പോഴെയ്ക്കും പതർച്ചയിലവസാനിച്ചു.

"ഏക മകന്റെ താലിക്കെട്ട് കാണാൻ വരാൻ പറ്റാത്തത്രയ്ക്കും അസുഖമാണ് അമ്മയ്ക്കെന്ന് ഞാൻ വിശ്വസിക്കുന്നു"

പവിത്ര പറഞ്ഞു നിർത്തിയപ്പോൾ രാഹുലിൽ നിന്ന് ആശ്വാസത്തിന്റെ ഒരു നെടുവീർപ്പുയർന്നെങ്കിലും, അതിന് ക്ഷണികായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പവിത്രയിൽ നിന്ന് അടുത്ത വാചകമുയരുന്നതു വരെ.

" പക്ഷേ രാഹുലിന്റെ അമ്മ ഈ-മണ്ഡപത്തിലെത്താതെ രാഹുലിന്റെ താലിയ്ക്കായി എന്റെ ശിരസ്സ് കുനിയില്ല"

രാഹുൽ വിറളി പൂണ്ടവനെ പോലെ പവിത്രയെ നോക്കി.

പിന്നെ ചുറ്റുമുള്ള ഫോട്ടോഗ്രാഫർമാരെയും, മണ്ഡപത്തിലുള്ള അടുത്ത ബന്ധുക്കളെയും.

അവന്റെ നോട്ടം കണ്ട പവിത്ര-പതിയെ അവന്റെ കണ്ണുകളിലേക്ക് നോക്കി.

" ഇവർ മാത്രമല്ല രാഹുൽ -സദസ്സിൽ വി.ഐ.പി കൾ ഒരുപാടുണ്ട് - അതൊന്നും എനിക്കറിയേണ്ട ആവശ്യമില്ല "

അവൾ പെട്ടെന്ന് -ഫോട്ടോയെടുക്കുന്നവനെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു.

"എനിക്ക് കാണാനുള്ളത് രാഹുലിന്റെ അമ്മയെയാണ് "

രാഹുൽ വെട്ടിവിയർക്കാൻ തുടങ്ങി.

"പവീ-സമയം "

രാഹുൽ വിറയ്ക്കുന്ന കൈ തണ്ടയിലെ വാച്ച് പവിത്രയുടെ കണ്ണിനു നേരെ പിടിച്ചു.

"മുഹൂർത്തം കഴിയാൻ ഇനി മുപ്പത്തിയഞ്ച് മിനിറ്റുണ്ട് രാഹുൽ -

അതിനു മുൻപെ അമ്മയെ
ഈസിയായി ഇവിടെ എത്തിക്കാമെന്നല്ല -എത്തിക്കണം"

പവിത്രയോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലായെന്ന് അറിഞ്ഞ രാഹുൽ, മൊബൈലെടുത്ത് സ്നേഹിതനെ വിളിച്ചു,

അമ്മയെ എത്രയും പെട്ടെന്ന് എത്തിക്കണമെന്ന് പറഞ്ഞ് രാഹുൽ -വിളറിയ മുഖത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു തുടങ്ങി.

"ചിരിച്ചിരിക്കൂ രാഹുൽ ജീവിതവസാനം വരെ നമ്മൾക്ക് ഓർക്കാനുളള ഫോട്ടോസാണ് എടുത്ത് കൊണ്ടിരിക്കുന്നത് "

പവിത്ര അവനെ കൈതണ്ട കൊണ്ട് തട്ടി മൃദുവായി പറഞ്ഞു.

" നിനക്ക് അമ്മയാണെന്നു പറഞ്ഞ് പരിചയപ്പെടുത്താൻ മടിയാണെങ്കിൽ നീ ചെയ്യണ്ട !

പക്ഷെ എനിക്ക് എന്റെ അമ്മായിയമ്മയാണെന്നു പറഞ്ഞ് സന്തോഷത്തോടെ പരിചയപെടുത്തണം.

പവിത്ര പറഞ്ഞ വാക്കുകൾ അവന്റെ ശിരസ്സിൽ വീണു പിളർന്നു.

അപമാനത്തിന്റെ അങ്ങേയറ്റത്തേക്ക് ചവിട്ടിതാഴ്ത്തുപെടുന്നവന്റെ ഒരു ശ്വാസംമുട്ടൽ അവനിൽ വിങ്ങി നിന്നു.

ഇതുവരെ കാണാത്ത അമ്മയെയും, തനിക്ക് അമ്മയോടുള്ള കാഴ്ചപ്പാടും പവിത്ര എങ്ങിനെ അറിഞ്ഞുവെന്ന അമ്പരപ്പിനെക്കാളും, അവൾ പറഞ്ഞ ഒരു വാചകമാണ് അവനെ ശ്വാസം മുട്ടിച്ചത്.

"നിനക്ക് അമ്മയാണെന്നു പറഞ്ഞ് പരിചയപ്പെടുത്താൻ മടിയെങ്കിൽ നീ ചെയ്യണ്ട "

അവനൊന്നു നിശബ്ദമായി കരയണമെന്നു തോന്നി.

തന്നെ ഗർഭപാത്രത്തിൽ ചുമന്ന്, തനിക്കു വേണ്ടി ജീവിതം പാടത്തും വരമ്പത്തും ഉരുകിയൊലിപ്പിച്ച അമ്മയെ എന്നു മുതലാണ് ആൾക്കൂട്ടത്തിൽ നിന്നൊഴിവാക്കിയത്.

ചെറുപ്പത്തിൽ അച്ഛൻ നഷ്ടമായപ്പോൾ, പ്രയാസങ്ങളുടെ ഇരുൾ മൂലകളിലൂടെ ഒരു തിരിവെട്ടമായി തന്നെ നയിച്ച അമ്മ ഏത് കോണിൽ വെച്ചാണ്, തനിക്ക് കരിന്തിരിയായി തോന്നിയത്.

കണ്ണീരോടെ ഓർമ്മകൾ ചെന്നെത്തുന്നത് പ്ലസ് വൺ ക്ലാസ്സിലേക്കാണ്.

"ഇതാണോ നിന്റെ അമ്മ- ഈ ചേച്ചി ഞങ്ങടെ പാടത്ത് വിതയ്ക്കാനും കൊയ്യാനും വരുന്നതാ- "

പി.ടി.എ.മീറ്റിങ്ങിനു വന്ന അമ്മയെ കണ്ട് -ആദിയെന്ന പൊങ്ങച്ചക്കാരൻ മറ്റു കുട്ടികളുടെ മുന്നിൽ ഇതു പറഞ്ഞപ്പോൾ അഭിമാനത്തിന്റെ തൊലിയുരിയുന്നതായി തോന്നി.

" ഈ ചേച്ചിയുടെ കോലവും പാടും കണ്ട് മുത്തശ്ശി ഇവർക്ക് കൂടുതൽ പൈസയും, അരിയും കൊടുക്കാറുണ്ട് "

എന്നോടെന്തോ അരിശം തീർക്കാനെന്ന പോലെ ആദി കത്തിക്കയറുമ്പോൾ, ഞാൻ ഉരുകുകയായിരുന്നു.

തന്റെ മിഥ്യാഭിമാനത്തിന്റെ ദന്തഗോപുരങ്ങൾ തകർന്നു വീഴുകയാണെന്നു തോന്നിയ നിമിഷം.

ആ നിമിഷം തൊട്ട്, മനസ്സില്ലാ മനസ്സോടെ അമ്മയുടെ സ്ഥാനത്ത് ഇളയമ്മയെ പ്രതിഷ്ഠിച്ചു.

അമ്മ-ചെയ്യേണ്ട കാര്യങ്ങളൊക്കെ ഇളയമ്മയെ കൊണ്ട് ചെയ്യിച്ച് ആത്മസംതൃപ്തി നേടി!

ആഢ്യത്തവും.സമ്പത്തും ഉള്ള തറവാട്ടിലെ ഏക പെൺകുട്ടിയായ പവിത്ര തന്നോട് പ്രൊപ്പോസ് ചെയ്യുന്നതു വരെ ഭാഗികമായാണ് അമ്മയെ മാറ്റി നിർത്തിയിരുന്നത്.

പവിത്രയെന്ന നിധി സ്വന്തമാകാൻ പോകുന്നതെന്നറിഞ്ഞ സന്താഷത്താൽ അമ്മയെ അരങ്ങിൽ നിന്നും തീർത്തും ഒഴിവാക്കിയിരുന്നു.

പക്ഷേ ഇപ്പോൾ?

ആർക്കു വേണ്ടിയാണോ താൻ അമ്മയെ മാറ്റിനിർത്തിയിരുന്നുവോ, ആ അവൾ തന്നെ അമ്മയെ -നെഞ്ചോട് ചേർത്ത് നിർത്തുന്നത് കണ്ടിട്ട് തന്നോട് തന്നെ പുച്ഛം തോന്നുന്നു.

പവിത്രയുടെ ഓരോ നോട്ടവും തന്റെ തോൽ ഉരിയുകയാണെന്ന് രാഹുലിന് തോന്നി.

പക്ഷെ ഇവൾക്ക് എങ്ങിനെ അമ്മയെ അറിയാം?

തന്റെ സംശയം ഉള്ളിൽ നുരയിടും മുൻപെ, പവിത്രയുടെ ശബ്ദം രാഹുലിന്റെ കാതിൽ പതിയെ വന്നണഞ്ഞു.

"അമ്മയെ എനിക്കറിയാം രാഹുൽ - ഓരോ വീക്കെൻഡിലും നീ ഹോസ്റ്റലിൽ തങ്ങുമ്പോൾ, ഞാൻ ഇവിടെ വരാറുണ്ടായിരുന്നു -

അമ്മയുമായി ഒരു പാട് സംസാരിക്കാറുണ്ടായിരുന്നു.

രാഹുൽ അത്ഭുതത്തോടെ നോക്കി നിന്നു.

"വിളഞ്ഞു നിൽക്കുന്ന നെൽപാടത്തിലെ കാറ്റും കൊണ്ട്, അമ്മയുടെ കഥയും കേട്ട് ഇരിക്കാൻ എന്തു രസമാണെന്നോ -

ഐ ടി പാർക്കിലെ ടെൻഷനില്ലാതെ നമ്മൾക്കും അവിടെ അമ്മയോടൊപ്പം ഇരുന്നു കഥ പറയണം രാഹുൽ "

രാഹുലിന്റെ ചുണ്ടിൽ ഒരു വരണ്ട ചിരിയുതിർന്നു.

"ആൾക്കൂട്ടങ്ങളിലേക്ക് അമ്മയെ, ഒരു മടിയുമില്ലാതെ ചേർത്തു പിടിച്ചു പോകണം രാഹുൽ"

കാരണം,ആഢ്യത്തവും, സമ്പത്തും, സൗനര്യവും ഒരു തട്ടിലിട്ട് തൂക്കിയാലും, അമ്മയിരിക്കുന്ന തട്ട് താഴ്ന്നു തന്നെ ഇരിക്കും.

പെട്ടെന്നുയർന്ന പൂജാരിയുടെ മന്ത്രങ്ങൾ കേട്ടപ്പോൾ അവർ അതുവരെ ഇല്ലാതിരുന്ന ലജ്ജയോടെ പരസ്പരം നോക്കി.

നാദസ്വരങ്ങളും, വായ്ക്കുരവകളും ഉയർന്ന നിമിഷത്തിൽ രാഹുൽ, പവിത്രയുടെ കഴുത്തിൽ താലി ചേർത്തു.

പുഷ്പങ്ങൾ അവർക്കു മീതെ പറന്നു താഴ്ന്നു.

ഫ്ലാഷ്ലൈറ്റുകൾ തുരുതുരാമിന്നി.

വിലാസിനിയമ്മ സാന്താഷാശ്രുക്കളോടെ കണ്ണടച്ചു പ്രാർത്ഥിച്ചു.

കാറും കോളും നിറഞ്ഞ പുഴയിൽ നിന്ന്, ജീവനെ പോലും അവഗണിച്ച് യാത്രക്കാരെ രക്ഷപ്പെടുത്തിയ ഒരു തോണിക്കാരന്റെ മനസ്സായിരുന്നു അവർക്കപ്പോൾ.

വധൂവരൻമാരെ പരിചയപ്പെടാൻ വന്ന സാധാരണക്കാർക്കും വി.ഐ.പികൾക്കും ഇതെന്റെ അമ്മായിയമ്മയാണെന്ന് അഭിമാനപൂർവ്വം പവിത്ര പരിചയപ്പെടുത്തി.

നനഞ്ഞു കുതിർന്ന ഒരു പക്ഷി പോലെ വിലാസിനിയമ്മ, മരുമകൾക്ക് ഓരം പറ്റി നിന്നു.

പരിഷ്ക്കാരങ്ങളുടെ വെള്ളി വെട്ടത്തിൽ കൺചിമ്മി പോകുന്ന ആ നാട്ടിൻ പുറത്തു ക്കാരിയായ അമ്മായിയമ്മയെ കൂടെ ചേർത്തു പിടിച്ചു പവിത്ര.

ഇതെല്ലാം കണ്ട് താൻ എത്രമാത്രം സ്വാർത്ഥനായിരുന്നുവെന്ന് കണ്ണീരോടെ തിരിച്ചറിയുകയായിരുന്നു രാഹുൽ!


By Santhosh Appukkuttan

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo