Showing posts with label BijuVChandy. Show all posts
Showing posts with label BijuVChandy. Show all posts

ജോക്കറും ,റാണിയും



##############
ശോശാമ്മ ചേടത്തിയെ എനിക്ക് കണ്ണെടുത്താൽ കണ്ടുകൂടായിരുന്നു .. എനിക്കു മാത്രമല്ല കരക്കാർക്കൊന്നും അവരെയത്ര
ഇഷ്ടമല്ലായിരുന്നു ..
മുജ്ജന്മത്തിലെ ശത്രുക്കളായതിനാലാണ് അകാരണമായി നമുക്ക് ചിലരോട് വെറുപ്പ് തോന്നുത് എന്നു കേട്ടിട്ടുണ്ട് .
സൗമ്യമായി പെരുമാറാനോ പുഞ്ചിരിയോടെ സംസാരിക്കാനോ അവർ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല .
പലരോടും കയർത്തു സംസാരിക്കുകയും തറുതല പറഞ്ഞതായും കേട്ടിട്ടുണ്ട് ....
പക്ഷേ ചേടത്തിയുടെ മരിച്ചു പോയ ഭർത്താവ് കുഞ്ഞേനാച്ചനോട്
ചീട്ടുകളികാരൻ ആയിരുന്നെങ്കിലും ഞങ്ങൾക്കൊക്കെ വലിയ പ്രിയമായിരുന്നു
ചുമടെടുത്തു പരന്ന ചാണത്തലയും ചിത്രപ്പണികൾ ചെയ്ത മേൽ മീശയും സദാ ഉള്ള പൊട്ടിച്ചിരികളും ,തമാശകളും ,കുസൃതികളുമൊക്കെ മരണം വരെ കുഞ്ഞേ നാച്ചന്റെ പ്രത്യേകതയായിരുന്നു....
പുതുതായി വീതി കൂട്ടി ടാറിട്ട പഴയ നാട്ടുവഴിയുടെ ഒരം ചേർന്നുള്ള ചേടത്തിയുടെ വീടിനു മുന്നിലൂടെ നടക്കാനിറങ്ങിയതായിരുന്നു ഞാൻ ..
ചെറുക്കാ ...
ഞങ്ങളെ ഒന്നും അറീയേലേ .....?
വഴിയോരത്തുള്ള വീട്ടുമുറ്റത്തു നിന്നുള്ള ചേടത്തിയുടെ ചോദ്യം അപ്രതീക്ഷിതമായിരുന്നു കാരണം ശോശാമ്മ ചേടത്തി മുഖാമുഖം കാണുമ്പോൾ പോലും സംസാരിക്കാൻ കൂട്ടാക്കാത്ത സ്വഭാക്കാരിയാണെല്ലോ .....
''അയെന്നാ ചോദ്യമാ ചേടത്തിയേ എനിക്കു പിന്നറിയാമ്മേലായോ''
അവരോടു പണ്ടേയുള്ള നീരസം ഒട്ടും മുഖത്തു പ്രകടിപ്പിക്കാതെ ഞാനും പറഞ്ഞു ....
"ഗൾഫിലെങ്ങാണ്ടല്ലേ ഇപ്പോൾ അവധിക്കു വന്നതാരിക്കും അല്ലേ ...."?
അമേരിക്കയിലൊക്കെ ജോലി ചെയ്യുന്നമക്കളുള്ള ചേടത്തിക്ക് ഗൾഫൊന്നൊക്കെ കേട്ടാൽ പുച്ഛമായിക്കുമെല്ലോ ഞാൻ മനസ്സിലോർത്തു.
"ഇപ്പഴെങ്ങോട്ടാ ...? " "കവലയ്ക്കായിരിക്കുമല്ലേ ....?"
ചേടത്തി വീണ്ടും ചോദിച്ചു ....
"അവധിക്കു വന്നതാ ... ചുമ്മാ ... വീട്ടിലെത്രാന്നു വെച്ചാ കുത്തിയിരിക്കുന്നത് നടക്കാനെറങ്ങിയെന്നേയുള്ളു ചേടത്തിയേ ....."
ചേട്ടത്തിയുടെ ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറഞ്ഞു ....
"എന്നാ ചുമ്മാ കേറി വാമോനെ വീടൊക്കെ കണ്ടിട്ടു പോകാം ......"
ശോശമ്മ ചേടത്തി പഴയ സ്ഥിതിയിലൊന്നുമല്ല .അവരുടെ പത്രാസു കാണിക്കാനുള്ള വിളിയാണ് അതെന്ന ധാരണ എനിക്കുണ്ടായിരുന്നു .
എങ്കിലും ഇങ്ങനെ യുള്ള ചില നിർബന്ധങ്ങൾക്ക് വഴങ്ങി കൊടുക്കുന്ന സ്വഭാവമാണ് എനിക്ക് പണ്ടേ ....
ഇഷ്ടമില്ലാത്തവരുടെ വാചകമടികൾ കേൾക്കുകയും, അരുടെ മുന്നിൽ അഭിനയിക്കാനുമൊക്കെ എന്നേ ഞാൻ ശീലിച്ചതാണ് .....
പഴയ പോലെ നീളമുള്ള കൊന്ന പത്തലുകൊണ്ട് ചുറ്റും വേലി കെട്ടിയ, മൺകട്ട ചെളികൊണ്ട് കെട്ടിയ ഓടുമേഞ്ഞ ചെറിയ വീടൊന്നുമല്ല ഇപ്പോൾ ചേടത്തിയുടേത് ...
പത്തു നാപ്പതു ലക്ഷം മുടക്കി മാർബിള്ളാക്കെയിട്ട നല്ല എമണ്ടൻ വീടാണ് ....
ഭംഗിയായി പലതരത്തിൽ ഡിസൈൻ ചെയ്ത ചുവപ്പും ,പച്ചയും, വെള്ളയും നിറങ്ങളുള്ള സിമന്റ് ടൈയിലിട്ട് നാമ്പുകൾ മുളച്ചുപൊങ്ങാതെ
വെള്ളമിറങ്ങി ചളി പിടിക്കാത്ത വിശാലമായ മുറ്റത്തേയ്ക്ക് ഞാൻ കയറി .
"അനേകം വിത്തുകൾ മാറിൽ ചേർത്തുവെച്ച് കിളിർപ്പിക്കാൻ മാർഗ്ഗമില്ലാതെ വിമ്മിഷ്ഠപ്പെടുന്ന ,വന്ധ്യയാക്കപ്പെട്ട ഭൂമി കാൽച്ചുവട്ടിലെ സിമന്റു ടൈലുകൾക്കു കീഴേ നിലവിളിക്കുന്നുണ്ടാവുമോ .....
സുന്ദരമായ ചട്ടികളിൽ വളരുന്ന വിവിധ പൂച്ചെടിൾ അവിടെ നിരയായി നിൽപ്പുണ്ട്
മറ്റു ചെടികളുടെ വേരുകളുമായി പിണയാതെ വളവും വെള്ളവും പങ്കുവെയ്ക്കാതെ വളരുന്ന ആ ചെടികൾക്ക് ഒരു പാട് പൂക്കളുമുണ്ടായിരുന്നു .
ഇങ്ങനെ ചിലതിനെ മാത്രം തെരഞ്ഞുപിടിച്ചു പരിപാലിക്കാനും സ്നേഹിക്കാനും മനുഷ്യനുള്ള കഴിവ് അപാരമണെല്ലോ ...
പണ്ട് ക്ലബ്ബിന്റെ കരോളിനു മാത്രമാണ് വർഷത്തിലൊന്ന് ഈ വീടിന്റെ മുറ്റത്തു കയറാറുള്ളത് അന്നൊക്കെ മുറ്റത്തെല്ലാം മരച്ചീനി കൃഷിയായിരുന്നത് ഞാനോർത്തു .
തിരുജനനത്തിന്റെ ഓർമ്മകളുണർത്തുന്ന മംഗളഗാനങ്ങൾ പാടുമ്പോൾ കൃസ്മസ് പാപ്പായായി വേഷമിട്ട ദാസപ്പന്റെ നിശ്വസത്തിന് ചാരായത്തിന്റെ ഗന്ധം ഉണ്ടായിരുന്നു .
മുഖംമൂടിക്കുള്ളിലെ പശയുടെയും തുപ്പലിന്റെയും മണം കൂടി ചേർത്ത് വീണ്ടും ശ്വസിച്ച് ദാസപ്പൻ താളാത്മകമായി ചുവടുവെയ്ക്കുമായിരുന്നു .....
ഒട്ടും മുഖപ്രസാദമില്ലാത്തെ കയ്യിൽത്തിരുകി വെച്ച മുഷിഞ്ഞ അഞ്ചു രുപാ നോട്ടുമായി ചേടത്തി വാതിൽക്കലുണ്ടാവും .....
ഒപ്പനപാട്ടിന്റെ രീതിയിൽ
"ബദ്ലഹേമിലെ കാലിക്കൂട്ടിൽ
ഉണ്ണി പിറന്നേ ....
ഉണ്ണിയേശു പിറന്നേ ...."
താളം വിടാതെ ആവുന്നത്ര ഉച്ചത്തിൽ ഞങ്ങൾ പാടുമ്പോഴും ജനാലക്കരികിലെങ്ങാനും ജസ്സി ഉണ്ടാകുമോ എന്ന് എന്റെ കണ്ണുകൾ പരതി നടക്കുമായിരുന്നു .....
"വീടൊക്കെ വല്യ ബംഗ്ലാവു പോലുണ്ടല്ലോ ചേടത്തിയേ ....?"
"ജസ്സി പണീച്ചതാ എന്റെ കാലം കഴീമ്പം അവൾക്കുള്ളതല്ലേ ഇത് ...
അവളല്ലേ എളേത് ......" അഭിമാനത്തോടെ ചേടത്തി പറഞ്ഞു
"ജസ്സി ഇപ്പ ഓസ്ട്രേലിയായിലല്ലേ ...? ഫെയ്സ് ബുക്കിൽ കാണാറുണ്ട് ....."
"ഒണ്ടോ ...? ഓക്ക് രണ്ടു പിള്ളേരായി ..... രണ്ടു മാസം മുൻപ് കേറിത്താമസത്തിനു വന്നിട്ടു പോയതാ ........."
എല്ലാ വർഷവും എന്റെ പഴയ പാഠപുസ്തകം ,വാങ്ങി പഠിച്ച പെണ്ണാണ് അവളിന്നെവിടെ യെത്തി ....
വീട്ടുകാരു വാങ്ങിത്തന്ന പാഠപുസ്തകത്തിന് എല്ലാ വർഷവും പുത്തൻ മണം ഉണ്ടായിരുന്നിട്ടും ഗൾഫിൽ പോയി കഷ്ടപെടേണ്ട വന്നല്ലോ എന്നോർത്ത്
അസൂയയും ആത്മനിന്ദയും എനിക്കു തോന്നി ..
''കുഞ്ഞേനച്ചാൻ ഈ അഞ്ച് പെമ്മക്കളെ എങ്ങനെ കെട്ടിച്ചു വിടും .....? ''
''ഒരാൺ തരിപോലും ഇല്ല താനും .... ''
അന്നൊക്കെ അയൽ പക്കത്തെ പെണ്ണുങ്ങൾ പരസ്പരം പറയുമ്പോൾ ആശങ്കയേക്കാൾ ഒരു തരം പരിഹാസമുണ്ടായിരുന്നു അവർക്കെല്ലാം .
കാർപോർച്ചിൽ നിന്ന് വരാന്തയിലേയ്ക്കും തുടർന്ന് വിശാലമായ ഹാളിലേയ്ക്കും ഞാൻ ചേടത്തിയെ അനുഗമിച്ചു .
ഫ്രെയിം ചെയ്ത മനോഹരമായ യേശുവിന്റെ ചിത്രത്തിനരുകിൽ ത്തന്നെ കുഞ്ഞേനാച്ചന് ചിരിച്ചു കൊണ്ട് ഭിത്തിയേലിരുപ്പുണ്ട് ....
പണ്ടേ ഇങ്ങേര് കോമഡിയായിരുന്നല്ലോ ....
വരയൻ അണ്ടർവെയറിന്റെ പോക്കറ്റിൽ എപ്പോഴും കാണും ഒരു കുത്തു ചീട്ട് .
കുഞ്ഞേനാച്ചന് കൂലിപ്പണിയും ചുമടുമൊക്കെയായിരുന്നു ....
അഞ്ചും ,പത്തും രൂപാ മറ്റുള്ളവരെ അപേക്ഷിച്ച് കുഞ്ഞേനാച്ചൻ അധികമായി കൂലി വാങ്ങിയിരുന്നു . പക്ഷേ അത് പണിയുടെ മെച്ചം കൊണ്ടൊന്നും ആയിരുന്നില്ല .....
ആറുമണിക്ക് കുഞ്ഞേനാച്ചൻ പണി നിർത്തുമ്പോൾ ആ വീട്ടിൽ ചേടത്തി യുണ്ടാവും കൂലി വാങ്ങാൻ .....
നാട്ടുനടപ്പുള്ള കൂലി ചേടത്തി കൈയ്യോടെ വാങ്ങും ....
ബാക്കി ചേടത്തിയറിയാതെ തൊഴിലുടമയുമായുള്ള അഡ്ജസ്റ്റ് മെന്റാണ് ......
ചേടത്തിയുടെ അക്കൗണ്ടിൽ പെടാതെ വാങ്ങുന്ന കാശാണ് മദ്യപാനം ചീട്ടുകളി തുടങ്ങിയ കുസൃതികൾക്ക് പുള്ളി വിനിയോഗിച്ചിരുന്നത് .
വെട്ടിക്കൽ രാഘവൻ ,നമ്മുടെ ക്രിസ്മസ് പപ്പാ ദാസപ്പൻ , കുഞ്ഞാപ്പു,
കഞ്ഞേനാച്ചനുമൊക്കെ അക്കാലത്തെ പ്രമുഖചിട്ടു കളിക്കാരായിരുന്നു ....
ചീട്ടുകളിക്കാൻ കുഞ്ഞേനാച്ചൻ വീട്ടിൽ നിന്നിടയ്ക്ക് മുങ്ങലുമുണ്ടായിരുന്നു ...പൊങ്ങുമ്പോൾ ചേടത്തി ഭയങ്കര അലമ്പായിരുന്നു ഈ വീട്ടില്
ആറ്റുതീരത്തും ഷാപ്പിനു പുറകിലുമൊക്കെ സ്വയം മറന്നു ചീട്ടുകളിക്കുന്ന അയാളെ പല കുറി ചേടത്തി കയ്യോടെ പിടിച്ചിട്ടുണ്ട് ......
പോലീസുകാരെക്കണ്ട്
ചീട്ടും കളത്തിലെ കായും ഉപേക്ഷിച്ച് വിരണ്ടോടുന്ന രാഘവനും ,ദാസപ്പനും കുഞ്ഞാപ്പുവും എന്നിൽ ചിരി പടർത്തി ....
ചേടത്തിയുടെ തല വെട്ടം കാണുമ്പോൾ മുങ്ങുന്ന കുഞ്ഞേനാച്ചനും അക്കാലത്ത് കൗതുകമായിരുന്നു .......
പാലായിലോ മറ്റോ തേങ്ങാവെട്ടും സ്വർണക്കച്ചവടവുമൊക്കെ ഉണ്ടായിരുന്ന വലിയ കുടുംബക്കാരനായിരുന്നത്രേ. കയ്യിലിരിപ്പുകൊണ്ട് ഗതികെട്ട് ഞങ്ങടെ നാട്ടിൽ വന്നതാണ് .
ചീട്ടുകളി ഒഴിച്ചാൽ കുഞ്ഞേനാച്ചൻ
ഉപകാരിയും ,സരസനും , എല്ലാവർക്കും പ്രിയങ്കരനുമായിരുന്നു .
പക്ഷേ ഈ ചേടത്തി അയാൾക്ക് ഒരു സ്വര്യവും കൊടുത്തിട്ടില്ല ......
ചുറ്റുമുള്ളവരെ ചിരിപ്പിക്കാനും ഒച്ചത്തിൽ പൊട്ടിച്ചിരിക്കാനും അങ്ങേർക്കാവുമായിരുന്നു ....
പണിസ്ഥലത്തുവെച്ച് അറ്റാക്കുവന്നാണ് കുഞ്ഞേനാച്ചൻ മരിച്ചത് ചേടത്തിയുടെ സ്വഭാവം കൊണ്ടാണ് അയാൾക്ക് അറ്റാക്കു വന്നതെന്ന് നാട്ടുകാർ പലരും പറഞ്ഞു നടന്നു .
''കുഞ്ഞേനാച്ചാൻ മരിച്ചിട്ട് എത്ര കൊല്ലമായി ചേടത്തിയേ‌....? ''
''അങ്ങേര് പോയിട്ട് ഈ കർക്കിടകത്തിന് പതിനാല് വർഷമായി മോനേ ....''
''ഉം ശരിയാണ് ഞാന് ഒമ്പതിൽ പഠിക്കുമ്പോഴാണ് ''
അന്ന് ജസ്സി എട്ടിലായിരുന്നു വരി വരിയായി ഞങ്ങൾ സ്കൂൾ കുട്ടികൾ കഞ്ഞേനാച്ചനെ കാണാൻ പോയതോർത്തു .അപ്പന്റെ ശവമഞ്ചത്തിനരുകിൽ കരഞ്ഞു കൊണ്ടിരുന്ന ജസിയുടെ മുഖം കണ്ടപ്പോളാണ് ആദ്യമായി എനിക്ക് അവളോട് പ്രണയം തോന്നിയത് ....
ഈ ചേടത്തിയേ പേടിച്ചും ഇവര് അമ്മായിയമ്മ ആയാലുള്ള ഭീകരാവസ്ഥ ഓർത്തുമാണ് ,പഠിക്കാൻ സമർത്ഥയും ,വിടർന്ന കണ്ണുകളും നീണ്ടമുടിയും ,ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികളുമുള്ള
ജെസിയോടുള്ള എന്റെ
ആദ്യ പ്രണയം ഞാൻ കണ്ണുകളിലൊതുക്കിയത് ......
കുഞ്ഞേനാച്ചന്റെ മരണത്തിനു ശേഷം ഈ വീട് ഒരു ദ്വീപു പോലെ ഒറ്റപ്പെട്ടിരുന്നു ,വേലിക്കൊന്നകൾ കോതി ഒരുക്കാതെ നീളം കൂടി ചെറിയ വീടിനെ മറച്ചിരുന്നു
ചേടത്തി
അവരേക്കൾ ശക്തമായി കുരയ്ക്കുന്ന രണ്ടു നാടൽ പട്ടികളെ കൂടി വാങ്ങി അഴിച്ചുവിട്ടു
അക്കാലഞ്ഞ വലിയ ധീരനും ചട്ടമ്പിയുമായ പൊടിയൻ പോലും ആ വഴി കടന്നു പോകുമ്പോൾ വിനയാന്വതനാകുമായിരുന്നു .....
''കാപ്പി കുടിക്ക് ചെറുക്കാ .......''
''അങ്ങേർക്ക് എല്ലാം ഒരു കുട്ടിക്കളിയാരുന്നു വളിപ്പും പറഞ്ഞ് കിട്ടുന്ന കാശിന് ചീട്ടുകളിയേ ശരണം എന്നു പറഞ്ഞ് തേരാ പാര നടന്നു ''
''അഞ്ചു പെമ്പിള്ളാരുമായി ഞാൻ ഒരു പാട് കഷ്ടപ്പെട്ടു മോനെ ......''
ചേടത്തി ദീർഘനിശ്വാസം വലിച്ച്
പഴയ ദാരിദ്രവാസം പറഞ്ഞു തുടങ്ങി ....
കുഞ്ഞേനാച്ചൻ മരിച്ചിട്ടും ഇവര് കുറ്റം പറച്ചില് നിർത്തിയില്ലല്ലോ എന്നു ഞാനോർത്തു ......
''ഞാനീപ്പറമ്പിൽ കിടന്നു പണിയെടുത്തെന്തേരെ കഷ്ടപ്പെട്ടാ ഈ അഞ്ച് പേരേയും ഈ നിലേലെത്തിച്ചത് .
അങ്ങേര് പണിയെടുത്തു പക്ഷേ അതൊന്നും വീട്ടിൽ കൊണ്ടുവരണമെന്നോ ഈ പിള്ളേരെ പഠിപ്പിക്കണമെന്നോ ചിന്തയില്ലായിരുന്നു ....''
''എന്നാലും ഈ നാട്ടുകാർക്ക് എന്നെ ഇപ്പഴും കണ്ണിപ്പിടിക്കുവേല അങ്ങേരു നല്ലവനാണു താനും ......''
''ഞാൻ അങ്ങനെ നിന്നില്ലായിരന്നേൽ ന്റെ മക്കളുടെ ഗതി എന്താവുമായിരുന്നു .....''
''ഞാനെന്തു തെറ്റാചെയ്തത് എന്നെനിക്കറിയില്ല പട്ടിണി കിടന്നപ്പളും ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിച്ചതോ ?
പെങ്കുട്ടികൾ മാത്രമുള്ള തളള മാർക്കല്ലേ അറിയു ഉള്ളിലെ തീയ് ......"
ഊർന്നു വന്ന കണ്ണീര് ചേടത്തി പുറം കൈകൊണ്ടു തുടച്ചു .
സത്യത്തിൽ ചേടത്തി പുറത്തു കാണിച്ച ശൗര്യം തന്റെ മക്കളെക്കുറിച്ചുള്ള ആശങ്കകൾ കൊണ്ടായിരുന്നതാണെന്ന് എനിക്കപ്പോളാണ് മനസ്സിലായത്
"മക്കളുടെ അടുത്ത് പോയി നിന്നു കൂടെ ചേടത്തിക്ക് ഇവിടിങ്ങനെ ഒറ്റപ്പെട്ടു ജീവിക്കണോ ...? "
ഒറ്റയ്ക്കുള്ള ജീവിതമാകും അവരെ വിഷമിപ്പിക്കുന്നത് എന്നെനിക്കു തോന്നി ..
" ഞാനെങ്ങോട്ടുമില്ല കുഞ്ഞേ ....
എല്ലാരുടേം അടുത്തൂടെ പോയിട്ടുണ്ട് മോളി അമേരിക്കയില് രണ്ടു വട്ടം കൊണ്ടു പോയി
ഓസ്ട്രേലിയായിലും ,ഇംഗ്ലണ്ടിലും പോയി ,ജിജി കാഞ്ഞിരപ്പള്ളിലോട്ട് എന്നും വിളിക്കും പക്ഷേ ഈ നാടുപോലെ ഒരിടവും എനിക്ക് പറ്റത്തില്ല.,.. "
ഭൂഖണ്ഡങ്ങൾ താണ്ടാൻ അവരം ലഭിച്ച ചേടത്തിക്ക് അതൊന്നും ആസ്വദിക്കാനായില്ലന്നു മാത്രമല്ല അതിന്റെ പ്രാധാന്യം അത്ര ബോധ്യമില്ലാത്ത പോലെയും തോന്നി....
അല്ലെങ്കിൽത്തന്നെ യാത്രകൾ യൗവ്വനത്തിലായാലെ ആസ്വദിക്കാനാവു ,വാർദ്ധക്യത്തിൽ വല്ല തീർത്ഥയാത്രയും ചെയ്താൽ സംതൃപ്തി നൽകിയിലായി ...
"എനിക്ക് പള്ളീലറ്റം പോണം എന്നും .അങ്ങേരവിടെ കിടക്കുവല്ലേ ഒറ്റയ്ക്ക് ,... അവിടെ കല്ലറേൽ മെഴുകുതിരി കത്തിക്കണം ......
ഇട്ടിട്ടു പോവാൻ തോന്നില്ലന്നേ ....."
അതു പറയുമ്പോൾ ചേടത്തിയുടെ കണ്ഠം ഇടറി കണ്ണുനിറഞ്ഞൊഴുകി ....
നല്ല കാലം കണ്ടിട്ട് മരിക്കാൻ അങ്ങേർക്കു കഴിഞ്ഞില്ല ... എന്നും ദുരിതമായിരുന്നു ....
അങ്ങേരില്ലാതെ പതിനാലു കൊല്ലം കഴിഞ്ഞു ....
ചേടത്തി നിർത്തി ...
പുറമേയ്ക്ക് തന്റെ ഭർത്താവിനോട്
ആധീശ്വത്വം കാണിച്ച അവർ ഉള്ളിൽ അയാളെ ദൈവത്തേപ്പോലെ പ്രതിഷ്ഠിച്ചിരിക്കുവായിരുന്നു എന്ന് അപ്പോൾ തിരിച്ചറിയുകയായിരുന്നു ഞാൻ ....
കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ തള്ളക്കോഴി കാട്ടുന്ന ജാഗ്രതയും ശൗര്യവും മാത്രമായിരുന്നു അവർക്കുണ്ടായിരുന്നത് എന്നെനിക്കുതോന്നി .......
ഞാനിറങ്ങു വാ ചേടത്തിയേ ......
മുജ്ജൻമ ശത്രുതയും ചേടത്തിയേക്കുറിച്ചുള്ള മുൻധാരണകളും കുഞ്ഞേനച്ചന്റെ ഫോട്ടോയുടെ കീഴേ ഞാനുപേക്ഷിച്ച് യാത്ര പറഞ്ഞ് വീടിന്റെ പടികളിറങ്ങി ....
അസ്തമയ സൂര്യന്റെ കിരണങ്ങൾ
ഇല ചില്ലകൾക്കിടയിലൂടെ ഇളം കാറ്റിന്റെ സൗജന്യത്തിൽ
വിജനമായ വഴിയിൽ എത്തി നോക്കി .
കുഞ്ഞേ .....ഇടതു വശത്തു നിന്നൊരു വിളി ...
ഞാൻ തല ചെരിച്ചു നോക്കി ....
കുഞ്ഞേനാച്ചൻ ....
അണ്ടർ വെയറിന്റെ പോക്കറ്റിലെ ചീട്ടെടുത്ത് അതിൽ നിന്ന് രണ്ടു ചീട്ടുകൾ ഉയർത്തി എന്നെ കാണിച്ചു ,,,,
ഒരു ജോക്കറും മറ്റൊന്ന് റാണിയും ,
അവൾ റാണിയായിരുന്നു
വീടു ഭരിക്കാൻ ശേഷിയുള്ള റാണി ഞാൻ ജോക്കറും ...
അയാൾ പൊട്ടിച്ചിരിച്ചു ....
"പക്ഷേ ഈ ജോക്കറില്ലേൽ അവർ റാണിയാവില്ലായിരുന്നു ...."
ഞാൻ പറഞ്ഞു
"സമയത്ത് തുറുപ്പിറക്കിയിരുന്നെങ്കിൽ നീ നേടിയേനെ ..." കുഞ്ഞേനാച്ചൻ തുടർന്നു
"ദാസപ്പനെ പോലാ നീയ് ....
കളിയിൽ നന്നായി കൈ കയറും പക്ഷേ ഇറക്കേണ്ട സമയത്ത് തുറുപ്പെറക്കാനറിയില്ല ......"
കുഞ്ഞേനാച്ചൻ വീണ്ടും പൊട്ടിച്ചിരിച്ചു .......
ജസ്സിയോടു തോന്നിയ എന്റെ ആദ്യപ്രണയം ആത്മാവുകൊണ്ടായിരുന്നില്ല ....
ആയിരുന്നെങ്കിൽ ശോശമ്മ ചേടത്തിയെ എത്രയോ മുമ്പേ ഞാൻ മനസ്സിലാക്കുമായിരുന്നു....
അപ്പോഴേയ്ക്കും വിജനമായ പാത പിന്നിട്ട് ഞാൻ കവലയിലെത്തിയിരുന്നു .
ബിജു വി ചാണ്ടി
4/7/2018

കറിയാച്ചന്റെ കാടയും ഷാപ്പിലെ സ്പഷ്യലും ........


കറിയാച്ചന്റെ കാടയും
ഷാപ്പിലെ സ്പഷ്യലും ........
################
അന്നു ഞാൻ കാഞ്ഞിരപ്പള്ളിക്കു പോയത് കറിയാച്ച ന് എന്തെങ്കിലും ദ്രോഹം ചെയ്യണമെന്നു വിചാരിച്ചായിരുന്നില്ല.
നിഷ്ക്കളങ്കമായ നമ്മുടെ പ്രവർത്തികളൊക്കെ ചിലപ്പോൾ മറ്റുള്ളവർക്ക് ദ്രോഹമായി മാറുമെല്ലൊ ...
യാത്രയുടെ മുഷിപ്പുമാറ്റാൻ എന്തെങ്കിലും മാസിക വാങ്ങുന്നത് മ്മടെ ശീലമായിരുന്നു
കർഷകശ്രീ മാസിക കാഞ്ഞിരപ്പള്ളി ബസ്സ്റ്റാൻടിൽ നിന്നു വാങ്ങിയതും അതുകൊണ്ടാണ് ...
#കാടവളർത്തുലാഭംകൊയ്യു ' എന്ന കവർ സ്റ്റോറിയായിരുന്നു ആ മാഗസിൽ ഉണ്ടായിരുന്നത് ...
കൈയ്യിൽക്കണ്ട മാഗസിൻ കർഷകശ്രീ അയതു കൊണ്ട് നാട്ടുകാരനായ കറിയാച്ചൻ വഴിയിൽ വെച്ച് വായിക്കാൻ വാങ്ങി ...
കറിയാച്ചൻ അത്യദ്ധ്വാനിയായ കൃഷിക്കാരനാണ് ... വെളുപ്പിന് നാലു മണിക്കെഴുന്നേൽക്കും .തന്റെ ഒരേക്കർ തോട്ടത്തിലെ റബ്ബറു ടാപ്പു ചെയ്യും കൂടെ ചാക്കപ്പൻ മുതലാളിയുടെ അഞ്ഞുറു മരവും വെട്ടിക്കഴിഞ്ഞാൽ സ്വന്തമായുള്ള നാലഞ്ചു പശുക്കളുടെയും അടുകകളുടെയുമൊക്കെ പരിപാലനമൊക്കെയായി ഇരുട്ടുംവരെ അദ്ധ്വാനിക്കും ... ഒപ്പം തേനീച്ച വളർത്തൽ മുയൽകൃഷി തുടങ്ങിയ സൈഡ് ബിസി നിസ്സും ഉണ്ട് ....
സ്വന്തം കൈക്കരുത്തു കൊണ്ട് മൂന്നു കുട്ടികളടങ്ങിയ കുടുംബത്തേ കറിയാച്ചൻ പുലർത്തിപ്പോന്നു ....
മാഗസിൻ കൊടുത്തതിന്റെ പിറ്റേ ദിവസം കറിയാച്ചൻ എന്റെടുത്തു വന്നു
നമുക്ക് കാട കൃഷി ചെയ്താലോ? എന്നു ചോദിച്ചു.
ഇതൊക്കെ ഊമ്പീരാ .....
എന്ന അപ്പന്റെ നെഗറ്റീവ് ഡയലോഗീൽ ഞാൻ ആഗ്രഹം അടിയറ വെച്ചു.
പക്ഷേ കറിയിച്ച നെ സഹായിക്കാൻ ഞാനും ഇറങ്ങി പുറപ്പെട്ടു .
മാഗസിനിൽ കൊടുത്ത ഫോൺ നമ്പർ വിളിച്ച് ഞങ്ങൾ കോട്ടയത്തുള്ള കാട ഫാമിൽ പോയി '....
സങ്കേതികമായ കാര്യങ്ങൾ എല്ലാം കറിയാച്ചൻ പെട്ടന്നു തന്നെ മനസ്സിലാക്കി.....
ആയിരം കാട ദിവസം ശരാശെരി തൊള്ളായിരം മുട്ടയിടും
മുട്ടയ്ക്ക് ഒരു രൂപാ നിരക്കിൽ ദിവസം തൊള്ളായിരം രൂപയുടെ അദായമുണ്ടാകും ആഴ്ചയിൽ എഴുന്നൂറു രൂപയുടെ തീറ്റ മതി ... തുടങ്ങുമ്പോൾ കടയ് ക്കും കൂടി നും എല്ലാം അടക്കം ഇരുപതിനായിരം രൂപാ യേ ആവു .....
സിമ്പിളും പവ്വർ ഫുള്ളുമായ സാമ്പത്തിക ശാസ്ത്രം ഫാം ഉടമ ഞങ്ങളെ ബോധിപ്പിച്ചു. ....
എന്തായാലും കാട വളർത്തലിലൂടെ ലാഭം കൊയ്യാൻ കറിയാച്ചൻ തീരുമാനിച്ചു .
മൂത്ത മകളെ നേഴ്സിങ്ങിനു ചേർത്ത വകയിൽ മൂന്നു ലക്ഷം രൂപാ നിലവിൽ കടമുണ്ട് കറിയാച്ച ന്
സാശ്രയ സംഘത്തിലെ ചിട്ടിയിൽ നിന്ന് ലോണ് എടുക്കാനുള്ള സഹായവും ഞാൻ ചെയ്തു കൊടുത്തു.
രണ്ടായിരം കാടകളെ ഫാമുകാർ കറിയാച്ച ന് എത്തിച്ചു നൽകി കാടയെ ക്കൊണ്ടുവന്നതിന്റെ പിറ്റേ ദിവസം മുതൽ കറുത്ത പുള്ളികളുള്ള തവിട്ട മുട്ടകൾ അവറ്റകൾ മത്സരിച്ചിടാൻ തുടങ്ങി .....
അയൽപക്കത്തുള്ള അവറാച്ചൻ മുടിഞ്ഞ അസൂയക്കാരനാണ് .
കാട കൂട്ടിൽ നിന്നും പ്രവഹിക്കുന്ന ദുർഗന്ധത്തേക്കുറിച്ച് അങ്ങേരു ചില കുശു കുശുപ്പു കളോക്കെ നടത്തി എങ്ങാനും കറിയാച്ചൻ പച്ച പിടിക്കുമോ എന്ന ഉദ്ഘണ്ഠയാണു് അയാൾക്ക്
അദ്യം ദിനം തന്നെകുറച്ചു കാട മുട്ടകൾ കൊടുത്ത് അതിന്റെ വൈദ്യശാസ്ത്ര പരമായ ഗുണ ഗണങ്ങൾ പറഞ്ഞ് കൗശലപൂർവ്വം കറിയാച്ചൻ അവാച്ചനെ നേരിട്ടു ....
ആയുർവേദ വിധി പ്രകാരം ആയിരം കോഴിയ്ക്ക് അരക്കാടയെന്നാണെന്നും ഒരു പാട് ഗുണങ്ങളടങ്ങിയ പോഷക ആഹാരമാണ് വട്ടു പോലുള്ള ഈ മുട്ടകളെന്ന് വിവിധ മാസികളിലെ അച്ചടി അക്ഷരങ്ങളെ സാക്ഷിയാക്കി കറിയാച്ചൻ സമർദ്ധിച്ചു...
മുട്ടയൊന്നിന് ഒരു രൂപ നിരക്കിൽ വില്പനയുമാരംഭിച്ചു. ആദ്യത്തെ ഒരു മാസക്കാലം മുട്ടകൾ ദൈനം ദിനം ചിലവായി .....
തമിഴ്നാട്ടിൽ നിന്നു വരുന്ന സ്റ്റാർട്ടർ എന്ന പ്രത്യേക തീറ്റയായിരുന്നു അതിനു വേണ്ടിയിരുന്നത് ആ തീറ്റ മാത്രം തിന്നുന്ന പക്ഷിക്ക് ഈപ്പറയുന്ന പോഷക ഗുണ മുണ്ടോ എന്ന് എനിക്കു സംശയ മുണ്ടായിരുന്നു
ആദ്യമാസം മുട്ട വില്പന തകൃതിയായി നടന്നെങ്കിലും പിന്നീട് മുട്ട വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു ....
' എന്തു ചെയ്യും ദിവസം അയിരത്തഞ്ഞൂറോളം മുട്ടകൾ ...തീറ്റച്ചെലവ് ,സ്വാശ്രയ സംഘത്തിലെ കടം, ബാങ്കു വയ്പ്പ, കറിയാച്ചൻ എന്ന കർഷകൻ വിഷമവൃത്തത്തിലായി
കോട്ടയം ജില്ലയുടെ വിവിധ മുട്ട വില്പന കേന്ദ്രങ്ങളിൽ ഞങ്ങൾ അന്വേഷണം നടത്തി വലിയ കടകൾ ഫാമുകാരുമായി കരാറിലാണ്
ചില ചെറുകിട കച്ചവടക്കാർ
മുട്ട ഒന്നിന് അൻ പതു പൈസാ നിരക്കിൽ വാങ്ങാമെന്നു സമ്മതിച്ചു.
കോട്ടയത്ത് ഒരു കടയിൽ 200 മുട്ട കാഞ്ഞിറപ്പള്ളിൽ 100 പാലായിൽ 150 ഇപ്രകാരമ ളള ഓർഡർ ആണ് കിട്ടിയത്
മുട്ടയും കൊണ്ടു സെയിലിനു 'പോയാ കറിയാച്ചന്റ ടാപ്പിങ്ങ് പശുവളർത്തല് ഒക്കെ പ്രതിസന്ധിയിലാവും മേൽപ്പറഞ്ഞ സ്ഥലത്തൊക്കെ കറങ്ങി മുട്ട കൊടുത്താൽ വണ്ടിക്കൂലി പോലും കിട്ടത്തുമില്ല.
ചുരുക്കത്തിൽ കാട വളർത്തൽ ആ പാവപ്പെട്ട കൃഷിക്കാരനെ വല്ലാത്ത ദശാസന്ധിയിലാക്കി ....
അങ്ങനെ അയൽ പക്കം കാർ അസൂയക്കാരൻ അവറാച്ചനുൾപ്പെടെ പലരും ഫ്രീയായായി കാട മുട്ടകൾ കഴിക്കൻ തുടങ്ങി.
ദിനം ദിനം മുട്ടകൾ കുന്നുകൂടുകയും വിപണനം നടത്താൻ സാധിക്കാതെ വരികയും തീറ്റ വാങ്ങാൻ കൈക്കാശു ചെല വാക്കുകയും ചെയ്യണ്ട സാഹചര്യത്തിൽ മുട്ടയിടുന്ന കാട പക്ഷികളെ ഷാപ്പുകാർക്ക് മപ്പാസ് വെയ്ക്കാൻ കറിയാച്ചൻ വിൽക്കാൻ തുടങ്ങി
ഏതാനം മാസങ്ങളോളം കറിയാച്ചന്റെ കാടയായിരുന്നു ഷാപ്പിലെ സ്പെഷ്യല് ഇടയ്ക്കിടെ അവറാച്ചൻ കറിയാ യിക്കൊരു ഗുണമാകട്ടെ എന്നു കരുതി കള്ളിന്റെ കൂടെ മപ്പാസും കഴിക്കാറുണ്ട് കാരണം അയൾക്കറിയാമായിരുന്നു കറിയാച്ചന്റെ ഒരു പിടി സ്വപ്നങ്ങളും, പ്രതീക്ഷകളും , അദ്ധ്വാനവുമാണ് ഇങ്ങനെ രുചിയോടെ കഴിക്കുന്നതെന്ന് .....
മകൾക്കു പഠിക്കാനെടുത്ത വായ്പ്പക്കൊപ്പം കാട ക്കൃഷി ചെയ്തവകയിൽ ഇരുപതിനായിരം കൂടി കറിയാച്ചനു കടമായി
അതു കൊണ്ട് മുരളിയുടെ മൂന്നൂറു മരം കുടി കറിയാച്ചൻ ടാപ്പു ചെയ്യാനേറ്റു വെളുപ്പിന് മൂന്നു മണിക്കിപ്പോൾ എഴുന്നേൽക്കണം .....
അരാണ് കറിയാച്ചൻ എന്ന കർഷകന് ദ്രോഹം ചെയ്തത് ? മാസിക കൊടുത്ത ഞാനോ? കർഷകശ്രീയിൽ പൊലിപ്പിച്ചെഴുതിയ ലേഖകനോ ? കൃഷിക്കാരന് ഉല്പന്നം ന്യായവിലയ്ക്ക് വിൽക്കാൻ അവസരമില്ലാത്ത വ്യവസ്ഥിതിയോ ? ഇദ്യാതി ചോദ്യങ്ങൾ ഇടയ്ക്കിടെ എന്നെ അലട്ടാറുണ്ട്.
ഈ അടുത്ത കാലത്ത് കാഞ്ഞിരപ്പള്ളി ല് പോയപ്പം മറ്റൊരു കർഷക മാസിക ഞാൻ വാങ്ങി .....
'ആസ്ട്രേലിയൻ യമു ധനം കൊണ്ടുവരും'
കറിയാച്ചനോടു ഞാൻ ചോദിച്ചു യമു കൃഷി നോക്കിയാലോ എന്ന് ....
എങ്ങനെ വല്ല മെച്ചവും കിട്ടുമോ ....? ആകാംക്ഷയോടെ അങ്ങേരു ചോദിച്ചു '
കൃഷിക്കാരന്റെ ഇത്തരം നിഷ്കളങ്കതയാണെല്ലോ ചൂഷണം ചെയ്യപ്പെടുന്നത് .... ഞാൻ ചിന്തിച്ചു. വേണ്ട കറിയാച്ചേട്ട ഇതൊക്കെ ഊമ്പീ രാ ....
ഞാൻ അപ്പന്റെ മകനായി ......

സുകു വലിച്ച ബീഡി

Image may contain: 1 person
സുകു 'കഞ്ചാവ് 'വലിക്കാറില്ല
പക്ഷെ ദിനേശ് ബീഡി വലിക്കും.
ദിനേശിന് പുക കുറവായതിനാൽ ആഞ്ഞാഞ്ഞു വലിച്ചാണ് സുകുവിന്റെ കവിൾ ഒട്ടിപ്പോയത്.
കാജാ ബീഡി വലിക്കാൻ പലരും ഉപദേശിച്ചെങ്കിലും സുകുവിന് അതു ഇഷ്ട്ടവുമല്ല.
യോനാ ചേട്ടന്റെ റോഡ് സൈഡിലുളള മൂന്നേക്കർ പുരയിടത്തിലെ റബ്ബർ ടാപ്പിംഗ് ആയിരുന്നു സുകുവിന്റെ പണി
വെളുപ്പിനെ ഹെഡ് ലൈറ്റും വെച്ചു ബീഡിയും വലിച്ചു ഓരോ മരത്തിന്റെയും ചുവട്ടിലൂടെ സുകു ഓടുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു
' വെട്ടും പാലെടെയും 'കഴിയുമ്പോൾ ഉച്ചയാകും പശുന്റെ കാര്യം കൂടി കഴിഞ്ഞാൽ സുകു സിറ്റിയിൽ വരും കൂട്ടുകാരും കൂടി സൊറ പറഞ്ഞിരിക്കും
വല്ലപ്പോഴും ഷാപ്പിൽ ക്കയറി രണ്ടുകോപ്പ കള്ളുകുടിക്കും.
കല്യാണാലോചനകൾ നടക്കുന്നതുകൊണ്ടു ഷാപ്പിന്റെ പുറകിൽക്കൂടി മാത്രെ കേറാറുള്ളു
കൂട്ടുകാരു തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും 'പണികൊടുക്കുന്ന' ആചാരങ്ങൽ ഒക്കെ ഇപ്പോഴും നിലനിൽക്കുന്ന നാട്ടിൻ പുറ മാണ് ഞങ്ങളുടേത്
അങ്ങനെ രസകരമായ പല പണികൾക്കും സുകുവും പങ്കാളിയായിട്ടുണ്ട്.ചുമ്മാ രസമല്ലേ.
ഒരിക്കൽ റോയിയും, ഉണ്ണിയും ,ഗണേശനും സുകുനിട്ടു പണിയാൻ തീരുമാനിച്ചു അതു ഉണ്ണിയുടെ കല്യാണത്തിന് വധുവരന്മാർക്കുള്ള കരിക്കിൽ കള്ളോഴിച്ചു വെച്ചതിന്റെ പകര മായിട്ടാണ്..
ഗണേശൻ സ്ഥിരം കഞ്ചാവു വലിക്കുന്ന കുട്ടപ്പന്റെ കയ്യിൽനിന്നു ഒരു ബീഡി സംഘടിപ്പിച്ചു വൈകുന്നേരം സുകുവിന്റെ ദിനേശ് പാക്കറ്റിനുള്ളിൽ റോയി ന്യൂട്രലിൽ അതു തിരുകി വെച്ചു.
പിറ്റേദിവസം റബ്ബറു വെട്ടാൻ പോയ സുകു ആദ്യം എടുത്തു വലിച്ചത് 'ലെവനെ'ആയിരുന്നു പതിവിലും കൂടുതൽ പുക വന്നപ്പോൾ മാനുഫാച്ചറിങ് ഡിഫക്ടാണെന്ന് സുകു കരുതി
റോഡ് സൈഡിൽ ഉള്ള ഉള്ള ആദ്യ റബ്ബറിൻ ചുവട്ടിൽ എത്തിയപ്പോളെ ആശാൻ നല്ല ലഹരിയിലായി
കഞ്ചാവിന് അഞ്ചു നിറമെന്നാണെല്ലോ പഴമക്കാർ പറയാറ് ചിലർ കരയും ചിലർ ചിരിക്കും ,മറ്റുചിലർ ചിന്തിക്കും ഞങളുടെ നാട്ടിലെ കുട്ടപ്പനാണേൽ ഒരു 'ഷിമ്മിക്കൂട് 'കമ്പിൽ കൊടിപോലെ ആറ്റുതീരത്തു നാട്ടിവെച്ചു അതിൽനോക്കി മണിക്കുറുകൾ നിൽക്കും..
മ്മടെ സുകു ആദ്യ മരം ടാപ്പ് ചെയ്തു. ടാപ്പ് ചെയ്യുമ്പോൾ ആദ്യം ചിരട്ടയിൽനിന്നു ചണ്ടി മാറ്റി വൃത്തിയാക്കി വെട്ടുപാടിൽ നിന്നു ഓട്ടുപാൽ വലിച്ചെടുത്താണ് വെട്ടുന്നത്.അതുകഴിഞ്ഞു ചില്ലും ചിരട്ടയും ശരിയാക്കി വെച്ചു അടുത്ത മരത്തിലേയ്ക്ക് പോവുകയാണ് പതിവ്.
സുകുവിന് അന്നു പതിവ് തെറ്റി ഒന്നു കഴിഞ്ഞു അടുത്ത മരം സുകുവിന്റെ അടുത്തേയ്ക്കു നടന്നുവന്നു അതിനോട് പൊയിക്കോളാൻ പറഞ്ഞ് അടുത്തതിനെ വിളിച്ചു അങ്ങനെ ഓരോ മരവും സുകുവിന്റെ അടുത്തേയ്ക്കു വന്നു ഒരോന്നും ടാപ്പുചെയ്തു
നിന്നനിൽപ്പിൽ നിന്നു 400 മരവും സുകു വെട്ടി മടങ്ങിപ്പോയി
പിന്നീട് പാലെടുക്കാൻ രണ്ടു മൂന്നു മണിക്കൂറു കഴിഞ്ഞു വന്നപ്പോൾ 'മറ്റവന്റെ' ലഹരി ഇറങ്ങിയിരുന്നു
പാലെടുക്കാൻ സുകു വന്നപ്പോൾ ശെരിക്കും ഞെട്ടിപ്പോയി ഒരു മരവും വെട്ടിയിട്ടില്ല ഒരു മരത്തിനു തൊലി ഇല്ലതാനും....
യോനാ ചേട്ടൻ തോട്ടത്തിൽ വന്നു കണ്ടപ്പോൾ ആകെ ദേഷ്യമായി അന്നോടെ സുകുവിന്റെ പണിയും പോയി "കഞ്ചാവടിച്ചു നടക്കുന്നൊനൊ ന്നും ഇവിടെ പണിയില്ല" അയാൾ അലറി പറഞ്ഞു...
അന്നുമുതൽ സുകു വെറും സുകുവല്ല 'കഞ്ചൻസുകു'വായി
വല്ലാത്ത വിഷമഘട്ട ത്തിലൂടെ യാണ് 'കഞ്ചൻസുകു' കടന്നുപോയത് വീട്ടുകാരുടെ തെറി ഒരുവശത്ത്‌ നാട്ടുകാരുടെ പരിഹാസം മറ്റൊരു വശത്ത്‌ വീട്ടിൽ നിന്നു വെളിയിൽ പ്പോലുമിറങാതായി കല്ല്യാണ ത്തെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയാതായി ആത്മഹത്യ യെക്കുറിച്ചു പോലും കാഞ്ചൻസുകു ആലോചിച്ചു തുടങ്ങി....
തൊലി ഇല്ലാത്ത റബ്ബറുമരം ഒരു സ്മാരകം പോലെ യോനാ ചേട്ടൻ വഴി അരുകിൽ നിർത്തിയിരിക്കുകയാണ് ആരെങ്കിലും ചോദിച്ചാൽ പരിഹാസത്തോടെ അയാള് ആ സംഭവം വിവരിച്ചു കൊടുത്തുകൊണ്ടിരുന്നു
'ഇരട്ട' പേര് പതിഞ്ഞാൽ ആയുഷ് കാലം അതിൽനിന്നു മോചനമില്ല എന്റെ ഓർമ്മ വെയ്ക്കും മുൻപു തന്നെ എന്നെ നാട്ടുകാർ' കുഞ്ഞാണ്ടി' എന്നാണു വിളിക്കുന്നത് അപ്പന്റെ പേര് 'ചാണ്ടി' എന്നായതുകൊണ്ടു ആദ്യം 'കുഞ്ഞു 'ചാണ്ടി ആയി പിന്നീട് അതു കുഞ്ഞാണ്ടി ആയി പരിണമിച്ചു
എനിക്കും ഒരുപാട്‌ വിഷമം ഒക്കെ ഉണ്ടായിട്ടുണ്ട് ഞാൻ അതു വായനശാലയിലെ ഗോപി സാറിനോട് പങ്കുവെച്ചിട്ടുമുണ്ട്.അദ്ദേഹം പറഞ്ഞു നിന്‍റെ അപ്പന്റെ പേരല്ലേ അതിൽ നീ അഭിമാനിക്കണന്ന്
ആണ്ടവൻ എന്നാൽ ദൈവം എന്നാണ് അര്ഥമെന്നും കുഞ്ഞാണ്ടി ദൈവത്തിന്റെ കുഞ്ഞാണ്ന്നു തത്വകമായ ഒരു നിർവ്വജനവും പുള്ളിക്കാരൻ തന്നു.
പിന്നീട് ആപേര് എനിക്കിഷ്ടമായിത്തുടങ്ങി.'ബിജു'എന്ന്‌ വീട്ടുകാർ മാത്രം വിളിച്ചിരുന്ന പേരാണ് ഫേസ് ബുക്കിൽ 'ബിജു വി ചാണ്ടി ' എന്ന്‌ ഒരു കലിപ്പിന് കൊടുത്തപ്പോളാണ് അങ്ങനെ ഒരു പേരു എനിക്കുണ്ടെന്ന്‌ നാട്ടുകാർ അറിഞ്ഞത് തന്നെ.
'ചാൾസൻ ജോസഫ് അവിരാ കഞ്ഞിക്കുഴി 'എന്നൊരാൾ നാട്ടിൽ ഉണ്ട് .'ചാൾസൻ' വീട്ടിലെ പേര് ,സ്കൂളിൽ ജോസഫ് പള്ളിയിൽ അവിരാ നാട്ടുകാര് കഞ്ഞിക്കുഴി എന്നാണ് വിളിക്കുന്നത് .
ഒരു ഇരട്ടപ്പേരിൽ ആകെ തകർന്ന കഞ്ചൻ സുകുവിനെ ഞാൻ കണ്ടപ്പോൾ വല്ലാത്തൊരു ദശാ സന്ധിയിലാണ്‌ അയാൾ എന്ന്‌ മനസ്സിലായി
പേരു മാറ്റാൻ ഞങ്ങൾ പല തന്ത്രങ്ങളും ആലോചിച്ചു. ആദ്യം തന്നെ സ്‌മാരകമായി വഴിയരികിൽ യോനച്ചേട്ടൻ നിറുത്തിയിരിക്കുന്ന തൊലി യില്ലാറബ്ബർ മരക്കച്ചവടക്കാരൻ റസാഖിനെ കൊണ്ടു ഇല്ലാത്ത വിലക്ക് വാങ്ങിപ്പിച്ചു നഷ്ടം കഞ്ചൻ റസാക്കിനു കൊടുത്തു
പിന്നീട് ഗോൾഡ് കളറിൽ 'പി.കെ സുകുമാരൻ'എന്ന്‌ പേര് കട്ട അക്ഷരത്തിൽ എഴുതി വാങ്ങി വീടിന്റെ എറയത്തു ഒട്ടിച്ചു 'എവിടെ ...ആളുകൾ അതുവല്ലോം കാര്യാമാക്കുന്നുണ്ടോ'
കഞ്ചൻ കുറേ പേരെ തെറിപറഞ്ഞു നോക്കി പിണങ്ങിനോക്കി കാലുപിടിച്ചു നോക്കി നാൾക്കുനാൾ 'ഇരട്ടപ്പേരു' കീർത്തിപെട്ടു വന്നതേയുള്ളു...
കല്യാണം കഴിക്കാൻ ഈ പേര് വലിയ തടസ്സവുമാണെല്ലോ ആരെങ്കിലും പെൺ വീട്ടുകാർ തിരക്കിവന്നാൽ
"ആര് മ്മടെ കഞ്ചൻ സുകുവല്ലേ....നല്ല പയ്യനാ..."
അവിടെ തീരും ആലോചന..
കഞ്ചനും ഞാനും ഗോപിസാറിനെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു അങ്ങേര് പറഞ്ഞു മറ്റൊരു പേര് 'പതിപ്പിച്ചാൽ 'ഇത് താനെ മാഞ്ഞു പൊയ്ക്കോളും ന്ന്‌....
അവസാനം ഞാൻ പറഞ്ഞു '"എടാ കഞ്ച നിനക്കിപ്പം പണിയൊന്നും ഇല്ലല്ലോ നീ ഒരു ചായക്കട തുടങ്ങു അതിനു 'കാഞ്ജന റെസ്റ്റോറന്റ് 'എന്ന്‌ പേരുകൊട് കുറച്ചുകാലം കാഴിയുമ്പോൾ നീ കാഞ്ജനസുകു ആയിക്കൊള്ളും.."
സുകു ചായക്കടതുടങ്ങി ആദ്യമൊക്കെ 'കഞ്ചന്‍റെ കാഞ്ജനചായ 'എന്നൊക്കെ ആളുകൾ കളി പറയുമായിരുന്നു പിന്നീട് 'ക' യിക്ക് ദീർഘം വന്നു തുടങ്ങി.കഞ്ചൻ പിന്നീട് രണ്ട് ഓട്ടോ റിക്ഷവാങ്ങി 'കാഞ്ജനം ട്രാവൽസ് ' എന്നും പേരിട്ടു
ഇപ്പൊ 'കഞ്ചൻ' പൊടി മുതലാളി ആയി നല്ലൊരു ഹോട്ടൽ ,രണ്ട് ഓട്ടോ ,പിക്കപ്പ് വാൻ ... പുതിയ വീട് വെച്ചു അതിനു 'കാഞ്ജനക്കൂട് എന്നുപേരിട്ടു....
ഞാൻ അവധി ക്കുചെന്നപ്പോൾ കഞ്ചൻ സുകുവിന്റെ 'കാഞ്ജന ക്കൂട്ടിൽ 'പ്പോയിരുന്നു രണ്ടു കുട്ടികളായി..സുകുവിന് പ്രവീൺ s കാഞ്ജനവും ,പ്രവീണാ s കാഞ്ജനവും.
******************
ബിജു വി ചാണ്ടി

മിനിക്കഥ

Image may contain: 1 person

ഫെയ്സ് ബുക്കിൽ അയ്യായിരം ഫ്രണ്ട്സ് തികഞ്ഞതിന് പിറ്റേ ആഴ്ചയാണ് അവൻ കാലൊടിഞ്ഞ് ഹോസ്പിറ്റലിൽ ആയത്.
ചോര വാർന്നു വഴിയിൽക്കിടന്ന അവനേ ആശുപത്രിയിലെത്തിച്ചത് ഫെയ്സ് ബുക്കിൽ അക്കൗണ്ടില്ലാത്ത ഒരു ചുമട്ടുതൊഴിലാളിയാണ്
അച്ഛനുമമ്മയും കിടക്കക്കരുകിൽ ഉറക്കമിളച്ചു കാവലിരുന്നു.
കാല് പ്ലാസ്റ്ററിട്ടുകിടക്കുന്ന ഫോട്ടോ അവൻ അപ് ലോഡ് ചെയ്തു ഇരുപത്തിനാലു 'ലൈക്കു'കൾ കിട്ടി അപ്പോൾ ലൈക്കിന്റെ അർത്ഥം അവനു പിടി കിട്ടിയില്ല
മൂന്നു പേർ 'ലോൽ' എന്നു കമന്റിട്ടു
അവന്റെ നാട്ടുകാരൻ അബുദാബിയിലുള്ള ജേക്കബ്ബ് മാത്രം വിളിച്ച് എന്തു പറ്റി എന്നു തിരികക്കി
ഒരു ദിവസത്തെ തച്ചു പണി ഒഴിവാക്കി നാണപ്പനും ,പച്ചക്കറിക്കട അടച്ചിട്ടു മൊയ്തുക്കയും ,വായനശാലയിലെ ഗോപാലൻ മാഷും ആശുപത്രിയിൽ കാണാൻ വന്നു അവർ ഫെയ്സ് ബുക്കിലൂടെയല്ല മറ്റാരോ പറഞ്ഞറിഞ്ഞതാണ്...
ആശുപത്രി വിട്ട ശേഷമവൻ പഴയ ആൽത്തറയിലും വായനശാലയിലും സുഹൃത്തുക്കളെ തെരയാൻ തുടങ്ങി..
**************************
ബിജു വി ചാണ്ടി

ആടുജീവിതവും ജയഭാരതിയും .

Image may contain: 1 person

ലാലിച്ചനു ജയഭാരതിയെ പെരുത്തിഷ്ടമാണ് അന്നും ഇന്നും ...
കോട്ടയത്തു സാമ്പത്തിക ഭദ്രതയുള്ള 
കുടുംബത്തിലെ അത്യാവശ്യം വിദ്യാഭ്യാസ മുള്ള ലാലിച്ചനു ഗൾഫ്‌ മോഹം പിടികൂടി അറബി വീട്ടിലെ ഡ്രൈവർ പണിക്കു നാടുവിട്ടു .
യഥാർത്ഥത്തിൽ 'ലാലിച്ച നെ വിസക്കച്ചോടക്കാരൻ ചതിച്ചു .അറബി വീട്ടിലെ ആടിനെ നോക്കാനുള്ള പണിയാണ് കിട്ടിയത് അതും മഹാവ്യത്തികെട്ട കണ്ണീച്ചോരയില്ലാത്ത അറബിയും ....
അവിടെ ശരിക്കും
ആടുജീവിതം ആയിരുന്നു..
അറബി പാസ് പോർട് കൊടുക്കാത്തതിനാൽ നാട്ടിൽ പോകാനും മാർഗ്ഗമില്ല നാലഞ്ചു വർഷം കൊടിയ പീഡനമായിരുന്നു
അഞ്ചാറു ഭാര്യമാരിൽ പത്തിരുപതു തെറിച്ച സന്താനങ്ങൾ അയാൾക്കുണ്ടായിരുന്നു
ലാലിച്ചന്റെ തലയിൽ മുള്ളുക , മാന്തിപറിക്കുക തുടങ്ങിയ കലകൾ എരണംകെട്ട സന്തതികൾ തുടർന്നുപോന്നു ...
അറബി കാണാതെ അവൻമാർക്കിട്ടും വെച്ചുകൊടുക്കും ഓരോന്ന് അല്ലപിന്നെ ....
ചുരുക്കത്തിൽ ലാലിച്ചൻ പെട്ടു പോയി..
ഒരിക്കൽ അറബിയുടെ എടുത്ത് ഒരു നമ്പറിട്ടു ...
'എനിക്കു നാട്ടിൽ പോണം പെങ്ങടെ കല്യാണമാണ് ' അറബി പറഞ്ഞു 'ഞാൻ നിന്‍റെ പെങ്ങളെ കെട്ടിക്കോളാം ഒരു ഫോട്ടോ കൊണ്ടുവാ 'ലാലിച്ചൻ സമ്മതിച്ചു ...
ഇവിടെ ലാലിച്ചൻ തന്റെ കാഞ്ഞ ബുദ്ധി പ്രയോഗിച്ചു
താൻ നിധിപോലെ വെച്ചിരുന്ന ജയഭാരതി യുടെ ഫോട്ടോ അറബിയെ കാട്ടി പെങ്ങളാണെന്നു പറഞ്ഞു
അറബിക്ക് ലാലിച്ചന്റ പെങ്ങളെ പെരുത്തിഷ്ടായി ......
ഉടൻതന്നെ രണ്ടുപേരും നാട്ടിൽ പോകാൻ തീരുമാനിച്ചു അന്നുവരെ കുടിശിക ഉള്ള ശമ്പളോം ഷോപ്പിംഗ് നടത്താൻ നല്ലൊരു തുകയും കല്യാണചെലവിലേയ്‌ക്ക്‌ പണവും അറബിടെ കയ്യിൽ നിന്നടിച്ചെടുത്തു.
വിശ്വാസം കൂടിയ അറബി പാസ് പോർട്ട് തിരികെ നൽകി നാട്ടിലേക്കുള്ള തന്റെ ടിക്കറ്റ് കൂടി എടുക്കാനും ലാലിച്ചനെത്തന്നെ നിയോഗിച്ചു.
നാട്ടുകാരനായ ഒരു സുഹൃത്തിന്റെ സഹായത്തോടെ ടിക്കറ്റെടുത്ത് അറബിയേക്കളിപ്പിച്ച് രായ്ക്ക് രാമാനം ലാലിച്ചൻ വിമാനം കയറി .......
അറബി ടിക്കറ്റുമായി വരുന്ന ലാലിച്ച നെ കാത്തിരുന്നു.. എവിടെ......
പിന്നീട് 'അഡ്‌നോക്കിൽ' ജോലി ആണെന്ന് പരസ്യം ചെയ്തു ഒരു നേഴ്സ് നെ കല്യാണം കഴിച്ച് ലവളുടെ സാരിത്തുമ്പിൽ അമേരിക്കയിൽ പൊയി
....
ഇപ്പോൾ ലാലിച്ചൻ അമേരിക്കൻ പൗരനാണ് കൂടാതെ അമേരിക്കയിയിലെ ഗൾഫ്‌ മേഖലയുടെ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥനും....
എന്നാലും താൻ പത്താം ക്ലാസ് മുതൽ പൊന്നുപോലെ സൂക്ഷിച്ച ജയഭാരതി യുടെ പടം കാട്ടറബിക്കു കൊടുക്കേണ്ടി വന്നതിലുള്ള വേദന അയാളെ ഇപ്പോഴും വേട്ടയാടുന്നു......
************. ***********. ***********
ബിജു വി ചാണ്ടി ....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo