Showing posts with label MuneeraShamsudeen. Show all posts
Showing posts with label MuneeraShamsudeen. Show all posts

ബാല്യകാല സ്മരണ



പത്തര മണിക്ക് ബെല്ലടിക്കും. അതിന് മുമ്പേ സ്കൂളിലെത്തണം. ലീലാ ടീച്ചർ ദൂരേന്ന് നടന്നു വരുന്നുണ്ട്. ഞാൻ ടീച്ചറിൻറെ കൂടെയാ സ്കൂളിൽ പോകാറ്. ടീച്ചറാണെങ്കിലും ഞങ്ങള് നല്ല കമ്പനിയാ. ഓരോ വിശേഷങ്ങളും പറഞ്ഞ് വഴിയരികിലുള്ള കുറ്റിച്ചടികളെയെല്ലാം തൊട്ടുതലോടിയുള്ള യാത്ര വളരെ സുഖകരമായ കാര്യമാണ്. പോകുന്നതിനിടെ വേറെ കുട്ടികളും നമ്മുടെ കൂടെ കൂടി. സമയമാവുമ്പോഴേക്കും ഞങ്ങൾ സ്കൂളിലെത്തി.
ബെല്ലടിച്ചു. ശ്രീധരൻ മാഷ് ക്ലാസ്സിൽ വന്നു. പ്രാർത്ഥനക്ക് ശേഷം ഹാജർ വിളി തുടങ്ങി. പേര് വിളിക്കുമ്പോ ഹാജർ പറയുന്നവരും പേര് വിളിച്ചിട്ടും ഹാജർ പറയാതെ കളിയിൽ മുഴുകിയവരും ഒക്കെ ഉണ്ട്.
ക്ലാസ് തുടങ്ങി. ആദ്യം തന്നെ ഇംഗ്ലീഷ് ആണ്. ഇന്നലെ പഠിപ്പിച്ച അക്ഷരങ്ങൾ തെറ്റാതെ ഇന്ന് കാണുന്നത് ക്രമത്തിൽ പറഞ്ഞു കൊടുക്കണം. ഓരോരുത്തരായി പറഞ്ഞു തുടങ്ങി. ആദ്യം ഇരിക്കുന്നയാൾ 'എ' രണ്ടാമത്തെയാൾ 'ബി' അങ്ങനെ ഓരോരുത്തരും പറഞ്ഞു പറഞ്ഞു 'സെഡ്' വരെയും ആയി.
ഇനി വാക്കുകൾ പഠിക്കണംന്ന്. മാഷ് പഠിപ്പിക്കാൻ തുടങ്ങി. ' എ പി പി എൽ ഇ' 'ഏപ്പിൾ' മാഷ് പറയുന്നതിനനുസരിച്ച് ഞങ്ങളും ഏറ്റു പറഞ്ഞു . ചിത്രമൊക്കെ കാണിച്ചു തന്നു. എ ഫോർ ഏപ്പിൾ ന്നു പഠിപ്പിച്ചു തീരുമ്പോഴേക്കും അടുത്ത പിരീഡിനുള്ള ബെല്ലടിച്ചു. രണ്ടു മിനിറ്റു കൊണ്ട് അടുത്ത വിഷയമായ കണക്ക് തുടങ്ങി. ഗുണനമാണ് വിഷയം. 4 ൻറെ ഗുണനപ്പട്ടിക എല്ലാരോടും പഠിക്കാൻ ഇന്നലേ പറഞ്ഞിരുന്നു. കുറേ പേര് പഠിച്ചിട്ടുണ്ട്. പഠിക്കാത്തവരും ഉണ്ട്. പഠിക്കാത്തവരോട് പുറത്തു നിന്ന് പഠിച്ചിട്ട് ക്ലാസിൽ കേറാൻ പറഞ്ഞു മാഷ്. അങ്ങനെ കുറച്ചു പേർ പുറത്തായി. ക്ലാസ് എടുത്തു കഴിഞ്ഞു ഒറ്റക്ക് ചെയ്ത് പഠിക്കാനുള്ള ചോദ്യം മാഷ് ബോർഡിലെഴുതി. അപ്പോഴേക്കും ചില കുട്ടികളുടെ കീശയിലെ പുളിയും മറ്റു ചില കുട്ടികളുടെ കീശയിലെ കാന്താരി മുളകും ഒടുക്കത്തെ പ്രണയം. പിൻ സീറ്റുകാർ അവരെ എടുത്ത് കൈ കൊണ്ട് ഞെരടി ഒരു പരുവമാക്കി. എല്ലാർക്കും വീതിച്ചു നൽകി. പാരവെപ്പൊന്നുമില്ലാതെ അവരുടെ കാര്യത്തിൽ തീരുമാനമായി.
അടുത്ത ബെല്ല് ഇടവേളക്ക് ഉള്ളതാണ്. ബെല്ല് മുഴങ്ങിയതോടെ എല്ലാവരും എഴുന്നേറ്റ് പുറത്തേക്കോടി. ചിലര് വെള്ളം കുടിക്കുന്നു. ചിലര് ശൗചാലയത്തിന് മുന്നിൽ വരിനിൽക്കുന്നു. ചിലർ തോട്തുള്ളി കളിക്കുന്നു. അങ്ങനെ എല്ലാവരും തിരക്കിലാണ്. അപ്പോഴേക്കും ബെല്ലടിച്ചു. ഇനി അറബിയാണ്.
എല്ലാരും ക്ളാസിലേക്കോടി. മജീദുസ്താദിൻറെ കളിയും കാര്യവുമായിട്ടുള്ള ക്ലാസ്, മുറ്റത്തെ മാവിൻ ചുവട്ടിൽ നിന്നാണ് ക്ലാസ്. പക്ഷേ, വേഗം തീർന്നതു പോലെ.
ഇനി ഉച്ച ഭക്ഷണമാണ്. നല്ല ചെറുപയറും കഞ്ഞിയും. എല്ലാവരും വരിയായി നിന്ന് കഞ്ഞിയും പയറും വാങ്ങി മുറ്റത്ത് പോയിരുന്ന് കഴിച്ചു . ഇനി കുറച്ചു നേരം കളിയാണ്.
 "കണ്ണാരം പൊത്തി പൊത്തി കണ്ണിച്ചൂരം പൊത്തിപൊത്തി എന്നെപോലത്തെ ചങ്ങാതിമാരെ കാണാനായോ. .... ? "
"ഇല്ലാആആആ. .."
"ഒന്ന് , രണ്ട്, മൂന്ന്. ............ഇരുപത്തന്ജ്"
"വരുന്നുണ്ടേ....."
'എല്ലാരും എവിടെയാണാവോ ഒളിച്ചിരിക്കുന്നത്' പതുക്കെ ശബ്ദമുണ്ടാക്കാതെ ഉമ്മറത്ത് നിന്നും മുറ്റത്തേക്കിറങ്ങി പമ്മി നടക്കാൻ തുടങ്ങുമ്പോഴേക്കും " കുറ്റിപ്രൈസ്" എന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കുമ്പോഴേക്കും ഒരാൾ കുറ്റിപ്രൈസ് അടിച്ചു കഴിഞ്ഞു. പോയത് പോട്ടെ ഇനി ബാക്കിയുള്ളവരെ തപ്പാം എന്നു കരുതി ഞാൻ തിരച്ചിൽ തുടർന്നു. ഉദ്വേഗഭരിതമായ തിരച്ചിലിനൊടുവിൽ ഓരോരുത്തരെയായി തപ്പിപിടിച്ച് കുറ്റിപ്രൈസ് അടിച്ചു. അതിനിടയിൽ കൂടി ചിലവിരുതന്മാർ എൻറെ കണ്ണുവെട്ടിച്ച് കുറ്റിപ്രൈസ്അടിച്ചു.
"ഇനി നമുക്ക് വേറെ കളി കളിക്കാം. "
"എന്ത് കളിയാന്ന് പറ"
" 'പൂ പറിക്കാൻ പോരുമോ'.... കളിക്കാം"
"അത് വേണ്ട 'കല്ലിൽ കുത്തി' കളിക്കാം"
"വേണ്ട നമുക്ക് 'കുളം കര' കളിക്കാം".
"എന്തെങ്കിലുമൊന്ന് തീരുമാനിക്ക്. ഇപ്പൊ ബെല്ലടിക്കും "
"എന്നാ 'നരീ നരീ ' കളിക്കാം. "
" ആരാ ചുറ്റുന്നത്"
വാ നോക്കാം.
"അണ്ടക്ക മണ്ടക്ക ഡാമ് ഡൂമ് ഡെസ്ക്ണക്കണ കോക്കണക്കണ അല്ലിമല്ലി സേ ....പട്ടണത്തിൽ വാ...റെഡി, വൺ, ടൂ , ത്രീ "
"നീ പോയിരിക്ക്. അണ്ടക്ക........ത്രീ "
അങ്ങനെ ഓരോരുത്തരായി ഇരുന്ന് അവസാനം ബാക്കിയാവുന്ന ആള് കയ്യിലൊരു കോലും പിടിച്ച് വട്ടത്തിലിരിക്കുന്നവരെ ചുറ്റണം . എന്നിട്ടിരിക്കുന്നവരിൽ ആരുടെയെങ്കിലും പിന്നിൽ ആ കോല് ഇടണം. അത് അവർ എടുത്ത് ചുറ്റിയാളെ തൊടുന്നതിന് മുമ്പ് ചുറ്റിയ ആള് ഇരിക്കണം.
കളി തുടങ്ങി
"നരീ നരീ ചുറ്റിവാ. ... "
"കുലാ കുലാ മുന്തിരീ"
നരീ നരീ ചുറ്റി വാ...."
"കുലാ കുലാ മുന്തിരി"
കളി പുരോഗമിക്കുന്നതിനടയിൽ ബെല്ലടിച്ചു. എല്ലാരും ഓടി ക്ലാസിൽ കയറി. വീണ്ടും ശ്രീ ധരൻ മാഷിൻറെ ക്ലാസ് . സയന്‍സ് ആണ്. ചെടികളെ പറ്റിയുള്ള ക്ലാസ് ആണ്. വിത്തിടുന്നത് മുതൽ കായ് ഉണ്ടാവുന്നതു വരെയുള്ള കാര്യങ്ങൾ വിശദീകരിച്ചു തന്നു. ഇന്ന് വീട്ടിൽ പോയിട്ട് ചിരട്ടയിൽ മണ്ണെടുത്ത് , നനച്ചു , വിത്തിട്ട് , ഓരോ ദിവസവും നിരീക്ഷിക്കാൻ പറഞ്ഞു.
ഇപ്പോൾ അവസാനത്തെ പിരീഡാണ്. മലയാളം. മരമണ്ടൻ മല്ലൻറെ കഥ യാണ്. ചിരിച്ചു ചിരിച്ചു ഒരു വിധം ആയി. എല്ലാം കൂടി കഴിയുമ്പോഴേക്കും ഇന്നത്തെ സമയം കഴിഞ്ഞു. ദേശീയഗാനത്തിനുള്ള ബെല്ല് മുഴങ്ങി. എല്ലാവരും പുസ്തകങ്ങളും മറ്റും ബാഗിലേക്ക് കയറ്റി വീട്ടിൽ പോകാൻ ഒരുങ്ങി നിന്നു. ദേശീയ ഗാനം തുടങ്ങി....
" ജന ഗണ മന അധിനായക ജയഹേ
ഭാരത ഭാഗ്യ..........................
ജയഹേ ജയഹേ ജയ ജയ ജയ ജയഹേ.... "
അവസാനത്തെ വരി ചൊല്ലുമ്പോഴേക്കും പകുതി പേർ റോഡിലെത്തി.
ഞാനും ലീലാ ടീച്ചറും കുറേ കുട്ടികളും ഒന്നിച്ചു നടന്നു. ഞങ്ങളുടെയൊക്കെ വീട്ടിലേക്ക്.
📝 മുനീറഷംസുദ്ദീൻ ബിൻത് അബ്ദുല്ല

എൻറെ ഉപ്പ



പതിനഞ്ചു വര്‍ഷങ്ങൾക്കു മുമ്പ് നടന്നൊരു കഥയാണിത്.കട്ട കൊണ്ടുണ്ടാക്കിയ വീട് മാറ്റി കല്ലു കൊണ്ടുള്ള വീട് ഉണ്ടാക്കുന്നതു 
 കൊണ്ട് ഞങ്ങളെല്ലാം തറവാട്ടിലായിരുന്നു താമസം. പഴയ വീടിന്റെ പൂമുഖം പൊളിച്ചു മാറ്റിയിട്ടില്ലാത്തതിനാൽ ഉപ്പ പകൽ അവിടെ തന്നെ നിൽക്കും. രാത്രി ഉറക്കിനേ തറവാട്ടിലേക്ക് പോകൂ.
പണിക്കാർക്കുള്ള ഭക്ഷണം തറവാട്ടിൽ നിന്നുണ്ടാക്കി കൊണ്ടു പോവാറാണ് പതിവ്. 
അന്നൊരു ദിവസം പണിക്കാർക്കുള്ള ചോറും കൊണ്ട് പോയതായിരുന്നു ഞാൻ. ചോറും കൊടുത്തു അവിടെ തന്നെ നിന്നു. അവിടെ ഞാൻ കളിച്ചു കൊണ്ടിരിക്കെ എൻറെ കൂട്ടുകാരി വന്നു.ഞങ്ങൾ രണ്ടു പേരും കളിക്കുകയായിരുന്നു.കളിക്കിടെ മുറ്റത്തെ ബദാം മരത്തിൽ നിന്നും വീണ ബദാം ഞങ്ങൾ പെറുക്കി എടുത്തു.തലേ ദിവസം തേങ്ങ പറിച്ചിരുന്നു.പറമ്പിൽ നിന്നും ഒരു തേങ്ങ കിട്ടി എനിക്ക് . അത് ഞാനുപ്പാക്കു കൊടുത്തു." നിൻറെ ഉമ്മയാ ഇന്നലെ തേങ്ങ പെറുക്കി കൂട്ടിയത്, ഇത് കണ്ടിട്ടില്ലായിരിക്കും.നീ ആ വാക്കത്തി ഇങ്ങെടുക്ക്.നമുക്ക് ഇത് പൊളിച്ച് നോക്കാം"
എന്നുപ്പ പറഞ്ഞു.അങ്ങനെ 
തേങ്ങ പൊളിക്കാൻ വേണ്ടി വാക്കത്തിക്ക് തിരയുകയായിരുന്നു ഞങ്ങൾ മൂവരും.
മുറ്റത്തെ തിണ്ണയിൽ വീട്ടിലെ വലിയൊരു അലമാര വെച്ചിരുന്നു. മണിയറയിലൊക്കെ വെക്കുന്ന അലമാര, തറവാട്ടിലേക്ക് കൊണ്ടു പോകൽ ബുദ്ധി മുട്ടായിരുന്നു. അലമാരയിലും , തിണ്ണയിലുമായി ചവിട്ടി നിന്നു ഞാൻ വാക്കത്തിക്കു തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടു ആളുകൾ ഓടിക്കൂടി. 
അലമാര മുറ്റത്തേക്ക് മറിഞ്ഞു വീണിട്ടുണ്ട്, എന്നെ കാണുന്നില്ല, പണിക്കാരും നാട്ടുകാരുമുൾപ്പെടെ ശബ്ദം കേട്ടിടത്തേക്ക് ജനം ഓടിയെത്തി. അവിടെക്കൂടിയ ആൾക്കാരൊക്കെ സ്തംഭിച്ചു നിൽക്കുന്നു. അതിനടിയിൽ ആണ് ഞാനുള്ളത് എന്ന് എൻറെ കൂട്ടുകാരി വിളിച്ചു പറഞ്ഞു. തീർന്നു കാണുമെന്ന് എല്ലാരും വിലയിരുത്തി. എന്താണ് ചെയ്യേണ്ടതെന്നറിയാതെ എല്ലാരും നോക്കി നിൽക്കേ, നാലു പേർ ഒന്നിച്ചു പിടിച്ചാൽ നീങ്ങാത്ത ആ അലമാര എൻറെ ഉപ്പ എവിടെ നിന്നോ കിട്ടിയ ധൈര്യത്തിലോ ആ നിമിഷമുണ്ടായ വിവേകത്തിലോ ഒറ്റക്ക് ഉയര്‍ത്തി മാറ്റി.കുറച്ചു ഉയർത്തിയപ്പോൾ എൻറെ ശരീരം ഉപ്പ കണ്ടു. പക്ഷെ കഴുത്തിന് മുകളിൽ കാണുന്നില്ല. അല്ലാഹുവിനെ വിളിച്ചു കരഞ്ഞു കൊണ്ട് വീണ്ടും ഉയർത്തിയപ്പോൾ കണ്ടു. 
അപ്പോഴേക്കുംപണിക്കാർക്കുള്ള വൈകുന്നേരത്തെ ചായയുമായി എൻറെ ഉമ്മയും അവിടെ എത്തിയിരുന്നു .വീടിനു മുന്നിൽ തടിച്ചു കൂടിയ ജനക്കൂട്ടത്തെ കണ്ടു, എന്താണെന്നറിയാതിരുന്ന എൻറെ ഉമ്മയോട് അവർ സംഭവം വിവരിക്കുന്നുണ്ടായിരുന്നു.
ഞാനൊന്നുമറിഞ്ഞില്ല.കുറച്ചു നേരത്തേക്ക് എൻറെ ബോധം പോയിരുന്നു.ഒരു ചെറു മരണം പോൽ, പതിയെ ഞാൻ കണ്ണുകൾ തുറക്കുമ്പോൾ എനിക്കു മുന്നിൽ ഒരു കർട്ടൻ നീങ്ങുന്നതു പോലെ. മങ്ങിയ കാഴ്ചയിൽ കുറേ ജനം.പതിയെ എന്നിലേക്ക് വന്ന വെളിച്ചത്തിൽ ഞാൻ കണ്ടു. എൻറെ ജീവൻറെ ജീവനായ ഉപ്പ ഒറ്റക്ക് ആ വലിയ അലമാര ഉയർത്തുന്നത്. 
എനിക്ക് ഒരു പോറൽ പോലുമേൽക്കാതെ ദൈവം അവരുടെ കൈകളിലേക്ക് എന്നെ മടക്കി നല്‍കി. അവിടെ നിന്നും എഴുന്നേറ്റ ഞാൻ കണ്ടു, എൻറെ ഉപ്പാന്റെ ഉള്ളിൽ ഈ ചെറിയ സമയം കൊണ്ടുണ്ടായ ഭയവും , പിന്നെ സന്തോഷത്താൽ ആ കണ്ണുകൾ നിറഞ്ഞതും. എന്നെ ചേർത്തു നിർത്തി, ഒരക്ഷരം പറയാനാവാതെ എൻറെ ഉപ്പ. ആ മുഖത്തേക്ക് ഞാൻ നോക്കിയപ്പോൾ ഒരു ചെറുപുന്ജിരിയോടെ എല്ലാരെയും നോക്കി നിൽക്കുകയായിരുന്നു.
അന്നൊരു പക്ഷേ, എന്റെ ഉപ്പാക്ക് അതുയർത്താൻ പറ്റിയിരുന്നില്ലെങ്കിൽ ഇന്നീ കഥ പറയാൻ ഇങ്ങിനെ ഒരാളുണ്ടാവുമായിരുന്നില്ല. ഈ ഭൂമിയിൽ ജന്മം നല്‍കുകയും ജീവിത കാലം മുഴുവൻ സ്നേഹവും സംരക്ഷണവും നൽകിയ ആ വലിയ മനുഷ്യനെ എങ്ങനെയാണ് വർണ്ണിക്കേണ്ടത് എന്നെനിക്കറിയില്ല.
സ്നേഹത്തോടെ
മുനീറ ഷംസുദ്ദീൻ ബിൻത് അബ്ദുല്ല

പ്രണയം


നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ പ്രണയിക്കണം. എന്താണെന്നോ , പ്രണയമെന്നാൽ നിർവ്വചിക്കാനാവാത്തത്രയും മനോഹരമായ ഒരു പ്രവർത്തിയാണ്. എന്നും എപ്പോഴും തന്റെ പ്രണയിതാവിനെ ഓർക്കുമ്പോൾ ഹൃദയം സന്തോഷിക്കും.അത് മുഖത്ത് പ്രതിഫലിക്കും. ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകും. ഓരോ പ്രവർത്തിയിലും തൻറെ പ്രണയിതാവിനെ കുറിച്ച് ചിന്തിച്ചു അവന്/അവൾക്ക് വേണ്ടി എന്ന് ചിന്തിച്ചു ചെയ്യുമ്പോൾ അവരോടുള്ള സ്നേഹം എത്രമേലാണോ അത്രയും നന്നായിരിക്കും ആ പ്രവർത്തിയും.അവരെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ മുഖം പ്രസന്നമാവും. 
പ്രണയിതാവ് അരികിലുള്ളപ്പോൾ അവർക്ക് വേണ്ടി അണിഞ്ഞൊരുങ്ങി പുന്ജിരിയോടെ സംസാരിക്കുമ്പോൾ രണ്ടു ഹൃദയങ്ങളും എന്തുമാത്രം ആഹ്ളാദിക്കുമെന്നോ?ഇടക്കൊക്കെ കൈ മാറുന്ന സമ്മാനങ്ങൾക്ക് വിലമതിക്കാനാവാത്ത മൂല്യമുണ്ടാവും. അതെത്ര ചെറുതായാലും.
തന്നെകാത്തിരിക്കാൻ,കൂട്ടുകൂടാൻ,കേൾക്കാൻ ഒക്കെ ഒരാളുണ്ടാവുമ്പോൾ എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്യാൻ അവർക്ക് പറ്റും. 
ഒന്നു വയ്യാതായാൽ , തളരുമ്പോൾ, താങ്ങാവാൻ / ആശ്വസിപ്പിക്കാൻ ഒരാളുണ്ടാവുന്നത് ഭാഗ്യമാണ്. 
എപ്പോഴും കണ്ണിൽകണ്ണിൽ നോക്കിയിരിക്കലും കൈകൾ കോർത്ത് കിന്നാരം പറയലും ഐസ് ക്രീം പാർലറുകളിലും ഹോട്ടലുകളിലും കയറി ഇറങ്ങിലും പാർക്കുകളിലും ബീച്ചുകളിലും ചുറ്റിയടിക്കലും അല്ല പ്രണയം. 
എന്നാൽ ഇവയൊക്കെയിലും പ്രണയമുണ്ട്.സ്ഥലകാല ബോധത്തോടെ യാവണമെന്നു മാത്രം.
പറഞ്ഞ സമയത്ത് എത്തിയില്ലെങ്കിൽ,വിളിക്കാൻ വൈകിയാൽ ഒക്കെയും ഹൃദയത്തിന് ഒരു ഭാരം അനുഭവപ്പെടും. കാണുമ്പോഴും വിളിക്കുമ്പോഴുമൊക്കെയുള്ള സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. 
പ്രണയിക്കണം മനസ്സ് കൊണ്ടല്ല, ഹൃദയം കൊണ്ട്, ആത്മാർത്ഥമായി.
ചേർത്തു നിർത്തണം,അവസാനം വന്ജിക്കാനല്ല, അവസാന ശ്വാസം വരെയും സംരക്ഷിക്കാൻ.
******************************************
പ്രിയ സഹോദരങ്ങളെ, 
മുകളിൽ ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെയും വിവാഹിതരോടാണ്.തൻറെ ഇണയെയാണ് പ്രണയിക്കേണ്ടത്. അല്ലാതെ ഏതോ ഒരാളെ അല്ല.
വിവാഹ ശേഷം പ്രണയമല്ല,ജീവിതമാണ്.
കാമുകി-കാമുകരല്ല , ഭാര്യ -ഭർതൃ ബന്ധമാണ്, തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പറയുന്നവരോട് , 
യഥാര്‍ത്ഥ പ്രണയം വിവാഹശേഷമാണ്.ഒന്നാലോചിച്ചു നോക്കൂ. ജീവിതത്തിലേക്ക് കൂടെകൂട്ടാൻ കഴിയും എന്ന് യാതൊരു ഉറപ്പുമില്ലാതെയാണ് വിവാഹത്തിന് മുമ്പുള്ള പ്രണയം. അതിനെ പ്രണയമെന്ന് പറയാൻ തന്നെ പറ്റില്ല. ഒരു തരം ആകർഷണം. അതിനപ്പുറത്തേക്ക് ഒന്നുമില്ല. എപ്പോൾ വേണമെങ്കിലും ആർക്ക് വേണമെങ്കിലും ഉപേക്ഷിക്കാൻ പറ്റിയ ഒരു താത്കാലിക ബന്ധം.
എന്നാൽ വിവാഹം എന്ന ഉടമ്പടി ഉറപ്പാണ്. മരണം വരെയും പരസ്പര സ്നേഹവിശ്വാസത്തോടെയുള്ള സംരക്ഷണത്തിൻറെ ഉറപ്പ്. 
പ്രണയമുണ്ടാവേണ്ടത് ഭാര്യ-ഭർത്താക്കന്മാർക്കിടയിലാണ്. അവരാണ് പ്രണയിക്കേണ്ടത്.എന്നും പ്രണയിച്ചു കൊണ്ടിരിക്കുന്ന ദമ്പതിമാരെ കണ്ടിട്ടുണ്ടോ? അവർക്കിടയിൽ പിണക്കങ്ങളുമുണ്ടാവും. പക്ഷേ, രണ്ടു പേരും പരസ്പരമുള്ള ഒരു കെമിസ്ട്രി ഉണ്ട്. പറഞ്ഞറിയിക്കാനാവാത്ത ഒരു കാന്തികശക്തി. അവരുടെ ഹൃദയങ്ങൾ തമ്മിൽ സംസാരിക്കും. ജീവിതം സ്വർഗ്ഗമാവും.
ഞാൻ മുമ്പ് പറഞ്ഞില്ലേ.....പ്രണയിക്കണം, മനസ്സ് കൊണ്ടല്ല,ഹൃദയം കൊണ്ട്, ആത്മാർത്ഥമായി.
ചേർത്തു നിർത്തണം, അവസാനം വന്ജിക്കാനല്ല,അവസാന ശ്വാസം വരെയും സംരക്ഷിക്കാൻ.
****************************ഈ വിഷയത്തിലേക്കുള്ള എൻറെ കൈ കടത്തൽ ആദ്യമായാണ്. തെറ്റുകൾ മനസ്സിലാക്കി തരിക. നന്നായെങ്കിൽ അതും പറഞ്ഞു തരിക
**************************
സ്നേഹത്തോടെ
📝മുനീറ ഷംസുദ്ദീൻ ബിൻത് അബ്ദുല്ല

മീലാദാശംസകൾ




"ഓ.....കൊണ്ടോട്, നടൂലൈത്ത് ബെച്ചേക്ക്,അരക്കിലോ കൊട്ടില്ലാത്ത എറച്ചിയും മാങ്ങിക്കോ...." കൂവ്വപ്പാടി തഅലീമു സ്വിബ്യാൻ മദ്രസ അങ്കണത്തിൽ 
നബിദിനത്തിന് കുറച്ച് സമ്മാനങ്ങൾ കിട്ടുമ്പോൾ കൂടെപിറപ്പിന് തുല്യരായ ചങ്ങാതിമാരുടെ കമൻറ്സാണിത്.
അവരുടെ പാട്ടും പ്രസംഗവും ഒക്കെയായി എല്ലാ പരിപാടികൾക്കും അവർ പേര് കൊടുക്കുന്നതു മുതൽ അവർ സമ്മാനം വാങ്ങുന്നത് വരെ നമ്മളും വേണം അവരുടെ കൂടെ.പരിപാടി എഴുതി കൊടുക്കാനും സഹായിക്കാനുമൊക്കെയായി. വല്യ അധികാരത്തിലാ അവരെ സഹായിക്കാൻ നമ്മളോട് കല്പിക്കുക. അതങ്ങനെയാ. ...കൂടെപിറപ്പിനെ പോലെ അവർ നമുക്കും കൂടെ നിൽക്കും. മദ്രസയുടെ അലങ്കാരം ഞങ്ങൾ ആസ്വദിക്കുമ്പോ ഇതൊക്കെ ഞങ്ങൾ ചെയ്തതാ എന്നും പറഞ്ഞ് നെഞ്ചും വിരിച്ച് നിൽക്കുമവർ. അവർ പരിപാടി അവതരിപ്പിക്കുമ്പോഴെങ്ങാനും ഏതെങ്കിലും കുട്ടികൾ ഒച്ചപ്പാടുണ്ടാക്കിയാ ആ കുട്ടിയുടെ കഷ്ടകാലംന്നു പറഞ്ഞാ മതി. കണ്ണുരുട്ടലും പേടിപ്പിക്കലുമൊക്കെ ആവും അവിടെ.അവസാനം അവർ സമ്മാനം വാങ്ങി വരുമ്പോൾ മനസ്സിൽ പെരുന്നാളാവും. എങ്കിലും തമ്മിൽ കീരിയും മൂർഖനും പോലെ അടിയാ. .. 
നല്ല സ്നേഹമുള്ള ചങ്ങാതിമാരാ അവർ. .... കാലമൊരുപാടായിട്ടും നമ്മളെയൊന്നും മറക്കാതെ എവിടെയെങ്കിലും നമ്മളെയോ നമ്മുടെ ബന്ധുക്കളെയോ ഒക്കെ കാണുമ്പോ നിങ്ങൾ കാണിക്കുന്ന സ്നേഹത്തിന് വാക്കുകളില്ല ചങ്ങാതിമാരെ നന്ദി പറയാൻ. സ്നേഹനിർഭരമായ ഓർമ്മകളോടെ എൻറെ പ്രിയ ചങ്ങാതിമാരെ മീലാദാശംസകൾ☺☺☺☺
മുനീറ ഷംസുദ്ദീൻ

മരണം


റൂഹും ശരീരവും
വിട്ട് പിരിയുമ്പോൾ
ഉറ്റവരെല്ലാം പൊട്ടിക്കരയും
ആറടി മണ്ണിലായ്
അന്തിയുറങ്ങുമ്പോൾ
ആരാരുമില്ലാതെ
ഏകനായി കഴിയുമ്പോൾ
എന്തുണ്ട് കൂടെ
ആരുണ്ട് കൂടെ
ഇരുട്ടറക്കുള്ളിൽ കൂടെ
സ്വാലിഹാം അമലുകളുണ്ടോ
എണ്ണാൻ നിനക്കിനി നേരം
(റൂഹും ശരീരവും)
ആരാരും കൂടെയില്ലാ-
തൊറ്റക്കുറങ്ങേണം ഓർത്തോ
പൂമേനി ഖബറിനുള്ളിൽ
വെച്ചിട്ടെല്ലാരും പോകും
ചെത്തി നടക്കാൻ
ഒത്തിരി നേരം
നീ മാറ്റി വെച്ചതല്ലേ....
ചെത്താനും കൂടെ നടക്കാനും
കൂട്ടുകാരും വന്നതല്ലേ
എന്തുണ്ട് കൂടെ
ആരുണ്ട് കൂടെ
ഇരുട്ടറക്കുള്ളിൽ കൂടെ
സ്വാലിഹാം അമലുകളുണ്ടോ
എണ്ണാൻ നിനക്കിനി നേരം
(റൂഹും)
എന്നാലും ആരാരുമില്ലാത്ത
നാള് നീ ഓർക്കാറുണ്ടോ
ആരാരും കൂട്ടിനെത്താത്ത
വീട് നീ ഓർക്കാറുണ്ടോ
മണിയറ മണ്ണറയാകും
നാള് ദൂരെയല്ലെന്നോർത്തോ
ഒരു ശ്വാസം അകലെ നിൻറെ
മരണമുണ്ടതോർത്തോ
തൗബയിൽ മുഴുകിയാൽ
മോചനം തരുമല്ലാഹ്
തഖ്-വയിൽ മുഴുകിയാലോ
സ്വർഗ്ഗവും തരുമല്ലാഹ്
ആരാരും കൂടെയില്ലാത്ത
യാത്രയെ നീ ഓർത്തോ
ഇരപകൽ കരഞ്ഞ് കൊണ്ട്
റബ്ബിൻറെ മുന്നിൽ വീണോ
റാഹിമാം അല്ലാഹ്
ഗഫൂറാം അല്ലാഹ്
ഏറെ പൊറുക്കുന്നോനാണ്
ആരിലും വിജയം തരാൻ
ഏകരക്ഷകനാണ്
അസ്തഗ്ഫിറുല്ലാഹ്
അസ്തഗ്ഫിറുല്ലാഹ്
അസ്തഗ്ഫിറുല്ലാഹ് റബ്ബേ. ..
അസ്തഗ്ഫിറുല്ലാഹ്
അസ്തഗ്ഫിറുല്ലാഹ്
അസ്തഗ്ഫിറുല്ലാഹ് റബ്ബേ... 😥😥😥😥😥
മുനീറ ഷംസുദ്ദീൻ

പ്രിയ പ്രവാസികൾക്ക്


പ്രിയ സ്നേഹിതരേ. .....
നിങ്ങളിൽ മിക്കവരും പ്രവാസികളായത് ജീവിതസാഹചര്യങ്ങൾ കൊണ്ടായിരിക്കാം.പണം തന്നെയായിരുന്നിരിക്കും മിക്കവരുടെയും പ്രധാന പ്രശ്നം. ആദ്യത്തെ പോക്കിൽ തന്നെ കുറച്ചു പണം സമ്പാദിച്ചു പിന്നെ നാട്ടിൽ സെറ്റാവാം എന്നൊക്കെ കരുതി പിന്നെയും ഓരോരോ കാരണങ്ങൾ കൊണ്ട് പ്രവാസം നീണ്ടു പോയരാവും അധികപേരും.
(പ്രവാസികളെ കുറിച്ചുള്ള പോസ്റ്റുകൾക്ക് 'പ്രവാസി=പണം വാരുന്ന യന്ത്രം ' എന്ന തരത്തിലുള്ള കമൻറ്സ് ആണ് ഇങ്ങനെയൊരെഴുത്ത് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്)
എങ്കിലും പണത്തിനു വേണ്ടി മാത്രമുള്ള മെഷീനായാണ് മറ്റുള്ളവർ നിങ്ങളെ കാണുന്നത് എന്ന ധാരണ തെറ്റാണ്.അങ്ങനെയുള്ളവർ ഉണ്ടാകാം.പക്ഷെ,എല്ലാവരും അങ്ങിനെ അല്ല.
പണത്തിനു പണം തന്നെ വേണം എന്നത് ശരി തന്നെ.പക്ഷെ ഒരു മനുഷ്യന് പകരം വെക്കാൻ പണം കൊണ്ട് കഴിയില്ല. പലപ്പോഴും കാണുകയും കേൾക്കുകയും ചെയ്യുന്നതാണ് കൈയ്യിൽ പണമില്ലെങ്കിൽ പട്ടിയുടെ വില പോലും സമൂഹത്തിൽ ഉണ്ടാവില്ല എന്ന്. പക്ഷെ ഒരാങ്ങളയുടെയോ ഭർത്താവിൻറെയോ മകൻറെയോ പിതാവിന്റെയോ ധർമ്മം നിറവേറ്റാൻ പണത്തിനാവില്ല. പണത്തിനു മാത്രമല്ല മറ്റൊരാൾക്കും അവർക്ക് പകരം നിൽക്കാനാവില്ല.പകരക്കാരനാവാനേ മറ്റൊരു വ്യക്തിക്ക് കഴിയൂ.
മകനോട്/ഭർത്താവിനോട്/ആങ്ങളയോട്/പിതാവിനോട് പറയേണ്ടത് അല്ലെങ്കിൽ അവർ മകളോട്/ഭാര്യയോട്/പെങ്ങളോട്/മാതാവിനോട്
ചെയ്യേണ്ടത് ചെയ്തു കൊടുക്കാൻ അവർ തന്നെ വേണം.അവിടെ പകരക്കാരനോ പണമോ ഉണ്ടായിട്ട് കാര്യമില്ല.
ഉദാഹരണമായി ഒരു പെങ്ങൾക്ക് ആങ്ങളയോട് പറയാൻ പറ്റുന്ന പോലെ ചില കാര്യങ്ങൾ മറ്റൊരാളോടും പറയാൻ പറ്റില്ല. അപ്പോൾ ആങ്ങളക്ക് പകരം വേറാരുണ്ടായിട്ടും കാര്യമില്ല.
എൻറെ പ്രിയ പ്രവാസി സഹോദരങ്ങളോട് ഞാൻ പറഞ്ഞു വന്നത് നിങ്ങളെ പണം വാരുന്ന യന്ത്രമായി കാണാത്ത ഞാനുൾപ്പെടെയുള്ളവർ ഉണ്ട്.പണം വേണം.അത്യാവശ്യം അല്ലലില്ലാതെ മറ്റൊരാളുടെ മുൻപിൽ കൈ നീട്ടേണ്ടി വരാതെ ജീവിക്കാനുള്ള പണം.ധൂർത്തിനുള്ള പണത്തിനു വേണ്ടി നിങ്ങളെ ആരെങ്കിലും ബുദ്ധിമൂട്ടിക്കുന്നെങ്കിൽ അതെ അവർ അത്യാഗ്റഹികളും സ്നേഹമില്ലാത്തവരുമാകാം.അല്ലെങ്കിൽ ലോകമിനിയും മനസ്സിലായിട്ടില്ലാത്തവർ. പക്ഷെ, എല്ലാവരും ആ കൂട്ടത്തിലല്ല.നിങ്ങളെ ജീവനായി കരുതുന്നവരും ഉണ്ട്. നിങ്ങളുടെ പെങ്ങളുടെയോ മകളുടെയോ ഭാര്യയുടെയോ മാതാവിന്റെയോ രൂപത്തിൽ നിങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും സ്നേഹവുമായി ഒരു പക്ഷെ നിങ്ങൾ അറിയാതെ തന്നെ നിങ്ങൾക്ക് ചുറ്റും. സർവ്വശക്തൻ എല്ലാരെയും അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ
സസ്നേഹം
മുനീറ ഷംസുദ്ദീൻ ☺☺

ഒരു ചിന്ത വന്ന വഴി


" അമ്മായീ. ..........ഉമ്മാ......... ഓടിവാ.. ...... എൻറെ കണ്ണ്......... എൻറെ കണ്ണിലെന്തോ..... ഉമ്മാ........."
.
.
.
.
അലക്കിവെച്ച തുണി അയലിലിടാൻ പോയ ഇവളെന്താ ഇങ്ങനെ വലിയ വായിൽ നിലവിളിക്കുന്നതെന്നും ചോദിച്ച് അമ്മായിയും(ഭർത്താവിൻറെ ജ്യേഷ്ടൻറെ ഭാര്യ) ഉമ്മയും(ഭർത്താവിൻറെ മാതാവ്) ഓടിക്കിതച്ചു വന്നു.
അവർ വരുമ്പോഴുണ്ട് ഞാൻ കണ്ണും പൊത്തി അലറുന്നു. . .
"എന്താ എന്തു പറ്റി മുനീ. .. ..."
"അമ്മായീ...... എൻറെ ....കണ്ണ്....."
കൈ പിടിച്ചു മാറ്റി അമ്മായി കണ്ണിലേക്ക് നോക്കി.ഞാനാണെങ്കിൽ നിന്ന് തുള്ളുന്നു."
നീ ഒന്നടങ്ങി നിൽക്, ഞാനൊന്നു നോക്കട്ടെ"
ഒരു തുണിയുടെ അറ്റം ചെറുതാക്കി തിരിച്ച് അതു കൊണ്ട് കണ്ണിൽ മെല്ലെ തട്ടി എൻറെ കണ്ണിൽ അതിക്റമിച്ച് കേറിയ ഭീകരനെ പുറത്തെടുത്തു.എൻറെ കൈയ്യിൽ വെച്ച് തന്നു."ഇതിനാ ഇങ്ങനെ നിലവിളിച്ചേ"ന്നും ചോദിച്ച് രണ്ടാളും ഓരോ ചിരിയും പാസ്സാക്കി അങ്ങ് പോയി.ഞാൻ നോക്കുമ്പോൾ ഒരു കുഞ്ഞുറുമ്പ്.......ഞാൻ ആകെ എന്തോ പോലെയായി.....അയ്യേ....ഇതിനായിരുന്നോ ഞാൻ......ച്ചെ......മോശം..........
സംഭവം ഞാൻ ആറീടാൻ പോയതാണെങ്കിലും അയൽ പൊട്ടിയതു കണ്ടു നന്നാക്കി കെട്ടാൻ ശ്രമിച്ചതായിരുന്നു.മാവിൽ ന്ന് അടികൂടി ചങ്ങാതി കൃത്യം എൻറെ കണ്ണിൽ തന്നെ വന്നു ചാടുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല. അതും ചിന്തിച്ചു നിൽകുമ്പോഴാ എൻറെ ചിന്താമണ്ഡലം  പ്രവർത്തിച്ചതെന്ന് തോന്നുന്നു. ആ ചിന്തയാണ് താഴെ വിവരിക്കുന്നത്. വെറുപ്പിക്കൽ ക്ഷമിക്കുമല്ലോ....അല്ലേ....
.
ഇതൊരു പക്ഷെ സാധാരണ ഒട്ടു മിക്കവർക്കും സംഭവിക്കുന്ന ഒരു കുഞ്ഞു കാര്യമാവും. ഇവിടെ എന്തെങ്കിലും ചിന്തിക്കാനുണ്ടോ?
.
.
അതെ,ഉണ്ട് തീർച്ചയായും ഉണ്ട്.ഒരു കുഞ്ഞുറുമ്പ് കണ്ണിൽ വീഴുമ്പോഴേക്കും സഹായത്തിന് ആളെ വിളിക്കേണ്ട അവസ്ഥ. പിന്നെന്തിനാണ് 'ഞാൻ' എന്ന അഹങ്കാരം. നാം ഈ ഭൂമിയിലെ വിരുന്നുകാരാണ്.മണ്ണിൽ നിന്നും വന്ന് മണ്ണിലേക്ക് തന്നെ മടങ്ങേണ്ടവർ. എപ്പോൾ നമ്മുടെ അവധി തീരുന്നുവോ അപ്പോൾ പോകണം.ചിലപ്പോൾ ആരോടും യാത്ര ചോദിക്കാനോ ചെയ്തു പോയ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യാനോ ഉള്ള അവസരം പോലും ലഭിക്കാതെ. .. അത്രയേ ഉള്ളൂ നമ്മൾ. 'ഞാൻ ഭയങ്കരമാണ്' എന്നൊക്കെ വെറുതെ ഗർവ്വ് നടക്കാനേ പറ്റൂ. ....നാമൊക്കെ വെറും നിസ്സാരരാണ്. ഒരവധിക്കാലത്ത് നാട്ടിൽ പോകുന്ന പ്രവാസികളെ പോലെ ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലാതെ എല്ലാർക്കും പുന്ജിരിയെങ്കിലും ദാനം നല്കി ഉള്ള ജീവിതം സന്തോഷമാക്കിയാൽ പോകുമ്പോൾ സന്തോഷത്തോടെ പോകാം. ആരെയും വെറുപ്പിക്കാതെ യാത്രയാവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ...💐💐💐
സസ്നേഹം
മുനീറ ഷംസുദ്ദീൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo