നഷ്ട സൗഹൃദം


കാലം മനുഷ്യന് വരുത്തുന്ന മാറ്റം എത്രതോളമെന്നറിയാൻ 23 വർഷമെടുത്തു. അതിനിടയിൽ നഷ്ടപെട്ടു പോയി എന്ന് കരുതിയ നല്ല സൗഹൃദങ്ങൾ തിരികെ തേടിയെത്തിയപ്പോൾ വല്ലാത്തൊരു ഗൃഹാതുരത്വം തോന്നുകയാണ്. ആ നല്ല നാളുകളുടെ സുഖമുള്ള ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വഴികാട്ടിയായി വന്ന പ്രിയ കൂട്ടുകാരിയെപ്പോലും പെട്ടെന്ന് മനസ്സിലായില്ല. തന്നെ പണ്ട് കളിയാക്കി വിളിച്ചിരുന്ന ആ പേര് പറഞ്ഞവൾ പരിചയപ്പെടുത്തിയിട്ടും ഓർത്തെടുക്കാൻ അല്പം സമയമെടുത്തു. ഇവനെന്തൊരു മനുഷ്യൻ.? എന്നവൾ ചിന്തിച്ചിട്ടുണ്ടാകുമോ. ? ഏയ്, അവൾക്കങ്ങനെ കഴിയില്ല.
ഭൂതകാലത്തിൻറെ ഓർമ്മകൾ വെള്ളിത്തിരയിലെന്നപോലെ മനസ്സിലേക്കോടിയെത്താൻ തുടങ്ങി.
ആ കലാലയ ജീവിതം. .
എത്ര മനോഹരമായിരുന്നു. ഓർമ്മകൾ ചിറകു വിരിച്ചുകൊണ്ട് ഞാനറിയാതെ ആ കളാസ്സ് മുറികളിലേക്ക് പറന്നിറങ്ങി. ഇണക്കങ്ങളും പിണക്കങ്ങളും പിന്നെ കുറെ പരിഭവങ്ങളുമായി പഠനകാലത്തെ ആ സൗഹൃദങ്ങൾ..
പക്ഷേ, ഇന്ന് കാണുമ്പോൾ പല മുഖങ്ങളും വല്ലാതെ മാറിയിരിക്കുന്നു.
എങ്കിലും ഭൂരിപക്ഷത്തിലും ആ പഴയ നിഷ്കളങ്കത മായാതെ നിൽക്കുന്നു.അതിൽ പ്രധാനി യഥാര്‍ത്ഥ സുഹൃത്ത് ബന്ധത്തിൻറ ആഴം മനസ്സിലാക്കിത്തന്ന ഈ കൂട്ടുകാരി തന്നെ. ഇനിയൊരിക്കൽ കൂടി ആ കലാലയ മുറ്റത്തൊന്നൊരുമിച്ചു കൂടുവാൻ കഴിയുമോ.?അറിയില്ല. ..
ഓർക്കുമ്പോൾ മനസ്സിലേക്കോടിയെത്തുന്നത്
ഒ ൻ വി സാറിന്റെ വരികളാണ്. .
'ഒരു വട്ടം കൂടി എൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം. ..
Sidheek Kappil.

അമ്പിളിമാമൻ


കുഞ്ഞായിരിക്കുമ്പോൾ കുഞ്ഞമ്മായി ആയിരുന്നു ഞങ്ങൾക്കു ചോറു തന്നിരുന്നത് അമ്പിളിമാമനെ കുറിച്ചുളള കഥകളൊക്കെ ഭംഗിയായി പറഞ്ഞു തരികയും പാടുകയും ചെയ്യും അമ്പിളിയമ്മാവാ താമര കുമ്പിളിലെന്തുണ്ട്.... എന്നിങ്ങനെ കുറേയേറേ കഥകളും പറഞ്ഞു തരും സൂര്യനും ചന്ദ്രനും പകിട കളിക്കാനിറങ്ങിയ പാട്ടും ചൂതിൽ തോററ വർ എന്ന യേശുദാസിെൻറ പാട്ട് പാടി കഴിയുമ്പോഴെക്കും പാത്രത്തിലുളള ഭക്ഷണം തീർന്നിരിക്കും എന്നാലും അന്നത്തെ മനസിൽ ചൂതിലെ വ്യവസ്ഥ പേടിയുണ്ടാക്കിയിരുന്നു തൻ പ്രിയപുത്രനെ ഭക്ഷിക്കണമെന്ന് എന്താലേ കുറച്ച് മുതിർന്നതിനു ശേഷം അമ്പിളിമാമനെ കണ്ടു മനോ ഹരമായൊരു കൊച്ചു പുസ്തക രൂപത്തിൽ ചിത്രകഥ ക ളും പഞ്ചതന്ത്രം കഥകളും ഒക്കെയായി സമൃദമായ വായനയുടെ കുട്ടിക്കാലം അവിടെ നിന്നും കാറച്ചു കഴിഞ്ഞാണ് പൂമ്പാറ്റയും ബാലരമയും വന്നത്
അപ്പോഴെക്കും ചന്ദ്രകഥകൾഒരു വിധം അറിയാമായിരുന്നു
പാടത്ത് വൈകുന്നേരങ്ങളിൽ കൂട്ടുകാരോടൊത്തിരുന്നു സംസാരിച്ച് പരസ്പരം മടിയിലും മറ്റും തല വെച്ചു കിടക്കുമ്പോഴും തലക്കു മുകളിലിരുന്നു ചിരി തൂകുന്ന ചന്ദ്രൻ തന്നെയായിരുന്നു താരം
പിന്നെ കൈലാസനാഥൻ സീരിയലിൽ നേരിട്ടു കണ്ടു അങ്ങിനെ ചന്ദ്ര വിശേഷം നടക്കുന്നതിനിടക്ക് നമ്മൾ ചന്ദ്രയാൻ (മംഗൾയാൻ ) വിക്ഷേപിക്കുകയും അവിടെ ജല സാനിദ്ധ്യസാദ്ധ്യത കളെ കുറിച്ച് നാസക്കടക്കം വിവരങ്ങൾ നൽകുകയും ചെയ്തു
ഇപ്പോ ഞാൻ ഇവിടെയും കണ്ടു ഞാൻ മാത്രമേ കണ്ടുളളു ഉണ്ണി കണ്ണൻ വാ പൊളിച്ച പോലെ ആചന്ദ്ര താരകങ്ങളെ

By Babuthuyyam

മരിച്ചവർ ഉയർത്തെഴുന്നേൽക്കുമ്പോൾ


മരിച്ചവർ ഉയർത്തെഴുന്നേൽക്കുമ്പോൾ
പ്രേതസിനിമകളിൽ കാണും പോലെ
കരിമ്പൂച്ച സാന്നിധ്യമോ
ഭീതിദമായ കാറ്റൊ
നരിച്ചീറുകളുടെ ചൂളം വിളിയോ
ആർത്തട്ടഹാസങ്ങളോ
ഏങ്ങിക്കരച്ചിലുകളോ ഉണ്ടാകില്ല.
പകരം
ഒരു നനുത്തമഴ
ഭൂമിയിൽ നിന്നും ആകാശത്തേക്ക്
യാത്രപോകുന്നത് കാണാം.
തിങ്കൾക്കറയുടെ കരിനിഴൽ
മണ്ണിനെ ചുംബിച്ച് സ്തുതി ചൊല്ലും.
പ്രതികാരത്തിനായാണ്
മരിച്ചവർ ഉയിർത്തുവരുന്നതെങ്കിൽ
ആദ്യം
പത്രോസിനെപോലെ
വിശ്വാസമില്ലാത്തവർക്കിടയിൽ
പ്രത്യക്ഷപ്പെടും.
വഞ്ചനയുടെ മുറിവിൽ കുത്തി
ബോധ്യപ്പെടാൻ പറയും.
സ്നേഹത്തിനായാണെങ്കിൽ
ആദ്യം
കല്ലറയിൽ
പ്രിയ്യപ്പെട്ടവർ തെളിയിച്ച
മെഴുകുതിരികൾ
ഉൗതിക്കെടുത്തും.
ഇതു രണ്ടും മാത്രമേ
അവർക്ക് ചെയ്യാനാകുമായിരിക്കയുള്ളൂ
കാരണം
മരണപ്പെടുമ്പോൾ തന്നെ
അവന്റെ സ്ഥാനം
വേറൊരുത്തൻ കൈവശപ്പെടുത്തിയിരിക്കും.
മരിക്കുക മാത്രമേ പിന്നീട്
അവന് ചെയ്യാനുണ്ടാകയുള്ളൂ.
____________________________
രമേഷ് കേശവത്ത്

ഹാജ്യാരുടെഹീറോസൈക്കിള് - ഭാഗം-2


ഞാന്‍ ഡ്രസ്സ്‌ ചെയ്ത് പുറത്തേക്ക് വരുമ്പോഴും ഹാജ്യാര്‍
അക്ഷമനായി മുറ്റത്തൂടെ നടക്കുന്നുണ്ട്...
''വെക്കം ബരീന്‍...''
എന്നെ കണ്ട ഹാജ്യാര്‍ നടത്തം തുടങ്ങി...
ഞാന്‍ പിറകെയും... പക്ഷെ ഒപ്പം എത്താന്‍ നമ്മള്‍ ഓടേണ്ടി വരും..
അത്രക്ക് സ്പീഡാണ് ഹാജ്യാരുടെ നടത്തം.
ഗഫൂര്‍ ഗള്‍ഫിലേക്ക് തിരിച്ചുപോയപ്പോള്‍ എന്നെയാണ് വണ്ടിയോടിക്കാന്‍ ഏല്‍പ്പിച്ചത്... അങ്ങനെ സ്ഥിരമായി ഓട്ടം ഒന്നും കാണില്ല... അടുത്തൊക്കെ ഹാജ്യാര്‍ ഒട്ടോയിലാണ് പോവുക...
ദൂരെ എവിടേലും പോകാന്‍ ഉണ്ടെങ്കിലും തലേദിവസം തന്നെ പറയും...
ഗഫൂര്‍ പോകും മുന്‍പ് എന്നെ മാറ്റി നിര്‍ത്തിക്കൊണ്ട് പറഞ്ഞു ''വണ്ടി സൂക്ഷിച്ചു ഓടിച്ചാ മതി, അത്ര സ്പീഡ് ഒന്നും വേണ്ട...
പിന്നെ ഒരു കാര്യം ഉപ്പയുടെ സ്വഭാവം നിനക്കറിയാലോ മൂപ്പര്‍ പലതും പറയും അതൊന്നും നീയത്ര കാര്യായിട്ട് എടുക്കേണ്ട ...''
ഗഫൂര്‍ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി, വണ്ടി നല്ല വേഗതയില്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നായിരിക്കും ഹാജ്യാരുടെ നിര്‍ദേശം.
''ബണ്ടി ഇബടെ നിര്‍ത്ത്...''
പോരാത്തതിന് എത്ര സ്പീഡില്‍ പോയാലും മൂപ്പര്‍ക്ക് വേഗം പോര എന്നാ സ്ഥിരം പരാതി... എന്താ ബസീറെ ഇജ്ജ് ഈ കാട്ടണേ... ചവിട്ടി ബിട്... സൂചി മുട്ടട്ടെ...''
ഹജ്യാരെ
ഓടിക്കൊണ്ടിരിക്കുന്ന വണ്ടി അങ്ങനെ പെട്ടെന്ന് നിര്‍ത്താനൊന്നും പറ്റില്ലെന്ന് പറഞ്ഞാല്‍ ഹാജ്യാര്‍ ഉണ്ടോ കേള്‍ക്കുന്നു...
''അനക്കെന്താ നിര്‍ത്തിയാല് ഞമ്മളെ ബണ്ടി ഞമ്മക്ക് തോന്നും പോലെ നിര്‍ത്താം ന്തേയ് ...ഇജ്ജ് അന്നേ പടിപ്പിക്കൊന്നും മാണ്ട ബസീറെ ...''
ഹാജ്യാര്‍ അങ്ങനെ ഒരോ ചിന്തകളില്‍ അഭിരമിച്ചിരിക്കുമ്പോള്‍ ആവും പെട്ടെന്ന് ഇടയ്ക്ക് എവിടേലും കേറാനുള്ള കാര്യം ഓര്‍മ വരിക
അപ്പോഴാണ് ഈ പെട്ടെന്നുള്ള തിരിക്കലും നിര്‍ത്തലുമൊക്കെ വേണ്ടി വരിക...
ഗഫൂര്‍ പറഞ്ഞ വാക്കുകള്‍ മനസ്സില്‍ ഉള്ളത് കൊണ്ട് ഞാന്‍ ഒരു മയത്തിനൊക്കെ അങ്ങനെ ഹാജ്യരെയും കൊണ്ട് സ്റ്റിയറിംഗ് പിടിച്ചു...
യാത്ര കാറില്‍ ആയിട്ടും പഴയ സൈക്കിള്‍ ഉണ്ടാക്കിയ ഹാംഗ് ഓവറിലാണ് ഹാജ്യാര്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..
കാര്‍ വാങ്ങിയ ദിവസം തന്നെ ഹാജ്യരെയും കയറ്റി ഗഫൂര്‍ കുറ്റിലക്കടവ് ചന്തയിലേക്ക് പോയി, ഞാന്‍ പിറകിലെ സീറ്റിലും ഹാജ്യാര്‍ മുന്നിലും
വീട്ടില്‍ നിന്ന് ഗേറ്റ് കടക്കുമ്പോള്‍ തന്നെ വഴിക്കരികെ ഒരു മുരിങ്ങ മരം നില്‍പ്പുണ്ട്
അതിന്ടെ ചില്ലകള്‍ വഴിയിലേക്ക് ചാഞ്ഞു കിടപ്പുണ്ട് വണ്ടിയുടെ മുന്‍വശത്തെ ഗ്ലാസ്സില്‍ മുരിങ്ങയുടെ ചില്ലകള്‍ വന്നു മുട്ടിയപ്പോള്‍ ഹാജ്യാര്‍ തല താഴ്ത്തി പിടിച്ചു..
ഓരോ മരച്ചില്ലയും ചെടികളുടെ കൊമ്പുമൊക്കെ വരുമ്പോഴും ഹാജ്യാരുടെ ഈ തല താഴ്ത്തല്‍ തുടര്‍ന്നു..
അപ്പോഴൊക്കെ ഗഫൂര്‍ താക്കീത് എന്നോണം ഹാജ്യാരേ നോക്കും...
ഞാനാണേല്‍ ചിരിയടക്കാന്‍ പാടുപെടുകയാണ്
അവസാനം സഹികെട്ട് കൊണ്ട് ഗഫൂര്‍ പറഞ്ഞു ''ഉപ്പ ഇങ്ങള് ഇങ്ങനെ തല താഴ്ത്തേണ്ട ...''
''അതല്ല മാനെ ഞമ്മള്‍ സൈക്കിളില്‍ വരുമ്പം ചെയ്യുന്നതല്ലേ അതിപ്പം പെട്ടെന്നങ്ങനെ മാറ്റാന്‍ പറ്റോ...'' ഹാജ്യാരുടെ വാക്കുകള്‍ കൂടി കേട്ടതോടെ എന്റെ ചിരി അല്‍പ്പം ഉറക്കെയായി..
ഹാജ്യാര്‍ എന്നെ നോക്കി കണ്ണുരുട്ടി...
ഞങ്ങളുടെ യാത്ര കരുവത്തി സ്കൂളിന് മുന്നിലൂടെയാണ്‌...
സ്കൂള്‍ വിട്ട സമയം...
കുട്ടികള്‍ റോഡിലാകെ നിറഞ്ഞു നടക്കുകയാണ്...
ഗഫൂര്‍ വളരെ ശ്രദ്ധിച്ചാണ് വണ്ടിയോടിക്കുന്നത്... എന്നിട്ടും
ഹാജ്യാരുടെ കൈ ഇടയ്ക്കിടെ സ്റ്റിയറിംഗിലേക്ക് നീണ്ടു ചെന്നു...
''കുട്ട്യോള്‍ വട്ടം ചാട്യാ ആകെ അല്‍ക്കുല്‍ത്ത് ആവും...''
ഒരു തവണ സ്റ്റിയറിങ്ങില്‍ പിടിക്കുകയും ചെയ്തു...
ഇന്ന് ഹാജ്യാര്‍ ഗഫൂറിന്ടെ ക്ഷമയുടെ നെല്ലിപ്പലക ഇളക്കിയെടുക്കും..
ഞാന്‍ മനസ്സില്‍ പറഞ്ഞു...
തൃഫല വളവ് എത്തിയപ്പോള്‍ മുന്‍പില്‍ അതാ പ്രസാദ്‌ ലോറി...
ഗഫൂര്‍ വണ്ടി ഒതുക്കുന്നതിന് മുന്‍പേ ഹാജ്യാര്‍ സ്റ്റിയറിങ്ങില്‍ പിടുത്തമിട്ടു, വല്ല വിധേനയും ഹാജ്യാരുടെ കൈ മാറ്റി ഗഫൂര്‍ വണ്ടി ഒതുക്കി നിര്‍ത്തി.
ഹാജ്യാരുടെ നേരെ ഒച്ചയെടുത്തു..
''ഉപ്പയെന്താ കളിക്ക്യാ..?
''ഒന്നുകില്‍ വണ്ടി ഉപ്പയോടിച്ചോ, അല്ലെങ്കില്‍ ഞാന്‍ ഓടിക്കാം എന്തായാലും രണ്ടാള്‍ക്കും കൂടി ഒരു വണ്ടി ഓടിക്കാന്‍ പറ്റില്ല...''
''ഇല്ല മാനെ ജ്ജ് തന്നെ ബണ്ടി ഓടിച്ചോ...ഞമ്മള്‍ പെറകീല് ഇരുന്നോളാം ...''
''അതാ നല്ലത്...'' ഗഫൂറിനും അത് സമ്മതായിരുന്നു.
എന്തായാലും അത് പിന്നീട് ശീലമായി അല്ലെങ്കില്‍ എന്റെ കാര്യം പോക്കായേനെ...
ഹാജ്യാരുടെ വീടിന് മുന്‍പില്‍ എത്തുമ്പോള്‍ തിത്തുമ്മത്ത എന്തോ തിരഞ്ഞു നടക്കുന്നുണ്ട്..
''തിത്തുമ്മാ നീയിതു വരെ ഒരുങ്ങീലെ ..?
''ഞമ്മ എപ്പളെ ഒരുങ്ങി...''
''എന്നാ ബാ കേറ്... ''
ഹാജ്യാര്‍ കാറിന് നേരെ കൈചൂണ്ടി കൊണ്ട് പറഞ്ഞു.
''അല്ല ബഷീറേ ഇജ്ജ് നാസ്ത്യാക്കോ... ?
ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി
എന്നാ മാന്‍ കേറിയിരിക്ക് പിട്ടും കടലേം ഇണ്ട്...'
''അപ്പഴേക്കും എനക്ക് കൊറച്ചു പണീണ്ട്...''
എന്നും പറഞ്ഞു തിരിഞ്ഞു നടന്ന തിത്തുമ്മത്ത ഞാന്‍ പുട്ടും കടലേം കഴിച്ചു വരുമ്പോഴും എന്തോ തിരയുകയാണ്...
''അല്ല ഇങ്ങള് കൊറേ നേരായല്ലോ എന്തോ തിരയാന്‍ തൊടങ്ങീട്ട്...?
''അതുപിന്നെ ഞമ്മളെ ഒരു ചെരിപ്പ് കാണാനില്ല...
''ഇതിപ്പോ നടാടെ ഒണ്ടായ കാര്യോന്നല്ലല്ലോ തിത്തുമ്മാ,
അനക്ക് ഇത് തന്നല്ലേ പണി ...''
ഹാജ്യാര്‍ പല്ല് കടിച്ചു
സംഗതി ഹാജ്യാര്‍ പറയുന്നതിലും കാര്യമുണ്ട്
തിത്തുമ്മത്തയുടെ സ്ഥിരം പരിപാടിയാണിത് എവിടേലും പോയാല്‍
ചെരിപ്പ് മാറിയിട്ട് വരും അതും ഒരു കാലിലെ മാത്രേ മാറൂ...
അതെങ്ങനെയെന്നു ഇതുവരെ ആര്‍ക്കും മനസിലായിട്ടില്ല..
ഇന്നലെ രാത്രി ഒരു മരണ വീടില്‍ പോയിരുന്നു...
അവിടെ നിന്നാവാനാണ് സാധ്യത...
''ന്തായാലും ബണ്ടീല്‍ കേറ്...''
ഹാജ്യാര്‍ ആദ്യം വണ്ടിയില്‍ കയറി പിറകെ രണ്ടു കാലില്‍ രണ്ടു തരത്തിലുള്ള ചെരിപ്പുമിട്ട്‌ തിത്തുമ്മത്തയും...
ഹാജ്യാരുടെ മാരുതി 800 എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി നീങ്ങി...
കഥ തുടരും..

.ഇന്നലെയായിരുന്നു


"ഇന്നലെയായിരുന്നു എന്റെ മരണം..
അല്ലാ..മരിച്ചതല്ല എന്നെ കൊന്നതാണ്..
രണ്ട് ശരീരങ്ങൾ തമ്മിലുള്ള മൽപ്പിടുത്തത്തിനിടയിൽ ഇറ്റുവീണ ഒരു തുള്ളിയിൽ ഞാന്‍ ഉടലെടുത്തു,
ചില മനസ്സുകൾ തമ്മിലുള്ള വാക്ക് തർക്കത്തിൽ അവരെന്നെ ജീവൻ തുടിക്കാത്ത വെറും ചോരയാക്കി,,
കേട്ടിരുന്നോ നിങ്ങളെന്റെ കരച്ചിൽ..
അറിഞ്ഞിരുന്നോ നിങ്ങളെന്റെ മിടിപ്പ്..
കണ്ടിരുന്നോ നിങ്ങളെന്റെ മുഖത്തേ..
ഇല്ലാ...നിങ്ങളെന്നെ 'കൊന്നുകളഞ്ഞൂ""
അസ്തികൾക്കിടയിലൂടെ പുറത്ത് വന്ന് അമ്മയെ നോക്കി കരയാൻ ഞാന്‍
കൊതിച്ചിരുന്നു..
ആ മാറിലൊട്ടി മധുരം നുണയുമ്പോൾ അമ്മേന്ന് വിളിക്കാന്‍ കൊതിച്ചിരുന്നു..
"പൊക്കിൾ കൊടിയിൽ പിടുത്തമിട്ട എന്റെ കൈകള്‍ അറുത്തു മാറ്റുമ്പോൾ അമ്മയ്ക്ക് നോവുമെന്നോർത്ത് ഞാന്‍ ഉറക്കെ "കരഞ്ഞില്ലാ..
"പിടഞ്ഞില്ലാ..
"നിലവിളിച്ചില്ലാ..
എന്നിട്ടും നിങ്ങളെന്നെ കൊന്നുകളഞ്ഞു
.."അതെ ഇന്നലെയായിരുന്നു എന്റെ മരണം"...
മരിച്ചതല്ലാ , എന്നെ കൊന്നതാണ്.,,
-അൻഷാദ് ഓച്ചിറ

മോതിരം


ഊരിയെറിഞ്ഞൊരാ വിവാഹമോതിരത്തിൽ
ഇറങ്ങിപ്പോയ് ഒരഞ്ചുവർഷ,
ദാമ്പത്യബന്ധത്തിന്റെ ഓർമ്മകൾ..
വിരിഞ്ഞ മൊട്ടുകൾക്ക്‌ അറിയുമോ
അഴിയാക്കുരുക്കുകൾ അണിയിച്ചൊരുക്കിയ
വിട്ടുവീഴ്ചകൾ,
വ്യഥകൾ..
എവിടെയെൻ മധു ചഷകം
നിറയട്ടെ തുളുമ്പട്ടെ, ഒഴിയട്ടെയെന്നിൽ
അടരാതെ നിൽക്കും
പാരതന്ത്ര്യം..
വിരിഞ്ഞ മന്ദസ്മിതങ്ങൊളൊക്കെയും
കാരമുള്ളിന്റെ കുത്തായിരുന്നു.
ലഭിക്കുമൊരു ക്ഷണക്കത്തിനി
നീതി ദേവതയുടെ ഭവനത്തിലേക്ക് ..
നീതിപീഠം നിവൃത്തിയാക്കും
നിർലോഭ സന്തോഷത്തെ
കാത്തിരിക്കും ഞാൻ..
ജന്മ സാഫല്യങ്ങളെ, വിട തരൂ
ജിതനാകാൻ ഞാനിനിയില്ലാ..
നിങ്ങൾ തൻ വിജയങ്ങളൊക്കെയും
മറഞ്ഞിരുന്നു കാണും ഞാൻ,
വിഭാര്യനായ്, വിരഹമീ
നെഞ്ചിലൊളിപ്പിച്ചു വെച്ച്‌...
--------------------------
സന്തോഷ്‌ റോയ്‌

ഹർത്താൽ


ഇന്നത്തെ ഹർത്താൽ പൂർണ്ണം'..
ഇപ്പോൾ വാർത്തയിൽ പറഞ്ഞതാണ് മുകളിൽ കാണുന്നത്..
ഞാൻ അന്തം വിട്ടിരുന്നു... എന്താണ് ഈ 'പൂർണ്ണം'?
ഉപനിഷത്തിൽ പറയുന്ന പൂർണ്ണം ആണോ?
ശുക്ല യജ്‌ജുർ വേദ ശാഖയിലെ എല്ലാ ഉപനിഷത്തും താഴെ പറയുന്ന ശാന്തി പാഠം കൊണ്ടാണ് ഉപനിഷത്ത് തുടങ്ങുന്നതും; ഉപനിഷത്ത് അവസാനിക്കുമ്പോഴും ഈ ശാന്തി പാഠം ചൊല്ലിയാണ് അവസാനിപ്പിക്കുന്നത്.
നമ്മുടെയൊക്കെ നാവിൽ എപ്പോഴും തത്തിക്കളിക്കുന്ന പ്രസിദ്ധമായ ശാന്തി പാഠം...
"ഓം പൂർണ്ണമദ: പൂർണ്ണമിദം:
പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണസ്യ പൂർണ്ണമാദായ
പൂർണ്ണമേവാവശിഷ്യതേ"
ഓം ശാന്തി: ഓം ശാന്തി: ഓം ശാന്തി:
[ബ്രഹ്മമാകുന്ന അത് പൂർണ്ണമാണ്. കാര്യബ്രഹ്മമായ ഇതും പൂർണ്ണം തന്നെ. പൂർണ്ണത്തിൽ നിന്നാണ് പൂർണ്ണം ഉണ്ടാകുന്നത്. പൂർണ്ണത്തിൽ നിന്നും പൂർണ്ണം എടുത്തു മാറ്റിയാലും പൂർണ്ണം അവശേഷിക്കുന്നു.]
******************************
ഈ പരിപാവനമായ ശാന്തിപാഠം ഹർത്താലുമായി കൂട്ടിയിണക്കിയാൽ എങ്ങനെയിരിക്കും!
"ഓം ഹർത്താൽമദ: ഹർത്താൽമിദം:
ഹർത്താത്‌ ഹർത്താലുദച്യതേ
ഹർത്തസ്യഹർത്തമാദായ
ഹർത്തമേവാവശിഷ്യതേ"
[രാഷ്ട്രീയമാകുന്ന അത് ഹർത്താലാണ്. കാര്യമായ ഇതും ഹർത്താൽ തന്നെ . ഹർത്താലിൽ നിന്നാണ് ഹർത്താൽ ഉണ്ടാകുന്നത്. ഹർത്താലിൽ നിന്നും ഹർത്താൽ എടുത്തു മാറ്റിയാലും ഹർത്താൽ തന്നെ അവശേഷിക്കുന്നു.]
===========
വാൽക്കഷണം : ഹർത്താൽ കൊണ്ട് ഒരു നേട്ടവും ഇല്ലെങ്കിലും രാഷ്ട്രീയക്കാർക്കും ചാനൽ വാർത്തകൾക്കും ഒക്കെ "ഹർത്താൽ പൂർണ്ണം"... ഹർത്താൽ വിജയം !!!
=============================
mmd
28-11-2016

കഥ: ഗുരുദക്ഷിണ[അമൃത അരുൺ സാകേതം]


[സമർപ്പണം: ഒരു യഥാർത്ഥ സംഭവത്തിൻ്റെ ചുവടുപിടിച്ച് എഴുതിയ ഈ കഥ.......കഥയിലെ ശിവമോഹന്.....ജീവപര്യന്തം ശിക്ഷയേറ്റുവാങ്ങി....ഇന്നും അതനുഭവിക്കുന്ന ബലിയാടിന്...... ]
--------------------------------------------
മാത്തൂരെ പോലീസ്റ്റേഷൻ്റെ മുന്നിലാണ് ബസ്സ് നിർത്തിയത്....പണ്ട് നാട്ടുകാർ കമുകും തടിയിൽ കെട്ടിപ്പൊക്കി ബസ്റ്റോപ്പെന്ന് ബോർഡ് വച്ചയിടത്തിന്ന് ഒരു കോൺക്രീറ്റ് മന്ദിരം.... പന്ത്രണ്ട് വർഷം കൊണ്ട് മാത്തൂർ ഒരുപാടു മാറിയിരിക്കുന്നു.... ശിവമോഹൻ ചുറ്റും നോക്കി....ബസ്റ്റോപ്പിനു മുന്നിലെ ദാമോദരേട്ടൻ്റെ പഴയ ചായക്കട ഇപ്പോൾ പുലരി ഹോട്ടലാണ്....അതിൻ്റെ മുറ്റത്ത് കൂട്ടുകാരുമായി ഒത്തുകൂടിയിരുന്ന ആൽത്തറയിൽ വെയിലടിക്കുന്നുണ്ട്..... ആൽമരം മുറിച്ചുമാറ്റിയിരിക്കുന്നു..... ശേഷിക്കുന്ന ആൽതടിയിൽ നിന്ന് നാമ്പിട്ടു നീളുന്ന തണ്ടൊരു തണൽമരമാകുമെന്ന പ്രതീക്ഷയിലാവാം.... ഇടിഞ്ഞുപൊളിഞ്ഞ തറ അവിടെ കാത്തുകിടപ്പുണ്ട്.... പോലീസ്റ്റേഷനൊക്കെ പുതുക്കി വലിയ കെട്ടിടമാക്കിയിരിക്കുന്നു...... അതിനുമുന്നിലൊരു ബോർഡും-'മാത്തൂർ ജനമൈത്രി പോലീസ്റ്റേഷൻ'. പോലീസുകാർക്ക് ജനങ്ങളോടുള്ള മൈത്രിയുടെ ഉത്തമ ഉദാഹരണമാണു താനെന്നകാര്യം ഓർത്തപ്പോൾ ശിവമോഹൻ്റെ മനസ്സ് പന്ത്രണ്ട്കൊല്ലം പിറകോട്ട് പാഞ്ഞു....
'ഈയാഴ്ച്ച ഇതു രണ്ടാമത്തെ മത്തെയാളാണ് മാത്തൂര്.....
രണ്ടും രാത്രി ഉറങ്ങിക്കിടന്നവർ.... '
-പന്ത്രണ്ട് വർഷം പിറകെയുള്ള ഷീറ്റ് മേഞ്ഞ ചായപ്പീടികയുടെ മുളയഴികൾക്കിടയിലൂടെ ദാമോദരേട്ടൻ വിളിച്ചു പറഞ്ഞു.
'ഇത്പ്പൊ മ്മളെ ടീച്ചറാണ്.........
രാത്രി കിടക്കാൻ മുറിലേക്ക് പോണേനും മുമ്പ്...ശാരദേട്ത്തി കണ്ടിരുന്നൂന്നാ കേട്ടത്...പിറ്റേന്ന് രാവിലെ അമ്മൻകാവില് തൊഴാൻ പൂവ്വാന്നും ചോദിച്ചൂത്രേ... പിന്നെങ്ങന്യാവും ഇത് സംഭവിച്ചത്? കാലത്ത് ശാരദേട്ത്തീടെ കരച്ചിലും വിളീം കേട്ട് ണീറ്റപ്പം അറിഞ്ഞത് ടീച്ചറ് തോട്ടും കരയിൽ മരിച്ചു കിടക്കണൂന്നാ...'
-നാസറിൻ്റെ ശബ്ദത്തിലെ വേദന എല്ലാരുടേയും കണ്ണു നനയിച്ചു.
മാത്തൂരിലെ പഴയ അംഗൻവാടിയിൽ ഒന്നരക്കൊല്ലം പഠിചതുകൊണ്ടാവാം... തുളസ്സി ടീച്ചറുടെ മരണം ശിവനേയും കൂട്ടുകാരേയും ഏറെ വേദനിപ്പിച്ചിരുന്നു...
ആദ്യമായി അക്ഷരം പറഞ്ഞു തന്ന സ്നേഹനിധിയായ അവരുടെ ഗുരു... ഉച്ച കഴിഞ്ഞ് ഉറക്കം കണ്ണിൽ തട്ടിയാലും ടീച്ചറടുത്ത് കിടന്നാലേ ഉറങ്ങൂന്ന് പറയുന്ന ശിവൻ്റെ പുറത്ത് താളത്തിൽ തട്ടി തഴപ്പായയിൽ ഇരിക്കുന്ന ടീച്ചറെ അവൻ തൻ്റെ അമ്മയോളം സ്നേഹിച്ചിരുന്നൂ....
അന്ന് ആൽത്തറയിലും അതു തന്നെയായിരുന്നു സംസാര വിഷയം. 'കൊലപാതകമാണത്രേ....അതും ശ്വാസം മുട്ടിച്ച്...പീഡനം നടന്നിട്ടുണ്ടെന്നും സംശയമുണ്ടെന്ന്...'
-വൈകുന്നേരം മെമ്പറു കുമാരേട്ടൻ പറഞ്ഞാണ് കൂടുതൽ വിവരം അറിഞ്ഞത്.
സംഗതി നേരായിരുന്നു... പിറ്റേന്നു പത്രവാർത്ത വന്നു- ആദ്യത്തേതുപോലെ ഇതും പീഡനത്തിനു ശേഷമാണ് കൊലപാതകം. ദേഹമാസകലം കത്തികൊണ്ട് വരഞ്ഞപാടുകളും വായയിൽ തിരുകിയ തുണി ടീച്ചറുടെ വീട്ടിലേതുതന്നെയെന്നു തിരിച്ചറിഞ്ഞതും ആദ്യത്തെ കൊലപാതകവുമായി ഇതിനുള്ള സാമ്യം വ്യക്തമാക്കി. ആദ്യത്തേത് 35 കാരി ഫാത്തിമയായിരുന്നെങ്കിൽ രണ്ടാമത്തേത് 68 കാരിയാണെന്നുമാത്രം....
ആറുമാസം മുൻപ് രണ്ടാമത്തെ മകളും വിവാഹം കഴിഞ്ഞ് പോയശേഷം ടീച്ചർ ഒറ്റക്കാണ് താമസം. ഫാത്തിമയുടെ വീട്ടിൽ ഏഴു വയസ്സായ മോളും ഭർത്താവിൻ്റെ ഉമ്മയും അടുത്ത റൂമിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം... അവരുടെ ഭർത്താവ് ഗൾഫിൽ ആയതുകൊണ്ട് ആളുകൾ പല കഥയും ഉണ്ടാക്കി... കഥകൾക്ക് പഞ്ഞമില്ലാത്ത നാടായിരുന്നു മാത്തൂർ...എന്നാൽ ടീച്ചറുടെ മരണത്തോടുകൂടി ആ കഥകൾ പോള്ളാണെന്ന് ആളുകൾക്ക് മനസ്സിലായി. രണ്ടും ഒരാൾ തന്നെയെന്നുറപ്പിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം പലവഴിക്കു നടന്നിട്ടും കൊലപാതകിയിലേക്കു ചൂണ്ടുന്ന ഒരു തെളിവും കണ്ടെത്താൻ പോലീസിനായില്ല.
രണ്ടുമരണത്തിൻ്റെ നടുക്കത്തിൽ നാടാകെ മൂകമായിരിക്കുമ്പോൾ അവിടുത്തെ ചെറുപ്പക്കാർ പിറ്റേന്നുതന്നേ ആൽത്തറയിലെ ചർച്ചയിൽ ചില തിരുമാനങ്ങൾ എടുത്തിരുന്നു.
'ഇതുചെയ്തവനാരാച്ചാലും കയ്യിൽ പെട്ടാൽ തീർക്കണം ജയാ മ്മക്ക്.....'
-ശിവൻ്റെ അഭിപ്രായം എല്ലാർക്കും സ്വീകാര്യമായിരുന്നു...
അവരവരുടെ ചുറ്റുവട്ടത്ത് കാര്യമായോരു റോന്തുചുറ്റലും നിരീക്ഷണവും കഴിഞ്ഞേ സംഭവത്തിൻ്റെ പിറ്റേന്നുമുതൽ ശിവനും കൂട്ടുകാരും ഉറങ്ങാൻ പോയിരുന്നുള്ളു.
ഒന്നു സംശയിക്കാൻപോലും ആരേയും കണ്ടുകിട്ടാത്തതിൽ അൽപം നിരാശയോടെ അവർ വീട്ടിലേക്ക് തിരിച്ച ഒരു രാത്രി..കൃത്യമായി പറഞ്ഞാൽ ടീച്ചറുടെ മരണത്തിൻ്റെ നാല്പത്തിയൊന്നാം നാൾ... ടീച്ചറുടെ മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞ അതേ ദിവസം... വീട്ടിലേക്കുള്ള ഊടുവഴികയറി കുന്നുംപുറത്തെ എച്ച്മി അത്തേടെ വീട്ടിനുമുന്നിലെത്തിയപ്പോൾ ഏകദേശം ഇരുപതിരുപത്തഞ്ചടി ദൂരെയുള്ള അരക്കുംതൊടീലെ അമ്മൂട്ട്യമ്മേൻ്റെ വീടിൻ്റെ പിന്നാമ്പുറത്തേക്കാരോ മാറുന്നത് ശിവൻ കണ്ടു. ശബ്ദമുണ്ടാക്കാതെ അവനും അരക്കുംതോടീലേക്ക് കയറി...ഇടക്കിടക്ക് തെങ്ങുമാത്രമുള്ള ഒഴിഞ്ഞപറമ്പിലൂടെ തെങ്ങിൻ്റെ മറപറ്റി നടന്നു നടന്ന് കിണറ്റിൻ ചുവട്ടിൽ കുനിഞ്ഞിരുന്ന് ഏന്തി നോക്കിയപ്പോൾ അയാൾ അമ്മൂട്ട്യമ്മേൻ്റെ ജനലിൽ മെല്ലെ മുട്ടുന്നത് ശിവൻ കണ്ടു... ഇളംതിണ്ണേലേക്ക് പതിക്കുന്ന അരണ്ട നിലാവെളിച്ചത്തിൽ അയാളുടെ മുഖം വ്യക്തമായി...ചാത്തൻ വേലു. കരിംചാത്തൻ കാവിലേക്ക് പോണവഴി വാസുകൈമളിൻ്റെ ഇടിഞ്ഞുപൊളിഞ്ഞ പീടികത്തിണ്ണയിലെ അന്തേവാസി.....നാട്ടിലെ പ്രധാന തോട്ടം പണിക്കാരൻ... കൂലിയായി കാശൊന്നും ചോദിച്ചുവാങ്ങില്ലായെങ്കിലും ഭക്ഷണം ചോദിച്ചുവാങ്ങും.
അയാളെപറ്റി ഒരുമിനിറ്റ് ചിന്തിച്ചപ്പോഴേക്കും അമ്മൂട്ട്യമ്മേൻ്റെ ശബ്ദം കേട്ടു....അവരു ജനലുതുറന്നു പുറത്തേക്കുനോക്കി-
'വേല്വോ...?...ഇയ്യെന്താ ഈ സമയത്ത്...'
'ശബ്ദം വക്കല്ലേ....ങ്ങളെ പറമ്പിലാരോ നിക്കുന്നു കുറച്ചേരായി...ഇത്പ്പോ ആദ്യായല്ല കാണ്ന്നേ....... ഇങ്ങളൊന്നിറങ്ങിവരി.... ഒരു ടോർച്ചും എടുത്തോളീ....,,,ഒരുവല്യതുണ്ടുതുണീം...'
-വേലു ശബ്ദം താഴ്ത്തിപ്പറഞ്ഞു
കൈയ്യിൽ ഒരു ചെറിയ ടോർച്ചും ഒരു തോർത്തും എടുത്ത് അമ്മൂട്ട്യമ്മ പിന്നിലെ വാതിൽ തുറന്ന് മുറ്റത്തിറങ്ങി.
'ആ തുണി തായോ?'
-വേലു ആ തുണി പിടിച്ചുവാങ്ങി.
'എവ്ടേ....എവ്ട്യാ കണ്ടേ....നീയ്യ്?
-അമ്മൂട്ട്യമ്മ പറമ്പിലേക്ക് കണ്ണോടിച്ചു.
പെട്ടന്ന് വേലു അവരുടെ വായ പിന്നിൽ നിന്നും പൊത്തി. കൈയ്യിലുള്ള തുണി അവരുടെ വായയിൽ കുത്തിത്തിരുകി.. കുതറിമാറാൻ നോക്കിയ അവരുടെ കൈ അരയിൽ കരുതിയ ചൂടിക്കയർ എടുത്ത് പിറകിലേക്കു കെട്ടാൻ നോക്കുമ്പോൾ തുളസ്സി ടീച്ചറുടെ തണുത്തു വിറങ്ങലിച്ച വായിൽ തുണിനിറച്ച് കൈ പിറകിലേക്ക് വരിഞ്ഞു കെട്ടിയനിലയിലുള്ള മൃതദേഹം ശിവനോർമ്മവന്നു....അയാളുടെ ലക്ഷ്യം വ്യക്തമായതോടെ അവൻ കിണറിൻ്റെ ആൾമതിലിനു പിന്നിൽ നിന്നവരുടെ മുന്നിലേക്ക് ചാടി... അപ്രതീക്ഷിതമായ ആക്രമണയായതുകൊണ്ടാവും അരയിലെ കത്തിയെടുക്കാനയാൾക്കു സമയം കിട്ടിയില്ല... അവർ തമ്മിൽ പിടിവലി നടക്കുന്നതിനിടയിൽ വായിൽ നിന്നും തുണി വലിച്ചൂരിയ അമ്മൂട്ട്യമ്മ ടോർച്ചുകൊണ്ട് വേലുവിൻ്റെ തലക്കടിച്ചു...
വേദനിച്ചു പുളഞ്ഞ അയാളെ തലങ്ങും വിലങ്ങും അടിച്ചു ചോദിച്ചപ്പോൾ ആയിഷയുടേയും ടീച്ചറുടേയും മരണചിത്രം ശിവനു വ്യക്തമായി. പിടിവലിയുടേയും കരച്ചിലിൻ്റെയും ശബ്ദം കേട്ട് അകത്തുനിന്ന് അമ്മൂട്ട്യമ്മയുടെ മകൾ ദേവു ഇറങ്ങിവന്നു... അവളൊന്നും മനസ്സിലാവാതെ മൂന്നുപേരേയും മാറി മാറി നോക്കി...
'നീ അമ്മേനേം കൂട്ടി അകത്തു കേറി വാതിലടച്ചു കെടന്നൊ....ഇവൻ്റെ കാര്യം ഞാൻ നോക്ക്യോളാം'
-ചാത്തൻവേലുവിൻ്റെ വായിൽ തോർത്തു തിരികി കേറ്റിക്കൊണ്ട് ശിവൻ പറഞ്ഞു.
പാതിബോധത്തിലായ അയാളെ ഇത്തിരി കഷ്ടപ്പെട്ട് ഊടുവഴിക്കപ്പുറത്തെ ഒഴിഞ്ഞ പറമ്പിലേക്ക് അവൻ വലിച്ചുകൊണ്ടുപോയി... അയാളുടെ അരയിലെ പിച്ചാത്തി ശിവന് ഉപകാരപ്പെട്ടു. വായിൽ തിരുകിയ തോർത്തുമുണ്ടും... ചൂടിക്കയർ കൊണ്ട് ബന്ധിച്ച കൈകളും, അറുത്തുമാറ്റപ്പെട്ട ജനനേന്ദ്രിയവും...ദേഹം മുഴുവൻ കത്തികൊണ്ട് വരഞ്ഞ പാടുകളുമായി അയാളവിടെ ചത്തുമലച്ചു....
ഉറങ്ങാൻ കിടന്ന ജയനേയും നാസറിനെയും വീട്ടിൽ ചെന്ന് വിളിച്ചെഴുന്നേൽപ്പിച്ച് നടന്നതെല്ലാം പറഞ്ഞപ്പോൾ അവരവനെ പോലീസ്റ്റേഷനിലേക്ക് പോകാൻ അനുവദിച്ചില്ല... കുറ്റബോധം തെല്ലും ഇല്ലായെങ്കിലും ഉള്ളിലൊരു ജീവനെടുത്തതിൻ്റെ പിടച്ചിൽ എത്ര ശ്രമിച്ചിട്ടും അടങ്ങാതെ വന്നപ്പോൾ അവരുടെ എതിർപ്പിനെ വകവക്കാതെ ശിവനോടി....പോലീസ്റ്റേഷനലിലേക്ക്.
'ഞാൻ അയാളെ കൊന്നു സാറേ....'
-ഓടി ഓടി പോലീസ്റ്റേഷൻ്റെ മുന്നിലെത്താനായതും ശിവനുറക്കെ വിളിച്ചു പറഞ്ഞു.
'ശിവ വേണ്ടടാ നീ രക്ഷപ്പെട്ടോ... ആരറിയാനാ...ഈ രാത്രിതന്നെ വണ്ടി കേറിക്കൊ.....'
-പിറകെ വന്ന ജയദേവനും നാസറും അവനെ പിടിച്ചു വച്ചു.
'നിങ്ങളിനി മുന്നോട്ടു വരണ്ടാ....നിരത്താൻ ന്യായമുണ്ടാവാം... എന്നാലും ഞാനോരു കൊലപാതകി അല്ലാതാവില്ല...'
-പോലീസ്റ്റേഷൻ്റെ പടികേറിപോകുമ്പോൾ പുറകെ കൂട്ടികാരില്ലെന്ന് ഉറപ്പുവരുത്താൻ ഒരിക്കൽ കൂടി അവൻ തിരിഞ്ഞു നോക്കി.
പിറ്റേന്നു നേരം വെളുക്കുന്നവരെ CI മനോഹരൻ്റെ ചോദ്യം ചെയ്യലായിരുന്നു...
'ടീച്ചറുടേം ഫാത്തിമയുടേം കൊലപാതകിയെയാണു ഞാൻ കൊന്നത്'
-എത്ര തവണ ചോദിച്ചാലും അവനൊന്നേ പറയാനുണ്ടായിരുന്നുള്ളു...
'ചത്തോര് വന്ന് പറഞ്ഞോടാ ഇവനാണവരെ കൊന്നതെന്ന്... ഇനി ആണേലും നിയമം കൈയ്യിലെടുക്കാൻ നിനക്കാരാ അധികാരം തന്നത്?'
-CI മനോഹരൻ അലറി.
നാടിനെ നടുക്കിയ അടുത്ത കൊലപാതക വാർത്ത പിറ്റേന്നു പുറത്തുവന്നപ്പോൾ മറ്റു രണ്ടു മരണവുമായി ഇതിനുള്ള സാമ്യം ചോദ്യം ചെയ്യപ്പെട്ടു... നിയമപാലകരുടെ ചുണ്ടിലൊരു ചിരി വിടർന്നു.....ഒരു ബലിയാടിനെ കിട്ടിയ നിഗൂഢ സന്തോഷം.
പത്രവാർത്തയറിഞ്ഞ് ഒരിക്കൽ ശിവൻ കസ്റ്റടിയിലുള്ളപ്പോൾ അമ്മൂട്ട്യമ്മ സ്റ്റേഷനിൽ ചെന്നു. C I യോട് അന്നുരാത്രി നടന്നതെല്ലാം അവർ സംസാരിച്ചെന്ന് നാട്ടുകാരനായ ഹെഡ്കോൺസ്റ്റബിൾ രാജൻ പറഞ്ഞ് ശിവനറിഞ്ഞു...
തങ്ങളുടെ കഴിവുകേടു പുറത്തറിയിക്കാതെ മൂന്നു കൊലപാതകവും ശിവൻ്റെ തലയിൽ വച്ചുകെട്ടി അന്വേഷണം അവസാനിപ്പിക്കാൻ C I മനോഹരനും സംഘവും മുന്നേ തിരുമാനമെടുത്തിരുന്നു.
സാക്ഷിക്കൂട്ടിലേക്കുള്ള അമ്മൂട്ട്യമ്മേന്റെ വരവും കാത്ത് പ്രതീക്ഷയോടെ ശിവൻ പ്രതിക്കൂട്ടിൽ നിന്നു... മൂന്നാം വട്ടം പേരുചൊല്ലി വിളിച്ചിട്ടും അമ്മൂട്ട്യമ്മയെ കണ്ടില്ല. ചാത്തൻ വേലു കൊലപാതക കേസിൽ ശിവൻ്റെ കുറ്റ സമ്മതത്തോട് മറ്റു രണ്ട് കൊലപാതകവും ചേർത്ത് വച്ചുകെട്ടി തയ്യാറാക്കിയ FIR നു മുകളിൽ വിധിവന്നു... ജീവപര്യന്തം. പതിനാലാം വർഷം ജയിൽ മോചിതനായെങ്കിലും നാട്ടുകാരുടെ ജീവപര്യന്തം ജീവനുള്ള കാലത്തോളമാണെന്ന് നാട്ടിലെത്തിയപ്പോൾ ശിവനറിഞ്ഞു. അമ്മ ചേർത്തുപിടിച്ചു കരഞ്ഞെങ്കിലും മുഖം തിരിച്ചു നിന്ന ഏട്ടനേയും കുടുംബത്തേയും മുഷിപ്പിക്കാതെ മടങ്ങുമ്പോൾ ജയനും നാസറും മറ്റു കൂട്ടുകാരേയും കൂട്ടി കാണാൻ വന്നു.... കുടുംബമായി താമസിക്കുന്ന അവരുടെ വീട്ടിലേക്ക് പോവാതെ അവൻ മനപൂർവ്വം ഒഴിഞ്ഞുമാറി. തിരിച്ചുപോകുന്നവഴി അരക്കുംപറമ്പിലെ വീട്ടുമുറ്റത്ത്...അമ്മൂട്ട്യമ്മ വെയിൽ കായുന്നുണ്ടായിരുന്നു...
'മോനേ...ശിവാ....'
-അരക്കുംപറമ്പിലെ പടിവാതിലിനു മുന്നിലെത്തിയപ്പോൾ കുറച്ചുനേരം സൂക്ഷിച്ചു നോക്കി അവരു വിറക്കുന്ന ശബ്ദത്തിൽ ശിവനെ വിളിച്ചു....
'അതയാളൊന്നും അല്ല'
-ശബ്ദം കേട്ടിറങ്ങി വന്ന ദേവൂ ഉറക്കെ പറയുന്നതു കേട്ട് പടിക്കലേക്കു കയറാൻ നിന്ന ശിവൻ ചുവടു തിരിച്ചു.... പുറത്തെ വെയിലിനേക്കാൾ ചൂട് അമ്മൂട്ട്യമ്മയുടെ മനസ്സിലാണെന്ന്.... അവരുടെ ശബ്ദം അവനോട് പറഞ്ഞു.
നേരം സന്ധ്യയായിരുന്നെങ്കിൽ....
ഇരുട്ട് ചിലപ്പോളെങ്കിലും ഒരനുഗ്രഹമാണ്. അതുവരെ ഒറ്റക്കിരിക്കാൻ അവൻ നടന്നു..... തോട്ടും കരയിലേക്ക്.... അവിടെ മൺ തിട്ടയിൽ തുളസ്സി ടീച്ചറിൻ്റെ മൃതദേഹം കിടന്നിടത്ത് ശിവൻ ഇരുന്നു... ആദ്യാക്ഷരം കൈപിടിച്ചെഴുതിച്ച....ആ കൈ അവനെ അപ്പോൾ തലോടുന്നുണ്ടെന്ന് അവന് തോന്നി....ഒപ്പം വളരെ വൈകി കിട്ടിയ ഗുരുദക്ഷിണ അല്പം നോവോടെ ഏറ്റുവാങ്ങിയ ഒരാത്മാവിൻ്റെ വിങ്ങലും....
നേരം ഇരുട്ടിയപ്പോൾ എന്നെന്നേക്കുമായി നാടിനോട് വിട പറയാൻ ശിവൻ കവലയിലേക്ക് നടന്നു.... പിൻവിളിയോടെ പിറകെ രണ്ടാത്മാക്കളും.
ബസ്സിൽ കയറി ഇരുന്ന് ജീവിച്ച് കൊതിതീരാത്ത..... വർഷങ്ങൾക്കു മുന്നേ ഉപേക്ഷിക്കേണ്ടിവന്ന തൻ്റെ നാടിനെ വേദനയോടെ നോക്കുമ്പോൾ ആ ബോർഡവിടെ എടുപ്പോടെ നിൽക്കുന്നുണ്ടായിരുന്നു....ജനമൈത്രി പോലീസ്സ്റ്റേഷൻ, മാത്തൂർ.

By അമൃത അരുൺ സാകേതം

ശരണാലയം.


നളിനീ ....ഞാന്‍ രണ്ട് പെഗ്ഗ് കഴിച്ചിട്ടുണ്ട് നിനക്ക് ഇഷ്ട്ടമാകുമോ ആവോ? തുടക്കത്തിലേ കല്ല്‌ കടിച്ചു എന്ന് നീ കരുതരുത് എനിക്ക് ഇതൊരു പതിവല്ല.
ഇന്ന്‍ എന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസം ആണ്.
ഇന്ന്ഞാന്‍ എല്ലാവരുടെയും അനുമതിയോടെ പ്രായപൂര്‍ത്തിയായ
ഒരു പെണ്‍കുട്ടിയുടെ കൂടെ അന്തിയുറങ്ങാന്‍ പോകുന്നു.
ഇന്ന് എന്‍റെ ദാമ്പത്യജീവിതം തുടങ്ങുകയാ.ഒരു പരിചയവും ഇല്ലാത്ത രണ്ട് വ്യക്തികള്‍ തമ്മില്‍ മരണം വരെ ജീവിക്കാന്‍ ഉള്ള ഒരുക്കങ്ങള്‍ തുടങ്ങുന്ന ദിവസം.
ഇത് എല്ലാംകൂടി ഓര്‍ത്തപ്പോള്‍ പെണ്ണേ ..ശകലം പേടി ഇല്ലാതില്ലയിരുന്നു അതാ രണ്ടെണ്ണം കഴിച്ചത്.
പിന്നെ ചില കാര്യങ്ങള്‍ നിന്നോട് പറയുകയും വേണം അത് ഒന്ന്‍ തുടങ്ങാന്‍ രണ്ടെണ്ണം അകത്ത് ചെല്ലാതെ കഴിയില്ല എന്ന ഒരു തോന്നലും.
ഇപ്പോള്‍ താന്‍ ചിന്തിക്കുന്നുണ്ടാകും ആദ്യരാത്രിയില്‍ എല്ലാ പുരുഷന്മാരും പറയാറുള്ള ആ പഴയ പ്രണയം... അവള്‍ ചതിച്ചു
വേറേ ഒരുത്തനെ കെട്ടി ...എനിക്ക് ഇപ്പോള്‍ നീ മാത്രമേയുള്ളൂ...
എന്‍റെ മനസ്സില്‍ നീയല്ലാതെ മറ്റാരുമില്ല എന്നൊക്കെയായിരിക്കും
ഇയ്യാളും പറയാന്‍ പോകുന്നത് എന്ന്.
അല്ല എനിക്ക് പറയാനുള്ളത് അതൊന്നുമല്ല ...
എനിക്ക് അച്ഛനില്ല ചെറുപ്പത്തിലെ മരിച്ചതാ അമ്മയാണ് എന്നെയും ചേച്ചിയേയും വളര്‍ത്തിയതും പഠിപ്പിച്ചതും ഒക്കെ.
ചേച്ചിയേ വിവാഹം കഴിച്ച് അയപ്പിച്ചു അവള്‍ക്ക് ഒരു കുട്ടിയും ആയി. ദേ ..ഇപ്പോള്‍ ഞാനും വിവാഹം കഴിച്ചു.
നമ്മള്‍ മൂന്ന് പേര്‍ മാത്രം ഈ വീട്ടില്‍. മരണം വരെ നമ്മള്‍ ഒരുമയോടെ ഈ വീട്ടില്‍ കഴിയേണ്ടവര്‍ ആണ്.
അമ്മയ്ക്ക് പ്രായം ഒക്കെയായി അതിന്‍റെ ഒരു മൂശേട്ടയും കാര്യങ്ങളും ഒക്കെയുണ്ട് അത് കുറച്ചൊക്കെ താന്‍ സഹിച്ചേ മതിയാകു.
അമ്മയ്ക്ക് എന്നോട് കുറച്ച് സ്വാതന്ത്ര്യം കൂടുതല്‍ ആണ് അത് അമ്മ എന്നോട് കാണിക്കുമ്പോള്‍ തനിക്ക് ദേഷ്യവും വിഷമവും ഒന്നും തോന്നരുത്.
ചിലപ്പോള്‍ എന്നേ ശകാരിക്കും ,ചീത്ത പറയും .തല്ലും അതൊക്കെ കാണുമ്പോള്‍ തന്‍റെ മനസ്സില്‍ അമ്മയോട് ഒരു കെറുവും തോന്നരുത്
തന്‍റെ അമ്മയേപ്പോലെ കരുതണം എന്‍റെ അമ്മയേയും.
എങ്കിലേ നമുക്ക് നല്ല ഒരു കുടുംബജീവിതം പടുത്തുയര്‍ത്താന്‍ സാധിക്കു. കുറച്ചുകഴിയുമ്പോള്‍ നമുക്ക് കുട്ടികള്‍ ആകും അമ്മയ്ക്ക്
പ്രായം ഏറും മൂശേട്ട കൂടും.
തനിക്ക് അത് ബുദ്ധിമുട്ട് ആകുമ്പോള്‍ താന്‍ എന്നോട് പറയും നമുക്ക് അമ്മയേ വല്ല ശരണാലയത്തിലും ആക്കാം എന്ന്.
അതൊന്നും ഒരിക്കലും നടക്കില്ല .കാരണം മരിക്കും വരെ എന്‍റെ അമ്മ നമ്മുടെ കൂടെ ഉണ്ടാകണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്.
അത് ഞാന്‍ പാലിക്കും അതിന് നിന്‍റെ സഹകരണം ഉണ്ടാകണം".
"മധുവേട്ടാ....എനിക്കും അമ്മയുണ്ട് എന്നേ വളര്‍ത്തിയതും ഒരു അമ്മയാണ്.
അമ്മ എന്താണെന്നും,ആരാണെന്നും എനിക്കും അറിയാം.എന്‍റെ അമ്മയേ ഞാന്‍ എങ്ങനെ സ്നേഹിക്കുന്നോ അതുപോലെ ഞാന്‍ ഈ അമ്മയെയും സ്നേഹിക്കും.
ഒരിക്കലും അമ്മയേ നമ്മളില്‍നിന്നും വേര്‍പെടുത്താന്‍ ഞാന്‍ പറയില്ല പ്രായമായവരുടെ കുറച്ചൊക്കെ നിര്‍ബ്ബന്ധങ്ങള്‍ ഞാനും കണ്ടിട്ടുണ്ട്
അതൊക്കെ നമുക്ക് സഹിക്കാവുന്നതേയുള്ളൂ.
അതൊന്നും ഓര്‍ത്ത് ഏട്ടന്‍ വിഷമിക്കേണ്ടാ എന്‍റെ ഭാഗത്തുനിന്നും അങ്ങനെ ഒന്നും ഉണ്ടാകില്ല ഞാന്‍ ഉറപ്പ് തരുന്നു".
മധു മണിയറയിലെ ശരറാന്തല്‍ തിരി താഴ്ത്തി ......
"അമ്മേ ...ഇതാ ചായ"
ശാരദാമ്മയുടെ മുറിയില്‍ കൊച്ചുവെളുപ്പാന്‍കാലത്തേ മരുമകള്‍ നളിനി ഒരു ഗ്ലാസ് ചായയുമായി എത്തി.
നളിനിയെ ശാരദാമ്മ ഇരുത്തി ഒന്ന്‍ നോക്കി
"ആഹാ ...രാവിലേതന്നെ അടുക്കള അങ്ങ് കയ്യടക്കിയോ?
കൊള്ളാല്ലോ നീയ് ....അവന് ചായ കൊടുത്തോ??"
"കൊടുത്തു അമ്മേ"
"അത് ശെരി ..അപ്പോള്‍ അതും കഴിഞ്ഞോ?
എന്‍റെ കൈകൊണ്ട് ആയിരുന്നു ഇത്രേം നാളും അവന്‍ കാലത്ത് ഒരു ചായ വാങ്ങി കുടിച്ചോണ്ടിരുന്നത്..ഹാ ..പുത്തനച്ചി പുരപ്പുറം തൂക്കാന്‍ തുടങ്ങി"
അവള്‍ ഒന്ന്‍ ചിരിക്കുക മാത്രം ചെയ്തു ആരാ...?നമ്മുടെ നളിനിയേ
ചായകുടി കഴിഞ്ഞ് എണീറ്റ് വെളിയില്‍ വരുമ്പോള്‍ ശാരദാമ്മ തിണ്ണയില്‍ ഇരുന്ന്‍ ചായ കുടിക്കുന്നു.
മധുവിന് അമ്മയുടെ മുഖത്ത് നോക്കാന്‍ ഒരു ചമ്മല്‍ ആദ്യരാത്രി
കഴിഞ്ഞ് വരുന്ന വരവല്ലേ?
അമ്മയേ ശ്രദ്ധിക്കാതെ മധു മുറ്റത്തേക്ക് ഇറങ്ങി.
കലിപൂണ്ട ശാരദാമ്മ അടുക്കളയില്‍ ഓടിയെത്തി .
"ഡീ...നീ അവന് എന്ത് കൈവിഷം ആണ് കൊടുത്തത് എന്നും രാവിലേ
എന്നോട് എന്തൊക്കെ സംസാരിക്കുന്നവനാ ദേ...ഇന്ന് എന്നേ കണ്ടിട്ടും മുഖം തരാതെ പോയി"
അത് കേട്ടിട്ടും അവള്‍ ഒന്ന്‍ ചിരിച്ചു ആരാ.. ?? നമ്മുടെ നളിനിയേ.
മധു ഓഫീസ്സില്‍ പോയപ്പോള്‍ പറഞ്ഞില്ല പോലും,വൈകിട്ട് വന്നപ്പോള്‍ അമ്മേന്ന്‍ വിളിച്ചില്ല പോലും,കടയില്‍ പോയപ്പോള്‍ എന്തൊക്കെയാമ്മേ വേണ്ടത് എന്ന് ചോദിച്ചില്ല പോലും,നളിനിയേ
തന്നോട് ചോദിക്കാതെ ജോലിക്ക് വിട്ടു പോലും,അവള്‍ ഗര്‍ഭിണിയാണെന്ന്‍ അവന്‍ പറഞ്ഞില്ല പോലും,തുണി എടുത്തപ്പോള്‍
ചേച്ചിയുടെ കുട്ടികള്‍ക്കും കൂടി എടുത്തില്ല പോലും,ഭാര്യവീട്ടില്‍ പോയി അന്തിയുറങ്ങി പോലും ....
ശാരദാമ്മയുടെ ഈ പരിഭവങ്ങള്‍ക്കെല്ലാം വഴക്ക് കേട്ടതോ മരുമകള്‍
അവള്‍ അതിനും ഒന്ന്‍ ചിരിക്കുക മാത്രം ചെയ്തു.
ആര് ...?? നമ്മുടെ നളിനിയേ.
ഈ അഞ്ച് വര്‍ഷത്തില്‍ ഒരു ദിവസം പോലും മനസ്സമാധാനത്തോടെ ഉറങ്ങിയിട്ടില്ല മധു. ഒരു ദിവസം പോലും അമ്മയേപറ്റി ഒരു കുറ്റവും
നളിനി മധുവിനോട് പറയാതിരുന്നിട്ടും...
ഇപ്പോള്‍ ഒരു പുതിയ ശീലവും ശാരദാമ്മയ്ക്ക് തുടങ്ങിയിരിക്കുന്നു
മകനും മരുമകളും കിടക്കുന്ന മുറിയുടെ ജനലിനടുത്ത് പോയി ഒളിഞ്ഞു നില്‍ക്കുക.
വസന്തങ്ങള്‍ കൊഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു മധുവിന് മക്കള്‍ രണ്ട്
ശാരദാമ്മയുടെ പ്രായവും ഏറി ഒപ്പം മൂശേട്ടയും നളിനി ജോലി കളഞ്ഞ് മക്കളേ നോക്കാന്‍ വീട്ടില്‍ നില്‍പ്പ്.
"നളിനീ ...ഇന്ന് ഞാന്‍ രണ്ട് പെഗ്ഗ് കഴിച്ചിട്ടുണ്ട് പന്ത്രണ്ട് വര്‍ഷം മുന്‍പ് ഇതുപോലെ ഞാന്‍ രണ്ടെണ്ണം കഴിച്ചിട്ട് തന്നോട് പറഞ്ഞ കാര്യം ഒന്ന്‍ തിരുത്താനാ ഇന്ന്‍ ഞാന്‍ കഴിച്ചത്.
അന്ന് ഞാന്‍ അങ്ങനെ പറഞ്ഞതുകൊണ്ടാകാം ഇത്രയൊക്കെ ദ്രോഹം എന്‍റെ അമ്മ തന്നോട് ചെയ്തിട്ടും അവര്‍ ഇന്നും നമ്മുടെ കൂടെ ജീവിക്കുന്നത്.
മടുത്തു നളിനീ ...മടുത്തു ഈ പന്ത്രണ്ട് വര്‍ഷം മനോസുഖം എന്തെന്ന് അറിഞ്ഞിട്ടില്ല ഞാന്‍.
ഒരു മകനായ എനിക്ക് ഇങ്ങനെ തോന്നീ എങ്കില്‍ അവരുമായി ഒരു ബന്ധവും ഇല്ലാത്ത താന്‍ എത്ര സഹിച്ചു കാണും?
വയ്യ ഇനി ....വയ്യ അമ്മയേ നമുക്ക് ഏതെങ്കിലും ശരണാലയത്തില്‍ ആക്കിയാലോ" .??
അപ്പോളും ഒന്ന്‍ ചിരിച്ചു അവള്‍ ആര് ...??നമ്മുടെ നളിനിയേ.
"വേണ്ടാ മധുവേട്ടാ ...അത് വേണ്ടാ. പന്ത്രണ്ട് വര്‍ഷം ഞാന്‍ സഹിച്ചത്
മധുവേട്ടന്‍റെ അമ്മ മരിക്കും വരെ നമ്മുടെ കൂടെ ജീവിക്കണം എന്ന
ആഗ്രഹത്തോടെ ആണ്.
പലതും ഞാന്‍ സഹിച്ചു, ക്ഷമിച്ചു. ഈ പന്ത്രണ്ട് വര്‍ഷത്തില്‍ ഒരു ദിവസം പോലും ഇല്ല അവര്‍ എന്നേ വഴക്ക് പറയാതിരുന്ന ദിവസം
ഈ അമ്മ എന്നേ ഉപദ്രവിച്ചിട്ടുണ്ട് എന്നെങ്കിലും ഒരു വാക്ക് ഞാന്‍
മധുവേട്ടനോട് പറഞ്ഞിട്ടുണ്ടോ ??
മധുവേട്ടാ ...തന്‍റെ കുടുംബം സന്തോഷമായി ജീവിക്കാന്‍ ആയിരിക്കും എല്ലാ കുടുംബിനികളും ആഗ്രഹിക്കുന്നത്.
അതിന് വിലങ്ങുതടിയായി ആരെങ്കിലും നിന്നാല്‍ അവള്‍ അതിനേ ഒഴിവാക്കാന്‍ ശ്രമിക്കും .ആ വിലങ്ങുതടി ഭര്‍ത്താവിന്‍റെ അമ്മയായാലും,അച്ഛനായാലും,സഹോദരിയായാലും,
കാമുകിയായാലും അത് വെട്ടിമാറ്റാന്‍ അവള്‍ ശ്രമിക്കുക തന്നെ ചെയ്യും അപ്പോഴാകാം പല മാതാപിതാക്കളും ശരണാലയത്തില്‍ ആകുന്നത്".
"പക്ഷേ അതൊന്നും സമൂഹത്തിന് അറിയില്ല അവര്‍ അറിയാന്‍ ശ്രമിക്കുന്നുമില്ല അവര്‍ മരുമകളേ മാത്രം കുറ്റക്കാരിയായി ചിത്രീകരിക്കുന്നു.
അവള്‍ വന്നതിന് ശേഷം ആണ് അവര്‍ വഴിയാധാരമായത് എന്നാണ്
എല്ലാവരും പറയുക സത്യാവസ്ഥ ആരും മനസ്സിലാക്കില്ല .
സ്വന്തം സുഖത്തിനായി ചെയ്യുന്നവര്‍ ഉണ്ടാകാം ഇല്ല എന്ന് ഞാന്‍ പറയുന്നില്ല എങ്കിലും ഏറെയും നടക്കുന്നത് മറിച്ചാണ്.
ഞാന്‍ പറയേണ്ടത് ഇപ്പോള്‍ മധുവേട്ടന്‍ പറഞ്ഞില്ലേ ?
മരുമകള്‍ പറയേണ്ടിയത് മകന്‍ പറഞ്ഞു.
വേണ്ടാ അമ്മ ഇവിടെ തന്നെ ജീവിക്കട്ടെ മരിക്കുവോളം ഞാന്‍ അമ്മയുടെ മൂശേട്ടകള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു.
ഇപ്പോള്‍ എനിക്ക് ഒരു വിഷയമേ അല്ല അതൊന്നും. ഇരുകൈകളും
ചേര്‍ത്ത് അടിച്ചു എങ്കിലേ ശബ്ദം ഉണ്ടാകു മധുവേട്ടാ...
അമ്മ ഒരു കൈകൊണ്ട് വായുവില്‍ അടിക്കട്ടെ കൈ കുഴയുവോളം
അവള്‍ മുറിയിലേ ശരറാന്തലിന്‍റെ തിരി താഴ്ത്തി ......
ജനലരുകില്‍ എല്ലാം കേട്ടുകൊണ്ട്നിന്ന ശാരദാമ്മയും മിഴികള്‍
തുടച്ച് തന്‍റെ മുറിയിലേക്ക് പോയി ............
നൂറനാട് ജയപ്രകാശ്

പഠിപ്പിച്ചു വച്ചിരിക്കുന്നത്..


മണ്ണിൽ കളിച്ചാൽ അണുബാധയുണ്ടാകുമെന്നും
മഴ നനഞ്ഞാൽ പനി പിടിക്കുമെന്നും
രാത്രിയിൽ പുറത്തിറങ്ങിയാൽ തലയിൽ തണുപ്പടിച്ച് ജലദോഷം വരുമെന്നും, വെയില് കൊണ്ടാൽ കറുത്തുപോകുമെന്നും..
തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് മക്കളെ നാല് ചുമരുകൾക്കുള്ളിലൊതുക്കുന്ന മാതാപിതാക്കൾക്കറിയില്ലല്ലോ , അവർ
ചന്ദ്രനെയും . നക്ഷത്രങ്ങളെയും , പ്രകൃതി ഭംഗിയുമൊക്കെ ആസ്വദിക്കുന്നത് ഗൂഗിളിലാണെന്നു
പണ്ടൊക്കെ നക്ഷത്രങ്ങളേയും അമ്പിളിമാമനേയും മുറ്റത്ത്‌ വരുന്ന അണ്ണാറക്കണ്ണനേയും, മാവിൻ ചില്ലയിൽ വന്നിരിക്കുന്ന വർണ്ണക്കിളികളേയുമൊക്കെ കാണിച്ച്‌ കൊടുത്ത്‌ മുത്തശ്ശിമാരും മുത്തശ്ശന്മാരും ചേട്ടനും ചേച്ചിയുമൊക്ക്കെ കഥകൾ പറഞ്ഞു തരുമായിരുന്നു...
ഇന്നോ....
അമ്മേ എനിക്ക്‌ അമ്പിളിമാമ'നെ കുറിച്ച്‌ കഥ എഴുതണം...
"പോയി ഗൂഗിളിൽ നൊക്കട..."
ഉത്തരം പെട്ടെന്ന്.... അപ്പോൾ അമ്മ രണ്ട് മിനിറ്റ് നൂഡിൽസുണ്ടാക്കുന്ന തിരക്കിലായിരുന്നു...
അച്ഛൻ വന്നപ്പോൾ മോളുടെ ചോദ്യം ..
അച്ഛാ കർഷകൻ എന്നു വച്ചാ ആരാ, അവർ എവിടാ, പാടം നെല്ല് ഇതൊക്കെ കാണിച്ചു തരാമോ?
എടിയേ ദിവ്യയെ ആ റ്റാബ്‌ ഇങ്ങെടുത്തെ....നിമിഷങ്ങൾകുള്ളിൽ ഗൂഗിൾ തന്നു പാടവും കർഷകനും മമ്മട്ടിയും , വിത്തും നെല്ലൂമൊക്കെ...
എന്നാൽ അവ'രെ പാടത്ത്‌ കൊണ്ട്‌ പോവുകയോ, കർഷകരെ കാണിച്ചു കൊടുക്കുക'യോ, ഒന്നും ചെയ്യരുത്‌...സമയമില്ല'ല്ലോ.. അയ്യോ അതൊക്കെ പാപമാണ് ... കോളറിൽ, ചുരിദാറിൽ ചെളി പറ്റില്ലേ...അല്ലേ..
ഗൂഗിളേ നീയില്ലായിരുന്നുവെങ്കിൽ...ചെളിയിൽ പോയി കുട്ടികൾക്കു കാണിച്ച് കൊടുക്കേണ്ടി വന്നേനെ.....
അമേരിക്കയിലെ കർഷകനെയും , യൂറോപിലെ സംഭവങ്ങളും , റഷ്യയിലെ രാഷ്ട്രീയവും , വിദേശങ്ങളിലെ , മറ്റു സംസ്ഥാങ്ങളിലെ കാര്യങ്ങളും , കളികളും പാട്ടുകളും ഒക്കെ രസത്തിനും, വിനോദത്തിനും, വിദ്യാഭ്യാസത്തിനും അറിവിനും വേണ്ടി ഗൂഗിളിൽ തപ്പുന്നത് വളരെ പ്രയോജനമുള്ള കാര്യമാണ് ..
എന്നാൽ തൊട്ടടുത്തുള്ള കർഷകനെയും പാടങ്ങളെയും , രാത്രിയിൽ മുറ്റത്തിറങ്ങി മുകളിലേക്കു നോക്കിയാൽ കാണുന്ന നക്ഷത്രങ്ങളെയും അമ്പിളിമാമനെയും ഗൂഗിളിൽ തപ്പി കാണിച്ച് കൊടുക്കുന്ന രീതി നാശത്തിന്റെ ലക്ഷണമാണ് ....
അമ്പിളി മാമനെ കുറിച്ച് ഗൂഗിളിൽ നോക്കിയല്ല , കുട്ടികളെ മുറ്റത്ത് കൊണ്ട് വന്നു നിർത്തി കാണിപ്പിച്ചിട്ട് അവർക്ക് മനസ്സിലാവുന്നത് പറയാൻ പറയണം.
എതെങ്കിലും പാടത്ത്‌ അവരെ കൊണ്ടു പോണം...കർഷകരെ കാണിക്കണം...ആ ചെളിയിൽ അവ'രെ ഇറക്കണം... ഒരു വിത്ത്‌ അവരുടെ കൈകൊണ്ട്‌ ഇടാൻ പറയണം...ഒരു ഒഴിവുള്ള ദിവസം കുട്ടികൾക്ക്‌ അത്തരമൊരു രസികൻ ട്രിപ്‌ കൊടുത്തു കൂടെ.
ഇപ്പോഴത്തെ കുട്ടികൾക്ക് സാങ്കേതിക ആണ് കൂടുതൽ ഇഷ്ടം ...അത് ശീലിപ്പിച്ചത് ആരാ ? കുട്ടികൾക്ക് അവധിയുള്ള ദിവസങ്ങളിൽ ശല്യമുണ്ടാവാതിരിക്കാൻ ഗെയിമും ഒക്കെ ഇട്ടു കൊടുത്ത് തടി തപ്പുന്ന സ്വഭാവം മാറ്റിയാൽ കുട്ടികളും പ്രക്യതിയുമായി ഇണങ്ങുന്ന കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമെന്നുറപ്പാണ്
മണ്ണിൽ കളിച്ചാൽ , മഴ നനഞ്ഞാൽ , തണുപ്പടിച്ചാൽ ഇമ്മ്യുണിറ്റി കൂടുകയേയുള്ളുവെന്ന് അക്ഷരമറിയാത്ത പണ്ടത്തെ ആളുകൾക്കറിയാമായിരുന്നു.
ഇന്ന് നേരെ തിരിച്ചല്ലേ വലിയ പത്രാസുള്ളവർ പഠിപ്പിച്ചു വച്ചിരിക്കുന്നത്.. എന്നിട്ടു ഇമ്മ്യൂണിറ്റി കൂട്ടാൻ കച്ചവട ലോബികളുടെ മരുന്ന് കച്ചവടവും ....
.......................
ജിജോ പുത്തൻപുരയിൽ

സ്വപ്നാടകയുടെ നീതി


മൊബൈലെടുത്തു മീറ്റ് ചെയ്യാമെന്ന് പറഞ്ഞ സമയവും സ്ഥലവും അത് തന്നെയാണെന്ന് ഉറപ്പുവരുത്തി അവൻ കാറിൽ നിന്നിറങ്ങി. സർപ്പക്കാകാവിനുള്ളിലേക്കു പ്രവേശിക്കുന്ന ഗേറ്റു തുറക്കാനായി അവന്റെ കൈ ആ ഇരുമ്പുഗേറ്റിൽ സ്പർശിച്ചതും തുരുമ്പെടുത്തു പഴകി ദ്രവിച്ച ആ ഗേറ്റ് വലിയ ശബ്ദത്തോടെ നിലം പതിച്ചതും ഒരുമിച്ചായിരുന്നു. അവൻ പതുക്കെ ആ കാവിനുള്ളിലേക്കു നടന്നു. അടുത്തെങ്ങും ജനവാസമുള്ളതിന്റെ ലക്ഷണം കാണാനില്ല.
ഇടതൂർന്ന് പടർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങൾ കാരണമാവാം പകലായിരുന്നിട്ടും സൂര്യകിരണങ്ങൾ കാവിനുള്ളിലേക്ക് പ്രവേശിക്കാതിരിക്കുന്നത്. ആരൊക്കെയോ അല്ലെങ്കിൽ എന്തൊക്കെയോ തന്നെ തന്നെ ശ്രദ്ധിക്കുന്നതായി അവനു തോന്നി. കണ്ണുകൾ
ഇരുട്ടുമായി പരിചിതമായപ്പോൾ കാവിന് കുറുകെയുള്ള ഒറ്റയടിപ്പാത തെളിഞ്ഞു വന്നു. അവൻ ആ വഴിയിലൂടെ മുന്നോട്ട് നടന്നു.
പെട്ടെന്നാണ് തന്നെ പിന്തുടർന്ന് കൊണ്ടിരിക്കുന്ന രണ്ടു തീക്ഷ്ണമായ കണ്ണുകൾ അവൻ കണ്ടത് ...
ഉടൻ അവൻ തിരിഞ്ഞു ആ മുഖത്തേക്ക് ഉറ്റുനോക്കി. ഒരു പെൺകുട്ടിയാണ്. ഹുഡ് ഉള്ള ഒരു ജാക്കറ്റ് കൊണ്ട് തലവഴി മൂടിയത് കാരണം മുഖം ശരിയ്ക്ക് കാണുന്നില്ല.
"ഞാ...ഞാൻ...രാഹുൽ....നിങ്ങളാരാ....നിങ്ങളാണോ എന്നെ വിളിച്ചത്... നിങ്ങൾക്കെന്താ വേണ്ടത്?"
"നീതി. നീതിയാണ് വേണ്ടത്. എനിക്കല്ല ഏതാനും മാസം മുൻപ് മദ്യലഹരിയിലായിരുന്ന നിന്റെ കാറിന്റെ അടിയിൽപെട്ടു പിടഞ്ഞു തീർന്ന ഒരു ജീവന്, അന്ന് അനാഥമായ ഒരു കുടുംബത്തിന്.അവർക്കാണ് നീതി വേണ്ടത്?"
അപ്രതീക്ഷതമായ അവളുടെ മറുപടിയിൽ അവൻ നടുങ്ങിപോയി
"അതിനു നിങ്ങളാരാ?"
"തീ. നാട്ടിലെ നിയമങ്ങളെ പണം വാരിയെറിഞ്ഞു നോക്കുകുത്തികളാക്കുന്നവരെ ദഹിപ്പിക്കുന്ന അഗ്നി. ഇന്ന് നിന്റെ ഊഴമാണ് രാഹുൽ മേനോൻ. ഒരുങ്ങികൊള്ളൂ നീതിയുടെ ദംശനത്തിനായി.."
രാഹുൽ മേനോൻ? ആരാണയാൾ? അയാൾക്കെന്താണ് സംഭവിച്ചത്?
ഹോ വല്ലാത്തൊരു സ്വപ്നം.
ആ കണ്ണുകൾ! ആ ശബ്ദം. എന്റേതായിരുന്നില്ലേ?
വല്ലാതെ വിയർക്കുന്നു. നെഞ്ചാണെങ്കിൽ ഉറക്കെ പെരുമ്പറ കൊട്ടുകയാണ്‌. ഉറക്കെ കരഞ്ഞിരുന്നോ? അറിയില്ല. റൂംമേറ്റ് വീട്ടിൽ പോയിരിക്കുകയാണ്. കരഞ്ഞാൽ തന്നെ ആരും കേട്ടിട്ടുണ്ടാവില്ല.
ടി.വി യിൽ ഒരു സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കറന്റ് പോയപ്പോൾ ഒന്ന് മയങ്ങി പോയതാണ്.ഭാഗ്യത്തിന് കറന്റ് വന്നിട്ടുണ്ട്. ഫാൻ ഓൺ ചെയ്തു, കുറെ വെള്ളവും കുടിച്ചപ്പോൾ ഒരാശ്വാസമായി. വല്ലാത്ത ക്ഷീണം. പതിവില്ലാതെ പകലുറങ്ങിയത് കൊണ്ടാവും. ഇനി ഡോക്ടറെ കാണുമ്പോൾ പറയണം ഈ പകലുറക്കത്തെ പറ്റി.
കീർ’തീ'
“എന്താണെടോ ഇത്? ഹൊറർ സിനിമയുടെ തിരക്കഥയോ?" തന്റെ കയ്യിലിരുന്ന ഫയൽ അടച്ചു കൊണ്ട് എസ്. പി. തോമസ് ജോൺ ചോദിച്ചു.
“അല്ല സർ. ഒരു ഡ്രീം ജേർണൽ ആണ്. കഴിഞ്ഞ ആഴ്ചയിൽ ആത്മഹത്യ ചെയ്ത കീർത്തന വാരിയർ എന്ന പെൺകുട്ടിയുടേതാണ്. ആ കുട്ടിയുടെ ആത്മഹത്യാകുറിപ്പിലും പിന്നീട് മരണമൊഴിയിലും ഇത് പോലീസിനെ ഏൽപ്പിക്കണം എന്നു പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു. അങ്ങനെയാണിത് നമ്മുടെ കയ്യിലെത്തിയത്." സി.ഐ പ്രകാശ് അറിയിച്ചു.
ഒരാഴ്ചത്തെ അവധിയെടുത്തു കുടുംബവീട്ടിലേക്കു പോന്ന എസ്. പി. യുടെ സ്വീകരണമുറിയിലായിരുന്നു അവർ. സർവീസിൽ നിന്ന് വിരമിക്കാനുള്ള ശേഷിച്ച ഒരു വർഷം വലിയ പ്രശ്നങ്ങളില്ലാതെ പോകാനുള്ള ശ്രമത്തിലാണ് തോമസ് ജോൺ. അതുകാരണം ഓഫീസിലുള്ളതിനേക്കാൾ സമയം അദ്ദേഹം നാട്ടിൻപുറത്തുള്ള ഈ ചെറിയ വീട്ടിലായിരിക്കും.
"ഒരു മാനസികരോഗിയുടെ ഡയറി വായിക്കനാണോ അവധിയിലുള്ള എന്നെ അത്യാവശ്യമായി കാണണം എന്നു താൻ പറഞ്ഞത്? തനിക്കു കുടിക്കാനെന്താ വേണ്ടത്?"
"ഒരു ഗ്ലാസ് വെള്ളം കിട്ടിയാൽ കൊള്ളാം.സർ, ആ എന്ററിയുടെ തീയതി ശ്രദ്ധിച്ചോ? അന്നാണ് രാഹുൽ മേനോൻ നഗരത്തിൽ നിന്ന് അകലെയല്ലാതെ ഒരു സർപ്പക്കാവിൽ പാമ്പുകടിയേറ്റു മരിച്ചത്. അന്ന് അയാൾ മരിച്ച ശേഷം അയാളുടെ മൊബൈലിൽ നിന്ന് അയച്ച മെസ്സേജ് കാരണമാണ് ബോഡി അന്നുതന്നെ കിട്ടിയത്. അത് ആര് അയച്ചു എന്നൊരു സംശയം അന്നുണ്ടായിരുന്നു. അതിനുള്ള ഉത്തരമാണ് ആ ഡയറി. കീർത്തനയുടെ ഫിംഗർപ്രിന്റ് ആയിരുന്നു ആ ഫോണിൽ ഉണ്ടായത്."
"രാഹുൽ മേനോൻ, ആ ഹിറ്റ് ആൻഡ് റൺ കേസിലെ പ്രതി? ഇവളാണോ അവനെ കൊന്നത്?"
"സാക്ഷികളെല്ലാം കാലുമാറിയതിനെ തുടർന്ന് പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ കഴിയാതെ വന്നപ്പോൾ ഹിറ്റ് അൻഡ് റൺ കേസിൽ കോടതി അവനെ വെറുതെ വിടുകയായിരുന്നു. പാമ്പുകടിയേറ്റു തന്നെയാണവൻ മരിക്കുന്നത്. പക്ഷെ അവനെ അവിടെ എത്തിച്ചതും മരണം പോലീസിൽ അറിയിച്ചതും കീർത്തനയാണ്. അതിനിടയിൽ എന്ത് സംഭവിച്ചു എന്നു അന്വേഷിക്കുന്നു. ആ ഡയറിയിൽ പറഞ്ഞത് പോലെ ഭീകരമൊന്നുമല്ല കാവ്. കീർത്തനയുടെ മാനസികവിഭ്രാന്തി കൊണ്ട് തോന്നിയതാവാം. രാഹുലിന്റെ മരണത്തിന് താനാണ് കാരണമായത് എന്ന തിരിച്ചറിവാണ് ആ കുട്ടിയുടെ ആത്മഹത്യയ്ക്കു കാരണം ."
"അച്ഛനമ്മമാരുടെൽ കാശുണ്ടേൽ ഇന്നത്തെ കുട്ടികൾക്ക് എന്തുമാവാം എന്നായിരിക്കുന്നു അല്ലെടോ?"
"സർ, ഈ ഡയറിയിൽ അധികവും ഒരു മാനസികരോഗിയുടെ ജാർഗൺ ആണ്. അങ്ങനെയല്ലാത്ത ആറു എൻട്രികളാണുള്ളത്. അതിൽ അവസാനത്തേത് ആണ് രാഹുലിന്റെ മരണം. മറ്റു കുറിപ്പുകളിലെ തിയ്യതികളും അസ്വാഭാവിക മരണങ്ങളുമായി ഞങ്ങൾ ഒന്ന് ഒത്തു നോക്കി. ആ ദിവസങ്ങളിലെല്ലാം ഓരോ മരണങ്ങൾ നടന്നിട്ടുണ്ട്. അവിടെയെല്ലാം കീർത്തനയുടെ പ്രെസെൻസും പ്രൂവ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.അഞ്ചെണ്ണത്തിൽ, രണ്ടെണ്ണം ആത്മഹത്യയും ഒരെണ്ണം അപകടമരണവുമായി ക്ലോസ് ചെയ്തതാണ്. മറ്റു രണ്ടെണ്ണം തെളിയിക്കപ്പെടാത്ത കൊലപാതകങ്ങളും. എല്ലാ മരണങ്ങളും തമ്മിൽ ഒരു ബന്ധമുണ്ട്. പണം കൊണ്ടോ സ്വാധീനം ഉപയോഗിച്ചോ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെട്ടവരാണ് ആറ് പേരും.”
“ആകെ പണിയായല്ലോടോ? ഇനി ആ കേസൊക്കെ വീണ്ടും തുറക്കണ്ടേ, പുനരന്വേഷണത്തിനു. കോർട്ടിൽ നിന്നും ഓർഡർ വാങ്ങണം, വീട്ടുകാരെ അറിയിക്കണം. അല്ലെ?”
“കോർട്ടിൽ നിന്നും ഓർഡർ ആയിട്ടുണ്ട് സർ. റിലേറ്റീവ്‌സിനെ അറിയിച്ചു തുടങ്ങി.”
"പിന്നെന്തിനാടോ താനിപ്പോ ഓടിപെടച്ചു എന്നെ കാണാൻ വന്നത്? നിങ്ങൾ തന്നെ എല്ലാം ഭംഗിയായി മുന്നോട്ടു കൊണ്ട് പോകുന്നുണ്ടല്ലോ? ഞാനെന്തായലും ഒരു ഡ്രിങ്ക് എടുക്കാൻ പോകുന്നു.തനിക്കു വേണോ?"
"വേണ്ട സർ. സാറിന്റെ വൈഫ് ഇവിടില്ലേ?"
"പുറത്തു പോയതാണ്. മകളുടെ മരണത്തോടെ ആകെ മാറി, ഞങ്ങൾ രണ്ടു പേരും. അവൾ ജോലി രാജി വയ്ച്ചു ഭക്തിയും സാമൂഹ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. ഇവിടെ അടുത്തൊരു ഓർഫനേജിൽ പോയിരിക്കുകയാണ്. ഇപ്പോൾ വരും."
കയ്യിലെ ഗ്ലാസ് കോഫി ടേബിളിൽ വച്ച് പ്രകാശിനു അഭിമുഖമായി എസ്. പി. സോഫായിൽ ഇരുന്നു.
"താനെന്താ പറഞ്ഞുവന്നത്? കിട്ടേണ്ട ശിക്ഷ തന്നെയാണ് മരിച്ചവർക്കു കിട്ടിയതെന്നാണോ?"
"പക്ഷെ വിക്‌ടിംസിന്റെ വീട്ടുകാർക്ക് അങ്ങനെ കരുതാനാവുമോ എന്നറിയില്ല. സാറിനോട് കുറച്ചു ഡീറ്റൈലായിട്ടു തന്നെ പറയാനുണ്ട്."
"പ്രകാശ് വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ് തനിക്കു സാധാരണ കാണാത്ത ഒരു വീർപ്പുമുട്ടൽ. എന്നതാടോ പ്രശ്നം? താൻ കാര്യം പറ."
"സാർ, തന്റെ കണ്മുന്പിലിട്ടു സ്വന്തം സഹോദരനെ വെട്ടികൊലപ്പെടുത്തുന്നത് കണ്ടപ്പോഴാണ് ആദ്യമായി കീർത്തനയുടെ മാനസിക നില തെറ്റുന്നത്. ഒരു രാഷ്ട്രീയ കൊലപാതകം. ആകെയുള്ള ദൃക്‌സാക്ഷിക്കു വിചാരണ നേരിടാൻ കഴിയാത്തതു കൊണ്ട് ആ കേസിലെ പ്രതികൾ രക്ഷപ്പെട്ടു. കീർത്തനക്കു വർഷങ്ങളുടെ ചികിത്സാ വേണ്ടിവന്നു. സഹോദരന്റെ മരണത്തിന്റെ ഓർമകളിൽ നിന്നൊരു മോചനം , അതിനായി ഒരു പറിച്ചുനടൽ കൂടിയായിരുന്നു ബാംഗ്ലൂരിലെ പഠനം.അവിടെ വച്ചാണ് ഈ ജേർണൽ എഴുതിതുടങ്ങുന്നതു, രണ്ടു വർഷം മുമ്പ്. ആയിടക്കാണ് അതെ കോളേജിൽ പഠിച്ചിരുന്ന ഒരു തമിഴ് പെൺകുട്ടി ക്രൂരമായ റാഗിങ്ങിനെ തുടർന്ന് കൊല്ലപ്പെടുന്നത്. സാറിനറിയാവുന്ന കേസ് ആണ്.
" അതെ. ആ കേസിലെ പ്രതികൾ ഇപ്പോഴും ജയിലിലല്ലേ? അതുമായി ഈ കുട്ടിക്കെന്താ ബന്ധം?"
"അന്ന് മരിച്ച പെൺകുട്ടിയെ കോളേജ് ഹോസ്റ്റലിൽ നിന്നും ആ പയ്യന്മാരുടെ അടുത്തേക്ക് എത്തിച്ചത് അവരുടെ ക്ലാസ്സ്‌മേറ്റ്സ് ആണ്. രണ്ടു മലയാളി പെൺകുട്ടികൾ. കേസിന്റെ തുടക്കത്തിൽ അവരുടെ പേരും പ്രതിസ്ഥാനത്തുണ്ടായിരുന്നു. പിന്നെ ഡ്രോപ്പ് ചെയ്യപ്പെട്ടു. അതായിരുന്നിരിക്കണം അടുത്ത ട്രിഗർ. അതിലൊരു പെൺകുട്ടി പിന്നീട് ആത്മഹത്യാ ചെയ്തു. പക്ഷേ അത് ഒരു കൊലപാതമാണെന്നതിനുള്ള തെളിവുണ്ട് ആ ഡയറിയിൽ. കീർത്തനയുടെ ആദ്യത്തെ വിക്‌ടിം. മറ്റേ കുട്ടി രേഷ്മ തോമസ് ....."
സോഫായിൽ നിന്നും ചാടിയെണീറ്റ എസ്‌. പി. പ്രകാശന് നേരെ ചെന്ന്.
"എന്താ താൻപറഞ്ഞു വരുന്നത്? എന്റെ മോളെ പറ്റിയാണോ........"
"സാർ ഞാൻ പറയുന്നത് മുഴുവനും ക്ഷമയോടെ കേൾക്കണം."
ശാന്തത കൈവിടാതെ സർക്കിൾ തുടർന്നു.
"പറഞ്ഞു വന്നത് സാറിന്റെ മകളെ പറ്റി തന്നെയാണ്. നമ്മളെല്ലാം കരുതുന്ന പോലെ മോളുടെ മരണം ഒരു അപകടമല്ല. അവളെ ലേഡീസ്‌ ഹോസ്റ്റലിന്റെ ടെറസ്സിൽനിന്നും മരണത്തിലേക്ക് തള്ളിയിടുകയായിരുന്നു. കീർത്തനയുടെ അടുത്ത ഇര."
കേട്ടത് വിശ്വസിക്കാനാവാതെ തോമസ് ജോൺ വീണ്ടും സോഫായിലേക്കിരുന്നു.
"സത്യമാണോടോ ഇത്? എന്റെ കുട്ടിയെ കൊന്നതാണോ?"
"രേഷ്‌മ തോമസ് എന്ന സാറിന്റെ മകളുടെ കേസും റീഓപ്പൺ ചെയ്യുകയാണ്. അത് സാറിനെ ഔദ്യോദികമായി അറിയിക്കാനാണ് ഞാൻ വന്നത്. അതായിരുന്നു സാർ നേരത്തെ പറഞ്ഞ വീർപ്പുമുട്ടലിന്റെ കാരണം. ഇതെങ്ങനെയാ സാറിനോട് പറയേണ്ടതെന്നറിയില്ലായിരുന്നു."
അൽപ നേരത്തേക്ക് ഒന്നും പറയാനാവാതെ ആ അച്ഛൻ തളർന്നിരുന്നു. പിന്നെ ടേബിളിലെ ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് കുടിച്ചു തീർത്തു.
"അന്ന് മകളെ തിരുത്താതെ പപ്പയുടെ അമിത വാത്സല്യം കാണിച്ചു ആ കേസിൽ നിന്നും എന്റെ മോളെ രക്ഷിച്ചെടുത്തത് ഒരു ഭ്രാന്തിക്ക് കൊല്ലാനായിരുന്നോ? അവൾ ജയിലിൽ കിടക്കുന്നതു കാണാൻ കഴിയാത്തതു കൊണ്ടല്ലേ ഞാൻ.....അന്നങ്ങിനെ ചെയ്തില്ലായിന്നെങ്കിൽ ജയിലിലാണെങ്കിലും എന്റെ കുട്ടി ജീവനോടെ ഇരുന്നേനെ, അല്ലേടോ?"
"സാർ ഞാൻ ...." പ്രകാശ് അയാളെ ആശ്വസിപ്പിക്കാൻ വാക്കുകൾക്കു തിരഞ്ഞു.
"പ്രകാശ്, താൻ തന്റെ ഡ്യൂട്ടി ചെയ്തു. ഇനി തനിക്കു പോകാം. ഞാനിവിടെ ഒറ്റക്കിരുന്നോട്ടെ കുറച്ചു നേരം."
"സാറിന്റെ ഭാര്യ വരുന്നതു വരെ ഞാൻ വേണമെങ്കിൽ?"
"വേണ്ട. അവളൊന്നും അറിയണ്ട. താങ്ങില്ലവൾക്കു. പ്രകാശ് പൊയ്ക്കോളൂ. അവൾ വരുന്നതു വരെയെങ്കിലും ഞാനൊന്നു തനിച്ചിരുന്നോട്ടെ. ഒന്ന് പൊട്ടികരഞ്ഞോട്ടെ. പ്ളീസ്."
പിന്നെ അവിടെ നില്ക്കാൻ പ്രകാശിന് കഴിഞ്ഞില്ല. എത്രയും പെട്ടന്ന് ആ അച്ഛന്റെ മുന്നിൽ നിന്ന് പോയാൽ മതിയെന്നായി. തകർന്നിരിക്കുന്ന തന്റെ സീനിയർ ഓഫീസർക്ക്‌ ഒരു സല്യൂട്ട് നൽകി അയാൾ ആ വീട്ടിൽ നിന്നിറങ്ങി.
അയാളുടെ ജീപ്പ് ഗേറ്റ് കടന്നതിനു പിന്നാലെ സർവീസ് റിവോൾവറിലെ ബുള്ളറ്റിന്റെ സഹായത്താൽ ഒരച്ഛനും യാത്ര തുടങ്ങിയിരുന്നു.തന്റെ മകളുടെ ആത്മാവിനെ തേടി ഒരു യാത്ര.
By: Hidy Rose

മനോഹരതീരം : (കവിത )


മരണമേ... എൻപ്രിയ തോഴാ
നന്ദിയെങ്ങനെ നന്നായി ചൊല്ലേണ്ടു
ഞാൻ നിനക്ക്, വരവേറ്റുവല്ലോ നീയെ-
ന്നെയീ മനോഹരതാഴ്വരയിൽ
എങ്ങും നിശബ്ദത മാത്രമുള്ളൊരീ
താഴ്‌വരയതിൽ നിറയെ കുളിർക്കാറ്റ്
എങ്ങും പെയ്തിറങ്ങുന്ന തൂമഞ്ഞ്
മരണത്തിൻ മയക്കുന്ന വശ്യഗന്ധം
താഴ്‌വരയതിന്നടിത്തട്ടിൽ കണ്ണാടിച്ചോല -
യതിന്നരികിൽ വെള്ളപ്പനിനീർച്ചെടികൾ
നിറയെ ചേലെഴും ചുവന്ന പനിനീർപ്പൂക്കൾ
ഒരുവശത്ത് നിറയെ പേരറിയാത്ത
വെളുത്ത പൂക്കളുള്ള മരങ്ങളും, മഞ്ഞു -
കണങ്ങൾ കൂമ്പിയയിലകളിലേറ്റു -
വാങ്ങിയ ഉയരമുള്ള ഓക്ക് മരങ്ങളും,
വിശുദ്ധമനോഹര മന്ദഹാസമുതിർക്കുന്ന
മാലാഖക്കുഞ്ഞുങ്ങൾ നിറയെ ചരിക്കുന്നു
നക്ഷത്രക്കണ്ണുള്ള താരകക്കുഞ്ഞുങ്ങൾ
അവരോടൊത്തങ്ങാടി തിമിർക്കുന്നു
പേരില്ലാത്ത മനുഷ്യരവിടെയവർക്കു
മരണത്തിൻ മാദക സൗമ്യഗന്ധം
സൂര്യനവിടുണ്ടെങ്കിലും ചൂടൊട്ടുമില്ലാ -
യവൻ ചന്ദ്രനോടൊപ്പം മന്ദഹസിക്കുന്നു
അല്ലയോയെൻ പ്രിയതോഴാ മരണമേ
തരികനീയെനിക്കൊരു വെള്ളപ്പൂക്കളിൽ -
ത്തീർത്തതാം വെണ്മയുടെ പൂച്ചെണ്ട്
ചേർത്തുകൊള്ളുകയെന്നെ നീ നിന്നുടെ
നിത്യാശ്വാസത്തിൻ വെണ്ണക്കൽ മാളികയിൽ..
~~~~~~~~~~~~~~~~~~~~~~~~~~~~~~
ബിനു കല്ലറക്കൽ ©

സ്നേഹിതൻ


സ്നേഹിതാ...
കാലം കുറേയായില്ലേ
എന്നെ കൂട്ടാതെ,
നിന്റെയീ യാത്ര!
ഭിത്തിയിൽ
ചിരിയോടെയെന്നെ
കളിയാക്കുന്ന
നിന്റെ രൂപത്തെ
പരിഭവമൊളിപ്പിച്ച കണ്ണാൽ
നോക്കി നിൽക്കുമ്പോൾ
അസൂയ കൊണ്ട് ഞാൻ
കണ്ണു തുടയ്ക്കുമായിരുന്നു
മുത്തശ്ശന്റെ
വെറ്റിലച്ചെല്ലത്തിലൊളിപ്പിച്ച
തെറുപ്പു ബീഡി കട്ടെടുത്തു
വരുമെന്ന് കാത്തെത്ര നേരം
മച്ചിന്റെ മുകളിലെയിരുട്ടിൽ
ഞാൻ.....
വീട്ടുമുറ്റത്തൊത്തിരി
ആളോള്,
കാണാൻ നിന്നപ്പോഴും
നിന്റെ കുസ്യതിക്കുരുന്ന്
അച്ഛാ - ന്നു വിളിച്ചുമ്മ-
തന്നുണർത്താൻ
കൊതിച്ചിട്ടും...
നീയെന്തേ
ഉണരാതുറങ്ങി..?
ഓണക്കാലത്തൂഞ്ഞാലു
കെട്ടുന്ന,
പുളിയൻ മാവിന്റെ
മുറിഞ്ഞ ചുവട് കാണുമ്പോൾ
സ്നേഹിതാ....
എന്റെയീ ഓണവും....!!!!
ഗോപകുമാർ കൈമൾ

കണ്ണടകൾ


ശത്രുവും മിത്രവും
വഴിമാറി നടന്നത്
നമ്മൾ വെച്ച
കണ്ണടക്കുള്ളിലാണ്.
ഭീകരവാദിയും
വിപ്ലവകാരിയും
ജന്മം കൊണ്ടതും
കണ്ണടച്ചില്ലുകളിൽ പറ്റിപ്പിടിച്ച
പൊടിപടലങ്ങളിലൂടെയാണ്.
സ്നേഹവും ദ്രോഹവും
പിറവിയെടുത്തത്
കണ്ണടയുടെ
ഒരു കണ്ണടച്ച്
നോക്കിയപ്പോഴാണ്.
ഭാവിയിലേക്ക് ചൂണ്ടിയപ്പോൾ
ഭൂതവും വർത്തമാനവും
മറന്നു പോയതും
കണ്ണs ഒപ്പിച്ച വികൃതികളായിരുന്നു.
എഴുതിത്തള്ളിയതും
തള്ളിക്കൊണ്ട് വന്ന് എഴുതിച്ച് വാങ്ങിയതും
ഒരേ കണ്ണടയെ മറയാക്കിയായിരുന്നു.
By: Shabnam Siddiqui

മരണകിടക്കയിൽ


കാഴ്ച ശക്തി പാതി നശിച്ച
അവസ്ഥയിലാണെങ്കിലും
കൊച്ചുമക്കളുടെ നിഴലുകൾ
തിരിച്ചറിയുവാൻ കഴിയുന്നുണ്ട്.
അരികിലേയ്ക്ക് ഇരിക്കുവാൻ
മനസ് പറയുന്നെണ്ടെങ്കിലും
ചുണ്ടുകളുടെ ചലന ശേഷി
പൂർണമായും നഷ്ട്പ്പെട്ടിരിക്കുന്നു.
കിടക്കയുടെ ചുറ്റിലും
പിറുപിറുക്കുന്ന സ്വരങ്ങൾ
എന്താണെന്ന് വ്യകതമാകുന്നില്ല.
മൂർഖന്റെ കാതുകളാണ് എനിക്കെന്ന്‌
പലരും പറഞ്ഞിരിക്കുന്നു.
ഇപ്പോൾ ചെറിയൊരു മൂളൽ
മാത്രമേ കേൾക്കാൻ കഴിയുന്നുള്ളു.
ഓള് അടുത്തുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു ഈ നിമിഷം.
എന്നിലെ ചെറിയ ചലനങ്ങൾപോലും
കൃത്യമായി മനസിലാക്കുവാൻ
ഓള്ക്കു മാത്രമേ കഴികയുള്ളൂ.
ഓളുടെ സ്പർശനമേൽക്കാൻ
ചലനമറ്റ ശരീരം
ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.
എനിക്കുമുന്നെ ഓള്‌ പോകുമെന്ന്
ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
കണ്ണുകളടച്ചു മടിയിലേയ്ക്കു
തലചായ്ച്ചു മയങ്ങുവാൻ അന്നും
എനിക്കേറെ ഇഷ്ടമായിരുന്നു.
മുടിയിലൂടെ ഓള് തഴുകുമ്പോൾ
എത്ര ദുഃഖമുള്ള അവസ്ഥയിലാണങ്കിലും മനസ്സിനൊരുപാട് സമാധാനമേകാൻ
ആ തലോടിന് കഴിയുമായിരുന്നു.
ജീവിതത്തിലേയ്ക്ക് ഓള്
കൈയിപിടിച്ചു കയറി വന്ന കാലം.
ജീവിത സ്വാതന്ത്യം എന്റെ
കൈക്കുള്ളിലൂടെയാണ് കണ്ടിരുന്നത്.
ഇന്ന് ഓളുടെ ലോകത്തിലേയ്ക്ക്
എന്റെ കൈകൾ മുറുകെപ്പിടിച്ചു
കൂട്ടികൊണ്ടുപോകുവാൻ
എന്നിലെ ഉള്ളിലെ ബാക്കി ജീവിതം
കൂടി കാത്തിരിക്കുകയാണ്.
അരികിലായി മോന്റെ സ്നേഹഗന്ധം അടുത്തുവരുന്നതായി ഞാൻ നീ നിമിഷം
തിരിച്ചറിയുന്നുണ്ട്.അവസാനതുള്ളി ജലം
അവന്റെ കൈക്കുള്ളിൽ നിന്നും എൻ വായിക്കുള്ളിലേയ്‌ക്ക് ഒലിച്ചിറങ്ങുന്നു.
ഉമിനീരിനൊപ്പം ആ തുള്ളികൾലയിച്ചു
ഉള്ളിലേയ്‌ക്ക്‌ ആഴ്ന്നിറങ്ങിയിരുന്നു.
എന്റെ അച്ഛനുംമരണ കിടക്കയിൽ
അവസാന തുള്ളി ദാഹജലം എന്റെ കൈക്കുള്ളിലൂടെയാണ് ഒഴിച്ച്
കൊടുത്തിരുന്നത്.അന്ന് അച്ഛന്റെ മനസ്സും ഇതുപോലെ കടന്നുപോയിട്ടുണ്ടാകും.
ഒലിച്ചിറങ്ങിയ തുള്ളികൾ
ചുണ്ടിനെ തഴുകി നാവിനുള്ളിലേയ്ക്ക്
ആഴ്ന്നിറങ്ങി രുചിയെ ഉണർത്തിയിരുന്നു.
എന്റെ 'അമ്മ അന്തിപട്ടിണിയിലും
അരച്ചു തന്ന ചമ്മന്തിക്ക്
അമ്മയോളം സ്വാദായിരുന്നു.
നാവിലെ രുചി അമ്മയുടെ സ്നേഹം വിളിച്ചുപറഞ്ഞിരുന്നു.
ഉണർന്ന രുചികൾ ഉമിനീർതുള്ളികളെ
കൂടെകൂട്ടി ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി.
ആഴ്ന്നിറങ്ങിയ ഉമിനീർതുള്ളികൾ
മരണകിടക്കയിലെ ഹൃദയത്തെ ഉണർത്തി.
ഉണർന്ന ഹൃദയം ജീവിച്ചു
തീർത്ത നിമിഷങ്ങളെ
മരണകിടക്കയുടെ മുന്നിലേയ്‌ക്കായി
കൂട്ടി കൊണ്ടു വന്നിരുന്നു....
ജീവിച്ചു തീർത്ത നിമിഷങ്ങൾ?
നഷ്ടപ്പെടുത്തിയ നിമിഷങ്ങൾ?
സ്നേഹിച്ച രൂപങ്ങൾ?
വേദനിപ്പിച്ച രൂപങ്ങൾ?
ഒന്നൊന്നായി മുന്നിലേയ്ക്ക് കടന്നുവന്നു.
വേദനിപ്പിച്ച മനസുകളിൽ ഒരു രൂപം
നിങ്ങളുടേതായിരുന്നു.
എന്റെ നാവുകൾ മാപ്പിനായി കേഴ്ന്നിരുന്നു.
ചലനമറ്റ നാവിൽനിന്നും ശബ്ദം പുറത്തേയ്ക്കു വന്നിരുന്നില്ല.....
ജീവിച്ചിരുന്നപ്പോൾ ചെയ്‌ത തെറ്റിന്
മാപ്പ് കേഴ്ന്നിരുന്നതല്ലേ ഞാൻ?....
ഓള് അരികിലായി വരുന്നുണ്ട്.ആദ്യമായി കൈപിടിച്ചു കൂടെ കൂട്ടിയപ്പോൾ ആ മുഖത്തുകണ്ട അതേ തെളിച്ചം.
മണവാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങിയിട്ടുണ്ട് .
എന്റെ കൈകളിൽ മുറുകെപ്പിടിച്ചു.
എനിക്കുപോകുവാൻ സമയമായിരിക്കുന്നു.
അവസാന ശ്വാസം എന്റെ ഉള്ളിലിലേയ്ക്കെടുത്തു. മിഴിനീർ നിറഞ്ഞു.ഉള്ളിലേയ്‌ക്കെടുത്ത ശ്വാസം നിലച്ചിരുന്നു.തുടിച്ചിരുന്നു
ഹൃദയത്തിന്റെ ചലനമറ്റു.
മോന്റെ കരങ്ങൾ കണ്ണുകളെ ചേർത്ത് അടച്ചു
.................ശരൺ😥

പാപിനികൾ


ഭസ്മം മണക്കുന്ന പടവിലിരുന്ന് ജീവിതത്തിന്റെ സങ്കീർണ്ണ സ്വഭാവത്തിന്റെ കുരുക്കുകളെ അഴിച്ച് ഒഴുക്കിലേക്ക് നിമജ്ഞനം നടത്തുകയാണ് ഞങ്ങൾ.
ഇനി നീ ജയചന്ദ്രൻ എന്ന
ഭിഷഗ്വരന്റെ ഭാര്യ അല്ല..
അയാൾ ഇനി നിന്നെ മനുസ്മൃതികളിൽ തളച്ചിടുകയില്ല.
ഇനി നിന്റെ കൈകളിൽ നീ ആശിച്ച പോലെ ഗ്യാൻവ്യാപി മസ്ജിതിൽ വന്നു പ്രാർദ്ധന ചെയ്യുന്ന പെൺകുട്ടികളുടെത് പോലെ മൈലാഞ്ചി വരക്കാം.
മാണിക് ചൗക്കിൽ നിന്ന് നിനക്ക് ഒരു ചെപ്പ് നിറയെ മഞ്ഞളും ചുണ്ണാമ്പും തിരുമ്മി ലക്ഷ്മൺ ലജ്പതിന്റെ ഭാര്യ ഉണ്ടാക്കുന്ന കുങ്കുമം വാങ്ങി തരാം.
നിന്റെ ചെറിയ നെറ്റിയിൽ എത്ര വലിപ്പത്തിലാവും നീയത് തൊടുക എന്ന് ആലോചിക്കുകയാണ് ഞാൻ
‌ നാപ്കിൻ വിരിക്കാതെ കൈ വിരലുകൾ നുണഞ്ഞ് മതിയാവോളം ഭക്ഷണം കഴിക്കാം.
*******************************
കൽകത്തക്കാരായ സുഹൃത്തുക്കൾ വിളിക്കുന്നത്‌ കേട്ടാവും കിശൻ എന്ന് ഭദ്രയുമെന്നെ വിളിച്ച്‌ തുടങ്ങിയത്‌.
നമുക്കിടയിൽ എന്ത്‌ വിചിത്രമായ ബന്ധമാനുള്ളത്‌ അല്ലെ കിശൻ.
ആരാണ് ഞാൻ നിനക്കെന്ന് നീ പറയാതിരിക്കു ഒരിക്കലും.
ഞാനാ വൈചിത്ര്യം സൃഷ്ടിക്കുന്ന കൗതുകത്തിന്റെ മത്ത്‌ പിടിച്ച്‌ നിന്നോടൊപ്പം നടന്നോളാം. 
ഭദ്ര നീ എനിക്ക്‌ വേണ്ടി പാടില്ലെ...
അഴിഞ്ഞ്‌ ചിതറിയ മുടിയോടെ വലിയ കുങ്കുമപ്പൊട്ട്‌ തൊട്ട്‌ എന്റെ നെഞ്ചിൽ കിടന്ന് നീ നീലാംബരിയെ ധ്യാനിക്കുകയില്ലെ.
എന്റെ കയ്യിലിരുന്ന് പുകയുന്ന മാൾബറൊയുടെ മണമാകും നമ്മുടെ ആ നിശക്കപ്പോൾ.
എന്റെ ശ്വാസത്തോടലിയുന്ന ലഹരി പോലെയാൺ നിന്റെ താരാട്ട്‌.
എന്റെ ഇണയെ... ഞാൻ ചത്താൽ രാവുകളിൽ മലഞ്ചരുവിലെ ഒറ്റമരത്തിൽ ഉറക്കമില്ലാതെ പാടുന്ന മയിലിനെ പോലെ നീയും പാടുമോ...
അവൾ എന്റെ മുഖം കൈ കുമ്പിളിൽ കോരി.
വിയർപ്പ്‌ പൊടിഞ്ഞ നെറ്റിയിൽ ചുംബിച്ചു.
തിരിഞ്ഞു നടന്നു മുന്നിലെ നാലു പടവുകളിറങ്ങി ധൗളി ഗംഗാ പ്രവാഹത്തിൽ മുങ്ങി ഈറനായി കയറി വന്നു.
എനിക്കരികെ വന്നിരുന്ന് നീലാംബരിയിൽ പാടി തുടങ്ങി.
"ഉയ്യാല ലോഗ വൈയാ 
ശ്രീ രാമാ…
സയ്യാട്ട പാടലനു...
സത്‌ സർവ ഭൗമാ..."
*******************************
തിരികെ നാട്ടിലേക്ക്‌ മടങ്ങുമ്പോൾ 
അവൾക്ക്‌ സന്തോഷമുള്ളതായി തോന്നി.
അലഹബാദിലെ പതിനഞ്ച്‌ വർഷങ്ങൾക്ക്‌ അവളെ ചിരിപ്പിക്കുവാൻ കഴിഞ്ഞിരുന്നില്ല..
ഒരു ജന്മത്തിലെ രണ്ടാം പിറവി നേടി ഞങ്ങൾ യാത്ര ചെയ്യുകയാണിപ്പോൾ.
ചോള പാടങ്ങൾക്കും ഈന്ത പന പോലെയുള്ള മുള്ള്‌ മരങ്ങൾക്കും നടുവിലൂടെ ഒരുപാട്‌ ലക്ഷ്യങ്ങളുള്ള കുറെ പേരുമായി ഒരു ട്രെയ്ൻ പാഞ്ഞു പോകുന്നു.
എന്തിനാവും ഇവരൊക്കെ എന്റെ സഹയാത്രികരായത്‌.
എല്ലാവരേയും കാഴ്ച്ചയിൽ തന്നെ അവരുടെ യാത്രോദ്ദേശ്യം മനസിലാക്കാനായെങ്കിൽ.
പുസ്തകം വായിക്കുന്നതിനേക്കാൾ രസകരമായിരുന്നിരിക്കും.
ചിലർ തൊഴിൽ ചെയ്യുന്ന ഇടത്ത്‌ നിന്ന് വീട്ടിലേക്ക്‌ മക്കൾക്കും ഭാര്യക്കും സമ്മാനവുമായി പോകുകയാവും.
ചിലർ ഒരിക്കലും കാണാത്ത ഒരു കാമുകിയെ ആദ്യമായി കാണുന്നതിനാവാം.
പുണ്യ ക്ഷേത്രങ്ങൾ കാണുന്നതിനാവാം.അങ്ങിനെ ഊഹിക്കുവാനാകാത്ത ലക്ഷ്യങ്ങളുമായി യാത്ര പോകുന്ന എത്രയോ പേർക്കിടയിലാണ് ഞങ്ങൾ.
കിശൻ എന്താണീ അലോചിക്കുന്നത്‌ …
ഞാൻ ചിരിച്ചു...
നിനക്കിപ്പോൾ എന്ത്‌ കഴിക്കാനാണ് കൊതി തോന്നുന്നത്‌...
ചിന്തിച്ചു കണ്ടെത്തേണ്ടിയിരുന്നില്ല അവൾക്ക്‌.
അമ്മ കൊണ്ട്‌ വന്നു എന്ന് എനിക്ക്‌ തന്ന രണ്ട്‌ കുഞ്ഞ്‌ കാട്ട്‌ മാമ്പഴങ്ങൾ ഓർക്കുന്നുണ്ടോ നീ.
അത്‌...
ആ കിശൻ ഓർക്കുമ്പോൾ തന്നെ എനിക്കാ തുളഞ്ഞു കയറുന്ന മണം കിട്ടുന്നുണ്ട്‌.
നമുക്ക്‌ കുന്നിൻ മുകളിലെ നിന്റെ വീട്ടിലേക്ക്‌ പോകാം.
നാലു വർഷത്തിലൊരിക്കൽ മാത്രം കായ്ക്കുന്ന ആ കാട്ടു മാവിലിപ്പോൾ നിറയെ കനികളുണ്ടാകും അല്ലെ കിശൻ.
അവിടെ മയിലുകൾ മാമ്പഴം തിന്നാനെത്തുന്നുമുണ്ടാകും.
ഇണ ചത്ത ഒരു മയിലിനെ കുറിച്ച്‌ നീ പറഞ്ഞിട്ടില്ലേ.
നിലാവ്‌ പെയ്യുമ്പോൾ തുയ്യം മുട്ടി പുഴക്കരയിൽ മണലിൽ കിടന്ന് നിനക്കൊപ്പം എനിക്കാ പാട്ട്‌ കേൾക്കണം.
പോകാം നമുക്ക്‌ ഇപ്പോഴല്ല പിന്നീട്‌.
നീ എന്താണുദ്ദേശിച്ചിരിക്കുന്നത്‌.
നിന്റെ അമ്മായി നിന്നെ മുഖമടച്ച്‌ ആട്ടാൻ പോവുകയാണ്.
ബന്തം പിരിഞ്ഞ്‌ കാമുകനേയും കൂട്ടി അഴിഞ്ഞാട്ടക്കാരി തറവാട്‌ മുടിക്കാൻ വന്നു എന്ന് പറയും.
അവൾ പൊട്ടി ചിരിച്ചു., ഞാനും..
നിർത്തു കിശൻ എന്റെ ആത്മവിശ്വാസം കളയരുതിങ്ങനെയൊക്കെ പറഞ്ഞ്‌.
ചിരിച്ചു കൊണ്ടവൾ പറഞ്ഞു.
നീ എന്റെ വീട്‌ കണ്ടിട്ടില്ലല്ലോ..
കാവും ചിറയുമുള്ള എന്റെ അടിവേരുകൾ ആഴ്‌ന്നിറങ്ങി വളമൂറ്റി എന്നെ ജീവിപ്പിക്കുന്ന എന്റെ വീട്‌.
അവിടെ പാമ്പിൻ പുറ്റുകളുള്ള പറമ്പുകളിൽ വെള്ളിക്കൊലുസ്‌ കിലുക്കി അലഞ്ഞു തിരിയുന്ന ഒരു പെൺകുട്ടിയുണ്ട്‌.
വേലിക്കമ്പുകൾ വെറുതെ ആട്ടി നോക്കി കൊന്നത്തോലും കണ്ണിമാങ്ങയും കൈകളിൽ പിടിച്ച്‌ ഒറ്റക്ക്‌ കഥ പറഞ്ഞ്‌ നടക്കുന്ന ഒരു പെൺകുട്ടി.
എനിക്ക്‌ അവളിലേക്ക്‌ നടക്കണം കിശൻ.
തിരിഞ്ഞ്‌ നടന്ന് അവൾക്ക്‌ ചുവടു പിഴച്ച ചിറക്‌ നഷടമായിടത്ത്‌ ചെന്ന് നിൽക്കണം.
അവിടെ നിന്നെനിക്ക്‌ നടക്കണം ശെരിയായ പാതയിലൂടെ.
എന്റെ ഭൂതകാലത്തെ ഞാൻ തിരുത്താനൊരുമ്പെടുകയാണ്.
ഞങ്ങൾ റെയിൽ വെ സ്റ്റേഷനിൽ നിന്നും ടാക്സി പിടിച്ച്‌ അര മണിക്കൂർ യാത്ര ചെയ്ത്‌ ആ ഗ്രാമത്തിലേക്ക്‌ ചെന്നെത്തി.
താക്കോലുകൾ സൂക്ഷിച്ചിരുന്ന ബന്ധു വീട്ടിലേക്ക്‌ അവൾ നടന്നു.
താക്കോലുമായി മടങ്ങിയെത്തിയപ്പോഴേക്കും
ടാക്സി പറഞ്ഞു വിട്ടിരുന്നു.
നടക്കാം നമുക്ക്‌ ഞാൻ പറഞ്ഞു.
പൊടിയൻ മാപ്ലയുടെ കടയിൽ ഇപ്പോഴും ഉണ്ട്‌ പഴയ ആൾക്കൂട്ടം.
പണ്ട്‌ അഛനൊപ്പം വരുമ്പോഴും സ്കൂളിൽ പോകുമ്പോഴും പിന്നീട്‌ കോളേജിൽ പോകുമ്പോഴും ഉണ്ടായിരുന്ന അതേ കൂട്ടം.
പക്ഷെ പുതിയ അംഗങ്ങൾ.
എങ്കിലും അവർക്കന്യയായ ഞാനും കിശനും അവരുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്‌.
കിശൻ ഈ നാട്‌ നമുക്ക്‌ അന്യമായതായിരുന്നെങ്കിൽ 
നമുക്കിവിടെ സഞ്ചാരികളുടെ പരിവേഷമായിരുന്നിരിക്കും കിട്ടുക.
അല്ലേ..
അതെ നമുക്ക്‌ കാതങ്ങളോളം നടക്കാമായിരുന്നു രാത്രിയിൽ മഞ്ഞ്‌ പെയ്യുമ്പോൾ ഏതെങ്കിലുമൊരു വന്യ പ്രദേശമായാൽ അവിടെ ഒരു ദരിദ്ര കർഷകന്റെ വീട്ടിൽ ചെന്ന് മുട്ടാം.
അയാളുടെ ഭാര്യ നമുക്ക്‌ മഞ്ഞിച്ച വാഴക്കായകൾ പഞ്ചസാരയിൽ മുക്കി പൊള്ളിച്ച്‌ തരുമായിരിക്കും.
തണുപ്പകറ്റാൻ ചുരക്കാ തോടിൽ സൂക്ഷിക്കുന്ന വോഡ്ക്ക പകർന്ന് തരുമായിരിക്കാം.
നമുക്കവരുടെ കുഞ്ഞുങ്ങൾക്ക്‌ കൈ നിറയെ ചോക്ലേറ്റ്‌ നൽകണം കിശൻ.
അവർ നമ്മെ നോക്കി ചിരിക്കും.
നെരിപ്പോടിനോടടുത്ത്‌ വിരിച്ച കിടക്കയിൽ നമുക്കാ കുട്ടികളെ കിടത്താം.
നമുക്കവരുടെ സോഫയിൽ കിടക്കാം 
നീ ഉറങ്ങുന്നത്‌ നോക്കി ഞാൻ കിടക്കും,നോക്കി നോക്കി ഉറങ്ങും.
ഞാൻ ചിരിച്ചു.
സദാചാര പാലകരില്ലാത്തൊരിടം
ആണിനും പെണ്ണിനും സ്വതന്ത്രമായി നടക്കനെങ്കിലും കഴിയുന്നൊരിടം.
അങ്ങിനെയൊരിടം ഇല്ലല്ലോ നമ്മുടെ നാട്ടിൽ.
ഈ ഗ്രാമവും അങ്ങനെയല്ലല്ലോ എന്റെ സഞ്ചാരീ.
പടിപ്പുരയുള്ള ഭദ്രയുടെ വീടിനു മുന്നിൽ നിന്ന് അവൾ പറഞ്ഞു.
വരൂ യാത്രകളൊക്കെ ഇനി ഒരുമിച്ച്‌.
ഇതൊരൊരു ഇടത്താവളം.
അവളുടെ തിരിച്ച്‌ വരവ്‌ വലിയൊരു സ്ഫോടനം തന്നെയാണെന്നെനിക്ക്‌ തോന്നിപ്പോയി.
എല്ലാത്തിനോടും മൗനമണിഞ്ഞ്‌ അവൾ പടവെട്ടി.
തള്ളി പറയുകയും പ്രാകുകയും ചെയ്യുന്ന എല്ലാവരും എന്റെ ദുഖകാലത്തെ ആഘോഷിക്കുകയായിരുന്നല്ലോ എന്ന് ആത്മഗതം പറഞ്ഞ്‌ പൊട്ടി കരഞ്ഞു.
മൗനവും നിഴലുകളും നിറഞ്ഞ ആ വലിയ വീട്‌ വിട്ട്‌ ഇന്നലെ പെയ്ത മഴ വീണ പറമ്പിലേക്കിറങ്ങാൻ ഞാനവളെ വിളിച്ചു.
വേനൽ മഴയിൽ നനഞ്ഞ്‌ കിടക്കുന്ന കരിയിലകൾ.
ചുവന്ന ചെമ്പകപ്പൂക്കളെ മെതിച്ച്‌ ഞങ്ങൾ പാമ്പിൻ പറമ്പിന്റെ നിഴൽ ചോലയിലേക്കിറങ്ങി.
പെരുമ്പാമ്പിനെ പോലെ വളഞ്ഞു കുറുകി വളർന്ന ഒരു പുല്ലാഞ്ഞി വള്ളിമേലിരുന്നു.
ഞാനൊരു വള്ളിയിൽ പിടിച്ച്‌ കുലുക്കി പമ്പരം പോലെ പുല്ലാഞ്ഞി പൂവുകൾ പറന്ന് ഭൂമിയിലേക്കിറങ്ങി.
മുടിയിൽ വന്നു വീണ പൂവ്‌ 
കൈയ്യിലെടുത്തവൾ പറഞ്ഞു ഞാനൊരു പുല്ലാഞ്ഞി പൂവാണ് കിശൻ.
മണമില്ലാത്ത നിറമില്ലാത്ത തേനില്ലാത്ത ഞെട്ടറ്റ്‌ ലക്ഷ്യമില്ലാതിങ്ങനെ കാറ്റിലലയുന്നൊരു പുല്ലാഞ്ഞി പൂവ്‌.
ഞാനാ പൂവ്‌ വാങ്ങി പാറിച്ചു അത്‌ പമ്പരം പോലെ കറങ്ങി പറന്നു.
ഭദ്ര നിനക്കറിയില്ല നീ എന്താണെന്ന്.
നീ എത്ര അമൂല്യമാണെന്ന്.
പൂച്ച കുഞ്ഞുങ്ങളെ കണ്ടിട്ടില്ലെ.. നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങൾ അവയെ ലാളിക്കും.
പെട്ടെന്നൊരിക്കൽ നമ്മലവയെ ചാക്കിൽ പൊതിഞ്ഞ്‌ കുപ്പയിലേക്ക്‌ വലിച്ചെറിയും
തിരികെ നമ്മൾ വീട്ടിലെത്തിയാൽ പൂച്ചകൾ അവിടെ തിരിച്ചെത്തിയിട്ടുണ്ടാകും.
ഭക്ഷണം ആയിരുന്നു അവക്ക്‌ വേണ്ടതെങ്കിൽ എന്തിനായിരുന്നു അവ തിരികെ കുട്ടികളുടേ മടിയിലേക്ക്‌ വരുന്നത്‌.
സ്നേഹം അത്ര ശക്തിയുള്ളതാണ്
സ്നേഹം കിട്ടുന്ന ഇടം അത്ര ജീവ യോഗ്യമാണ്
പരന്ന് കിടക്കുന്ന ലോകത്ത്‌ ഞാൻ തിരികെ മടങ്ങാൻ ആശിക്കുന്നത്‌ നിന്നിലേക്ക്‌ മാത്രമാണിന്ന് ഭദ്ര.
അമ്മ മരിക്കുമ്പോൾ അമ്മക്ക്‌ ദുഖിക്കാനുണ്ടായിരുന്നത്‌ എന്റെ ഏകാന്ത ജീവിതത്തെ ഓർത്തായിരുന്നില്ല എന്റെ ശ്വാസ നാളികളിൽ അമ്മ എന്ന ജീവ വായു നഷ്ടമാകാൻ പോകുന്നു.
എന്റെ കണ്ണുകളിൽ നിന്ന് ആ തുരുത്തിന്റെ ആർദ്ദ്രത വറ്റാൻ പോകുന്നു അമ്മക്ക്‌ മരണപ്പെടാൻ ദുഖം തോന്നിയത്‌ എനിക്ക്‌ മടങ്ങിയെത്താനിനി അമ്മയെന്ന വീടില്ലാതാകാൻ പോകുന്നു എന്നതോർത്താകാം.
ഇനി എന്നെ ഓർക്കാൻ എനിക്ക്‌ വേണ്ടി പ്രാർദ്ധിക്കാൻ അമ്മയില്ല എനിക്ക്‌ അലഞ്ഞു നടന്ന് മടങ്ങി എത്താനൊരു മടിത്തടമില്ല. 
അമ്മ അതിൽ ദുഖിച്ച്‌ കണ്ണടച്ചു
ഇന്ന് ഞാൻ നിന്നിലെന്റെ അമ്മയെ കാണുന്നു ഭദ്ര.
എനിക്കിവിടെ ജീവൻ ശ്വസിക്കാനാകും.
കണ്ണടച്ച്‌ ഉറങ്ങാനാകും.
നല്ല സ്വപ്നങ്ങളിൽ അലയാനാകും.
ഭദ്ര നീ ഇല്ലായിരുന്നെങ്കിൽ..
ഒരു നോട്ടം കൊണ്ട്‌ അവളെന്റെ വാക്കുകൾ മുറിച്ചിട്ടു.
നിശബ്ദനായി ഞാനവളെ നോക്കി
അവളെന്നെ മുറുകെ പുണർന്നു 
വളകളില്ലാത്ത കൈകൾ എന്റെ മുതുകിൽ ആടുന്ന മയിലിന്റെ പീലികൾ പോലെ വിരിച്ചു പിടിച്ചു.
ഞാനവളുടെ അഴിച്ചിട്ട മുടികൾ ചേർത്ത്‌ പിടിച്ചു.
നമുക്ക്‌ ഇന്നലകളിലല്ല നാളെകളിലല്ല കിശൻ ഈ നിമിഷത്തിൽ ജീവിക്കാം.
ദുഖങ്ങളില്ലാത്ത പ്രതീക്ഷകളില്ലാത്ത ഈ മാത്രയിലാണു നാം ജീവിക്കേണ്ടത്‌.
അന്ന് ഭദ്ര കണ്ണുകളിൽ കരിയെഴുതി,
കുങ്കുമം തൊട്ടു,മുടിയഴിച്ച്‌ മുറ്റത്തെ പടവിൽ എനിക്കരികെ വന്നിരുന്നു.
ഏതോ ബേബി സോപ്പിന്റെ നിർമ്മലമായ ഗന്ധം ചുറ്റും പടർന്നു.
അവളെന്നെ നോക്കി ചിരിച്ചു.
ഒരു ചിരി,.. അത്‌ അഗ്നിസ്ഫോടനം പോലെ
അതിസുന്ദരവും വശ്യവും അകപ്പെട്ടുപോയാൽ നിർദ്ദാക്ഷിണ്യം പ്രേമത്തെ വിസ്ഫോടനതയിലെത്തിക്കുന്നതുമായിരുന്നു.
ഭദ്ര ഇത്ര അപകടമുള്ള ചിരി നീയി ചുണ്ടിലെവിടെ ഒളിപ്പിച്ചു ഇത്ര നാൾ.
നിനക്ക്‌ മറവിയാണു കിശൻ.
ഓർമ്മയുണ്ടോ എന്റെ ഇടത്‌ മാറിലെ കറുത്ത മറുക്‌ നീ കണ്ടെടുത്ത ദിവസം.
നി വരച്ച്‌ ചുരുട്ടി എറിഞ്ഞ കാർട്ടൂണുകൾക്കും പത്രങ്ങൾക്കും പുസ്തകങ്ങൾക്കും ഇടയിൽ നിന്റെ കിടക്കയിൽ ഞാൻ നിന്നോടിങ്ങനെ ചിരിച്ചു.
എനിക്ക്‌ അഭിനയിക്കാനറിയാത്ത എന്റെ ചിരി,എനിക്ക്‌ നിന്നോടുള്ള പ്രേമം.
വീഞ്ഞ്‌ പോലെ നിന്റെ പ്രേമം വീര്യമേറി വരുന്നു ഈ ചിരിയിൽ ഞാൻ ദഹിക്കുന്നു ഭദ്ര.
എന്റെ ഉടൽ.
എന്റെ മാംസവും ചോരയും.
എന്റെ അസ്ഥിയും മജ്ജയും 
നിന്റെ പ്രേമത്തിൽ ദഹിക്കട്ടെ .
എനിക്ക്‌ നേരെ രണ്ട്‌ കൈകളും നീട്ടി..
എന്നോട്‌ ചേർന്ന് നിൽക്കുമ്പോൾ ഭദ്രക്ക്‌ നനുത്ത സുഗന്ധമുള്ള തണുപ്പ്‌ ഉണ്ടായിരുന്നു.
തേനിന്റെ മണമാണു ഭദ്ര നിന്റെ മേൽ ചുണ്ടുകൾക്ക്‌.
ഒരു നോട്ടം കൊണ്ട്‌ ഭദ്രക്ക്‌ മാത്രമാണിത്ര വാചാലയാകാൻ കഴിയുക.
ആദിയിലേക്ക്‌ ഞങ്ങൾ നടന്നു.
വിലക്കപ്പെട്ട കനികൾ കായ്ക്കുന്ന താഴ്‌വരയിൽ ഞങ്ങളലയുകയാണ് .
നിന്റെ അധരങ്ങൾ,നിന്റെ കഴുത്തിലെ വിയർപ്പ്‌ ചാലുകൾ,നിന്റെ മാർവ്വിടങ്ങൾ...., 
പ്രിയെ ഞാനലയുന്ന മേരുക്കളിലൊക്കെ ആ കനിയുടെ ഉന്മത്ത ഗന്ധം.
ത്വം ഉരുകി നാം എന്നതില്ലാതാകുന്നു.
ഞാൻ ഉന്മാദിയായി നിന്നിലേക്ക്‌ ലയിച്ചു മരണപ്പെടുന്നു. 
പെയ്ത്‌ തീർന്ന ആസക്തിയുടെ ചൂരിൽ വീണ്ടും നീ ചിരിക്കുന്നു.
പ്രേമം വിയർപ്പുപ്പ്‌ ചാലിച്ച്‌ നിന്റെ ചുണ്ടോട്‌ ചേർക്കാതിരിക്കാനാകാത്ത വിധം മാരകമായ ചിരി.
****************************** 
മഞ്ഞിൽ കുഴഞ്ഞ ആദ്യ കിരണങ്ങൾ.
വീണ്ടും പുലരി..
വിരസമാക്കതെ . 
ഈ ആവർത്തനം എത്ര വിദഗ്ദ്ധമായി പ്രകൃതി അവതരിപ്പിക്കുന്നു.
നാട്ടിലേക്ക്‌ വരുമ്പോൾ പൊട്ടിക്കാതെ ബാഗിലേക്ക്‌ വാരിയിട്ട കത്തുകൾ വായിക്കുകയായിരുന്നു ഞാൻ.
ഭദ്ര കുളി കഴിഞ്ഞ്‌ ചായയുമായി അടുത്ത്‌ വന്നിരുന്നു.
പൊട്ടിച്ച്‌ വായിച്ച ഇല്ലന്റുമായി ഞാൻ ഇരുന്ന് ഒരു സിഗരറ്റ്‌ വലിച്ചു.
"നാട്ടിലൊന്ന് പോണം."
"വീട്ടിലേക്കാണോ ഞാനും വരാം."
"അല്ല..."
"പിന്നെ..."
"തുയ്യം മുട്ടിക്ക്‌..."
"എവിടെ ആയിരുന്നാലും ഞാനും കൂടാം..."
"വേണ്ട..."
അവളൊന്നും മിണ്ടാതെ ഇരുന്നു.
ഞാനവളെ നോക്കി ചിരിച്ചു...
അന്ന് ഉച്ചയോടേ ആ ട്രൈബൽ സെറ്റിൽ മെന്റ്‌ കോളനിയിലേക്ക്‌ ഞങ്ങൾ ചെന്നെത്തി... 
ദാസൻ ജീപ്പുമായി കാത്ത്‌ നിൽക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ രണ്ട്‌ പേരും ദാസനൊപ്പം യാത്ര തിരിച്ചു.
പച്ചപ്പ്‌ പുതയിട്ട്‌ നിൽക്കുന്ന കാട്ട്‌ വഴിയിലൂടെ ആടി ഉലഞ്ഞ്‌ ആ വണ്ടി മുന്നോട്ട്‌ പോയി.
താഴ്‌വാരത്ത്‌ തുയ്യം മുട്ടി പുഴ മെലിഞ്ഞോഴുകി..
കുതിരപ്പുല്ലുകൾ പൂത്ത്‌ നിൽക്കുന്ന ഒരു ചരിവിൽ ദാസൻ വണ്ടി നിർത്തിച്ചു.
അപ്പോഴാണ് അവളെ ഞാൻ പരിചയപ്പെടുത്തുന്നത്‌.
ഭദ്രയോടായി പറഞ്ഞു.
ഭദ്ര ഇത്‌ ദാസൻ ഇവന്റെ അമ്മയായിരുന്നു വീട്ടിൽ അമ്മക്ക്‌ കൂട്ട്‌. 
ഞങ്ങൾ കുത്ത്‌ കല്ലുകൾ കയറി ഒരു വര പോലെ തെളിഞ്ഞു നീണ്ട നട വഴിയിലൂടെ നടന്ന് ദാസന്റെ വീട്ടിലെത്തി.
മുറ്റത്ത്‌ പേര മരത്തിൽ കാറ്റിലുലയുന്ന ഒരു ഊഞ്ഞാലുണ്ടായിരുന്നു.
മൺകട്ടയിൽ പണിത ഓട്‌ മേഞ്ഞൊരു വീട്‌ അതിന്റെ മേൽക്കൂര വളഞ്ഞ്‌ നിലം പൊത്താറായി നിൽക്കുന്നു.
മുറ്റത്ത്‌ ഉപേക്ഷിക്കപ്പെട്ട പോലെ ഒരു ആട്ടുകല്ല്.
മാളത്തിലേക്ക്‌ ഊർന്ന് കയറും പോലെ ഞങ്ങളതിലേക്ക്‌ കയറി വളരെ പതുക്കെ.
പൊട്ടിയ തറയിൽ മൂന്ന് പെൺ കുഞ്ഞുങ്ങൾ തഴ പായയിൽ ഉറങ്ങി കിടക്കുന്നുണ്ടായിരുന്നു.
പുക നിറഞ്ഞ അടുക്കളയിൽ അവന്റെ അമ്മ എന്തോ പാകം ചെയ്തു.
കണ്ട മാത്രയിൽ വായിൽ നിറഞ്ഞു നിന്ന മുറുക്കാൻ നീട്ടി പുറത്തേക്ക്‌ തുപ്പി കറ പിടിച്ച പല്ലുകളാൽ ചിരിച്ച്‌ കാട്ടി കെട്ടി പിടിച്ചു.
ഞാനവരുടെ തോളിൽ കയ്യിട്ട്‌ കുശലം പറഞ്ഞു ആരും കാണാതെ ഒരു സിഗരറ്റ്‌ നൽകുകയും ചെയ്തു.
എന്റെ തല പിടിച്‌ താഴ്ത്തി നെറ്റിയിൽ സ്നേഹം ചുംബനമായി പതിപ്പിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നത്‌ ഞാൻ കണ്ടു.
അവിടെ നിന്ന് കിശനും സുഹൃത്ത്ക്കളും നിർമ്മിച്ച ഒരു ലൈബ്രറിയിലേക്കായിരുന്നു പോയത്‌.
മടങ്ങിയെത്താം എന്ന് പറഞ്ഞ്‌ കിശനും ദാസനും പോയി.
ലൈബ്രറിയിലെ രണ്ട്‌ പെൺകുട്ടികൾക്ക്‌ ദാസൻ എന്നെ പരിചയപ്പെടുത്തി.
ദാസനെ പോലെ ദാസന്റെ അമ്മയെ പോലെ അവിടെ നിലത്തുറങ്ങിയ മൂന്നു കുഞ്ഞുങ്ങളെ പോലെ 
വിറകുമായി പോകുന്ന സദാ മുറുക്കി ചുവന്ന ചുണ്ടുകളുള്ള കുറത്തി പെണ്ണുങ്ങളെ പോലെ.
കറുത്ത തോലും വെളുത്ത മനസും ഉള്ള എന്റെ അനുജത്തിമാർ.
മിനിയും കാർത്തികയും.
അവർ സഹോദരിമാരായിരുന്നു.
ഞങ്ങൾ മൂന്ന് പേരും കാരംസ്‌ കളിച്ചു.
വിശേഷങ്ങൾ പങ്ക്‌ വച്ചു.
അവരുടെ അഛൻ കാട്ട്‌ പന്നിയെ കൊന്നതിനിപ്പോൾ ജയിലിലാൺ.
വനത്തോട്‌ ചേർന്ന അവരുടെ കൃഷിയിടത്തിൽ സർക്കാർ ഫെൻസിംഗ്‌ വേലികൾ നിർമ്മിക്കാത്തതിനാൽ കാട്ട്‌ മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നു.
കാർത്തികയുടെ ഇടത്‌ കയ്പത്തിയിൽ രണ്ട്‌ വിരലികളില്ലായിരുന്നു.
മിനിയായിരുന്നു പറഞ്ഞത്‌ കഞ്ചാവ വലിച്ച്‌ ഭർത്താവ്‌ വെട്ടി മാറ്റിയതാണെന്ന്.
പത്താം ക്ലാസ്‌ പരീക്ഷ അടുത്ത സമയത്ത്‌ കാർത്തിക പഠനം നിർത്തി പോയത്‌ മണിയറയിലേക്കായിരുന്നു.
പുലർച്ചയിൽ ഭർത്ത്ര് മാതാവ്‌ ആശുപത്രിയിലെത്തിച്ചിട്ടും ആ രാത്രിയുടെ നോവ്‌ തീരാതവൾ നിലവിളിച്ചു.
അപ്പോഴാണു ഞാൻ എന്റെ ചിറകുകളിലേക്ക്‌ നോക്കിയത്‌ അറ്റു വീഴുകയും ഇനി മുളക്കുകയും ചെയ്യില്ല എന്ന് അന്ധമായി വിസ്വസിച്ചിരുന്ന ചിറകുകൾ.
അവ വിരിച്ച്‌ പറക്കാനാകും വിധം എന്നിൽ അവശേഷിപ്പതായ്‌ തോന്നി.
നമുക്ക്‌ ദുഖങ്ങളെ ഇല്ലാതാക്കാൻ കാതുകളെ,കണ്ണുകളെ തുറന്ന് പിടിക്കുക.
വേദനകളുടെ മഹാ പ്രപഞ്ചത്തിൽ നാം നിസ്സാരപ്പെടുന്നത്‌ അനുഭവിക്കാം അപ്പോൾ.
കിശൻ മടങ്ങി എത്തിയപ്പോൾ ഞാൻ അവരുടെ വീട്ടിലായിരുന്നു.
അവരുടെ റേഡിയോ ഏതോ ഒരു പഴഞ്ചൻ ഹിന്ദി യുഗ്മഗാനം പാടിക്കൊണ്ടിരുന്നു.
വെയിൽ ചാഞ്ഞ്‌ നിഴലുകൾക്ക്‌ നീളമേറിയ മൺ വഴിയിലൂടെ ദാസനൊപ്പം കിശൻ നടന്ന് വന്നു.
വാറ്റ്‌ കള്ള്‌ നാറുന്ന അവന്റെ വിയർപ്പ്‌ അരോചകമായി തോന്നി അപ്പോൾ.
വീണ്ടും ദാസന്റെ പുരയിലേക്ക്‌ നടന്നു.
ദാസന്റെ വാഴ തോപ്പിൽ വളർന്ന് കുറുകിയ വെന്തേക്കിൽ ഉണ്ടായിരുന്ന ഏറുമാടത്തിലേക്ക്‌ ഞാൻ സാഹസികമായി കയറി.
ദാസൻ ഞങ്ങൾക്ക്‌ വേണ്ടി കൊള്ളി പിഴുത്‌ വീട്ടിലേക്ക്‌ പോകുന്നത്‌ കണ്ടു.
ആ ഏറുമാടം ഭൂമിയിൽ തൊടാതെ ഉയർന്ന് നിൽക്കുന്ന പ്രശാന്തിയുടെ വീടാണെന്ന് എനിക്ക്‌ തോന്നി.
അതിൽ ഒരു കയറ്റ്‌ കട്ടിലും രണ്ട്‌ കസേരകളും ഉണ്ടായിരുന്നു.
ഉണങ്ങിയ ചൂരൽ പഴങ്ങൾ അലങ്കരിച്ച ആ ഓല മേഞ്ഞ മുള വീട്‌ കാവിനുള്ളിലെ ഏഴിലം പാലയിലേക്ക്‌ പറിച്ച്‌ വക്കുവാൻ എനിക്ക്‌ ആശ തോന്നി. 
കിശന്റെ മുഖം ഞാൻ ഉയർത്തി ചോദിച്ചു എന്ത്‌ പറ്റി നിനക്ക്‌.
നാളെ രാവിലെ വരെ നമുക്കിവിടെ നിൽക്കണം.
നാളെ നമുക്കൊരാൾക്ക്‌ ബലിയൂട്ടണം.
ആർക്ക്‌...?! ആ വാക്കുകളിൽ ഞാൻ ഉറഞ്ഞ്‌ നിന്നു.
പാപങ്ങളുടെ മൂന്ന് ശരീരങ്ങളുടെ അമ്മക്ക്‌.
ഭദ്ര ...
ദാസനും ദേവിയും മിണ്ടാതെയാകുന്നത്‌ അവൾ പ്രണയിച്ച്‌ ഒളിച്ചോടി പൊകുന്നത്‌ മുതലായിരുന്നു.
അവൾ രണ്ടാമത്‌ ഒരാളെ വീണ്ടും വിവാഹം കഴിച്ചു.
പിന്നീട്‌ അവളെ കുറിച്ച്‌ ദാസൻ അറിയുന്നത്‌ പോലീസ്‌ സ്റ്റേഷനിൽ നിന്ന് മൂന്ന് പെൺ മക്കളുടെ വിശപ്പടക്കാൻ ശരീരം വിറ്റ ഒരു പെണ്ണിനെ ജാമ്യത്തിലെടുക്കാൻ സഹോദരൻ എത്തണം എന്ന് ഫോൺ കോൾ വരുമ്പോഴായിരുന്നു.
അവൾ അതിനടുത്ത ദിവസങ്ങളിൽ വീട്ടിലെ പട്ടിണി കെടുത്തി.
അന്നൊരിക്കൽ വീട്ടിലെത്തിയപ്പോൾ
റേഷനരി ചോറിനൊപ്പം മുളക്‌ ചമ്മന്തിക്ക്‌ പകരം കോഴിയിറച്ചി ആയിരുന്നു ആനിയമ്മ വിളമ്പി തന്നത്‌.
ഞാനന്ന് അവരോടൊക്കെ ചിരിച്ച്‌ തമാശ പറഞ്ഞ്‌ വാരിത്തിന്ന ചോറിൽ അവളുടെ കറുത്ത ശരീരം
അതിൽ ആരുടെയൊക്കെയോ സ്ഖലന ദ്രവം
വിയർപ്പുപ്പ്‌.
ചോര.
കണ്ണുനീർ.
ഒടുവിലൊരു ദിവസം
തുയ്യം മുട്ടിയിൽ നിലാവ്‌ നോക്കി അവൾ കിടന്നു.
നാലു നാൾ.
അവളുടെ കവിൾത്തടം കല്ലുനക്കി മീനുകൾ തിന്നു.
ആറ്റ്‌ ഞണ്ടുകൾ വയർ പൊളിച്ച്‌ കുടൽ മാലകൾ പുറത്ത്‌ വരുത്തി.
അതിൽ നിന്നും നീലിച്ച തിളക്കത്തോടെ പാപക്കറകളുടെ മെഴുക്‌ വെള്ളപ്പരപ്പിൽ പടർന്നു കിടന്നു.
അവളുടെ ശരീരത്തിൽ നിന്ന് ജഡാമാഞ്ചി വേരുകളുടെ സുഗന്ധം പരന്നു.
പാപികളല്ലാത്ത വിശുദ്ധ മനുഷ്യർ അസഹനീയമായി മൂക്ക്‌ പൊത്തി.
അവളിൽ നിന്ന് പാപം വമിക്കുന്നത്‌ അവർക്ക്‌ മാത്രം ഗോചരമായി.
എനിക്കവൾക്ക്‌ എള്ളും ചോറും കുഴച്ച്‌ എല്ലിച്ച കൈയിലേക്ക്‌ വച്ച്‌ കൊടുക്കണം.
കിശന്റെ കണ്ണുകലങ്ങി ചുവക്കുന്നത്‌ ഞാൻ കണ്ടു
തിരികെ മടങ്ങുമ്പോൾ ഞാൻ ദാസനെ ഓർത്തു കല്ലിച്ച ആ ഹൃദയം ഓർത്തു 
വരണ്ട കണ്ണുനീർ ഗ്രന്ധികളെ ഓർത്തു.
ഒറ്റപ്പെട്ട മൂന്ന് പെൺ കുഞ്ഞുങ്ങളെ ഓർത്തു
അവരുടെ തൊലിപ്പുറത്ത്‌ തിളങ്ങുന്ന നീലിച്ച മെഴുക്കിനെ ഓർത്തു.
കാട്ട്‌ പൊന്തകളിൽ അവരെ കാത്തിരിക്കുന്ന
ആൺ നിഴലുകളെ ഓർത്തു.
കൊന്ന് കളയരുതെന്നും വേദനിപ്പിക്കരുതെന്നും മാത്രമപേക്ഷിച്ച്‌ വഴങ്ങിക്കൊടുക്കേണ്ടി വരുന്ന നിസഹായരായ ആയിരമായിരം പാപിനികളെ ഓർത്തു.
ഊരു വിലക്കപ്പെട്ട നടു വളഞ്ഞ മേൽക്കൂരയുള്ള വീട്‌ ഓർത്തു.
താഴ്‌വാരത്ത്‌ തുയ്യം മുട്ടി പുഴയിൽ 
പാപക്കറയിലേക്ക്‌ ചത്ത്‌ കിടക്കാൻ ഞാൻ കൊതിച്ചു.
പാപങ്ങളാരോപിക്കുന്ന സദാചാര സംസ്കാര ജീവികൾക്കിടയിൽ ഞാനും പാപിനിയാണല്ലോ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo