Showing posts with label എം. എം. ഡി. Show all posts
Showing posts with label എം. എം. ഡി. Show all posts

"ഒരു ചരമഗീതം"


തെക്കിനിയിലെ മരക്കൊമ്പിലിരുന്നൊരു ചരമപ്പക്ഷി
വിഷാദരാഗത്തിൽ ചിറകു വിടർത്തി പാടി...
***
വിഷമാമൃതത്തിൽ ദുഃഖനീർ കലർത്തി-
യാരോ നിനക്ക് കുടിക്കാൻ തന്നല്ലോ...
പ്രേമമാംപൊൻകത്തി നിൻഹൃദയമാം-
കവാടത്തിൽ കുത്തി പ്രണയരക്തത്തെ
പുറത്തേക്കൊഴുക്കിയല്ലോ..
എന്നിട്ടും...
സ്നേഹമാം ശവപ്പെട്ടിയിൽ കിടന്നു നീ
ചരമമാം സ്വപ്നത്തിൽ ഉറങ്ങുന്നുവോ..
നിന്നാത്മാവിനു ശാന്തിയേകാൻ
നിൻബന്ധുമിത്രങ്ങൾ പ്രാർത്ഥിക്കുന്നു!
***
ചരമഗീതം പാടിയ പക്ഷിയിതാ
ദക്ഷിണായനത്തിലേക്ക് പറന്നകന്നു..!
=========================
എം. എം. ദിവാകരൻ
28-12-2016

"വെളിച്ചപ്പാട് .."


************************
തളർന്ന വയറുമായ്
തളത്തിലിറങ്ങി..
താളത്തിൽ തുള്ളി..
താളത്തിൽ ചവിട്ടി.
താളം കൊട്ടി..
തലയ്ക്കു വെട്ടി..
തളർന്നു വീണു..
... വെളിച്ചപ്പാട് !!
===============
എം. എം. ദിവാകരൻ,
27-12-2016

"കുരിശിലേറ്റി"


********************
അവരെന്ന പരിഹസിച്ചു...
തെറി വിളിച്ചു...
കുടിപ്പിച്ചവരെന്നെ പുളിച്ചവീഞ്ഞ് 
എൻശിരസ്സിൽ മുൾക്കിരീടം ചൂടി
*
അവരുടെ ചോദ്യം:
ഇവനാണോ കവികളുടെ രാജാവ് ?
ഇവനാണോ കഥാകാരുടെ കഥാകാരൻ ?
പേനയും കടലാസും എൻനേരെ
തന്നിട്ടവർ മൊഴിഞ്ഞു:
നീ എഴുത്തുകാരനാണെങ്കിൽ -
എഴുതടാ.... കഥയും കവിതയും!
വിറയ്ക്കും കരങ്ങളാലെനിക്കു
എഴുതാൻ കഴിഞ്ഞില്ല...
*
കള്ളൻ..... നുണ പറയുന്നോ..
അവരെന്റെ കരണത്തടിച്ചു..
അവരെന്റെ മുഖത്താഞ്ഞു തുപ്പി..
അവരെന്നെ കുരിശിലേറ്റി...
ഞാൻ പ്രാർത്ഥിച്ചു :
കർത്താവേ ഇവരോടു പൊറുക്കേണമേ..!
*******************************************
എം. എം. ഡി.
25-12-2016

"മായാത്ത ക്രിസ്തുമസ്‌ ഓർമ്മകൾ"


എന്റെ മനസ്സിൽ മായാതെ കിടക്കുന്ന ക്രിസ്തുമസ്‌..
ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന കാലം... എന്റെ വീടിനടുത്തുള്ള ധനികരായ ഒരു ക്രിസ്ത്യാനി കുടുംബമാണ് "കണ്ണകേരി കുടുംബം".
ഒരു ദിവസം ആ കുടുംബത്തിലെ നാഥൻ - ഉണ്ണിട്ടൻ സാർ - എന്നോട് പറഞ്ഞു: നീ ഈ പഠിത്തം കഴിഞ്ഞുള്ള സമയം കണ്ട പിള്ളേരുമായി കാണുന്ന മുക്കിലും മൂലയിലും ഇരിക്കുന്ന സമയത്തു എന്റെ പേരക്കുട്ടികൾക്കു ട്യൂഷൻ നല്കരുതോ...
ഞാൻ സമ്മതിച്ചു..
അങ്ങനെ ഞാൻ അവിടെയുള്ള കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി..
ഉണ്ണിട്ടൻ സാറിന്റെ മക്കളായ തങ്കച്ചൻ, കുഞ്ഞുകുഞ്ഞു, അവറാച്ചൻ, ബേബി ഇവരുടെ മക്കളെയാണ് പഠിപ്പിക്കുന്നത്..
മൊത്തം 6 കുട്ടികൾ.. രണ്ടാം ക്ലാസ്സു മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾ..
എന്നും വൈകുന്നേരം ഞാൻ അവിടെ പോകും... 8 മണി വരെ കുട്ടികളെ പഠിപ്പിക്കും. പിന്നെ കുടുംബാംഗങ്ങളുമായി പ്രാർത്ഥന. അത് കഴിഞ്ഞു ആഹാരം. പിന്നെ ഉണ്ണിട്ടൻ സാർ പറയുന്ന കഥകൾ...
അവിടെ തന്നെ ഉറക്കം. ജോസ് മോനും ഞാനും ഒരു മുറിയിൽ കിടക്കും .. വെളുപ്പിനെ എണീറ്റ് കുട്ടികളെ പഠിപ്പിക്കൽ. 8 മണി വരെ... അത് കഴിഞ്ഞു എന്റെ കുളി... കാപ്പി കുടി.. അത് കഴിഞ്ഞു ഞാൻ എന്റെ വീട്ടിൽ വരും... ഒരുങ്ങി പത്തുമണിക്ക് ഞാനും പഠിക്കാൻ പോകും...
ഈ രീതിയിൽ ഞാൻ കണ്ണകേരി കുടുംബത്തിലെ ഒരു അംഗമായി.. കുട്ടികളൊക്കെ നല്ല മാർക്കോട് കൂടിയാണ് ജയിക്കുന്നതും.
പെരുന്നാൾ, ക്രിസ്തുമസ്, ഈസ്റ്റർ ഒക്കെ വരുന്ന ദിനങ്ങളിൽ എല്ലാവരും എനിക്ക് സ്പെഷ്യൽ ആയി രൂപ തരും. കൂടാതെ ഷർട്ട്, മുണ്ടു എന്ന് വേണ്ടാ... അടിപൊളി...
അങ്ങനെ കുറഞ്ഞത് 6 വർഷം ഞാൻ കണ്ണകേരി കുടുംബത്തിൽ കഴിഞ്ഞു. ഞായറാഴ്ച ദിവസം രാവിലെ അവരുടെ കൂടെ പള്ളിയിൽ പോകും.. പ്രാർത്ഥനയിൽ പങ്കെടുക്കും..
ഞാൻ പൂനെയിൽ വരുന്നത് വരെയും നാട്ടിലുള്ള കുട്ടികളെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ പഠിപ്പിച്ച എല്ലാ കുട്ടികളും ഇന്ന് നല്ല നിലയിൽ ജീവിക്കുകയും ചെയ്യുന്നു.
ആ കുടുംബവുമായുള്ള ബന്ധം മൂലമാണ് ഞാൻ ബൈബിൾ പഠിച്ചതും ബൈബിൾ ആധാരമാക്കി പല ലേഖനങ്ങളും കഥകളും കവിതകളും എഴുതിയതും...
* ബൈബിൾ ചരിത്രത്തിലൂടെ (ലേഖനം)
* യേശു നമ്മുടെ വഴികാട്ടി (ലേഖനം)
* ഇരുപതാം നൂറ്റാണ്ടിൽ ബൈബിളിന്റെ പ്രസക്തി (ലേഖനം)
* രക്തസാക്ഷി (കഥ)
* യൂദാസ് നീ എത്ര നല്ല മനുഷ്യൻ (കഥ)
*ക്രിസ്തുമസ് രാത്രി (കവിത)
********************************
എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ..
എം. എം. ദിവാകരൻ
24-12-2016

കഥ: == കുചേല യാത്ര ==



അവൾക്കു നല്ലവണ്ണം അറിയാം; തന്റെ ഭർത്താവ് ഇന്നുവരെയും ആരുടേയും മുന്നിൽ ഒരു സഹായത്തിനും കൈ നീട്ടിയിട്ടില്ലെന്നു..
പക്ഷെ ഇപ്പോൾ സഹായത്തിനു കൈ നീട്ടേണ്ട സന്ദർഭമാണുള്ളത്.
ഭാര്യ പറഞ്ഞു: ചേട്ടന്റെ ഏറ്റവും നല്ല കൂട്ടുകാരനാണല്ലോ മോനിച്ചൻ.
മോനിച്ചന് ചേട്ടൻ ജോലി വാങ്ങി കൊടുത്തു മാത്രമല്ല പണം നൽകിയും വളരെ സഹായിച്ചിട്ടുണ്ടല്ലോ... ഇന്ന് വരെ ചേട്ടൻ ആ പണം തിരികെ ചോദിച്ചിട്ടുമില്ല ; കൂട്ടുകാരൻ തന്നിട്ടുമില്ല..
ഇപ്പോൾ കൂട്ടുകാരനും കുടുംബവും വളരെ ദൂരെയാണ് താമസവും..
അങ്ങോട്ടും ഇങ്ങോട്ടും പോക്ക് വരവും തീരെ ഇല്ല...
ഭാര്യയുടെ നിർബന്ധം മൂലം പോകാമെന്നു ഞാനും മനസ്സിൽ ഉറപ്പിച്ചു...
പിറ്റേദിവസം വെളുപ്പിനെ തന്നെ പോകാൻ ഭാര്യയുടെ ഉപദേശം...
വെളുപ്പിനെ ഭാര്യ ഒരു കടുംകാപ്പി അനത്തി തന്നു. പോകാൻ നേരം ഭാര്യ ഒരു പൊതിക്കെട്ടു തന്നിട്ട് പറഞ്ഞു: ഇത് കൂട്ടുകാരന് നൽകണം..
എന്താണ് ഇതിൽ? ഞാൻ ചോദിച്ചു.
അല്പം കുടംപുളിയും, ചക്കച്ചുള വറത്തതും..!
ഇറങ്ങാൻ നേരം ഭാര്യ പറഞ്ഞു: പോരാത്ത തുക കൂട്ടുകാരനോട് ചോദിക്കു.. തരാതിരിക്കില്ല... പിന്നെ തിരിച്ചു കൊടുക്കാമെന്നും പറ..
ശരി.. ചാന്ദിനി... എനിക്കും തോന്നുന്നു മോനിച്ചൻ നമ്മളെ സഹായിക്കും...
അയാൾ വീട്ടിൽ നിന്നും ഇറങ്ങി...
നേരം പുലർന്നു വരുന്നതേയുള്ളു.. കാക്കകളുടെ കരച്ചിൽ...
ഒരു ചകോരാതി പക്ഷി കരഞ്ഞു കൊണ്ട് അയാളുടെ തലയ്ക്കു മേലേകൂടി പറന്നു പോയി...
ബസ് കിട്ടി.. നീണ്ട യാത്ര... രാവിലെ പതിനൊന്നു മണിയായപ്പോൾ അയാൾ കൂട്ടുകാരന്റെ വീട്ടിലെത്തി... വീടല്ല.. കണ്ടാൽ രാജകൊട്ടാരം തന്നെ..
അയാൾ കാളിങ് ബെൽ അമർത്തി...
കൂട്ടുകാരൻ വന്നു...
എന്നെ തുറിച്ചൊന്നു നോക്കി..
ഞാനാ... ദിവാൻ..
ഓ... ഒറ്റ നോട്ടത്തിൽ മനസ്സിലായില്ല..
ഞങ്ങൾ സ്വീകരണ മുറിയിൽ ഇരുന്നു.
കൂട്ടുകാരൻ നീട്ടി വിളിച്ചു.. മാലതീ...
മാലതി എത്തി...
എന്നെ കണ്ടിട്ട് മാലതിക്ക് പിടികിട്ടിയില്ല എന്ന് തോന്നി..
ഇത് നമ്മുടെ പഴയ ദിവാൻ...
ഓ.. മനസ്സിലായി..
അയാൾ പൊതി മാലതിയുടെ നേരെ നീട്ടിയിട്ടു പറഞ്ഞു: ചാന്ദിനി തന്നതാ..
മാലതി ആ പൊതി വാങ്ങിയിട്ട് ചോദിച്ചു:
പിന്നെ ചാന്ദിനി ചേച്ചിക്ക് സുഖം അല്ലെ..
ചാന്ദിനി ചേച്ചി ജീവിച്ചിരിക്കുന്നു എന്ന് മാത്രം..
കഥകേട്ട് കഴിഞ്ഞു ഒരു ചെറു പുഞ്ചിരിയോടെ അവർ ചോദിച്ചു;
ദിവാന് ഒരു മോളേ ഉള്ളല്ലോ... മോള് ഇപ്പോൾ എന്ത് ചെയ്യുന്നു...
അയാൾ മോളുടെ വിദ്യാഭ്യാസം ഇപ്പോൾ കിട്ടിയ ജോലി ഇതൊക്കെ വിശദീകരിച്ചു..
മോൾക്ക് ഒരു കല്യാണം ഒക്കെ ആയി വരുന്നു...
ക്ഷണിക്കാൻ പിന്നീട് വരാം...
ഇക്കാലത്തെ നാട്ടു നടപ്പനുസരിച്ചു കല്യാണത്തിന് നല്ല ഒരു തുക വേണമല്ലോ...
ഞാൻ വന്നത്..... മോനച്ചൻ...കുറെ പണം തന്നു.. എന്നെ ... ഒന്ന്... സഹായിക്കണം...
പിന്നെ അത് തിരിച്ചു തരാം...
ഉടൻ മാലതി തുടർന്നു... ഞങ്ങൾ എവിടെനിന്നും തരാനാ...
ചേട്ടന്റെ ബിസിനെസ്സ് ഡൌൺ ആയി... ഒരു ചെറിയ കമ്പനി .. അതുപോലും പൂട്ടിയ പരുവത്തിലാ..... പിന്നെ ഞങ്ങൾ എങ്ങനെ സഹായിക്കാനാ...
പിന്നെയോ.. മോനും മോളും ഡോക്ടറിന് പഠിക്കയാ...
ലക്ഷക്കണക്കിന് രൂപ അവർക്കു തന്നെ വേണം...
മാലതി പറഞ്ഞത് ശരിയാണ്... മോനിച്ചനും സപ്പോർട്ട് ചെയ്തു..
എന്തായാലും കല്യാണം കൂടാൻ വരാം..
ദിവാൻ പറഞ്ഞു: തീർച്ചയായും വിളിക്കും.. നിങ്ങൾ വരണം..
***
ദിവാൻ യാത്ര പറഞ്ഞിറങ്ങി...
കുചേലനെപ്പോലെ അയാൾ നടന്നകന്നു...
ഒരു കുചേല യാത്ര...
പക്ഷെ മടക്ക യാത്ര കുചേല യാത്ര അല്ലായിരുന്നു....
******************************************************************
ഇന്ന് കുചേല ദിനം...
എം. എം. ദിവാകരൻ
21-12-2016

"മണ്ണും പെണ്ണും പൊന്നും"


പൊന്നും കിട്ടി..
പെണ്ണും കിട്ടി
*
പൊന്നു വിറ്റു
കള്ളു കുടിച്ചു..
*
തല ചായ്ക്കാൻ
മണ്ണുമില്ല വീടുമില്ല..!
*
പൊന്നിൻ കേസ് വാദിക്കാൻ
പെണ്ണും 'ടാറ്റ" പറഞ്ഞൊഴിഞ്ഞു..
*
പിടികിട്ടി....
മണ്ണും പെണ്ണും പൊന്നും!
ഒരിക്കലും വാഴാ ......
***************************
എം. എം. ദിവാകരൻ
20-12-2016

"പ്രണയപ്പകിടകൾ"


ഒരു ജോഡി പ്രണയപ്പകിടകൾ...
പകിടതൻ ചതുർവശങ്ങളിൽ കാണാം...
പ്രണയം, സ്നേഹം, പ്രേമം, വഞ്ചന...
രണ്ടു പകിടകളും കൈയിൽ വച്ച് തിരുമ്മി
രണ്ടും നീട്ടി ഉരുട്ടി വിട്ടു...
*
കണ്ടു!
ഒരു പകിടയിൽ പ്രണയവും
മറ്റേ പകിടയിൽ വഞ്ചനയും ...
പ്രണയം കാണിച്ച പകിട ഞാനും
വഞ്ചന കാണിച്ച പകിട അവളും ആയിരുന്നു..
***************************
എം. എം. ഡി.
18-12-2016

"സ്നേഹനിഴൽ" - കഥ



അയാൾ നഗരത്തിൽ ബസ്സിറങ്ങി...
അടുത്ത ഒരു കടയിൽ നിന്നും ഒരു സിഗരറ്റു വാങ്ങി, കത്തിച്ചു പുക ഊതികൊണ്ടു കടക്കാരനോട് ചോദിച്ചു:
ഈ 'മംഗളോദയം' വിവാഹ മണ്ഡപം എവിടെയാണ്?
കടക്കാരൻ പറഞ്ഞു: ഇവിടെ നിന്നും ഒന്നര കിലോമീറ്റർ ദൂരം വരും...
അയാൾ വഴിയും പറഞ്ഞു കൊടുത്തു...
ഒരു ഓട്ടോ പിടിച്ചു അയാൾ വിവാഹ മണ്ഡപത്തിലെത്തി...
മണ്ഡപത്തിനു ചുറ്റും, വഴിയരികിലും ഒക്കെ കാറുകൾ കിടക്കുന്നു...
മണ്ഡപത്തിനു ചുറ്റും അലങ്കാരങ്ങൾ.... വർണ്ണ പ്രപഞ്ചം..
അയാൾ ഹാളിൽ കയറി ഒരു കസേരയിൽ ഇരുന്നു...
***
ഒരു ദിവസം അയാൾ ഓഫീസിൽ പോകുന്ന വഴിയിൽ
അവിചാരിതമായി അയാൾ വേണുവിനെ കണ്ടത്...
നീണ്ട വർത്തമാനത്തിനിടയിൽ വേണു പറഞ്ഞു: നമ്മുടെ പഴയ കൂട്ടുകാരൻ ഷണ്മുഖന്റെ മകളുടെ കല്യാണമല്ലേ? കല്യാണക്കുറി വീട്ടിൽ കിട്ടി... പക്ഷെ അന്ന് ഞങ്ങൾക്ക് പോകാൻ സാധിക്കുകയില്ല... ഞാനും കുടുംബവും നാട്ടിൽ പോകുകയാണ്.. അന്ന് തന്നെയാണ് എന്റെ സഹോദരിയുടെ വിവാഹവും... ഗുരുവായൂർ അമ്പലത്തിൽ വച്ചാണ്..
തന്നെ വിളിച്ചില്ലേ കല്യാണത്തിന്? വേണുവിന്റെ ചോദ്യത്തിന് അയാൾ പറഞ്ഞു: എന്നെ വിളിക്കാൻ മറന്നു പോയിരിക്കും!
എവിടെ വച്ചാണ് കല്യാണം?
വേണു പറഞ്ഞു: കുറെ വർഷമായി അവരിപ്പോൾ മുംബൈയിൽ ആണ് താമസം. ഷണ്മുഖന് അങ്ങോട്ട് ട്രാൻസ്ഫർ ആയല്ലോ. മകളുടെ വിവാഹം മുംബൈയിൽ... തീയതിയും സമയവും വിവാഹമണ്ഡപത്തിന്റെ പേരും ഒക്കെ നൽകി..
വേണു നടന്നകന്നപ്പോൾ അയാളുടെ മനസ്സിൽ ഓർമ്മകൾ ഇളകാൻ തുടങ്ങി...
വർഷങ്ങൾക്കു മുൻപ്.. അയാൾ കണ്ടുമുട്ടിയ ഒരു കൂട്ടുകാരനായിരുന്നു ഷണ്മുഖൻ... ജോലി തേടി നാട്ടിൽ നിന്നും ഡൽഹിയിൽ വന്നു.. അയാൾ താമസിക്കുന്ന വീടിന്റെ അടുത്തുള്ള ഒരു മലയാളി കുടുംബത്തിലെ ഒരു ബന്ധു...
അയാൾ ഷണ്മുഖനെ സ്വന്തം സഹോദരനെപോലെ കരുതി.
അയാളുടെ പരിശ്രമത്താൽ താമസിയാതെ ഷണ്മുഖന് നല്ല ഒരു ജോലിയും കിട്ടി....
താമസിയാതെ ഷണ്മുഖൻ വിവാഹിതനായി. പെണ്ണ് കാണാൻ പോയതും, പിന്നീടുള്ള എല്ലാ കാര്യങ്ങളിലും അയാളെ ഷണ്മുഖൻ തന്റെ സ്വന്തം സഹോദരനെപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു..
വിവാഹം കഴിഞ്ഞു താമസിയാതെ അവർ ഒരു പുതിയ വീട് വാങ്ങി താമസം തുടങ്ങി...
എല്ലാ ഞായറാഴ്ചയും അയാളും ഭാര്യയും മോനും ഷണ്മുഖന്റെ വീട്ടിൽ പോകും... അവരുടെ സ്നേഹാന്വേഷണം അറിയാൻ...
ഒരു വർഷം കടന്നു പോയി...
ഷണ്മുഖന്റെ ഭാര്യ ഒരു പെൺകുഞ്ഞിന്റെ അമ്മയായി.
ആ കുഞ്ഞിന് പേര് നിർദേശിച്ചതും അയാൾ തന്നെ... "സിന്ധു"
ആ പേര് എല്ലാവർക്കും ഇഷ്ടപ്പെട്ടു...
മൂന്നു വർഷം വരെ അയാളുടെ സ്നേഹവാത്സല്യം സിന്ധു മോൾക്ക് കിട്ടി.
സിന്ധുവിനെ എടുത്തു അയാൾ പാടും:
"എന്മകളേ... സിന്ധുമോളേ..
നീ പഠിച്ചു മിടുക്കിയാകണം".."
അയാളുടെ പാട്ടു കേട്ട് സിന്ധു മോൾ കുടു കുടെ ചിരിക്കും...
ഒരു ദിവസം.. അവർ ചെന്നപ്പോൾ..
ഷണ്മുഖന്റെ ഭാര്യ പറഞ്ഞു:
"ഈ ചേട്ടനും ചേച്ചിക്കും വേറെ ഒരു പണിയും ഇല്ലേ...
രാവിലെ എഴുന്നള്ളി വരും...!"
ആ വാക്കുകൾ കേട്ട് അവരുടെ ഹൃദയം തകരുന്ന പ്രതീതി...
അയാളുടെ ഭാര്യ പറഞ്ഞു: ഷണ്മുഖ... ഞങ്ങൾ ഇവിടെ വരുന്നത് നിങ്ങളുടെ ഒരു കപ്പു ചായയോ ആഹാരമോ ഉദ്ദേശിച്ചല്ല.. ഇനി ഞങ്ങൾ ഒരിക്കലും ഇവിടെ വരില്ല...
വരില്ലെങ്കിലും വേണ്ട... ഞങ്ങൾക്ക് ഒന്നും സംഭവിക്കാൻ പോണില്ല... ഷണ്മുഖന്റെ ഭാര്യ എടുത്തടിച്ചപോലെ പറഞ്ഞു...
അവർ ഇരിക്കാതെപോലും അവിടെ നിന്നും ഇറങ്ങി...
തകർന്ന മനസ്സോടെ...
*****
പതിനേഴു വർഷങ്ങൾ കൊഴിഞ്ഞു പോയി...
സിന്ധു മോളെ ഒന്ന് കാണണം..
അയാൾ ഡൽഹിയിൽ നിന്നും മുംബൈയിലേക്ക്‌ തിരിച്ചു..
തലേദിവസം ഒരു ഹോട്ടലിൽ താമസിച്ചു...
വിവാഹ ദിവസം അയാൾ അതിരാവിലെ അയാൾ ഇറങ്ങി...
*****
അയാൾ ഹാളിൽ ഒരു കസേരയിൽ ഇരുന്നു..
പരിചയ മുഖം ഒന്നുമില്ല...
സ്വീകരിക്കാൻ കവാടത്തിൽ നിന്നവരെയും പരിചയമില്ല..
വരനും വധുവും വിവാഹ മണ്ഡപത്തിൽ സന്നിഹിതരായി..
അയാളുടെ കണ്ണുകൾ നിറഞ്ഞു...
സിന്ധു മോൾ... അവൾ എത്ര സുന്ദരിയാണ്...
മണ്ഡപത്തിൽ ഷണ്മുഖനും ഭാര്യയും നിൽക്കുന്നത് അയാൾ കണ്ടു...
അവർ ഈ തന്നെ കണ്ടാൽ തിരിച്ചറിയുമോ?
ഇല്ലായിരിക്കാം... അതുപോലെയാണല്ലോ തന്റെ ഇപ്പോഴത്തെ പ്രകൃതം..
ഒരു അസ്ഥിപഞ്ജരം... നരച്ച മുടി... ഒട്ടിയ കവിൾ...
****
താലികെട്ട് കഴിഞ്ഞു...
ആശംസ അർപ്പിക്കാനുള്ളവരുടെ നിര...
അയാളും നിരയിൽ നിന്നു...
അയാളുടെ ഊഴം ആയി..
സിന്ധു മോളെയും ഭർത്താവിനെയും അയാൾ അനുഗ്രഹിച്ചു..
അയാളെ പരിചയപ്പെടുത്താൻ അവിടെ ആരും ഇല്ലായിരുന്നു.
ഷണ്മുഖനും അയാളും പരസ്പരം നോക്കി...
ഷണ്മുഖന് ഈ മുഖം മനസ്സിലായോ?
ഇല്ലായിരിക്കാം...
അയാൾ സിന്ധുവിന് ഒരു കവർ നൽകി..
അറിയാതെ സിന്ധു ആ കവർ ഷണ്മുഖന്റെ കൈയിൽ കൊടുത്തു!!!
അതിൽ ഒരു നീണ്ട കത്തും ഉണ്ടായിരുന്നു...
രണ്ടു സ്നേഹിതരുടെ കൊഴിഞ്ഞു പോയ കഥ...
*****
അയാൾ വെളിയിൽ വന്നു..
സദ്യ നടന്നുകൊണ്ടിരിക്കുകയാണ്...
ഉണ് കഴിഞ്ഞവർ പറയുന്നു:
അടിപൊളി സദ്യ... നാല് തരം പായസം..
അടപ്രഥമൻ, പാൽപായസം, അരിപ്പായസം,
ചക്ക പ്രഥമൻ...
ചോറുണ്ണാൻ അയാളുടെ മനസ്സ് അനുവദിച്ചില്ല..
അയാൾ വഴിയിലേക്ക് നടന്നു.. ഓട്ടോയ്ക്ക് വേണ്ടി
കാത്തു നിന്നു..
സൂര്യാതാപം സഹിക്കാൻ കഴിയുന്നില്ല..
അതോടൊപ്പം വിശപ്പും..!
*************************
[സ്നേഹിതരെ വർഷങ്ങൾക്കു മുൻപ് ഞാൻ എഴുതിയ ഒരു കഥയാണിത്.. ഇപ്പോൾ ആ ഓർമ്മ മനസ്സിൽ വച്ച് കുത്തിക്കുറിച്ചു.. "സ്നേഹനിഴൽ"
എം. എം. ദിവാകരൻ

"ഉണ്ണി പിറന്നു" (കവിത)


അർദ്ധരാത്രി..
കൊടും തണുപ്പ് ,...
ആശുപത്രിയില്ല
വയറ്റാട്ടിയില്ല..
തെരുവിലൊരു ജനനം
*
കുഞ്ഞു കരഞ്ഞു....
മാനവർക്കൊരു വിളംബരം:
ഞാനുമീ ഭൂമിയിലൊരു അംഗം ..!
*
കിഴക്കു നിന്നും വിദ്വാന്മാർ വന്നില്ല..
വഴികാട്ടാൻ നക്ഷത്രവും ഉദിച്ചില്ല..
പൊന്നും കുന്തരിക്കവും കാഴ്ച വച്ചില്ല..
ആരും വന്നു സ്തുതിഗീതവും പാടിയില്ല...
*
പിറന്ന ഉണ്ണിയുടെ അടുത്തുണ്ട്
അമ്മയും അച്ഛനും രണ്ടു കുഞ്ഞു സോദരികളും...
അവരെല്ലാം ഉണ്ണി പിറക്കുന്നു കണ്ടു...
അമ്മ പ്രസവിച്ച ചോരക്കുഞ്ഞു!
*
സ്വർഗ്ഗത്തിൽ നിന്നുംവന്ന മാലാഖമാരെ പോലെ...
സോദരിമാരീണത്തിൽ പാടി:
ഉണ്ണി പിറന്നേ....ഉണ്ണി പിറന്നേ....
ഞങ്ങൾക്കൊരുണ്ണി പിറന്നേ...
*
തെരുവിന്റെ മക്കൾക്കൊരു
രാജകുമാരൻ വന്നുപിറന്നേ ,,,,
തെരുവിന്റെ രാജാധികാരൻ
വന്നുപിറന്നേ ,,,,വന്നുപിറന്നേ ,,,,
*********************************
എം. എം. ദിവാകരൻ,
16-12-2016

കുഞ്ചൻ നമ്പ്യാരുടെ "പതിന്നാലു വൃത്തം - 1


കുഞ്ചൻ നമ്പ്യാരുടെ "പതിന്നാലു വൃത്തം"
-- ഒരു സാമാന്യ പഠനം
- എം. എം. ദിവാകരൻ, പുനെ
=================================
ആമുഖം:
*************
തുള്ളൽ കൃതിയുടെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാർ അന്നത്തെ എല്ലാ കാവ്യശാഖയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നീതിശാസ്ത്രമായ പഞ്ചതന്ത്രം, മണിപ്രവാള കാവ്യമായ ശ്രീകൃഷ്ണ ചരിതം, സ്തോത്രകാവ്യമായ പതിന്നാലു വൃത്തം തുടങ്ങിയവ നമ്പ്യാരുടെ ശ്രദ്ധേയമായ കൃതികളാണ്. ഇതൊക്കെ തന്റെ കാവ്യസരണിയെ തുള്ളൽ കവിതകളിലേയ്ക്ക് തിരിച്ചു വിടുന്നതിനു മുൻപ് എഴുതിയിട്ടുള്ളവയാണ്.
പതിന്നാലു വൃത്തം വൃത്തങ്ങൾ കൊണ്ടുള്ള ഒരു കീർത്തന മാലയാണ്.
ഇതിലെ കഥാവസ്തു എടുത്തിട്ടുള്ളത് മഹാ ഭാരതത്തിൽ നിന്നുമാണ്.
കുരുക്ഷേത്രയുദ്ധം എങ്ങനെയെങ്കിലും ഒഴിവാക്കി സമാധാനം സ്ഥാപിക്കുവാൻ പാണ്ഡവന്മാർ പ്രത്യേകിച്ച് ധർമ്മപുത്രർ ആഗ്രഹിച്ചു.
ദുര്യോധനാദികളിൽ നിന്ന് സമാധാനമായി തങ്ങളുടെ രാജ്യം തിരിച്ചു കിട്ടുവാൻ ഭഗവാൻ കൃഷ്ണനെ ഒരു ദൂതനായി പറഞ്ഞയക്കുന്നു.
ദൂതനായ ശ്രീകൃഷ്ണനെ ദുഷ്ടരായ കൗരവരും കൂട്ടരും അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നു.. ഒടുവിൽ ഭഗവാൻ കൃഷ്ണന്റെ വിശ്വരൂപം പ്രത്യക്ഷപ്പെടുകയും കൗരവന്മാർ ഭയാകുലരാകുകയും ചെയ്യുന്നു.
ഭഗവദ് ദൂതിലൂടെ ഭാരത കഥയുടെ രൂപരേഖ ധന്യാത്മകമായി അവതരിപ്പിക്കുവാൻ കുഞ്ചൻ നമ്പ്യാർക്കു കഴിഞ്ഞിട്ടുണ്ട്. ഗാനാത്മകവും താളപ്രധാനവുമായ സംസ്കൃത ദ്രാവിഡ വൃത്തങ്ങൾ തെരെഞ്ഞെടുത്തു പതിന്നാലു വൃത്തത്തിലൂടെ ഒരു കീർത്തന മാല കോർത്തിണക്കിയിരിക്കുകയാണ് കുഞ്ചൻ നമ്പ്യാർ ഇതിലൂടെ.
പതിനാലു വൃത്തങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും പതിമൂന്നു വൃത്തങ്ങൾ മാത്രമേ ഈ കീർത്തന മാലയിൽ കാണുന്നുള്ളൂ.
തരംഗിണി, ഇന്ദുവദന, മല്ലിക, സമ്പുടിതം , സ്വാഗത, കളകാഞ്ചി, ഉപസർപ്പിണി, അജഗരഗമന , മല്ലിക, കല്യാണി, തോടകം, മദനാർത്ത, സ്തിമിത, ഭുജംഗപ്രയാതം എന്നീ വൃത്തങ്ങളാണ് യഥാക്രമം ഉപയോഗിച്ചിട്ടുള്ളത്.
മൂന്നാം വൃത്തത്തിലും ഒമ്പതാം വൃത്തത്തിലും ഉപയോഗിച്ചിട്ടുള്ളത് മല്ലികാവൃത്തം തന്നെയാണ്.
കുഞ്ചൻ നമ്പ്യാരുടെ കാവ്യ പ്രതിഭ പൊട്ടിവിടരാൻ തുടങ്ങുന്ന കാലഘട്ടത്തിൽ രചിക്കപ്പെട്ട ഒരു സ്തോത്രകാവ്യമാണെങ്കിലും കവിയുടെ കാവ്യ ഭാവന ചിലങ്കകെട്ടി രംഗത്ത് വരുവാൻ വെമ്പൽ കൊള്ളുന്ന കാഴ്ച നമുക്ക് പതിന്നാലു വൃത്തത്തിൽ കാണാൻ കഴിയും.
*************************
പതിന്നാലു വൃത്തം
-----------------------------
പ്രഥമ വൃത്തം : തരംഗിണി
"ദ്വിമാത്രം ഗണമെട്ടെണ്ണം
യതിമദ്ധ്യം തരംഗിണി"
[രണ്ടു മാത്രകളോട് കൂടി എട്ടു ഗണവും മദ്ധ്യത്തിൽ യതിയുമുള്ള
വൃത്തം തരംഗിണി. ]
"ഗുണഗണമിയലും ഗണനായകനും
പ്രണതശിവങ്കരി കവിമാതാവും
ഫണിപതി ശയനം മധുസൂദനനും
തുണചെയ്തീടുക നാരായണ ജയ" (1 )
(ഗുണഗണം = ഗുണസമൂഹം, ഇയലും = ഉള്ള, പ്രണതശിവങ്കരി = പ്രണമിക്കുന്നവർക്കു മംഗളം നൽകുന്ന, കാവ്യമാതാവ് = സരസ്വതി,
ഫണിപതി = അനന്തൻ, ശയനൻ = ശയിക്കുന്നവൻ, മധുസൂദനൻ = ശ്രീകൃഷ്ണൻ)
പ്രഥമ വൃത്തത്തിൽ മൊത്തം 53 ശ്ലോകങ്ങൾ അടങ്ങിയിട്ടുണ്ട്.
=================
തുടരും....
എം. എം. ദിവാകരൻ,
08-12-2016

കുഞ്ചൻ നമ്പ്യാരുടെ "പതിന്നാലു വൃത്തം" - തുടർച്ച 2





===========================
ദ്വതീയ വൃത്തം -- ഇന്ദുവദന
"ഇന്ദുവദനയ്ക്കു ഭജസംന ഗുരു രണ്ടും"
****************************************************
"ധർമ്മപരമാനസനധർമ്മലവഹീനൻ
ധർമ്മതനയൻ വിമലകർമ്മനതിശീലൻ
കർമ്മകരഭാവമൊടു കൃഷ്ണനെ വണങ്ങി
നിർമ്മലമൊരർത്ഥമുരചെയ്തു ഹരശംഭോ" ( 1 )
****************
[ധർമ്മപരമാനസൻ = ധർമ്മത്തിൽ മനസുള്ളവൻ,
ധർമ്മതനയൻ = ധർമ്മപുത്രർ
അധർമ്മലവഹീനൻ = അല്പവും അധർമ്മം ഇല്ലാത്തവൻ,
വിമലകർമ്മനതിശീലൻ = നിർമ്മലമായ പ്രവർത്തിയോടും വണക്കത്തോടും കൂടിയവൻ,
കർമ്മകരഭാവമൊടു ഭൃത്യഭാവത്തോട്,
നിർമ്മലം = കളങ്കമില്ലാത്ത, ഒരർത്ഥം = ഒരു കാര്യം
ഉരചെയ്തു = പറഞ്ഞു.
മുകളിൽ പറഞ്ഞ ശ്ലോകത്തിൽ ശിവനെ സ്തുതിക്കുന്നു..]
ദ്വതീയ വൃത്തത്തിൽ ആകെ 46 ശ്ലോകങ്ങളുണ്ട്]
***************************************
ത്രിതീയ വൃത്തം --- മല്ലിക
"രംസംജം ജഭരേഫമിഗ്ഗണ
യോഗമത്രഹിമല്ലിക "
"എന്തു സഞ്ജയ ചൊല്ലുചൊല്ലു പിതാവുതന്നുടെ ശാസനം
ചന്തമൊടു വനത്തിൽ വാഴുക ധർമ്മജാദികളെന്നതോ
അന്ധഭൂപതിതന്നുടെ കൃപ നന്നുനന്നിതു വിസ്മയം
ബന്ധുഭാവമിതെത്രയും തവ ചിന്തയേ ഹരശങ്കര" (1 )
************************
[ശ്രീകൃഷ്ണൻ സഞ്ജയനോട് പറയുന്നു.
പിതാവു തന്നുടെ = പാണ്ഡവരുടെ പിതാവായ ധൃതരാഷ്ട്രരുടെ ,
ശാസനം = കൽപ്പന, ധർമ്മജാദികൾ = ധർമ്മപുത്രർ തുടങ്ങിയ പാണ്ഡവന്മാർ, അന്ധഭൂപതി തന്നുടെ = അന്ധനായ ധൃതരാഷ്ട്രരുടെ,
ബന്ധു ഭാവം = ബന്ധുത്വം, തവ = നിന്റെ, ചിന്തയെ = ഞാൻ വിചാരിക്കുന്നു.]
ത്രിതീയ വൃത്തത്തിൽ ആകെ 23 ശ്ലോകങ്ങളുണ്ട്.
*****************************
തുടരും .....
[വായനക്കാരുടെ സംശയത്തിന് മറുപടി നൽകാൻ എന്റെ സമയം അനുവദിക്കുന്നില്ല എന്ന് ഖേദപൂർവ്വം അറിയിച്ചു കൊള്ളുന്നു. ]
എം. എം. ദിവാകരൻ, പൂനെ
08-12-2016
[കടപ്പാട്: പതിന്നാലു വൃത്തം, കുഞ്ചൻ നമ്പ്യാർ, സി. ജെ. എം. പബ്ലിക്കേഷൻസ്, മണർകാട്, കോട്ടയം, ജൂലൈ 1993,
Edited by Professor C. J. Mannummood]

കുഞ്ചൻ നമ്പ്യാരുടെ "പതിന്നാലു വൃത്തം" - തുടർച്ച - 3


കുഞ്ചൻ നമ്പ്യാരുടെ "പതിന്നാലു വൃത്തം"
- ഒരു സാമാന്യ പഠനം ---- തുടർച്ച - 3
- എം. എം. ദിവാകരൻ, പൂനെ
===========================.
ചതുർത്ഥ വൃത്തം - സമ്പുടിതം
"യതിമദ്ധ്യം സമ്പുടിതം
നസഭംഗ ഗഗങ്ങളും"
**************************************
"തദനു ധൃതരാഷ്ട്രർ തനയനുടെ ശീലം
മദചപലമേറ്റം മനസി നിരൂപിച്ചും
ഹൃദയപരിതാപം മുഹുരപിജനിച്ചും
വിദുരരൊടു ചൊന്നാൽ പ്രണാമത മുകുന്ദം" ( 1 )
[ചതുർത്ഥ വൃത്തത്തിൽ മൊത്തം 53 ശ്ലോകങ്ങളാണുള്ളത്. ]
(ധൃതരാഷ്ട്രർ വിദുരരോട്:
തനയനുടെ = പുത്രനായ ദുര്യോധനന്റെ;
മദചപലം = അഹങ്കാരം കൊണ്ട് ഇളകുന്നത്;
ഹൃദയപരിതാപം = മനോദുഃഖം;
മുഹുരപി = പിന്നെയും പിന്നെയും
[ഈ വൃത്തത്തിൽ ശ്രീകൃഷ്ണനെ വണങ്ങുന്നു.]
**********************************************
പഞ്ചമ വൃത്തം - സ്വാഗത
"സ്വാഗതയ്ക്കു ര ന ഭം ഗുരു രണ്ടും"
"വൃഷ്ണിവംശ മണിദീപമതാകും
കൃഷ്ണനെത്തൊഴുതു ധർമ്മതനൂജൻ
വിഷ്ണുഭക്തിപരനാദരവോടെ
ധൃഷ്ണുരേവമവദജ്ജയ ശൗരേ" ( 1 )
[പഞ്ചമ വൃത്തത്തിൽ മൊത്തം 50 ശ്ലോകങ്ങളാണുള്ളത്. ]
**************************************************************
[ധർമ്മപുത്രർ ശ്രീകൃഷ്ണനോട് :
വൃഷ്ണിവംശ മണിദീപം = വൃഷ്ണികളുടെ വംശമാകുന്ന രത്നത്തിന് വിളക്കായ;
വിഷ്ണുഭക്തിപരൻ = വളരെ വിഷ്ണുഭക്തിയുള്ളവൻ ആയ ധർമ്മപുത്രർ;
ധൃഷ്ണു: = ധൈര്യത്തോടു കൂടി;
ഏവം = ഇപ്രകാരം; അവദൻ = പറഞ്ഞു.
ഇവിടെ യുദ്ധത്തിലും ശ്രീകൃഷ്ണനെ വണങ്ങുന്നു.]
****************************************
തുടരും .....
[വായനക്കാരുടെ സംശയത്തിന് മറുപടി നൽകാൻ എന്റെ സമയം അനുവദിക്കുന്നില്ല എന്ന് ഖേദപൂർവ്വം അറിയിച്ചു കൊള്ളുന്നു. ]
എം. എം. ദിവാകരൻ, പൂനെ
09-12-2016, at 3:15 p.m.

ഹർത്താൽ


ഇന്നത്തെ ഹർത്താൽ പൂർണ്ണം'..
ഇപ്പോൾ വാർത്തയിൽ പറഞ്ഞതാണ് മുകളിൽ കാണുന്നത്..
ഞാൻ അന്തം വിട്ടിരുന്നു... എന്താണ് ഈ 'പൂർണ്ണം'?
ഉപനിഷത്തിൽ പറയുന്ന പൂർണ്ണം ആണോ?
ശുക്ല യജ്‌ജുർ വേദ ശാഖയിലെ എല്ലാ ഉപനിഷത്തും താഴെ പറയുന്ന ശാന്തി പാഠം കൊണ്ടാണ് ഉപനിഷത്ത് തുടങ്ങുന്നതും; ഉപനിഷത്ത് അവസാനിക്കുമ്പോഴും ഈ ശാന്തി പാഠം ചൊല്ലിയാണ് അവസാനിപ്പിക്കുന്നത്.
നമ്മുടെയൊക്കെ നാവിൽ എപ്പോഴും തത്തിക്കളിക്കുന്ന പ്രസിദ്ധമായ ശാന്തി പാഠം...
"ഓം പൂർണ്ണമദ: പൂർണ്ണമിദം:
പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണസ്യ പൂർണ്ണമാദായ
പൂർണ്ണമേവാവശിഷ്യതേ"
ഓം ശാന്തി: ഓം ശാന്തി: ഓം ശാന്തി:
[ബ്രഹ്മമാകുന്ന അത് പൂർണ്ണമാണ്. കാര്യബ്രഹ്മമായ ഇതും പൂർണ്ണം തന്നെ. പൂർണ്ണത്തിൽ നിന്നാണ് പൂർണ്ണം ഉണ്ടാകുന്നത്. പൂർണ്ണത്തിൽ നിന്നും പൂർണ്ണം എടുത്തു മാറ്റിയാലും പൂർണ്ണം അവശേഷിക്കുന്നു.]
******************************
ഈ പരിപാവനമായ ശാന്തിപാഠം ഹർത്താലുമായി കൂട്ടിയിണക്കിയാൽ എങ്ങനെയിരിക്കും!
"ഓം ഹർത്താൽമദ: ഹർത്താൽമിദം:
ഹർത്താത്‌ ഹർത്താലുദച്യതേ
ഹർത്തസ്യഹർത്തമാദായ
ഹർത്തമേവാവശിഷ്യതേ"
[രാഷ്ട്രീയമാകുന്ന അത് ഹർത്താലാണ്. കാര്യമായ ഇതും ഹർത്താൽ തന്നെ . ഹർത്താലിൽ നിന്നാണ് ഹർത്താൽ ഉണ്ടാകുന്നത്. ഹർത്താലിൽ നിന്നും ഹർത്താൽ എടുത്തു മാറ്റിയാലും ഹർത്താൽ തന്നെ അവശേഷിക്കുന്നു.]
===========
വാൽക്കഷണം : ഹർത്താൽ കൊണ്ട് ഒരു നേട്ടവും ഇല്ലെങ്കിലും രാഷ്ട്രീയക്കാർക്കും ചാനൽ വാർത്തകൾക്കും ഒക്കെ "ഹർത്താൽ പൂർണ്ണം"... ഹർത്താൽ വിജയം !!!
=============================
mmd
28-11-2016

"ഭാര്യയുടെ തമാശകൾ"


ഫേസ് ബുക്കിൽ ഭയങ്കരം തമാശകൾ കാട്ടികൂട്ടാൻ മിടുക്കിയാണ് എന്റെ ഭാര്യ... അതൊക്കെ ചെയ്തിട്ട് എന്നെ വിളിച്ചു കാണിക്കും!
(1). ഒരു ദിവസം ഭാര്യ ചുമ്മാ ഒരു പോസ്റ്റ്‌ ഇട്ടു:
" എന്റെ പ്രിയ മിത്രങ്ങളെ എനിക്ക് തീരെ സുഖമില്ല."
കുറഞ്ഞത്‌ ഒരു 1000 നു മേൽ കമന്റ്‌ കിട്ടി ഭാര്യക്ക്..
ഭാര്യക്ക് സുഖമില്ലെങ്കിൽ ഭർത്താവിനാണല്ലോ വിഷമം വരേണ്ടത്. അതിനെക്കാൾ വിഷമമാണ് ഫേസ്ബുക് സ്നേഹിതർക്ക് .
കിട്ടിയ അഭിപ്രായങ്ങളിൽ 90% പുരുഷമിത്രങ്ങളിൽ നിന്നുമായിരുന്നു.
ചേച്ചിക്ക് എന്ത് സംഭവിച്ചു; ഡോക്ടറെ കണ്ടോ, ഡോക്ടർ എന്തു പറഞ്ഞു, വിശ്രമിക്കണം... ട്ടോ. ചേച്ചീടെ സൗന്ദര്യം പോകാതെ നോക്കണം, മൈ ഡിയർ..... അങ്ങനെ പോകുന്നു കമന്റ്സുകൾ ..
***
(2 ). വേറൊരു ദിവസം ഭാര്യ ചുമ്മാ കാച്ചി വിട്ടു:
ഞാൻ 'ഒരു ഫ്രണ്ടിനെ ഉടൻ ബ്ലോക്ക്‌ ചെയ്യും.. എന്നോട് അയാൾ അനാവശ്യവും അശ്ലീലവും ഒക്കെ പറയുന്നു..
അതിന്റെ വാലിലും കേറിപിടിച്ചതും മുക്കാൽ പങ്കും പുരുഷ മിത്രങ്ങൾ,,
ഏതവനാ ..ചേച്ചിയോട് അങ്ങനെ പറഞ്ഞത്, അവന്റെ പേര് പറ ഞങ്ങൾ കൈകാര്യം ചെയ്തോളാം, അവനു അമ്മയും പെങ്ങാന്മാരും ഒന്നും ഇല്ലായിരികാം, എന്നൊക്കെ..
90% മിത്രങ്ങളും കൈയ്യടിച്ചു പ്രമേയം പാസ്സാക്കി: "ചേച്ചി അവനെ ഉടൻ തന്നെ എടുത്തു എറിയണം.. അവനെ ഒരു വഴിലൂടെയും നടത്താതെ :ബ്ലോക്കും' ചെയ്യണം"..
അങ്ങനെ ചെയ്യാമെന്ന് ഭാര്യ വാക്കും കൊടുത്തു ..
***
(3) ഒരിക്കൽ ഭാര്യ പറഞ്ഞു: ചേട്ടൻ കവിത പോസ്റ്റ് ചെയ്‌താൽ പരമാവധി 15 നും 20 നും മദ്ധ്യേ അല്ലെ ലൈക്കും കമെന്റ്സും കിട്ടുന്നത്. ഞാൻ എഴുതിയ ഒരു 8 വരി കവിത കട്ടെടുത്തു ഭാര്യ അവളുടെ വാളിൽ പോസ്റ്റ് ചെയ്തു. 30 മിനിറ്റിനുള്ളിൽ അതിനു കിട്ടിയത്‌ 500 ലൈക്കും കമെന്റ്സും...
എന്നിട്ടു ഭാര്യയുടെ കളിയാക്കൽ. ഈ കവിത ചേട്ടന്റെ വാളിൽ പോസ്റ്റ് ചെയ്‌താൽ "കച്ചി" അടിക്കത്തില്ല.. കവിതയുടെ പേര് ഭാര്യതന്നെ ഇട്ടു. "ഓന്തിന്റെ മക്കൾ"!!
(4) ഇതായിരുന്നു ഏറ്റവും വലിയ തമാശ..
എന്റെ കവിതയ്ക്കും, കഥയ്ക്കും ഒന്നും പറയത്തക്ക കമന്റ്സ് കിട്ടുന്നില്ല എന്ന് പലരും ഭാര്യയോട്‌ പറഞ്ഞു: അവൾക്കു വലിയ ദുഃഖം തോന്നി. എന്നിട്ട് അവൾ മനസ്സിൽ ഒരു തീരുമാനം എടുത്തു. "ഞാനൊന്നു നോക്കട്ടെ എന്റെ ചേട്ടന് (ഭർത്താവിന് ) കണക്കില്ലാതെ കമന്റ്സ് കിട്ടുമോ എന്ന്"!
ചുരുക്കി പറഞ്ഞേക്കാം:
ഭാര്യ എന്നെ പെൺവേഷത്തിലാക്കി. എന്നെ പെണ്‍വേഷം കെട്ടിച്ചാൽ ആരും പറയും ഒറിജിനൽ പെണ്ണാണെന്ന്! ഒന്നാമതേ ഞാൻ കൃശമേനി. നല്ല വെളുത്ത നിറവും.. പെണ്ണായി കഴിഞ്ഞാൽ ഞാൻ ഒരു സിനിമാ നടി ആണെന്നേ ആരും പറയൂ..
എന്റെ ഫോട്ടോ ഭാര്യ എടുത്തു... അത് അവളുടെ ഫേസ് ബുക്കിൽ ഇട്ടു;
കൂടെ ഞാൻ എഴുതിയ ഒരു കവിതയും. (കവിതയുടെ പേര്: "പറ്റിച്ചേ...") കൂടെ ഒരു മേൽകുറിപ്പും നല്കി:
"പ്രിയ മിത്രങ്ങളേ.... ഇത് എന്റെ അനുജത്തി എഴുതിയ ഒരു കവിതയാണ് . അവളുടെ ഫോട്ടോയും ഇവിടെ ഇടുന്നു.. പേര് "സീമന്തിനി" അവൾ അവിവാഹിതയുമാണ്"
... എന്റ പൊന്നേ.........
കൂട്ടുകാരികൾക്കും കൂട്ടുകാരന്മാർക്കും കണ്ടമാനം ഇഷ്ടപ്പെട്ടു..
കൂട്ടുകാരന്മാരുടെ കമന്റ്സ് കൊണ്ട് എന്റെ വാൾ മൂടിപോയി...
ചില കമന്റ്സ് ഇവിടെ തരാം
"ചേച്ചിയേ....... കവിത സൂപ്പർ....!! സീമന്തിനി സുന്ദരിയാണ്, ഞാൻ കല്യാണം കഴിച്ചോട്ടെ, ജോലി ഉണ്ടോ, വീട്ടിൽ ആരൊക്കെയുണ്ട്, കണ്ടാൽ പഴയ നടി ശാരദയെപോലെ തന്നെ... എങ്ങനെ ഈ സൗന്ദര്യം സീമന്തിനിക്കു കിട്ടീ...
... ബാക്കി ഒന്നും ഇവിടെ എഴുതുന്നില്ല...
ഭാര്യ എന്നെ വിളിച്ചു കാണിച്ചു: ഞാൻ അന്തം വിട്ടു; 900-നു മേൽ ലൈക്കും കമന്റ്സും .. പോരാത്തതിന് നാനാതരം സ്റ്റിക്കേഴ്സും...!!
അവസാനം ഉപസംഹാരമായി ഭാര്യ ഫേസ് ബുക്കിൽ ഇങ്ങനെ എഴുതി:
പ്രിയരേ...
പക്ഷെ നിങ്ങൾ കണ്ട സീമന്തിനി സത്യത്തിൽ എന്റെ ചേട്ടൻ ഒരു നാടകത്തിൽ അഭിനയിച്ച സീമന്തിനി എന്ന കഥാപാത്രമായിരുന്നു..
നിങ്ങൾ വായിച്ച കവിതയും ചേട്ടൻ തന്നെ എഴുതിയതായിരുന്നു.
നിങ്ങൾ തന്ന ഓരോ ലൈക്കും എന്റെ പൊന്നു ചേട്ടൻ... ദിവാകരൻ ചേട്ടന്റെ പാദാരവിന്ദങ്ങളിൽ അർപ്പിക്കുന്നു...
*****************************
സ്നേഹത്തോടെ...
ചാന്ദിനി...
Repost .. 20-11-2016

By: 
Divakaran Madhavan

"ഹോ...എത്ര എത്ര ഭീമന്മാർ.


"ഹോ...എത്ര എത്ര ഭീമന്മാർ..."
===========================
ഭീമൻ - 1 (Bheeman - 1)
========
ഭീമൻ എന്നു പറയുമ്പോൾ ആരും ആദ്യമായി ഓർക്കുന്നത് പഞ്ച പാണ്ഡവന്മാരിലെ ഭീമനെയാണ്..
മഹാഭാരതത്തിലെ മറക്കാനാവാത്ത ഒരു കഥാപാത്രം.
പാണ്ടു (Pandu) വിനു കുന്തി, മാദ്രി ((Kunthi, Madri) എന്നീ രണ്ടു ഭാര്യമാരിൽ ജനിച്ചവരാണ് പാണ്ഡവന്മാർ.
കുന്തിയുടെ പുത്രന്മാരാണ് ധർമ്മപുത്രർ ( യുധിഷ്ടിരൻ), ഭീമൻ,
അർജ്ജുനൻ.
മാദ്രിയുടെ പുത്രന്മാരാണ് നകുലനും സഹദേവനും..
കുന്തി ദുർവ്വാസാവിനാൽ ദാനം നല്കപ്പെട്ട ഒരു മന്ത്രം വായു ഭഗവാന്റെ നേർക്ക് പ്രയോഗിക്കുകയും അതിന്റെ ഫലമായി ഭീമൻ ജനിക്കുകയും ചെയ്തു.. അതുകൊണ്ട് ഭീമൻ വായു പുത്രനായി...
പാഞ്ചാലിയുടെ 5 ഭർത്താക്കന്മാരിൽ പാഞ്ചാലിയുടെ ഏതു ഇഷ്ടവും സാധിച്ചു കൊടുത്തത് ഭീമനാണ്.. കല്യാണസൗഗന്ധികപ്പൂവിനു പോകുന്നതൊക്കെ നമുക്ക് മറക്കാനാവുമോ? എന്നാലും ഭീമന് രണ്ടാം സ്ഥാനമാണ് മറ്റുള്ളവർ കല്പ്പിക്കുന്നത്. (എം. ടി. വാസുദേവൻ നായരുടെ പ്രസിദ്ധിയാർജ്ജിച്ച ഒരു നോവലാണ് "രണ്ടാമൂഴം" . ഭീമനാണ് ഈ നോവലിലെ കാതൽ. അവിടെയും ഭീമന് രണ്ടാമൂഴം!!!).
ഈ ഭീമനല്ലാതെ വേറെയും പല ഭീമന്മാർ നമ്മുടെ പുരാണത്തിലുണ്ട് .. അവരെപറ്റി നമുക്കൊന്നു കണ്ണോടിക്കാം
ഭീമൻ - 2
=======
കശ്യപ പ്രജാപതിയുടെ ഭാര്യയായ 'മുനി' പ്രസവിച്ച ഒരു ദേവ ഗന്ധർവ്വൻ. ഈ ഭീമൻ അർജ്ജുനന്റെ ജന്മോത്സവത്തിൽ പങ്കെടുത്തിരുന്നു.. (മഹാഭാരതം ആദിപർവ്വം, അദ്ധ്യായം 65)
ഭീമൻ - 3
========
പരീക്ഷത്ത് രാജാവിന്റെ പുത്രൻ. ഇദ്ദേഹം ജനമേജയന്റെ സഹോദരനുമായിരുന്നു. ഈ ഭീമനാണ് കുരുക്ഷേത്രത്തിൽ വച്ചു നടന്ന യാഗത്തിൽ ദേവകളുടെ പട്ടിയായ സരമയുടെ പുത്രനെ മർദ്ദിച്ചത്. (മഹാ ഭാരതംആദിപർവ്വം, അദ്ധ്യായം 3)
ഭീമൻ - 4
========
ചന്ദ്രവംശ രാജാവായ അവിക്ഷിത്തിന്റെ പൌത്രനും പരീക്ഷിത്തിന്റെ പുത്രനുമായ വേറൊരു ഭീമൻ. ഇദ്ദേഹത്തിന്റെ മാതാവ് സുയശ എന്ന സ്ത്രീയായിരുന്നു.. (മഹാഭാരതം ആദിപർവ്വം, അദ്ധ്യായം 94)
ഭീമൻ - 5
========
കാശിരാജാവായ ദിവോദാസന്റെ പുത്രൻ.
(മഹാഭാരതം ഉദ്യോഗപർവ്വം, അദ്ധ്യായം 117).
ഭീമൻ-6
========
ബ്രാഹ്മണന്റെ കാലു കഴുകിയ ജലം ശിരസ്സിൽ വീണതു നിമിത്തം സ്വർഗം പ്രാപിച്ച ഒരു ശൂദ്രൻ. ഈ ഭീമനെപറ്റിയുള്ള കഥ പത്മപുരാണത്തിൽ പറയുന്നുണ്ട്..
ഭീമൻ - 7
========
ദമയന്തിയുടെ പിതാവിന്റെ പേര്. ഈ ഭീമൻ വിദർഭ രാജാവായിരുന്നു.
(മഹാഭാരതം വനപർവ്വം)
ഭീമൻ -8
========
ധൃതരാഷ്ട്രരുടെ 100 പുത്രന്മാരിൽ ഒരാള്. (മഹാഭാരതം ഭീഷ്മപർവ്വം,
അദ്ധ്യായം 64)
ഭീമൻ - 9
========
അംശൻ (Amsan) എന്ന ദേവൻ സുബ്രമന്യനു (Subramanyan) കൊടുത്ത 5 പാർഷദന്മാരിൽ ഒരാള്.
(മഹാഭാരതം ശല്യപർവ്വം, അദ്ധ്യായം 45)
ഭീമൻ - 10
========
ഈളിൻ (Eelin) എന്ന മഹാരാജാവിനു രഥന്ധരി (Radhandhari) എന്ന ഭാര്യയിൽ ജനിച്ച പുത്രൻ.
(മഹാഭാരതം ആദി പർവ്വം, അദ്ധ്യായം 94)
ഭീമൻ - 11
=========
ഈ ഭീമൻ യമ സഭയിലിരുന്നു യമനെ ഭജിക്കുന്നു. (മഹാഭാരതം സഭാപർവ്വം, അദ്ധ്യായം 8).
ഭീമൻ - 12
========
അന്ധകന്റെ പിതാവായ ഒരു യാദവ രാജാവ്. ഈ ഭീമൻ ശ്രീരാമന്റെ ഒരു സമകാലീനനായിരുന്നു. മധു എന്ന ദൈത്യനെ കൊന്ന ശേഷം ശത്രുഘ്നൻ സ്ഥാപിച്ച മധുരാപുരി ഈ യാദവ രാജാവ് കയ്യടക്കി.. (വാല്മീകി രാമായണം)
ഭീമൻ - 13
=========
രാവണന്റെ ഒരു മിത്രം. സീതാന്വേഷണാർത്ഥം ഹനുമാൻ ലങ്കയിൽ ചെന്നശേഷം ആദ്യമായി ഇരുന്നത് ഈ ഭീമന്റെ വീടിന്റെ മുകളിലാണ്..
(വാല്മീകി രാമായണം, സുന്ദരകാണ്ഡം).
ഇതോടെ ഭീമ കഥകൾ സമാപ്തം..
[കടപ്പാട്: പുരാണിക് എന്സൈക്ളോപീഡിയ, വെട്ടം മാണി]
=================================
എം. എം. ഡി. 13-11-2015.
Reposted : 13-11-2016

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo